ഗുരുവായൂര്‍ ദേവസ്വം ആക്ട് ആന്റ് റൂള്‍സിന്റെ ലംഘനത്തിന്റെയും മറികടക്കലിന്റെയും ആരംഭം ഇന്നോ ഇന്നലെയോ തുടങ്ങിയതാണോ? അല്ലെന്നാണ് മുന്‍കാല ചരിത്രസൂചനകള്‍. അക്വിസിഷന്‍, മരാമത്ത്, നിയമനം, പര്‍ച്ചേയ്‌സ്, എന്തിനേറെ പറയുന്നു സാംസ്‌കാരിക പരിപാടികള്‍, ഉത്സവാഘോഷപരിപാടികള്‍ എന്നിവക്ക് വരെ പണം ചെലവഴിക്കുന്നതിന്റെ തന്ത്രപരമായ നീക്കങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. അഴിമതിക്കും ക്രമക്കേടുകള്‍ക്കും സ്വാര്‍ത്ഥ താത്പര്യപ്രേരിതമായ കാര്യങ്ങള്‍ക്കും സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ നേട്ടങ്ങള്‍ക്കും ഒക്കെ ആക്ട് ലംഘിക്കുകയോ മറികടക്കുകയോ ചെയ്യുന്നത് സര്‍വ്വസാധാരണമാണെന്ന് ഗുരുവായൂര്‍ ദേവസ്വത്തിലെ തുടര്‍ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. 1985 മുതല്‍ നടന്ന ഗുരുവായൂര്‍ ദേവസ്വം അക്വിസിഷന്‍ നടപടികള്‍ പരിശോധനാവിധേയമാക്കുന്നത് ഹിന്ദുമതസമുദായത്തിന്റെ സവിശേഷശ്രദ്ധയ്ക്ക് പാത്രമാവുമെന്ന് കരുതാം.
ഒരുകാലത്ത് വടക്കാഞ്ചേരി വരെയും വേങ്ങാട് വരെയും പരന്നുകിടക്കുന്ന ഭൂസ്വത്തിനുടമയായിരുന്നു ശ്രീ ഗുരുവായൂരപ്പന്‍. ഇപ്പോഴും ഭൂമി പോക്കുവരവ് ചേര്‍ക്കേണ്ട ഇന്നത്തെ ഉടമസ്ഥര്‍ അടിയാധാരത്തില്‍ ഭൂമി ഗുരുവായൂര്‍ ദേവസ്വം വക എന്ന് കാണുന്നതിനാല്‍ തണ്ടപ്പേര് ലഭിക്കാന്‍ എതിര്‍പ്പില്ല എന്ന് കാണിക്കുന്നസര്‍ട്ടിഫിക്കറ്റിനായി ഗുരുവായൂര്‍ ദേവസ്വം ഓഫീസിലെത്താറുണ്ടെന്ന കാര്യം ഗുരുവായൂരപ്പന്റെ സ്വന്തമായിരുന്ന ഭൂമിയുടെ വ്യാപ്തി കാണിക്കുന്നു. ഗുരുവായൂര്‍ ദേവസ്വം ഭൂമിയെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്തതിന് നാമമാത്രമായ നഷ്ടപരിഹാരതുക ചാവക്കാട് സബ്ബ് ട്രഷറി മുഖേന ലഭിക്കുന്നത് സര്‍ക്കാര്‍ ധനസഹായമായിട്ടാണ് പലരും കരുതുന്നത്. ഇന്ന് ഗുരുവായൂര്‍ ദേവസ്വം ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ മറ്റുള്ളവരുടേതായ ഭൂമി അക്വയര്‍ ചെയ്യുകയെന്നതാണ് നിലവിലെ രീതി. അപ്രകാരമുളള ഭൂമി ഏറ്റെടുക്കലുകളുടെ പിന്നാമ്പുറകഥകളാവട്ടെ ഗുരുവായൂര്‍ ദേവസ്വത്തിനുണ്ടായ ഭീമമായ ബഹുമുഖ നഷ്ടങ്ങളുടെ കണക്കും ഹിന്ദുമതസമുദായത്തോടുള്ള വഞ്ചനയുടെ ചരിത്രവുമാണ് വിളിച്ചു പറയുന്നത്.
