ഒരു വിളിക്കെത്രമാത്രം പ്രാധാന്യമുണ്ട്.. ? രണ്ട് കൂട്ടര്‍ക്കേയത് പറയാനാവൂ.. ഒരു വിളിക്കായി കാത്തിരിന്നിട്ടുള്ളവര്‍ക്കും, രണ്ട് വിളിച്ചതിന്റെ അനുഭവമുള്ളവര്‍ക്കും. സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും സ്വാഭാവികമായി ലഭിക്കുന്ന ഈ രണ്ടനുഭവങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാവും… അതുകൊണ്ട് തന്നെ പ്രവര്‍ത്തനത്തില്‍ ഏറെ പ്രാധാന്യമുള്ള ‘വിളിയുടെ മഹത്വത്തെ’കുറിച്ചുള്ള ചില സ്മരണകളാണ് ഇത്തവണ പങ്കുവക്കുന്നത്….
സംഘത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയതു മുതല്‍ തന്നെ സംഘത്തിന്റെ ഭാഗമാവാനായി മനസ്സും വെമ്പിത്തുടങ്ങിയിരുന്നു.. നിര്‍ഭാഗ്യവശാല്‍ ശാഖയിലേക്കുള്ള വിളി മാത്രം വന്നില്ല. ആ സമയത്താണ് നഗരത്തില്‍ ഒരു വിദ്യാര്‍ത്ഥി വിസ്താരകന്‍ പുതുതായി വന്നത്.. അദ്ദേഹം ആഴ്ചയിലൊരിക്കല്‍ ഞങ്ങള്‍ പഠിച്ചിരുന്ന കലാലയത്തിലും വരുമായിരുന്നു. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് മിക്കവാറും അദ്ദേഹം എത്താറുണ്ടായിരുന്നത്. അങ്ങനെയുള്ള ഒരു ദിവസം എല്ലാവരും ഒത്തുചേരുന്നിടത്തേക്ക് സുഹൃത്തുക്കള്‍ എന്നെയും വിളിച്ചു.. കോളേജ് പരിസരത്ത് അധികം ശബ്ദശല്യമില്ലാത്ത ഒരൊഴിഞ്ഞ കോണില്‍ ഞങ്ങളെയെല്ലാവരെയും അദ്ദേഹം വൃത്തത്തിലിരുത്തി.. പേര് ചോദിച്ച് പരിചയപ്പെട്ട് കഴിഞ്ഞ് സംഘത്തെ കുറിച്ച് അല്പസമയം അദ്ദേഹം സംസാരിച്ചു. തുടര്‍ന്ന് ആഴ്ചയിലൊരിക്കല്‍ കൂടണമെന്നും ഇന്നിവിടെ നടക്കുന്നത് ശാഖയുടെ ഒരു ചെറിയ രൂപമാണെന്നും ഓര്‍മ്മിപ്പിച്ചു.. ശേഷം, ഗുരുവിനെ വന്ദിച്ചാണ് ശാഖ ആരംഭിക്കുന്നതെന്നു പറഞ്ഞ് ഇരുന്നു കൊണ്ടു തന്നെ പ്രണാമം ചെയ്യുന്ന വിധം ഞങ്ങളെ പഠിപ്പിച്ചു. ഇരുന്നു കൊണ്ടു തന്നെ കൈ നെഞ്ചോട് ചേര്‍ത്ത് വച്ച് അദ്ദേഹം ചൊല്ലിത്തന്ന പ്രാര്‍ത്ഥനയും ഞങ്ങളെല്ലാവരും ഏറ്റുചൊല്ലി. പിന്നെ കുശലങ്ങളുമായി അല്പനേരം ചെലവഴിച്ചപ്പോഴേക്കും ക്ലാസ്സിനു സമയമായി.. സംഘത്തിലേക്കുള്ള എന്റെ പ്രവേശനം ഇങ്ങനെയായിരുന്നു..
