‘അവള്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ ഹരീഷ് മരിച്ചതോടെ കൂലിപ്പണിയെടുത്താണ് ഞാന്‍ അവളെയും അനിയത്തി അനഘയെയും അനിയന്‍ ശ്രീഹരിയേയും വളര്‍ത്തിയതും പഠിപ്പിച്ചതും. അമ്മയുടെ കഷ്ടപ്പാട് മാറും. ഈ കുടുംബത്തിന്റെ ഭാരം ഞാന്‍ ചുമക്കും. പഠിച്ച് ഐഎഎസുകാരിയാവും എന്നും അവള്‍ പറയാറുണ്ടായിരുന്നു. വെറുതെ പറഞ്ഞതല്ല, പത്താംക്ലാസില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ്. പ്ലസ്ടുവിന് സയന്‍സില്‍ 90 ശതമാനം മാര്‍ക്കോടെ വിജയം. സയന്‍സില്‍ ബിരുദമെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും അവള്‍ സാഹിത്യം തിരഞ്ഞെടുത്തത് ഐഎഎസുകാരിയാവാനായിരുന്നു. ചരിത്രത്തിന്റെ ഭാഗമായ ബ്രണ്ണന്‍ കോളജില്‍ നിന്നുതന്നെ ബിരുദം നേടണമെന്നത് മോഹമായിരുന്നു. കോളേജില്‍ പഞ്ചഗുസ്തി ചാമ്പ്യന്‍, വനിതാക്രിക്കറ്റ് ടീമിലും കബഡിയിലും താരമായിരുന്നു. കൂടാതെ എന്‍സിസി കേഡറ്റും. എനിക്ക് ഒരു തെറ്റുപറ്റിയാല്‍ എന്റെ മുന്നില്‍ നിന്ന്് അത് തുറന്നുകാട്ടാന്‍ ചങ്കൂറ്റം കാട്ടിയ മോളാ…ആ മോള് ആത്മഹത്യ ചെയ്യുമെന്ന്് ഞാന്‍ വിശ്വസിക്കണോ…അവളെ ഗോവയില്‍ കൊല്ലാന്‍ കൊണ്ടുപോയതാ…”അമ്മ മിനി പറഞ്ഞു
കഴിഞ്ഞ മെയ് 14 ന് രാവിലെയാണ് അഞ്ജനയുടെ മരണ വിവരം അമ്മ മിനി അറിയുന്നത്. രാവിലെ ഫോണെടുത്തപ്പോള്‍ രാത്രി തുരുതുരായെത്തിയ നമ്പറില്‍ തിരിച്ചുവിളിച്ചപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന വിവരം അറിയുന്നത്. മറുതലയ്ക്കല്‍ അഞ്ജനയുടെ സുഹൃത്ത് ശബരിയായിരുന്നു. അഞ്ജന മരിച്ചു. അവള്‍ ആത്മഹത്യ ചെയ്തുവെന്നാണ് അമ്മയോട് ഒട്ടും സങ്കോചമില്ലാതെ അവന്‍ പറഞ്ഞത്.
