അതെ സംഘകാര്യം അങ്ങനെയാണ്. അനസ്യൂതം അനവരതം അത് മുന്നോട്ട് കുതിയ്ക്കുക തന്നെ ചെയ്യും. കാലാവസ്ഥയുടെയോ ഭൗതിക സാഹചര്യങ്ങളുടെയോ ആനുകൂല്യത്തിനുവേണ്ടി സ്വയംസേവകര്‍ കാത്ത് നില്‍ക്കാറില്ല. പ്രതികൂല സാഹചര്യങ്ങളേയും അനുകൂലമാക്കി മാറ്റാന്‍ കഴിയുന്ന സവിശേഷമായ ശ്രുതം വരമായി സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഒരു പ്രത്യക്ഷ ഉദാഹരണമാണ് ഈ ലോക്ക്ഡൗണ്‍കാലം നമുക്ക് കാട്ടിത്തരുന്നത്. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് കൊറോണ എന്ന ഈ മഹാമാരിയെ നിയന്ത്രിക്കാനുള്ള ഏക മാര്‍ഗ്ഗം എന്നിരിക്കെ സാമൂഹിക അകലം പാലിച്ചുകൊണ്ട് സമൂഹത്തെ ഒന്നാക്കി മാറ്റുന്ന കാഴ്ചയാണ് നാം കാണുന്നത്.
പ്രാണന്റ പ്രാണനായ സ്വയംസേവകരെ കാണാതെ എങ്ങനെ ദിവസങ്ങള്‍ തള്ളി നീക്കും. പല സ്വയംസേവകരുടെയും മനസ്സില്‍ വിഷമം വിങ്ങി. ഓര്‍മ്മ വച്ചിട്ടിന്നുവരെ ഇത്രയും നാള്‍ പിരിഞ്ഞിരുന്നിട്ടില്ല, സംഘ കാര്യക്രമത്തില്‍ പങ്കെടുക്കാതെ ഇത്രയും നാള്‍ ജീവിച്ചിട്ടില്ല. 1975- ജൂണ്‍ 21 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പോലും സ്വയംസേവകര്‍ പിരിഞ്ഞിരുന്നിട്ടില്ല. 1975 ജൂണ്‍ – 21 മുതല്‍ 1977 മാര്‍ച്ച് 25 വരെയുള്ള 21 മാസക്കാലവും സ്വയംസേവകര്‍ ഇത്തരം ഒരു മാനസികാവസ്ഥ അനുഭവിച്ചിട്ടില്ല. സ്വതന്ത്ര ഭാരതം ഈ രണ്ടാം സ്വാതന്ത്ര്യസമരത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ സ്വയംസേവകര്‍ സമൂഹത്തിനിടയില്‍ തന്നെ ജീവിച്ചു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നിഷ്ഠൂര പീഡനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടും അവര്‍ സമാജത്തെ സംഘടിപ്പിച്ചു. പലര്‍ക്കും ജോലി നഷ്ടപ്പെട്ടു, വീട്ടുകാര്‍, ബന്ധുക്കള്‍ വേട്ടയാടപ്പെട്ടു, വിദ്യാഭ്യാസം മുടങ്ങി, ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു, കൊടിയ പോലീസ് മര്‍ദ്ദനത്തിനിരയാകേണ്ടിവന്നു. അപ്പോഴും അവര്‍ സമാജത്തെ സംഘടിപ്പിക്കുന്നതില്‍ വ്യാപൃതരായി.
1975 ജൂണ്‍ 25 ന് ആയിരുന്നു കേരള സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം. മുന്‍കൂട്ടി നിശ്ചയിച്ച ഗൃഹപ്രവേശന കര്‍മ്മം സമയത്ത് തന്നെ നടത്തപ്പെട്ടെങ്കിലും ഏതാനും ദിവസങ്ങള്‍ക്കകം കാര്യാലയം പോലീസ് സീല്‍ ചെയ്തു. പിന്നീട് കേരളം കണ്ടത് ലക്ഷക്കണക്കിന് വീടുകള്‍ സംഘ കാര്യാലയമായി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ്. രാജ്യ സ്വാതന്ത്ര്യത്തിനായി ഒളിവില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസേവകര്‍ക്ക് അഭയം നല്‍കിയും, ആഹാരം നല്‍കിയും രഹസ്യ യോഗങ്ങള്‍ നടത്താന്‍ സൗകര്യമൊരുക്കിയും രാജ്യത്തെ വീടുകള്‍ കാര്യാലയങ്ങളായി മാറിയപ്പോള്‍, സഹജമായ സമ്പര്‍ക്കത്തിലൂടെ സ്വയംസേവകര്‍ സമൂഹത്തെ സംഘടിപ്പിച്ച് രാഷ്ട്രഹിതത്തിനായി അണിനിരത്തി.
