ശ്രേഷ്ഠകാവ്യത്തിന്റെ ലക്ഷണം എന്തായിരിക്കും? അതില്‍ വാക്കുകള്‍ മന്ത്രങ്ങളായി മാറും എന്ന് അരവിന്ദമഹര്‍ഷി നിരീക്ഷിച്ചിട്ടുണ്ട്. വാക്കുകള്‍ മന്ത്രമാവുന്ന അനുഭൂതി എഴുത്തച്ഛന്റെ കിളിപ്പാട്ടുകളില്‍ നാം അറിയുന്നു. അഗാധവും അമേയവുമായ ആശയങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ കുമാരനാശാന്റെ മൊഴികള്‍ മന്ത്രതുല്യമാവാറുണ്ട്. മനനത്തിലൂടെ നമ്മെ ധ്യാനത്തിലേക്കും ഉണര്‍വിലേക്കും നയിക്കുന്ന വാങ്മയം എന്ന അര്‍ത്ഥത്തില്‍ മഹത്തായ കാവ്യങ്ങളിലെല്ലാം മന്ത്രത്തിന്റെ സ്പര്‍ശം ഉണ്ടാവും. ഋഷിയും ദേവതയും ഛന്ദസ്സുമുള്ള ദിവ്യമന്ത്രങ്ങളാല്‍ സ്ഫുടം ചെയ്‌തെടുത്ത ആധുനിക കവിതയിലെ ഉപനിഷത്താണ് പ്രൊഫ. വി. മധുസൂദനന്‍ നായരുടെ ‘അച്ഛന്‍ പിറന്ന വീട്.’
എല്ലാ ഉപനിഷത്തുകള്‍ക്കും സരളമായ ഒരു കഥാഭാഗമുണ്ട്, സംവാദത്തിന്റെ സാധ്യത സൃഷ്ടിക്കുക മാത്രമാണ് അതിന്റെ ലക്ഷ്യം. ‘അച്ഛന്‍ പിറന്ന വീടി’ന്റെ പ്രാരംഭത്തിലും അങ്ങനെയൊരു കഥാസന്ദര്‍ഭം കാണുന്നു. കഥയിലെ കുട്ടികള്‍ അവരുടെ അവധിക്കാലം ആഘോഷിക്കുകയാണ്. ഒരു കൗതുകത്തിന് അവര്‍ അച്ഛന്റെ തറവാട് എവിടെയാണെന്നു തിരക്കുന്നു. അവധിക്കാലം അവിടെ ചെലവഴിക്കാം എന്നു ചിന്തിക്കുന്നു. ഇതു കേള്‍ക്കുന്ന അച്ഛന്റെ അന്തരാത്മാവില്‍ ഒരു മിഴിതുറന്നുപോകുന്നു. തന്റെ ലോകവും തന്റെ കാലവും അവിടെ തെളിയുകയാണ്. നന്മകളാല്‍ സമൃദ്ധമായിരുന്ന ആ നാട്ടിന്‍പുറം ഇന്നെവിടെ! അഴുക്കുചാലുകളും വിളക്കുകാലുകളുമുള്ള നഗരമാണ് ചുറ്റിലും. അവിടെ ചിറകില്ലാക്കിളികളായി പളുങ്കുകൂട്ടില്‍ അടയ്ക്കപ്പെടുന്ന കുട്ടികള്‍. പുറംചായപ്പുളപ്പില്‍ തിളങ്ങുന്ന കുമിളജന്മങ്ങള്‍. തനിരൂപം നഷ്ടപ്പെടുത്തി പലതായി ചിതറുന്ന മനുഷ്യര്‍. ഇവയ്ക്കിടയില്‍ എവിടെയാണ് താന്‍ പിറന്ന വീട് എന്ന് അച്ഛന്‍ അമ്പരക്കുന്നു. എങ്കിലും അങ്ങനെ ഒന്നുണ്ട്. സനാതനമായ നന്മ ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇവയ്‌ക്കെല്ലാമടിയില്‍ അദൃശ്യമായി ആ പഴയമണ്ണ് പതയ്ക്കുന്നുണ്ട്. ഒരു കുഞ്ഞു മനസ്സിന്റെ ദൂരം മാത്രമുള്ള ആ നന്മയിലേക്ക് തന്റെ മക്കളുമായി ഒരച്ഛന്‍ നടത്തുന്ന ആത്മസഞ്ചാരമായിട്ടാണ് കാവ്യം ഇതള്‍ വിരിയുന്നത്.
