അച്ഛന്‍ പിറന്ന വീടിന്റെ അങ്കണവും കിണറും പിന്നിട്ട് നാമിപ്പോള്‍ ‘അടുക്കള’യിലേക്കു പ്രവേശിക്കുന്നു. അഗ്നിതത്ത്വത്തിന്റെ അധിഷ്ഠാനമാണ് അടുക്കള. ഒരുപക്ഷേ വീടുതന്നെ, അടുക്കളകേന്ദ്രമായി വരുന്ന ജ്യാമിതീയ വളര്‍ച്ചയാണല്ലോ. വീടിന്റെ അഗ്നിസ്ഥാനവും അഗ്രസ്ഥാനവും അടുക്കളയാണ്. അമ്മയും അടുക്കളയും അഗ്നിയും ഒന്നാണ്. അവിടെ നിന്നുകൊണ്ട് വൈദിക ഛന്ദസ്സായ അനുഷ്ടുപ്പില്‍ അച്ഛന്‍ അഗ്നിയുടെ വിശ്വരൂപം വര്‍ണിക്കുകയാണ്. അഗ്നിലീലകള്‍, പ്രാചീനനാളം, അഗ്നേനയ എന്നീ മൂന്നു ഖണ്ഡങ്ങളിലും ഋഗ്വേദ മന്ത്രങ്ങള്‍ നിബന്ധിച്ചിട്ടുണ്ട്. അമ്മ പകര്‍ന്നു തരുന്ന ആഗ്നേയ ബോധത്തിലൂടെ പ്രപഞ്ചജീവിതത്തെ കവി വിലയിരുത്തുന്നു.
അഗ്നിയുടെ ഗുണം ചൂടും വെളിച്ചവുമാണ്. ചൂടാണ് ജീവനെ സൃഷ്ടിക്കുന്നത്. നിലനിര്‍ത്തുന്നതും നശിപ്പിക്കുന്നതും ചൂടുതന്നെ. ചൂടിനെക്കുറിച്ചുള്ള ചിന്തകളില്‍ ജീവിതദര്‍ശനത്തിന്റെ കനല്‍മൊഴികള്‍ അനുസ്യൂതം ജ്വലിക്കുകയാണ്.
”എനിക്കു സുഖമാവോളം ചൂടെനിക്കുപ്രിയങ്കരം
ഞാനാരാരെത്തപിപ്പിച്ചു ചെറ്റും ചിന്തിച്ചുമില്ല ഞാന്‍
അയലത്തേക്കൊരല്പം തീക്കനലമ്മകൊടുക്കവേ
ചിരട്ടയ്ക്കുള്ളിലും സ്‌നേഹസൂര്യന്‍ വരുമറിഞ്ഞു ഞാന്‍.”
പാകം പലതാകാമെങ്കിലും ഏതടുപ്പിലും എരിയുന്നത് ഒരേ അഗ്നിയാണെന്നും ഭോജനവും ഭോജ്യവും ഭോക്താവുമാകുന്നത് അഗ്നിതന്നെയാണെന്നും ഓരോ ജീവനും ഓരോ അഗ്നികണമാണെന്നും വെളിപാടുകളുണ്ടാകുന്നു. അമ്മ കെട്ടിപ്പിടിക്കുമ്പോള്‍, അഗ്നി ദേവതയായി അനുഭവപ്പെടുന്നു. പ്രപഞ്ചമെന്ന വീടിന് സൂര്യന്‍ വിളക്കാവുന്നതുപോലെ ഒരു പ്രാചീനനാളം വീട്ടില്‍ കെടാവിളക്കായി ഇരിക്കുന്നു. ജമദഗ്നിയും രേണുകയും ഗൗതമനും അഹല്യയുമെല്ലാം അഗ്നിമാഹാത്മ്യം ഉള്ളിലേന്തുന്ന കാവ്യബിംബങ്ങളാകുന്നു. ‘ഇത് എനിക്കല്ല, ഇത് അഗ്നിയ്ക്കാണ്’ (അഗ്നയേ ഇദം ന മമ) എന്ന ആഹുതിമന്ത്രങ്ങള്‍ ജീവിതത്തിന്റെ പൊരുളാകുന്നു. ഒടുവില്‍ വാക്കു ചിത്തത്തില്‍ കടഞ്ഞുണ്ടായ ദിവ്യവെളിച്ചത്തില്‍ അഗ്നിഗീതം സമാപിക്കുന്നു.
