അപ്പര്‍കുട്ടനാടിന്റെ സമഗ്രവികസനം ലക്ഷ്യം വച്ച് അപ്പര്‍ കുട്ടനാട് കാര്‍ഷികവികസന സമിതി സുരേഷ്ഗോപി എം.പി. മുഖേന കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച നാനൂറ്റി അറുപതു കോടി രൂപയുടെ പദ്ധതിയ്ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ അനുമതി നല്കി. ഇതിനുപുറമെ മാതൃക പദ്ധതി ചെയ്യുന്നതിനായി നൂറുകോടി രൂപയും അനുവദിക്കാമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ അറിയിപ്പ് സുരേഷ്ഗോപി എം.പിയ്ക്ക് ലഭിച്ചതായി അപ്പര്‍കുട്ടനാട് കാര്‍ഷിക വികസന സമിതി ചെയര്‍മാനും മുന്‍ ചെന്നിത്തല ഗ്രാമപഞ്ചായത്ത് അംഗവുമായ ഗോപന് ചെന്നിത്തല അറിയിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഇരുപത്തിയൊന്ന് ഗ്രാമപഞ്ചായത്തും നാലുമുന്സിപ്പാലിറ്റികളും ഉള്‍പ്പെടുന്ന പ്രദേശമാണ് പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുത്തിട്ടുള്ളത്. കേന്ദ്ര ഗവണ്മെന്റ് അനുവദിക്കുന്ന മുറയ്ക്ക് മാതൃക പദ്ധതി 18 വാര്‍ഡുകളുള്ള ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തില്‍ ആദ്യം നടപ്പിലാക്കും. സ്വപ്നപദ്ധതിയായ അപ്പര്‍കുട്ടനാടിന്റെ സമഗ്രവികസനത്തിന് അനുമതി നല്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറിനും പദ്ധതി കേന്ദ്ര ഗവണ്മെന്റിനു സമര്‍പ്പിച്ച സുരേഷ് ഗോപി എം.പിയ്ക്കും അപ്പര്‍കുട്ടനാട്ടിലെ ജനങ്ങളുടെ പേരില്‍ പ്രത്യേകം നന്ദി അറിയിക്കുന്നതായി സമിതി ചെയര്‍മാനും ചെന്നിത്തല സംയുക്ത പാടശേഖരസമിതി കണ്‍വീനറുമായ ഗോപന് ചെന്നിത്തല അറിയിച്ചു.