മസൂരിക്കു കാരണമായ വേരിയോളാ വൈറസ് ത്വക്കിനെ ബാധിക്കുമ്പോള്‍ പോളിയോയ്ക്കു കാരണമായ പോളിയോമൈലെറ്റിസ് വൈറസ് നാഡീവ്യവസ്ഥയെ ബാധിച്ച് തളര്‍വാതമുണ്ടാക്കുന്നു. ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന സാഴ്‌സ് വൈറസും കൊറോണവൈറസും നമുക്കു ആസന്നപരിചിതരാണ്. ശരീരത്തെ ആകമാസകലം ബാധിക്കുന്നതും രക്തത്തിന്റെ കട്ടിയാകാനുള്ള കഴിവിനെ പ്രതികൂലമായി ബാധിച്ച് ആന്തരികരക്തസ്രാവം വഴിയായി മരണഹേതുവാകുന്നതുമായ എബോള വൈറസും ഈ നൂറ്റാണ്ടുകണ്ട മാരകവൈറസാണ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവുകുറച്ച് ശരീരകോശങ്ങളില്‍നിന്ന് രക്തം സ്രവിപ്പിച്ച് രോഗിയെ മരണത്തിലേക്കു നയിക്കുന്ന ഡെങ്കു വൈറസ്, കുട്ടികളില്‍ അമിതമായ വയറിളക്കമുണ്ടാക്കി ശരീരത്തെ നിര്‍ജലീകരണത്തിലേക്കും അവിടെനിന്നു മരണത്തിലേക്കും തള്ളിവിടുന്ന റോട്ട വൈറസ് എന്നിങ്ങനെ നിരവധി മാരകമായ വൈറസുകളുടെ ഏതുനിമിഷവുമുള്ള ആക്രമണം മാനവവംശത്തിനു നേരേയുണ്ടാകാം.
ഇത്ര അപകടകാരികളായ വൈറസിനെ എന്തുകൊണ്ട് മരുന്നുകളുപയോഗിച്ചു നശിപ്പിച്ചുകൂടാ? ബാക്ടീരിയാനാശനത്തിനുപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ വൈറസ് ഉന്മൂലനത്തിനു ഉപയോഗിക്കാത്തതെന്ത്? എന്നീ രണ്ടു ചോദ്യങ്ങളാണ് ഇനി നമുക്കുമുന്‍പില്‍. ആന്റിബയോട്ടിക്കുകളുടെയെന്നല്ല, ഏതു അണുനാശകമരുന്നിന്റേയും പ്രവര്‍ത്തനമേഖല എന്തെന്ന് നാം ആദ്യം മനസ്സിലാക്കണം. ഒരു അണുനാശകമരുന്ന് അത് ഏത് അണുവിനെയാണോ ലക്ഷ്യം വയ്ക്കുന്നത് അതിനെ മാത്രം നശിപ്പിക്കാനുതകുന്ന ഔഷധഘടകങ്ങള്‍ അടങ്ങിയതായിരിക്കും. ഉദാഹരണത്തിനു ന്യൂമോണിയാ അണുബാധയ്ക്കുപയോഗിക്കുന്ന പെന്‍സിലിനോ വകഭേദങ്ങളോ മൂത്രാശയ അണുബാധയ്ക്കുപയോഗയോഗ്യമല്ല.
എങ്ങനെയാണ് ആന്റിബയോട്ടിക്കുകള്‍ ബാക്ടീരിയകള്‍ക്കുമേല്‍ പ്രവര്‍ത്തിക്കുകയെന്നു നാം കണ്ടുകഴിഞ്ഞു. അവ ബാക്ടീരിയകളുടെ ഡി.എന്‍.എയേയോ ആര്‍.എന്‍.എയേയോ അതിലെ റൈബോസോമുകളേയോ നശിപ്പിച്ച് ബാക്ടീരിയയെ ഇല്ലാതെയാക്കുന്നു. ബാക്ടീരിയാകള്‍ മറ്റു ശരീരകോശങ്ങള്‍ക്കകത്തുകയറി ഒളിഞ്ഞിരിക്കുന്നവരല്ലാത്തതുകൊണ്ടും സ്വന്തമായ വാസസ്ഥലത്തിരുന്നുകൊണ്ട് ശരീരത്തെ ആക്രമിക്കുന്നവരായതുകൊണ്ടുമാണ് അതു സാധിക്കുന്നത്. എന്നാല്‍ വൈറസിനെ സംബന്ധിച്ച് ആന്റിബയോട്ടിക്കിനു പ്രവര്‍ത്തിക്കാനുള്ള ഡി.എന്‍. എയോ മറ്റ് അനുബന്ധഭാഗങ്ങളോ ഇല്ല. മരുന്നു ചെന്നാല്‍ അതിന്— ആക്രമിക്കാന്‍ വൈറസിനു സ്വന്തമായ ഭാഗങ്ങളില്ല. മറിച്ച് അവന്‍ ശരീരത്തിലെ കോശങ്ങളില്‍ പതിയിരുന്ന്, കോശത്തിന്റെതന്നെ ഭാഗമായിമാറി, വരുന്ന മരുന്നിനു സ്ഥലജലവിഭ്രാന്തിയുണ്ടാക്കും. ലളിതമായിപ്പറഞ്ഞാല്‍ ഈ മരുന്നിനു അവന്റെ ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ വൈറസില്‍ കൃത്യമായ ഒരു ടാര്‍ജറ്റില്ല. ആക്രമിക്കാന്‍ ലക്ഷ്യങ്ങളില്ലാത്തതിനാല്‍ ആന്റിബയോട്ടിക്കുകളൊ മറ്റേതെങ്കിലും മരുന്നുകളോ വൈറസ് ബാധയേറ്റ ശരീരത്തില്‍ വൈറസിനെ കൊല്ലാനായി ഉപയോഗിക്കാനുമാകില്ല.
