മനുഷ്യരും മൃഗങ്ങളും മറ്റു സസ്തനികളുമെല്ലാമായി ആയിരക്കണക്കിനു കഥാപാത്രങ്ങളാണ് രാമായണത്തിലുള്ളത്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചൊല്ലുപോലെ അവരിലോരോരുത്തര്‍ക്കും തനതായ സ്ഥാനവും വ്യക്തിത്വവുമുണ്ട്. എന്നാല്‍ കോടിക്കണക്കിനു നക്ഷത്രങ്ങള്‍ക്കിടയില്‍ മിന്നിത്തിളങ്ങുന്ന ശുക്രനക്ഷത്രം പോലെ ജ്വലിച്ചുയര്‍ന്നു നില്‍ക്കുന്ന ഒരു സവിശേഷ വ്യക്തിത്വമാണ് രാമായണത്തിലെ ഭരതന്‍. ബന്ധുക്കള്‍-എന്തിന് സ്വന്തം മാതാപിതാക്കള്‍ പോലും ശരിയായി മനസ്സിലാക്കിയിട്ടില്ലാത്ത ഭരതന്റെ മഹത്വം തിരിച്ചറിഞ്ഞ ഏക വ്യക്തി ശ്രീരാമനാണ്.
ഭരതനെ ആദ്യം തോല്‍പ്പിച്ചത് സ്വന്തം പിതാവാണ്. ശ്രീരാമന് അഭിഷേകം നിശ്ചയിക്കുന്നത് ഭരത ശത്രുഘ്‌നന്മാര്‍ കേകയത്തായിരുന്ന സമയത്താണ്. അഭിഷേകത്തെപ്പറ്റി പര്യാലോചിക്കുവാന്‍ വിളിച്ചുകൂട്ടിയ യോഗത്തിലേക്കു ക്ഷണമില്ലാതെ പോയത് ഏറ്റവുമടുത്ത ബന്ധുക്കളായ കേകയത്തിനും മിഥിലയ്ക്കുമാണ്. അഭിഷേകം ഭരതനില്‍ നിന്നും മറച്ചുവെക്കുവാന്‍ ആഗ്രഹിച്ച ദശരഥന്‍ സ്വാഭാവികമായി കേകയത്തെ ഒഴിവാക്കി. ശ്രീരാമന്റെ മാത്രമല്ല ഭരതന്റെയും ഭാര്യാഗൃഹമാണ് മിഥില. അവിടേക്ക് ക്ഷണം പോയാല്‍ ഉറപ്പായും വാര്‍ത്ത കേകേയത്തിലുമെത്തും. അതുകൊണ്ട് മിഥിലയേയും ഒഴിവാക്കി. ഭരതനെ ഒഴിവാക്കുവാന്‍ ദശരഥന്‍ രാമനോട് പറയുന്ന കാരണമിതാണ്.
ഇമ്മാതിരി കാര്യങ്ങള്‍ക്ക് പലവിധ വിഘ്‌നങ്ങളുമുണ്ടാകുമല്ലോ. ഭരതന്‍ ഇവിടം വിട്ട് പരദേശത്തില്‍ പാര്‍ക്കുന്ന കാലമാണ് നിന്റെ അഭിഷേകത്തിനു പറ്റിയ സമയം എന്നാണെന്റെ അഭിപ്രായം. നിന്റെ അനുജന്‍ ഭരതന്‍ സദ് വൃത്തനും ജ്യേഷ്ഠാനുവര്‍ത്തിയും ധര്‍മ്മാത്മാവും ദീനാനുകമ്പിയും ജിതേന്ദ്രിയനുമാണെന്നതു ശരി തന്നെ. എന്നാലും മനുഷ്യന്റെ മനസ്സ് ചഞ്ചലമാണെന്നാണ് എന്റെ പക്ഷം. എന്നാല്‍ ദശരഥന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളില്‍ ഒന്നായിരുന്നു ആ തീരുമാനമെന്ന് അയോദ്ധ്യയില്‍ തുടര്‍ന്നു നടന്ന സംഭവങ്ങള്‍ തെളിയിച്ചു. അഭിഷേക വിഘ്‌നത്തിന് കൈ കേയി ശ്രമിക്കുന്ന സമയത്ത് ഭരതന്‍ അയോദ്ധ്യയില്‍ ഉണ്ടായിരുന്നെങ്കില്‍ മാതാവിന്റെ നീക്കം മുളയിലെ നുള്ളിക്കൊണ്ട് ജ്യേഷ്ഠനെ അദ്ദേഹം തന്നെ സിംഹാസനത്തിലേക്ക് കൈപിടിച്ച് ആനയിക്കുമായിരുന്നു. ഭരതന്റെ അസാന്നിദ്ധ്യത്തില്‍ കൈകേയി തന്റെ തീരുമാനം അനായാസം നടപ്പിലാക്കി. സ്വന്തം പുത്രനേയും അദ്ദേഹത്തിന്റെ മഹത്വവും പിതാവ് തിരിച്ചറിയാഞ്ഞതിന്റെ അനന്തരഫലം.
