പ്രപഞ്ചത്തിന്റെയും നമ്മുടെ ജീവിതത്തിന്റെയും ആധാരചക്രം ഭൂമിയാകുന്നു. പഞ്ചഭൂതങ്ങളില്‍ ഏറ്റവും സ്ഥൂലമായ പൃഥ്വിയില്‍ നിന്നാണ് മനുഷ്യന്റെ ചിന്തകള്‍ ആരംഭിക്കുന്നത്. ‘അച്ഛന്‍ പിറന്ന വീട്’ എന്ന കാവ്യത്തിന്റെ ആമുഖവും പ്രവേശകവും പിന്നിട്ട് നാമെത്തുന്ന ആദ്യ അദ്ധ്യായമായ ‘അങ്കണം’ പൃഥ്വീതത്ത്വത്തിന്റെ പ്രകാശനമാണ്. ‘അങ്കണം’ എന്ന വാക്ക് അങ്കത്തെ ഓര്‍മ്മിപ്പിക്കുന്നു. അമ്മയുടെ മടിത്തട്ടെന്നും യുദ്ധമെന്നും അതിനു രണ്ടര്‍ത്ഥമുണ്ടല്ലോ. മണ്ണ് ഇതു രണ്ടുമാണ്. സ്‌നേഹവാത്സല്യങ്ങളോടെ നമ്മെ താങ്ങിനിര്‍ത്തുന്ന പ്രകൃതിയുടെ മടിത്തട്ടാണ് മണ്ണ്. എന്നാല്‍ വലിയ യുദ്ധങ്ങളുടെ കാരണമായും അതുമാറുന്നു എന്നത് മനുഷ്യന്റെ ദുര്യോഗവും. അമ്മയുടെ മടിത്തട്ടില്‍ ഉണ്ണിയെന്നതുപോലെ മുറ്റത്തിന്റെ മടിത്തട്ടിലാണല്ലോ വീട് ചമഞ്ഞിരിക്കുന്നത്. അങ്കണം എന്ന അദ്ധ്യായത്തിന്റെ അടരുകള്‍ അന്വേഷിക്കുമ്പോള്‍ ഇത്തരം ഭാവനകള്‍ താനേ മുളച്ചു തുടങ്ങും.
‘അങ്കണം’ മൂന്നു ഖണ്ഡങ്ങളായി വിഭജിച്ചിരിക്കുന്നു. ആദ്യഖണ്ഡത്തില്‍ ‘മണ്ണില്‍ നടക്കുക’ എന്ന നിര്‍ദ്ദേശമാണുള്ളത്. മണ്ണ് നഗ്നമായ സത്യമാണ്. മണ്‍തരികളില്‍ ശ്രദ്ധിച്ചു നോക്കിയാല്‍ തിളങ്ങുന്ന വജ്രമണിയുണ്ടാവും. അതുകണ്ടെടുക്കുകയാണ് മണ്ണില്‍ നടക്കുന്നതിന്റെ ലക്ഷ്യം. മണ്ണില്‍ ചവുട്ടി നടക്കുമ്പോള്‍ മൂന്നു ശ്രദ്ധകള്‍ കവി ആവശ്യപ്പെടുന്നുണ്ട്. കാലങ്ങളുടെ കാല്പാടുകളാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നമുക്ക് മുമ്പ് ഇവിടെ നടന്നിരുന്നവരുടെ കാലടികള്‍ പതിഞ്ഞു കിടക്കുന്നതു ശ്രദ്ധിക്കുമ്പോള്‍ ‘മണ്ണ്’ ചരിത്രമായി മാറുന്നു. മണ്‍തരികളില്‍ നക്ഷത്രങ്ങളുടെ പ്രഭ കാണാമെന്നും പ്രപഞ്ചോല്പത്തി മുതല്‍ ജീവിതത്തിന്റെ നിരന്തര പരിണാമമുദ്രകള്‍ മണ്ണില്‍ അടയാളപ്പെട്ടുകിടക്കുന്നുവെന്നും പറയുമ്പോള്‍ മണ്ണ് ശാസ്ത്രമാകുന്നു. മനസ്സിന്റെ വേരു പടര്‍ന്നു കിടക്കുന്ന മണ്ണെന്നു കുറിയ്ക്കുമ്പോള്‍ അതു സംസ്‌കാരത്തിന്റെ ചിത്രവുമാകുന്നു. ചരിത്രവും ശാസ്ത്രവും സംസ്‌കാരവും മുദ്രിതമായി കിടക്കുന്ന തറവാടിന്റെ തിരുമുറ്റത്തേക്ക് കുട്ടികള്‍ നഗ്നപാദരായി നടന്നുവരണമെന്നാണ് അച്ഛന്‍/ആഖ്യാതാവ് ആഗ്രഹിക്കുന്നത്. ”മണ്ണില്‍ത്തൊടാന്‍ യോഗമില്ലാത്ത മാളികപ്പൂക്കളാണ്” ഇന്നത്തെ കുരുന്നുകള്‍. പെറ്റമണ്ണിനെ പേടിക്കേണ്ടെന്നും മണ്ണിന് അയിത്തമില്ലെന്നും ഈ മണ്ണിന്റെ താളമായി മാറാന്‍ കാലൂന്നി മണ്ണില്‍ നടക്കണമെന്നും പുതുതലമുറയെ കവി ഉദ്‌ബോധിപ്പിക്കുന്നു.
പഞ്ചഭൂതങ്ങളില്‍ മണ്ണിന്റെ ഗുണം മണമാണ്. ‘ഗന്ധവതി പൃഥ്വി’ എന്നു ശബ്ദശാസ്ത്രം. ‘മണക്കുന്ന മണ്ണ്’ എന്ന രണ്ടാം ഖണ്ഡത്തില്‍ ഓര്‍മ്മയുടെ പുരാതനഗന്ധം മുതല്‍ ജീവന്റെ വാസനകള്‍ വരെയുള്ള ഗന്ധഭേദങ്ങളിലൂടെ ഉള്ളിലും പുറത്തുമുള്ള പൃഥ്വീതത്ത്വത്തെ അന്വേഷിക്കുകയാണ്. ശരീരം മാത്രമല്ല, മനസ്സും മണ്ണിന്റെ സൂക്ഷ്മതന്മാത്രകളാല്‍ നിര്‍മ്മിതമാണെന്ന് തിരിച്ചറിയുന്നു. മലയാളമനസ്സിന്റെ ഗൃഹാതുരസ്മരണകളായി വന്നെത്തുന്ന ഗന്ധവിസ്മയങ്ങള്‍ ശ്രദ്ധിക്കുക.
”വീട്ടുമുറ്റത്തിളവെയില്‍ കാഞ്ഞു നീങ്ങവേ
കൂട്ടിനെത്തുന്ന മണങ്ങളെന്തൊക്കെയോ!
പുന്നെല്ലുവെന്തമണമുഴവുള്ളപാടത്തു
കൊഴുനാവുതൊട്ടാല്‍ത്തുടിയ്ക്കുന്ന ചെളിമണം
…. ………. ………. ……
പച്ചിലയും വേരുമെണ്ണകാച്ചും മണം
പപ്പടം ചുട്ടപോല്‍ പാമ്പിന്റെ വായ്മണം
മുറ്റം മെഴുകിയ ചാണകത്തിന്‍ മണം
മുറ്റമടിയ്ക്കുന്ന കാറ്റിന്‍ കൊഴുന്തുമണം
അന്തിവരമ്പത്തിഴയുമിരുട്ടിന്റെ
തൊണ്ടയില്‍ത്തേട്ടുന്ന പാട്ടിന്റെ പുളിമണം.”
