വ്യക്തിജീവിതത്തിന്റെ നിര്‍മ്മലതയും വിജ്ഞാനത്തിന്റെ പ്രഭയും ചതുരാശ്രമ നിഷ്ഠയുടെ വിശുദ്ധിയുംവഴി സനാതന ധര്‍മ്മത്തിന്റെ മഹത്വം ലോകത്തിനു മുമ്പില്‍ ഉദ്‌ഘോഷിച്ച സ്വാമി പരമേശ്വരാനന്ദ സരസ്വതിയുടെ ജന്മശതാബ്ദിയാണ് ജൂലായ് 22ന്
തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കിന്റെ പടിഞ്ഞാറുഭാഗത്ത് ചിറയിന്‍കീഴ് താലൂക്കിന്റെ കിഴക്കേ അതിര്‍ത്തിയിലായി പരമേശ്വരം എന്നൊരു ഗ്രാമമുണ്ട്. അവിടെ ഒരു വിഷ്ണു ക്ഷേത്രവും കുളവും ഉണ്ടെന്നതൊഴിച്ചാല്‍ മറ്റൊരു സ്ഥാപനവുമില്ല. എന്തുകൊണ്ടാണ് പരമേശ്വരം എന്ന സ്ഥലനാമം ഉണ്ടായതെന്ന് അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതാണ്: ഒന്നര നൂറ്റാണ്ടുമുമ്പ് ഇവിടെ പരമേശ്വരം എന്നൊരു വിദ്യാനികേതനമുണ്ടായിരുന്നു. അതു നടത്തിയിരുന്നത് പരമേശ്വരന്‍പിള്ളയാശാന്‍ എന്നും ജ്ഞാനി ആശാന്‍ എന്നും അറിയപ്പെട്ട ഒരു വ്യക്തിയാണ്. സംസ്‌കൃതം, കഥകളി, ആയുര്‍വ്വേദം എന്നിവ ഇവിടെ പഠിപ്പിച്ചിരുന്നു. മുഖ്യ ഗുരുനാഥനും പരമേശ്വരന്‍പിള്ള ആശാനായിരുന്നു. അകലെയുള്ള കുട്ടികളെ സ്വന്തം ചിലവില്‍ താമസിപ്പിച്ചും പഠിപ്പിച്ചിരുന്നു. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികളും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. പരമേശ്വരാജ്യനിലയം എന്ന ഈ സ്ഥലം പരമേശ്വരം എന്നു വിളിക്കപ്പെട്ടതും ക്രമേണ റവന്യൂ രേഖകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയതും അതുകൊണ്ടാണ്. വിഷ്ണുക്ഷേത്രത്തിനു സമീപമുള്ള കാവില്‍ ജ്ഞാനിയാശാനെ യോഗീശ്വരനായി കുടിയിരുത്തി ദിവസവും പൂജയും വിളക്കുവയ്പും നടത്തിവരുന്നു.
പരമേശ്വരന്‍പിള്ളയാശാന്റെ മൂത്തപുത്രന്‍ കൃഷ്ണപിള്ള വിവാഹം ചെയ്തത് അയല്‍പ്രദേശമായ മുദാക്കല്‍ പുലിപ്രവീട്ടില്‍ പരമേശ്വരന്‍പിള്ളയുടെ മകള്‍ ലക്ഷ്മി അമ്മയെയാണ്. കൃഷ്ണപിള്ള-ലക്ഷ്മി അമ്മ ദമ്പതികളുടെ പ്രഥമപുത്രന് നല്‍കിയ പേരും പരമേശ്വരന്‍ എന്നായിരുന്നു. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു പരമേശ്വരന്‍. പ്രായത്തില്‍ കവിഞ്ഞ പക്വതയും അറിവും കഴിവും പരമേശ്വരനുണ്ടായിരുന്നു. സന്യാസിമാരോടും മുതിര്‍ന്നവരോടും ഭക്തിയും അടുപ്പവും ഉണ്ടായിരുന്നു. ചേങ്കോട്ടുകോണം സത്യാനന്ദസരസ്വതി സ്വാമികളുടെ ഗുരുവായ രാമദാസ സ്വാമികള്‍ ഈ പ്രദേശം സന്ദര്‍ശിക്കാറുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം പരമേശ്വരനും ദീര്‍ഘദൂരം നടന്നുപോകാറുണ്ടായിരുന്നു. ബാലനായ പരമേശ്വരന് സ്വാമിജി പല ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാറുണ്ടായിരുന്നു. ഇതിനുപുറമെ കുളത്തൂര്‍ സ്വയം പ്രകാശിനി അമ്മയെയും സന്ദര്‍ശിക്കാറുണ്ടായിരുന്നു. കുട്ടിക്കാലത്ത് പിതാവിനോടൊപ്പം കുളത്തൂര്‍ സ്വയംപ്രകാശ യോഗിനി അമ്മയെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ ബാലനായ പരമേശ്വരനു നല്‍കിയ ടൈറ്റിലാണ് സാധുശീലന്‍ എന്നത്. 60 വയസ്സുവരെ സാധുശീലന്‍ പരമേശ്വരന്‍പിള്ള എന്നറിയപ്പെട്ട അദ്ദേഹം പിന്നീട് സന്യാസം സ്വീകരിച്ചു സ്വാമി പരമേശ്വരാനന്ദ സരസ്വതിയായി. സ്വാമി മൂന്ന് ആശ്രമങ്ങള്‍ സ്ഥാപിച്ചു. കന്യാകുമാരി, കൊടകര, ഇരുനിലംകോട് എന്നിവിടങ്ങളില്‍. കൊടകര ആറേശ്വരം ക്ഷേത്രത്തിനു സമീപം ആശ്രമം ഇരിക്കുന്ന സ്ഥലം പരമേശ്വരം എന്നറിയപ്പെട്ടു. സമാധിയായത് ഇരുന്നിലംകോട് ആശ്രമത്തില്‍ വച്ചാണ്.