ഉര്‍വശിയും പുരൂരവസ്സും അരണിയുടെ പൂര്‍വോത്തര ഭാഗങ്ങളാണെന്നും അവരില്‍ നിന്ന് അഗ്നി ഉണ്ടാകുന്നുവെന്നും ഉപനിഷത്തില്‍ വര്‍ണ്ണിക്കുന്നുണ്ട്. വാക്കും മനസ്സുമായാണ് ഇവിടെ അരണികള്‍. അവ കടഞ്ഞ് ഉണ്ടാകുന്ന ജ്ഞാനത്തെയാണ് അഗ്നിയായി / അന്തരഗ്നിയായി സങ്കല്പിക്കുന്നത്. വീടിന് അടുക്കള അഗ്നിയാകുന്നു. വിശ്വത്തിന് സൂര്യന്‍ അഗ്നിയാകുന്നു. എനിക്ക് ജ്ഞാനം അഗ്നിയാകുന്നു. അതിലേക്ക് മറ്റെല്ലാം സമര്‍പ്പിക്കുമ്പോള്‍ ജീവിതം യജ്ഞമാകുന്നു.
”അഗ്നിയായി സ്വയം മാറും വിറകില്‍ നോക്കിനിന്നു ഞാന്‍
സുഖമോ ദുഃഖമോ തന്റെ സ്വന്തമെല്ലാം ദഹിക്കവേ?
……. ……….. ……….. ………..
ഈ വീടിന്റെയടുപ്പത്തെന്‍ വിറകില്‍ മന്ത്രമൊട്ടുകള്‍
അഗ്നേ, നയിക്ക നീ നിത്യം സുപഥങ്ങളിലെന്നെയും”
കാറ്റുപറഞ്ഞകഥകള്‍
ഛാന്ദോഗ്യോപനിഷത്തിലെ ചിന്താമധുരമായ ഒരു കഥയിലൂടെയാണ് നാലാമദ്ധ്യായത്തിലേക്കു പ്രവേശിക്കുന്നത്. കണ്ണും വാക്കും കാതും മനസ്സും പ്രാണനും തമ്മില്‍ ആരാണ് ശ്രേഷ്ഠന്‍ എന്നു കലഹിക്കുന്നു. ആരു പുറത്തു പോയാലാണോ മറ്റെല്ലാം നശിക്കുന്നതു അതുതന്നെ ശ്രേഷ്ഠമെന്നു പ്രജാപതി നിര്‍ദ്ദേശിക്കുന്നു. കണ്ണും കാതും വാക്കും മനസ്സും പിന്‍മടങ്ങിയപ്പോഴും ജീവിതം തുടര്‍ന്നു. ”ഒടുവില്‍ പ്രാണന്‍ പുറത്തുപോകാനൊരുങ്ങി. കുതിര, കാലുകള്‍ കെട്ടിയിട്ട കുറ്റികളെ പറിച്ചെടുക്കും പോലെ, ഇന്ദ്രിയങ്ങളെ ശരീരത്തില്‍ നിന്നിളക്കിയെടുത്തു. അപ്പോള്‍ ഇന്ദ്രിയങ്ങളെല്ലാം പ്രാണന്റെ അടുത്തുവന്നുകേണു. ”ഭഗവാനേ, ശരീരത്തില്‍ നിന്നു പുറത്തുപോകരുതേ. അങ്ങ് ഞങ്ങളെക്കാളെല്ലാം ശ്രേഷ്ഠനാകുന്നു.” ശരീരത്തില്‍ പ്രാണനായും പുറത്തു ജഗല്‍ പ്രാണനായ വായുവായും പ്രവഹിക്കുന്ന മഹാചൈതന്യത്തെ ധ്യാനിച്ചറിയാന്‍ വീടിന്റെ ഉമ്മറത്തേയ്ക്കിറങ്ങുകയാണ് അച്ഛനും മക്കളും. ഋഗ്വേദവും മഹാഭാരതവും ഭാഗവതപുരാണവും നെയ്‌വിളക്കു തെളിക്കുന്ന ‘ഉമ്മറ’ ത്തിരുന്നുകൊണ്ട് കാറ്റുപറയുന്ന കഥകള്‍ കേള്‍ക്കുമ്പോള്‍ ഒരു പ്രാണായാമത്തിന്റെ സുഖം നാഡികളില്‍ നിറയുന്നു.
