1674ല്‍ ജ്യേഷ്ഠശുക്ല ത്രയോദശിയിലാണ് ശിവാജിയുടെ രാജ്യാഭിഷേകം നടന്നത്. ഇതിന് ആനന്ദ സംവത്സരം എന്ന പേര് നല്‍കിയിരിക്കുന്നു. 5000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ റായ്ഗഢ് കോട്ടയില്‍ വച്ചു നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ വച്ചാണ് ശിവാജിയെ ശക്തനായ ഒരു ഹിന്ദുസാമ്രാട്ടായി അവരോധിച്ചത്.
മഹാരാഷ്ട്രയില്‍ ഈ ദിവസം ‘ശിവാജിയുടെ പട്ടാഭിഷേകദിന’മായി ആചരിക്കുന്നു. രാഷ്ട്രീയ സ്വയംസേവകസംഘം ഈ ദിനത്തെ ‘ഹിന്ദു സാമ്രാജ്യദിന’മായി ആഘോഷിക്കുന്നു. ചെറുപ്പത്തില്‍ ‘ഹിന്ദവി സ്വരാജ്’ സ്ഥാപിക്കുമെന്ന പ്രതിജ്ഞ എടുക്കുക മാത്രമല്ല ആ രാഷ്ട്രം സ്ഥാപിച്ച് പ്രതിജ്ഞ നിറവേറ്റുകയും ചെയ്തു ശിവാജി. ഹിന്ദവി സ്വരാജ്യം സ്ഥാപിക്കുകയെന്നത് ഈശ്വരന്റെ ആഗ്രഹമാണെന്നും അതിനാല്‍ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ശിവാജി തന്റെ രാജകീയമുദ്രയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു. ”ഷഹാജിയുടെ പുത്രനായ ശിവാജിയുടെ ഈ ശുഭകരമായ രാജകീയമുദ്ര ശുക്ലപക്ഷത്തിലെ പ്രഥമദിനത്തിലെ ചന്ദ്രനെപ്പോലെ വികസിക്കും. ലോകം മുഴുവന്‍ ഇതിന്റെ ഗുണഗണങ്ങള്‍ വാഴ്ത്തും.”
ശിവാജിയുടെ പട്ടാഭിഷേക സമയത്ത് തന്നെ ശ്രേഷ്ഠമായ ഹിന്ദുചരിത്രം മുഴങ്ങിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് പ്രശസ്തനായ കവി ജയരാം, ശിവാജിയുടെ പ്രശസ്തി വര്‍ണ്ണിച്ചുകൊണ്ട് കാവ്യം ആലപിക്കാന്‍ എത്തിയിരുന്നു. കാശിയില്‍ നിന്നും എത്തിയ പ്രശസ്തനായ വൈദിക വിദ്വാന്‍ ഗാഗാ ഭട്ട്, ശിവാജിയെ ഒരു പരമാധികാരിയായ ഹിന്ദുസാമ്രാട്ടായി പ്രതിഷ്ഠിക്കുന്നതിനുവേണ്ടി പുതിയ ആദ്ധ്യാത്മിക ഭാഷ്യം രചിച്ചു. ഭാരതത്തിലെ ഏഴ് പുണ്യനദികളില്‍ നിന്നുള്ള ജലം ശിവാജിയുടെ മംഗളസ്‌നാനത്തിനുവേണ്ടി കൊണ്ടുവന്നു.
ശിവാജി ഔറംഗസേബിനെ സന്ദര്‍ശിക്കുന്നതിനുവേണ്ടി ആഗ്രയിലേക്ക് പോയപ്പോള്‍ ജാതി, ഭാഷ, ആചാരചിന്തകള്‍ എല്ലാം മറന്ന് ജനങ്ങള്‍ അദ്ദേഹത്തെ കാണുന്നതിനുവേണ്ടി വഴിയില്‍ ഒരുമിച്ചുകൂടി. രാക്ഷസീയമായ മുസ്ലിം ഭരണത്തിനു കീഴില്‍ ഞെരിഞ്ഞമര്‍ന്നു കഴിഞ്ഞിരുന്ന ഹിന്ദുക്കള്‍ പുതിയ പ്രതീക്ഷാകിരണമായി ശിവാജിയെ കണ്ടു.