ഇവിടെ മൂന്നുകാര്യങ്ങള്‍ അപഗ്രഥിച്ച് ഉറപ്പിക്കേണ്ടതുണ്ട്. ഒന്നാമതായി, ഇതു വീടുതേടിയുള്ള യാത്രയാണ്. താമസിക്കുന്ന വീടല്ല, പിറന്ന വീടാണ് അന്വേഷിക്കുന്നത്. ഉണ്മയിലേക്കുള്ള യാത്രയില്‍ സ്ഥലകാലങ്ങള്‍ക്കു പ്രസക്തിയില്ല. അച്ഛന്‍ രൂപപ്പെട്ട ഇടത്തേക്കുള്ള സഞ്ചാരം ഓരോ ജീവന്റെയും അസ്തിത്വാന്വേഷണം കൂടിയാണ്. അതിനാല്‍ പിറന്ന വീടുതേടിയുള്ള യാത്ര ആത്മവിദ്യയുടെ അടയാളമായി നാം തിരിച്ചറിയണം.
അച്ഛനും മക്കളുമാണ് ഇവിടെ കഥാപാത്രങ്ങള്‍. തായ്ത്തടിയും ചില്ലകളും തമ്മിലുള്ള സംവാദം. പൂക്കളും പൂമ്പാറ്റകളുമുള്ള വര്‍ണലോകത്തുനിന്ന് മണ്ണറകളിലെ വേരുകള്‍ തേടിയുള്ള അന്തര്‍യാത്ര. നിലനില്‍പ്പിന്റെ ആധാരചക്രങ്ങള്‍ ഇളമുറക്കാര്‍ക്കു പരിചയപ്പെടുത്തേണ്ടത് മുതിര്‍ന്ന തലമുറയുടെ ധര്‍മ്മമാണ്. ആയിരത്താണ്ടുകളായി ഒരു സമൂഹം ജീവിച്ചറിഞ്ഞ നേരുകളാണ് മൂല്യങ്ങള്‍. ശാശ്വതമായ ജീവിതമൂല്യങ്ങള്‍ പാലിച്ചും ശീലിച്ചും വളരാനുള്ള സങ്കേതമാണ് വീട്. ഏതു ബിരുദത്തേക്കാളും വരുമാനമാര്‍ഗ്ഗത്തേക്കാളും പ്രധാനമാണ് സ്വന്തം വേരുകളെക്കുറിച്ചുള്ള അവബോധവും അഭിമാനവും. അച്ഛന്റെ സ്വത്തുവകകളോടൊപ്പം ഈ പാരമ്പര്യബോധം കൂടി പങ്കുവച്ചു നല്‍കേണ്ടതാണ്. അങ്ങനെ, ഒരച്ഛന്‍ മക്കള്‍ക്കു നല്‍കുന്ന പൈതൃകസമ്പാദ്യത്തിന്റെ വില്‍പ്പത്രമായിക്കൂടി ഈ കാവ്യത്തെ അഭിദര്‍ശിക്കാം.
അവധിക്കാലത്താണ് ഇങ്ങനെയൊരു അഭിമുഖം സംഭവിക്കുന്നത്. ഔപചാരിക വിദ്യാഭ്യാസത്തിനപ്പുറത്താണ് ജീവിതത്തിന്റെ ശാശ്വത പാഠങ്ങളുള്ളത്. ജീവിത നൈപുണികളും പാരമ്പര്യ വഴക്കങ്ങളും പകര്‍ന്നുകിട്ടുന്ന സുവര്‍ണാവസരമാണ് അവധിക്കാലം. ഇന്ന് സെമസ്റ്റര്‍ സിസ്റ്റവും ക്രാഷ്‌കോഴ്‌സുകളും മറ്റുംചേര്‍ന്ന് പൊതുഅവധിക്കാലത്തെ നാശോന്മുഖമാക്കിയിരിക്കുകയാണ്. യന്ത്രങ്ങളോടൊപ്പം ജീവിച്ച് മനസ്സും യന്ത്രമായിത്തീര്‍ന്ന കുട്ടികള്‍ ഈ കവിയുടെ നിത്യനൊമ്പരമാണ്. ‘ബാലശാപങ്ങള്‍’ വിരചിച്ച തൂലികകൊണ്ട് സഫലബാല്യത്തിന്റെ വരചിത്രമെഴുതുകയാണ് ഈ കാവ്യത്തില്‍. തറവാട്ടിലേക്കുള്ള യാത്രയിലൂടെ കുട്ടികളുടെ അവധിക്കാലത്തെ അര്‍ത്ഥവത്താക്കുന്ന പിതാവ് അനൗപചാരിക മൂല്യവിദ്യാഭ്യാസത്തിന്റെ ഉത്തമമാതൃകയാവുന്നുണ്ട്.
