ഭാരതീയ ശാസ്ത്ര പാരമ്പര്യത്തെയും ശാസ്ത്രരംഗത്തെ ആധുനിക പ്രവണതകളെയും വിശകലനം ചെയ്യുന്ന ‘ശാസ്ത്രായനം’ എന്ന പുതിയ പംക്തി ആരംഭിക്കുന്നു.
തിരുവാതിര ഞാറ്റുവേല നിറഞ്ഞു പെയ്യാന്‍ തുടങ്ങുകയാണല്ലോ. അപ്പോഴാണ് കഴിഞ്ഞ ദിവസമൊരു സുഹൃത്ത് വിളിച്ചത്. എന്താടാ ശരിക്കുമീ ഞാറ്റുവേല. അവനു മകന്‍ കൊടുത്ത പണിയാണ്. സ്‌കൂളില്‍ പ്രോജക്റ്റിനു കൊടുത്ത വിഷയമാണ്. പണ്ടത്തെ എന്റെ ജ്യോതിശാസ്ത്ര ഭ്രാന്ത് നന്നായറിയാവുന്ന അവന്‍ ആ പണി എനിക്ക് കൈമാറി.
ഭൂതകാലത്തിന്റെ ചാരക്കൂനകളിലേക്ക് പെട്ടെന്നൊരു തിരുവാതിര ഞാറ്റുവേല പെയ്തിറങ്ങി.
ഇനി കാര്യത്തിലേക്ക്. എന്താണ് ഞാറ്റുവേല. ഞായറിന്റെ വേല എന്നത് ലോപിച്ചാണ് ഞാറ്റുവേലയായത്. ഞായര്‍ എന്നാല്‍ സൂര്യന്‍. സണ്‍ ഡെ എന്നല്ലേ ഇംഗ്ലീഷില്‍ പറയുക. എന്ന് വെച്ചാല്‍ സൂര്യചലനങ്ങളെ ആധാരമാക്കിയുള്ള ഒരു ജ്യോതിശാസ്ത്ര അനുഭവമാണ് ഞാറ്റുവേല.
നമുക്കറിയാം, ഭൗമ ചലനങ്ങള്‍ രണ്ട് തരത്തിലാണ്. ഭൂമിയുടെ സ്വയം ഭ്രമണവും, സൂര്യനെ ചുറ്റിയുള്ള ഭ്രമണവും. ഈ രണ്ടു ചലനങ്ങളിലും നമുക്ക് ആപേക്ഷികമായി അനുഭവപ്പെടുക സൂര്യന്‍ ഭൂമിയെ ചുറ്റുന്നതായാണ്. സ്വയം ഭ്രമണത്തില്‍ ദിനരാത്രങ്ങളായി നമുക്കത് നേരിട്ടനുഭവപ്പെടുന്നു.
ഒരു വര്‍ഷം, അല്ലങ്കില്‍ 365 ദിവസമെടുത്ത് ഭൂമി സൂര്യനെ ചുറ്റുമ്പോഴും ഇതേപോലെ സൂര്യന്‍ ഭൂമിയെ ചുറ്റുന്ന ഒരു അനുഭവം ഉണ്ടാകുന്നുണ്ട്. അതൊരു സാങ്കല്‍പിക ഭ്രമണപഥത്തിലൂടെയാണ്. ആ ഭ്രമണപഥത്തെ പന്ത്രണ്ടായി വിഭജിച്ചിരിക്കുന്നു. അതാണു രാശികള്‍. ഒരോ രാശിക്കും ഓരോ പേര്‍.
ചിങ്ങം മുതല്‍ കര്‍ക്കിടകം വരെ. ഒരു വര്‍ഷംകൊണ്ട് സൂര്യന്‍ ഈ പന്ത്രണ്ട് രാശികളില്‍ കൂടി കടന്നു പോകും. സൂര്യന്‍ ചിങ്ങത്തിലൂടെ കടന്നുപോകുന്നത് ചിങ്ങമാസം. കന്നിയിലൂടെ കടന്നുപോകുമ്പോള്‍ കന്നിമാസം. അങ്ങിനെ മേടം മുതല്‍ മീനം വരെ പന്ത്രണ്ട് മാസങ്ങള്‍.
അശ്വതി മുതല്‍ രേവതി വരെ ഇരുപത്തേഴു നക്ഷത്രങ്ങള്‍ ഉണ്ടെന്നറിയാമല്ലോ. അത് മറ്റൊന്നുമല്ല. മേല്‍പ്പറഞ്ഞ രാശികളുടെ വിഭജനമാണത്. കൂടാതെ ചന്ദ്രന്റെ ഭ്രമണപാതയിലാണ് ഇവ. ഉദാഹരണത്തിന് അശ്വതി നക്ഷത്രം ആയ ദിവസം ചന്ദ്രന്‍ നില്‍ക്കുന്നത് അശ്വതി നക്ഷത്ര സമൂഹത്തില്‍ ആയിരിക്കും. ഇത് ആകാശത്ത് കൃത്യമായിത്തന്നെ കാണാനും കഴിയും. ഇരുപത്തേഴിനെ പന്ത്രണ്ട് കൊണ്ട് ഹരിക്കുമ്പോള്‍, ഒരു രാശിയില്‍ രണ്ടേകാല്‍ നക്ഷത്രങ്ങളാണ് ഉണ്ടാവുക. അശ്വതി, ഭരണി, കാര്‍ത്തികയുടെ കാല്‍ ഭാഗം എന്നത് മേടം രാശിയിലാണ്. കാര്‍ത്തികയുടെ ബാക്കി മുക്കാല്‍, രോഹിണി, മകയിരത്തിന്റെ പകുതി ഇടവത്തില്‍. അങ്ങിനെ മീനത്തിലെത്തുമ്പോള്‍ പൂരുരുട്ടാതി കാല്‍, ഉതൃട്ടാതി, രേവതിയില്‍ അവസാനിക്കും.