അടുത്ത ഊഴം മാതാവിന്റേതായിരുന്നു. സ്വന്തം പുത്രനെ മനസ്സിലാക്കാത്ത കൈകേയി ഭര്‍ത്താവിന്റെയും മറ്റു ബന്ധുക്കളുടേയും അയോദ്ധ്യനിവാസികളുടെയും താല്‍പര്യങ്ങളെ നിഷ്‌ക്കരുണം ചവിട്ടി മെതിച്ചു കൊണ്ടാണ് തന്റെ സ്വാര്‍ത്ഥം നടപ്പിലാക്കിയത്. അനന്തര ഫലമോ ഭര്‍ത്താവ് ഹൃദയം പൊട്ടി മരിച്ചു. അത് കണ്ടിട്ടുപോലും അവര്‍ക്ക് യാതൊരു കൂസലുമില്ല. മകനു വേണ്ടി ഏതോ മഹാകാര്യം സാധിച്ച മട്ടിലാണവര്‍ പെരുമാറുന്നത്. കേകയത്തില്‍ നിന്നെത്തി പിതാവിനെക്കാണുവാനുളള കൊതിയോടെയും അയോദ്ധ്യയിലെ അശുഭ ലക്ഷണങ്ങള്‍ കണ്ട് ഉത്കണ്ഠയോടെയും തന്നെ സമീപിക്കുന്ന ഭരതനോട് കേകയത്തിലെ വിശേഷങ്ങള്‍ തിരക്കുകയാണ് കൈകേയി. സാധാരണ ഗതിയില്‍ ഭര്‍ ത്താവ് മരിച്ച് മൃതദേഹം സംസ്‌ക്കരിക്കുകപോലും ചെയ്യുന്നതിന് മുന്‍പ് ഏക മകനെത്തിയാല്‍ ‘പൊന്നു മോനേ നിന്റെ അച്ഛന്‍ നമ്മളെ ഇട്ടിട്ടു പോയല്ലോ നമുക്കിനി ആരുണ്ട്’ എന്നെല്ലാം പറഞ്ഞു നിലവിളിക്കുകയാണ് മാതാവ് ചെയ്യുക. അതിനു പകരം ‘കേ കയത്തിലെന്തുണ്ടു വിശേഷം.. മുത്തച്ഛനും മാതുലനും മറ്റു ബന്ധുക്കള്‍ക്കുമെല്ലാം സുഖമല്ലെ’ എന്നു ചോദിച്ചാണ് കൈകേയി മകനെ സ്വീകരിക്കുന്നത്. ‘താതനെവിടെ? എനിക്കദ്ദേഹത്തെക്കാണുവാന്‍ തിടുക്കമായി’ എന്നു ഭരതന്‍ ആരാഞ്ഞപ്പോള്‍ ‘സര്‍വ്വ ജീവികളുടെയും ഗതിയെന്തോ ആ ഗതി നിന്നച്ഛന്‍ പ്രാപിച്ചു’ എന്ന് വളരെ ലാ ഘവത്തോടെയാണ് അവര്‍ മറുപടി പറയുന്നത്. അതുകേട്ട് പ്രജ്ഞയറ്റ് നിലം പതിച്ച ഭരതന്‍ ബോധംതെളിഞ്ഞ് അല്‍പ്പമൊരു സമനില വീണ്ടെടുത്ത പ്പോള്‍ ജ്യേഷ്ഠനെ അന്വേഷിക്കുന്നു. പിതാവിന്റെ മരണസമയത്ത് ശ്രീരാമനും ലക്ഷ്മണനും സീതയും സമീപത്തുണ്ടായിരുന്നില്ല, വനത്തിലേക്കു പോയ അവരെ ഓര്‍ത്ത് വിലപിച്ചാണ് ദശരഥന്‍ അന്ത്യശ്വാസം വലിച്ചതെന്ന് കൈകേയി പറഞ്ഞപ്പോള്‍ ഭരതന്‍ ആശയക്കുഴപ്പത്തിലായി. നാടുകട ത്താന്‍ വണ്ണം എന്തുതെറ്റാണ് തന്റെ പ്രിയ സഹോദരന്‍ ചെയ്തതെന്ന ഭരതന്റെ ചോദ്യത്തിന് തെറ്റൊന്നും ചെയ്തതിന്റെ പേരിലല്ല, തന്റെ ആ വശ്യ പ്രകാരം രാജാവ് അവരെ വനത്തിലയച്ചതാണ്, ഭരതനെ അഭിഷേകം ചെയ്യുന്നതിനു വേണ്ടിയാണ് അപ്രകാരം ചെയ്തതെന്നും കൈകേയി പറഞ്ഞപ്പോള്‍ ഭരതന്‍ കോപം കൊണ്ടു മതിമറന്നു. ഇത്തരമൊരു അസുലഭ സൗഭാഗ്യം കൈവന്ന വിവരമറിയുമ്പോള്‍ പുത്രന്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടുമെന്നും തന്നെ അഭിനന്ദനങ്ങള്‍ കൊണ്ടു മൂടുമെന്നും കരു തിയ കൈകേയിക്ക് ഭരതന്റെ പ്രതികരണം കണ്ട് സമനില തെറ്റി. ഭരതന്റെ സ്വഭാവമഹിമയും പിതാവിനോടും ജ്യേഷ്ഠനോടുമുള്ള ഭക്തിയും വെളിവാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ”ശോകം കൊണ്ടു നശിച്ച എനിക്ക്-പിതാവും പിതൃ തുല്യനായ ജ്യേഷ്ഠനും ഇല്ലാതായ എനിക്ക് രാജ്യ ഭാരം കൊണ്ടെന്തുകാര്യം? ദുഃഖത്തിനുമേല്‍ ദുഃഖം നീയെനിക്കു വരുത്തി വെച്ചു. പുണ്ണില്‍ ചാരം തേച്ചു. രാജാവിനെക്കൊന്നു രാമനെ താപസനുമാക്കി. കുലം മുടിക്കാന്‍ കാളരാത്രി പോലെ വന്നവളാണു നീ. വലിയ കാള വലിച്ച ചുമട് ചെറിയ മൂരിയെന്നപോ ലെ ഈ പെരുത്ത ഭാരം എന്തു കരുത്തുകൊണ്ടാണു ഞാന്‍ താങ്ങുക. യോ ഗം കൊണ്ടോ, ബുദ്ധി ബലം കൊണ്ടോ, എനിക്കതിനു കരുത്തുണ്ടെന്നു വന്നാല്‍ തന്നെ മകനെ കേമനാക്കാന്‍ കൊതിക്കുന്ന നിന്റെ ഈ കൊതി നടപ്പാക്കാന്‍ ഞാന്‍ സമ്മതിക്കുകയില്ല. രാമന്‍ നി ന്നെ അമ്മയെന്നു നിനക്കുന്നില്ലായിരുന്നെങ്കില്‍ പാപിയായ നിന്നെ ത്യജിക്കുവാന്‍ ഞാന്‍ മടിക്കുമായിരുന്നില്ല.