വൈറസുകളെ പരിപൂര്‍ണ്ണമായി നശിപ്പിക്കുന്ന മരുന്നുകളൊന്നും ലഭ്യമല്ലെങ്കിലും ശരീരത്തിനകത്ത് അതിന്റെ വളര്‍ച്ച നിയന്ത്രിക്കുന്ന ചില മരുന്നുകള്‍ ചിലയിനം വൈറസുകള്‍ക്കെതിരെ ശാസ്ത്രലോകം വികസിപ്പിച്ചെടുത്തിട്ടുണ്ട്. എച്ച്.ഐ.വി ബാധിച്ച ആളിന്റെ ശരീരത്തില്‍ വൈറസ് വികാസത്തെ നിയന്ത്രിക്കുന്ന ഡോറാവിറിന്‍, നെവിറാപ്പിന്‍, ലോപിനാവിര്‍, റിട്ടോനാവിര്‍ എന്നിവയും ലൈംഗികാവയവങ്ങളിലും ശരീരത്തിന്റെ മറ്റു ഭാഗത്തും കുരുക്കളും വെള്ളനിറത്തിലുള്ള തടിപ്പുകളും കുമിളകളുമുണ്ടാക്കുന്ന ഹെര്‍പ്പസ് വൈറസിന്റെ (എച്ച്.എസ്.വി.) വളര്‍ച്ചയെ നിയന്ത്രിക്കുന്ന അസിക്ലോവിര്‍, ഫാംസിക്ലോവിര്‍ എന്നിവയും ഉദാഹരണങ്ങളാണ്. നിലവില്‍ HIV,HSV,Hepatitis B &C, Influenza എന്നിവയ്ക്കാണ് ഇത്തരം മരുന്നുകള്‍ വൈറസ് നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്.
പിന്നെ എങ്ങനെയാണ്— നാം വൈറസ് ആക്രമണത്തില്‍നിന്നു രക്ഷപ്പെടുക? ഇതിനുള്ള ഉത്തരം നാം കണ്ടുകഴിഞ്ഞു. ശരീരത്തിന്റെ സ്വതവെയുള്ള പ്രതിരോധസംവിധാനം ശക്തിപ്പെടുത്തി പുറമേനിന്നുവരുന്ന ശല്യക്കാരെ ശരീരത്തിനകത്തു കയറുംമുന്‍പ് തുരത്തിയോടിക്കുക. ഇനി എങ്ങാനും ഏതെങ്കിലും പഴുതിലൂടെ അകത്തുകയറിയാല്‍ സമൃദ്ധമായി ആന്റിബോഡികള്‍ നിര്‍മ്മിച്ച് ഇവയെ നശിപ്പിക്കുക. ഇതിനു രണ്ടിനും ശരീരത്തെ പ്രാപ്തമാക്കുന്നത് ആരോഗ്യകരമായ ജീവിതശൈലിയാണ്. ഇതു രണ്ടുമാണ് പഥോജനുകളില്‍നിന്നു രക്ഷപ്പെടാനുള്ള വഴികള്‍. ശരീരത്തിന്റെ സ്വാഭാവികപ്രതിരോധശേഷിയെ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയിലൂടെ മെച്ചപ്പെടുത്താം. അതോടെ രക്തഘടകങ്ങള്‍ ഊര്‍ജ്വസ്വലതയോടെ ശത്രുനാശനം നടത്തിക്കൊള്ളും. ആന്റിബോഡികള്‍ ഉല്പാദിപ്പിക്കുന്ന സമയംകൊണ്ട് ഒരുപക്ഷേ വൈറസ് ശരീരത്തിനു ചില നാശനഷ്ടങ്ങള്‍ വരുത്തിയേക്കാം. ഇത്തരം വൈറസുകളിലെ ആന്റിജനെ നേരിടാനുള്ള മാര്‍ഗം മെമ്മറി സെല്ലുകളില്‍ നേരത്തേ ഇല്ലായെങ്കിലാണ്— സാധാരണഗതിയില്‍ വൈറസുകള്‍ പ്രകടമായ നാശങ്ങള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് വൈറസുകള്‍ ശരീരത്തെ ആക്രമിക്കുന്നതിനുമുന്‍പ് അവയെ തുരത്തിയോടിക്കണമെങ്കില്‍ ആവശ്യമായ ആന്റിബോഡികള്‍ നിര്‍മ്മിക്കാനുള്ള വഴിയും തന്ത്രവും മെമ്മറിസെല്ലുകളില്‍ കൃത്രിമമായി ഉള്‍ച്ചേര്‍ക്കുകയാണ്—വൈദ്യലോകത്തിനു മുന്‍ പിലുള്ള എളുപ്പവഴി.