അഭാവത്തില്‍ പ്രഭാവം
ഇതെഴുതുന്നയാള്‍ 1936 മെയ് 30ന് ജനിച്ചു എന്ന് അച്ഛന്‍ രേഖപ്പെടുത്തി വച്ചിരുന്നു. ജനനംമുതല്‍ രണ്ടുവര്‍ഷക്കാലം കണ്ടതും കേട്ടതും ഒന്നും ഓര്‍മ്മയില്ല. ഓര്‍മ്മവച്ചനാള്‍മുതല്‍ എല്ലാ ദിവസവും പരാമര്‍ശിക്കപ്പെടുന്ന പേര് പരമേശ്വരന്‍ എന്നായിരുന്നു. വീട്ടില്‍ വരുന്ന അയല്‍ക്കാര്‍ക്ക് അറിയേണ്ടതു ഒന്നുമാത്രം. പരമേശ്വരന്റെ വിവരം വല്ലതുമുണ്ടോ?
ഉണ്ട്. അച്ഛന്‍ സന്തോഷത്തോടെ പറയും. കിട്ടിയ കത്തെടുത്ത് എല്ലാവരും കേള്‍ക്കെ വായിക്കും. കല്‍ക്കത്തയില്‍ നിന്നുള്ള കത്തു വായിച്ചപ്പോള്‍ ഒരാള്‍ ചോദിച്ചു: ഈ കല്‍ക്കത്ത എന്നു പറയുന്നത് ഏതു രാജ്യമാണ്?
അതും ഭാരതത്തില്‍ തന്നെ. അച്ഛന്‍ ചുവരിലേക്കു ചൂണ്ടി മൂന്നു ചിത്രങ്ങള്‍ കാണിച്ചുകൊടുത്തു, ശ്രീരാമകൃഷ്ണ പരമഹംസന്‍, ശാരദാദേവി, സ്വാമി വിവേകാനന്ദന്‍. ഈ മഹാത്മക്കളുടെ നാടാണ് കല്‍ക്കത്ത. വളരെ അഭിമാനത്തോടെയാണ് അച്ഛനിതു പറഞ്ഞത്. അമ്മയ്ക്ക് അതിന്റെ പ്രാധാന്യം അറിഞ്ഞുകൂടെങ്കിലും ഏതോ നല്ല നാട്ടില്‍ നല്ല ആളുകള്‍ക്കൊപ്പമാണ് തന്റെ മകന്‍ എന്നതില്‍ സന്തോഷം തോന്നി. കത്തിലെ മറ്റു വിവരങ്ങള്‍ അറിയാന്‍ കാതുകൂര്‍പ്പിച്ചിരുന്നു.
ആദ്യത്തെ കത്തില്‍ എന്നെ ആകര്‍ഷിച്ചത് രാമന്റെ അസുഖം മാറിയോ എന്ന അന്വേഷണമാണ്. ഞാന്‍ കണ്ടതായി ഓര്‍മ്മയില്ലെങ്കിലും എന്നെ അറിയുന്ന, അന്വേഷിക്കുന്ന ഒരു ജ്യേഷ്ഠന്‍ ഈ ലോകത്ത് എവിടെയോ ഉണ്ട് എന്ന അറിവ് എന്നെ ഉന്മേഷവാനാക്കി. അപരിചിതരായ യുവാക്കള്‍ ആരെങ്കിലും വരുന്നതുകണ്ടാല്‍ അതായിരിക്കുമോ പരമേശ്വരന്‍ എന്ന് ആകാംക്ഷയോടെ നോക്കിയിരിക്കുമായിരുന്നു. അതല്ല പരമേശ്വരന്‍ എന്നറിയുമ്പോള്‍ നിരാശയാവും.
കത്തുകള്‍ വന്നുകൊണ്ടിരുന്നു. മഹാത്മാഗാന്ധി, സി.ആര്‍. ദാസ്, ശ്യാമപ്രസാദ് മുഖര്‍ജി, ഡോക്ടര്‍ ഹെഡ്‌ഗേവാര്‍, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ പ്രസംഗം കേട്ട വിവരം വിവിധ കത്തുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അച്ഛന്‍ കൂടുതല്‍ വാചാലനായി. ഓരോ വ്യക്തിയെപ്പറ്റിയും തനിക്കറിയാവുന്ന വിവരങ്ങള്‍ ശ്രോതാക്കള്‍ക്കു പറഞ്ഞുകൊടുത്തു. കുട്ടിക്കാലത്ത് കേട്ട ആ പേരുകള്‍ ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു.