‘അച്ഛന്‍ പിറന്ന വീട്’ ഏതാണ്? മുന്‍തലമുറ നിവസിച്ചിരുന്ന പരിഷ്‌ക്കാരം കുറഞ്ഞ, മിക്കതും ജീര്‍ണിച്ച കെട്ടിടങ്ങളാണോ? സമ്പാദ്യം കുറവാണെങ്കിലും നേരും നെറിയുമുള്ള ഗ്രാമീണ ജനതയുടെ നിഷ്‌ക്കളങ്ക ജീവിതമാണോ? പുസ്തകജ്ഞാനമില്ലെങ്കിലും ഈശ്വരഭക്തിയും പ്രകൃതി പരിജ്ഞാനവും വേണ്ടുവോളം ഉണ്ടായിരുന്ന പൂര്‍വികരുടെ ഹൃദയശുദ്ധിയാണോ? ‘വീട്’ മണ്ണും മരവും കൊണ്ടു നിര്‍മ്മിച്ച ജഡവസ്തുവല്ല, സംസ്‌കാരത്തെ രൂപപ്പെടുത്തുന്ന ജൈവസാന്നിദ്ധ്യമാണ് എന്ന തിരിച്ചറിവ് ഈ കാവ്യം ആവശ്യപ്പെടുന്നുണ്ട്.
‘ആര്യ’ ശബ്ദത്തിന്റെ തദ്ഭവമാണ് അച്ഛന്‍. ശ്രേഷ്ഠമായ വൈദിക സംസ്‌കൃതിയെ സൂചിപ്പിക്കുന്ന ആര്‍ഷപദമായി ആര്യശബ്ദത്തെ മാനിക്കുക. അങ്ങനെ നോക്കുമ്പോള്‍ അച്ഛന്‍ പിറന്നവീട്’ആര്യാവര്‍ത്തം’ തന്നെ. സമസ്തലോകങ്ങള്‍ക്കും സുഖം കാംക്ഷിച്ച് ജീവിതം യജ്ഞമാക്കിയ ആര്‍ഷഭൂമിയുടെ പൈതൃകം തേടി ആധുനികനായ കവി നടത്തുന്ന ആത്മീയതീര്‍ത്ഥാടനമാണ് ഈ കാവ്യം.
പഞ്ചഭൂതാത്മകമായ പ്രപഞ്ചമാണ് സര്‍വ്വചരാചരങ്ങളുടെയും വീട്. ഈ ധാരണയുള്ളതുകൊണ്ട് ഓരോവീടും പ്രപഞ്ചത്തിന്റെ സൂക്ഷ്മരൂപമായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു. പഞ്ചഭൂതോപാസനയുടെ ഹൃദയമറിഞ്ഞ കവി വീടിനെ അഞ്ചുഭാഗങ്ങളായി വിന്യസിക്കുന്നു. ‘ഭൂമീതത്ത്വം’ ‘അങ്കണ’മെന്ന ഖണ്ഡമായി വികസിക്കുന്നു. ജലതത്ത്വം ‘കിണറാ’ യും അഗ്നിതത്ത്വം ‘അടുക്കള’ യായും വായുതത്ത്വം ‘ഉമ്മറ’ മായും ആകാശതത്ത്വം ‘വിളക്കാ’യും പ്രത്യക്ഷീകരിച്ചിരിക്കുന്നു. ഓരോ ഖണ്ഡവും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നുതലങ്ങളായി വീണ്ടും വിഭജിക്കുന്നുണ്ട്. ഇപ്രകാരം അഞ്ചുഗോപുരങ്ങളും പതിനഞ്ചു നിലകളുമുള്ള വിസ്മയ ഗേഹമായി കാവ്യം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നു. കഥാംശം വിവരിക്കുന്നു ‘പൂമുഖ’വും കാവ്യസംഗ്രഹമുള്‍പ്പെടുന്ന ‘തായ്‌വീടും’ കൂടിച്ചേര്‍ന്ന് ആകെ പതിനേഴു ഭാഗങ്ങളുണ്ട്. ഓരോ ഭാഗവും തുറന്നു കയറുവാന്‍ അര്‍ഹതയളക്കുന്ന താക്കോലുകള്‍ പോലെ വൈദിക സൂക്തകങ്ങള്‍ നിബന്ധിച്ചിരിക്കുന്നു. ആകെക്കൂടി നോക്കുമ്പോള്‍ കാവ്യം തന്നെ സ്ഥാപത്യ വിദ്യയായി പരിണമിക്കുന്ന ചാരുത നമ്മെ അദ്ഭുതപ്പെടുത്തും. ആ വിശ്വകര്‍മ്മപ്രസാദം ആവോളം അനുഭവിച്ചുകൊണ്ട് കാവ്യഗൃഹത്തിലേക്കു പ്രവേശിക്കുക.
