1992ല്‍ എറണാകുളം ഗവണ്മെന്റ് ലോ കോളേജില്‍ ഒരു ക്ലാസില്‍ പഠിക്കാനെത്തിയവരായിരുന്നു ഞാനും സച്ചിയും. സച്ചി അന്ന് കൊടുങ്ങല്ലൂരിലാണ് താമസം. മാല്യങ്കര എസ്.എന്‍.എം. കോളേജില്‍ നിന്നും ബികോം ബിരുദം കഴിഞ്ഞതിനു ശേഷമാണ് മൂന്നാംവര്‍ഷ എല്‍.എല്‍.ബി കോഴ്‌സിനു ചേരുന്നത്. ആദ്യത്തെ ആറുമാസക്കാലം എല്ലാവരെയും പോലെ ഒരു ക്ലാസിലെ സഹപാഠി മാത്രമായിരുന്നു സച്ചി. പിന്നീട് ലോ കോളേജിന്റെ പ്രശസ്തമായ ”ഹൗസ് ഓഫ് ലോര്‍ഡ്‌സ്” എന്ന ഹോസ്റ്റലിലേക്ക് താമസം മാറിയപ്പോള്‍ മുതലാണ് സച്ചിയുമായുള്ള ഗാഢബന്ധം രൂപപ്പെട്ടു തുടങ്ങുന്നത്. പിന്നീടുള്ള ലോ കോളേജ് ജീവിതത്തില്‍ ഒരു സഹപാഠിക്കപ്പുറത്തേക്ക് ആത്മബന്ധത്തിന്റെ അടിവേരുകള്‍ ആഴ്ന്നിറങ്ങുകയായിരുന്നു ഞങ്ങള്‍ ഇരുവരുടേയും മനസ്സുകളിലേക്ക്.
പഠനം രണ്ടാംവര്‍ഷമായപ്പോഴേക്കും, തന്നെ പിതാവ് നേരത്തെ നഷ്ടപ്പെട്ട സച്ചി അമ്മയേയും ജേഷ്ഠ സഹോദരനെയും കൂട്ടി തൃപ്പൂണിത്തുറയില്‍ ഒരു ചെറിയവാടക വീട്ടിലേക്ക് മാറി. നിയമപഠന കാലഘട്ടത്തിലും മനസ്സില്‍ കൊണ്ടുനടന്ന വലിയ സ്വപ്‌നമായിരുന്ന പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുക എന്ന നടക്കാതെ പോയ ദുഃഖം പലപ്പോഴും സച്ചിയെ നൊമ്പരപ്പെടുത്തിയിരുന്നു. പൂനെയില്‍ നിന്നും ഗോള്‍ഡ് മെഡലുമായി പഠിച്ചിറങ്ങിയ അടൂര്‍ ഗോപാലകൃഷ്ണനെയും അതിലേറെ ജോണ്‍ എബ്രാഹിമിനെയും കുറിച്ച് വാതോരാതെ അന്ന് സച്ചി സംസാരിക്കുമായിരുന്നു. സാമ്പത്തിക വിഷമതകള്‍ ഒരുവശത്ത് വല്ലാതെ അലോസരങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴും സിനിമയെന്ന അടക്കാനാവാത്ത മോഹത്തെ മറുവശത്ത് താലോലിച്ചുകൊണ്ടിരുന്നു. 1996 ല്‍ എല്‍.എല്‍.ബി പഠനം പൂര്‍ത്തിയാക്കി ഇറങ്ങുമ്പോഴേക്കും മൂത്ത ജ്യേഷ്ഠന്റെ കണ്ണിന്റെ കാഴ്ചക്കുറവുമൂലം ആ കുടുംബം മുഴുവന്‍ പോറ്റേണ്ട ചുമതല സച്ചിയിലായിരുന്നു. അതുകൊണ്ട് പണം അത്യാവശ്യമായി ഉണ്ടാക്കുന്നതിനായി രണ്ടു വര്‍ഷം അട്ടപ്പാടിയില്‍ സ്ഥലം പാട്ടത്തിനെടുത്ത് കുറ്റിമുല്ലകൃഷി നടത്തി. രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ പറമ്പില്‍ പണിത ഒരു കര്‍ഷകന്റെ ചരിത്രം കൂടിയുണ്ട് സച്ചിയുടെ ജീവിതത്തില്‍. രണ്ടു വര്‍ഷത്തെ കാര്‍ഷിക ജീവിതം അവസാനിപ്പിച്ച് അഭിഭാഷകനായി കേരളാ ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.
ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന അഡ്വ. ശാന്തലിംഗത്തിന്റെ ഓഫീസില്‍ ജൂനിയറായതിനു ശേഷം രണ്ടു വര്‍ഷം കഴിഞ്ഞ് സ്വന്തമായി പ്രാക്ടീസ് തുടങ്ങി. ക്രിമിനല്‍ നിയമത്തില്‍ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന സച്ചി ഒരു നല്ല ട്രയല്‍ ലോയറായിരുന്നു. സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യുന്നതില്‍ അഗ്രഗണ്യമായ കഴിവുണ്ടായിരുന്ന സച്ചി പല ക്രിമിനല്‍ കേസുകളിലും പ്രതികളുടെ നിരപരാധിത്വം തെളിയിച്ചിട്ടുണ്ട്. പാവങ്ങളായ കക്ഷികള്‍ക്ക് പണമില്ലാത്തതിന്റെ പേരില്‍ നീതി നിഷേധിക്കപ്പെടരുത് എന്ന അദമ്യമായ ആഗ്രഹം മൂലം പലപ്പോഴും ഫീസ് വാങ്ങാതെ കേസ് നടത്തിയ ചരിത്രവുമുണ്ട്. സച്ചിയുടെ ജൂനിയറും ഇപ്പോള്‍ സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന അഡ്വ. രഞ്ജിത് മാരാര്‍ ഓര്‍മ്മകള്‍ പങ്കുവച്ചപ്പോള്‍ പറഞ്ഞത് ”എനിക്ക് ക്രിമിനല്‍ നിയമത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുതന്നത് സച്ചി സാറാണ്. മാത്രവുമല്ല ഒരു അഭിഭാഷകന്റെ ഒറിജിനല്‍ തിങ്കിംഗ് എന്തായിരിക്കണമെന്ന് പറഞ്ഞ പഠിപ്പിച്ചു തന്നതും സച്ചിസാറായിരുന്നു” എന്നാണ്.
പ്രാക്ടീസ് ചെയ്യുന്ന സമയത്തും സിനിമയെന്ന മോഹം മനസ്സിന്റെ ഉള്ളില്‍ ഒരു കെടാവിളക്കായി ജ്വലിച്ചു നില്‍ക്കവെയാണ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന സേതുവുമായി പരിചയപ്പെടുന്നതും വീണ്ടും ജീവിതം സിനിമയിലേക്ക് വഴിമാറുന്നതും. എ.ടി.എം സംവിധാനം കേരളത്തിലാകെ നടപ്പാക്കിതുടങ്ങുന്ന സമയത്താണ് ആദ്യത്തെ സിനിമ റോബിന്‍ഹുഡിന്റെ പൂജ എറണാകുളം താജ് ഹോട്ടലില്‍ വച്ച് നടക്കുന്നത്. അന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത് മുന്‍മന്ത്രിയായിരുന്ന ടി.എം. ജേക്കബായിരുന്നു. ആ സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ വേണ്ടി സമ്മതിച്ചത് ഞങ്ങളുടെ സഹപാഠികൂടിയായിരുന്ന ബെന്നി ആന്റണിയായിരുന്നു. അതുല്‍ കുല്‍ക്കര്‍ണിയെ നായകനായി നിശ്ചയിച്ചുകൊണ്ട് തുടങ്ങാനിരുന്ന ആദ്യത്തെ ഷൂട്ടിംഗ് ആരംഭിക്കാന്‍ സാധിച്ചില്ല. ആ തിരിച്ചടിയില്‍ ഒന്നു പതറിയെങ്കിലും സിനിമയെന്ന മോഹവും മാര്‍ഗ്ഗവും വെടിയാന്‍ സച്ചി തയ്യാറായിരുന്നില്ല. അങ്ങനെ സച്ചിയും സേതുവും കൂടി ഒരുമിച്ച് സിനിമയെഴുതുകയും ഷാഫി സംവിധാനം ചെയ്ത ചോക്ലേറ്റ് ഒരു വന്‍ ഹിറ്റായി മാറുകയും ചെയ്തു. പിന്നീട് എ.ടി.എം സംവിധാനത്തില്‍ കാലാനുസൃതമായ നവീകരണ സംവിധാനങ്ങള്‍ വന്നെങ്കിലും റോബിന്‍ഹുഡിനെ വീണ്ടും പൊടി തട്ടിയെടുത്ത് അവശ്യമാറ്റങ്ങള്‍ വരുത്തി വെള്ളിത്തിരയില്‍ എത്തിക്കുകയും അതും ഒരു ഹിറ്റായി മാറുകയും ചെയ്തു. പിന്നീട് നാലു സിനിമകള്‍ക്കു ശേഷം സച്ചിയും സേതുവും വേര്‍പിരിഞ്ഞു.