വര്‍ഷങ്ങള്‍ കടന്നുപോയി. പിന്നീടുള്ള കത്തുകള്‍ ദല്‍ഹിയില്‍നിന്നായി. ഇന്ത്യാഗവണ്‍മെന്റിന്റെ ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി കിട്ടിയതിനാല്‍ മാസംതോറും മണിയോര്‍ഡറും അയയ്ക്കാന്‍ തുടങ്ങി. ദേശീയ പ്രസ്ഥാനങ്ങളോടുള്ള ആഭിമുഖ്യം കൂടി വന്നു. അക്കാര്യം കത്തുകളില്‍നിന്നറിയാമായിരുന്നു. രണ്ടാം ലോകമഹായുദ്ധം രാജ്യത്താകെ ക്ഷാമം വിതച്ചപ്പോള്‍ തിരുവിതാംകൂറില്‍ റേഷനിംഗ് ഏര്‍പ്പെടുത്തി. ഗോതമ്പുള്‍പ്പെടെ നിരവധി ധാന്യങ്ങള്‍ റേഷന്‍കടകളിലൂടെ വിതരണം ചെയ്യപ്പെട്ടു. അതെങ്ങിനെ ഉപയോഗപ്പെടുത്തും എന്നു നിശ്ചയമില്ലായിരുന്ന അമ്മയ്ക്കുവേണ്ടി ഒരു കത്തുവന്നു. എങ്ങിനെ ചപ്പാത്തി ഉണ്ടാക്കാം എന്ന് അതില്‍ സവിസ്തരം പ്രതിപാദിച്ചിരുന്നു. അതനുസരിച്ച് അമ്മ ചപ്പാത്തി ഉണ്ടാക്കിത്തന്നപ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. എട്ടുവര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം വീട്ടിലേക്കു വരുന്നു എന്നൊരു കത്തില്‍ എഴുതിയിരുന്നത് വായിച്ചതോടെ വീടും നാടും ഉത്സാഹഭരിതമായി. പരമേശ്വരന്റെ വരവിനെ കാത്തിരുന്നു. ആരുടേയെങ്കിലും കാലൊച്ച കേട്ടാല്‍ അതു ജ്യേഷ്ഠന്റേതായിരിക്കുമോ എന്നു സംശയിച്ച് വഴിയില്‍ കണ്ണുംനട്ടിരിക്കും. അപരിചിതരായ ചെറുപ്പക്കാരെ കാണുമ്പോള്‍ ഇതാണോ അദ്ദേഹം എന്നു ചിന്തിച്ചു പോകും. അങ്ങിനെ ഇരിക്കെ ഒരു ദിവസം അച്ഛന്‍ ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു: പരമേശ്വരന്‍ വരുന്നു. വീടിനു മുന്നിലുള്ള ഊടുവഴിയിലൂടെ ഒരു വലിയ ട്രങ്ക് പെട്ടി തലയിലേറ്റിയ പോര്‍ട്ടറോടൊപ്പം വരുന്ന യുവാവിനെ, നിറഞ്ഞ കണ്ണുകളോടെ ഉറ്റുനോക്കുന്ന അമ്മയുടെ കൈപിടിച്ച് പത്തുവയസ്സുകാരനായ രാമനും ആ വരവ് നോക്കി നിന്നു. എല്ലാവരുടേയും മനസ്സില്‍ ഉത്സവമേളം. എന്നാല്‍ ആരില്‍നിന്നും ശബ്ദമുയരുന്നില്ല. വാചാലമായ മൗനം. അച്ഛന്‍മാത്രം യാത്ര എങ്ങനെയെന്നു ചോദിച്ചു. മറുപടിയോടൊപ്പം അന്വേഷിച്ചു- തൊട്ടടുത്ത അനുജന്‍ മാധവന്‍ പട്ടാളത്തില്‍ ചേര്‍ന്നു പോയിരുന്നു. അടുത്ത സഹോദരി ഭവാനിയമ്മയെ വിളിച്ചു കുശലം ചോദിച്ചു. അടുത്ത അനുജന്‍ അനന്തന്‍പിള്ളയെയും വിളിച്ചു വിദ്യാഭ്യാസ കാര്യങ്ങള്‍ അന്വേഷിച്ചു. പിന്നെ എന്റെ ഊഴമായി. ഏതു ക്ലാസ്സില്‍ പഠിക്കുന്നു എന്നു ചോദിച്ചു. എനിക്കു നാവു പൊന്തുന്നില്ല. പെട്ടെന്ന് കരച്ചിലാണു വന്നത്. കരച്ചിലിന്റെ കാരണം പിന്നീട് ആലോചിച്ചപ്പോള്‍ പിടികിട്ടി. കണ്ടതിലുള്ള സന്തോഷം. ഇത്രയും നാള്‍ വരാതിരുന്നതിലെ പ്രതിഷേധം. നീ തൊട്ടിലില്‍ സുഖമില്ലാതെ കിടക്കുമ്പോഴാണ് ഞാന്‍ പോയത്. ഞാനെപ്പോഴും നിന്നെപ്പറ്റി ചിന്തിച്ചിരുന്നു എന്നു പറഞ്ഞപ്പോള്‍ എനിക്കു സമാധാനമായി. പിന്നീട് ഇളയവന്‍ ഗോവിന്ദനെ വിളിച്ചു സുഖം തന്നെയോ എന്നു ചോദിച്ചു. ഗോവിന്ദനെ ആദ്യമായി കാണുകയാണ്. അയല്‍ക്കാരായ സ്ത്രീകളും പുരുഷന്മാരും വന്നുതുടങ്ങി. വന്നവര്‍ക്കെല്ലാം മലയാളത്തിലോ ഹിന്ദിയിലോ ഉള്ള പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ നല്‍കി. തിരക്കൊഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കോരോരുത്തര്‍ക്കും പുസ്തകങ്ങളും ശ്രീകൃഷ്ണന്റെ കളര്‍ചിത്രങ്ങളും നല്‍കി. അതിനിടയില്‍ അച്ഛനുമായി ആലോചിച്ച് ഒരു പരിപാടി നിശ്ചയിച്ചു. സ്ഥലത്തെ ഹിന്ദുക്കളെ ഒറ്റക്കെട്ടായി നിര്‍ത്തണം. ജാതിയുടെ അടിസ്ഥാനത്തിലുള്ള ഭിന്നതകള്‍ അവസാനിപ്പിക്കണം. തന്റെ മനസ്സിലെ ആശയങ്ങള്‍ നാട്ടുകാരുമായി പങ്കുവയ്ക്കണം. അതിന്റെ തീയതി നിശ്ചയിച്ചശേഷം തിരുവനന്തപുരത്തുപോയി നോട്ടീസും ഒരു പ്രബന്ധവും അച്ചടിച്ചുകൊണ്ടുവന്നു.
