ഭാരതം മാത്രമല്ല മുഴുവന്‍ ലോകരാജ്യങ്ങളും കൊറോണ വൈറസിനെതിരെ പൊരുതിക്കൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ വൈവിധ്യപൂര്‍ണ്ണവും വിശാലവുമായ ജനസംഖ്യയെ കണക്കിലെടുത്ത് നോക്കുകയാണെങ്കില്‍, കൊറോണക്കെതിരായുള്ള യുദ്ധത്തില്‍ നാം, ലോകത്തിലെ മറ്റ് വന്‍കിട രാജ്യങ്ങളെക്കാള്‍ മുന്‍പന്തിയിലാണെന്ന് പറയാം. ലോക്ഡൗണ്‍ ആദ്യമായാണ് ഭാരതീയര്‍ അനുഭവിക്കുന്നത്. ഇതിന് അനുകൂലമായും പ്രതികൂലമായും ഉള്ള ചര്‍ച്ചകള്‍ എല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നു.
സാവധാനം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയാണ്. ഇനി ജാഗ്രതയോടെ മുന്നോട്ട് പോവണം. തികച്ചും പുതിയതായ ഈ രോഗം മൂലം ഉണ്ടായ പരിതഃസ്ഥിതിയെ നാം നേരിടേണ്ടത് നവീന രീതിയില്‍ തന്നെയാണ്. ഈ രോഗം മാറിയാലും ലോകം പഴയതുപോലെ ആവില്ല. ജനങ്ങളുടെ ജീവിതത്തെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരിക എളുപ്പമല്ല. പുതിയ വീഥിയിലൂടെ, ദൃഢനിശ്ചയത്തോടെ നാം ഒരുമിച്ച് മുന്നേറണം.
ഭാരതത്തിന്റെ കൊറോണക്കെതിരായുള്ള പോരാട്ടം മറ്റ് രാജ്യങ്ങളുടേതില്‍ നിന്നും വിഭിന്നമാണ്. ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഭരണകൂടാധികാരമാണ് എല്ലാറ്റിനും മുകളിലുള്ളത്. സമൂഹത്തിലെ എല്ലാ വ്യവസ്ഥകളും അധികാര ശക്തിയെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇത്തരം രാജ്യങ്ങള്‍ ക്ഷേമരാഷ്ട്രം എന്ന പേരിലറിയപ്പെടുന്നത്. ഇത്തരം ആപല്‍ഘട്ടങ്ങളില്‍ സര്‍ക്കാരും ഭരണവ്യവസ്ഥകളുമെല്ലാം സക്രിയമാവുകയും ഗവണ്‍മെന്റുകള്‍ സജീവമായി ഇടപെടുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഭാരതം ഇതില്‍ നിന്നൊക്കെ വിഭിന്നമാണ്. ഭാരതത്തിന്റെ സമ്പ്രദായമനുസരിച്ച് സമാജത്തിന് സ്വതന്ത്ര അസ്തിത്വവും ഊടും പാവുമുണ്ട്. സമാജത്തിന് അതിന്റേതായ ചില വ്യവസ്ഥകളുമുണ്ട്. രവീന്ദ്രനാഥ ടാഗൂര്‍ തന്റെ ‘സ്വദേശി സമാജം’ എന്ന ലേഖനത്തില്‍ ഇപ്രകാരം പറയുന്നു. ”ക്ഷേമരാഷ്ട്രം” ഭാരതത്തിന്റെ പാരമ്പര്യമല്ല. ഭാരതത്തില്‍ ചില പ്രധാന കാര്യങ്ങളാണ് രാജ്യത്തെ ആശ്രയിച്ചിരിക്കുന്നത്. ബാക്കി കാര്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍, സമാജത്തിന് രാജ്യത്തെ ആശ്രയിക്കാതെ തന്നെ ചില വ്യവസ്ഥകളുണ്ട്.” രാജ്യത്തെ വളരെ കുറച്ച് മാത്രം ആശ്രയിക്കുന്ന സമാജമാണ് ‘സ്വദേശി സമാജ’ മെന്ന് രവീന്ദ്രനാഥ് ടാഗൂര്‍ വ്യക്തമായി പറയുന്നു. ആചാര്യ വിനോബാ ഭാവെ പറയുന്നു; ”നമ്മള്‍ അടിമകളായിരുന്നപ്പോള്‍ ഭരണകൂടാധികാരമായിരുന്നു. ഇപ്പോള്‍ നമ്മള്‍ സ്വതന്ത്രരായിരിക്കുന്നു. ഇനി ജനങ്ങളുടെ ശക്തിയെ ഉണര്‍ത്തേണ്ട സമയമാണ്.” സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി രാജ്യത്തെ കൂടുതല്‍ ആശ്രയിക്കുന്ന സമാജം പ്രവര്‍ത്തനരഹിതവും ദുര്‍ബ്ബലവുമാകുന്നു എന്നുകൂടി വിനോബാ ഭാവെ വ്യക്തമാക്കുന്നു.