രോഗം വരുത്തണമെങ്കില്‍ അവന്‍ നല്ല ഉശിരും വീര്യവുമുള്ളവനും, ആതിഥേയകോശത്തിനെ സമൂലം കബളിപ്പിച്ച്, തന്റെ ജനിതകഘടനയെ വളരെ തന്ത്രപരമായി ഉപയോഗിക്കാന്‍ കഴിവുള്ളവനുമായിരിക്കണമെന്ന് നാം നേരത്തേ കണ്ടുവല്ലോ. എന്നാല്‍ അവന്റെ വീര്യം അപകടസീമയുടെ അനേകപടി താഴേയ്ക്ക് കുറയ്ക്കുകയോ അല്ലെങ്കില്‍ പരിപൂര്‍ണ്ണമായി നിര്‍വീര്യനാക്കുകയോ ചെയ്തശേഷം ജീവാവസ്ഥയിലുള്ള ആന്റിജന്‍ സഹിതം രോഗമില്ലാത്ത ഒരാളിന്റെ ശരീരത്തിലേക്കു ചെറിയ അളവില്‍ കുത്തിവച്ച് ഈ വൈറസിന്റെ ആന്റിജനെ എതിരിടാന്‍ കഴിവുള്ള ആന്റിബോഡികള്‍ നിര്‍മ്മിക്കാം. ഇതിനു ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ പരിശീലിപ്പിക്കുന്ന മാര്‍ഗ്ഗമാണ് വാക്‌സിനേഷന്‍. വാക്‌സിനേഷന്‍ നടത്തി ശരീരത്തിലെ പ്രതിരോധസംവിധാനത്തിനു പഥോജനിലെ ആന്റിജനെ പരിചയപ്പെടുത്തുന്നതോടെ ആ ആന്റിജനെ തകര്‍ക്കാനാവശ്യമായ എല്ലാ മാര്‍ഗങ്ങളും കാലേകൂട്ടി മനസ്സിലാകുകയും അക്കാര്യം മെമ്മറിസെല്ലുകള്‍ ഓര്‍ത്തുവയ്ക്കുകയും പിന്നീട് ആവശ്യംവരുമ്പോള്‍ എടുത്തുപയോഗിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഭീകരന്മാരായ വൈറസുകളുടെ ആക്രമണത്തിനു ശരീരത്തെ വിട്ടുകൊടുത്ത് ആന്റിബോഡികള്‍ നിര്‍മ്മിക്കപ്പെട്ട് രോഗപ്രതിരോധശേഷി കൈവരുത്തുന്ന സാഹസത്തേക്കാള്‍ നല്ലത് വാക്‌സിനേഷനു വിധേയരായി വൈറസ് അറ്റാക്കിനെ പ്രതിരോധിക്കാന്‍ കാലേകൂട്ടി സജ്ജരാകുക എന്നതാണ്.
വാക്‌സിനേഷന്റെ ഇന്നോളമുള്ള ചരിത്രത്തിലെ കോരിത്തരിപ്പിക്കുന്ന, ശാസ്ത്രം ജയിച്ചു എന്നു പറയാവുന്ന അനേകം അനര്‍ഘനിമിഷങ്ങളുണ്ട്. അതില്‍ ചിലതാണ്— മസൂരിക്കെതിരെ എഡ്വേര്‍ഡ് ജെന്നര്‍ 1796 ലും പേപ്പട്ടിവിഷത്തിനെതിരേ ലൂയിസ് പാസ്ചര്‍ 1885 ലും കോളറായ്‌ക്കെതിരെ വാല്‍ദെമെര്‍ ഹാഫ്കിന്‍ 1892 ലും പ്ലേഗിനെതിരെ അലക്‌സാണ്ടര്‍ യെഴ്‌സിന്‍ 1895 ലും ഡിഫ്തീരിയായ്‌ക്കെതിരെ 1920 ലും ക്ഷയരോഗത്തിനെതിരേ ആല്‍ബര്‍ട്ട് കാമെറ്റെയും കാമിലെ ഗറിനും 1921 ലും ഇന്‍ഫ്‌ലുവെന്‍സാ ഫ്‌ലൂവിനെതിരെ ജോനാസ് സാള്‍ക്കും തോമസ് ഫ്രാന്‍സിസും 1938 ലും പോളിയോയ്‌ക്കെതിരെ ജൊനാസ് സാല്ക്കും ആല്‍ബര്‍ട്ട് സാബിനും 1955 ലും കണ്ടുപിടിച്ച വാക്‌സിനുകള്‍. മറ്റനേകം രോഗങ്ങളെ പ്രതിരോധിക്കാനുള്ള വാക്‌സിനുകള്‍ ഇതേപാതയില്‍ പിന്നീട് കണ്ടുപിടിക്കപ്പെട്ടു.