ഹിന്ദു സംഘടന
ഗീതോദയഹരിനാമസങ്കീര്‍ത്തനസംഘം എന്നൊരു സമിതി രൂപീകരിച്ചു. അതിന്റെ പേരിലാണ് യോഗം വിളിച്ചത്. 1945 ഫെബ്രുവരി 20നാണ് പിതാമഹന്റെ കര്‍മ്മക്ഷേത്രമായിരുന്ന പരമേശ്വരം വിഷ്ണുക്ഷേത്ര പരിസരത്ത് യോഗം നടന്നത്. ജാതിരഹിതമായ ഒരു ഹിന്ദുസംഘടനയുടെ ആവശ്യമാണ് സാധുശീലന്റെ കേരളത്തിലെ ആദ്യത്തെ പ്രസംഗ വിഷയം. ഞങ്ങളുടെ ഗ്രാമത്തില്‍ അതിനുമുമ്പ് ഹിന്ദു എന്ന പദം പ്രസിദ്ധമായിട്ടില്ല. ബ്രാഹ്മണര്‍, നായര്‍, ഈഴവര്‍, ആശാരി, പുലയര്‍, പറയര്‍, കുറവര്‍ എന്നിങ്ങനെ ജാതിപ്പേരുകളിലാണ് ഓരോരുത്തരും അറിയപ്പെട്ടിരുന്നത്. ഈ പ്രവണത ഉപേക്ഷിച്ച് ഹിന്ദു എന്ന നിലയില്‍ സംഘടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ അന്ന് രൂപംകൊണ്ട പാകിസ്ഥാന്‍ വാദം ഹിന്ദു അനൈക്യത്തിന്റെ ഫലമായുണ്ടായതാണെന്നും അത് ആപല്‍ക്കരമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അന്ന് സാധുശീലന്‍ പരമേശ്വരന്‍പിള്ളയ്ക്ക് വയസ്സ് 24. ഒരാഴ്ച നാട്ടില്‍ താമസിച്ചശേഷം അദ്ദേഹം ദല്‍ഹിക്കു മടങ്ങി.
കേരളത്തിലേക്ക്
ഏതാനും മാസങ്ങള്‍ക്കുശേഷം ദല്‍ഹിയില്‍നിന്നയച്ച കത്ത് അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെട്ടില്ല എന്ന് അവരുടെ വാക്കുകളില്‍നിന്ന് മനസ്സിലായി. താന്‍ ഇന്ത്യാഗവണ്‍മെന്റിലുള്ള ജോലി രാജിവച്ചുവെന്നും കേരളത്തിലേക്കു ഹിന്ദു സംഘടനാപ്രവര്‍ത്തനത്തില്‍ മുഴുവന്‍ സമയവും വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും എഴുതിയതാണ് ഇഷ്ടപ്പെടാത്തത്. ഹിന്ദു സംഘടന നല്ലതു തന്നെ. എന്നാല്‍ അതിനുവേണ്ടി ഉദ്യോഗം രാജിവയ്ക്കുന്നതെന്തിന്? അച്ഛന്‍ തന്നോടെന്നപോലെ പറഞ്ഞു. ദല്‍ഹി കേന്ദ്രമായി രജിസ്റ്റര്‍ചെയ്ത സംഘടനയാണ് അഖിലഭാരത ആര്യ (ഹിന്ദു) ധര്‍മ്മസേവാസംഘം. അതിന്റെ കേരളഘടകത്തിന്റെ മിഷണറിയായിട്ടാണ് വരുന്നതെന്നും തന്റെ ആദ്യത്തെ പ്രവര്‍ത്തനം നാഗര്‍കോവിലില്‍ ആയിരിക്കുമെന്നും അടുത്ത കത്തില്‍നിന്നു മനസ്സിലായി.
