കോഴിക്കോട് : മഹര്‍ഷി അരവിന്ദനെ പോലെയുള്ള മഹാരഥന്മാര്‍ സ്വപ്‌നം കണ്ട അഖണ്ഡ ഭാരതം സാക്ഷാത്ക്കരിക്കാന്‍ വരും തലമുറക്ക് സാധിക്കട്ടെ എന്ന് പദ്മഭൂഷണ്‍ ഡോ.വിജയ് ഭട്‌നഗര്‍ ആശംസിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം കോഴിക്കോട് മഹാനഗരം വിദ്യാര്‍ത്ഥി വിഭാഗം സംഘടിപ്പിച്ച അഖണ്ഡ ഭാരത ദിനം ഓണ്‍ലൈന്‍ കാര്യക്രമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദര്‍ഭയിലെ ഒരു ചെറിയ ഗ്രാമത്തില്‍ വിദ്യാലയത്തിലെ ചുമരില്‍ ആദ്യമായി അഖണ്ഡ ഭാരത ഭൂപടം കണ്ട കാര്യം അദ്ദേഹം സ്മരിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലമായി നിലനില്‍ക്കുന്നതും, ഏറ്റവും വലുപ്പമുള്ളതുമായ സംസ്‌കാരം ഭാരതത്തിന്റേതാണ്. കുംഭമേള പോലെയുള്ള ആചാരങ്ങള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്നു. ലോക സാംസ്‌കാരികതയില്‍ മനുഷ്യത്വത്തിന്റെ ആദ്യ ഗ്രന്ഥമാണ് ഋഗ് വേദം. വസുധൈവ കുടുംബം പോലെയുള്ള ലോകോത്തര ആശയങ്ങള്‍ ലോകത്തിന് സംഭാവന ചെയ്തത് ഭാരതീയരാണ്. മഹാഭാരതം, രാമായണം പോലെയുള്ള ഇതിഹാസങ്ങള്‍ ഇപ്പോള്‍ മിത്തോളജി ആയി ചിത്രീകരിക്കപ്പെടുന്നു, പക്ഷെ ഇതൊന്നും മിഥ്യയല്ല, മറിച്ചു ചരിത്ര സത്യങ്ങള്‍ ആണ്. വിദ്യാര്‍ത്ഥികള്‍ നമ്മുടെ സംസ്‌കാരത്തെയും, പൗരാണിക നാഗരികതകളെയും കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഖണ്ഡഭാരതദിന സന്ദേശം ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ സി.സദാനന്ദന്‍ മാസ്റ്റര്‍ നല്‍കി.