ഇത്തരത്തില്‍ സമാനവും വ്യത്യസ്തവുമായ ഒരു കാഴ്ചയാണ് ഈ കൊറോണാ കാലത്ത് നമുക്ക് കാണാന്‍ സാധിക്കുന്നത്. ഏത് വിപരീത പരിത:സ്ഥിതിയിലും സ്വയംസേവകര്‍ ഒരുമിച്ചു നിന്നാണ് സാഹചര്യങ്ങളെ നേരിട്ടിട്ടുള്ളത് എങ്കില്‍ ഇപ്പോള്‍ അകന്നിരിക്കുകയാണ് സമൂഹനന്മയ്ക്ക് അനിവാര്യം എന്ന ചിന്തയിലാണ് 2020 മാര്‍ച്ച് 20 മുതല്‍ ഒരു പൊതു സ്ഥലത്ത് സ്വയംസേവകര്‍ ഒന്നിച്ചുവന്ന് ശാഖ നടത്തുന്നതിനു പകരം അവരവരുടെ വീടുകളില്‍ പ്രാര്‍ത്ഥന ചൊല്ലിയാല്‍ മതി എന്ന് സംഘ നേതൃത്വം നിര്‍ദ്ദേശിച്ചത്. സ്വയംസേവകര്‍ മാത്രം വീടുകളില്‍ പ്രാര്‍ത്ഥന ചൊല്ലി തുടങ്ങി എങ്കില്‍ ദിവസങ്ങള്‍ക്കകം അന്തരീക്ഷം മാറി. പ്രാര്‍ത്ഥനാ മന്ത്രം വീടുകളിലെ മുഴുവന്‍ അംഗങ്ങളും ചൊല്ലാന്‍ തുടങ്ങി. 2020 ഏപ്രില്‍ 19-ന് എല്ലാ സ്വയംസേവകരും അവരവരുടെ വീടുകളില്‍ കുടുംബ സമേതം വൈകുന്നേരം 6 മണിക്ക് ഗൃഹ ശാഖ നടത്താനായി അഖിലഭാരതീയ സാംഘിക്ക് നിശ്ചയിച്ചു. ഈ സാംഘിക്കില്‍ കേരളത്തിലെ 37- സംഘ ജില്ലയിലെ 8513 സ്ഥലങ്ങളിലായി 106178 വീടുകളില്‍162342 പുരുഷന്മാരും 68177 സ്ത്രീകളും ബാലന്മാരും 45362 ബാലികമാരും 30165 ശിശുക്കളും പങ്കെടുത്തു. ഇന്നും ഇത്തരത്തില്‍ ഗൃഹ ശാഖകള്‍ നടന്നുവരുന്നു. പ്രാര്‍ത്ഥന ചൊല്ലല്‍ മാത്രമായിരുന്നു ആദ്യം നിശ്ചയിച്ചിട്ടുള്ള കാര്യക്രമം എങ്കില്‍ ക്രമേണ ക്രമേണ ഓരോരോ കാര്യക്രമങ്ങളായി വന്ന് ചേര്‍ന്ന് ഗ്യഹ ശാഖകള്‍ ഇന്ന് സൂര്യനമസ്‌കാരം, യോഗ, ഗണഗീതങ്ങള്‍, അമൃതവചനം, സുഭാഷിതം, കഥകള്‍ ഇവയൊക്കെയായി പൊതു മൈതാനത്തില്‍ നടന്നിരുന്ന ശാഖയ്ക്ക് സമാനമായ രീതിയില്‍ വീടുകളില്‍ നടക്കുന്നു. ഓരോ ഗൃഹവും അക്ഷരാര്‍ത്ഥത്തില്‍ ഒരു സംഘസ്ഥാനായി മാറിയിരിക്കുന്നു. ആ പവിത്ര അന്തരീക്ഷത്തില്‍ ആ കുടുംബങ്ങള്‍ പച്ചക്കറി തോട്ടം നിര്‍മ്മിച്ചും, തുളസിത്തൈ നട്ടും, പരിസര ശുചീകരണം നടത്തിയും, വായനയും, പാചകവും നടത്തിയും സമൂഹത്തിലെ സുഖദു:ഖങ്ങള്‍ അറിഞ്ഞ് പരസ്പരം സഹായിച്ച് മുന്നേറുന്നു.