.

വാക്‌സിനുകള്‍ അതെടുക്കുന്ന വ്യക്തികള്‍ക്കു മാത്രമല്ല സുരക്ഷിതത്വമൊരുക്കുന്നത്. കേള്‍ക്കുമ്പോള്‍ വിരോധാഭാസമെന്നു തോന്നുമെങ്കിലും അത് ഒരു സമൂഹത്തെയൊന്നാകെ സംരക്ഷിക്കുന്നു. വാക്‌സിനേഷനു വിധേയരാകാത്ത ആളുകള്‍ പോലും അതിന്റെ സംരക്ഷണവലയത്തിലാകുന്നു. ഗണ്യമായ ഒരു വിഭാഗം ആളുകള്‍ വാക്‌സിനേഷനു വിധേയരാകുന്നതോടെ ഒരു സമൂഹത്തില്‍ ആ പഥോജന്‍ മൂലമുള്ള അസുഖം പൊട്ടിപ്പുറപ്പെടാനുള്ള സാദ്ധ്യത കുറയുകയും സമൂഹമൊന്നാകെ വാക്‌സിനേഷന്റെ ഗുണഫലം അനുഭവിക്കുകയും ചെയ്യുന്നു. കുടിയേറാന്‍ ആതിഥേയശരീരങ്ങള്‍ കിട്ടാതാകുന്നതോടെ ആ സമൂഹത്തില്‍നിന്ന് അത്തരം പഥോജനുകള്‍ അപ്രത്യക്ഷമാകുന്നു. അങ്ങനെ നല്ല ശതമാനം ആളുകളെ വാക്‌സ്‌നിനേറ്റു ചെയ്യുന്നതിലൂടെ ചില അസുഖങ്ങളെ നമുക്ക് നിര്‍മ്മാര്‍ജനം ചെയ്യാന്‍ സാധിക്കുന്നു.
രണ്ടുതരം വാക്‌സിനേഷനുകള്‍
പലതരത്തിലുള്ള വാക്‌സിനേഷന്‍ രീതികള്‍ പ്രചാരത്തിലുണ്ട്. 1. ജീവാവസ്ഥയിലുള്ള ലഘുവീര്യവാക്‌സിനുകള്‍ ഏതു വൈറസിനെതിരായ ആന്റിബോഡി നിര്‍മിക്കാനാണോ ശരീരത്തെ പരിശീലിപ്പിക്കേണ്ടത് ആ വൈറസിന്റെ വീര്യവും ഉശിരും കുറച്ച പതിപ്പുകളെ, ഒരു ശരീരത്തില്‍ പൊതുവേ രോഗമുണ്ടാകാനുള്ള ശക്തിയില്ലാത്ത, ക്ഷീണാവസ്ഥയിലുള്ള വൈറസ് പതിപ്പുകളെ ശരീരത്തില്‍ കുത്തിവയ്ക്കുകയും ശരീരത്തെ ആ വൈറസിന്റെ ജീവനുള്ള ഘടനയുമായി പരിചയപ്പെടുത്തുകയും അങ്ങനെ പ്രതിരോധനിരയെ ഉണര്‍ത്തുകയും ആന്റിബോഡികള്‍ നിര്‍മ്മിപ്പിക്കുകയും അവയെ മെമ്മറിസെല്ലുകളില്‍ ഓര്‍ത്തുവയ്പ്പിക്കുകയുമാണ്— ഈ വാക്‌സിനുകള്‍ ചെയ്യുന്നത്. ജീവനുള്ള പഥോജനുകളെ ശരീരത്തിലേക്കു കടത്തുന്നതുമൂലം യഥാര്‍ത്ഥപഥോജനെ നേരിടാനുള്ള മുന്നൊരുക്കത്തിലേക്ക് ശരീരമെത്തുന്നു. അതിനാല്‍ത്തന്നെ ശരീരത്തെ ഈ വാക്‌സിന്‍ ഒന്നോ രണ്ടോ തവണ പരിചയപ്പെടുത്തുന്നതിലൂടെ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധശേഷി ആര്‍ജിക്കുന്നു. അതേസമയം ജീവാവസ്ഥയിലുള്ള വൈറസ് കണങ്ങള്‍ അടങ്ങിയതാകയാല്‍ ഈ വാക്‌സിന്‍ സ്വതവേ ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞ കുഞ്ഞുങ്ങള്‍ക്കോ മറ്റു ക്ഷീണാവസ്ഥയിലുള്ളവര്‍ക്കോ നല്‍കാനാവില്ല. ജീവാവസ്ഥയിലുള്ള വൈറസ് കണങ്ങള്‍ നശിച്ചുപോകാതെയിരിക്കാന്‍ ഇവ എക്കാലവും നന്നേ തണുത്ത കാലാവസ്ഥയില്‍ സൂക്ഷിച്ചുവയ്‌ക്കേണ്ടതുമുണ്ട്. മസൂരി, ചിക്കന്‍പോക്‌സ്, ഇന്‍ഫ്‌ലുവെന്‍സാ, റോട്ടാവൈറസ്, റൂബെല്ല എന്നിവ ഉദാഹരണങ്ങള്‍
