സമകാലിക കേരളത്തിലെ പൊതുമണ്ഡലത്തെ പരുവപ്പെടുത്തുന്നതില്‍ മലയാള സിനിമയുടെ സ്വാധീനം ചെറുതല്ല. വ്യത്യസ്തമായ കഥാബിന്ദുക്കളും ആഴമുള്ള വിഷയങ്ങളും പ്രതിപാദിക്കുക വഴി ഇതരഭാഷാ ചലച്ചിത്രങ്ങള്‍ക്കിടയില്‍ സ്വന്തമായ ഒരു മേല്‍വിലാസം സൃഷ്ടിക്കാന്‍ മലയാള സിനിമയ്ക്കായി. പക്ഷെ ഇന്ന് മലയാള സിനിമയ്ക്ക് വലിയതോതില്‍ ഒരു രൂപമാറ്റം സംഭവിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാന്‍ സാധിക്കും. കമ്മ്യൂണിസത്തിന്റെ അതിപ്രസരവും ദേശീയതയോടുള്ള വിമുഖതയും ഹൈന്ദവതയോടുള്ള വെറുപ്പും അടുത്ത കാലത്തിറങ്ങിയ മലയാള സിനിമകളില്‍ പൊങ്ങി നില്‍ക്കുന്നു. ഈ ഒരു മാതൃക പിന്തുടരുന്നവര്‍ക്ക് ബുദ്ധിജീവികളുടെയും സര്‍ക്കാരിന്റെയും കൂട്ടായ്മകളുടെയും അംഗീകാരവും ലഭിക്കുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യം എന്നത് തങ്ങളുടെ പ്രത്യയശാസ്ത്രത്തെ ഒളിച്ചുകടത്താനുള്ള ഒരു മാധ്യമമായി സംവിധായകരും തിരക്കഥാകൃത്തുക്കളും കണക്കാക്കുമ്പോള്‍ ആ മാനസികാവസ്ഥ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സോവിയറ്റ് കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് നുണകള്‍ കലകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ രൂപം കൊണ്ടതായിരുന്നു ‘അജിറ്റ്-പ്രോപ്പുകള്‍.’ നിര്‍ഭാഗ്യവശാല്‍ ഇന്ന് മലയാള സിനിമ മറ്റൊരു അജിറ്റ്-പ്രോപ്പായി മാറിയിരിക്കുന്നു, ഒരു മാഫിയ എന്ന പോലെ ഇടതുപക്ഷ- ഇസ്‌ലാമിസ്റ്റ് ആശയങ്ങള്‍ക്ക് മാത്രം സ്വീകാര്യത ലഭിക്കുന്ന ഒരിടം.
ചരിത്രം വളച്ചൊടിക്കുന്ന വിധം
അടുത്തിടെ പൃഥ്വിരാജ് സുകുമാരന്‍ ഫേസ്ബുക്കിലൂടെ ‘വാരിയംകുന്നന്‍’ എന്ന സിനിമയില്‍ നായകവേഷത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഹിന്ദു വിരുദ്ധ കലാപം എന്ന് ഗാന്ധി മുതല്‍ അംബേദ്കര്‍ വരെ വിളിച്ച 1921-ലെ മാപ്പിള ലഹളയുടെ നേതൃനിരയില്‍ തന്നെ ഉണ്ടായിരുന്ന ആളാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അയാള്‍ മലയാളരാജ്യം എന്ന മതേതര റിപ്പബ്ലിക്ക് സ്ഥാപിച്ചു എന്ന നുണ ജനങ്ങളിലേക്ക് എത്തിക്കാനും അതുവഴി ഒരു വര്‍ഗ്ഗീയവാദിയെ മഹത്വവല്‍ക്കരിക്കാനും മാത്രമാണ് ഈ സിനിമ സൃഷ്ടിക്കപ്പെടുന്നത് തന്നെ. കമ്മ്യൂണിസ്റ്റ്കാരന്‍ എന്ന് സ്വയം അവകാശപ്പെടുന്ന ആഷിക് അബു സംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രം ഇതിനോടകം തന്നെ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.