‘അന്ന് ക്ലാസ്സിലേക്ക് മടങ്ങുന്ന വഴി നാട്ടില്‍ ശാഖയില്‍ പോയി അനുഭവമുള്ള സുഹൃത്തുക്കള്‍ ശാഖയെ കുറിച്ച് വര്‍ണിക്കുന്നുണ്ടായിരുന്നു. ‘ ‘ശരിക്കുമുള്ള ശാഖ ഇങ്ങനെയൊന്നുമല്ല… ശാഖയില്‍ ഒരുപാട് വ്യായാമങ്ങളൊക്കെയുണ്ട്.. കൂടാതെ യോഗയും കളികളുമുണ്ട്.. നിത്യേന പോയാല്‍ നല്ല ധൈര്യവും, ശാരീരിക ക്ഷമതയുമൊക്കെ ലഭിക്കും. മാത്രമല്ല ദിവസവും കബഡിയും കളിക്കാം..” ശാഖയെ കുറിച്ചുള്ള വര്‍ണനകള്‍ കേട്ടതോടെ മനസ്സില്‍ നിറയെ നാട്ടിലെനിക്ക് ഇത്തരമൊരു ശാഖയില്‍ പങ്കെടുക്കാന്‍ എന്നാണാവസരം കിട്ടുകയെന്ന ചിന്തയായി. ഇന്നല്ലെങ്കില്‍ നാളെ ആരെങ്കിലുമൊരാള്‍ എന്നെയും ഉടന്‍ ശാഖയിലേക്ക് വന്നുവിളിക്കും എന്ന ശുഭപ്രതീക്ഷയോടെ കാത്തിരുന്നു. ആകാംക്ഷയാല്‍ മനസ്സ് ഓരോ ദിവസം കഴിയും തോറും അക്ഷമമായിക്കൊണ്ടേയിരുന്നു. കാത്തിരിപ്പൊരു വല്ലാത്ത നൊമ്പരമേകുന്ന അനുഭവം തന്നെ..
സത്യത്തില്‍, കുറേ വര്‍ഷം മുമ്പ് ശാഖയിലേക്ക് വിളിച്ച് സ്വയംസേവകര്‍ വീട്ടില്‍ വന്ന് അച്ഛനോട് അഭ്യര്‍ത്ഥിച്ചത് ഓര്‍മ്മയിലുണ്ട്. അവനൊരുപാട് പഠിക്കാനുണ്ട് എന്നുപറഞ്ഞ് അച്ഛനവരെയന്ന് മടക്കിയിരുന്നു.. അന്നത് നിര്‍വികാരതയോടെ കണ്ടുനിന്ന ഞാനാണ് ഇന്ന് ഒരു വിളിക്കായി കൊതിക്കുന്നത്.. കാലത്തെ ആര്‍ക്കും പ്രവചിക്കാനാവില്ലെന്ന് സാരം… ഒടുവില്‍ വളരെ അപ്രതീക്ഷിതമായിട്ടാണെങ്കിലും നാലുമാസമായി ഞാന്‍ കാത്തിരുന്ന വിളിയെത്തി. അതും ഒട്ടും പ്രതീക്ഷിക്കാതെ മധ്യവയസ്‌കനായ ഒരാളില്‍ നിന്ന്. അദ്ദേഹം ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. എനിക്കാവട്ടെ ഒരു വിളി തന്നെ ധാരാളമായിരുന്നു. അങ്ങിനെ ആശിച്ചതു പോലെ നാട്ടിലും ശാഖയുടെ ഭാഗമായി. പിന്നീടൊരിക്കല്‍ എന്നെ ശാഖയിലേക്ക് വിളിച്ച ബിഎംഎസ്സിന്റെ കാര്യകര്‍ത്താവിനോട് വിളിക്കിടയാക്കിയ കാരണമന്വേഷിച്ചു.. അപ്പോഴാണ് ആ വിളിക്കു പിന്നിലും നാളുകള്‍ നീണ്ട ബോധപൂര്‍വമായ ഒരു പരിശ്രമമുണ്ടായിരുന്നു എന്നറിഞ്ഞത്. ഈ വിളി വരുന്നതിന് കുറച്ചു മാസങ്ങള്‍ മുമ്പ് എന്റെ അമ്മാവന്‍ നിര്യാതനായിരുന്നു. ബിഎംഎസ് ജില്ലാ സെക്രട്ടറിയായിരുന്നു അദ്ദേഹം. അന്ന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോഴാണ് ബിഎംഎസ് കാര്യകര്‍ത്താക്കള്‍ എന്നെ കാണുന്നതും ജില്ലാ സെക്രട്ടറിയുടെ അടുത്ത ബന്ധുവാണെന്നറിയുന്നതും… അന്നേയദ്ദേഹം എന്നെ ശാഖയിലെത്തിക്കുമെന്ന് തീരുമാനിച്ചത്രേ.. ആ നിശ്ചയമാണത്രേ ഒടുവില്‍ വിളിയില്‍ കലാശിച്ചത്.. സംഘദൃഷ്ടിയുടെ മറ്റൊരുദാഹരണം..