1947 ആഗസ്റ്റ് 15ന് ബ്രിട്ടീഷ് അടിമത്തത്തില്‍ നിന്ന് സ്വതന്ത്രയായ ഭാരതം 1950 ജനുവരി 26ന് സ്വന്തം ഭരണഘടന സ്വീകരിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ സ്വതന്ത്രമായ ഭരണഘടന സ്വീകരിച്ച ‘നമ്മുടെ’ സ്ഥായീഭാവം തന്നെയാണ് നമ്മുടെ യഥാര്‍ത്ഥ തനിമ. ഇവിടെ വൈദേശിക ആക്രമണങ്ങള്‍ ഉണ്ടാവുകയും നമ്മുടെ രാജാക്കന്മാര്‍ പരാജയപ്പെടുകയും നമുക്ക് വിദേശികളുടെ ഭരണത്തിന്‍ കീഴില്‍ കഴിയേണ്ടിവരികയും ചെയ്തു. പക്ഷേ ‘നമ്മള്‍’ ഒരിക്കലും പരാജയപ്പെട്ടില്ല.
‘നമ്മള്‍’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഈ സമാജം അഥവാ നമ്മുടെ രാഷ്ട്രം ആണ്. പാശ്ചാത്യരുടെ നേഷന്‍ സ്റ്റേറ്റില്‍ നിന്നും വിഭിന്നമാണ് ‘നമ്മള്‍’ എന്ന് മനസ്സിലാക്കണം. മുന്‍ രാഷ്ട്രപതി ഡോ. പ്രണബ് മുഖര്‍ജി, സംഘ സ്വയംസേവകരെ അഭിസംബോധന ചെയ്തുകൊണ്ട് നാഗ്പ്പൂരില്‍ നടത്തിയ പ്രസംഗത്തില്‍ ഇപ്രകാരം പറഞ്ഞിരുന്നു. ”പാശ്ചാത്യരുടെ രാജ്യത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രസങ്കല്പവും ഭാരതീയ ജീവിതദൃഷ്ടിയെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രം എന്ന ഭാരതീയ സങ്കല്പവും വിഭിന്നമാണ്.” അതുകൊണ്ട് ഭാരതത്തില്‍ മനുഷ്യനിര്‍മ്മിതമോ അല്ലെങ്കില്‍ പ്രകൃതി നിര്‍മ്മിതമോ ആയ ദുരന്തങ്ങളുണ്ടായാല്‍, അതിനെ നേരിടാനും പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരുവാനും സമൂഹം എപ്പോഴും സക്രിയമായി രംഗത്തുണ്ടാവും.