പാപനിശ്ചയേ നിന്റെ ആഗ്രഹം നിറവേറാന്‍ ഞാന്‍ സമ്മതിക്കുകയില്ല. എന്റെ പ്രാണനെടുക്കുന്ന ആപത്താണല്ലോ നീ വരുത്തിവെച്ചിരിക്കുന്നത്. നിന്റെ അഭിപ്രായത്തിനു വേണ്ടി ഞാനിപ്പോള്‍തന്നെ സ്വജനപ്രിയനും പരിശുദ്ധനുമായ രാമനെ കാട്ടില്‍ നിന്നു തിരിച്ചുകൊണ്ടുവരും. രാമനെ തിരിച്ചുകൊണ്ടുവന്നിട്ടു ഞാന്‍ സ്വസ്ഥചിത്തനായിട്ടു ആ തേജസ്വിയുടെ ദാസനായ് വര്‍ത്തിക്കും”- ശ്രീമദ് വാത്മീകീ രാമായണം സിദ്ധിനാഥാനന്ദ സ്വാമി-അയോദ്ധ്യകാണ്ഡം 73
പിന്നീട് ശത്രുഘ്‌നന്‍ മന്ഥരക്ക് ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൈകേകിയെ ശകാര വര്‍ഷം കൊണ്ട് മൂടുകയും ചെയ്തപ്പോള്‍ ഭരതന്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക. ‘സ്ത്രീ കള്‍ ഏവര്‍ക്കും അവദ്ധ്യകളാണ്: ക്ഷമിക്കുക. മാതൃഘാതകന്‍ എന്ന് ധാര്‍മ്മികനായ രാമന്‍ എന്നെ തിരസ്‌ക്കരിക്കുകയില്ലായിരുന്നുവെങ്കില്‍ ദുഷ്ടചാരിണിയായ ഈ കൈകേയിയെ ഞാന്‍ തന്നെ കൊന്നേനെ, ഈ കൂനിയേപ്പോലും(മന്ഥര) കൊന്നെന്നു കേട്ടാല്‍പ്പിന്നെ രാമന്‍ നിന്നോടോ എന്നോടോ മിണ്ടുക പോലുമില്ല.’’- ഭരത വാക്കുകള്‍ കേട്ട് ശത്രുഘ്‌നന്‍ അടങ്ങി.
ശ്രീരാമനെ തിരികെ അയോദ്ധ്യയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ വനത്തിലേക്കു ചെന്ന ഭരതന്‍ ആത്മഹത്യാ ഭീഷണി വരെ മുഴക്കുന്നു. എന്നാല്‍ സത്യത്തില്‍ നിന്നു വ്യതിചലിക്കുകയില്ല എന്ന് തീര്‍ത്തു പറഞ്ഞപ്പോള്‍ പ്രതിജ്ഞയിലെ കാലയളവായ പതിന്നാലു വര്‍ഷം ശ്രീരാമ പാദുകങ്ങള്‍ സിംഹാസനത്തില്‍ വെച്ച് അദ്ദേഹത്തിന്റെ പ്രതിനിധിയായതന്‍, പതിന്നാലു വര്‍ഷത്തിനു ശേഷം ഒരു ദിവസം താമസിച്ചാല്‍ അഗ്നിയില്‍ പ്രവേശിച്ചു ജീവനുപേക്ഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. മാതാവിന്റെ അത്യാഗ്രഹത്തിനു തക്ക തിരിച്ചടിയാണ് ഭരതന്‍ നല്‍കിയത്.ി ഭരണം നടത്താമെന്നും രാമനോടൊപ്പം മാത്രമേ അയോദ്ധ്യയില്‍ പ്രവേശിക്കുകയുള്ളുവെന്നും അതുവരെ താപസ വേഷധാരിയായി അയോദ്ധ്യക്കുപുറത്ത് നന്ദിഗ്രാമത്തില്‍ വസിക്കുമെന്നും പ്രതിജ്ഞചെയ്ത ഭരതന്‍, പതിന്നാലു വര്‍ഷത്തിനു ശേഷം ഒരു ദിവസം താമസിച്ചാല്‍ അഗ്നിയില്‍ പ്രവേശിച്ചു ജീവനുപേക്ഷിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. മാതാവിന്റെ അത്യാഗ്രഹത്തിനു തക്ക തിരിച്ചടിയാണ് ഭരതന്‍ നല്‍കിയത്.
