1962 ഒക്‌ടോബര്‍ 20ന് കമ്യൂണിസ്റ്റ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആയിരം കിലോമീറ്റര്‍ ദൂരത്തില്‍ പടിഞ്ഞാറ് അക്‌സായി ചിന്‍ ചാപ് വാലിയിലേക്കും കിഴക്ക് നം കാചു നദിയുടെ രണ്ടു കരയിലും നാഥുലാ പാസിലുമായി ആക്രമണം തുടങ്ങി. ഇതിനെ ഓര്‍ക്കാപ്പുറത്തടി എന്നാണ് അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുവും ഭരണകക്ഷി നേതാക്കളും വിശേഷിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ അത് ഓര്‍ക്കാപ്പുറത്തടി ആയിരുന്നില്ല. മറിച്ച് ഓര്‍മ്മിക്കാതിരുന്നതിന് കിട്ടിയ അടിയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടെടുപ്പ് നടത്തി തെരഞ്ഞെടുത്ത സ്വതന്ത്രഭാരത പാര്‍ലമെന്റിന്റെ പ്രഥമ സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ഏറ്റവും വലിയ പ്രതിപക്ഷമുന്നണി നേതാവായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ചെയ്ത പ്രസംഗം ഓര്‍ക്കാതിരിക്കാനാവില്ല. അതിലദ്ദേഹം സര്‍ക്കാരിന്റെ ചൈന നയം ടിബറ്റിന്റെ മേല്‍ ഇന്ത്യയ്ക്കുള്ള അവകാശങ്ങള്‍ കൈ ഒഴിച്ച് ചൈനയ്ക്ക് അടിയറവു വച്ചുകൊണ്ടുള്ള ഉടമ്പടി എന്നിവയെ വിമര്‍ശിച്ച് ശ്രീ മുഖര്‍ജി ഇപ്രകാരം പറഞ്ഞു:
”ടിബറ്റിന്റെ കാര്യത്തില്‍ ഹിംസാത്മക നടപടികള്‍ സ്വീകരിക്കരുതെന്ന ഇന്ത്യയുടെ നിര്‍ദ്ദേശത്തിന് എന്തു മറുപടിയാണ് ചൈന അയച്ചത്. ചൈനയുടെ മറുപടി ഇന്ത്യാ ഗവണ്‍മെന്റിനെ ഞെട്ടിപ്പിക്കുകയും അമ്പരിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അതുകൊണ്ട് കാര്യമില്ല. ചൈനയുടെ നയത്തില്‍ എന്തെങ്കിലും വ്യതിയാനം വരുത്താന്‍ അത് പര്യാപ്തമായിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്. അതുപോലെ ടിബറ്റിനെ സംബന്ധിച്ച് ഇന്ത്യാ ഗവണ്‍മെന്റിന്റെ നയമെന്താണ് എന്നും അറിയേണ്ടതുണ്ട്. ചൈനയുടെ ഭുപടങ്ങളില്‍ ആസാമിന്റേയും ലഡാക്കിന്റെയും ലേഹിന്റേയും ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതായി കാണുന്നു. ടിബറ്റിന്റെ കാര്യത്തില്‍ ചൈന ഇന്ത്യയ്ക്കയച്ച മറുപടി സ്പഷ്ടമായും അതിര്‍ത്തിയെ സംബന്ധിച്ച അവരുടെ നിലപാടാണ്. അതായത് ടിബറ്റും ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളും അവരുടേതായി കാണിച്ചുകൊണ്ടുള്ളതാണ്…….ടിബറ്റിലൂടെ ഇറങ്ങിവന്ന് ചൈന കുഴപ്പങ്ങള്‍ ഇളക്കിവിടാന്‍ വഴി തെളിയും.”
മഹാവീര്‍ ത്യാഗി; അത് അസാദ്ധ്യമാണ്
മുഖര്‍ജി: അത് അസാദ്ധ്യമാണെന്നു പറഞ്ഞ മാന്യന്‍ നാലുവര്‍ഷം മുമ്പ് പാകിസ്ഥാന്‍ അസാദ്ധ്യമാണെന്നു പറഞ്ഞവരെ പ്രതിനിധീകരിക്കുന്നു.
1952-ല്‍ നടന്ന ഈ ചര്‍ച്ചയില്‍നിന്ന് ഒന്നു വ്യക്തം. 62-ല്‍ സംഭവിച്ചത് ഓര്‍ക്കാപ്പുറത്ത്കിട്ടിയ അടിയല്ല. ഓര്‍ക്കാതിരുന്നതിനാല്‍ കിട്ടിയ അടിയാണെന്ന്.
ടിബറ്റ് ആരുടെ?
സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പുള്ള ബ്രിട്ടീഷ് ഇന്ത്യയുടെ നിയന്ത്രണം ഉണ്ടായിരുന്ന ഒരു നാട്ടു രാജ്യമായിരുന്നു ടിബറ്റ്. അവിടുത്തെ പോസ്റ്റും ടെലിഗ്രാഫും അടക്കമുള്ള പല ഡിപ്പാര്‍ട്ടുമെന്റുകളും ഇന്ത്യാഗവണ്‍മെന്റായിരുന്നു നടത്തിയിരുന്നത്. പ്രാചീനകാലം മുതല്‍ അത് സാംസ്‌കാരിക ഭാരതത്തിന്റെ ഭാഗമായിരുന്നു. ഹിന്ദു പുരാണങ്ങളില്‍ പറയുന്ന ദേവഭൂമിയായ ത്രിവിഷ്ടപമാണ് ഇന്നു ടിബറ്റായി അറിയപ്പെടുന്നത്. ശ്രീ പരമേശ്വവര പീഠമായ കൈലാസത്തിലേക്കുള്ള വഴി ടിബറ്റിലൂടെയാണ്. ഭാരതത്തിലെ പല രാജാക്കന്മാരും ടിബറ്റ് ഭരിച്ചിട്ടുണ്ട്. ബി,സി.313-ല്‍ കോസലത്തിലെ പ്രസേനജിത്ത് രാജാവ് സ്ഥാപിച്ചതാണ് ടിബറ്റ് എന്ന് അവരുടെ പ്രാചീന ചരിത്രം പറയുന്നു. ബുദ്ധമതം അവിടെ പ്രചരിപ്പിക്കുന്നതിനുമുമ്പ് സ്വസ്തി എന്ന പ്രതീകത്തെ ആരാധിച്ചിരുന്നവരാണ് ടിബറ്റുകാര്‍.
ടിബറ്റന്‍ ഭാഷ സംസ്‌കൃത ഭാഷയുടെ പ്രാകൃതരൂപമായ പാലിയോട് സാദൃശ്യമുള്ളതാണ്. ലിപിക്കും ദേവനാഗരിയോട് അടുപ്പമുണ്ട്. എ.ഡി. 639-ല്‍ അന്നത്തെ ടിബറ്റ് രാജാവായ ഗ്യാംപോ നേപ്പാള്‍ രാജകുമാരിയായ ശ്വേതതാരയെ വിവാഹം കഴിച്ചു. അക്കാലത്ത് ചൈന ടിബറ്റിന്റെ മേല്‍ ആക്രമണം നടത്തിയെങ്കിലും വിഫലമായി. ടിബറ്റ് തിരിച്ച് ചൈനയേയും ആക്രമിച്ചു. എ.ഡി. 763-ല്‍ ചൈനയുടെ വലിയൊരു ഭാഗം ടിബറ്റിന്റെ അധീനതയിലായി. എ.ഡി. 816-ല്‍ അന്നത്തെ ചൈന ചക്രവര്‍ത്തിയും ടിബറ്റ് രാജാവും ചേര്‍ന്ന് ഒരു സന്ധി ഉണ്ടാക്കി. അതിന്റെ സ്മാരകമായി ഗംഗുമേരുവെന്ന സ്ഥലത്ത് ഒരു ദേവാലയം സ്ഥാപിച്ചു. അതില്‍ ചന്ദ്രന്റേയും സൂര്യന്റേയും രൂപങ്ങള്‍ കൊത്തി താഴെ ഇങ്ങനെ രേഖപ്പെടുത്തി:”സൂര്യനും ചന്ദ്രനും ആകാശത്ത് സൗഹാര്‍ദ്ദപൂര്‍വ്വം സഞ്ചരിക്കുന്നതുപോലെ രണ്ടു രാജ്യങ്ങളും വര്‍ത്തിക്കും.” 1958-ല്‍ ഈ കരാര്‍ ലംഘിച്ചുകൊണ്ടാണ് ചൈന ടിബറ്റിനെ പൂര്‍ണ്ണമായും കീഴടക്കിയത്. ടിബറ്റ് ഭരണാധികാരിയും ആത്മീയ നേതാവുമായ ദലൈലാമയും കുറേ അനുയായികളും ഭാരതത്തില്‍ അഭയം പ്രാപിച്ചു. അവര്‍ക്ക് അഭയം നല്‍കിയെങ്കിലും ചൈനയുടെ കൈയേറ്റത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ബോദ്ധ്യപ്പെടുത്താന്‍ വേണ്ട നടപടി ഭാരത സര്‍ക്കാര്‍ സ്വീകരിച്ചില്ല. അതിന്റെ പരിണിതഫലമാണ് 62-ലെ ആക്രമണവും നമ്മുടെ തോല്‍വിയും.
