ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന പരശുരാമ കേരളം ഇന്ന് സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക മൂല്യങ്ങളെ തകര്‍ക്കുന്ന അസുരന്മാരുടെ ആവാസഭൂമിയായി മാറിയിരിക്കുന്നു. സംസ്ഥാനം കൊറോണാ ഭീതിയില്‍ കടുത്ത വിലക്കുകള്‍ക്ക് കീഴില്‍ നിലകൊള്ളുമ്പോഴും സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കുകയാണ്. പ്രജാക്ഷേമതാത്പര്യമല്ല, മറിച്ച് വന്‍ലാഭക്കച്ചവടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദേശത്തുനിന്നും, അയല്‍സംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് എത്തിയ ആയിരങ്ങള്‍ ക്വാറന്റയിനില്‍ തുടരുന്നു. ഓരോ ദിവസവും, ശരാശരി 80-100 കേസുകള്‍ വീതം പോസിറ്റീവാകുന്നു. ലക്ഷക്കണക്കിന് പ്രവാസികളാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്കെത്താന്‍ അനുമതിക്കായി കാത്തിരിക്കുന്നത്. ബംഗാള്‍, മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, ഒറീസാ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി ജോലിചെയ്ത് ഉപജീവനം നടത്തുന്ന അതിഥി തൊഴിലാളികളും അവസരത്തിനും അനുമതിക്കായും കാത്തിരിക്കുന്നു. സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഉദ്യോഗസ്ഥരും സമൂഹ വ്യാപന ഭീഷണി തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് സമൂഹ വ്യാപനം ആകും ഫലമെന്ന് പുതിയ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും വെളിപ്പെടുത്തുന്നു. കേരളം മറ്റ് സംസ്ഥാനങ്ങളെ പോലെയാകാന്‍ പാടില്ലെന്നും അദ്ദേഹം പറയുന്നു. മുഖ്യമന്ത്രിയും മെഡിക്കല്‍ സംഘവും, ചീഫ് സെക്രട്ടറിയും പുറത്തുവിട്ട ആശങ്കകളെ സാധൂകരിക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നത്.
കോവിഡിനൊപ്പം ജീവിക്കുക എന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും അതീവ ജാഗ്രതയോടെ കഴിയുമ്പോഴാണ് സര്‍ക്കാര്‍ തന്നെ സാമൂഹ്യ വ്യാപന സാഹചര്യങ്ങള്‍ തുറന്നിട്ടുകൊണ്ട് വെല്ലുവിളി ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് മദ്യശാലകള്‍ തുറന്നിടാനും, മദ്യവില്പന തുടരാനും തീരുമാനിച്ചിട്ടുള്ളത് എന്നതാണ് വിരോധാഭാസം. കോവിഡ് രോഗനിയന്ത്രണത്തിന്റെ തുടക്കത്തില്‍ മദ്യം ലഭ്യമായില്ലെങ്കില്‍ കേരളത്തില്‍ ദുരന്തമുണ്ടാകുമെന്ന് പ്രഖ്യാപിച്ചത് മദ്യവകുപ്പ് മന്ത്രിയാണ്. മദ്യം ലഭിക്കാത്തതിന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപകദുരന്തം ഉണ്ടായില്ല. മദ്യവില്പന തുടങ്ങിയതിന് പിന്നാലെ സംസ്ഥാനത്ത് മദ്യപന്‍മാരുടെ കൈകളാല്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഒരിടത്ത് സ്വന്തം അമ്മയെ മദ്യലഹരിയില്‍ കൊല നടത്തിയത് മകനാണെങ്കില്‍ മറ്റൊരിടത്ത് മകന്‍ കൊലപ്പെടുത്തിയത് അച്ഛനെയാണ്. സുഹൃത്തുക്കള്‍ തമ്മില്‍ മദ്യപിച്ച് ലക്കുകെട്ട് കൊലപാതകം നടത്തിയ സംഭവം വേറെയും.
ആഭ്യന്തരവകുപ്പിന്റെ നിഷ്‌ക്രിയത്വം കുറ്റവാളികള്‍ക്ക് ബലമേകുന്നതാണ്. കോവിഡ് ഡ്യൂട്ടിക്ക് വേണ്ടി ആയി രക്കണക്കിന് പോലീസുകാരെ നിയോഗിച്ചതിലൂടെ സാധാരണ സ്റ്റേഷന്‍ ജോലികളും പട്രോളിങ്ങും താളം തെറ്റിയിരിക്കുന്നു. ഇതിനെ ഉപയോഗപ്പെടുത്തി കുറ്റവാളികള്‍ അഴിഞ്ഞാടുന്നു. മാത്രമല്ല മദ്യവും മയക്കുമരുന്നും വ്യാജ വാറ്റ് ചാരായ വില്‍പ്പനയും കേരളത്തില്‍ നിര്‍ബാധം നടക്കുന്നു. ഇതും കുറ്റകൃത്യം പെരുകാന്‍ കാരണമായിട്ടുണ്ട്.
മദ്യപാനവും മദ്യാസക്തിയും ഒരു വ്യക്തിയുടെ ആരോഗ്യ പ്രശ്‌നം മാത്രമല്ല, ഒരു കൂട്ടം സാമൂഹ്യപ്രശ്‌നത്തിലേക്കുള്ള അതിവേഗപാതകൂടിയാണ്. മദ്യത്തിന്റെ ഉത്പാദനവും വിതരണവും ലഭ്യതയും വന്‍തോതില്‍ വര്‍ദ്ധിക്കുകയും മദ്യപാനത്തോടുള്ള സമൂഹ മനോഭാവം മാറുകയും ചെയ്തതോടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ ആരോഗ്യപ്രശ്‌നമായി മദ്യാനുബന്ധ പ്രശ്‌നങ്ങള്‍ ഇന്ന് വളര്‍ന്നുകഴിഞ്ഞു. വലിയ ഒരു വരുമാനമാണ് മദ്യവില്പനയ്ക്ക് അനുമതി നല്‍കിയതിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ജനോപകാര പദ്ധതികള്‍ക്കായി ആപ്പ് ഉണ്ടാക്കാത്ത സര്‍ക്കാര്‍ മദ്യവില്‍പ്പനയ്ക്കായി Bev Qഎന്ന പേരില്‍ പ്രത്യേക ആപ്പ് ഉണ്ടാക്കി മദ്യത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വരുമാനം ലക്ഷ്യമിട്ട് മദ്യശാല തുറന്നതിലൂടെ യഥാര്‍ത്ഥത്തില്‍ കൊറോണയെക്കാള്‍ വലിയ ദീര്‍ഘകാലദുരന്തത്തിലേക്കാണ് ഈ സമൂഹത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. കൊറോണാ എന്ന മഹാമാരി ലോകരാജ്യങ്ങളില്‍ എവിടെയെങ്കിലും പ്രതിരോധമരുന്ന് കണ്ടെത്തിയാല്‍ പരിഹാരം ഉണ്ടാകുന്നതാണ്. സമാന മനസ്സുകളേയും ചിന്തകളേയും പ്രവൃത്തികളേയും ആഴത്തില്‍ ഗ്രസിക്കുന്ന മദ്യപാനാസക്തി എന്ന രോഗത്തിന് മരുന്ന് കൊണ്ട് പരിഹാരം കണ്ടെത്താന്‍ കഴിയുന്നതല്ല. കടക്കെണി, കുറ്റകൃത്യങ്ങള്‍, വിവാഹമോചനം, ഗാര്‍ഹികാതിക്രമം, വാഹനാപകടങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍, തൊഴില്‍ പ്രശ്‌നങ്ങള്‍, ആത്മഹത്യ, കുട്ടികളിലെ പെരുമാറ്റദൂഷ്യങ്ങള്‍, സ്വഭാവവൈകല്യങ്ങള്‍, കുടുംബശൈഥില്യം തുടങ്ങിയ കാര്യങ്ങളെല്ലാം മദ്യ ഉപയോഗത്തിന്റെ സംഭാവനകളും, സാമൂഹ്യ തകര്‍ച്ചയിലേക്ക് വഴിതെളിക്കുന്നതുമാണ്. മദ്യം ഉണ്ടാക്കരുത്, കുടിക്കരുത് എന്ന് പ്രഖ്യാപിച്ച ശ്രീനാരായണ ഗുരുദേവന്റെ നാട്ടില്‍ സാമൂഹ്യപരിഷ്‌കരണങ്ങളിലൂടെയും, സാമൂഹ്യബോധവത്ക്കരണത്തിലൂടെയും സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ നേടിയ നേട്ടങ്ങളെ പിന്നോട്ടടിപ്പിക്കുകയാണ് മലയാളിയുടെ മദ്യ ഉപയോഗം.