സഹോദരന്‍ ലക്ഷ്മണനാണ് അടുത്തതായി ഭരതനെ മനസ്സിലാക്കാതെ അദ്ദേഹത്തിനെതിരെ വധഭീഷണി മുഴക്കിയത്. വനവാസത്തിന്റെ ഭാഗമായി സീതാരാമലക്ഷ്മണന്മാര്‍ ചിത്രകൂടത്തില്‍ വസിക്കുമ്പോള്‍ ഒരു ദിനം വാനം മുട്ടെ ഉയരത്തില്‍ പൊടിപടലങ്ങളുയരുന്നതും മൃഗങ്ങള്‍ വിരണ്ട് നാലുപാടും പായുന്നതും കണ്ട ശ്രീരാമന്‍ അതിന്റെ കാരണമന്വേഷിക്കുവാന്‍ ലക്ഷ്മണനെ നിയോഗിച്ചു. ഉയരമുള്ള ഒരു വൃക്ഷത്തില്‍ കയറി ചുറ്റുപാടും വീക്ഷിച്ച ലക്ഷ്മണന്‍ തങ്ങളുടെ നേര്‍ക്കടുക്കുന്ന അയോദ്ധ്യയിലെ ചതുരംഗ സേനയെയാണ് കാണുന്നത്. അ യോദ്ധ്യാധിപതിയായി അഭിഷേകം ചെയ്യപ്പെട്ട ഭരതന്‍ തന്റെ ആധിപത്യ മുറപ്പിക്കുവാന്‍ തങ്ങളിരുവരേയും വധിക്കുവാന്‍ സേനാസമേതം എത്തിയതാണെന്നു തെറ്റിദ്ധരിച്ച ലക്ഷ്മണന്‍ ശ്രീരാമന് അപകട മുന്നറിയിപ്പു നല്‍കുകയും ഭരതനെ വധിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. എന്നാല്‍ ഭരതന്റെ മനോഭാവമെന്തായിരുന്നു? ചിത്രകൂടാ ചലത്തിലെത്തിയ ഉടനെ മാതാക്കളോടൊപ്പമുള്ള യാത്ര വിളംബമുണ്ടാക്കുമെന്നു മനസ്സിലാക്കിയ അദ്ദേഹം അമ്മമാരെ വസിഷ്ഠ മഹര്‍ഷിയെ ഏല്‍പ്പിച്ച ശേഷം ശത്രുഘ്‌നനോടൊപ്പം ജ്യേഷ്ഠ നെക്കാണാന്‍ ആര്‍ത്തിപൂണ്ട് ചെങ്കുത്തായ പര്‍വ്വത ശിഖരങ്ങള്‍ താണ്ടി മുന്നോട്ട് കുതിക്കുകയായിരുന്നു. ശ്രീരാമനെക്കണ്ടപ്പോള്‍ ജ്യേഷ്ഠാ എന്നൊരുവാക്കുച്ചരിക്കുവാന്‍ മാത്രമേ അദ്ദേഹത്തിനു സാധിക്കുന്നുള്ളു, അടുത്ത നിമിഷം വികാര വായ്പുകൊണ്ട് ബോധമറ്റ് അദ്ദേഹം നിലം പതിച്ചു. അത്രമാത്രം വികാര നിര്‍ഭരമായിരുന്നു ആ സമാഗമം. ശ്രീരാമന്റെ സ്‌നേഹമസൃണമായ ശുശ്രൂഷകള്‍ കൊണ്ട് ബോധം വീണ്ടെടുത്ത ഭരതന്‍ പിതാവ് തങ്ങളെ വിട്ടുപോയ വിവരം രാമനെ അറിയിച്ച്, അയോദ്ധ്യയിലേക്ക് മടങ്ങിവന്ന് രാജ്യഭാരം ഏല്‍ക്കണമെന്ന് അപേക്ഷിക്കുന്നു. ജ്യേഷ്ഠന്‍ അതിനു വിസമ്മതിച്ചപ്പോള്‍ ആത്മഹത്യാ ഭീഷണിവരെ മുഴക്കുകയും ഒടുവില്‍ കുലഗുരു ഉള്‍പ്പടെയുള്ളവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ശ്രീരാമന്റെ പ്രതിപുരുഷനായി പ്രതിജ്ഞാ കാലാവധിയായ പതിന്നാലു വര്‍ഷം മാത്രം ഭരണം നടത്താമെന്നും, പതിന്നാലു വര്‍ഷം തികയുന്ന അന്ന് ശ്രീരാമന്‍ മടങ്ങിയെത്തിയില്ലാ എങ്കില്‍ അഗ്നിയില്‍ പ്രവേശിച്ച് ജീവത്യാഗം ചെയ്യുമെന്നും പ്രതിജ്ഞ ചെയ്യുന്നു. ശ്രീരാമനോട് ഇത്രയധികം ഭക്തിയും വിധേയത്വവും കാത്തുസൂക്ഷിക്കുന്ന ഭരതനെയാണ് ശത്രുഗണത്തില്‍പ്പെടുത്തി വധിക്കുമെന്ന് ലക്ഷ്മണന്‍ പ്രഖ്യാപിക്കുന്നത്.