‘കാറ്റിനെ കണ്ടിട്ടില്ല’ എന്ന പ്രഥമ ഖണ്ഡത്തില്‍ ജനനം മുതല്‍ മരണം വരെ നമ്മുടെ ജീവിതത്തെ അദൃശ്യമായി ചലിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രാണചൈതന്യത്തെ തൊട്ടറിയാനുള്ള പരിശ്രമമാണ്. എല്ലാം തന്ന കാറ്റിനോട് ‘നീയെന്റെ പ്രാണനാണെന്നു’ പറഞ്ഞിട്ടില്ലല്ലോ എന്ന ഖേദം ബോധമായി നിറയുന്നു. കാറ്റിനെ ഇന്നു ഭയമാണ് ലോകത്തിന്. അതിനെ അറകെട്ടിത്തണുപ്പിക്കാനും ഉഷ്ണം പുറത്തേക്കു തുപ്പിക്കളഞ്ഞ് സ്വസ്ഥത നേടാനും ശീലിച്ച ആധുനിക മനുഷ്യന്‍ കാറ്റിന്റെ പൂങ്കാവനത്തെ ഭയപ്പെടുകയാണ്. ഋഷിമാരായ കവികളുടെ വാക്കിനു പിന്നാലെ അര്‍ത്ഥം വന്നുചേരുന്നുവെന്നു പറയാറുണ്ട്. വാക്കിന് അഭിധയും ലക്ഷണയും വ്യഞ്ജനയുമാണ് അര്‍ത്ഥനിയാമക ശക്തികള്‍. ‘കാലം’ എന്ന മറ്റൊരു ശക്തികൂടിയുണ്ട് എന്നു തോന്നിപ്പിക്കുമാറ് കാറ്റിനെക്കുറിച്ചെഴുതിയ വരികള്‍ ഇന്ന് കൊറോണാനന്തര കാലത്ത് പുതിയ അര്‍ത്ഥം ഉല്പാദിപ്പിക്കുന്നു.
”പേടിയാണല്ലോ നമുക്കിന്നു കാറ്റിനെ, മുഖം-
മൂടിയും കൊണ്ടേ നമ്മള്‍ പിറക്കുന്നതുപോലും
വര്‍ത്തമാനത്തിന്‍ മുഖാവരണമല്പം നീക്കി-
ത്തൊട്ടുനോക്കാമോ, തെല്ലൊന്നറിയാമിക്കാറ്റിനെ…”
അനുഗ്രഹങ്ങളായി നമുക്കു ലഭിച്ച ദേവചൈതന്യങ്ങളെ മനുഷ്യന്‍ ദുഷ്‌ക്കര്‍മ്മങ്ങളാല്‍ ശാപമാക്കി മാറ്റുകയാണ്. മണ്ണും വെള്ളവും പോലെ വായുവും മലിനപ്പെടുകയാണ്. നമ്മെ സംരക്ഷിക്കുന്നവയെ രക്ഷിച്ചുകൊണ്ടിരിക്കലാണ് ധര്‍മ്മം. അവയെ നശിപ്പിക്കുന്നത് അധര്‍മ്മവും. അധര്‍മ്മത്താല്‍ ക്ഷയിച്ചൊടുങ്ങുന്ന നവയുഗമനുഷ്യന്റെ ദയനീയ ചിത്രം ‘അവസാനത്തെക്കാറ്റ്’ എന്ന ഖണ്ഡത്തില്‍ കാണാം.