2020-ലെ ആക്രമണം ലഡാക്ക് മേഖലയിലാണ്. ലഡാക്ക് പൂര്‍ണ്ണമായും ഭാരതത്തിന്റെ ഭാഗമാണ്. ജമ്മുകാശ്മീര്‍ എന്ന നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു അത്. 1947-ല്‍ ജമ്മുകാശ്മീര്‍ പൂര്‍ണ്ണമായും ഭാരതത്തില്‍ലയിച്ചതാണ്. എന്നാല്‍ അതിന്റെ മേല്‍ പാകിസ്ഥാന്‍ നടത്തിയ കൈയ്യേറ്റത്തെ തുടര്‍ന്ന് അവര്‍ കൈക്കലാക്കിയ ഭാഗത്തുനിന്ന് ജില്‍ജിത്ത്, ഹന്‍സാ, ബാള്‍ട്ടിസ്ഥാന്‍ എന്നീ സ്ഥലങ്ങള്‍ പാകിസ്ഥാന്‍ ചൈനയ്ക്ക് സമ്മാനിച്ചു. അവിടെ ചുവടുറപ്പിച്ചുകൊണ്ടാണ് ചൈന ലഡാക്കിന്റെ മറ്റു ഭാഗങ്ങളിലേക്കു കടന്നു കയറാന്‍ ശ്രമിച്ചത്. പക്ഷേ, 1962-ലെ സര്‍ക്കാരല്ല 2020ലെ സര്‍ക്കാര്‍ എന്ന് തുടക്കത്തില്‍ തന്നെ ചൈനതിരിച്ചറിഞ്ഞു. ഇപ്പോള്‍ തന്ത്രപൂര്‍വ്വം സമാധനത്തിന്റെ ഭാഷ സംസാരിക്കുകയും അതിര്‍ത്തികള്‍ കുറേശ്ശേ വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം.
ലഡാക്കും ഭാരത സംസ്‌കാര പാരമ്പര്യത്തില്‍ പെടുന്ന പ്രദേശമാണ്. അവരുടെ ഭാഷ ലഡാക്കിയാണ്. ദേവനാഗരി ലിപിയാണ് അവര്‍ ഉപയോഗിക്കുന്നത്. ബുദ്ധമത വിശ്വാസികള്‍ ആണ് അവരില്‍ ഭൂരിപക്ഷവും.
നേഫ എന്ന വടക്കുകിഴക്കന്‍ മേഖലയിലായിരുന്നു 1962-ലെ പ്രധാന കൈയേറ്റം. അരുണാചല്‍പ്രദേശ് എന്ന് ഇന്നു വിളിക്കുന്ന ഇന്ത്യന്‍ സ്റ്റേറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ചൈന ഇടയ്ക്കിടയ്ക്ക് പ്രസ്താവന ഇറക്കാറുണ്ട്. അതിന് ആധാരമായ തെളിവുകളൊന്നും കൈവശമില്ലെങ്കിലും ആവര്‍ത്തിച്ചുപറഞ്ഞ് അവകാശം സ്ഥാപിക്കാമെന്നാണ് അവരുടെ പ്രതീക്ഷ.
ചൈനയുടെ പാരമ്പര്യം സമീപ രാഷ്ട്രങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കുക എന്നതാണ്. പാകിസ്ഥാനെ കൂട്ടിന് കിട്ടിയിട്ടുമുണ്ട്. അവരെ യോജിപ്പിക്കുന്ന ഏക സംഗതി ഭാരതവിരോധം മാത്രമാണ്. മുസ്ലീങ്ങള്‍ക്ക് പൗരാവകാശങ്ങളും മതസ്വാതന്ത്ര്യവും അനുവദിക്കാത്ത രാജ്യമാണ് ചൈന. പക്ഷേ, ഇസ്ലാമിക രാജ്യമെന്ന് അവകാശപ്പെടുന്ന പാകിസ്ഥാന്‍ ഭാരതത്തിന്റെ ഭൂപ്രദേശങ്ങള്‍ ആക്രമിച്ചെടുത്ത് ചൈനയ്ക്ക് സമ്മാനിച്ചതിന്റെ ഉദ്ദേശം വ്യക്തമാണല്ലോ.
ലോകത്തിന് അഭൂതപൂര്‍വ്വമായ കൊറോണ എന്ന സാംക്രമിക രോഗം സംഭാവന ചെയ്ത രാജ്യമെന്ന നിലയില്‍ ചൈന കുപ്രസിദ്ധി നേടിക്കഴിഞ്ഞിട്ടുണ്ട്. ലോകരാഷ്ട്രങ്ങള്‍ അറപ്പോടും വെറുപ്പോടും ആണ് ചൈനയെ വീക്ഷിക്കുന്നത്. അതില്‍നിന്ന് രക്ഷപ്പെടാന്‍ ലോക ജനതയുടെ ശ്രദ്ധ അതിര്‍ത്തി തര്‍ക്കത്തിലേക്ക് തിരിച്ചുവിടാനാണ് ശ്രമം. ഭാരതത്തെ പലതവണ ചതിച്ച ചൈനയെ നമുക്കൊരിക്കലും മറക്കാനാവില്ല, ഇത്തവണ കളികാര്യമാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ താക്കീത് നല്‍കിക്കഴിഞ്ഞു.