കുറ്റവും ശിക്ഷയും പാര്‍ട്ടി വിധിക്കുകയും നടപ്പാക്കുകയും ചെയ്യുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാരമ്പര്യമാണ്. പാര്‍ട്ടിഗ്രാമങ്ങളില്‍ തിരുവായ്ക്ക് എതിര്‍വായില്ലാതെ നടന്ന ശിക്ഷാവിധികള്‍ പരസ്യമായ കൊലപാതകത്തില്‍ കലാശിച്ചതിന്റെ അനവധി ഉദാഹരണങ്ങളാണ് നമുക്ക് മുന്നിലുള്ളത്. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ എം.സി.ജോസഫൈന്‍ തന്നെ അക്കാര്യം അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ പറഞ്ഞു. തന്റെ പാര്‍ട്ടിക്ക് സ്വന്തമായി കോടതി സംവിധാനമുണ്ട്, പാര്‍ട്ടി ഒരേ സമയം കോടതിയും പൊലീസ് സ്റ്റേഷനുമാണ് എന്നായിരുന്നു ജോസഫൈന്റെ നിലപാട്.
കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരിലെ കൊടക്കാട് വച്ച് ഓലാട്ട് പട്ടികജാതി കോളനിയിലെ അറുപതുകാരനായ തമ്പാനെ നിര്‍ദ്ദാക്ഷിണ്യം അക്രമിച്ചതും അതിനെ തുടര്‍ന്ന് അവശനായി മൂന്നാംദിവസം മരിച്ചതും പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടി നടപ്പാക്കിയ കാട്ടുനീതിയുടെ ഉദാഹരണമാണ്. എന്തായിരുന്നു തമ്പാന്‍ ചെയ്ത തെറ്റ് എന്ന് അന്വേഷിക്കുമ്പോഴാണ് പാര്‍ട്ടി നേതാവ് നടത്തിയ കാട്ടുനീതിയുടെ ചുരുളഴിയുക. കഴിഞ്ഞ മേയ് 26ന് വൈകിട്ട് തമ്പാന്‍ ഭാര്യാസഹോദരന്റെ മകനുമൊത്ത് സമീപത്തെ കടയില്‍ എത്തി പായസം വയ്ക്കാന്‍ ശര്‍ക്കര വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചീമേനി പൊലീസ് സ്റ്റേഷനിലെ മുന്‍ പോലീസുകാരനും കൊടക്കാട് വെല്‍ഫെയര്‍ യുപി സ്‌കൂള്‍ അധ്യാപകനുമായ മനോഹരന്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ശര്‍ക്കര വാങ്ങിയത് എന്തിനാണെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. പായസം വയ്ക്കാനാണെന്ന് പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യാസഹോദരി പുത്രനോട് ചാരായം വാറ്റാനാണെന്ന് പറഞ്ഞാല്‍ പോകാന്‍ അനുവദിക്കാമെന്ന് പറഞ്ഞു. ഒരു കിലോ ശര്‍ക്കരകൊണ്ട് എങ്ങനെയാണ് വാറ്റുകയെന്ന് കുട്ടി തിരിച്ചുചോദിച്ചു. വീട്ടിലെത്തിയ തമ്പാന്‍ തന്റെ ഓലപ്പുരയില്‍ അവശതയോടെ കിടന്നു. എഴുന്നേല്‍ക്കാനാവാതെ അന്നപാനമില്ലാതെ മൂന്നു ദിവസം കഴിഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് തമ്പാന്‍ മരിച്ചത്. കുടുംബത്തോടൊപ്പം ശര്‍ക്കരയിട്ട പായസം കഴിക്കാനുള്ള മോഹം ബാക്കിവച്ചാണ് ഒരു സാധുമനുഷ്യന്‍ പാര്‍ട്ടിയുടെ കാട്ടുനീതിയില്‍ ജീവന്‍ പൊലിഞ്ഞത്. അട്ടപ്പാടിയിലെ മധുവിന്റെ മരണത്തിനു സമാനമായ മരണമാണ് തമ്പാനും ഏറ്റുവാങ്ങിയത്.