അമ്മയുടെ അനുഗ്രഹം
‘പൂമുഖം’ പിന്നിട്ട് ‘തായ്‌വീട്ടി’ ലെത്തുമ്പോള്‍ അവിടെ അമ്മയുണ്ട്. ബൃഹദാരണ്യകോപനിഷത്തിലെ ഗൃഹസൂക്തം ഉരുവിട്ടുകൊണ്ട് ധ്യാനനിര്‍ഭരചിത്തനായി അങ്ങോട്ടു പ്രവേശിക്കുമ്പോള്‍ വീടിന്റെ പഴമയും പവിത്രതയും അമ്മ നമുക്കു പറഞ്ഞു തരുന്നു.
മനകെട്ടിത്തിരിക്കാത്ത തറവാടല്ലോ
മനസ്സോടി നടന്നാലും കടക്കില്ലല്ലോ
നിലവറ നിധിയാരുമളന്നിട്ടില്ല,
കലവറയൊരുന്നാളുമൊഴിഞ്ഞിട്ടില്ല.
ഭാരത പൂര്‍വ്വസംസ്‌കൃതിയുടെ അപരിമേയമായ പൈതൃക സമ്പത്താണ് ഈ വരികളില്‍ പ്രകീര്‍ത്തിതമാവുന്നത്. പുല്‍കളും പുഴുക്കളും കൂടി തന്‍ കുടുംബക്കാര്‍ എന്നു തിരിച്ചറിഞ്ഞ ആ മഹാസംസ്‌കാരം നമുക്ക് ഒരു ജീവിതവഴക്കം പകര്‍ന്നു തന്നിട്ടുണ്ട്. അമ്മയുടെ മൊഴികള്‍ അതിന്റെ നേരനുഭവങ്ങളാണ്. ആഖ്യാതാവായ അച്ഛന്‍ ആ ചൊല്ലും ചിട്ടയും ശീലിച്ചു വളര്‍ന്ന കുട്ടിയാണ്. അമ്മ പരിശീലിപ്പിച്ച ജീവിതച്ചിട്ട കവി വിസ്തരിച്ചു വര്‍ണിക്കുന്നുണ്ട്.
ഉണര്‍ന്നേറ്റാല്‍ നിലംതൊട്ടുക്ഷമയോതുന്നു
ഉദിക്കും ദേവനു വെള്ളം ജപിച്ചേകുന്നു
പുരമുറ്റത്തുളസിക്കു വലംവയ്ക്കുന്നു
പറവയ്ക്കു പുലരന്നം പകര്‍ന്നൂട്ടുന്നു.
കുരിയാലയ്ക്കകത്തൊരുതിരികൊളുത്തി
എരുത്തിലില്‍ കുന്തിരിക്കപ്പുകപരത്തി
നടക്കല്ലില്‍ കാല്‍ കഴുകിയകത്തു ചെന്നാല്‍
നിലവിളക്കിന്റെ മുന്നില്‍ നാമമോതുന്നു.