2.നിര്‍വീര്യവൈറസ്‌കണവാക്‌സിന്‍ ഇത്തരം വാക്‌സിനുകളില്‍ രാസവസ്തുക്കളോ ചൂടോ ഉപയോഗിച്ചു കൊന്ന വൈറസ് പതിപ്പുകളാണ്—ഉപയോഗിക്കുന്നത്. പൂര്‍ണ്ണമായും നിര്‍ജീവാവസ്ഥയിലുള്ള വൈറസാണെങ്കിലും ശരീരത്തിന്റെ പ്രതിരോധസംവിധാനം ഇതിന്റെ ആന്റിജനെ തിരിച്ചറിയുകയും ആന്റിബോഡികള്‍ ഉല്പ്പാദിപ്പിക്കുകയും ചെയ്യുന്നു. പൂര്‍ണ്ണമായ നിര്‍ജീവാവസ്ഥയിലായതിനാല്‍ ഈ വൈറസ് പതിപ്പുകള്‍ ശരീരത്തില്‍വച്ചു ശക്തിപ്രാപിക്കുമെന്നോ രോഗമുണ്ടാക്കുമെന്നോ ഭയക്കേണ്ടതില്ല. ആരിലും പ്രയോഗിക്കാം എന്നൊരു നല്ലവശം കൂടെയുണ്ട്. ആന്റിബോഡി നിര്‍മ്മാണം നടക്കുമെങ്കിലും നിര്‍ജീവാവസ്ഥയിലുള്ള വൈറസായതിനാല്‍ അവനെ നശിപ്പിക്കേണ്ട ആവശ്യം ശരീരത്തിനില്ലാത്തതിനാല്‍ അത് എത്ര കാര്യക്ഷമമായി നടക്കും എന്നതില്‍ സംശയമുണ്ട്. നിര്‍ജീവാവസ്ഥയിലുള്ള ഒന്നിനോട് അതിന്റെ ജീവാവസ്ഥയിലുള്ള പതിപ്പിനോടു പ്രതികരിക്കും പോലെ ശരീരം പ്രതികരിക്കുമോ എന്നതിലും സംശയമുണ്ട്. അതുകൊണ്ട് ഈ രീതിയിലുള്ള വാക്‌സിന്‍ പലപ്രാവശ്യം കൊടുത്ത് ശരീരത്തെ പരിശീലിപ്പിക്കേണ്ടിയിരിക്കുന്നു. ചിലപ്പോള്‍ നേരത്തേ നല്കിയ വാക്‌സിന്റെ ശക്തി ബലപ്പെടുത്താന്‍ ബൂസ്റ്റര്‍ ഡോസും നല്‌കേണ്ടിവരുന്നു. അകത്തുചെന്നുപെട്ടാല്‍ പിന്നെ ശരീരത്തിനു രക്ഷയില്ലാത്തതരം വൈറസിനെ പ്രതിരോധിക്കാനാണ്— ഈ വാക്‌സിനുകള്‍ ഉപയോഗിക്കുന്നത്. പോളിയോ, പേപ്പട്ടിവിഷം, ഹെപ്പറ്റൈറ്റിസ് എ എന്നിവയ്ക്കുള്ള വാക്‌സിനുകള്‍ ഉദാഹരണങ്ങള്‍.
കുഞ്ഞുങ്ങള്‍, കുട്ടികള്‍, പ്രായമുള്ളവര്‍, പലവിധ അസുഖങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, രോഗപ്രതിരോധശേഷി വൈകല്യങ്ങളുള്ളവര്‍ എന്നിവര്‍ക്കൊന്നും വാക്‌സിന്റെ പ്രത്യേകതയനുസരിച്ച് വാക്‌സിനേഷന്‍ നടത്താനായെന്നുവരില്ല. എങ്കില്‍പ്പോലും ഒരു നിശ്ചിത ശതമാനം ആളുകളെ വാക്‌സിനേഷനു വിധേയരാക്കുന്നതിലൂടെ സമൂഹമൊന്നാകെ ഈ അസുഖത്തെ അതിജീവിക്കുന്നു. പഥോജന്റെ തരവും ഇനവുമനുസരിച്ച് ഒരു സമൂഹത്തിലെ എത്ര ശതമാനം ആളുകള്‍ക്ക്(Threshold Percentage) വാക്‌സിനേഷന്‍ നടത്തണമെന്നത് പകര്‍ച്ചവ്യാധിയുടെ ഗണിതവല്‍ക്കരണം(Mathematical Modelling) വഴിയായും ജൈവശാസ്ത്ര – നരവംശശാസ്ത്ര സാമൂഹികശാസ്ത്ര വിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം വഴിയായും നിര്‍ണ്ണയിക്കുന്നു.