2021-ല്‍ മാപ്പിള ലഹളയുടെ നൂറാം വാര്‍ഷിക വേളയില്‍ യാഥാര്‍ത്ഥ്യങ്ങളെ വളച്ചൊടിച്ച് അതിനെ സ്വാതന്ത്ര്യസമരയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ പലഭാഗങ്ങളിലായി നടന്നുവരുന്നു. അതില്‍ ഭാരതത്തിലെ പല സര്‍വ്വകലാശാലകളും കണ്ണികളാണ്. കേന്ദ്ര സര്‍വ്വകലാശാലകളിലുള്‍പ്പെടെ ചരിത്ര വിഭാഗത്തില്‍ നിന്ന് വരുന്ന ഗവേഷണ പ്രബന്ധങ്ങള്‍ അത് തെളിയിക്കുന്നു. ചരിത്രത്തെ തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിക്കാനുള്ള ഒരു വിഭാഗത്തിന്റെ തീവ്രശ്രമം പ്രകടമാണ്. പക്ഷെ അവിടെയും മനസ്സിലാവാത്തത് ഇടതുപക്ഷത്തിന്റെ സാന്നിധ്യമാണ്. ഇസ്ലാമിക രാജ്യങ്ങളില്‍ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഇസ്ലാമും പരസ്പരം ചേര്‍ന്നുപോകില്ല എന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിച്ചുകൂടാ. ഭാരതത്തില്‍ ഇവര്‍ രണ്ടുകൂട്ടരുടെയും എതിരാളികള്‍ ദേശീയവാദികളാണ്. അതിനാല്‍ത്തന്നെ ഇസ്ലാമിസ്റ്റുകളുടെ ബി-ടീം ആയി ഇടതുപക്ഷം അധഃപതിച്ചിരിക്കുന്നു
പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ രാജ്യത്തെമ്പാടും ഇസ്ലാമിസ്റ്റുകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ഒരു ഫേസ്ബുക് പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്തിരുന്നു. ഹിന്ദു നാമധാരികളായവരെ ഉപയോഗിച്ച് ഹൈന്ദവസംസ്‌കാരത്തിനും ഹൈന്ദവബോധത്തിനും എതിരെ സംസാരിപ്പിക്കുന്ന രീതി ജമാഅത്തെ ഇസ്ലാമിയുടെ ജിഹ്വ വായിക്കുന്നവര്‍ക്ക് ഇതിനോടകം മനസ്സിലായിട്ടുണ്ടാകും. ‘വാരിയംകുന്ന’ന് രചന നിര്‍വ്വഹിച്ച റമീസ് പ്രസ്തുത ചലച്ചിത്രത്തില്‍ നിന്ന് പിന്മാറിയതും വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഹാജിയെ എത്രത്തോളം മഹത്വവല്‍ക്കരിക്കും എന്നത് കണ്ടറിയേണ്ട കാര്യമാണ്. ആ ചിത്രത്തില്‍ ആയിരക്കണക്കിന് ഹിന്ദുക്കളെ മതംമാറ്റിയത് ആഷിഖ് അബു ചിത്രീകരിക്കുമോ? ലഹളക്കാര്‍ ഹിന്ദുസ്ത്രീകളോട് മൃഗീയമായി പെരുമാറിയത് ആ സ്‌ക്രിപ്റ്റില്‍ ഉണ്ടാവുമോ? തൂവൂര്‍ കിണറിന്റെ ഒരു ഷോട്ട് സിനിമയില്‍ കാണിക്കുമോ ? നൂറുവര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തിനെ വികലമാക്കി അവതരിപ്പിക്കാന്‍ ആണ് ഇവര്‍ ഇവിടെ ശ്രമിക്കുന്നത്. ഒരു നൂറ്റാണ്ട് മുന്നേ നടന്ന കലാപത്തിനെ വസ്തുനിഷ്ഠമായി അവതരിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല എങ്കില്‍, ഇടതുപക്ഷ ചരിത്രകാരന്മാര്‍ എഴുതിയ പ്രാചീന-മദ്ധ്യകാലഘട്ടങ്ങളുടെ ചരിത്രം എത്രത്തോളം നുണകള്‍ കൊണ്ട് നിറഞ്ഞതായിരിക്കും?