നല്ലതും നല്ലതല്ലാത്തതുമായ ഗന്ധങ്ങളുടെ മഹാവനത്തില്‍ നിന്ന് ചില ശാശ്വത സുഗന്ധങ്ങള്‍ പ്രത്യേകം ഓര്‍ത്തെടുക്കുന്നുണ്ട്. എന്നും വിളക്കുകൊളുത്തിവെച്ച് അമ്മ ഉള്ളില്‍ തെളിയിച്ച വാക്കിന്റെ നെയ്മണം ആത്മാവോളം ആഴത്തില്‍ അടയാളപ്പെട്ടുകിടക്കുന്നു. കാലംകൊണ്ട് ഗന്ധങ്ങളിലും മാറ്റം വരാം. ചീഞ്ഞമണങ്ങള്‍ പ്രിയംകരമായിവരുന്ന കെട്ടകാലത്തിലാണ് നാം ജീവിക്കുന്നത്. ദുര്‍ഗന്ധങ്ങള്‍ ചീര്‍ത്തുപെരുകി സുഗന്ധങ്ങളെശ്വാസം മുട്ടിക്കുമ്പോഴും ആര്‍ക്കും ഹിതകരമായ ”അമ്മത്തുളസി മണക്കാതിരിക്കുമോ” എന്ന പ്രത്യാശയാണ് കവിയ്ക്കുള്ളത്.
മണം നഷ്ടപ്പെടുമ്പോഴാണ് മനസ്സ് മലിനപ്പെടുന്നത്. ജീവന്റെ വാസനകള്‍ ദുഷിച്ചു തുടങ്ങുമ്പോള്‍ ജീവിതം കെട്ടുതുടങ്ങുന്നു. ”മനസ്സല്ലോ പരിസര, മതുശുദ്ധീകരിക്ക നാം” എന്ന കുഞ്ഞുണ്ണിമാസ്റ്ററുടെ നിരീക്ഷണം ശ്രദ്ധേയമാണ്. ഇന്ന് ഭൗതികമായ പരിസരശുദ്ധീകരണം കൊണ്ട് മിക്കവരും തൃപ്തിപ്പെടുന്നു. വാസ്തവത്തില്‍ സൂക്ഷ്മപ്രപഞ്ചമായ മനസ്സിലാണ് മലിനീകരണം ആദ്യം സംഭവിക്കുന്നത്. അതിന്റെ ബഹിര്‍ഗമനം മാത്രമാണ് പരിസരമലിനീകരണം. മണ്ണും മനസ്സും രണ്ടല്ലെന്നും വാസനാഗുണത്താല്‍ നിയന്ത്രിക്കപ്പെടുന്ന പൃഥ്വീതത്ത്വങ്ങളാണിവ രണ്ടുമെന്ന് ഉറപ്പിക്കുന്ന മഹാവാക്യങ്ങളാണ് നാം പരിചയപ്പെട്ടത്.
‘മണ്ണിനോടെന്തു ചോദിക്കും’? എന്ന മൂന്നാം ഖണ്ഡം ഒരു വിലാപവും വീണ്ടെടുക്കലുമാണ്. മണ്ണിന്റെ മക്കള്‍ പരസ്പരം കലഹിച്ച് കുലം കെടുത്തിയ വിഭജനങ്ങളുടെ ദുഃഖകഥകള്‍ നാം കേള്‍ക്കുന്നു.
”ഉണ്ടപാത്രങ്ങളടിച്ചുടച്ചും, കണി-
കണ്ടവിളക്കുകെടുത്തിയും, ഉള്ളുറ-
ക്കുത്താത്തൊരോലകള്‍ തീയിലിട്ടും, കണ്ട-
തത്രയും തോണ്ടിപ്പൊളിച്ചു വിറ്റും, നട-
ക്കല്ലും പിഴുതുപൊടിതട്ടിയന്യോന്യ-
മില്ലാതെയെന്നേ പിരിഞ്ഞതല്ലേ!”