”ഉദരം മാത്രംകൊണ്ടുപൂരകം, അജീര്‍ണത്തില്‍
മദമോഹിതമായ കുംഭകം, തികട്ടുമീ-
ജ്വരമാലിന്യത്താലേ രേചകം, നവകാല-
നരനാമെനിക്കിതേ യോഗസാധനാപാഠം.”
മനുഷ്യന്‍ അവനവനെത്തന്നെ ദ്രോഹിച്ചുരസിക്കുന്ന വിചിത്ര ജീവിയാവുകയാണോ? മാധ്യമങ്ങളില്‍ നിറയുന്ന ദുഷ്‌ക്കര്‍മ്മങ്ങളുടെ പെരുക്കങ്ങള്‍ ജഗത്പ്രാണനു സൃഷ്ടിക്കുന്ന നടുക്കം ‘കാറ്റുകള്‍ക്കെന്തോ പറയാനുണ്ട്’ എന്ന ഖണ്ഡത്തില്‍ വിശദമായി ചിത്രീകരിച്ചിട്ടുണ്ട്. കേള്‍ക്കാന്‍ ഏതുകാതുണ്ട് എന്നറിയാതെ കാറ്റുകള്‍ എന്തോ പറഞ്ഞുകൊണ്ടിരിക്കുന്നു. വേദനിച്ചു പിടയുന്ന പ്രാണങ്ങളില്‍ മുഴങ്ങുന്ന വിലാപത്തിന്റെ നുറുങ്ങുകള്‍ കവി ശേഖരിച്ചെടുക്കുന്നു.
”ഞങ്ങളെയാരോ വെട്ടിനുറുക്കിയേഴേഴാക്കി-
യിങ്ങുകൊണ്ടെറിഞ്ഞതാണെന്നൊരു ഭ്രൂണക്കാറ്റ്
‘എന്റെ കുഞ്ഞേ’ എന്നേങ്ങി വീഴുന്നൊരീറന്‍ കാറ്റ്
‘ചിതിയായിരു’ന്നെന്നു വയര്‍ വീങ്ങിയ കാറ്റ്
‘എന്തിനെന്നെയുമമ്മേ’ യെന്നൊരു മകള്‍ക്കാറ്റ്
‘എന്നെയാമുത്തച്ഛനെ’ന്നൊരുപെണ്‍പൈതല്‍ക്കാറ്റ്
‘മുലയുണ്ടവര്‍ വിഷംതന്നെ’ ന്നൊരമ്മക്കാറ്റ്
‘വളരെപ്പേരാണെന്നെ’ യെന്നൊരു വഴിക്കാറ്റ്…”
താളം പിഴച്ചും സ്പന്ദം നിലച്ചും ഭൂമി ജഡമാവുന്നതിന്റെ സൂചനകള്‍ക്കിടയിലും ഉള്ളിലേക്കുതുറക്കുന്ന ഒരു ശിവനേത്രം നമുക്ക് ശാന്തിയരുളുന്നുണ്ട്. ഏതു ശാപത്തെയും അനുഗ്രഹമാക്കാന്‍ സാധിക്കുന്ന സൗഭാഗ്യത്തെയാണല്ലോ നാം ‘വീട്’ എന്നു വിളിക്കുക. ഉമ്മറത്തിരുന്ന് ലോകചിന്തകളുടെ പ്രത്യാഹാരം നിര്‍വഹിക്കുന്ന കവിയ്ക്ക് കാറ്റിന്റെ സ്പര്‍ശം മധുസ്വരമായിത്തീരുന്നു.