ശിവാജിയെ തോല്‍പ്പിക്കുന്നതിന് വേണ്ടി, ഔറംഗസേബിന്റെ സൈന്യാധിപനായി ദക്ഷിണഭാഗത്തേക്ക് വന്ന, രാജസ്ഥാനിലെ രാജാ ജയസിംഹന് ശിവാജി ഒരു നീണ്ട കത്തെഴുതി. ഹിന്ദുസ്ഥാനെ മുസ്ലീം യുഗത്തില്‍ നിന്നും മോചിപ്പിക്കുന്നതിന് പ്രമുഖ പങ്ക് വഹിക്കാന്‍ ശിവാജി കത്തിലൂടെ ജയസിംഹനോട് അപേക്ഷിച്ചു. ഇളയ സഹപ്രവര്‍ത്തകനായി ഒപ്പം നില്‍ക്കാമെന്നും ശിവാജി വാഗ്ദാനം ചെയ്തു. എന്നാല്‍ മുഗളരുടെ സ്വാധീനം തലക്ക് പിടിച്ച ജയസിംഹന്‍ ശിവാജിയുടെ രാഷ്ട്രഭക്തിയാല്‍ പ്രേരിതമായ ഈ അപേക്ഷ കേട്ടില്ലെന്ന് നടിച്ചു.
പിന്നീട് ബുന്ദേല്‍ഖണ്ഡിലെ (ഇന്നത്തെ മധ്യപ്രദേശ്) രാജാവ് ഛത്രസാല്‍, ശിവാജിയുടെ പക്ഷം ചേര്‍ന്ന് യുദ്ധം ചെയ്യാന്‍ തയ്യാറായി വന്നു. ബുന്ദേല്‍ഖണ്ഡില്‍ തന്നെ ഹിന്ദുക്കളെ സംഘടിപ്പിക്കാനും, മുസ്ലീം, അധിനിവേശത്തിനെതിരെ നാലുഭാഗത്തുനിന്നും ആക്രമണം നടത്താനും ഉപദേശിച്ച് ശിവാജി അദ്ദേഹത്തെ തിരിച്ചയച്ചു.
ശിവാജിയുടെ അനന്തരാവകാശികളായ പേഷ്വകള്‍ കാവി പതാക കാബൂള്‍ വരെ പാറിപ്പിച്ചു. അങ്ങനെ അവസാനം നൂറ്റാണ്ടുകളായി, വെല്ലുവിളികളില്ലാതെ ജൈത്രയാത്ര തുടരുന്ന മുഗളഭരണം അവസാനിച്ചു. ഛത്രപതി ശിവാജിയുടെ ജീവിത ലക്ഷ്യം എന്തായിരുന്നുവെന്ന് മുഗളര്‍ നന്നായി മനസ്സിലാക്കിയിരുന്നു.
ശ്രീരാമനെയും ശ്രീകൃഷ്ണനെയും പോലെ, ധര്‍മ്മം സംസ്ഥാപിക്കുന്നതിനുവേണ്ടി ജന്മമെടുത്ത മാതൃകാ ഹിന്ദു ചക്രവര്‍ത്തിയാണ് ശിവാജിയെന്ന് ഒരിക്കല്‍ സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരുന്നു.
ഭാരതത്തിലെ ഹിന്ദുക്കളുടെ മുഴുവന്‍ ചരിത്രത്തെപ്പറ്റിയും ഒരു പുതിയ ഹിന്ദു രാജ്യം എന്ന ലക്ഷ്യത്തെപ്പറ്റിയും പരിചയപ്പെടുത്തി എന്നതാണ് ശിവാജിയുടെ രാജ്യാഭിഷേക ചടങ്ങിന്റെ പ്രധാന മഹത്വം. ആ സമയത്ത് അനേകം ഹിന്ദു സര്‍ദാര്‍മാരായ രാജാക്കന്മാരുണ്ടായിരുന്നു. ഒരു മുസ്ലിം സാമ്രാട്ട് ആണ് അവര്‍ക്ക് ഈ പദവി നല്‍കിയിരുന്നത്. ശിവാജിയുടെ പിതാവും ഇത്തരത്തിലുള്ള ഒരു സര്‍ദാറായിരുന്നു. മേവാഡും ബുന്ദേല്‍ഖണ്ഡും ഒഴിച്ച് മറ്റൊരു രാജ്യത്തിലെയും രാജാക്കന്മാര്‍ തങ്ങളുടെ ശക്തിയുടെ ബലത്തിലല്ല രാജാക്കന്മാരായത്.
