കേസരി 2020 ജൂണ്‍ 5, 12, 19 ലക്കങ്ങളില്‍ ആയി ‘വേണം കേരളത്തിന് ഒരു പുതിയ വികസന സംസ്‌കാരം’ എന്ന ജി.കെ.സുരേഷ്ബാബുവിന്റെ ലേഖനം ഏറെ ചിന്തോദ്ദീപകവും നിലവിലുള്ള കേരളത്തിന്റെ അവസ്ഥകളെ തുറന്നുകാട്ടുന്നതും ആയിരുന്നു. കേരളത്തിന്റെ തനതായ പരമ്പരാഗത വ്യവസായങ്ങളെ എങ്ങനെയാണ് കേരളം എക്കാലവും ഭരിച്ച, പ്രത്യേകിച്ച് ഇടത് സര്‍ക്കാര്‍ മുച്ചൂടും നശിപ്പിച്ചത് എന്ന് ലേഖകന്‍ വ്യക്തമാക്കുന്നു. മറ്റു പല രാജ്യങ്ങളും സംസ്ഥാനങ്ങളും നൂതനമായ ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളിലേക്കു കടന്നപ്പോള്‍ കേരളം അതിനോട് മുഖംതിരിഞ്ഞു നിന്നുകൊണ്ട് എങ്ങനെ ഇതിനെ ഇല്ലാതാക്കി എന്ന് ലേഖകന്‍ കൃത്യമായി വിവരിക്കുന്നു. കൂടാതെ ഇതിന്റെ മേന്മക്കു വേണ്ടി രൂപീകരിച്ച സഹകരണ സ്ഥാപനങ്ങള്‍ അമിതമായ രാഷ്ട്രീയ പ്രസരണത്തിന്റെയും സ്വജന പക്ഷപാതത്തിന്റെയും കൂത്തരങ്ങായി മാറി ഇതിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. കാര്‍ഷിക മേഖലയിലും ഇതുതന്നെ ആയിരുന്നു സ്ഥിതി. കേരളത്തിന്റെ സ്വന്തം വിളകള്‍ പോലും പ്രത്യേകിച്ച് നാളികേരം വരെ ഇന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. ഐ ടി മേഖല, വ്യവസായ മേഖല, നിര്‍മ്മാണ മേഖല, വിദ്യാഭ്യാസ മേഖല, ഇങ്ങനെ എല്ലാ മേഖലയിലും കേരളത്തിന്റെ തകര്‍ച്ച ലേഖകന്‍ വരച്ചുകാട്ടുന്നു. ഒരുകാലത്ത് കേരളത്തിന്റെ അഭിമാനമായി മാറിയ കെല്‍ട്രോണ്‍ എങ്ങനെ ഇന്നത്തെ സ്ഥിതിയില്‍ ആയി എന്നത് അതിശയത്തോടെയാണ് വായിച്ചത്. കേരളത്തില്‍ മാത്രം പൊതുമേഖലാ സ്ഥാപനങ്ങള്‍ രാഷ്ട്രീയ അതിപ്രസരം മൂലം നഷ്ടത്തില്‍ ആയതിന്റെ കാരണവും ലേഖകന്‍ അക്കമിട്ട് നിരത്തുന്നു. കേരളത്തിന്റെ കേന്ദ്രവുമായുള്ള രാഷ്ട്രീയ വിരോധം പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സം നില്‍ക്കുന്നു. രാഷ്ട്രീയത്തിനുപരിയായി സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കു അനുസരിച്ചു കാര്യങ്ങളെ കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. കേന്ദ്ര സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കേരള ജനതയ്ക്കു ഗുണകരമായ കാര്യങ്ങള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം എന്ന ഉപദേശത്തോടെയാണ് ലേഖനപരമ്പര അവസാനിക്കുന്നത്. എല്ലാറ്റിലും നമ്പര്‍ വണ്‍ എന്ന് വീമ്പിളക്കുന്ന കേരളത്തിന്റെ യഥാര്‍ത്ഥത്തിലുള്ള ചിത്രം പുറത്തുകൊണ്ടുവരാന്‍ ലേഖകന്‍ നടത്തിയ ശ്രമം അഭിനന്ദനീയം. കേസരിക്കും ലേഖകനും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.