മരണത്തിലേക്ക് നയിച്ചത് മര്‍ദ്ദനം
തമ്പാനെ മര്‍ദ്ദിച്ചു കൊന്നതാണെന്നാണ് വീട്ടുകാരുടെ ആരോപണം. മനോഹരന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് അരോഗദൃഢഗാത്രനായ തമ്പാന്‍ അവശനായത്. ഓലാട്ട് പട്ടികജാതി കോളനിയില്‍ കക്ക നീറ്റി ചുണ്ണാമ്പ് ആക്കി ജീവിക്കുന്ന തമ്പാന്‍ കിലോ മീറ്ററുകളോളം വലിയ ഭാരം ചുമന്ന് നടന്നു പോകുന്നയാളാണ്. അങ്ങനെയുള്ള തമ്പാന്‍ അവശനാവണമെങ്കില്‍ കഠിനമായ മര്‍ദ്ദനമാണ് ഏറ്റുവാങ്ങിയിട്ടുണ്ടാവുക എന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. എന്നാല്‍ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമായ മനോഹരനെ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി കൈക്കൊണ്ടത്. തമ്പാന്‍ മരിച്ച് അടുത്ത ദിവസം സമീപത്തെ കമ്മ്യൂണിറ്റി ഹാളില്‍ യോഗം ചേര്‍ന്ന് പരാതിയില്‍ നിന്ന് പിന്‍വലിയാന്‍ തമ്പാന്റെ ഭാര്യാസഹോദരന്‍ ബാലകൃഷ്ണനോട് പാര്‍ട്ടി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കോളനിയില്‍ ജീവിക്കാന്‍ അനുവദിക്കുകയില്ലെന്നും പറഞ്ഞുവത്രേ. ഇതോടെയാണ് നാട്ടുകാര്‍ രംഗത്ത് എത്തിയത്. തമ്പാനെ മര്‍ദ്ദിച്ച് അവശനാക്കി മരണത്തിലേക്ക് നയിച്ചയാളെ സംരക്ഷിക്കുന്നതില്‍ പാര്‍ട്ടിയില്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
മനോഹരന്റെ ക്രിമിനല്‍ പശ്ചാത്തലം
ചീമേനി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായിരുന്ന മനോഹരന്‍ പിന്നീട് കൊടക്കാട് ഗവ: വെല്‍ഫെയര്‍ സ്‌കൂളില്‍ അദ്ധ്യാപകനായി. നേരത്തെയും ചിലരെ മര്‍ദ്ദിച്ച കേസില്‍ പ്രതിയാണ് മനോഹരന്‍. തമ്പാന്റെ കുടുംബവുമായി ഇയാള്‍ക്കും കുടുംബത്തിനും സാമ്പത്തിക ഇടപാട് ഉണ്ട്. ഓലാട്ട് കോളനിയില്‍ പാര്‍ട്ടി നടത്തിവരുന്ന കുറി കിട്ടിയതില്‍ ഒന്നരലക്ഷത്തോളം രൂപ തമ്പാന്റെ ഭാര്യാസഹോദരനില്‍ നിന്ന് മനോഹരനും സഹോദരന്‍ ഓലാട്ട് വാര്‍ഡ് അംഗവുമായ ഗംഗാധരനും ചേര്‍ന്ന് കൈക്കലാക്കി. ഈ പണം തിരിച്ചുകൊടുത്തിട്ടില്ല. ഇതിനെതിരെ കേസുണ്ട്. ഇതു കൂടാതെ മനോഹരന്റെ മറ്റൊരു സഹോദരന്‍ സുന്ദരന്‍ തമ്പാന്റെ കുടുംബത്തിലെ ഒരുകുട്ടിയെ ദ്രോഹിച്ചതിന്റെ പേരില്‍ പോക്‌സോ കേസില്‍ പ്രതിയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള മനോഹരന്റെ പേരില്‍ എതാനും പേരെ അടിച്ചുപരുക്കേല്‍പ്പിച്ചു എന്ന് മനുഷ്യാവകാശ കമ്മീഷനില്‍ ഉള്‍പ്പെടെ പരാതിയുണ്ട്.
ഇരുപത് വര്‍ഷം മുന്‍പ് ഓലാട്ട് കോളനിയിലെ രാജപുത്രിയെ വിവാഹം ചെയ്ത് കോളനിയില്‍ കഴിഞ്ഞുവരികയായിരുന്നു തമ്പാന്‍.
ഈ കുടുംബത്തെ ഭയപ്പെടുത്തി നിര്‍ത്താനാണ് തമ്പാനെ മര്‍ദ്ദിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ സ്വന്തമായി വീടോ റേഷന്‍ കാര്‍ഡോ ഇല്ലാത്ത തമ്പാന്‍ ഷീറ്റ് കൊണ്ട് മറച്ച കൂരയിലാണ് കഴിയുന്നത്. ഇവര്‍ക്ക് ഒരു വീട് വച്ച് കൊടുക്കാനോ, കാര്‍ഡ് ലഭ്യമാക്കാനോ പാര്‍ട്ടി തയ്യാറായിട്ടില്ല. അതെ സമയം തമ്പാന്റെ ഭാര്യാസഹോദരന്‍ അരിഷ്ടിച്ച് ഉണ്ടാക്കിയ ചിട്ടിയില്‍ നിന്ന് ഒന്നരലക്ഷം രൂപ കൈക്കലാക്കി.
ചീമേനി പൊലീസിന് ഇരട്ടത്താപ്പ്
തമ്പാനെ തല്ലിക്കൊന്നതാണെന്ന പരാതിയില്‍ ചീമേനി പൊലീസ് കേസെടുക്കുന്നില്ലെന്നാണ് വീട്ടുകാരുടെ പരാതി. സിആര്‍പിസി 174 പ്രകാരം സ്വാഭാവിക മരണത്തിന് കേസ് എടുത്തു എന്നാണ് പൊലീസ് പറയുന്നത്. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാതെ വീട്ടുകാരെ ഭയപ്പെടുത്തി സംഭവം ഒതുക്കിത്തീര്‍ക്കാനാണ് പൊലീസും ശ്രമിക്കുന്നതെന്നും ആരോപണമുയരുന്നു. അതെ സമയം തമ്പാനെ തല്ലിയത് ചോദിക്കാന്‍ ചെന്ന കോളനിയിലെ ചിലരുടെ വീട്ടിലെത്തി പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. കേസ് അന്വേഷിക്കുന്ന ചീമേനി സിഐ അനില്‍കുമാര്‍ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നതെന്നും. പാര്‍ട്ടി ഇടപെട്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശ്രമിച്ചതായും നാട്ടുകാര്‍ ആരോപിക്കുന്നു.
നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
തമ്പാന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. മനോഹരനെ സംരക്ഷിക്കുന്ന പാര്‍ട്ടി നടപടിക്കെതിരെയും ചീമേനി പൊലീസിനെതിരെയും നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.