സൂഫിയും കപ്പേളയും ഒളിച്ചുകടത്തുന്നത്
ആമസോണ്‍ പ്രൈമിലൂടെ ആദ്യമായി ഓണ്‍ലൈനില്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് നരണിപ്പുഴ ഷാനവാസ് സംവിധാനം നിര്‍വ്വഹിച്ച ‘സൂഫിയും സുജാതയും’. ഈ ചിത്രം ഇടതുപക്ഷ ബുദ്ധിജീവികള്‍ വാനോളം പുകഴ്ത്തുന്നുണ്ടെങ്കിലും ഈ ചിത്രം ഒളിച്ചുകടത്തുന്ന ഇസ്ലാമിസ്റ്റ് ആശയങ്ങള്‍ കാണാതെ പോവരുത്. സംസാരശേഷി ഇല്ലാത്ത സുജാത എന്ന പെണ്‍കുട്ടി സൂഫിയുടെ വാങ്കുവിളി കേട്ട് അവനില്‍ അനുരക്തനാകുന്നു. വാങ്കുവിളി കേള്‍ക്കുമ്പോള്‍ അവള്‍ നൃത്തം വെയ്ക്കുന്നു, തട്ടമിടുന്നു, നിസ്‌കരിക്കാന്‍ ശ്രമിക്കുന്നു. പ്രണയം നടിച്ചു മതംമാറ്റി ഇറാഖിലേക്കും സിറിയയിലേക്കും നാടുകടന്ന് ജീവിതം ശിഥിലമാക്കിയ പെണ്‍കുട്ടികളുടെ നാടാണിത്. അവിടേക്കാണ് ‘സൂഫിയും സുജാതയും’ എത്തുന്നത്. ചിത്രത്തില്‍ കാണിക്കുന്നതു പോലെ എല്ലാം അത്ര ആശാവഹം അല്ല എന്ന് സാരം.
പതിനാലാം നൂറ്റാണ്ടില്‍ അമീര്‍ ഖുസ്‌റു രചിച്ച ‘ച്ഛാപ്പ് തിലക് സബ്ബ് ഛീനീ രെ മോസേ നൈന മിലൈക്കെ’ എന്ന സൂഫി കവിത തന്നെ നോക്കൂ. അത് പ്രഥമദൃഷ്ട്യാ വളരെ മനോഹരമായ കാവ്യഭാവനയാണ്. പക്ഷെ അത് പരിശോധിച്ചാല്‍ മതപരിവര്‍ത്തനത്തിനുള്ള ആഹ്വാനം നമുക്ക് കണ്ടെത്താന്‍ സാധിക്കും. ഹസ്രത്ത് നിസാമുദ്ദിന്‍ ഔലിയയെ ഒരു നോക്ക് കാണുന്ന മാത്രയില്‍ തന്നെ നോക്കുന്നയാളുടെ നെറ്റിയിലെ കുങ്കുമം (ഹൈന്ദവ ചിഹ്നം) അപ്രത്യക്ഷമാകുന്നു. മധ്യകാലഘട്ടത്തിലെ ഇസ്ലാമിക അധിനിവേശത്തിന്റെ ഭാഗമായി വലിയതോതില്‍ ആയുധങ്ങളുപയോഗിച്ച് മതപരിവര്‍ത്തന ശ്രമങ്ങള്‍ നടത്തിയിരുന്നു. അതിനുപുറമെ ആയുധങ്ങളില്ലാതെ മറ്റുവഴികളിലൂടെ മതംമാറ്റാന്‍ ഉള്ള ശ്രമങ്ങള്‍ നടന്നു. അവിടെ അവര്‍ പാട്ടും നൃത്തവും പ്രയോജനപ്പെടുത്തി. വൈദേശികമായ എല്ലാറ്റിനെയും മഹത്വവല്‍ക്കരിക്കുകയും ഭാരതീയം എന്ന് പറയപ്പെടുന്നതിനെ ഒക്കെ ആക്ഷേപിക്കുകയും ചെയ്യുന്ന പൊതുബോധം സൃഷ്ടിച്ചെടുക്കാന്‍ പാടുപെടുന്നവര്‍ സൂഫികളെ ആത്മീയതയുടെ അപ്പോസ്തലന്മാരായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നു.
മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’ എന്ന ചിത്രവും ഇവിടെ പ്രതിപാദിക്കേണ്ടതായുണ്ട്. ജെസ്സി എന്ന പെണ്‍കുട്ടി വിഷ്ണു എന്ന ഓട്ടോ ഡ്രൈവറുടെ ഫോണിലേക്ക് നമ്പര്‍ മാറി വിളിക്കുന്നുന്നതുമുതല്‍ തുടങ്ങുന്ന കഥ. കുങ്കുമം തൊട്ട, കൈയില്‍ ചരട് കെട്ടിയ സൗമ്യനായ വിഷ്ണുവുമായി അവള്‍ അടുക്കുന്നു. അയാള്‍ പറയുന്നതിന് അനുസരിച്ച് അവള്‍ വീടുവിട്ട് അയാള്‍ക്കരികിലേക്ക് പോകുന്നു. അവിടെവെച്ച് റോയ് എന്ന കഥാപാത്രം കടന്നുവരുന്നു. ഒടുവില്‍ വിഷ്ണു പെണ്‍വാണിഭ സംഘത്തിലെ അംഗമാണെന്ന് തിരിച്ചറിയുന്നതിനോടൊപ്പം, അത്രയും നേരം അസന്മാര്‍ഗ്ഗി ആയി ചിത്രീകരിച്ച റോയ് ഒടുവില്‍ ‘നന്മയുള്ള ലോകത്തിലെ’ കണ്ണിയായി മാറുന്നു. ഈ ചിത്രത്തിലെ വിഷ്ണു എന്ന കഥാപാത്രത്തിന്റെ അവതരണം തന്നെയാണ് ശ്രദ്ധിക്കേണ്ടത്. അയാള്‍ ഹൈന്ദവ ചിഹ്നങ്ങള്‍ അണിയുന്നു. മറ്റ് മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന കഥാപാത്രങ്ങള്‍ അധമന്മാര്‍ ആയാല്‍ സ്വസമുദായത്തിന്റെ പ്രതികരണം നമുക്കൂഹിക്കാമല്ലോ?
വിപ്ലവം വിശുദ്ധവത്കരിക്കപ്പെടുമ്പോള്‍
അപചയം നേരിടുന്ന രാഷ്ട്രീയ സംവിധാനം, അവിടെ കമ്മ്യൂണിസ്റ്റ് ആയ നായകന്‍ രംഗപ്രവേശനം ചെയ്യുന്നു. ശേഷം ശുദ്ധികലശം! അടുത്തിടെ പുറത്തിറങ്ങിയ കുറച്ചധികം മലയാള സിനിമകളുടെ കഥ ഇങ്ങനെ ഒറ്റവരിയാക്കാം. സഖാവ്, ഒരു മെക്‌സിക്കന്‍ അപരത, കോംറേഡ് ഇന്‍ അമേരിക്ക, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, വിപ്ലവം, രാമലീല – പ്രത്യക്ഷത്തില്‍ കമ്മ്യൂണിസത്തെ ഒരു ചട്ടക്കൂടാക്കി കഥ പറഞ്ഞുപോവുന്ന സിനിമകളാണ്. പക്ഷെ, മറ്റു സിനിമകള്‍ പരിശോധിച്ചാല്‍ കമ്മ്യൂണിസത്തെ മഹത്വവത്കരിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള ശ്രമം കാണാന്‍ സാധിക്കും. അരാജകത്വം കാട്ടി യുവാക്കളെ ആകര്‍ഷിച്ചു സാമ്പത്തികവിജയം നേടാനുള്ള ഒരു തന്ത്രം എന്ന രീതിയില്‍ ആവാം ഇടതുപക്ഷ ആശയങ്ങളോട് ചലച്ചിത്ര വ്യവസായ മേഖല കാണിക്കുന്ന താല്‍പ്പര്യം. പക്ഷെ ഇതൊരു വ്യവസായതന്ത്രം മാത്രമാണെങ്കില്‍ ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന ചലച്ചിത്രങ്ങള്‍ തഴയപ്പെടുന്നത് എന്തുകൊണ്ടാണ്? അപ്പോള്‍ ഒരു കാര്യം തീര്‍ച്ചയാണ്, രാഷ്ട്രീയ അജണ്ട തന്നെ ആണ് ഇവിടുത്തെ വിഷയം.
മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം പശ്ചാത്തലമാക്കി നിര്‍മ്മിച്ച ‘ഒരു മെക്‌സിക്കന്‍ അപരത’ പ്രതിസന്ധികളെ തരണംചെയ്ത് യൂണിയന്‍ തിരഞ്ഞെടുപ്പ് വിജയിക്കുന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെയും അവരുടെ പ്രത്യയശാസ്ത്രത്തിന്റെയും മഹത്വമാണ് പറയുന്നത്. പക്ഷെ യാഥാര്‍ത്ഥ്യം പരിശോധിച്ചാല്‍ എസ്.എഫ്.ഐ മറ്റു സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും നല്‍കാത്ത ക്യാമ്പസ്സില്‍ കെ.എസ്.യുവിന്റെ സ്ഥാനാര്‍ത്ഥി ആയി മത്സരിച്ചു ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ജിനോ ജോണിന്റെ കഥയായിരുന്നു അത്. ഒരു കെ.എസ്.യുക്കാരന്റെ കഥ പറഞ്ഞാല്‍ ചിത്രം സാമ്പത്തിക വിജയം നേടില്ല എന്ന് തോന്നിയ അണിയറ പ്രവര്‍ത്തകര്‍, കഥ നന്നായൊന്നു ചുവപ്പിച്ചു. കഥയറിയാതെ എസ്.എഫ്.ഐ ക്കാര്‍ കൂട്ടത്തോടെയെത്തി ചലച്ചിത്രം വിജയിപ്പിച്ചു.
ഇടതുപക്ഷത്തെ പുകഴ്ത്തുന്ന സിനിമകളായ കോംറേഡ് ഇന്‍ അമേരിക്ക, സഖാവ്, നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്നീ സിനിമകളിയും ഹിംസ ഒരു സാധാരണ സംഭവമായി മാറുന്നു. ആക്രമാസക്തമായ സമരവും പോലീസിനെതിരെ ബോംബെറിയുന്ന ആദര്‍ശവാനായ യുവാവും സഖാവിന്റെ പണിയെടുക്കാതെയുള്ള സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനവും മറ്റും ആഘോഷിക്കപ്പെടുന്നു. കേരളത്തിന്റെ പൊതുബോധം ഇടതുപക്ഷമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും ഈ സിനിമകളില്‍ കാണാം. തിരക്കഥയില്‍ കോണ്‍ഗ്രസ് പശ്ചാത്തലമുള്ള കഥാപാത്രങ്ങള്‍ എല്ലാവരും അപഹാസ്യരായി മാറുന്നതും കമ്മ്യൂണിസ്റ്റുകാര്‍ വീരന്മാരാവുന്നതും ഇന്നിവിടെ സര്‍വ്വസാധാരണമാണ്. ലോകം മുഴുവനും കൂട്ടക്കുരുതികള്‍ നടത്തിയ കമ്മ്യൂണിസത്തെ മലയാള സിനിമാ സംവിധായകന്മാര്‍ കാല്പനികവല്‍ക്കരിച്ച് കാഴ്ചക്കാരന് മുന്നില്‍ വെയ്ക്കുന്നു. ഒരു സാമാന്യ പ്രേക്ഷകന് അത് സ്വീകാര്യമാകുംവിധം പരുവപ്പെടുത്താന്‍ കഴിയുന്നതിലാണ് സംവിധായകന്മാരായ ആഷിഖ് അബു, അമല്‍ നീരദ്, സമീര്‍ താഹിര്‍ എന്നിവരുടെ വിജയം. ഓരോ തിരഞ്ഞെടുപ്പിലും തുടര്‍ച്ചയായി തോറ്റുകൊണ്ടിരിക്കുന്ന ഇടതുപക്ഷ വിശ്വാസികള്‍ക്ക് ‘സിന്ദാബാദ്’ വിളിച്ചു സായൂജ്യമടയാനുള്ള കൃത്രിമമായ ഒരു അന്തരീക്ഷമാണ് ഈ സിനിമകള്‍ സൃഷ്ടിക്കുന്നത്.