”മകനേ, ഭയമെന്തിനകമേ തേടൂ, നിന്റെ
മകുടിയ്ക്കുള്ളില്‍ പ്രാണകണവുണ്ടല്ലോ ഭദ്രം!
ഊതിയൂതി നീ ഭൂവിന്‍ വലയം വിടര്‍ത്തുക
ഉയര്‍ന്നുയര്‍ന്നേ മേഘമണ്ഡലം കടക്കുക”
തേജോമയനും പാവനനുമായ പവനന്‍ നീ തന്നെ എന്ന തിരിച്ചറിവില്‍ ലോകദുഃഖങ്ങള്‍ ശമിക്കുന്നു. പ്രസാദമായി പുനര്‍ജ്ജനിച്ച ദുഃഖത്തിന്റെ പരാഗങ്ങളാണ് കാറ്റു നല്‍കുന്ന സമ്മാനം.
വിളക്കിന്റെ വെളിച്ചത്തില്‍
ഭൂമിയില്‍ നിന്ന് ആകാശത്തേക്കുള്ള വളര്‍ച്ചയാണ് ഓരോ വീടും. ആകാശം പ്രകാശത്തിന്റെ അധിഷ്ഠാനമാകുന്നു. രണ്ടു ശബ്ദങ്ങളും ഒരേ ധാതുവില്‍ നിന്നു നിഷ്പന്നമാണെന്നുമോര്‍ക്കുക. അഥര്‍വവേദത്തിലെ സൂക്തങ്ങള്‍ ഉരുവിട്ടുകൊണ്ട് അച്ഛന്‍ പ്രാര്‍ത്ഥിക്കുകയാണ്.
”ഭവനമേ, നിന്നില്‍ എല്ലാ അഭയവും ഗുണങ്ങളും തലമുറകളും നിലനില്‍ക്കട്ടെ. ധര്‍മ്മം നിന്റെ മൂലസ്തംഭമാകട്ടെ. വിദ്വേഷങ്ങളകുന്നു പോകട്ടെ. നിന്നില്‍ വസിക്കുന്നവന് ദോഷമേതും ഭവിക്കാതിരിക്കട്ടെ. ഏവരും ശതായുസ്സുകളാവട്ടെ. മലിനതകള്‍ ദൂരീകരിക്കുന്ന, അക്ഷയത്വം നല്‍കുന്ന ഈ പുണ്യജലവുമായി ആത്മാഗ്നി സഹിതം ഞാന്‍ ഇതാ ഇതിനുള്ളിലേക്കു പ്രവേശിക്കുന്നു.”
‘വിളക്ക്’ എന്ന അഞ്ചാം അദ്ധ്യായം ദിവ്യമായ ഒരു ഗൃഹപ്രവേശമാണ്. അച്ഛന്‍ പിറന്ന വീടിന്റെ ആത്മാവിനെ സാക്ഷാത്ക്കരിച്ച് സ്വന്തം ഹൃദയാകാശത്തില്‍ ഭദ്രദീപം പ്രതിഷ്ഠിക്കുന്ന സുമുഹൂര്‍ത്തമാണത്. ഭാരതം ലോകത്തെ കീഴടക്കുന്നത് ആദ്ധ്യാത്മികതയിലൂടെയാണ് എന്ന സ്വാമി വിവേകാനന്ദന്റെ മന്ത്രവാക്യം ഇവിടെ സാര്‍ത്ഥകമാകുന്നു. വീടകം, മരിച്ചിട്ടില്ല, മധുജ്ഞാനം എന്നീ ത്രിഖണ്ഡങ്ങളിലൂടെ വീടിനുള്ളില്‍ സ്പന്ദിക്കുന്ന ആദ്ധ്യാത്മിക മഹാകാശത്തെ കവി നമുക്കു പ്രത്യക്ഷമാക്കുന്നു.