ഇതിഹാസവും ചരിത്രവും നിത്യജീവിതാനുഭവങ്ങളും ആവര്‍ത്തിച്ചു കേള്‍പ്പിക്കുന്ന വിഭജനകഥകളാണ് മണ്ണിനു പറയുവാനുള്ളത്. അമ്മയുടെ മടിത്തട്ടായി ആശ്രയമരുളിയ മണ്ണ് അങ്കക്കലിയൊടുങ്ങാത്ത ദുരന്തഭൂമിയായി മാറുന്നു. ചുവടുറപ്പിച്ചു നില്‍ക്കാന്‍ ഇനിവരുന്ന തലമുറയ്ക്ക് തന്റെ നെഞ്ചത്തെ ഒരു നുള്ളു മണ്ണുമാത്രമെന്ന വിലാപം ഒരു ചരമഗീതത്തോളം ഘനസാന്ദ്രമായ ദുഃഖമാണ്. എന്നാല്‍ അവിടെയും അഭയമാവുന്നത് അമ്മയാണ്. സനാതനം എന്ന വാക്കുകൊണ്ടു മാത്രം വാഴ്ത്താവുന്ന ഈ മണ്ണിന്റെ മഹത്ത്വത്തെ വീണ്ടെടുക്കുവാന്‍ കാലം തോറും അവതാരങ്ങളുണ്ടാകുമെന്ന ബോധം അമ്മയാണ് പകരുന്നത്. വിലാപങ്ങളില്‍ നിന്ന് വീണ്ടെടുപ്പുകളിലേക്കാണല്ലോ ഓരോ അവതാരവും വളരുന്നത്. മത്സ്യ, വരാഹാവതാര സൂചനകളിലൂടെ ഭൂമിയെ – പൃഥ്വീതത്ത്വത്തെ. ആസുരത്വങ്ങളില്‍ നിന്നുയര്‍ത്തിയെടുക്കുക എന്ന നവോത്ഥാന സന്ദേശം വരികളില്‍ അന്തര്‍ലീനമാണ്.
”അമ്മ വരുന്നു, പറഞ്ഞുതരുന്നു, ‘നിന്‍
മണ്ണടല്‍ മോഹപ്രളയത്തിലാണ്ടുപോയ്,
ആസുരത്വങ്ങളൊളിപ്പിച്ച പൃഥ്വിയെ
ഭാസുരചിത്തമുയര്‍ത്തിയെടുക്കണം
മിന്നുന്ന മീനിന്‍ വികാരമായ്പ്പായുക
വാക്കിന്‍ വരാഹകിരണമായ് ചെല്ലുക.”
ഈ യുഗധര്‍മ്മം നിര്‍വ്വഹിക്കുവാന്‍ ഒരു ദേവതയും വരാനില്ല. സ്വയം ദേവനായി മാറുകയാണ് മാര്‍ഗ്ഗം. മണ്ണ് അതിന്റെ ഉള്ളില്‍ ഒളിപ്പിച്ചിരിക്കുന്ന വജ്രകണം ഈ സന്ദേശമാണ്. കാലത്തിന്റെ കെടുതികളെ അതിജീവിക്കുന്നവരാണ് അവതാരങ്ങള്‍. മണ്ണിന്റെ തനിമയില്‍ ഉറച്ചുനിന്ന് മണ്ണുപകരുന്ന ചരിത്രവും ശാസ്ത്രവും സംസ്‌കാരവും സ്വാംശീകരിച്ചുവളര്‍ന്ന് സ്വയം അവതാരമായി ഉയരുവാന്‍ പുതിയ തലമുറയ്ക്കു വരമരുളുകയാണ് കവി.