കളിയും കാര്യവും
പ്രത്യേകിച്ച് യാതൊരു കഥയുമില്ലാത്ത ഒരു സിനിമ നിര്‍മ്മിക്കുക, കാണികളെ കൂട്ടാന്‍ ദേശീയബോധമുള്ള ഒരു സംഘടനയെ താറടിച്ചു കാണിക്കുക. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അലമാര എന്ന സിനിമയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ആര്‍.എസ്.എസ് എന്ന പേര് പരാമര്‍ശിക്കുന്നില്ല എങ്കില്‍ കൂടി സംഘത്തിന്റെ അടയാളങ്ങളില്‍ ചെറിയ മാറ്റം വരുത്തി ചലച്ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ അപഹസിക്കുന്നുണ്ട്. മണികണ്ഠന്‍ അവതരിക്കുന്ന കഥാപാത്രം മദ്യപാനിയും അക്രമകാരിയും അസന്മാര്‍ഗ്ഗിയും ആണ്, അയാളെ ഇവിടെ സംഘവുമായി ബന്ധിപ്പിച്ചിരിക്കുന്നു. കേരളത്തിലെ അധികാര കേന്ദ്രങ്ങളെയോ ഒരു ഇസ്ലാമിക സംഘടനെയെയോ ഇതുപോലെ പരിഹസിക്കാന്‍ സംവിധായകനോ ഇവിടുത്തെ സിനിമാ ബുദ്ധിജീവികള്‍ക്കോ കഴിയുമോ ? എന്തൊകൊണ്ടാണ് ഈ ‘സെലക്ടീവ് ടാര്‍ഗെറ്റിംഗ്’?
മികച്ച സിനിമയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം നിര്‍വഹിച്ച സെക്‌സി ദുര്‍ഗ്ഗ എന്ന ചലച്ചിത്രത്തെപ്പറ്റി പറയാതെ പോവാന്‍ വയ്യ. ഹൈന്ദവ ആചാരങ്ങളെ ചലച്ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ വക്രീകരിച്ചു കാണിക്കുന്നുണ്ട്. സ്ത്രീയെ ഈശ്വരതുല്യം കണക്കാക്കുന്ന ഒരു സംസ്‌കാരത്തിലെ ദേവതയെ ലൈംഗികചുവയോടെ അഭിസംബോധന ചെയ്യുന്നതില്‍ നിന്ന് ലഭിക്കാനിടയുള്ള അംഗീകാരങ്ങളെ കണക്കിലെടുത്തായിരിക്കും സംവിധായകന്‍ ഈ സാഹസത്തിനു മുതിര്‍ന്നത്.
കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന ചിത്രത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. കേന്ദ്ര സംഘം നിപ്പയെ തീവ്രവാദികള്‍ ആസൂത്രണം ചെയ്ത ഒരു ‘ബയോളോജിക്കല്‍ വാര്‍’ ആയി മാറ്റി തീര്‍ക്കാന്‍ ശ്രമിച്ചു എന്ന് പറയുന്നുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിലാണ് ആ കണ്ടെത്തല്‍ എന്നും പറയുന്നു. നിപ്പ പോലെ ഗൗരവമേറിയ ഒരു വിഷയം പ്രതിപാദിക്കുന്ന ചിത്രത്തില്‍ എത്ര സൂക്ഷ്മമായാണ് കേന്ദ്ര സര്‍ക്കാരിന് എതിരെ ഉള്ള സംവിധായകന്‍ ഇഷ്ടക്കേട് കയറ്റിവിട്ടത്.