എല്ലാറ്റിനും അടുക്കും ചിട്ടയുമുണ്ടായിരുന്നു. കാലികള്‍ക്കു കൊടുത്തിട്ടേ പ്രാതല്‍ വിളമ്പാറുള്ളു. വേലക്കാരെ ഊട്ടിയിട്ടേ ഉച്ചയൂണുള്ളൂ. തിരുവോണസദ്യയ്ക്ക് ഇലയിടുന്നതിനുമുമ്പേ ഉറുമ്പിന് അരിപ്പൊടിച്ചിരട്ട വച്ചിട്ടുണ്ടാവും. പുഴമീനിന് അരിയിട്ടു വണങ്ങിയിട്ടേ തേവരെ തൊഴുന്നുള്ളൂ. ആയില്യത്തിനു കാവില്‍ മഞ്ഞളും പാലും, മകരത്തില്‍ ഉച്ചാരത്തിനു ഭൂമിപൂജ. ഇതൊക്കെ എന്തിനാണെന്ന യുക്തിവാദത്തിന് ”നമ്മള്‍ മാത്രമല്ല നമ്മള്‍” എന്നാണ് ഉത്തരം.
”തനിച്ചുണ്ണാനുള്ളതല്ലീയുലകമുണ്ണീ,
ചതിച്ചു നേടുവാനല്ല, പഠിത്തമുണ്ണീ” – ഈ മൊഴികള്‍ ആധുനിക ലോകത്തിനു നല്‍കുന്ന ജ്ഞാനപ്പാനയാണ്. എല്ലാം എനിക്ക് എന്ന സ്വാര്‍ത്ഥത പെറ്റുപെരുകുമ്പോള്‍, ഓരോ പഠിത്തവും കൂടുതല്‍ സ്വന്തമാക്കാനുള്ള വളഞ്ഞവഴികള്‍ പരിശീലിപ്പിക്കുമ്പോള്‍, സര്‍വം സഹയായ ഭൂമിയമ്മയ്ക്കു പറയാനുള്ളത് ഇതുമാത്രമാണ്.
”ഒരച്ഛന്റെ മക്കളല്ലേ, പരുന്തും പാമ്പും
സുരന്മാരുമസുരരും മനുജന്മാരും.
വേറെവേറേയെന്നു ചൊല്ലിപ്പോരടിച്ചാലും
വേറിടുമ്പോഴേതുവേരും വേദനിക്കില്ലേ.”
അഗാധമായ ജൈവപാരസ്പര്യത്തെ എത്ര ലളിതമായി അമ്മ ബോധ്യപ്പെടുത്തുന്നു! എല്ലാ വൈരുദ്ധ്യങ്ങളെയും സമീകരിക്കുന്ന ഏകത്വത്തിന്റെ പൊന്‍നൂല് അമ്മയ്ക്കു കാണുവാന്‍ കഴിയുന്നു. പലതായി കാണപ്പെടുന്നതെല്ലാം ഒന്നുതന്നെയാണെന്ന അദ്വൈത ദര്‍ശനം ആ മൊഴികളില്‍ നിറയുന്നു. ഒരു തുമ്പിയുടെ ചിറകിലൊന്നു മുറിയുമ്പോള്‍ പ്രപഞ്ചത്തിനു മുഴുവന്‍ താളം പിഴച്ചു പോകുമെന്നും ഒരു കുഞ്ഞിന്റെ മിഴി തെളിക്കുവാന്‍ വേണ്ടി ദൂരെ ഒരു നക്ഷത്രം എത്രയോ കാലം തപസ്സു ചെയ്യുന്നുവെന്നും അമ്മ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തുമ്പിവാലില്‍ നാരുകെട്ടി പറപ്പിക്കുമ്പോഴും മഴവെള്ളത്തില്‍ മൂത്രമൊഴിക്കുമ്പോഴും ആറ്റില്‍ നഞ്ചിട്ടു മീന്‍ പിടിക്കുമ്പോഴും അമ്മയുടെ ശാസനം ഉയരും. ചില പുരാണ കഥകള്‍ ഉദാഹരിക്കും. നല്ല മാതൃകകള്‍ പറഞ്ഞു തന്നു തിരുത്തും. ചുറ്റും കാണപ്പെടുന്നതെല്ലാം ഈശ്വരന്റെ വിഭൂതിയാണെന്ന ബോധ്യം അമ്മ പകര്‍ന്നു നല്‍കുന്നു. കതിര്‍ക്കറ്റ കവച്ചു കടക്കരുതെന്നും പുസ്തകത്താളില്‍ ചവിട്ടരുതെന്നും നടക്കല്ലില്‍ ഇരിക്കരുതെന്നുമൊക്കെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ”ഈശാവാസ്യമിദം സര്‍വ്വം” എന്ന മന്ത്ര വൈഖരിയുടെ ചലിക്കുന്ന വ്യാഖ്യാനമായിരുന്നു അമ്മയുടെ ജീവിതം.