1985ല്‍ ഗുരുവായൂര്‍ തൃശ്ശൂര്‍ പാതയോരത്ത് തൈക്കാട് പഞ്ചായത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിന് വേണ്ടി 66 കെ.വി. സബ്ബ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് 1/85 അവാര്‍ഡ് പ്രകാരം രണ്ട് ഏക്കറിനടുത്ത് ഭൂമി അക്വയര്‍ ചെയ്തു. ആയിരം രൂപ വാര്‍ഷികപാട്ടം നിശ്ചയിച്ച് ഭൂമി 99 വര്‍ഷത്തേക്ക് വൈദ്യുതി ബോര്‍ഡിന് കൈമാറി. ദേവസ്വം ആവശ്യത്തിന് 11 കെ.വി. സബ് സ്റ്റേഷന്‍ ഓഫീസ് പരിസരത്ത് തന്നെ ഒതുക്കി. തൈക്കാട് ഗുരുവായൂര്‍ ദേവസ്വം ഭൂമിയില്‍ 110 കെ.വി. സബ്ബ് സ്റ്റേഷനും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഓഫീസുകളും ആണ് പ്രവര്‍ത്തിക്കുന്നത്. ആക്ട് വ്യവസ്ഥ അനുകൂലമാക്കാന്‍ വേണ്ടി ദേവസ്വത്തിന് തടസ്സമില്ലാത്ത വൈദ്യുതി എന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് കരാര്‍ ചമച്ചിട്ടുള്ളത്. നിരന്തരവും നീണ്ടുനില്‍ക്കുന്നതുമായ വൈദ്യുതി തടസ്സം പരിഹരിക്കാന്‍ ഗുരുവായൂര്‍ ദേവസ്വത്തിന് മൂന്ന് ജനറേറ്ററുകളാണ് വാങ്ങി ഉപയോഗിക്കേണ്ടി വന്നിട്ടുള്ളവെന്നതാണ് വാസ്തവം. വൈദ്യുതി പ്രതിഷ്ഠാപനം പൊതുസമൂഹത്തിന്റെ ആവശ്യവും സര്‍ക്കാരിന്റെ ചുമതലയുമാണ്. അതിനുവേണ്ടി ഭരണഘടന പ്രകാരം ഹിന്ദുമത സമുദായത്തിന്റെ ആത്മീയകാര്യങ്ങള്‍ക്കുപയോഗിക്കേണ്ട ഭൂമിയാണ് ഇനിയൊരിക്കലും തിരിച്ചുകിട്ടാനിടയില്ലാത്ത തരത്തില്‍ അന്യാധീനപ്പെടുത്തിയത്. ദേവസ്വം ആവശ്യത്തിന് വേണ്ടിയാണെങ്കില്‍ യഥാര്‍ത്ഥ ഉടമസ്ഥാവകാശികളായ ഹിന്ദുമതസമുദായത്തിന്റെ അഭിപ്രായമാരാഞ്ഞശേഷമാണോ ഭൂമി അന്യാധീനപ്പെടുത്തിയിട്ടുള്ളത്. ഗുരുവായൂര്‍ ദേവസ്വത്തിന് 66 കെ.വി സബ്ബ് സ്റ്റേഷന്‍ പണിയാന്‍ ഭൂമി അക്വയര്‍ ചെയ്യുന്നതിന് തീരുമാനമെടുക്കുകയും വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തത് പ്രായപൂര്‍ത്തിയാവാത്ത പ്രതിഷ്ഠയോടുള്ള വഞ്ചനയല്ലേ? തറവാടകയിനത്തില്‍ പോലും മാസം ലക്ഷക്കണക്കിന് രൂപ വരുമാനത്തിനര്‍ഹതയുള്ളപ്പോള്‍ ആയിരം രൂപ വാര്‍ഷികപാട്ടവ്യവസ്ഥയില്‍ ദേവസ്വം ഭൂമി ബോധപൂര്‍വ്വം തട്ടിയെടുക്കുകയാണുണ്ടായിട്ടുള്ളതെന്ന് കാണാം. യാതൊരു ഇളവുകളുമില്ലാതെ ഭീമമായ വൈദ്യുതിചാര്‍ജ്ജ് ദേവസ്വം അടവാക്കിവരുന്നുണ്ട്. പക്ഷെ കരാറില്‍ പറയുന്ന തടസ്സമില്ലാത്ത വൈദ്യുതി പാഴ്‌വാക്കാവുകയും, കരാര്‍ ഏകപക്ഷീയമായി ലംഘിക്കപ്പെടുകയും ചെയ്യുന്നു.