നവമാധ്യമങ്ങള്‍ വഴി ബൈഠക്കുകള്‍ നടത്തിയും റിപ്പോര്‍ട്ട് ശേഖരിച്ചും കാര്യ വിഭാഗുകള്‍ അനുസരിച്ച് പ്രവര്‍ത്തനം മെച്ചപ്പെട്ട രീതിയില്‍ തന്നെ മുന്നോട്ട് പോകുമ്പോള്‍ സമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ സമൂഹത്തെ സേവിക്കാന്‍ സ്വയംസേവകര്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നു. സമാജത്തില്‍ ഒറ്റപ്പെട്ടവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും സാന്ത്വനമേകിക്കൊണ്ട് സാഹചര്യങ്ങള്‍ എത്ര പ്രതികൂലമായാലും അതിനെ അനുകൂലമാക്കി സ്വയം സേവകര്‍ തങ്ങളുടെ കര്‍മ്മം ചെയ്യുന്നു. വിശക്കുന്നവര്‍ക്ക് ആഹാരമെത്തിച്ചും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തും രോഗികള്‍ക്ക് ചികിത്സാ സൗകര്യമൊരുക്കിയും സംഘം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഇതിനോടകം കേരളത്തിലുടനീളം സേവാഭാരതിയുടെ നേതൃത്വത്തില്‍ 8578 സ്ഥലങ്ങളില്‍ ഏകദേശം 78850 സന്നദ്ധ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിച്ചു. നിര്‍ദ്ധനരായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമായി 856024 ഭക്ഷണധാന്യ കിറ്റുകളും 887524 പേര്‍ക്ക് ഭക്ഷണ പൊതികളും എത്തിച്ചുനല്‍കി. 788878 മുഖാവരണങ്ങളും വിതരണം ചെയ്തു. 2125 പേര്‍ക്ക് രക്തം ദാനം ചെയ്തു. കേരളത്തിലെ 920 ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് സഹായമെത്തിച്ചു. കേരളത്തിലെ 33 കേന്ദ്രങ്ങളില്‍ നിത്യേന ഭക്ഷണ വിതരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നു. ഏകദേശം 8569 പേര്‍ക്ക് നിത്യേന ഈ ഭക്ഷണ വിതരണം ഉപയോഗപ്പെടുന്നു. 145 പേര്‍ക്ക് ഉപയോഗം ലഭിക്കുന്ന തരത്തില്‍ 35 ബസ്സുകള്‍ സര്‍വ്വീസ് നടത്തി. (20/5/20 വരെയുള്ള കണക്ക്). ഏതൊരവസ്ഥയിലും ഒരു ക്ഷണം പോലും കര്‍മ്മം ചെയ്യാത്തവനായിരിക്കില്ല എന്ന (ന ഹി കശ്ചിത് ക്ഷണമപി) ഗീതാ വചനം (ഗീത – 3:5) പോലെ സ്വയംസേവകര്‍ സംഘ സാധനാ പദ്ധതിയില്‍ വിഘ്‌നം വരുത്താതെയും സമാജ സേവനമെന്ന കര്‍ത്തവ്യം അനുഷ്ഠിച്ച് കൊണ്ടും ദൈനംദിന പ്രവൃത്തികളില്‍ മുഴുകുകയാണ്.
ലോകത്തെ മുഴുവന്‍ ബാധിച്ച ഈ മഹാമാരിയില്‍ നിന്നും മുക്തരായി എത്രയും വേഗം നമുക്ക് നമ്മുടെ വ്യക്തിനിര്‍മ്മാണ കേന്ദ്രമെന്ന സംഘസ്ഥാന്‍ കാര്യക്രമത്തിലേക്ക് കടക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തോടെ പ്രവൃത്തി തുടരാം.
Comments