ദുരൂഹമായ ഗോവന്‍ യാത്ര
ലോക്ഡൗണിന് മുന്‍പാണ് അഞ്ജനയും സുഹൃത്തുക്കളായ നസീമയും ആതിരയും ശബരിയും ഗോവയിലേക്ക് പോയത്. അതെന്തിനായിരുന്നുവെന്ന് ചോദിച്ചപ്പോള്‍ സ്‌ക്രിപ്റ്റ് എഴുതാനാണ് എന്നായിരുന്നു അഞ്ജന അമ്മയോട് പറഞ്ഞത്. മരിക്കുന്നതിന് തലേന്ന് അഞ്ജന അമ്മയെ വിളിച്ചിരുന്നു. കൂട്ടുകാര്‍ ശരിയല്ലെന്നും തനിക്ക് നാട്ടിലെത്തണമെന്നും കുടുംബത്തോടൊപ്പം ജീവിക്കണമെന്നും അവള്‍ അമ്മയെ അറിയിച്ചു. തന്നെ കൂട്ടിക്കൊണ്ടുപോകണമെന്നും അവള്‍ പറഞ്ഞു. ബന്ധുക്കളോടും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ ആയതിനാല്‍ ഗോവയിലെത്താന്‍ മാര്‍ഗ്ഗമില്ലായിരുന്നു. ലോക്ഡൗണ്‍ കഴിഞ്ഞ് 18ന് നാട്ടില്‍ വരാമെന്ന് പറഞ്ഞ് ഫോണ്‍വച്ചു. അവളുടെ ഫോണ്‍ നഷ്ടപ്പെട്ടതിനാല്‍ കൂട്ടുകാരി നസീമയുടെ ഫോണില്‍ നിന്നാണ് അഞ്ജന അമ്മയെ വിളിച്ചത്. ആ വിളിയുടെ പിറ്റേന്നാണ് അഞ്ജന മരിച്ചത്. താമസിക്കുന്നതിനു തൊട്ടരികെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് കൂട്ടുകാര്‍ പറഞ്ഞത്. കാണുമ്പോള്‍ മരിച്ചിട്ടില്ലായിരുന്നുവെന്നും അതിനാല്‍ ആശുപത്രിയില്‍ എത്തിച്ചുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ അഞ്ജന മരിച്ചിരുന്നു. ബന്ധുക്കളെ അവര്‍ വിവരമറിയിച്ചു. ഒരു ആംബുലന്‍സില്‍ അഞ്ജനയുടെ അച്ഛന്റെ അനുജനും ഒരുകുടുംബസുഹൃത്തും ഗോവയിലെത്തി. അവരിലൂടെയാണ് അഞ്ജനയുടെ മരണത്തിലെ ദുരൂഹത ലോകമറിയുന്നത്.
ഗോവ കലാങ്കൂട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കന്റോലിന്‍ ബാര്‍ഡോസ് എന്ന റിസോര്‍ട്ടില്‍ നസീമ, ആതിര, ശബരി എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം ഒരേ മുറിയിലാണ് അവള്‍ താമസിച്ചത്. 13ാം തീയതി രാത്രി മരിച്ചുവെന്നാണ് കൂട്ടുകാര്‍ പറഞ്ഞത്. താമസിക്കുന്നതിന് തൊട്ടടുത്ത് മരത്തില്‍ തൂങ്ങിമരിച്ചു. സുഹൃത്തിന്റെ ലുങ്കിയിലാണ് തൂങ്ങിയത്. അഞ്ജനയെ കാണാതായതോടെ പലയിടത്തും തിരഞ്ഞു. ഏറെ സമയം കഴിഞ്ഞ് താമസസ്ഥലത്തിന് തൊട്ടരികെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും അപ്പോള്‍ അവള്‍ക്ക് ജീവനുണ്ടായിരുന്നുവെന്നും അതിനാല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ മരിച്ചിരുന്നു. മെയ് പതിനാറാം തീയതിയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.
മരണത്തിന് ഒരു ദിവസം മുന്‍പ് അഞ്ജന അമ്മയേയും ബന്ധുക്കളേയും വിളിച്ചിരുന്നു. തന്നെ രക്ഷിക്കണമെന്നും കൂട്ടുകാര്‍ ശരിയല്ലെന്നും അവള്‍ പറഞ്ഞു. എന്തിനാണ് ഗോവയില്‍ പോയത് എന്ന ചോദ്യത്തിന് കോഴിക്കോട്ടെ താമസസ്ഥലം നഷ്ടപ്പെട്ടുവെന്നും സ്‌ക്രിപ്‌ററ് എഴുതാനാണ് ഗോവയിലെത്തിയതെന്നും അവള്‍ പറഞ്ഞു. ഇതിനിടെ മുന്നൂലക്ഷം രൂപയുടെ വിഹിതം ഇവള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷം രൂപ ബുള്ളറ്റ് വാങ്ങാനും. ബാക്കി തുക താമസസ്ഥ ലം ഒരുക്കാനുമെന്നുമാണ് പറഞ്ഞിരുന്നത്. ഈ പണം കൊടുക്കാത്തതിന്റെ അരിശവും അവള്‍ക്കുണ്ടായിരുന്നു. ലോക്ഡൗണ്‍ ആയതിനാല്‍ ഗോവയില്‍ നിന്ന് അവളെ കൂട്ടിക്കാണ്ടുവരാന്‍ നിര്‍വ്വാഹമില്ലായിരുന്നു. ലോക്ഡൗണ്‍ കഴിഞ്ഞ് താന്‍ വരുമെന്ന് ബന്ധുക്കളേയും അറിയിച്ചു. എന്നാല്‍ പിന്നീട് കേള്‍ക്കുന്നത് മരണവാര്‍ത്തയാണ്.