ഈ മഹാകാശം തന്നെ എല്ലാവര്‍ക്കും വീട്. ആ വീടിനുള്ളില്‍ അനേകം വീടുകള്‍. അതിലോരോന്നിലും അനേകായിരം വീടുകള്‍. വീടിന്റെ വിശ്വരൂപദര്‍ശനം പരമാണു മുതല്‍ പരബ്രഹ്മം വരെ വ്യാപിച്ചുനില്‍ക്കുന്നു. സൗരയൂഥത്തില്‍ ഗ്രഹജാലങ്ങള്‍പോലെ ഓരോ ചെറുകണത്തിലും ഊര്‍ജ്ജകണങ്ങള്‍ ചുറ്റിത്തിരിയുന്നുണ്ടല്ലോ. അതിനുള്ളിലും ആകാശവും ദിക്കുകളും നക്ഷത്രങ്ങളുമുണ്ടല്ലോ. ഈ വിസ്മയവും ആനന്ദവുമാണ് ആദ്ധ്യാത്മികത. എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന മഹാസ്വാതന്ത്ര്യമാണത്. അവിടേക്കു വളരുവാനാണ് അച്ഛന്‍ മക്കളെ ക്ഷണിക്കുന്നത്.
എന്നാല്‍ ലോകം ഇടുങ്ങിയതും ഏകാന്തവുമാണ്. എന്റേത്, നിന്റേത് എന്നു മുറികെട്ടിത്തിരിച്ച കെട്ടിടങ്ങളാണ്. ഒറ്റയ്ക്കു ജീവിച്ച് ഒറ്റയ്ക്കു വായിച്ച് ഒറ്റയാകുന്നവരോട് അമ്മയുടെ ഉപദേശം ഇപ്രകാരമാണ്.
”ഏകാന്തമുറികള്‍ ദുഃഖം
ദുഃഖം ദോഷാനുദര്‍ശനം
ഏകാകി ഭീരുവാകുന്നു
ഭീരു ഭീകരനായിടും”
(ദുഃഖം = ദുഃ + ഖം. ഖം എന്നാല്‍ ആകാശം. ദൂഷിതമായ ആകാശമാണ് ദുഃഖം)
വീട് ജീവിതത്തിന്റെ ഈടുതന്നെയായിരുന്ന നല്ലകാലത്തില്‍ ജനനവും വിവാഹവും മരണവുമെല്ലാം വീട്ടില്‍വച്ചായിരുന്നു. ഈറ്റുനോവറിയാത്ത വീട് വീടാവുന്നില്ല തന്നെ. ആ മരണം നമ്മെ വിടാതെ പുല്‍കുന്ന പുണ്യമാണ് വീട്. വീട്ടുപേര് നമുക്കു മേല്‍വിലാസവുമാകുന്നു. ‘ഏതുവീട്ടിലേത്’ എന്ന അന്വേഷണം വ്യക്തമായ ഒരു അടയാളപ്പെടുത്തലാണ്. അവയൊക്കെ കുടഞ്ഞെറിഞ്ഞ് ഓര്‍മ്മ വീടുകള്‍ പോലും സ്വന്തമായില്ലാതെ നാം പ്രവാസികളായിത്തീര്‍ന്നിരിക്കുന്നു.