സംഘത്തിന്റെ കേരളഘടകത്തിന്റെ ജനറല്‍ സെക്രട്ടറി കെ. ജനാര്‍ദ്ദനന്‍പിള്ളയും ജോയിന്റ് സെക്രട്ടറി സ്വാമി കൃഷ്ണാനന്ദാചാര്യയുമായിരുന്നു. ജനാര്‍ദ്ദനന്‍പിള്ള 1948-ല്‍ ഈ സംഘടന വിട്ട് ഗാന്ധി സ്മാരകനിധിയുടെ സഞ്ചാലക് ആയി മാറി. ശ്രീകൃഷ്ണാനന്ദാചാര്യ തുടര്‍ന്നു ജനറല്‍സെക്രട്ടറിയായി. പട്ടത്തായിരുന്നു കേരളഘടകത്തിന്റെ ആസ്ഥാനം. ആര്യകുമാര്‍ ആശ്രമം എന്നൊരു വിദ്യാര്‍ത്ഥി സദനവും അവര്‍ നടത്തിയിരുന്നു. അനുജന്‍ ഗോവിന്ദനെ അവിടെ ചേര്‍ത്തു രണ്ടുവര്‍ഷം പഠിപ്പിച്ചു. രാജേന്ദ്രന്‍ എന്നു പേരുമാറ്റി. ഇന്ന് ആര്യകുമാര്‍ ആശ്രമത്തിന്റെ സ്ഥാനത്തുള്ളത് ആര്യാ സെന്‍ട്രല്‍ സ്‌കൂളാണ്. ആര്യ (ഹിന്ദു) ധര്‍മ്മ സേവാസംഘം ഇന്നില്ല.
സാധുശീലന്‍ പരമേശ്വരന്‍പിള്ള പത്തുവര്‍ഷം ആ സംഘടനയില്‍ പ്രവര്‍ത്തിച്ചു. ഹിന്ദു ധര്‍മ്മ പ്രചരണവും ജാതിരഹിത ഹിന്ദു സമാജത്തിന്റെ ഉദ്ധാരണവുമായിരുന്നു ലക്ഷ്യം. ആദ്യം നാഗര്‍കോവിലും പിന്നീട് കോളിയൂരും കേന്ദ്രമാക്കിയായിരുന്നു പ്രവര്‍ത്തനം. 1953-ല്‍ വീണ്ടും നാഗര്‍കോവിലിലേക്കു മാറി. കോളിയൂരിലും നാഗര്‍കോവിലിലും ഞാനും അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്നു. എന്റെ അനുഭവങ്ങളില്‍ ചിലത് രേഖപ്പെടുത്തുകയാണ്.
അയിത്തവും ജാതിവ്യത്യാസവും ശക്തമായിരുന്ന കാലം. ഹരിജന്‍ കുട്ടികളെയും ഇതര സമുദാത്തിലെ കുട്ടികളെയും ഒരുമിച്ചിരുത്തി ഭജന പാടുന്ന സമ്പ്രദായം നടപ്പാക്കി. കുഞ്ഞന്‍ എന്ന ഹരിജനെ പ്രേരിപ്പിച്ച് ഹോട്ടല്‍ തുടങ്ങി. ഇതര സമുദായങ്ങളില്‍പ്പെട്ടവരെ അവിടെ പോകാനും ആഹാരം കഴിക്കാനും പ്രേരിപ്പിച്ചു. ഹരിജന്‍ വീടുകള്‍ സന്ദര്‍ശിച്ച് കുട്ടികളെ സ്‌കൂളില്‍ പോയി പഠിക്കാന്‍ പ്രേരിപ്പിച്ചു. പാവപ്പെട്ട കുട്ടികളെ പൂജപ്പുര ഹിന്ദു മഹിളാ മന്ദിരത്തില്‍ ചേര്‍ത്തു പഠിപ്പിച്ചു. ജാതിഭേദമെന്യേ ഹിന്ദുക്കള്‍ തമ്മിലുള്ള വിവാഹത്തെ പ്രോത്സാഹിപ്പിച്ചു. കിസാന്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍പ്പ്, പുല്‍പ്പായ നെയ്ത്ത് എന്നിവ പഠിപ്പിക്കാന്‍ വ്യവസ്ഥചെയ്തു. പല സ്ഥലങ്ങളിലായി ഹിന്ദി വിദ്യാലയങ്ങള്‍ ആരംഭിച്ചു. അദ്ദേഹം തന്നെയാണ് ഹിന്ദി പഠിപ്പിച്ചിരുന്നത്. തൊഴില്‍ പഠിപ്പിക്കാന്‍ വേറെ അദ്ധ്യാപകരെ നിയമിച്ചിരുന്നു.
രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ ശാഖ തുടങ്ങാന്‍ വേണ്ട സഹായങ്ങള്‍ നല്‍കി. ദേശസ്‌നേഹവും കരുത്തുമുള്ള യുവാക്കളെ വാര്‍ത്തെടുക്കേണ്ടത് ഹിന്ദു സമാജത്തിന്റെ നിലനില്പിനും പുരോഗതിക്കും അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. കല്‍ക്കട്ടയിലും ദല്‍ഹിയിലും സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച അനുഭവവും ഇവിടുത്തെ പ്രവര്‍ത്തനത്തിനു സഹായകമായി. എന്നെയും ആദ്യമായി പുത്തന്‍ചന്തയിലെ സംഘശാഖയില്‍ കൊണ്ടുപോയി പരിചയപ്പെടുത്തിയത് അദ്ദേഹമാണ്.
ലഘുലേഖകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഹിന്ദുധര്‍മ്മ പ്രചരണം തുടര്‍ന്നുകൊണ്ടിരുന്നു. ഒട്ടേറെ ഭീഷണികള്‍ നേരിടേണ്ടിവന്നു. എന്നാല്‍ ആരുടെ മുന്നിലും തല കുനിക്കാതെ തന്റെ ധര്‍മ്മം താന്‍ ചെയ്യുന്നു എന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോയി.
