തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കര്‍ശന ചെലവു ചുരുക്കലിലേക്ക് കടന്നിരിക്കുകയാണല്ലോ, പക്ഷെ ഇന്ന് കേരളത്തിലെ തന്നെ അതി സമ്പന്നമായ ഒരു പ്രസ്ഥാനമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഹൈന്ദവ സമുദായത്തിനോ സംസ്‌കാരത്തിനോ ഈ പ്രസ്ഥാനം കൊണ്ട് പ്രത്യേകിച്ച് ഒരു ഉപകാരവും ഇല്ലെങ്കിലും. ലഭ്യമാവുന്ന ടെന്‍ഡറുകളൊക്കെ ഇതര മതസ്ഥര്‍ക്ക് മാത്രം നല്‍കി ബോര്‍ഡ് സ്ഥിരമായി മത സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാറുണ്ട്.
രണ്ട് മാസം ഭക്തരുടെ വഴിപാട് മുടങ്ങിയതോടെ അന്നം മുടങ്ങിയത് പാവം ശാന്തിക്കാരുടേത് മാത്രമാണ്, പകരം വ്യവസ്ഥ ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ വെട്ടിച്ചുരുക്കിയും, ലീവ് സറണ്ടര്‍ റദ്ദാക്കിയും, ക്ഷേത്ര അറ്റകുറ്റപ്പണികള്‍ പോലും ഉപേക്ഷിച്ചും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രാരാബ്ധ കണക്കുകള്‍ നിരത്തുമ്പോഴും, യാഥാര്‍ത്ഥ്യം ഈ കണക്കുകളില്‍ നിന്നെല്ലാം ഏറെ അകലെയാണ്. ചോക്ക് മലയിലിരുന്ന് ചോക്ക് അന്വേഷിക്കുന്ന ചെറുപ്പക്കാരനെപ്പോലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.
1450 കോടിയോളം രൂപ സ്ഥിര നിക്ഷേപമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉണ്ട്. ഇതിലെ 99 ശതമാനവും ഒരു സ്വകാര്യ ബാങ്കില്‍ തന്നെയാണ് എന്നതാണ് എറെ രസാവഹം.
ഈ തുകയില്‍ നിന്ന് ഒരു രൂപ പോലും ഹിന്ദു സംസ്‌കാരത്തിനോ, ഹൈന്ദവരുടെ ഉന്നമനത്തിനോ ആയി ചിലവിടുന്നില്ല എന്നതാണ് ഏറെ ദുഃഖകരമായ വസ്തുത. ഈ പണം മുഴുവനായും നിക്ഷേപിച്ചിച്ചുള്ളത് ഒരു സ്വകാര്യ ബാങ്കിന്റെ ആസ്തിമൂലധനമായിട്ടാണ്. ഒരിക്കലും തിരിച്ചു ചോദിക്കില്ലെന്ന് ഉറപ്പുള്ള ഈ നിക്ഷേപത്തിന്റെ ഒരേ ഒരു ഗുണഭോക്താവും ഈ ബാങ്ക് മാത്രമാണ്. കേവലം 6 ശതമാനം പലിശയ്ക്ക് നിക്ഷേപിച്ചിട്ടുള്ള ഈ തുകയുടെ ഉറപ്പിന്‍മേല്‍ ഇതേ ബാങ്കില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 90 കോടി രൂപ 9 ശതമാനം പലിശയ്ക്ക് കടം വാങ്ങിയ വിചിത്ര സംഭവവും ഈ കഴിഞ്ഞ മാസം ഉണ്ടായി. 1500 കോടി നിക്ഷേപമുള്ള ആള്‍ അതേ ബാങ്കില്‍ നിന്ന് 90 കോടി കൊള്ളപ്പലിശയ്ക്ക് കടം വാങ്ങിയത് എന്തിന് എന്ന് ചോദിക്കരുത്, ഇവിടെ ഇങ്ങനെ ഒക്കെയാണ്.
ക്ഷേത്ര ജീവനക്കാരും ക്ഷേത്രം കൊണ്ട് ജീവിക്കുന്നവരും
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ രണ്ട് തരം ജീവനക്കാരുണ്ട്, എസ്റ്റാബ്ലിഷ്‌മെന്റ് എന്നറിയപ്പെടുന്ന അഭിജാത വര്‍ഗ്ഗവും, ക്ഷേത്ര ജീവനക്കാര്‍ എന്ന രണ്ടാംകിടവര്‍ഗ്ഗവും. യഥാര്‍ത്ഥത്തില്‍ ജോലിചെയ്യുന്ന, ക്ഷേത്ര ജീവനക്കാരുടെ ശമ്പളവും സേവന വേതന വ്യവസ്ഥകളും എല്ലാം വ്യത്യസ്തമാണ്. അതി ഭീകരമായ അന്തരമാണ് ഇരുവിഭാഗം ജീവനക്കാര്‍ക്കുമിടയിലുള്ളത്. ക്ഷേത്ര പൂജാരിക്ക് 10000 രൂപയാണ് ശമ്പളമെങ്കില്‍ അതേ ക്ഷേത്രത്തിലെ ക്ലാര്‍ക്കിന് 40000 രൂപയാണ് ശമ്പളം. ക്ലാര്‍ക്കായി പ്രവേശിക്കുന്ന ഉദ്യോഗസ്ഥനാണ് പിന്നീട് ഉയര്‍ന്നുയര്‍ന്ന് സെക്രട്ടറി വരെ ആവുന്നത്. പൂജാരിയ്ക്ക് പരാമാവധി പ്രമോഷന്‍ കിട്ടി ഇതേ ഓഫീസിലെ പ്യൂണ്‍ തസ്തികയിലേക്ക് എത്താം. പൂജാരിയെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാനായാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരിഗണിക്കുന്നത്.