എന്നാല്‍ ചില തെറ്റായ പ്രചരണങ്ങള്‍ മൂലവും കൃത്യമായ ബോധവല്‍ക്കരണത്തിന്റെ അഭാവത്തിലും ചിലര്‍ വാക്‌സിനേഷനു വിധേയരാകാന്‍ വിസമ്മതിക്കുന്നു. തദ്ഫലമായി വാക്‌സിനേഷന്‍ ത്രെഷോള്‍ഡ് വേണ്ടതില്‍നിന്ന് താഴെയാകുകയും സമൂഹം രോഗത്തിന്റെ പിടിയിലാകുകയും ചെയ്യുന്നു. ചില തെറ്റിദ്ധാരണകളുടെ പേരിലും, 1976-ല്‍ ലോകത്തുനിന്നു നിര്‍മ്മാര്‍ജനം ചെയ്ത മസൂരിയെ ഇനിയൊന്നും ഭയക്കാനില്ലായെന്ന ആത്മവിശ്വാസത്തില്‍ 1997 ല്‍ ബ്രിട്ടനില്‍ ഒരു വിഭാഗം രക്ഷിതാക്കള്‍ അവരുടെ കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കേണ്ടതില്ലെന്നു തീരുമാനിച്ചു. ഫലമോ വിരലിലെണ്ണാവുന്ന മസൂരി രോഗികളില്‍നിന്ന് 2011 ആയപ്പോഴേക്ക് എതാണ്ട് 2000 ത്തോളം മസൂരിരോഗികള്‍ ഇംഗ്ലണ്ടിലുണ്ടായി. അമേരിക്കയിലും മസൂരിയുടെയും വില്ലന്‍ ചുമയുടെയും വാക്‌സിനുകള്‍ എടുക്കാന്‍ സമ്മതമല്ലാതിരുന്ന ഒരു വിഭാഗം ആളുകളുടെ അവഗണന ഈ രണ്ട് അസുഖങ്ങളേയും വീണ്ടും പൊട്ടിപ്പുറപ്പെടുവിക്കുന്നതില്‍ പങ്കുവഹിച്ചകാര്യവും വാക്‌സിനേഷനില്‍ അലംഭാവം കാണിക്കുമ്പോഴൊക്കെ നമ്മുടെ ഓര്‍മ്മയിലുണ്ടാകണം. ഒഴിഞ്ഞുപോയിയെന്നു നാം കരുതുന്ന അസുഖങ്ങളൊക്കെ കണിശമായ വാക്‌സിനേഷന്റെ അഭാവത്തില്‍ ഏതുനിമിഷവും നമ്മെ പിടികൂടാമെന്നതും നാം മറക്കരുത്. അതുകൊണ്ട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് യാതൊരു വിട്ടുവീഴ്ചയും കൂടാതെ വാക്‌സിനേഷനു വിധേയരാകുക എന്നത് സമൂഹത്തോടുള്ള നമ്മുടെ പ്രതിബദ്ധതയുടെ നല്ലഭാഗമായി ആളുകള്‍ കരുതണം.
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, സാക്ഷരതയില്‍ മുന്നില്‍ നില്ക്കുന്നുവെന്ന് അഭിമാനിക്കുന്ന കേരളത്തിലും പോളിയോ വാക്‌സിന്‍ കുഞ്ഞുങ്ങള്‍ക്കു കൊടുക്കുന്നതിനെ നിരാകരിക്കുന്ന, എതിര്‍ക്കുന്ന ആളുകളുമുണ്ടാകുന്നു. ഇക്കഴിഞ്ഞ ജനുവരി 19 നു നടന്ന സംസ്ഥാനപോളിയോ നിര്‍മ്മാര്‍ജനയജ്ഞത്തില്‍ കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കാതിരുന്ന രക്ഷകര്‍ത്താക്കളുടെ നിലപാടുമൂലം കേരളത്തില്‍ ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 490645 കുഞ്ഞുങ്ങള്‍ക്കാണ്—പോളിയോ വാക്‌സിന്‍ കൊടുക്കാന്‍ കഴിയാതിരുന്നത്. രക്ഷകര്‍ത്താക്കളുടെ പിന്തിരിപ്പന്‍ നിലപാടുമൂലം മലപ്പുറം ജില്ലയില്‍ 46% കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ നിഷേധിക്കപ്പെട്ടു. പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലും ചില രക്ഷിതാക്കള്‍ ഇതേ നിലപാടു സ്വീകരിച്ചു. വിശ്വാസസംഹിതകളെ ശാസ്ത്രത്തിനുമേല്‍ പ്രതിഷ്ഠിക്കുകയും ദൈവം എല്ലാം സുഖപ്പെടുത്തിക്കൊള്ളുമെന്ന വിശ്വാസത്തില്‍ അഭിരമിക്കുകയും ചെയ്യുന്നവരാണ്—വാക്‌സിനേഷന്‍ നിഷേധിച്ചവരില്‍ ഏറിയപങ്കും. ഇങ്ങനെ വാക്‌സിനേഷന്‍ നിഷേധിച്ചയിടത്തെല്ലാം അസുഖങ്ങള്‍ സമൂഹത്തെയാകമാനം കൊന്നൊടുക്കിയിട്ടുണ്ടെന്ന വസ്തുത ജാഗ്രതയോടെ കാണേണ്ടതുമുണ്ട്.