സൂര്യന്‍ രാശികളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ ഈ നക്ഷത്രങ്ങളിലൂടെയും കടന്നുപോകുമല്ലോ. അങ്ങിനെ മിഥുനം രാശിയിലുള്ള തിരുവാതിര ഭാഗത്തുകൂടി കടന്നുപോകുന്ന സമയമാണ് തിരുവാതിര ഞാറ്റുവേല. ഏകദേശം പതിമൂന്നൂ ദിവസമാണ് സൂര്യന്റെ ഒരു നക്ഷത്രത്തിലെ സഞ്ചാരം.
സത്യത്തില്‍ അശ്വതി മുതല്‍ രേവതി വരെ ഇരുപത്തേഴു ഞാറ്റുവേലയുണ്ട്. എന്നാലും ഞാറ്റുവേല എന്ന സാമാന്യ അര്‍ത്ഥത്തില്‍ അറിയപ്പെടുന്നത് തിരുവാതിര ഞാറ്റുവേലയാണ്. എല്ലാ മലയാളമാസവും തിരുവോണം നക്ഷത്രമുണ്ടല്ലോ, എങ്കിലും ഓണം എന്നാല്‍ നമുക്ക് ചിങ്ങമാസത്തിലെ തിരുവോണമല്ലേ. അതുപോലെ തന്നെ. കാലവര്‍ഷക്കാലത്തെ ഈ സമയത്ത് ഒച്ചയും വിളിയുമൊന്നുമില്ലാതെ മഴ ഇടമുറിയാതെ പതിഞ്ഞു പെയ്യും. മണ്ണിനെ നോവിക്കതെ ഒരു സ്‌നേഹസ്പര്‍ശമായി പെയ്യുന്ന മഴനൂലുകള്‍ പ്രകൃതിയുടെ രേതസ്സാണ്. ഈ മഴയാണ് നൂറുമേനികളായി വിളഞ്ഞു പൊന്തി പൊന്നോണത്തെ ആഘോഷമയമാക്കുന്നത്. അതുകൊണ്ട് തന്നെ തിരുവാതിര ഞാറ്റുവേല നമ്മുടെ കാര്‍ഷികസംസ്‌കൃതിയുടെ നട്ടെല്ലും ആത്മാവുമാണ്.
ആധുനിക ടെലസ്‌കോപ്പുകളോ നിരീക്ഷോപാധികളോ ഒന്നുമില്ലാത്ത ചരിത്രത്തിന്റെ ഏതോ അജ്ഞാത ഭൂമികയില്‍, തപസ്സുകൊണ്ടും മനനം കൊണ്ടും മഹാഋഷികള്‍ അകക്കണ്ണുകൊണ്ട് കണ്ടെത്തിയ മഹാനിധികളില്‍ ഒന്നാണിതും. വിശദീകരണമില്ലാത്ത മഹാത്ഭുതങ്ങളിലൊന്ന്. സൂര്യ-ചന്ദ്ര ഗ്രഹണങ്ങള്‍, ഋതുക്കളുടെ ചലനങ്ങള്‍ എല്ലാം അതീവ കൃത്യതയോടെ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. അത് മറ്റൊരു കുറിപ്പില്‍ വിശദമാക്കാം. ഇതെല്ലാം എന്നും നമ്മുടെ മുന്‍പില്‍ ഉണ്ടായിട്ടും ജ്യോതിശാസ്ത്രത്തിന്റെ പിതൃത്വം നാം കല്പിച്ചു കൊടുത്തിരിക്കുന്നത് കോപ്പര്‍നിക്കസിനും ഗലീലിയോയ്ക്കുമൊക്കെ. വിജ്ഞാനത്തിന്റെ പേറ്റന്റ് ഈശ്വരന് മാത്രമാണ് എന്ന ഉദാത്ത ചിന്തയുടെ ഒരു കലികാലദുരന്തം.
തണുത്തുവിറയ്ക്കുന്ന ഒരു പ്രഭാതത്തിന്റെ ആലസ്യം, മുറ്റത്ത് പതിഞ്ഞു പെയ്യുന്ന കാലവര്‍ഷത്താളം, മഴനൂലുകളിലൂടെ, ഒരു ഗതകാല പ്രണയം പാലെ ഇറങ്ങിവരുന്ന ഞാറ്റുവേലക്കുളിര്‍.