ക്ഷേത്രത്തിന് അകത്ത് കാവല്‍ നില്‍ക്കുന്ന വാച്ചറും, പാറാവും ലാസ്റ്റ് ഗ്രേഡ് ടെമ്പിള്‍ എംപ്ലോയിസ് എന്ന വിഭാഗം ആണെങ്കില്‍ പുറത്ത് കാവല്‍ നില്‍ക്കുന്ന ആള്‍ ഗാര്‍ഡും എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗവും ഉയര്‍ന്ന ശമ്പളത്തിന് ഉടമയാണ്. ഒരു മതിലിനപ്പുറവും ഇപ്പുറവും ഒരേ ജോലി ചെയ്യുന്നവര്‍ തമ്മിലുള്ള ശമ്പള വ്യത്യാസം ഏതാണ്ട് 30,000 ത്തിലധികം രൂപയാണ്. ജീവനക്കാരന് ക്ഷേത്രവുമായുള്ള ദൂരം കൂടുന്നതിന്റെ നേരനുപാതത്തില്‍ അയാളുടെ ശമ്പളവും വര്‍ദ്ധിച്ചു കൊണ്ടേ ഇരിക്കും. പക്ഷെ സാലറി കട്ടിംഗ് വന്നപ്പോള്‍ മാത്രം ഇരുവിഭാഗത്തില്‍ നിന്നും തുല്യമായി തുക പിടിക്കാന്‍ ബോര്‍ഡ് പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിക്ഷേപങ്ങള്‍
നേരത്തെ പറഞ്ഞ 1500 കോടി പോരാഞ്ഞിട്ട് ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടില്‍ നിന്ന് കടമെടുത്ത് 150 കോടിയുടെ അസ്ഥിര ബോണ്ട് വാങ്ങല്‍ മാമാങ്കവും കഴിഞ്ഞ വര്‍ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വകയായി ഉണ്ടായിരുന്നു. പ്രവര്‍ത്തന മൂലധനം കുറഞ്ഞ് നേരത്തെ പറഞ്ഞ സ്വകാര്യ ബാങ്ക് പാപ്പരായി തുടങ്ങിയപ്പോഴായിരുന്നു, വീണ്ടും 150 കോടി കൂടി ബോര്‍ഡ് നിക്ഷേപിച്ചത്. തിരികെ കിട്ടാന്‍ ഏറ്റവും സാധ്യത കുറഞ്ഞ, തിരികെ കൊടുക്കണമെന്ന് ബാങ്കിന് ബാധ്യത ഇല്ലാത്ത ടയര്‍ 2 അണ്‍ സെക്യൂയേഡ് ബോണ്ടിലായിരുന്നു ആ നിക്ഷേപം, ഇത് കൂടാതെയുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിക്ഷേപങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
163 കോടി രൂപ ദീര്‍ഘ കാല നിക്ഷേപമാണെങ്കില്‍ ഹ്രസ്വ കാല നിക്ഷേപമായി വേറെയും, മറ്റൊരു 185 കോടി രൂപയുടെ നിക്ഷേപവും, ടയര്‍ 2 ബോണ്ട് നിക്ഷേപത്തില്‍ 150 കോടിയും സബ് ഗ്രൂപ്പുകളുടെ വകയായി 102 കോടിയുടെ നിക്ഷേപവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുണ്ട്. ആകെ 1450 കോടിയുടെ നിക്ഷേപമാണ് ഒരു സ്വകാര്യ ബാങ്കിലുള്ളത്. എന്തുകൊണ്ടാണ് ഈ തുകയത്രയും ഒരു സ്വകാര്യ ബാങ്കില്‍ മാത്രം നിക്ഷേപിക്കാനുള്ള തീരുമാനമെന്നത് വിചിത്രമാണ്. യെസ് ബാങ്കിന് സംഭവിച്ചത് പോലെ ഒരു തകര്‍ച്ചയുണ്ടായാല്‍ തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് അക്ഷരാര്‍ത്ഥത്തില്‍ പാപ്പരാകും. രവി പിള്ളയും യൂസഫലി മുതലാളിയും മുഖ്യമായി ഓഹരി കൈകാര്യം ചെയ്യുന്ന ഈ ബാങ്ക് അത്ര വേഗം തളരില്ലെന്ന് ഉറപ്പാണെങ്കിലും ഹൈന്ദവ സംസ്‌കാര സംരക്ഷണത്തിന് ഉപയോഗിക്കേണ്ടുന്ന തുക വെറുതെ കെട്ടിക്കിടക്കുകയാണ്. ഈ അതിഭീമമായ സമ്പത്തിലൊരു ഭാഗം വിനിയോഗിച്ചാല്‍ തന്നെ പട്ടിണിയിലായ പാവപ്പെട്ട ക്ഷേത്രജീവനക്കാര്‍ക്ക് അനായാസേന ശമ്പളം നല്‍കുന്നതിനും, ജീര്‍ണ്ണാവസ്ഥയിലുള്ള മറ്റ് ക്ഷേത്രങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനും സാധിക്കും.
(ബിജെപി സംസ്ഥാന സമിതി അംഗമാണ് ലേഖകന്‍)