വിവാഹം
കോളിയൂരിലെ ഉറ്റ സുഹൃത്തായ വാഴത്തോട്ടത്തു പരമേശ്വരന്‍ നായര്‍, നൂറാണി ചന്ദ്രശേഖരന്‍ നായര്‍, രാമപ്പണിക്കര്‍, കുഞ്ഞന്‍നാടാര്‍, ജി. വിവേകാനന്ദന്‍ എന്നിവരുടെ നിരന്തരമായ പ്രേരണയില്‍ ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. വധുവിനെ കണ്ടുപിടിക്കാനും അവര്‍ സഹായിച്ചു. ഗവണ്‍മെന്റ് പ്രസ്സില്‍ ജൂനിയര്‍ സൂപ്രണ്ടായിരുന്ന ടി.കെ.വിജയമ്മ. ജാതക പരിശോധനയ്ക്കും വധുവിന്റെ വീട്ടുകാരുമായുള്ള ചര്‍ച്ചകള്‍ക്കും ശേഷം അനാര്‍ഭാടമായി വിവാഹം നടത്താന്‍ തീരുമാനിച്ചു. വിവരങ്ങള്‍ അച്ഛനെ അറിയിച്ച് അനുഗ്രഹം വാങ്ങാന്‍ 15 വയസ്സുള്ള എന്നെയാണയച്ചത്. ഒരു കത്തും തന്നിരുന്നു. വീട്ടില്‍പോയി കത്തു കൊടുത്തു. അതു വായിച്ച് അത്ഭുതവും സന്തോഷവും പ്രകടിപ്പിച്ച് അമ്മയെയും വിളിച്ചറിയിച്ചശേഷം പറഞ്ഞു: ”അതു നന്നായി. അവനിപ്പോള്‍ 29 വയസ്സായി. ഞാനും 29 ലാണു വിവാഹിതനായത്.” യാത്രയ്ക്കു ബുദ്ധിമുട്ടുള്ളതുകൊണ്ട് വരാന്‍ കഴിയില്ലെന്നും വിവാഹശേഷം ഇവിടെ വരണമെന്നും നിര്‍ദ്ദേശിച്ചാണ് എന്നെ മടക്കി അയച്ചത്.
അച്ഛന് മറ്റൊരസൗകര്യവും ഉണ്ടായിരുന്നു. ഞങ്ങളുടെ ഏക സഹോദരിയുടെ വിവാഹവും ഏതാണ്ട് ഉറച്ച മട്ടായിരുന്നു. അതിനുള്ള ഒരുക്കങ്ങള്‍ ചെയ്യാന്‍ താന്‍ മാത്രമേയുള്ളൂ. അക്കാര്യവും പറയാനെന്നെ ഏല്പിച്ചു.
അമ്മ അടുത്ത ദിവസം കോളിയൂരിലെത്തി ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ ഭരണം ഏറ്റെടുത്തു. വധുവിനെ സ്വീകരിക്കാനും അമ്മ വേണമല്ലോ. എന്നാല്‍ അക്കാലത്ത് വരനോടൊപ്പം സ്ത്രീകള്‍ പോകാറില്ലായിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ നിന്നും ഞാന്‍മാത്രം. വിവാഹത്തിനു പ്രേരിപ്പിച്ച സുഹൃത്തുക്കളും ഞാനും ഒരുമിച്ചാണു പോയത്. ജ്യേഷ്ഠന്‍ തിരുവനന്തപുരത്തുപോയി പണ്ഡിറ്റ് വേദബന്ധു ശര്‍മ്മ, ശ്രീധര്‍ ആര്യ എന്നിവരോടൊപ്പം നേരിട്ട് വധൂഗൃഹത്തിലെത്തി. വൈദിക വിധിപ്രകാരമായിരുന്നു ചടങ്ങുകള്‍. വേദബന്ധുവിന്റെ പൗരോഹിത്യത്തിലാണു വിവാഹം നടന്നതെന്നു പറയാം. അന്തിയൂര്‍ക്കോണത്തു വധൂഗൃഹത്തിനു സമീപമുള്ള പൗരമുഖ്യന്മാര്‍ അവര്‍ക്കു അപരിചിതമായ വിവാഹ കര്‍മ്മങ്ങള്‍ അത്ഭുതത്തോടെ നോക്കിനിന്നു.
വേദബന്ധു ഒരു നിസ്സാരവ്യക്തിയല്ല. കേരളചരിത്രകാരന്മാര്‍ അര്‍ഹിക്കുന്ന സ്ഥാനം കല്പിച്ചില്ലെങ്കിലും കേരള നവോത്ഥാന ചരിത്രത്തിലെ ഉജ്വല നേതൃത്വമായിരുന്നു വേദബന്ധു. കല്പാത്തിയിലെ പൊതുനിരത്തുകളിലൂടെ വഴിനടക്കാന്‍ ഈഴവാദി സമുദായങ്ങള്‍ക്കു അവകാശമില്ലായിരുന്ന സമയത്ത് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേദബന്ധുവിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തെപ്പറ്റി അന്നതില്‍ പങ്കെടുത്ത പി.കേശവദേവ് അദ്ദേഹത്തിന്റെ ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. 1921-ല്‍ മലബാര്‍ കലാപ ഘട്ടത്തില്‍ ആര്യ സമാജ പ്രവര്‍ത്തനം കേരളത്തിലാരംഭിച്ചതും വേദബന്ധുവാണ്. അദ്ദേഹത്തിന്റെ കാര്‍മ്മികത്വത്തിലാണ് വിവാഹം നടന്നതെന്ന് മലയാള രാജ്യം പത്രത്തില്‍ റിപ്പോര്‍ട്ടും വന്നിരുന്നു.