മദ്യവ്യവസായികളും രാഷ്ട്രീയ നേതൃത്വവും തമ്മില്‍ ഇഴപിരിയാനാവാത്ത ബന്ധമാണ് സ്വാതന്ത്ര്യാനന്തര ഭാരതത്തിലും കേരളത്തിലും രൂപം കൊണ്ടത്. മദ്യവ്യവസായികള്‍ ജനപ്രതിനിധികളായും ഭരണാധികാരികളായും മാറി. ആധുനിക സമൂഹത്തില്‍ പരിഷ്‌കാരത്തിന്റെയും അന്തസ്സിന്റെയും ആഡംബരത്തിന്റെയും ലക്ഷണമായി മദ്യം മാറിയിരിക്കുകയാണ്.
മദ്യ ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളം കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ 7-ാം സ്ഥാനത്തായി. രാജ്യത്തെ കൊലപാതകങ്ങളില്‍ 84% ഉം കൈയ്യേറ്റങ്ങളില്‍ 70% ഉം മോഷണങ്ങളില്‍ 65% ഉം ബലാല്‍സംഗങ്ങളില്‍ 65% വും മദ്യപാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. മദ്യപാനം മൂലമുള്ള കുറ്റകൃത്യങ്ങളുടെ ഇന്ത്യന്‍ ശരാശി 176.6 മാത്രമാകുമ്പോള്‍ കേരളത്തില്‍ 306.5 ആയി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇത്തരം ക്രൂരവും മനുഷ്യത്വരഹിതവുമായ പീഡനങ്ങള്‍ക്കും, അതിക്രമങ്ങള്‍ക്കും മൂലഹേതു മദ്യപാനാസക്തിയും ഉപഭോഗവുമാണ്.
സംസ്ഥാനത്ത് 598 ബാറുകളും 357 ബിയര്‍ പാര്‍ലറുകളും 301 മദ്യശാലകളില്‍ 265 ഉം കേരള ബീവറേജസ് കോര്‍പ്പറേഷന്റേതാണ്. 36 സ്ഥാപനങ്ങള്‍ കണ്‍സ്യൂമര്‍ ഫെഡിന് സ്വന്തമാണ്. 50,000 ഷാപ്പുകള്‍, 20,000 ത്തിലധികം വ്യാജമദ്യനിര്‍മ്മാണ കേന്ദ്രങ്ങള്‍ ഇവയിലൂടെ മദ്യവും, വ്യാജ മദ്യവും ഒഴുക്കുവാന്‍ ഉദ്യോഗസ്ഥ സമൂഹം എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നു. ഈ ലോക് ഡൗണ്‍ കാലയളവില്‍ത്തന്നെ 8 പുതിയ ബാറുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. മദ്യപന്‍മാരുടെ എണ്ണം 30 വര്‍ഷം മുന്‍പിലത്തെ കണക്ക് 300 ല്‍ 1 ആയിരുന്നെങ്കിലും, ഇന്നത് 300 ല്‍ 30 എന്ന നിലയിലേക്ക് ഉയര്‍ന്നു. 1990 ന് മുന്‍പ് മദ്യപന്മാരുടെ മദ്യ ഉപയോഗ ആരംഭ വയസ്സ് 19 ആയിരുന്നെങ്കില്‍ ഇന്നത് 13 വയസ്സായി മാറി. കേരളത്തില്‍ 10% സ്ത്രീകള്‍ മദ്യം ഉപയോഗിക്കുന്നു. കോളേജ് വിദ്യാര്‍ത്ഥിനികള്‍, ഐ.ടി മേഖലയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പോലും മദ്യപാനം ശീലമാക്കിയിരിക്കുന്നു. ബിയര്‍ പാര്‍ലറുകളിലും ഹബ്ബുകളിലും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മദ്യപിക്കാന്‍ എത്തുന്നത് നഗരങ്ങളില്‍ നിത്യകാഴ്ചകളാകുന്നു. ക്രിസ്തുമസിന് 70 കോടി, പുതുവര്‍ഷം 100 കോടി, ഓണം 250 കോടി എന്നീ കണക്കുകളിലാണ് വില്പനനിരക്ക്. ആധുനിക ഭാഷയില്‍ പറഞ്ഞാല്‍ ആഘോഷങ്ങള്‍ അടിച്ചുപൊളിക്കുകയാണ് കേരള ജനത. വാര്‍ഷിക വില്പനയില്‍ ഒന്നാം സ്ഥാനം ചാലക്കുടിയും രണ്ടാം സ്ഥാനം ബദിയടുക്കയും സ്വന്തമാക്കുമ്പോള്‍ ദിവസേന 5.7 ലക്ഷം രൂപയാണ് ഓരോ ബിവറേജസ് ഔട്ട്‌ലെറ്റിന്റെയും വിറ്റുവരവ്. സര്‍ക്കാരിന് റവന്യൂവില്‍ ലഭിക്കുന്ന വലിയ വരുമാനം മദ്യശാലയില്‍നിന്നാണ്. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ 30 ലക്ഷവും ബിവറേജസ് ഔട്ട്‌ലെറ്റിന് 4 ലക്ഷവും പൊതുമേഖലാ സ്ഥാപനമാണെങ്കിലും അടയ്ക്കണമെന്നതാണ് വ്യവസ്ഥ. 2018-19 വാര്‍ഷിക ടേണ്‍ ഓവര്‍ 14508 കോടി രൂപയാണ്. സംസ്ഥാന എക്‌സൈസിന് ഇതിലൂടെ 2521 കോടി രൂപ നികുതിയായി ലഭിക്കുന്നു. 2009-2010 ല്‍ 4989 കോടി വില്‍പ്പനയും 2010 ക്ലോസിംഗില്‍ 5538 കോടിയും വാര്‍ഷിക ടേണ്‍ ഓവര്‍ രേഖപ്പെടുത്തിയ സ്ഥാനത്താണ് 2018-19 ല്‍ വലിയ വര്‍ദ്ധനവില്‍ എത്തിയത്. ഇതേ രീതിയില്‍ വരുമാന വര്‍ദ്ധനവും, പുതുക്കല്‍ നികുതികളും, സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിക്ക് ലഭിക്കുന്ന ഫണ്ടിനെ സമ്പുഷ്ടമാക്കുന്നതും മദ്യശാലകളിലൂടെ ആണ് എന്നതാണ് സര്‍ക്കാരിനെ കേരളജനതയുടെ വികാരത്തിനും, ആശങ്കകള്‍ക്കും വിരുദ്ധമായി ഇത്തരം തീരുമാനം കൈക്കൊള്ളുന്നതിന് പ്രേരിപ്പിക്കുന്നത്.
മദ്യമില്ലാതെ മലയാളിക്ക് ആഘോഷമില്ല. കല്ല്യാണതലേന്നുകളും ഗൃഹപ്രവേശചടങ്ങുകളും എന്തിനധികം ബന്ദും, ഹര്‍ത്താലുകളും പൊതുസമ്മേളനങ്ങളും വരെ മദ്യപാനത്തിന്റെ ആഘോഷവേളകളാകുന്നു. സംസ്ഥാനത്ത് ഏറ്റവും അച്ചടക്കമുള്ള ക്യൂ ബിവറേജസിന് മുന്നിലാണ് എന്നതാണ് അനുഭവസ്ഥരുടെ സാക്ഷ്യം. മലയാളികളില്‍ എല്ലാ ദിവസവും മദ്യപിക്കുന്നവര്‍ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്. മദ്യപന്‍മാര്‍ അമ്മയെന്നോ, മുത്തശ്ശിയെന്നോ, പെങ്ങളെന്നോ, പിഞ്ചുകുഞ്ഞുങ്ങളെന്നോ വ്യത്യാസമില്ലാതെ അതിക്രമത്തിനിരയാക്കുന്നു.
കേരളത്തിലെ മദ്യപാനികളില്‍ കൂടുതലും 37 വയസ്സില്‍ താഴെയുള്ളവര്‍ ആണെന്ന് ദേശീയ കുടുംബ ആരോഗ്യ സര്‍വ്വെ ചൂണ്ടിക്കാണിക്കുന്നു. 15 വയസ്സിനും 45 വയസ്സിനും ഇടയില്‍ ഉള്ളവരാണ് 45% മദ്യപന്‍മാരും എന്നതാണ് സ്ഥിതി വിവരകണക്ക്. മദ്യപാന ഉപയോഗത്തിന്റെ ദുരന്തഫലം കണ്ടിട്ടാകാം ബിവറേജസ് കോര്‍പ്പറേഷന്‍ തന്നെ കോടിക്കണക്കിന് രൂപ മദ്യത്തിനെതിരായ ബോധവത്ക്കരണത്തിന് മാറ്റിവച്ചിരിക്കുന്നു. ഇത്തരം അടിയന്തിര സാഹചര്യം നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ കോവിഡ് വ്യാപന സാഹചര്യം പരിഗണിക്കാതെ മദ്യശാലകള്‍ തുറന്നുകൊടുത്തത്. പ്രഥമ ദിവസം തന്നെ ബെവ് ക്യൂ ആപ്പിലൂടെ 1.8 ലക്ഷം രജിസ്റ്റര്‍ ചെയ്തു. മദ്യശാലകള്‍ തുറന്ന അന്നുതന്നെ എല്ലാവിധ നിയന്ത്രണങ്ങളും ലംഘിച്ച് ആയിരങ്ങള്‍ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ തമ്പടിച്ചു. രജിസ്റ്റര്‍ ചെയ്തവരും അല്ലാത്തവരുമായി വലിയ തിരക്കാണ് ബിവറേജസ് ഷോപ്പിന് മുമ്പില്‍ സൃഷ്ടിച്ചത്.