സച്ചിയെന്ന പ്രതിഭാശാലിയുടെ വായനയുടെ ലോകം വളരെ വിസ്തൃതമായിരുന്നു. മലയാളസാഹിത്യവും മറ്റ് ലോകസാഹിത്യങ്ങളും വായിക്കുക മാത്രമല്ല ചെയ്തിരുന്നത് അത് സ്‌കാന്‍ ചെയ്ത് ബ്രെയിനിലേക്ക് കയറ്റുകയും മറവിക്ക് ഒരിക്കലും അത് വിട്ടുകൊടുക്കാതിരിക്കുകയും ചെയ്തു. ആ വായന നല്കിയ അറിവിന്റെ മാസ്മരികതയും സച്ചിയുടെ ഉള്ളിലെ പ്രതിഭയും ചേര്‍ന്ന് മനസ്സിലെ ഉലയില്‍ ഊതികാച്ചിയ കഥകള്‍ സിനിമകളായി പിറന്നപ്പോള്‍ മലയാളികള്‍ അതിനെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. സംവിധാനം പഠിച്ചിട്ടില്ലാത്ത സച്ചി, ആരുടെ കീഴിലും സഹസംവിധായകനായി പോലും പ്രവൃത്തി പരിചയമില്ലാത്ത സച്ചി, അനാര്‍ക്കലി എന്ന സിനിമ ആദ്യം സംവിധാനം ചെയ്യുന്നതിന് മുമ്പ് നടത്തിയ ഗൃഹപാഠങ്ങള്‍ അവിസ്മരണീയമാണ്. ഇന്റര്‍നെറ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച്, അതു തനിയെ പഠിച്ചു.ഒരു സംവിധായകന്റെ മേലങ്കി അണിഞ്ഞ് ആ സിനിമ വിജയിപ്പിച്ചെങ്കില്‍ അത് സച്ചിയിലെ സിനിമാക്കാരന്റെ മേന്മ തന്നെയാണ്.
സൗഹൃദങ്ങളുടെ തമ്പുരാനായിരുന്നു സച്ചി. കൂടെ പഠിച്ച ആളുകള്‍ തൊട്ട് ഓഫീസില്‍ വന്ന കക്ഷികള്‍ ഉള്‍പ്പെടെ സിനിമാ മേഖലയില്‍ ഉള്ളവരെയും അല്ലാത്തവരെയും സ്‌നേഹത്തിന്റെ വലയെറിഞ്ഞ് തന്നിലേക്ക് അടിപ്പിക്കുന്ന സുഹൃത്തുക്കളുടെ ചാകരയായിരുന്നു സച്ചിയുടെ സമ്പാദ്യം. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആ കാന്തവലയത്തിലേക്ക് വീണു പോകും ആരായാലും. പക്ഷെ വിവാഹമെന്ന വലിയ ബന്ധത്തിന് ആയുസ്സ് കുറവായിരുന്നു. ഒരു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ആദ്യവിവാഹം നിയമപരമായി വേര്‍പ്പെടുത്തി. തിരിച്ചടികള്‍ ഓരോന്നു വരുമ്പോഴും മറുഭാഗത്ത് സിനിമയോടുള്ള പ്രണയവും അഭിനിവേശവും കൂടിക്കൂടി വന്നു. തന്റെ കഥയിലെ ആഖ്യാന രീതികള്‍ക്കും കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നതിലും വ്യത്യാസം വരുത്തുവാനോ വിട്ടുവീഴ്ച ചെയ്യുവാനോ സച്ചി സമ്മതിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമകള്‍ ഓരോന്നായി പരിശോധിച്ചാല്‍ ഒരു