അമ്മത്തണലില്‍ അഞ്ജന
അച്ഛന്‍ മരിച്ചതോടെ അമ്മയുടെ തണലില്‍ വളര്‍ന്ന അഞ്ജന പ്രശസ്തര്‍ പഠിച്ച ബ്രണ്ണന്‍ കോളജ് തിരഞ്ഞെടുത്തത് ഐഎഎസ് മോഹം ഉള്ളിലൊളിപ്പിച്ചാണ്. പഠനത്തിനു പുറമെ പാഠ്യേതര വിഷയത്തിലും മികവുപുലര്‍ത്തിയ അഞ്ജന വനിത ക്രിക്കറ്റ്, കബഡി, പഞ്ചഗുസ്തി എന്നിവയിലെല്ലാം മികവു പുലര്‍ത്തിയിരുന്നു. രണ്ടാംവര്‍ഷത്തോടെയാണ് അവളില്‍ മാറ്റം കണ്ടുതുടങ്ങിയത്. മുടി മുറിച്ചുകൊണ്ടായിരുന്നു തുടക്കം. എന്‍സിസിക്ക് മുടി കെട്ടിവയ്ക്കാന്‍ ബുദ്ധിമുട്ടായതിനാലാണ് എന്നായിരുന്നു മറുപടി. പിന്നീട് തലമൊട്ടയടിച്ചു. താരനെന്നായിരുന്നു അതിന് കാരണം പറഞ്ഞത്.
ഇതിനിടെ ലഹരി ഉപയോഗിക്കുന്നതായി അമ്മയ്ക്ക് സംശയമുണ്ടായിരുന്നു. SEF,Queer community,സഹയാത്രിക തുടങ്ങിയ സംഘടനയില്‍ സജീവമായിരുന്ന അഞ്ജന ആയിടയ്ക്ക് തിരുവനന്തപുരം കുണ്ടറയില്‍ ഒരു എന്‍ജിഓയില്‍ (NGO) ജോലിക്ക് ചേര്‍ന്നു. ലാപ്‌ടോപ്പ് വാങ്ങാന്‍ പണം കണ്ടെത്താന്‍ എന്നായിരുന്നു മറുപടി. പിന്നീട് കോഴിക്കോട്ടേക്ക് മാറിയെന്നും അമ്മയെ അറിയിച്ചു. ശനിയാഴ്ച വീട്ടിലെത്താറുണ്ടായിരുന്ന അഞ്ജനയുടെ വരവ് കുറഞ്ഞു. അവസാനമായി കഴിഞ്ഞ ഓണത്തിനാണ് വീട്ടിലെത്തിയത്. ഇതിനിടെ മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കുടുംബം ശ്രമിച്ചു. ഒരു ദിവസം തന്ത്രപൂര്‍വ്വം അവളെ നാട്ടിലെത്തിച്ച് ലഹരി വിമുക്തകേന്ദ്രത്തിലാക്കി. രണ്ടരലക്ഷത്തോളം രൂപ ബാങ്ക്‌ലോണ്‍ എടുത്താണ് ചികിത്സിച്ചത്. ചികിത്സ തുടരുന്നതിനിടെ മുന്‍ നക്‌സല്‍ നേതാവ് അജിതയുടെ മകള്‍ ഗാര്‍ഗിയും കൂട്ടുകാരായ ശബാന, റോസ, നസീമ,ശബരി എന്നിവരും മിനിയുടെ കുടുംബവീട്ടില്‍ എത്തി അക്രമം നടത്തി. അഞ്ജന എവിടെയാണെന്ന് അറിയണം എന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം. ലഹരിയുടെ പിടിയിലായിരുന്നു അക്രമമെന്ന് ഇവര്‍ ഓര്‍ക്കുന്നു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ ഇവര്‍ കയറിയിറങ്ങി.