കിണറിന്റെ ആഴം
മുറ്റത്തെച്ചെപ്പ് എന്നു കടങ്കഥകളില്‍ ഒളിപ്പിച്ചുപിടിക്കുന്ന ഒരു പൊരുളുണ്ട് കിണറിന്. ആ ചെപ്പില്‍ സൂക്ഷിച്ചിരിക്കുന്നത് ഏറ്റവും വിലയേറിയ രത്‌നമാണ്. അടപ്പില്ലാതെ തുറന്നു കിടക്കുന്ന വിശിഷ്ടമായ ചെപ്പിന്റെ ദിവ്യാത്ഭുതങ്ങളിലേക്കു നമ്മെ നയിക്കുന്ന കിണര്‍ എന്ന രണ്ടാമദ്ധ്യായം ജലതത്ത്വത്തിന്റെ വെളിപാടുകളാണ്. അങ്കണത്തില്‍ ഒരു കിണര്‍ എന്ന നാട്ടു വാസ്തുവിന്റെ ഘടന സ്വാഭാവികതയോടെ പിന്തുടര്‍ന്ന് പൃഥ്വീതത്ത്വത്തില്‍ നിന്നു നാം ജലതത്ത്വത്തിലെത്തുന്നു. ഋഗ്വേദത്തിലെയും അഥര്‍വവേദത്തിലെയും മഹാനാരായണോപനിഷത്തിലെയും മന്ത്രങ്ങള്‍ കൊണ്ട് കിണറിനു രക്ഷ കെട്ടിയിരിക്കുന്നു. കവിതയില്‍ വൈദികമന്ത്രങ്ങള്‍ ഇത്രയേറെ ഉരുക്കഴിച്ചിട്ടുള്ള മറ്റൊരു കവിയും ഇന്നില്ല. ആധുനിക പരിസ്ഥിതി വിജ്ഞാനത്തിന്റെ ഏതു സീമകളെയും എന്നേ സ്പര്‍ശിച്ചു കഴിഞ്ഞ വൈദികസംസ്‌കൃതി ഉദാഹരണസഹിതം പരിചയപ്പെടുവാന്‍ ഈ ഉദ്ധരണികള്‍ സഹായിക്കുന്നുണ്ട്.
കിണര്‍ എന്ന രണ്ടാം അദ്ധ്യായവും മൂന്നുഖണ്ഡങ്ങളായി വിഭജിച്ചിട്ടുണ്ട്. ”കുപ്പിവെള്ളം നുണഞ്ഞ മത്സ്യങ്ങളേ” എന്നാരംഭിക്കുന്ന പ്രഥമ ഖണ്ഡത്തിന് ‘നീരുകോരുക’ എന്നു ശീര്‍ഷകം. സൂര്യനില്‍ നിന്നുദ്ഭവിച്ച് അന്തരീക്ഷങ്ങളില്‍ പ്രവഹിച്ച് ഭൂമിയുടെ ജീവകോശങ്ങളില്‍ പാലമൃത് ചുരത്തുന്ന നീരെന്ന മഹാത്ഭുതത്തെ കവി വാക്കുകളിലേക്കാവാഹിക്കുന്നു. അമ്മയെപ്പോലെ ശീതളവും നിര്‍മ്മലവുമായ ജന്മതീര്‍ത്ഥമാണ് ജലം. അതുതന്നെയാണ് വാക്കായി പിറക്കുന്നത്. ആകാശഗംഗയില്‍ നിന്നു ജലമെന്നപോലെ ആത്മഗംഗയില്‍ നിന്നു വാക്കും ഉദ്ഭവിക്കുന്നു.