ഈ ദമ്പതികള്‍ക്ക് നാല് സന്തതികള്‍. മൂന്നു പെണ്ണും ഒരാണും. മൂത്തമകള്‍ ഗീത വീട്ടമ്മ. മറ്റു രണ്ടുപേര്‍ ഗിരിജയും ശോഭനയും അദ്ധ്യാപികമാര്‍. മകന്‍ വിജയകൃഷ്ണന്‍ സിനിമാനിരൂപകനും സംവിധായകനും എഴുത്തുകാരനുമാണ്.
വിവേകാനന്ദ സ്മാരകം
കന്യാകുമാരിയില്‍ സ്വാമി വിവേകാനന്ദന്‍ തപസ്സുചെയ്ത പാറയില്‍ ഒരു സ്മാരകമുണ്ടാവണമെന്ന ആഗ്രഹം നാഗര്‍കോവിലില്‍ താമസിച്ചിരുന്ന കാലത്ത് ഉണ്ടായി. സംഘം പ്രാന്തപ്രചാരകനായിരുന്ന ദത്താജിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും അതിനുവേണ്ടി ഒരു കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. മണ്ടയ്ക്കാട് ഹൈന്ദവ കണ്‍വെന്‍ഷന്‍ തുടര്‍ച്ചയായി നടത്തുന്നതിനു നേതൃത്വം നല്‍കുന്ന നെയ്യൂര്‍ ഇലങ്കം വീട്ടിലെ കെ. വേലായുധന്‍ പിള്ളയെ പ്രസിഡന്റായും സാധുശീലന്‍ പരമേശ്വരന്‍ പിളളയെ സെക്രട്ടറിയായും നിശ്ചയിച്ചു. ഈ തീരുമാനം എടുക്കുമ്പോള്‍ ഞാനും ഉണ്ടായിരുന്നു. ആദ്യം ഒരു പ്രതിമ മാത്രം സ്ഥാപിക്കാനേ തീരുമാനിച്ചിരുന്നുള്ളു. പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഒരുവിഭാഗം ക്രിസ്ത്യാനികള്‍ സജീവമായി രംഗത്തെത്തിയപ്പോള്‍ പ്രതിമ മാത്രം പോരാ അനുബന്ധസ്ഥാപനങ്ങളും വേണം എന്നു തീരുമാനിക്കപ്പെട്ടു. തുടര്‍ന്ന് മന്നത്തു പത്മനാഭന്‍ പ്രസിഡന്റായി കമ്മറ്റി വിപുലീകരിച്ചു.
ഈ സമയം സാധുശീലന് മറ്റൊരു നിയോഗമുണ്ടായി. സുഹൃത്തായ പി.ആര്‍. രാജരാജവര്‍മ്മ, കണ്ണൂര്‍ ജില്ലയില്‍ ആലക്കോടു പ്രദേശത്ത് ധര്‍മ്മപ്രചരണത്തിനു ഒരാള്‍ അനിവാര്യമാണെന്നു അറിയിച്ചതിനാല്‍ സാധുശീലന്‍ തന്നെ ആ ചുമതല ഏറ്റെടുക്കാന്‍ തയ്യാറായി. രണ്ടു വര്‍ഷം അവിടെ കഴിയുമ്പോഴേക്കും കേസരി വാരികയുടെ പത്രാധിപസ്ഥാനത്തേക്കു ക്ഷണിക്കപ്പെടുകയും അങ്ങിനെ കോഴിക്കോട്ട് വരികയും ചെയ്തത്. 1957 മുതല്‍ 63 വരെ ആ സ്ഥാനത്തു തുടര്‍ന്നു. കേസരിവാരികയുടെ പത്രാധിപത്യം വഹിച്ചുകൊണ്ടിരുന്ന സമയത്തുതന്നെ മറ്റു പരിപാടികളിലും വ്യാപൃതനായി. ശ്രീകൃഷ്ണ ജയന്തി വ്യാപകമായി ആഘോഷിക്കുന്ന ഒരു പരിപാടി നിശ്ചയിച്ചു നടപ്പാക്കി. ഇന്നത്തെ ബാലഗോകുലത്തിന്റെ പൂര്‍വ്വരൂപമായിരുന്നു അതെന്നു പറയാം. മലബാറിന്റെ പല പ്രദേശങ്ങളിലും ഹൈന്ദവ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ആഗമാനന്ദസ്വാമിയെപോലുള്ളവരെ പങ്കെടുപ്പിക്കുകയും ചെയ്തു. ഗോഹത്യ നിരോധന സമിതിയുടെ കേരളത്തിലെ മാര്‍ഗ്ഗദര്‍ശിയായി അദ്ദേഹം പ്രവര്‍ത്തിച്ചു.