ലഹരിയില്‍ നിന്ന് മുക്തി
ചികിത്സ പൂര്‍ണ്ണമായി വീട്ടില്‍ എത്തിയ ദിവസം തെന്നയാണ് ബ്രണ്ണന്‍ കോളേജിലെ സുഹൃത്തുക്കളായ ജീനയും തീര്‍ത്ഥയും അവള്‍ക്ക് ഫോണ്‍ ചെയ്തത്. കോേളജില്‍ നടക്കുന്ന സെന്റോഫിന് എത്തണമെന്നായിരുന്നു കാള്‍. പിറ്റേന്ന് ഇവര്‍ക്കൊപ്പമാണ് തലശ്ശേരിക്ക് പോയത്. കോളേജില്‍ എത്തിയ ഉടനെ വീഡിയോകാള്‍ വഴി ജീന എത്തിയവിവരം അറിയിച്ചു. രാത്രി വീണ്ടും തീര്‍ത്ഥയെ വിളിച്ചപ്പോള്‍ പരിപാടിയുടെ ബഹളത്തില്‍ വീഡിയോ കോള്‍ ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു അവളുടെ മറുപടി. രാവിലെ അവള്‍ വീട്ടിലെത്തുമെന്നും പറഞ്ഞു. എന്നാല്‍ ആ സമയം ടെലി കോണ്‍ഫറന്‍സ് വഴി മകള്‍ തീര്‍ത്ഥയോട് സംസാരിക്കുന്നത് അമ്മ കേട്ടു. എടീ അമ്മയ്ക്ക് കോണ്‍ഫറന്‍സ് കാള്‍വഴിയാണ് സംസാരിക്കുന്നത് എന്നു മനസ്സിലാവും എന്നായിരുന്നു അത്. അടുത്ത ദിവസം രാവിലെ വീട്ടിലെത്തുമെന്ന് തീര്‍ത്ഥ പറഞ്ഞെങ്കിലും കാണാതായതോടെ അവള്‍ തലശ്ശേരിയില്‍ നിന്നു കടന്നതായി മനസ്സിലായി. പിന്നീട് ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ അഞ്ജന ഒപ്പമുണ്ടായിരുന്ന ഗാര്‍ഗിയോടോത്ത് പോകാന്‍ തയ്യാറായി. മകള്‍ക്ക് ഒരു പോറല്‍പോലും ഏല്‍പ്പിക്കില്ലെന്ന് എഴുതിക്കൊടുത്താണ്് ഗാര്‍ഗി അമ്മയില്‍ നിന്നും അവളെ അടര്‍ത്തിക്കൊണ്ടുപോയത്. പിന്നീട് ഗാര്‍ഗിക്കൊപ്പമാണ് അഞ്ജന കോഴിക്കോട് ചേവായൂരില്‍ കഴിഞ്ഞത്.
കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ വച്ച് അവിചാരിതമായി കണ്ടുമുട്ടിയ പ്രണോയ് പ്രസൂല്‍ എന്നയാള്‍ വഴിയാണ് ഗാര്‍ഗിയെ പരിചയപ്പെടുന്നത് എന്നാണ് അഞ്ജന പറഞ്ഞത്. പ്രണോയുമായി ബന്ധം അതിരുവിട്ടതോടെ വീട്ടുകാര്‍ ഇടപെട്ടിരുന്നു. ഇതിനിടെ അഞ്ജന ചിന്നുസുല്‍ഫിക്കര്‍ എന്ന പേര് സ്വീകരിച്ചു. വീട്ടില്‍ ചിന്നുവെന്നാണ് അഞ്ജനയെ വിളിച്ചിരുന്നത്. മതംമാറിയോയെന്ന് അമ്മ ചോദിച്ചപ്പോള്‍ സുല്‍ഫത്ത് എന്ന സുഹൃത്തിന് വേണ്ടി സുല്‍ഫിക്കര്‍ എന്ന ആണ്‍പേര് സ്വീകരിച്ചുവെന്നാണ് മറുപടി. അഞ്ജനയെ ആണ്‍പേരിട്ട് ട്രാന്‍സ് ജന്‍ഡറാക്കാനും മതംമാറ്റാനും ശ്രമം നടന്നോയെന്നും വീട്ടുകാര്‍ സംശയിക്കുന്നു. പേരുമാറ്റത്തില്‍ ഒട്ടേറെ നിഗൂഢതകള്‍ ഒളിഞ്ഞിരിപ്പുളളതായി വീട്ടുകാര്‍ കരുതുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അഞ്ജന തുടര്‍ച്ചയായി പ്രകൃതിവിരുദ്ധമായും അല്ലാതെയും ലൈംഗികമായി ഉപയോഗിക്കപ്പെട്ടതായി പറയുന്നു. കൈകാലുകളിലും ചുണ്ടിലും പരുക്കിന്റെ അടയാളമുണ്ട്. അഞ്ജനയുെട മരണം ആത്മഹത്യയാക്കാനാളള ബോധപൂര്‍വ്വമായ ശ്രമം ഈ സംഘങ്ങള്‍ നടത്തിയിരുന്നു. അഞ്ജന ആത്മഹത്യാപ്രവണതയുള്ള കുട്ടിയാണ് എന്നായിരുന്നു ഗാര്‍ഗി ഉള്‍പ്പെടെയുള്ളവരുടെ വാദം. വീട്ടുകാരുടെ മാനസിക പീഡനമാണ് കാരണമെന്നും അവര്‍ പറഞ്ഞുപരത്തി. ചില അര്‍ബന്‍ നക്‌സല്‍ പ്രവര്‍ത്തകരും മതമൗലികവാദ സംഘടനകളും ഇത് പ്രചരിപ്പിച്ചു. വീട്ടുകാര്‍ക്കെതിരെ ഫേസ് ബുക്കില്‍ ലൈവ് ഇടാനും അവളെ പ്രേരിപ്പിച്ചതായി വീട്ടുകാര്‍ പറയുന്നു.
അതേസമയം ഇത് കൊലപാതകമാണെന്ന നിലപാടിലാണ് വീട്ടുകാര്‍. അഞ്ജന ഒടുവില്‍ വിളിച്ചപ്പോള്‍ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടിരുന്നു. അമ്മ പറയുന്നതുപോലെ ജീവിക്കാം, അനിയനും അനിയത്തിയും ഇല്ലാതെ എനിക്ക് കഴിയില്ലെന്നും അവള്‍ പറഞ്ഞു. എന്നാല്‍ അടുത്ത ദിവസം തൂങ്ങി മരിച്ചതായി വിവരം ലഭിച്ചു. കൂട്ടുകാരെയാണ് അവര്‍ സംശയിക്കുന്നത്. ലഹരി ഉപയോഗിച്ച് അബോധാവസ്ഥയില്‍ ആക്കിയശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാവാമെന്ന നിലപാടിലാണ് ബന്ധുക്കള്‍. ഫോറന്‍സിക് വിദഗ്ദ്ധരും അത്തരം ഒരു സാധ്യത തള്ളിക്കളയുന്നില്ല. ആത്മഹത്യയാണെങ്കിലും കൊലപാതകമാണെങ്കിലും അതിനു കാരണം അറിയണം. രാസപരിശോധനയിലൂടെ മാത്രമെ അത് പുറത്തുകൊണ്ടുവരാനാകൂ. പൊലീസിന്റെ അന്വേഷണമികവാണ് ഇനി പ്രധാനം.