നായകനെയും മുന്നില്‍ കണ്ടുകൊണ്ടല്ല സച്ചി കഥയും തിരക്കഥയും രൂപപ്പെടുത്തിയിരുന്നത് എന്നു വ്യക്തം. ആ കഥാപാത്രങ്ങളെ സ്വാംശീകരിച്ച് അവതരിപ്പിക്കാന്‍ കഴിയുന്ന നടന്മാരെ കണ്ടെത്തുക മാത്രമായിരുന്നു ചെയ്തിരുന്നത്. ബിജുമേനോനും സുരേഷ് കൃഷ്ണയുമായി സിനിമയ്ക്കപ്പുറത്തേക്ക് സുഹൃദ് ബന്ധത്തിന്റെ ആഴം അഗാധമായിരുന്നുവെങ്കിലും പാത്ര സൃഷ്ടികളില്‍ അവരുടെ സ്വാധീനവലയങ്ങള്‍ക്ക് ഒരു സ്വാധീനവുമില്ലായിരുന്നു. എങ്കിലും സച്ചിയുടെ സിനിമകളിലെ അവരുടെ സാന്നിധ്യം യാദൃച്ഛികമായിരുന്നില്ല. സച്ചിയുടെ ആദ്യസിനിമയുടെ നായകനും ആദ്യം സംവിധാനം ചെയ്ത സിനിമയിലെ നായകനും അവസാന സിനിമയിലെ നായകനുമായ പൃഥിരാജ് പറഞ്ഞിട്ടുള്ളത് സച്ചിയുടെ സിനിമകളില്‍ അഭിനയിക്കുവാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരില്ല എന്നാണ്.
എന്നും മനസ്സില്‍ നല്ല സിനിമകളെ മാത്രം പ്രണയിച്ചു നടന്ന സച്ചി കൊമേഴ്‌സ്യല്‍ സിനിമയുടെ മുഖ്യധാരയിലേക്ക് വരുവാനുള്ള കാരണം ഉപജീവനവും പണം മുടക്കുന്നവന്റെ വിശ്വാസ്യതയുമാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. വന്‍തിരകള്‍ ഭേദിച്ച് ജീവിതനൗക സുരക്ഷിതമായി കരയ്ക്കടുപ്പിച്ചിട്ടു വേണം മനസ്സിലെ നല്ല സിനിമകള്‍ മലയാളിക്കു നല്‍കുവാന്‍ എന്നതായിരുന്നു ജീവിതത്തിലെ പ്രധാന ലക്ഷ്യം. ആ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ച് മുഖ്യധാരാ സിനിമയിലേക്ക് കടന്നുവന്നപ്പോള്‍ സച്ചി കുറിച്ചിട്ട വാചകങ്ങള്‍ ഇങ്ങനെയാണ്, ‘കഥാന്ത്യത്തില്‍ കലങ്ങി തെളിയണം. നായകന്‍ വില്ലൊടിക്കണം. കണ്ണീര് നീങ്ങി കളിചിരിയിലായിരിക്കണം ശുഭം. കൈയ്യടി പുറകെ വരണം. എന്തിനാണ് ഹേ ഒരു ചോദ്യമോ ദുഃഖമോ ബാക്കി വയ്ക്കുന്നത്. തിരശ്ശീലയില്‍ നമുക്കീ കണ്‍കെട്ടും കാര്‍ണിവലും മതി.” അങ്ങനെ മലയാളികളുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന 12 സിനിമകള്‍, എല്ലാംതന്നെ ബോക്‌സോഫീസില്‍ വന്‍ഹിറ്റുകള്‍. അവസാന ചിത്രമായ അയ്യപ്പനും കോശിയും ആ സിനിമയുടെ വ്യത്യസ്ത കൊണ്ട് നമ്മുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.