അച്ഛനെപ്പോലെ, അമ്മയെപ്പോലെ പച്ചവെള്ളത്തെയും വിശ്വസിച്ചിരുന്ന നല്ലകാലത്തിന്റെ തോറ്റങ്ങള്‍ ഉള്ളില്‍ ഉണരുകയാണ്. പാറയൂറ്റ് കൈകോട്ടിക്കുടിച്ചതും ആറ്റുവെള്ളം വയറ്റില്‍ നിറച്ചതുമായ സഹജജീവിതം ഇന്ന് താളം തെറ്റിയിട്ടുണ്ട്. വാക്കും വെള്ളവും വിഷമയമായി. വിശ്വാസത്തിന്റെ നീരും ഊറ്റിയെടുത്തു വിഷം നിറച്ചു. കണ്ണുനീര്‍ഗ്രന്ഥിയും വറ്റി. ചോര വറ്റിയ കാമധേനുവിനെ, കശാപ്പുകാര്‍ ചീന്തിയിട്ട അതിന്റെ മുലക്കാമ്പിനെ ചൂണ്ടിക്കാട്ടി യഥാര്‍ത്ഥ്യത്തിന്റെ ഭീകരദൃശ്യം കവി അവതരിപ്പിക്കുന്നു.
എങ്കിലും ഉള്ളിലെ വറ്റാപ്പഴങ്കിണറിന്റെ തീരത്തേക്ക് അച്ഛന്‍ മക്കളെ ക്ഷണിക്കുകയാണ്. ആ ഉള്‍ക്കിണറിലേക്കു നോക്കിയാല്‍ അന്തമില്ലാത്ത വിശ്വപ്പെരുങ്കടല്‍ തന്നെ കാണാന്‍ സാധിക്കുന്നു. ആത്മജ്ഞാനത്തിന്റെ നീരുറവയാല്‍ ഈ വിശ്വത്തെ ആകെ നനയ്ക്കുവാന്‍ അച്ഛന്‍ മക്കളെ അനുഗ്രഹിക്കുന്നു.
‘മഹാതീര്‍ഥ’മെന്ന രണ്ടാംഖണ്ഡത്തില്‍ കിണറിന്റെ ഉദ്ഭവത്തെക്കുറിച്ച് ഒരു കല്പിതകഥ സംഗ്രഹിച്ചിരിക്കുന്നു. ആദിമുത്തച്ഛന്‍ ഓട്ടുവാല്‍ക്കിണ്ടിയില്‍ ഓതിവച്ച പുണ്യാഹം കുഞ്ഞിന്റെ കാല്‍തട്ടി ഒഴുകിപ്പരന്നതാണ് പ്രപഞ്ചമെങ്ങുമുള്ള ജലസാന്നിദ്ധ്യം. ദേവലോകത്തും പിതൃലോകത്തും അനുഗ്രഹം ചൊരിഞ്ഞ് ”അംബരത്തിന്‍ ജടയ്ക്കുള്ളിലൂടെയീയങ്കണക്കിണര്‍ പാളയില്‍” വന്നു ഭൂമിയേയും അനുഗ്രഹിച്ചു. എല്ലാ ഉറവകളിലൂടെയും ഊറുന്നത് ഒരേ ജലമാകയാല്‍ ജലത്തിന് വെവ്വേറെ ഉടമസ്ഥരില്ല. വിലയ്ക്കു വില്‍ക്കുവാനുള്ളതുമല്ല. ”എന്റെ വെള്ളമെടുത്തുകുടിക്കയാല്‍ ഏട്ടനോടു വഴക്കിട്ട” സംഭവം കവി ഓര്‍മ്മിക്കുന്നു. വഴക്കു തീര്‍പ്പാക്കിയ അമ്മ പറഞ്ഞത് ഇങ്ങനെയാണ്.
”എന്തിനായ് പോരടിക്കുന്നു മക്കളേ
എന്റെ വെള്ളമെന്നൊന്നില്ല നമ്മളില്‍
ഏതുവെള്ളം തിളയ്ക്കിലും വറ്റുമേ
ഏറെ നീറിത്തിളച്ചുതൂവൊല്ല നാം”
നാം ജീവിക്കുന്ന കാലത്തെ ‘വേരുണങ്ങുന്നകാലം’ എന്നു വിശേഷിപ്പിക്കുന്നു. ആര്‍ദ്രത എല്ലായിടത്തും നഷ്ടമാവുകയാണ്. ബന്ധങ്ങളുടെ ചോരകൂടി ഊറ്റിക്കുടിക്കുന്ന മഹാദാഹകാലത്തില്‍ ആറും അരുവിയും എവിടെത്തിരയാനാണ്! പുഴയെക്കുറിച്ചുള്ള നേരിയ ഓര്‍മ്മപോലും കുളിരണിയിക്കുന്ന കവിഹൃദയം ഇങ്ങനെ പാടുന്നു.