ഭരതനെ വേണ്ട വിധത്തില്‍ മനസ്സിലാക്കാതെ അപമാനിക്കുന്ന കാര്യത്തില്‍ സീതാദേവിയും തനതായ സംഭാവന നല്‍കിയിട്ടുണ്ട്.
സ്വര്‍ണ്ണമാനായി വേഷം മാറിയെത്തിയ മാരീചനു പിന്നാലെ ശ്രീരാമന്‍ പോവുകയും ഏറെത്താമസിയാതെ ലക്ഷ്മണനെ വിളിച്ചു സഹായാഭ്യര്‍ത്ഥന നടത്തുകയും ചെയ്തപ്പോള്‍ പരിഭ്രാന്തയായ സീത രാമനെ സഹായിക്കുവാന്‍ ലക്ഷ്മണനോടവശ്യപ്പെട്ടു. എന്നാല്‍ സഹായാഭ്യര്‍ത്ഥന നടത്തിയത് ശ്രീരാമനല്ല, എന്റെ ജ്യേഷ്ഠന്‍ ആര്‍ത്തനാദം പുറപ്പെടുവിക്കയില്ല, ഇതു രാക്ഷസന്റെ മായയാണ്, ദേവിയുടെ രക്ഷ എന്നെ ഏല്‍പ്പിച്ചാണ് ജ്യേഷ്ഠന്‍ പോയത് അതുകൊണ്ട് അവിടുത്തെ തനിച്ചാക്കിപ്പോകുന്ന പ്രശ്‌നമില്ലെന്നും ലക്ഷ്മണന്‍ അറിയിച്ചപ്പോഴാണ് ലക്ഷ്മണനെയും ഭരതനെയും അപമാനിക്കുന്ന ക്രൂരവാക്കുകള്‍ സീതയില്‍ നിന്നുണ്ടായത്. ”ശ്രീരാമന്റെ നാശം ആഗ്രഹിക്കുന്ന ഭരതന്റെ ആജ്ഞാനുവര്‍ത്തിയായി ശ്രീരാമനെ അപായപ്പെടുത്തുവാനാണ് നീ ഞങ്ങളുടെ കൂടെ കൂടിയിരിക്കുന്നത്. ജ്യേഷ്ഠനെ അപകടപ്പെടുത്തി എന്നെ ഭാര്യ ആക്കാമെന്ന് നീ കരുതുന്നുണ്ടെങ്കില്‍ അതു നിന്റെ വ്യാമോഹം മാത്രമാണ്. ഞാന്‍ അഗ്നിയില്‍ പ്രവേശിച്ചു ജീവത്യാഗം ചെയ്യും” എന്നെല്ലാം സീത പുലമ്പി യപ്പോള്‍ സമനില തെറ്റിയ ലക്ഷ്മണന്‍ സീതയെ ഉപേക്ഷിച്ചു പോവുകയും രാവണന്‍ സീതയെ അപഹരിക്കുകയും ചെയ്തു. കൊട്ടാരത്തിലെ സകല സുഖഭോഗങ്ങളും ഉപേക്ഷിച്ചു വനത്തിലേക്ക് തങ്ങളെ അനുഗമിക്കുകയും ഊണും ഉറക്കവുമുപേക്ഷിച്ച് പരിചരിക്കുകയും ചെയ്യുന്ന, ദേവിയുടെ മുഖം പോലും ശരിക്കുകണ്ടിട്ടില്ലാത്ത ലക്ഷ്മണനെപ്പറ്റിയും, രാജ്യലോഭത്താല്‍ ജ്യേഷ്ഠനെ വനത്തിലയച്ച മാതാവിനെതിരെ വധഭീഷണി മുഴക്കുകയും ശ്രീരാമന്‍ തിരികെയെത്തി