ഒരു വിളിക്കായ് കാത്തിരുന്നതും വിളി കിട്ടിയപാടെ സംഘശാഖയില്‍ പോയതുമായ അനുഭവം പറഞ്ഞുവല്ലോ.. ഇനി വിളിച്ചതിന്റെ അനുഭവങ്ങള്‍ പങ്കു വക്കാം.. കൊല്ലത്ത് ആശ്രാമം മൈതാനത്ത് നടന്ന ലക്ഷം പേരുടെ സാംഘിക്കിന് വേണ്ടി ഗണവേഷം തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്ന സമയം. ഒരു ദിവസം ജില്ല ശ്രദ്ധിക്കുന്ന പ്രാന്തീയ കാര്യകര്‍ത്താവ് ഗണവേഷ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ഡലത്തില്‍ എത്തുന്ന വിവരമറിയിച്ചു.. അങ്ങനെ അദ്ദേഹത്തിനൊപ്പം വീടുകള്‍ തോറും സ്വയംസേവകരെ കാണുന്നതിനിടെ ഒരു പുതിയ വീട്ടിലേക്ക് ഞങ്ങള്‍ ചെന്നു. അച്ഛനുമമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മകന്‍ മറ്റൊരു ജില്ലയില്‍ താമസിച്ച് പഠിക്കുകയാണെന്നവര്‍ അറിയിച്ചു. ആ വിദ്യാര്‍ത്ഥിക്ക് അതുവരെ സംഘവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. പ്രാന്തീയ കാര്യകര്‍ത്താവ് വീട്ടില്‍ നിന്നും നമ്പര്‍ വാങ്ങി ഫോണില്‍ അദ്ദേഹത്തെ വിളിച്ചു. സംഘത്തിന്റെ പ്രവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തി ലക്ഷം പേരുടെ സാംഘിക്ക് കാണാന്‍ വരണമെന്ന് വിളിച്ചപ്പോള്‍ തന്നെ മറുതലക്കല്‍ നിന്നും അനുകൂലമായി പ്രതികരിച്ചു. പരിപാടിയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായി വേഷവും ഗീതവും യോഗുമൊക്കെയുണ്ടെന്നും, എല്ലാം പഠിപ്പിച്ച് തയ്യാറാക്കാമെന്നും പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചു. അതിനായി ഫോണിലൂടെ ആ വിദ്യാര്‍ത്ഥിയുടെ കൂടെ പഠിക്കുന്ന സ്വയംസേവകനോട് കാര്യങ്ങള്‍ സംസാരിച്ചു ചുമതലപ്പെടുത്തി. സഹപാഠിയായ സ്വയംസേവകന്‍ ഏല്‍പ്പിച്ചതു പോലെ തന്നെ എല്ലാം പഠിപ്പിച്ച് തയ്യാറാക്കി തന്റെ ശാഖയിലെ സ്വയംസേവകരോടൊപ്പം അവര്‍ വന്ന ബസ്സില്‍ ഈ വിദ്യാര്‍ത്ഥിയെ പ്രാന്ത സാംഘിക്കില്‍ എത്തിച്ചു. ആദ്യമായി ധ്വജവന്ദനം ചെയ്ത് പ്രാന്ത സാംഘിക്കിലൂടെ ആ വിദ്യാര്‍ത്ഥി സ്വയംസേവകനായി.. പിന്നീട് പ്രാഥമിക ശിക്ഷാ വര്‍ഗൊക്കെ പൂര്‍ത്തിയാക്കി നാട്ടിലും ശാഖയില്‍ സക്രിയനായി.. ഇതിനാകെ വേണ്ടിവന്നതോ, ഒരേയൊരു ഫോണ്‍വിളി മാത്രവും..
പറഞ്ഞു വന്നത് നമ്മുടെ ഭാഗത്ത് നിന്നും ഒരു വിളിക്കായ് മാത്രം കാത്തിരിക്കുന്ന ഒരുപാടൊരുപാട് പേര്‍ സമാജത്തിലെങ്ങുമുണ്ട്. ആ കാത്തിരിപ്പുകളെയെല്ലാം തന്നെ നമുക്ക് സഫലമാക്കേണ്ടതുണ്ട്. കേവലമൊരു വിളി മാത്രമാണ് അതിനാകെ വേണ്ടത്. പക്ഷേ അത് സാധ്യമാവണമെങ്കില്‍ നാം മടിയില്ലാതെ സമാജത്തിലേക്കിറങ്ങി ചെല്ലണം. അങ്ങിനെ സംഘത്തിലേക്ക് നയിച്ചു കൊണ്ടുള്ള വിളികളെയാണല്ലോ നാം സമ്പര്‍ക്കമെന്ന് പറയുന്നത്.. ഭഗീരഥ പ്രയത്‌നത്തിലൂടെ ഗംഗയെ ഭൂമിയിലേക്കെത്തിച്ചതുപോലെ നമ്മുടെ പവിത്രമായ സംഘഗംഗയെ സമാജത്തിലേക്കെത്തിക്കുന്ന മഹത്തരമായ പ്രയത്‌നമാണ് സമ്പര്‍ക്കം. സംഘമാരംഭിക്കുന്നതിന് മുമ്പേ തന്നെ ഡോക്ടര്‍ജി സമ്പര്‍ക്കമാണ് ആരംഭിച്ചതെന്ന് പറയാറില്ലേ. അതുകൊണ്ടാണല്ലോ സമ്പര്‍ക്കത്തെ സംഘത്തിന്റെ ജീവനാഡിയെന്നും വിശേഷിപ്പിക്കുന്നത്.