കന്യാകുമാരിയിലെ സ്മാരക നിര്‍മ്മാണത്തിനും സാധുശീലന്റെ സജീവ സാന്നിദ്ധ്യം അനിവാര്യമാണെന്ന് സംഘം അധികാരികള്‍ അറിയിച്ചതനുസരിച്ച് കേസരിയുടെ പത്രാധിപ ചുമതലയില്‍ നിന്ന് മാറി കന്യാകുമാരിക്കു പുറപ്പെട്ടു. ഏകനാഥ റാനെഡെയുടെ നേതൃത്വത്തില്‍ പ്രതിബന്ധങ്ങളെ തട്ടിത്തകര്‍ത്ത് ബൃഹത്തായ ഒരു സ്മാരക നിര്‍മ്മാണ പദ്ധതി ആവിഷ്‌കരിച്ചു കഴിഞ്ഞിരുന്നു. അതിന്റെ പൂര്‍ത്തീകരണത്തിനും തുടര്‍ന്നുള്ള നടത്തിപ്പിനും തന്റെ കഴിവുകള്‍ പൂര്‍ണ്ണമായും ഉപയോഗിച്ചുകൊണ്ട് 1980 വരെ കന്യാകുമാരിയില്‍ തന്നെ തുടര്‍ന്നു.
സന്യാസപര്‍വ്വം
1977-ല്‍അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തില്‍വന്ന ജനതാപാര്‍ട്ടി സര്‍ക്കാര്‍ ശ്രീമതി ഇന്ദിരാഗാന്ധിയെ അറസ്റ്റു ചെയ്തു. അടിയന്തിരാവസ്ഥയിലെ അധികാര ദുര്‍വിനിയോഗം, പൗരാവകാശ ധ്വംസനം തുടങ്ങി ഒട്ടേറെ കുറ്റങ്ങള്‍ അവര്‍ക്കെതിരെ ചുമത്താമായിരുന്നെങ്കിലും താരതമ്യേന ചെറിയ ഒരു കുറ്റം ചുമത്തിയാണ് അറസ്റ്റു ചെയ്തത്. ജയപ്രകാശ് നാരായണന്‍, മൊറാര്‍ജി ദേശായി, അടല്‍ബിഹാരി വാജ്‌പേയി തുടങ്ങിയ ദേശീയ നേതാക്കളെയെല്ലാം ഒരു കുറ്റവും ചുമത്താതെ അറസ്റ്റുചെയ്തു വിചാരണ കൂടാതെ ജയിലിലടച്ച ഇന്ദിരാഗാന്ധിയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഒട്ടേറെ അക്രമങ്ങള്‍ കോണ്‍ഗ്രസ്സുകാര്‍ ചെയ്തു. ഉത്തര്‍പ്രദേശില്‍ ഒരു വിമാനം ഹൈജാക്ക്‌ചെയ്യുകപോലുമുണ്ടായി. അതേദിവസം തിരുവനന്തപുരത്തുനിന്നും കന്യാകുമാരിക്കുപോകുന്ന ഒരു ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു സാധുശീലന്‍. വെഞ്ഞാറമൂട്ടില്‍ പോയി അമ്മയെ കണ്ടിട്ടുമടങ്ങുകയായിരുന്നു അദ്ദേഹം. സമയം രാത്രിയായി. വഴിയില്‍ വച്ച് ഒരു സംഘം ആളുകള്‍ സ്‌ഫോടക വസ്തുക്കളെറിഞ്ഞ് ബസ്സ് കത്തിച്ചു. ഒട്ടേറെപ്പേര്‍ വെന്തു മരിച്ചു. സാധുശീലനും കൂട്ടുകാരനും പുറത്തേക്കു ചാടിയതുകൊണ്ട് കാലിനു പരിക്കേല്‍ക്കുകയും ശരീരഭാഗങ്ങള്‍ മാരകമല്ലാത്തവിധം പൊള്ളലേല്‍ക്കുകയും ചെയ്തു. ഏതാനും ദിവസം ആശുപത്രിയില്‍ കിടന്നപ്പോള്‍ തന്റെ ജീവിതം തിരിച്ചു തന്ന ദൈവത്തിനു നന്ദി പറയുകയും ഇനിയുള്ള ജീവിതം ഈശ്വരാര്‍പ്പണമായി വിനിയോഗിക്കുമെന്നു പ്രതിജ്ഞചെയ്യുകയുമുണ്ടായി. തന്റെ അറുപതാം ജന്മദിനത്തില്‍ ജ്ഞാനാനന്ദ സരസ്വതി സ്വാമികളില്‍നിന്ന് സന്യാസം സ്വീകരിക്കയും പരമേശ്വരനാനന്ദ സരസ്വതി എന്ന പുതിയ പേരു സ്വീകരിക്കയും ചെയ്തു.
ഭാരതീയ പാരമ്പര്യമനുസരിച്ച് ഒരു സമഗ്രജീവിതം നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നിങ്ങനെ നാലു ആശ്രമങ്ങളായി കണക്കാക്കുന്നു. സാധുശീലന്‍ പരമേശ്വരന്‍ പിള്ള മൂന്നു ആശ്രമങ്ങള്‍ പൂര്‍ത്തിയാക്കി നാലാമത്തെ ആശ്രമവും സ്വീകരിച്ചു. സമഗ്രവും സമ്പൂര്‍ണ്ണവും സന്തുഷ്ടവുമായ ജീവിതത്തിനുശേഷം തൃശ്ശൂര്‍ ജില്ലയിലെ ഇരുന്നിലംകോട് സ്ഥാപിച്ച ജ്ഞാനാശ്രമത്തില്‍വച്ച് ഭൗതികദേഹം ഉപേക്ഷിച്ച് പരമാത്മാവില്‍ ലയിച്ചു.