”അമ്മിയും ദൈവമാണമ്മയ്ക്കുരലും ദൈവം
വിറകും ദൈവമാണമ്മയ്ക്കഗ്നിയും ദൈവം
പനിയും വേനലും കാറ്റും മഴയും ദൈവം
പൂഴിമണ്ണില്‍നുളയ്ക്കുന്ന പുഴുവും ദൈവം.”
ആസേതുഹിമാചലം ഈ ഭൂമിയിലെ അമ്മമാര്‍ ഇങ്ങനെയായിരുന്നു. നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാനാവാത്ത പ്രപഞ്ചസത്യം അവര്‍ക്കു ഗോചരമായിരുന്നു. വാക്കിലും പ്രവൃത്തിയിലും അതു മക്കളിലേക്കു പകര്‍ന്നിരുന്നു. കയാധുവും കുന്തിയും സുനീതിയും സുമിത്രയും ജീജാബായിയും ആര്യാംബയും ഭുവനേശ്വരീദേവിയും പുതലിബായിയുമെല്ലാം ആ മാതൃശക്തിയുടെ രൂപഭേദങ്ങള്‍ മാത്രം. മുലപ്പാലിനോടൊപ്പം അമ്മ പകരുന്ന സംസ്‌കാരമാണ് മര്‍ത്ത്യനെ മാനവനാക്കുന്നത്. അച്ഛന്‍ അങ്ങനെ വളര്‍ന്നുവന്ന ആളാണ്. അമ്മ കൊളുത്തിയ വിളക്കുകള്‍ ഹൃദയത്തില്‍ പ്രകാശം പരത്തുന്നതായി അദ്ദേഹത്തിന് അനുഭൂതമാകുന്നു. ഉള്ളില്‍ ദേവമാര്‍ഗ്ഗങ്ങള്‍ തിളങ്ങുന്നു. ദേവസംഗീതം ചുറ്റും പ്രവഹിക്കുന്നു. ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഉപനിഷത്ത് വാണികള്‍ മധുകണങ്ങള്‍ പോലെ തുളുമ്പി വീഴുന്നു.
”ചവിട്ടി നില്‍ക്കുന്ന മണ്ണ് മധുവാകുന്നു.
ഒലിക്കുന്ന ജലമെല്ലാം മധുവാകുന്നു
ശ്വസിക്കുന്ന വായുവാകെ മധുവാകുന്നു
തരു പക്ഷി മൃഗം സര്‍വ്വം മധുവാകുന്നു.
വിളങ്ങുമീ വെളിച്ചങ്ങള്‍ മധുവാകുന്നു
ഒളിയറ്റോരിരുള്‍പോലും മധുവാകുന്നു.
ഇടം തന്നോരാകാശം മധുവാകുന്നു
വലം വയ്ക്കും ഗ്രഹജാലം മധുവാകുന്നു.
അന്നമായോരന്നമെല്ലാം മധുവാകുന്നു
അറിവായോരറിവെല്ലാം മധുവാകുന്നു.”
മനുഷ്യനെ ദേവനാക്കുന്ന ഭാരതീയ സംസ്‌കൃതിയുടെ ജീവിതരേഖകളാണ് ഇവിടെ വെളിപ്പെടുന്നത്. ധര്‍മ്മനിഷ്ഠമായ ചര്യകളിലൂടെ അര്‍ഥകാമങ്ങള്‍ കടന്ന് മോക്ഷത്തിലേക്കുള്ള സഞ്ചാരമായി ജീവിതത്തെ നിര്‍വ്വചിച്ച ആര്‍ഷ പാരമ്പര്യത്തിന്റെ തറവാട്ടിലാണ് നമ്മള്‍ നില്‍ക്കുന്നത്. അവിടെ ഓരോ കണത്തിലും പ്രാണശക്തിയായി നിറയുന്നത് അമ്മയാണ്. അഥവാ അമ്മ തന്നെയാണ് വീട്. മംഗളസ്വരൂപിണിയും വിശ്വമഹാഗുരുവുമായ മാതൃചൈതന്യത്തെ പ്രണമിച്ചുകൊണ്ട് മക്കളുടെ തീര്‍ത്ഥാടകം ആരംഭിക്കുന്നു.
(തുടരും)