കൊറോണ വൈറസിനാല്‍ സംജാതമായ ഇന്നത്തെ പ്രതിസന്ധി ഘട്ടത്തില്‍ ഭരണസംവിധാനങ്ങള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ എല്ലാം തന്നെ തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. സാംക്രമിക രോഗമായ കൊറോണ തങ്ങള്‍ക്കും പകര്‍ന്നേക്കാം എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവര്‍ കര്‍മ്മനിരതരാവുന്നത്. ഇവരില്‍ നിരവധിപേര്‍ രോഗബാധിതരായി; ചിലര്‍ക്ക് ജീവഹാനി വരെ സംഭവിച്ചു. അതുകൊണ്ട് അവരെ ‘കൊറോണ-യോദ്ധാക്കള്‍’ എന്ന് വിശേഷിപ്പിക്കുന്നത് തികച്ചും ശരിയാണ്. സമാജത്തിലെ എല്ലാ വിഭാഗവും സൈന്യവും പോലീസുമൊക്കെ ഇവരുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചിട്ടുണ്ട്. ഈ യോദ്ധാക്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഇത് ഇവരുടെ ഭരണപരമായ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത് എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ എത്രമാത്രം താല്പര്യത്തോടും നിഷ്ഠയോടും സമര്‍പ്പണഭാവത്തോടും കൂടിയാണ് ഇവര്‍ ഈ ജോലി ചെയ്തുകൊണ്ടിരിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ട വിഷയം തന്നെയാണ്. അതിനാല്‍ ഇവരുടെ പ്രവര്‍ത്തനം ആദരിക്കപ്പെടുക തന്നെ വേണം.
സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരോടൊപ്പം, സമൂഹത്തിലെ വലിയൊരു വിഭാഗം തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയും ഭാരതം മുഴുവന്‍, ആദ്യദിനം തൊട്ട് ഇന്നുവരെ സക്രിയരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അവരുടെ ഉത്തരവാദിത്തത്തിന്റെ ഭാഗമല്ല; ഈ നിസ്വാര്‍ത്ഥ സേവനത്തിന് പകരമായി അവര്‍ തിരിച്ചൊന്നും പ്രതീക്ഷിക്കുന്നുമില്ല. ‘എന്റെ സമാജം വിപത്തില്‍ അകപ്പെട്ടിരിക്കുമ്പോള്‍ സഹായിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്’ എന്ന സാമാജിക ഉത്തരവാദിത്തബോധത്തില്‍ നിന്ന്, സമാജം എന്റേതാണ് എന്ന ഭാവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇവര്‍ കര്‍മ്മനിരതരാവുന്നത്. ‘വയം രാഷ്ട്രാംഗഭൂതാ’ എന്ന സങ്കല്പം ഇതുതന്നെയാണ്. വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ സമയത്ത് ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ മുഴുകുന്നതും പകര്‍ച്ചവ്യാധിയുടെ സമയത്ത് രോഗം പിടിപെടാം എന്നറിഞ്ഞുകൊണ്ട് തന്നെ പ്രവര്‍ത്തന നിരതരാവുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. സമാജത്തിന്റെ സജീവമായ ഈ പങ്കാളിത്തം ഭാരതം മുഴുവന്‍ ഒരുപോലെയാണ്. ഇത് നമ്മുടെ ഉണര്‍ന്നിരിക്കുന്ന, സക്രിയമായ രാഷ്ട്രശക്തിയുടെ തെളിവാണ്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 4,80,000 സ്വയംസേവകര്‍ അരുണാചല്‍ പ്രദേശ് തൊട്ട് കാശ്മീര്‍, കന്യാകുമാരി വരെയുള്ള 85,701 സ്ഥലങ്ങളിലായി സേവാഭാരതി വഴി 1,10,55,000 കുടുംബങ്ങള്‍ക്ക് റേഷന്‍ കിറ്റ് എത്തിച്ചിട്ടുണ്ട്. 7,11,46,000 ഭക്ഷണപ്പൊതികള്‍ അവശ്യസ്ഥലങ്ങളില്‍ വിതരണം ചെയ്തു. ഏകദേശം 63 ലക്ഷത്തോളം മാസ്‌ക്കുകള്‍ വിതരണം ചെയ്തു. വിഭിന്ന സംസ്ഥാനങ്ങളില്‍ കഴിയുന്ന 13 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സഹായം നല്‍കി. 40,000 യൂണിറ്റ് രക്തംദാനം നല്‍കി. പ്രവാസി തൊഴിലാളികളെ സഹായിക്കുന്നതിന് വേണ്ടി, 1341 കേന്ദ്രങ്ങളിലൂടെ 23,65,000 പ്രവാസി തൊഴിലാളികള്‍ക്ക് ഭക്ഷണവും ഒരു ലക്ഷം പേര്‍ക്ക് മരുന്നും മറ്റ് അനുബന്ധ വൈദ്യസേവനങ്ങളും നല്‍കി. നാടോടികള്‍, നാടോടി ഗായകര്‍, ആരാധനാലയങ്ങളെ ആശ്രയിച്ച് കഴിയുന്ന കുരങ്ങ് മുതലായ പക്ഷിമൃഗാദികള്‍, പശുക്കള്‍ തുടങ്ങിയവയ്‌ക്കെല്ലാം സേവാഭാരതി പ്രവര്‍ത്തകരുടെ സഹായം ലഭിച്ചു. പഠനാര്‍ത്ഥം നഗരങ്ങളിലെത്തി അവിടെ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ സഹായിച്ചു. ഉത്തര പൂര്‍വ്വാഞ്ചലിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഹെല്‍പ് ലൈന്‍ തയ്യാറാക്കി. അവര്‍ക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അവസരം ഒരുക്കി. അമ്പലം തുടങ്ങിയ ആരാധനാലയങ്ങളില്‍ ഭിക്ഷ യാചിച്ച് ജീവിതം നയിച്ചിരുന്നവരെ സഹായിക്കാനും സേവാഭാരതി മടി കാണിച്ചില്ല. ഗവണ്‍മെന്റ് ഏത് പാര്‍ട്ടിയുടേതായാലും അതൊന്നും നോക്കാതെ, എല്ലാം സംസ്ഥാനങ്ങളിലും ഭരണകൂടത്തിന് ആവശ്യമായ പിന്തുണ സ്വയംസേവകര്‍ നല്‍കി. ജനക്കൂട്ടത്തെ നിയന്ത്രിക്കല്‍ (ക്രൗഡ് മാനേജ്‌മെന്റ്), തിരിച്ച് പോകുന്ന തൊഴിലാളികളുടെ പേര് രേഖപ്പെടുത്തല്‍ (രജിസ്‌ട്രേഷന്‍) തുടങ്ങിയ അനേകം കാര്യങ്ങള്‍ ഭരണകൂടങ്ങളുടെ ആഹ്വാനമനുസരിച്ച് പല സ്ഥലങ്ങളിലായി സ്വയംസേവകര്‍ ചെയ്തുകൊണ്ടിരിക്കുന്നു. മറ്റ് സന്നദ്ധ സംഘടനകളുമായി സഹകരിച്ച്, റെഡ് സോണുകളില്‍ ചെന്ന് ഒരു ലക്ഷത്തോളം പേരുടെ സ്‌ക്രീനിംഗ് നടത്തുകയും രോഗലക്ഷങ്ങള്‍ കാണിക്കുന്ന വ്യക്തികളെ കൂടുതല്‍ പരിശോധനയ്ക്കായി ഭരണകൂടത്തെ ഏല്‍പ്പിക്കുകയും ചെയ്തു.