ആക്രമിക്കുന്ന വൈറസുകളുടെ ഇനം, വാക്‌സിന്‍ പ്രയോഗിക്കേണ്ട ശരീരത്തിന്റെ പൊതുസ്ഥിതി എന്നിവയെ അടിസ്ഥാനപ്പെടുത്തി പലതരത്തിലും സ്വഭാവത്തിലുമുള്ള വാക്‌സിനുകളാണ് നല്കുന്നത്. ഒരു വാക്‌സിന്റെ പ്രഭാവം എത്രകാലം നീണ്ടുനില്‍ക്കും? ഒന്നില്‍ക്കൂടുതല്‍ തവണ വാക്‌സിന്‍ എടുക്കേണ്ടതുണ്ടോ? വാക്‌സിനുകള്‍ എടുക്കുന്നത് ശരീരത്തിനു ദോഷകരമാണോ? എന്നിങ്ങനെ അനവധി സംശയങ്ങള്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വിദ്യാസമ്പന്നരുടെ ഇടയില്‍പ്പോലുമുണ്ട്.
കുത്തിവയ്ക്കപ്പെടുന്നയാളിനെ രോഗിയാക്കാതെതന്നെ പഥോജനുകളുടെ ആന്റിജനുകളെ ശരീരത്തിലേക്കു കടത്തിവിട്ട് ശരീരത്തിന്റെ രോഗപ്രതിരോധസംവിധാനത്തെ ഈ ആന്റിജനുകള്‍ക്കെതിരേ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലിപ്പിക്കുകയും അതില്‍ ശരീരത്തെ വിജയിപ്പിക്കുകയുമാണ് വാക്‌സിനേഷന്റെ ലക്ഷ്യമെന്നു മുന്‍പുപറഞ്ഞത് ഓര്‍മ്മയുണ്ടാകുമല്ലോ.
പഥോജനുകളില്‍നിന്ന് ചില പ്രത്യേക ആന്റിജനുകള്‍ മാത്രം വേര്‍തിരിച്ചെടുത്തുണ്ടാക്കുന്ന വാക്‌സിനുകള്‍, വൈറസിന്റെ ഡി എന്‍ എ യുടെ അനുകരണവാക്‌സിന്‍, ബാക്ടീരിയാകള്‍ പുറപ്പെടുവിക്കുന്ന വിഷത്തിന്റെ ലഘുകണികകളടങ്ങിയ വാക്‌സിനുകള്‍, ചില വൈറസുകളുടെ ഗ്ലൂക്കോസ് ആവരണത്തിന്മേല്‍ മറ്റുരോഗത്തിന്റെ ആന്റിജനുകള്‍ പതിപ്പിച്ചുണ്ടാക്കുന്ന കോണ്‍ജുഗേറ്റ് വാക്‌സിനുകള്‍ എന്നിങ്ങനെ നിരവധി വാക്‌സിനുകള്‍ ശാസ്ത്രലോകം ഉപയോഗിക്കുന്നു. അനവധി എണ്ണം പരീക്ഷണങ്ങളുടെ അന്ത്യഘട്ടത്തിലുമാണ്. വിസ്താരഭയംകൊണ്ട് അവയുടെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ല.
നാം അധികം ശ്രദ്ധിക്കാത്തതും എന്നാല്‍ ഒഴിവാക്കിയാല്‍ ദൂരവ്യാപകമായ ദോഷഫലങ്ങളുള്ളതുമാണ്—HPV Human Papiloma Virus നെതിരെയുള്ള വാക്‌സിന്‍. ആദ്യലൈംഗികബന്ധത്തിനുമുന്‍പ് കഴിവതും റ്റീനേജില്‍ അല്ലെങ്കില്‍ 24 വയസ്സിനുമുന്‍പെങ്കിലും കുട്ടികള്‍ക്ക് ഇതെടുത്തിരിക്കണം. വഴിവിട്ട ലൈംഗികബന്ധങ്ങള്‍ സാധാരണമാകുന്ന ഇക്കാലത്ത് ജെനിറ്റല്‍ വാര്‍ട്ടുകളേയും (മുന്‍ ലക്കത്തില്‍ വിശദീകരിച്ചിട്ടുണ്ട്) സ്ത്രീകളുടെ എക്കാലത്തേയും പേടിസ്വപ്‌നമായ ഗര്‍ഭാശയക്യാന്‍സറിനേയും പ്രതിരോധിക്കാന്‍ HPV ശരീരത്തിലെത്താന്‍ സാദ്ധ്യതയുള്ള പ്രായത്തിനുമുന്‍പ് ഈ വാക്‌സിന്‍ എടുക്കണം.