മദ്യ ലഭ്യത ഉണ്ടാകുന്നിടത്തോളം മദ്യ ഉപയോഗം കുറക്കാനാവില്ലെന്ന ബഹു. സുപ്രീം കോടതിയുടെ മുന്‍ നിരീക്ഷണം സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തന്നെ മദ്യവില്‍പ്പനയ്ക്ക് കളമൊരുക്കിയതിലൂടെ പടിപടിയായി മദ്യഉപയോഗം കുറച്ചുകൊണ്ടുവരും എന്നുള്ള പ്രകടന പത്രിക പ്രഖ്യാപനം അട്ടിമറിക്കപ്പെടുകയാണ്. സമ്പൂര്‍ണ്ണ മദ്യനിരോധനം എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ഇടതു ഭരണത്തിന്‍കീഴില്‍ ഒരുകാലത്തും എ ത്താന്‍ കഴിയില്ലെന്നാണ് സി.പി.എമ്മി ന്റെയും സര്‍ക്കാരിന്റെയും നയവും, പരിപാടികളിലൂടെയും മനസ്സിലാകുന്നത്.
മുന്‍ സര്‍ക്കാരിനെ താഴെയിറക്കി അധികാരത്തിന്റെ സിംഹാസനത്തില്‍ ഇടതുപക്ഷത്തെ അവരോധിക്കാന്‍ പണം ഒഴുക്കിയതിന്റെയും സരിതയെപോലുള്ളവരെ വിലയ്‌ക്കെടുത്ത് ഭരണവിരുദ്ധ പ്രചാരണം കൊഴുപ്പിച്ചതിന്റെയും, ഉപകാരസ്മരണയാണ് ഈ മദ്യശാല തുറന്നുകൊടുക്കല്‍ എന്ന് ഏതൊരാള്‍ക്കും ഊഹിക്കാന്‍ കഴിയും.
കൊറോണ സാഹചര്യത്തിലും മദ്യശാലകള്‍ തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചത് കേരള ജനസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. സാമ്പത്തിക ബാധ്യതയ്ക്കും വരുമാന നഷ്ടത്തിനും പരിഹാരം കാണാന്‍ മറ്റ് വഴികളാണ് തേടേണ്ടത്. അടച്ചിട്ട ബാറുകള്‍ മദ്യലോബിയുടെ സമ്മര്‍ദ്ദത്തിലും, ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്നതിന്റെ പേരിലും തുറന്നുകൊടുത്തത് സംസ്ഥാനത്ത് വന്‍ദുരന്തത്തിന് ഇടവരുത്തും. സമൂഹവ്യാപനം ഉണ്ടാക്കുന്ന ഏതൊരു സാഹചര്യത്തെയും ഇല്ലാതാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, ആരോഗ്യ പ്രവര്‍ത്തകരും, കേരളജനതയും ഒന്നിച്ചു നീങ്ങുമ്പോള്‍ അതിന് വിഘാതമാകുന്ന ഒരു തീരുമാനവും ജനാധിപത്യസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത് എന്നാണ് പൊതുസമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന ആവശ്യം. സര്‍ക്കാര്‍ ഇതിന് തയ്യാറാകുന്നില്ലെങ്കില്‍ കേരളത്തിന്റെ പ്രബുദ്ധ സമൂഹം ഈ പൊതുവിപത്തിനെതിരെയും ഒന്നിക്കേണ്ടിയിരിക്കുന്നു. സമൂഹത്തില്‍ മാന്യത നേടിക്കൊണ്ടിരിക്കുന്ന മദ്യപാന ശീലത്തിനെതിരെ സാമൂഹ്യ രംഗത്തെ മുഴുവന്‍ പ്രസ്ഥാനങ്ങളും ഒന്നിച്ച് ചേര്‍ന്ന് മുന്നേറുക എന്നതാണ് ഈ സാമൂഹ്യവിപത്ത് ഇല്ലാതാക്കുന്നതിന് കേരളത്തിന് ചെയ്യാനുള്ള മഹത്തായ കര്‍ത്തവ്യം.