എതിര്‍ശബ്ദങ്ങള്‍ നിശബ്ദമാക്കപ്പെടുമ്പോള്‍
ഇടതുപക്ഷത്തിന്റെ ജീര്‍ണ്ണതയെ തുറന്നു കാണിച്ച രണ്ടു ചലച്ചിത്രങ്ങളാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും ടി.പി 51 വെട്ടും. ഈ രണ്ടു ചലച്ചിത്രങ്ങളും നേരിട്ട അപ്രഖ്യാപിത വിലക്കും അതിനെതിരെ സിനിമാ വ്യവസായ മേഖലയില്‍ ഉള്ളവര്‍ തന്നെ പിന്തുടര്‍ന്ന നിശ്ശബ്ദതയും വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ‘ഈ അടുത്ത കാലത്ത്’ എന്ന ചലച്ചിത്രത്തിലും മുരളീ ഗോപി ആര്‍.എസ്.എസിനെ ഉള്‍ക്കൊള്ളിച്ചിരുന്നു. എന്തുകൊണ്ടാണ് തന്റെ ചിത്രങ്ങളില്‍ ആര്‍.എസ്.എസിന് ഇടം നല്‍കുന്നതെന്ന ചോദ്യത്തിന്, സംഘം ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യം ആണെന്നുള്ള മറുപടിയാണ് അദ്ദേഹം നല്‍കിയത്. ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മൂലധന ശക്തികളുടെ പിടിയിലാണെന്നുള്ള യാഥാര്‍ത്ഥ്യമാണ് മുരളി ഗോപി ‘കൈതേരി സഹാദേവന്‍ എന്ന കഥാപാത്രത്തിലൂടെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ കാട്ടിത്തരുന്നത്. പാര്‍ട്ടിയില്‍ തന്നെക്കാളും ഉയരത്തിലെത്താന്‍ സാധ്യതയുള്ള ഒരാളെ കായികമായി അക്രമിച്ചിട്ട് അത് മറ്റു സംഘടനകള്‍ക്ക് മേല്‍ കെട്ടിവെയ്ക്കുന്ന കമ്മ്യൂണിസ്റ്റ് ശൈലിയും ഈ ചിത്രത്തില്‍ വിമര്‍ശിക്കപ്പെടുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ത്തു എന്ന പേരില്‍ ടി.പി. ചന്ദ്രശേഖരനെ നിര്‍ദ്ദാക്ഷിണ്യം വെട്ടി നുറുക്കി കൊല ചെയ്ത സംഭവമാണ് ടി.പി 51 വെട്ട് എന്ന ചലച്ചിത്രത്തിന് ആധാരം. പാര്‍ട്ടിയെ എതിര്‍ത്ത മനുഷ്യനെ ഇല്ലാതാക്കാമെങ്കില്‍ ആ സംഭവത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ചലച്ചിത്രത്തെ തടയുക എന്നത് അവരെ സംബന്ധിച്ച് സ്വാഭാവികമാണ്.

സാമൂഹ്യ വിഷയങ്ങളില്‍ വലിയ ഇടപെടലുകള്‍ നടത്തുന്നു എന്ന് അവകാശപ്പെടുന്ന മലയാള സിനിമ, അവിടെയും പക്ഷം പിടിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. കാവിയുടുത്ത പ്രതിനായക ഛായയുള്ള കഥാപാത്രങ്ങള്‍ അനാവശ്യമായി കടന്നുവരുന്നു. കേന്ദ്ര സര്‍ക്കാരിനെയോ സംഘത്തെയോ ഹൈന്ദവമായ ബിംബങ്ങളെയോ താറടിച്ചു കാണിക്കുക എന്നത് അവിടെ സ്വാഭാവികമായി മാറുന്നു. നായകന്‍ യൗവനത്തില്‍ എസ്.എഫ്.ഐയുടെ കൊടി പിടിച്ചിരിക്കണം എന്ന് സംവിധായകര്‍ വാശിപിടിക്കുന്നതുപോലെ തോന്നും പുതിയ സിനിമകളില്‍ ചിലത് കണ്ടാല്‍.
സോവിയറ്റ് റഷ്യയില്‍ വലിയ മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടക്കുരുതികളും നടന്നുകൊണ്ടിരുന്നപ്പോള്‍ അജിറ്റ്-പ്രോപ്പുകള്‍ രാജ്യത്താകമാനം സാധാരണ ജനങ്ങള്‍ക്കിടയില്‍ ലെനിനെയും സ്റ്റാലിനെയും വിശുദ്ധവല്‍ക്കരിച്ചുകൊണ്ടേയിരുന്നു. ചൈനയില്‍ മാവോയും ഇതേ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇപ്രകാരമുള്ള ഒരു പൊതുബോധം സൃഷ്ടിക്കുന്നതില്‍ കുറച്ചു കാലത്തേയ്ക്ക് അവര്‍ വിജയിച്ചു എങ്കിലും, നുണകളുടെ ആ ചീട്ടുകൊട്ടാരത്തെ കാലം തകര്‍ത്തുകളഞ്ഞു. മലയാള സിനിമയിലെ ഇടതുപക്ഷ- ഇസ്ലാമിസ്റ്റ്-നവലിബറല്‍ ബുദ്ധിജീവികള്‍ ഇത് മനസ്സിലാക്കിയാല്‍ നന്ന്.