‘കുന്നിറങ്ങിക്കുണുങ്ങിക്കുറുമ്പിയായ്
വന്നു മുന്നിലൂടോടുന്ന പൂമ്പുഴ
നീര്‍ച്ചിലമ്പിട്ടു തുള്ളിയും പാടിയും
നായ്ക്കാരിമ്പിനെ കൊഞ്ഞനം കുത്തിയും
നാട്ടിലെല്ലാം വിശേഷം തിരക്കിയും
വീട്ടിലൊക്കെയും ചെന്നു പൂ നല്‍കിയും
കാട്ടുതേനില്‍ നീലക്കൊടുവേലി വേര്‍
തൊട്ടരച്ചതു നീളേ വിളമ്പിയും
ആരുടേയും വിഴുപ്പുകള്‍ വാങ്ങിയും
ആരുടേയും മനസ്താപമാറ്റി
പുഞ്ചിരിച്ചും കരഞ്ഞും കലമ്പിയും
പാഞ്ഞുപോകും മലയത്തിയാംപുഴ”
ബാഹ്യമായ ഈ പുഴപോലെ ആന്തരികമായും ഒരു പുഴയുണ്ട്. ജലതത്ത്വം രസഗുണപ്രധാനമാണ്. പഞ്ചേന്ദ്രിയങ്ങളില്‍ നാവാണ് ജലസ്ഥാനം. കയ്പും മധുരവും എരിവും പുളിയും ഉപ്പും ചവര്‍പ്പുമായി നമുക്കു രസം പകരുന്ന ഉമിനീരെന്ന പയസ്വിനി ഉള്ളില്‍ പ്രവഹിക്കുന്നു. ദഹനരസമായി നാഭിയില്‍ മുഴങ്ങുന്നു. അതുതന്നെ നാവിലൂടെ വാക്കായി വിളങ്ങുന്നു. അതിനാല്‍ വെള്ളവും വാക്കും അശുദ്ധമാവാതെ കാക്കണം എന്നാണ് നിര്‍ദ്ദേശം. സൂര്യനില്‍ ഭാരതിയായും അന്തരീക്ഷത്തില്‍ സരസ്വതിയായും ഭൂമിയില്‍ ഇളാരൂപിണിയായും പ്രകാശിക്കുന്ന വാക്ഗംഗയെയാണ് കിണറെന്ന ചെപ്പ് ഉള്ളില്‍ വഹിക്കുന്നത്.