ചുരുക്കത്തില്‍ വാക്‌സിനേഷന്‍ വൈറസ് – ബാക്ടീരിയ ആക്രമണങ്ങളില്‍നിന്ന് മനുഷ്യവംശത്തെ ഒരുപരിധിവരെ സംരക്ഷിക്കുന്നു. വൈറസിന്റെ ജനിതകഘടന മനസ്സിലാക്കുകയും അതിന്റെ ആന്റിജനെ വേര്‍തിരിച്ചെടുക്കുകയും ആന്റിജനുകളെ നശിപ്പിക്കുന്ന, അതുവഴി വൈറസിനെ അപ്പാടെ തകര്‍ത്തുകളയുകയും ചെയ്യുന്ന ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍ ശരീരത്തിലെ രോഗപ്രതിരോധസംവിധാനത്തെ പരിശീലിപ്പിക്കുന്ന വാക്‌സിനുകളുടെ നിര്‍മ്മാണം ഇന്ന് ആധുനിക ജൈവരസതന്ത്രവും(Chemical Biology) തന്മാത്രാധിഷ്ഠിത ജൈവശാസ്ത്രവും (Molecular Biology) ഗണിതവും കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നതിലൂടെ സാദ്ധ്യമാണ്.
പകര്‍ച്ചവ്യാധികളുടെ ഗണിതാനുകരണം ഡിഫറന്‍ഷ്യല്‍ ഇക്വേഷന്‍സ്, ന്യൂമറിക്കല്‍ അനാലിസിസ്, ഗ്രാഫ് തിയറി എന്നീ ഗണിതസങ്കേതങ്ങളിലൂടെ ആവിഷ്‌കരിക്കുകയും ഉചിതമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ മറ്റു ശാസ്ത്രശാഖകളുടെ സഹായത്തോടെ കണ്ടെത്തുകയും ചെയ്യുന്നു. വൈറസുകളുടെ അതിജീവനകാലം, അത് ഏതൊക്കെ മരുന്നുകളോടെ എങ്ങനെയൊക്കെ പ്രവര്‍ത്തിക്കും, ശരീരകോശങ്ങളിലെ അതിന്റെ ചലന-ചലനേതരപ്രവര്‍ത്തനങ്ങള്‍, കോശ‘ഭിത്തികളില്‍ അവ ഏല്‍പ്പിക്കുന്ന ആഘാതം, തുടര്‍ നടപടികള്‍, അതുമൂലം ഉണ്ടാകാവുന്ന അസുഖത്തിന്റെ തീവ്രത, മരണനിരക്ക്, accination Threshold എന്നിവയൊക്കെ അറിയാന്‍ ഗണിതസങ്കേതങ്ങളായ സ്റ്റാറ്റിസ്റ്റിക്‌സ്, ഫസി മാത്തമാറ്റിക്‌സ്, ഡിഫറന്‍ഷ്യല്‍ ജ്യോമെട്രി, ടോപ്പോളജി എന്നിവ സഹായകരമാണ്.
ലോകത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന ഗവേഷണ-നിരീക്ഷണപഠനങ്ങള്‍ കോവിഡ്-19 വൈറസിനെതിരേയും ഒരു വാക്‌സിന്‍ നിര്‍മ്മിക്കുന്നതില്‍ ശാസ്ത്രത്തെ സഹായിക്കുമെന്നും ഈ മഹാമാരിയേയും താമസംവിനാ ലോകത്തുനിന്നു നിര്‍മ്മാര്‍ജനം ചെയ്യുമെന്നും നമുക്ക് പ്രത്യാശിക്കാം.
(അവസാനിച്ചു)
References
1. Microbiology 101: Why Antibiotics Dont Kill Viruses. Dr. Barry Dworkin. January 28, 2003.
2.Shapiro JA Thinking about bacterial populations as multicellular organisms” Annual Review of Microbiology. 52:1998, 81104.
3.Larson E Community factors in the development of antibiotic resistance. Annual Review of Public Health. 28 (1):2007, 43547.
4.Crick FH, Watson JD “Structure of small viruse-s. Nature. 177 (4506): 47375.
5.Whitley RJ, Roizman B “Herpes simplex virus infections. Lancet. 357 (9267):2001, 151318.
6.ombard M, Pastoret PP, Moulin AM . A brief history of vaccines and vaccination. Revue Scientifiquet Technique. 26 (1):2007, 2948.
7.Omer SB, Salmon DA, Orenstein WA, de Hart MP, Halsey N Vaccine refusa-, mandatory immunization, and the risks of vaccine-preventable diseases. The New England Journal of Medicine. 360 (19): 2009,19818.
8.Silvestein, Arthur M , A History of Immunology (2nd ed.). Academic Press(2009).
9.Gul Zaman et al, Mathematical Modeling and Control of Infectious Diseases, J. Computationa- an Mathematical Methods in Medicine 2017.