നിയമവഴിയില്‍ അമ്മപ്പോരാട്ടം
ഗോവ കലങ്കൂട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കന്റോലിന്‍ ബര്‍ഡോസ് റിസോര്‍ട്ടിലാണ് അഞ്ജനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നിഗൂഢ സംഘത്തിന്റെ വലയില്‍ പെട്ട് വീടുവിട്ട മകളെ തിരിച്ചുകിട്ടാന്‍ അമ്മ മിനി ഒരുപാട് ശ്രമിച്ചിരുന്നു. മകള്‍ ആത്മഹത്യചെയ്യില്ലെന്നും കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുതായും ചൂണ്ടിക്കാട്ടി മിനി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നല്‍കി. ബലാല്‍സംഗവും ലൈംഗിക ചൂഷണവും ഉള്‍പ്പെടെ ഒട്ടേറെ കുറ്റകൃത്യങ്ങള്‍ മകളോട് ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മരണത്തിനു രാജ്യവിരുദ്ധ, സാമൂഹ്യ വിരുദ്ധ ശക്തികളുടെയും ലഹരി മാഫിയാ സംഘത്തിന്റെയും കൈകള്‍ കാരണമായതായി ഇവര്‍ പറയുന്നു. മുന്‍ നക്‌സല്‍ നേതാവ് കെ.അജിതയുടെ മകള്‍ ഗാര്‍ഗി, അഞ്ജനയക്ക് ഒപ്പം ഗോവയില്‍ എത്തിയ നസീമ, ആതിര, ശബരി തുടങ്ങി 13 പേരുടെ പേരുവിവരങ്ങള്‍ എടുത്തു പറഞ്ഞ് ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും രാജ്യവിരുദ്ധ പ്രവര്‍ത്തനവും ഉള്‍പ്പെടെ അഞ്ജനയുടെ മരണത്തിനു പിന്നില്‍ ഉണ്ടെന്നും പരാതിയില്‍ പറയുന്നു. കുറ്റമറ്റ അന്വേഷണത്തിലൂടെ മാത്രമെ ഇക്കാര്യം പുറത്തുകൊണ്ടുവരാന്‍ കഴിയൂ. താന്‍ ഉള്‍പ്പെടെ ഒട്ടേറെ അമ്മമാരുടെ കണ്ണീരിന് ശമനമുണ്ടാകണം. ഇവരുടെ വലയില്‍ ഇനിയും വിദ്യാര്‍ത്ഥികളുടെ ജീവിതം ഹോമിക്കപ്പെടാതെ സംരക്ഷണം ഉറപ്പുവരുത്താന്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് മിനി പ്രധാനമന്ത്രിക്ക് കത്തു നല്‍കിയത്. ഇതിനുപുറമെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ദേശീയ, സംസ്ഥാന വനിത കമ്മിഷന്‍, ഇരുസംസ്ഥാനങ്ങളിലേയും ഡിജിപിമാര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
വീടുകളിലെ അരക്ഷിതാവസ്ഥ മുതലെടുത്ത് അത്തരക്കാരെ ലഹരിയുടെയും ലൈംഗിക അരാജകത്വത്തിന്റെയും രാജ്യവിരുദ്ധതയുടെയും വഴിയിലേക്ക് നയിക്കുന്ന സംഘടിതമായ ഒരുവിഭാഗം ക്യാംപസുകളില്‍ സജീവമാണ്. അര്‍ബന്‍ നക്‌സലുകളും ഫെമിനിസ്റ്റുകളും മതമൗലിക ശക്തികളുമെല്ലാം ഇവിടെ ഒരുമിക്കുന്നു. കുടുംബബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ കൂട്ടുകെട്ടുകളില്‍ സുരക്ഷിതത്വം കണ്ടെത്തുന്ന കുട്ടികള്‍ക്കുള്ള മുന്നറിയിപ്പാണ് അഞ്ജനയുടെ മരണം. അഞ്ജന ആദ്യസംഭവമല്ല, പക്ഷെ അവസാനത്തേതാവാന്‍ അന്വേഷണസംഘവും സാംസ്‌കാരിക കേരളവും ഉണര്‍ന്നു പ്രവര്‍ത്തിക്കണം.