എന്നും തിരശ്ശീലയ്ക്കു പിന്നിലും ക്യാമറക്കു പിന്നിലും നില്‍ക്കാന്‍ ഇഷ്ടപ്പെട്ട സച്ചിയെ സിനിമയുടെ വര്‍ണലോകത്തെ മാസ്മരികതകള്‍ ഒരിക്കലും സ്വാധീനിച്ചിരുന്നില്ല. അടുത്ത കാലത്തായി മരണം മുന്നില്‍ വന്ന് മാടി വിളിക്കുന്നതായി സച്ചിക്ക് ബോധ്യമായിരുന്നുവോ എന്നറിയില്ല. പക്ഷേ മരണത്തെക്കുറിച്ചുള്ള കുറിപ്പുകള്‍, എല്ലാ കണക്കുകളും പറഞ്ഞ് അവസാനിപ്പിക്കല്‍, ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കണമെന്ന ചട്ടം കെട്ടല്‍, പത്തു വര്‍ഷം ഒരുമിച്ച് താമസിച്ച ജീവിതസഖിയായ സിജിയെ ജൂണ്‍ മാസം രണ്ടാം തീയതി നിര്‍ബന്ധിച്ച് താലി ചാര്‍ത്തല്‍ അങ്ങനെയെല്ലാം. മുറ്റത്ത് മഴയത്ത് കുളിച്ചുകൊണ്ടിരുന്ന ആള്‍ പൊടുന്നനെ ഒരു പേപ്പറും പേനയുമെടുത്ത് കുട ചൂടി നിന്നെഴുതിയ നനഞ്ഞ പേപ്പറിലെ അവസാന വാക്കുകള്‍ ”ഈ മഴത്തുള്ളികളില്‍ എനിക്ക് കുളിരുന്നു. എന്നെ കൊണ്ടുപോകാന്‍ വരുന്ന വന്‍തിരകള്‍ എവിടെയൊ ഒതുങ്ങുന്നു.” ഇടുപ്പെല്ലിന്റെ രണ്ടാമത്തെ ശസ്ത്രക്രിയ…. ആറുമണിക്കൂറിനു ശേഷം ഹൃദയസ്തംഭനം….. ഒത്തിരി ചിന്തകള്‍ക്ക് തിരികൊളുത്തിയ ആ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചു…. മൂന്നു ദിവസം വെന്റിലേറ്ററില്‍… പിന്നെ വിടവാങ്ങല്‍…
കഴിഞ്ഞ 25 വര്‍ഷത്തെ ഞങ്ങളുടെ സൗഹൃദം ഒരു സുഹൃത്തിനപ്പുറത്തേക്ക്, ഒരു സഹോദരനെപ്പോലെ, ഒരുമിച്ച് പങ്കുവച്ച നിമിഷങ്ങള്‍, ചെയ്ത യാത്രകള്‍, പറഞ്ഞു തന്ന കഥകള്‍, ഭാവി ജീവിതത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍, മനസ്സില്‍ കുന്നുകൂട്ടി വച്ചിട്ടുള്ള ഒരുപിടി കഥകള്‍, ഒരു സിനിമക്ക് പാട്ടെഴുതണമെന്ന എന്റെ നിര്‍ബന്ധവും സമ്മതിച്ച്, അവന്റെ ആത്മകഥയ്ക്ക് അര്‍ത്ഥവിരാമമിട്ട് അരങ്ങൊഴിഞ്ഞ് പോയപ്പോള്‍ എന്റെ മനസ്സില്‍ അനുഭവപ്പെട്ട ശൂന്യതയ്ക്ക് അപ്പുറത്തേക്ക്, മലയാളിക്ക് കാണാന്‍ കഴിയാതെ പോയ ഒത്തിരി സിനിമകള്‍ ഉപേക്ഷിച്ചാണല്ലോ പോയത് എന്ന ദുഃഖം എന്നെ വല്ലാതെ അലട്ടുന്നു. പ്രിയ സഹോദരന് വിട.
(ലേഖകന്‍ ഭാരതീയ അഭിഭാഷക പരിഷത്ത്, ഇടുക്കി ജില്ല പ്രസിഡന്റാണ്.)