രാജ്യഭാരമേറിയില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത ശ്രീരാമനൊടൊപ്പം മാത്രമേ അയോദ്ധ്യയില്‍ പ്രവേശിക്കുകയുള്ളു എന്നും അതുവരെ ശ്രീരാമന്റെ പ്രതിപുരുഷനായി അയോദ്ധ്യക്കു പുറത്തിരുന്നു ഭരണം നടത്താമെന്നും പതിനാലു വര്‍ഷം പൂര്‍ത്തിയാക്കുന്ന അന്ന് ജ്യേഷ്ഠന്‍ തിരികെയെത്തിയില്ലെങ്കില്‍ അഗ്നിയില്‍ പ്രവേശിച്ച് ജീവനൊടുക്കുമെന്നും പ്രതിജ്ഞചെയ്തിരിക്കുന്ന ഭരതനെതിരെയുമാണ് സീത ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. രാവണവധത്തിനു ശേഷം തന്റെ സമീപമെത്തിയ സീതയോട് ശ്രീരാമന്‍ പരുഷമായി പെരുമാറുവാനുള്ള കാരണം സീതയുടെ ഈ പെരുമാറ്റവും ഇതുവരെ അരങ്ങേറിയ അനിഷ്ടങ്ങള്‍ക്കെല്ലാം കാരണം ആ പെരുമാറ്റമാണ് എന്ന തിരിച്ചറിവുമാണ് എന്ന് ശ്രീമദ് വാത്മീകീ രാമായണം തര്‍ജ്ജമയുടെ പ്രവേശികയില്‍ ഡോ.എം. ലീലാവതി വിലയിരുത്തുന്നു.
എന്നാല്‍ ഭരതന്റെ മാഹാത്മ്യം ശ്രീരാമന്‍ വ്യക്തമായി മനസ്സിലാക്കിയിരുന്നു എന്നതിന് രാമായണത്തില്‍ നിരവധി ദൃഷ്ടാന്തങ്ങള്‍ ഉണ്ട്. പിതാവിനെ തിരുത്തുവാന്‍ താനാളല്ല എന്ന് കരുതിയ തികഞ്ഞ പിതൃഭക്തനായ ശ്രീരാമന്‍ സഹോദരനെതിരെ പരുഷവാക്കുകളും വധഭീഷണിയും മുഴക്കുന്ന ലക്ഷ്മണന്റെ നേര്‍ക്ക് ചാട്ടുളിപോലെ തുളഞ്ഞ് കയറുന്ന വാക്കുകളാണ് പ്രയോഗിക്കുന്നത്.
”നമ്മെക്കാണാന്‍ ഭരതന്‍ ഇ പ്പോള്‍ നിനയ്ക്കുന്നത് യുക്തം തന്നെ. മനസ്സുകൊണ്ട് പോലും അവന്‍ നമുക്ക് അഹിതമൊന്നും ചെയ്യുകയില്ല. ഭരതനോട് നിഷ്ഠൂരമായിട്ടോ അപ്രിയമായിട്ടോ ഒന്നും പറഞ്ഞുപോകരുത്. അപ്രകാരം ചെയ്താല്‍ അതെന്നോട് അപ്രിയം ചെയ്യലായിരിക്കും. രാജ്യത്തിനുവേണ്ടിയാണ് നീയിങ്ങനെ പറയുന്നതെങ്കില്‍ രാജ്യം നിനക്കുതരാന്‍ ഞാന്‍ ഭരതനോട് പറയാം, അവന്‍ നിശ്ചയമായും അനുസരിക്കും.”