കിണറിന്റെ മൂന്നാംഖണ്ഡം ”മഴയാകുന്നതെപ്പോള്‍” എന്ന ഭാവഗീതമാണ്. ഭൂമിയ്ക്കുമേല്‍ ആകാശത്തിന്റെ അനുഗ്രഹമായി പെയ്യുന്ന മഴയെ കവികള്‍ വിവിധ വാങ്മയങ്ങളാല്‍ പുകഴ്ത്താറുണ്ട്. മഴയ്ക്ക് നൂറായിരം മനുഷ്യഭാവങ്ങള്‍ കല്പിക്കാറുമുണ്ട്. മധുസൂദനന്‍ നായര്‍ക്ക് മഴ നാം ആയിത്തീരാനുള്ള അവസ്ഥയാണ്. ”നമ്മള്‍ തന്നെയീ വിണ്‍മഴക്കാറുകള്‍, നമ്മള്‍ തന്നെയീ മാരിയും മിന്നലും എന്ന തിരിച്ചറിവാണ്. ജീവിതം എടുക്കാനുള്ളതല്ല, കൊടുക്കാനുള്ളതാണ് എന്ന ദിവ്യബോധം ഉണര്‍ന്നു കഴിയുമ്പോള്‍ നമ്മള്‍ ഓരോരുത്തരും മഴയായി മാറും. ”ജീവിതം മഴയാകുന്നതെപ്പോഴാണ്” എന്ന് ആവര്‍ത്തിക്കുന്ന വരികള്‍ക്ക് മൂന്നുത്തരങ്ങള്‍ കവി നല്‍കുന്നുണ്ട്. ‘ഉണര്‍വ്’ എന്ന ബോധോദയമാണ് ആദ്യത്തേത്. ‘തുളുമ്പുക’ എന്ന ശക്തിയാണ് അടുത്തത്. ‘അലിയുക’ എന്ന കാരുണ്യമാണ് മൂന്നാമത്തേത്. സത്, ചിത്, ആനന്ദം എന്നിങ്ങനെ വൈദികഭാഷയില്‍ പരമ്പൊരുളിനെ മൂന്നായി പിരിക്കുന്നത് ഓര്‍മ്മയില്‍ വരുന്നു. ശോകഹതമായ ലോകത്തെ ബോധവും ശക്തിയും കാരുണ്യവും കൊണ്ടു പരിചരിക്കാന്‍ ശീലിക്കുമ്പോള്‍ നമ്മള്‍ മഴയായി മാറും. ഏത് ഉന്നതസ്ഥാനവും തൃണവദ്ഗണിച്ച് ഏതു കുഴിയിലേക്കും എടുത്തുചാടും. ജീവന്റെ ഉദ്ഗതിയ്ക്കായി സ്വയം താഴേക്കു പതിക്കും. സമര്‍പ്പണത്തിന്റെ ദിവ്യ ജീവിതം നാം മഴയില്‍ നിന്നു പഠിക്കുക. ഉപനിഷദ്‌വാണികള്‍ പോലെ ഉരുക്കഴിച്ചു പഠിക്കേണ്ടുന്ന ‘മഴ സൂക്തം’ ഇങ്ങനെയാണ്:
”മഞ്ഞുതുള്ളിതൊടുമ്പോഴോ, പ്രാണനില്‍
കണ്ണുനീരുനിറഞ്ഞു പൂക്കുമ്പോഴൊ
ജീവിതം മഴയാകുന്നതെപ്പൊഴാ-
ണീവിധം നാമുണര്‍ന്നുപോകുമ്പൊഴേ?
ഉള്ളുതിങ്ങിക്കുതിര്‍ന്നുപോകുമ്പൊഴോ?
ഓര്‍മ്മയായ്ക്കാറ്റുവന്നുലയ്ക്കുമ്പൊഴോ
ജീവിതം മഴയാകുന്നതെപ്പൊഴാ-
ണീവിധം നാം തുളുമ്പി നില്‍ക്കുമ്പൊഴോ?
തുള്ളിയായിട്ടുതിര്‍ന്നു വീഴുമ്പൊഴോ
തുള്ളികള്‍ ചേര്‍ന്നലിഞ്ഞൊഴുകുമ്പൊഴോ
ജീവിതം മഴയാകുന്നതെപ്പൊഴാ-
ണാകെയും നാമലിഞ്ഞുതീരുമ്പൊഴോ?
‘നീറിയാല്‍ മനം പെയ്യാതിരിക്കുമോ?’,
‘ഈറനില്ലാതെ ജീവിതം പൂക്കുമോ’ എന്നിങ്ങനെ പഴഞ്ചൊല്ലിന്റെ നനവൂറുന്ന മൊഴിമുത്തുകള്‍ കൊണ്ടു സമ്പന്നമാണ് ഈ ഭാവഗീതം.
(തുടരും)