”പറിച്ചെറിഞ്ഞുപോയല്ലോ സ്‌നേഹഗ്രന്ഥികളൊക്കെയും
വിലയ്ക്കുവാങ്ങണം പാടേ വിലയറ്റൊരു ജീവിതം
കുഴല്‍വാസം, കുഴല്‍മാര്‍ഗ്ഗം കുഴലില്‍ത്തന്നെ വെള്ളവും
കുഴലില്‍ക്കൂടെയേ ശൗചം കുഴലായിക്കഴിഞ്ഞു ഞാന്‍”
അവനവനിലേക്കു ചുരുങ്ങുകയും സ്വാര്‍ത്ഥയിലേക്കുമാത്രം തുറക്കുകയും ചെയ്യുമ്പോള്‍ ജീവിതം കുഴലായി മാറുന്നു. കുഴലിന് ആകാശമില്ല, പ്രകാശമില്ല. അതിനാല്‍ അതു നല്‍കുന്ന സമൃദ്ധി, സംതൃപ്തി കൊണ്ടുവരുന്നില്ല. ബ്രഹ്മസ്ഥാനത്തു വിളങ്ങുന്ന വിളക്കില്ലാത്ത വീടുപോലെ ആധുനിക ജീവിതങ്ങള്‍ അന്ധനരകങ്ങളാകുന്നു.
എല്ലാമുണ്ടായിട്ടും ഒന്നുമില്ലെന്ന തോന്നല്‍ ആദ്ധ്യാത്മികമായ അശാന്തിയാണ്. വെളിച്ചത്തിലേക്കുള്ള പ്രയാണം അവിടെ നിന്ന് ആരംഭിക്കുന്നു. ഉപനിഷത് ഭാഷയിലുള്ള മൂന്നു ചുവടുകള്‍ ഇവിടെ പരിചയപ്പെടുത്തുന്നു. ശരീരം, മനസ്സ്, ആത്മാവ് എന്നീ ജീവന്റെ മൂന്ന് അസ്തിത്വങ്ങള്‍ക്കു സമാനമായി ഭൂമി, അന്തരീക്ഷം, ആകാശം എന്നിങ്ങനെ പ്രപഞ്ചത്തിനും മൂന്ന് അസ്തിത്വങ്ങളുണ്ട്. ജീവന്റെ വീട് ശരീരവും മനസ്സും ആത്മാവും ചേര്‍ന്ന ഉണ്മയാണ്. ജീവലോകത്തിന്റെ വീട് ഭൂമിയും അന്തരീക്ഷവും ദ്യോവുംചേര്‍ന്ന മനസ്സാണ്. ഇവ പരസ്പരം ഇണങ്ങി നില്‍ക്കുമ്പോള്‍ ആനന്ദം അനുഭൂതമാവുന്നു. ശരീരം തന്നെയാണ് ഭൂമി എന്ന തിരിച്ചറിവില്‍ ഒന്നാം ചുവടുവെക്കുന്നു. അവിടെ സ്വരം സാമാഗ്നിയായി പൈശാചിക വാസനകളെ ദൂരീകരിക്കുന്നു. വാക്കിനെ പ്രാണാഗ്നിയാക്കി രണ്ടാം ചുവടുവെക്കുമ്പോള്‍ മനസ്സും അന്തരീക്ഷവും ശാന്തമാകുന്നു. ഉള്ളില്‍ കെട്ടുപോയ വിളക്കുകള്‍ താനേ തെളിയുന്നു. ഇരുളകന്നു ഹൃദയമുണരുമ്പോള്‍ കടുന്തുടിനാദം കേട്ടുതുടങ്ങുന്നു. മൂന്നാം ചുവടില്‍ വാക്ക് സൂര്യാഗ്നിയാകുന്നു. ഇന്നോളം നാമറിയാത്ത അപാരത നമ്മില്‍ വിടരുന്ന ദിവ്യാനുഭവം, അഹത്തിന്റെ അതിര്‍ക്കെട്ടുകള്‍ തകര്‍ത്ത് പ്രവഹിക്കുന്നു. അവിടെ കാമം ദമമായിമാറും. ക്രോധം ദയയായും ലോഭം ദാനമായും പരിവര്‍ത്തനം ചെയ്യപ്പെടും. നരകത്തിന്റെ വാതിലുകളെന്നു ഭഗവദ്ഗീത വിശേഷിപ്പിച്ച കാമക്രോധലോഭങ്ങളെ ശാന്തിയുടെ സുന്ദരകവാടങ്ങളാക്കുന്ന ആല്‍ക്കെമിയാണ് ആദ്ധ്യാത്മിക വളര്‍ച്ചയുടെ അടയാളം. ആനന്ദാതിരേകത്താല്‍, വീട്ടിലെത്തിയതിന്റെ നിറവാല്‍, മധുഗീതമായിത്തീര്‍ന്ന ഛന്ദസ്സില്‍ കാവ്യം ഇങ്ങനെ സമാപിക്കുന്നു.
