തൃശ്ശൂര്‍: ക്ഷേത്രം ഭരിക്കേണ്ടത് വിശ്വാസികളാണെന്നും രാഷ്ട്രീയ പാര്‍ട്ടികളോ മതേതര സര്‍ക്കാരുകളോ അല്ലെന്നും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന സമരത്തിന്റെ 1001-ാം ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെര്‍ച്വല്‍ ഭക്തജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ത്ഥസാരഥി ക്ഷേത്രവും മറ്റ് ഹൈന്ദവ ആരാധനാലയങ്ങളും രാഷ്ട്രീയശക്തികളില്‍ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടി ശക്തമായ ഭക്തജന പ്രക്ഷോഭവും നിയമപോരാട്ടവും നടത്തണമെന്ന് സ്വാമി പറഞ്ഞു.
പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന സമിതിയുടെ നേതൃത്വത്തിലാണ് വെര്‍ച്വല്‍ ഭക്തജന സമ്മേളനം സംഘടിപ്പിച്ചത്. വി. മുരളീധരന്, ഉപാധ്യക്ഷ പുഷ്പാ പ്രസാദ്, വിജയകൃഷ്ണന്, സി.ബാബു, ശശികമ്മട്ടേരി, ബൈജു പുമ്പുള്ളി എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തിന് ശേഷം ഹിന്ദു ഭവനങ്ങളില്‍ ക്ഷേത്രവിമോചനത്തിനായി ദീപം തെളിയിച്ച് നാമജപവുമുണ്ടായി. 2017 നവംബര്‍ ഏഴിന് രാത്രിയിലാണ് പോലീസുകാരെത്തി പാര്‍ത്ഥസാരഥി ക്ഷേത്രം കൈയേറിയത്. അന്ന് മുതല്‍ ഭക്തജനങ്ങള്‍ സ്ഥലത്ത് നടത്തുന്ന നാമജപമാണ് 1001 ദിവസം പിന്നിടുന്നത്.