മേവാഡ്, ബുന്ദേല്‍ഖണ്ഡ് രാജാക്കന്മാര്‍ക്കും ഭാരതത്തെ ഹിന്ദുരാഷ്ട്രം എന്ന നിലയില്‍ സംഘടിപ്പിക്കണമെന്ന കാഴ്ചപ്പാട് ഉണ്ടായിരുന്നില്ല. ശിവാജിയുടെ താല്പര്യം തികച്ചും വ്യത്യസ്തമായിരുന്നു. ബീജാപ്പൂരിലെ സുല്‍ത്താന്‍ എന്ന നിലയില്‍ ദക്ഷിണഭാഗത്തെ മുഗളരുടെ താവളങ്ങളില്‍ ആക്രമണം നടത്തിയ ശിവാജി ദല്‍ഹിയിലെ സിംഹാസനത്തിന് വെല്ലുവിളി ഉയര്‍ത്തി. സമുദ്രയുദ്ധത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ആദ്യത്തെ രാജാക്കന്മാരില്‍ ഒരാളായിരുന്നു ശിവാജി. അദ്ദേഹം പശ്ചിമതീരങ്ങളില്‍ കോട്ടകള്‍ കെട്ടുകയും കപ്പലുകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. മതംമാറ്റം എന്ന വരാനിരിക്കുന്ന വിപത്തിനെ മുന്‍കൂട്ടി കണ്ട ശിവാജി ഇംഗ്ലീഷ് മിഷനറിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും, മുന്നറിയിപ്പ് അവഗണിച്ച നാലുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കുകയും ചെയ്തു. ശിവാജിയുടെ കാലശേഷം പുത്രന്‍ സംഭാജിയും അതിനുശേഷം സൈന്യാധിപന്മാരും അദ്ദേഹത്തിന്റെ ഭരണ പാരമ്പര്യം പിന്തുടര്‍ന്നു. പശ്ചിമതീരങ്ങളില്‍ ഇംഗ്ലീഷുകാരുടെയും പോര്‍ച്ചുഗീസുകാരുടെയും ശക്തി ക്ഷയിപ്പിക്കാന്‍ ഇവര്‍ അക്ഷീണം പ്രയത്‌നിച്ചു.
ശിവാജിയുടെ മരണത്തിനുശേഷം നടന്ന സംഭവങ്ങളും സംഭാജിയുടെ രക്തസാക്ഷിത്വവും ശിവാജി തന്റെ അനന്തരാവകാശികള്‍ക്കായി ബാക്കിവെച്ച ലക്ഷ്യത്തെയും കാഴ്ചപ്പാടുകളെയും പ്രകാശമാനമാക്കി. ശിവാജിയുടെ മരണത്തെ തുടര്‍ന്ന് ഔറംഗസേബ് ശിവാജിയുടെ രാജ്യത്തിനുനേരെ ആക്രമണമഴിച്ചുവിട്ടു. പക്ഷെ പെട്ടെന്നു തന്നെ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി. ഓരോ വീടും ഓരോ കോട്ടയായി മാറുകയും, ആരോഗ്യമുള്ള ഓരോ യുവാവും ഹിന്ദവി സ്വരാജിന്റെ സൈനികനായി മാറുകയും ചെയ്തു.
അതുല്യമായ വീരതയും ആക്രമണപദ്ധതിയുമുള്ള പുതിയ സൈനികര്‍ രംഗത്തുവന്ന്, ശത്രുക്കള്‍ക്ക് നേരെ കടുത്ത ആക്രമണം നടത്തി. ഇവരില്‍ ഒരാളായ ധനാജി ഔറംഗസേബിന്റെ രാജകീയ കൂടാരം വരെ എത്തിച്ചേര്‍ന്നുവെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഔറംഗസേബ് അവിടെ ഉണ്ടായിരുന്നില്ല. ഔറംഗസേബിന്റെ രാജകീയ ചിഹ്നങ്ങളുമെടുത്ത് ധനാജി മടങ്ങിവന്നു. വിശാലമായ സൈന്യവും സമര്‍ത്ഥരായ യോദ്ധാക്കളും ഉണ്ടായിട്ടും ഔറംഗസേബിന് നാല് വര്‍ഷത്തോളം നിരന്തരം യുദ്ധത്തിലേര്‍പ്പെട്ട് വരികയും അവസാനം പരാജിതനാകേണ്ടിവന്നു. ഔറംഗാബാദില്‍, ഇന്ന് സംഭാജി നഗര്‍ എന്നറിയപ്പെടുന്ന സ്ഥലത്താണ് ഔറംഗസേബിന്റെ ശവകുടിരം സ്ഥിതിചെയ്യുന്നത്. അതോടെ മുഗളരുടെ ശക്തിയും ഉയര്‍ച്ചയും അവസാനിച്ചു. ഹിന്ദവി സ്വരാജിന്റെ ഉദിച്ചുയരുന്ന സൂര്യനോടൊപ്പം കാവി പ്രഭാതത്തിന്റെ ആഗമനവും ഉണ്ടായി.