(ശ്രീമദ് വാത്മീകീരാമായണം സിദ്ധിനാഥാനന്ദ സ്വാമി, അയോദ്ധ്യകാണ്ഡം 97)
അഭയം തേടിയെത്തിയ വിഭീഷണനെ തള്ളണോ കൊള്ളണോ എന്ന് ചര്‍ച്ച നടന്നപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സുഗ്രീവനോട് ശ്രീരാമന്‍ പറയുന്നത് ‘എല്ലാ സഹോദരന്മാരും ഭരതനെപ്പോലെയാണെന്ന് കരുതരുത്, വിഭീഷണനെ സ്വീകരിക്കുന്നതില്‍ അപാകതയൊന്നുമില്ല’ എന്നാണ്. ഭരതന്റെ മഹത്വം ഇവിടെയും രാമന്‍ ഉയര്‍ത്തിപ്പിടിക്കുന്നു.
അയോദ്ധ്യാധിപതിയായി സ്ഥാനമേറ്റ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ദിനം ശ്രീരാമന്‍ ഭരത – ലക്ഷ്മണന്‍മാരെ അരികത്ത് വിളിച്ച് രാജസൂയ യജ്ഞം നടത്തുവാനുള്ള തന്റെ ആഗ്രഹം അവരെ അറിയിക്കുന്നു. അപ്പോള്‍ ഭരതന്‍ രാമനോടിപ്രകാരം പറഞ്ഞു. ”അമിതവിക്രമ, മഹാത്മന്‍ അങ്ങയിലാണ് പരമ ധര്‍മ്മം. മഹാബാഹോ സമസ്ത ജഗത്തും യശസ്സും അങ്ങയിലാണ് പ്രതിഷ്ഠിതമായിരിക്കുന്നത്. രാജാക്കന്മാരെല്ലാം അങ്ങയെ ലോകനാഥനായിട്ടാണ് കാണുന്നത്. ജനങ്ങള്‍ അങ്ങയെ മക്കള്‍ അച്ഛനെയെന്നപോലെ കാണുന്നു, ലോകത്തിനും പ്രാണികള്‍ക്കും ആശ്രയം അങ്ങല്ലോ. അങ്ങനെയുള്ള അങ്ങ് അവിടുന്ന് ഇമ്മാതിരി യജ്ഞം നടത്തുന്നതെങ്ങനെ? ഇതില്‍ ലോകത്തിലുള്ള രാജവംശങ്ങളുടെ വിനാശം കാണുമല്ലോ. ലോകത്തില്‍ ശൂരന്മാരായുള്ള രാജക്കന്മാരാരൊക്കെയുണ്ടോ അവര്‍ക്കൊക്കെ വിനാശം സംഭവിക്കും. അതുല വിക്രമ, പുരുഷോത്തമ അങ്ങ് പാരിടം മുടിക്കൊല്ല, പാരെല്ലാം അങ്ങെക്കധീനമല്ലോ?” – (ശ്രീമദ് വാത്മീകീരാമായണം ഉത്തരകാണ്ഡം 83)
ഭരതന്റെ വാക്കുകള്‍ കേട്ട ശ്രീരാമന്‍ രാജസൂയ സംരംഭത്തില്‍ നിന്ന് നിന്നു പിന്‍വാങ്ങി. ഭരതന്റെ ദീര്‍ഘ വീക്ഷണത്തെ അഭിനന്ദിക്കുകയും ചെയ്തു. ജ്യേഷ്ഠനോട് അങ്ങേയറ്റത്തെ ആദരവുള്ളപ്പോള്‍തന്നെ അദ്ദേഹത്തോട് തനിക്കു ശരിയെന്നു തോന്നുന്ന അഭിപ്രായം തുറന്നു പറയാന്‍ ഭരതന്‍ മടിക്കുന്നില്ല. അദ്ദേഹത്തിന്റെ ഉദ്ദേശ്യ ശുദ്ധി മനസ്സിലാക്കിയ രാമന്‍ അത് അംഗീകരിക്കുകയും ചെയ്യുന്നു. ഭരതനെപ്പോലെയുള്ള ശ്രേഷ്ഠ വ്യക്തിത്വങ്ങളെ ശരിയായി മനസ്സിലാക്കാനും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച മഹത്തായ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാനും വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനും സാധിച്ചാല്‍ രാമായണ മാസാചരണം സാര്‍ത്ഥകമാകും.