ആദ്യത്തെ രണ്ടടികൊണ്ട് ഭൂമിയും സ്വര്‍ഗ്ഗവും അളന്ന് മൂന്നാമത്തെ അടിവെക്കാന്‍ സ്ഥലമന്വേഷിച്ച വാമനന്റെ അവസ്ഥയിലാണ് കേരള മുഖ്യന്‍ വിജയന്‍ സഖാവ്. അഞ്ചുവര്‍ഷം കൊണ്ട് തീര്‍ക്കാമെന്നേറ്റ വാഗ്ദാനങ്ങളെല്ലാം നാലുവര്‍ഷംകൊണ്ട് തീര്‍ത്ത് ഇനിയെന്തുവേണം എന്നു ചോദിച്ചിരിക്കയാണ് സഖാവ് പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍. പുതുതായി വാങ്ങിയ ആയിരം കോടിരൂപയുടെ കടബാധ്യത ഉള്‍പ്പെടാതെ ഓരോ കേരളീയന്റെ തലയിലും ലക്ഷങ്ങളുടെ കടം കെട്ടിവെച്ചുകൊണ്ടാണ് കടക്കെണി എന്ന പാതാളത്തിലേയ്ക്ക് വിജയന്‍ സഖാവ് അവരെ ചവിട്ടിതാഴ്ത്തുന്നത്. ഇടതന്മാരുടെ ഈ വാഗ്ദാനങ്ങളുടെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടാനാണോ എന്നറിയില്ല, കോട്ടക്കുന്നില്‍ കഴിഞ്ഞ പ്രളയകാലത്ത് വീടും ഉറ്റവരും നഷ്ടമായ ശരത്തിന് പാണക്കാട് തങ്ങള്‍ കുടുംബം ഒരു വീടു നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നു. താക്കോല്‍ദാനത്തിനു ലീഗുനേതാക്കളടക്കം പാണക്കാട് കുടുംബം എത്തിയത് വാര്‍ത്തയായിരുന്നു. കഴിഞ്ഞ പരിസ്ഥിതിദിനത്തില്‍ കുന്നുമ്മല്‍ ത്രിപുരാന്തക ക്ഷേത്രവളപ്പില്‍ ക്ഷേത്രപൂജാരി തീര്‍ത്ഥം തളിച്ചുകൊണ്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ വൃക്ഷത്തൈ നട്ടതും വാര്‍ത്തയായിരുന്നു. എല്ലാം മലപ്പുറം ജില്ലയുടെയും പാണക്കാട് കുടുംബത്തിന്റെയും മതേതര മഹത്വമായി എണ്ണപ്പെട്ടു.
ഒരു ചടങ്ങില്‍ നിലവിളക്കു കൊളുത്തിയതിന് ഇതേ പാണക്കാട്ടു തങ്ങളുടെ മുമ്പില്‍ ക്ഷമാപണവുമായി ലീഗുനേതാവ് എം.കെ.മുനീര്‍ തൊഴുകയ്യുമായി നിന്നതാണ്. എന്നിട്ടും പാര്‍ട്ടി ശാസിച്ചു. കാരണം നിലവിളക്ക് അനിസ്ലാമികമാണ് എന്നത് തന്നെ! ‘സത്യവിശ്വാസികളേ, അടുത്തു താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളുടെ രൂക്ഷത കണ്ടെത്തണം’ എന്ന ഖുറാന്‍ വചനമാകാം ഈ ഇസ്ലാമിക ചിന്തയുടെ അടിവേര്. തീര്‍ത്ഥവുമായി നില്‍ക്കുന്ന പൂജാരിക്കൊപ്പം വൃക്ഷത്തൈ നടുമ്പോഴും നിലവിളക്ക് കത്തിച്ചുവെച്ച വീട്ടില്‍ ഗൃഹപ്രവേശത്തിനെത്തുമ്പോഴും ഈ ഇസ്ലാമിക സംസ്‌കാരം ബാധകമാകുന്നില്ലേ എന്ന് ലീഗണികള്‍ ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സൂഫി പാരമ്പര്യം അവകാശപ്പെടുന്ന പാണക്കാട് തങ്ങന്മാര്‍ക്ക് ഈ ഇസ്ലാമിക സംസ്‌കാരത്തേക്കാള്‍ മറ്റു മതസ്ഥര്‍ക്ക് ആരാധനാലയങ്ങള്‍ വരെ പണിതുകൊടുക്കുന്ന ഹിന്ദുരാജാക്കന്മാരുടെ ഭാരതീയ പാരമ്പര്യത്തോടാണ് രക്തബന്ധം എന്നു സംശയിച്ചാല്‍ കുറ്റം പറയാനാവുമോ?