നീറുമീഭൂമിയ്ക്കു നമ്മള്‍ മധുവാകട്ടെ
നീരിനും നീര്‍നോവുകള്‍ക്കും മധുവാകട്ടെ
ചീറുമീത്തീപ്പാമ്പുകള്‍ക്കും മധുവാകട്ടെ
ചീഞ്ഞൊടുങ്ങും കാറ്റിനും നാം മധുവാകട്ടെ
പുല്ലിലയ്ക്കും പുഴുവിന്നും മധുവാകട്ടെ
ചില്ലയില്ലാക്കുരുവിക്കും മധുവാകട്ടെ
വിശപ്പിന്നന്നമായ് വീഴും മധുവാകട്ടെ
വിയര്‍പ്പിന്നു തുണയാകും മധുവാകട്ടെ.
ബൃഹദാരണ്യകത്തിലെ മധുകാണ്ഡത്തെ ഓര്‍മ്മിപ്പിക്കുന്ന ദിവ്യമായ ഈ പ്രാര്‍ത്ഥന സര്‍വ്വചരാചര മംഗളഗാനമായി മാറുന്നു. കൊച്ചുകിടാങ്ങളുടെ കേവല കൗതുകത്തില്‍ നിന്നാരംഭിച്ച് ലോകസങ്കടങ്ങളും ജീവിത വിഹ്വലതകളും പിന്നിട്ട് വിശ്വശാന്തിയുടെ സുവര്‍ണ നഭസ്സില്‍ ആദിത്യഹൃദയം ദര്‍ശിച്ച് സമാപിക്കുന്ന തീര്‍ത്ഥയാത്രയായി കാവ്യം അനുഭവപ്പെടുന്നു.
ഇത് ഒരു സാധാരണ കാവ്യമല്ല. സാമൂഹികവും പാരിസ്ഥിതികവും ധാര്‍മ്മികവുമായ ഒരുപാടുമാനങ്ങള്‍ സ്വയമേ വിളങ്ങുന്ന ഒരു ആദ്ധ്യാത്മിക കാവ്യമാണ്. ‘ഭജഗോവിന്ദ’വും ‘ഹരിനാമകീര്‍ത്തന’വും ‘ആത്മോപദേശ ശതക’വും പോലെ വിളക്കുവെച്ചു വായിക്കേണ്ടുന്ന ദിവ്യത ഇതിനുണ്ട്. വാക്കിന്റെ പ്രാഥമികവും ദ്വിതീയവും തൃതീയവുമായ അര്‍ത്ഥതലങ്ങള്‍ ഉയര്‍ന്ന പ്രജ്ഞയില്‍ സാക്ഷാത്ക്കരിച്ച് പ്രകാശിപ്പിക്കുന്ന പഠനങ്ങള്‍ ഇതിനുണ്ടാവേണ്ടിയിരിക്കുന്നു. കവി സന്നിവേശിപ്പിച്ചിട്ടുള്ള വൈദിക സൂക്തങ്ങള്‍ മാത്രം ഒരു പ്രത്യേക പഠനത്തിന്റെ വിഷയമാണ്. സമകാലികതയ്ക്കപ്പുറം സാര്‍വകാലിക പ്രസക്തമായ ഈ കാവ്യത്തിലൂടെ മലയാളകവിതയില്‍ വീണ്ടും ഇതിഹാസം പിറന്നിരിക്കുന്നു.