സംഘം മാത്രമല്ല അനേകം സാമുദായിക സംഘടനകളും മതസ്ഥാപനങ്ങളും മഠങ്ങളും ഗുരുദ്വാരകളും ഈ സാമൂഹിക യജ്ഞത്തില്‍ പങ്കാളികളായി. ഇത് ഭരണകൂടത്തിന് പുറമെ സമൂഹത്തിന് സ്വന്തമായുള്ള വ്യവസ്ഥയാണ്. ഞങ്ങള്‍ രാഷ്ട്രത്തിന്റെ ഭാഗമാണ് എന്ന ഭാവം ഉള്ളില്‍ ഉള്ളതുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്. വിവിധ ഭാഷകള്‍ സംസാരിക്കുന്നവരും വ്യത്യസ്ത ജാതികളില്‍ പെട്ടവരും വിവിധ ദേവതകളെ ഉപാസിക്കുന്നവരും ഭാരതത്തില്‍ വിവിധ ഇടങ്ങളിലായി താമസിക്കുന്നവരും ആയ ഈ സമാജം അഥവാ നമ്മള്‍ ഒന്നാണ്, പണ്ടുകാലം തൊട്ടുതന്നെ നാം ഒന്നാണ് എന്ന ബോധം ഉള്ളിലുള്ളതുകൊണ്ടാണ് ഇതൊക്കെ സാധ്യമാവുന്നത്. ഞാന്‍ ഈ വിരാട സങ്കല്പത്തിന്റെ ഭാഗമാണ് എന്ന ബോധമാണ്, സ്വജീവന്‍ പണയപ്പെടുത്തിയും, യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ, സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള പ്രേരണ നല്‍കുന്നത്. ഏത് ജാതിയില്‍ പെട്ട ആളായാലും ഭാരതത്തിലെ ഏത് സംസ്ഥാനത്ത് വസിക്കുന്ന ആളായാലും നിരക്ഷരനാണെങ്കിലും അഭ്യസ്തവിദ്യനാണെങ്കിലും ധനികനാണെങ്കിലും ദരിദ്രനാണെങ്കിലും ഗ്രാമീണനാണെങ്കിലും നഗരവാസിയാണെങ്കിലും വനവാസിയാണെങ്കിലും ഇവരൊക്കെ എന്റെ സ്വന്തം സമാജത്തിന്റെ ഭാഗമാണ് എന്ന ഭാവം ഉണ്ടാവുന്നതിനെയാണ് രാഷ്ട്രജാഗരണം എന്നു പറയുന്നത്. ഞാന്‍, എന്റെ കുടുംബം, അയല്‍വാസികള്‍, ഗ്രാമം, നഗരം, സംസ്ഥാനം, രാജ്യം, ലോകം, സമ്പൂര്‍ണ്ണ ചരാചരങ്ങള്‍ ഇവയെല്ലാം എന്റെ ചൈതന്യത്താല്‍ വിസ്തൃതവും വികസിതവുമാകേണ്ട പരിധിക്കുള്ളില്‍ ഉള്‍പ്പെടുന്നു. ഇവയ്ക്കിടയില്‍ സംഘര്‍ഷം വേണ്ട; കാരണം ഇവയെല്ലാം പരസ്പരപൂരകമാണ്. ഇവയ്ക്കിടയില്‍ സമന്വയം ഉണ്ടാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഇതാണ് ഭാരതത്തിന്റെ സനാതനവും ആദ്ധ്യാത്മികാധിഷ്ഠിതവുമായ ഏകാത്മ കാഴ്ചപ്പാട്. ആയിരക്കണക്കിന് വര്‍ഷങ്ങളായി, ഭാരതത്തിന് ലോകത്തിനു മുന്നില്‍ വിശിഷ്ടസ്ഥാനം നേടിക്കൊടുത്തത് ഈ വിചിന്തനമാണ്. ഈ കാരണം കൊണ്ടാണ് ‘നമ്മള്‍’ ഇതിന്റെ വ്യത്യസ്ത യൂണിറ്റുകളുമായി ചേര്‍ന്ന്, എന്റെ സ്വന്തമാണ് എന്ന പരിധിയെ കൂടുതല്‍ വിസ്തൃതമാക്കിക്കൊണ്ടിരിക്കുന്നത്. ‘എന്റേത്’ എന്ന ഈ ബോധമാണ്, ആപത് ഘട്ടങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാനുള്ള സ്വാഭാവിക പ്രേരണ നല്‍കുന്നത്. ഇങ്ങനെ സമാജത്തിന്റെ ഊടും പാവും നെയ്യുകയും സമാജം ശക്തിപ്പെടുകയും ചെയ്യുന്നു.
(തുടരും)
വിവ: ഡോ.പി.വി. സിന്ധുരവി