അന്ന് കരാര്‍ ചമച്ച വൈദ്യുതി ബോര്‍ഡിന്റെ ഘടനയും സ്വത്വവും പാടെ മാറിയ സാഹചര്യത്തില്‍ കരാര്‍ അസാധുവായെന്ന് കാണാം. പുതിയ കരാര്‍ ഉത്ഭവിക്കുകയോ പ്രാബല്യത്തില്‍ വരികയോ ചെയ്തിട്ടില്ലാത്തതുമാണ്. മതേതര പൊതുസമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി മതേതര സര്‍ക്കാര്‍ ഹിന്ദുമത സമുദായത്തിന്റെ ഭൂമിയടക്കമുള്ള സ്വത്തുവഹകള്‍ തട്ടിയെടുക്കുന്നതെങ്ങിനെ എന്നതിന്റെ ഒരു ഉദാഹരണം മാത്രമാണിത്. ആസൂത്രിത നീക്കത്തില്‍ അന്യാധീനപ്പെട്ട് വൈദ്യുതി പ്രതിഷ്ഠാപനം സ്ഥാപിച്ച ഭൂമി എന്ന് ദേവസ്വത്തിന് തിരികെ ലഭിക്കും എന്നത് ചിന്തനീയം. 1998ലാണ് പടിഞ്ഞാറെ നടയില്‍ അവാര്‍ഡ് നമ്പര്‍ 7/98 ആയി ഒന്നര ഏക്കര്‍ വരുന്ന മായാ ബസ്സ്റ്റാന്റ് ഭൂമി ഭക്തജന സൗകര്യത്തിന് വേണ്ടി അക്വയര്‍ ചെയ്യുന്നത്. അന്ന് ഒരു കോടിയില്‍ പരം രൂപ നഷ്ടപരിഹാരമടക്കം നല്‍കേണ്ടിയും വന്നു. 22 വര്‍ഷം കഴിഞ്ഞിട്ടും അവിടെ ഒരു ഷെഡ് പണിതു കിടക്കുന്നതാണ് ഭക്തജന സൗകര്യത്തിന് നടപടിയുണ്ടായതെന്നതാണ് യാഥാര്‍ത്ഥ്യം.
എന്നിട്ടും നടപടികള്‍ അവിടം കൊണ്ടവസാനിച്ചില്ല. കൃത്യം 12 വര്‍ഷം കഴിഞ്ഞ് 2011ല്‍ ടി സ്ഥലത്തേക്ക് ഗുരുവായൂര്‍ – ചാവക്കാട് മെയിന്‍ റോഡില്‍ നിന്നും വഴിയുണ്ടാക്കാന്‍ എന്ന ആവശ്യത്തിന് 1/2011 അവാര്‍ഡ് പ്രകാരം 80 സെന്റ് പാടം നഷ്ടപരിഹാര തുകയടക്കം 11,55,82,405/38 രൂപ ചെലവഴിച്ച് അക്വയര്‍ ചെയ്തു. മരാമത്ത് പ്രവൃത്തികളുടെ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിലൂടെ പാടം അനധികൃതമായി നികന്നുവരികയാണ്. പ്രധാന റോഡില്‍ നിന്ന് വഴിയില്ലാത്തത് ഒരു ന്യൂനതയായിരുന്നെങ്കില്‍ അത്തരം ഭൂമി അക്വയര്‍ ചെയ്തത് പാഴ് ചെലവാണെന്ന് കാണാം. ഒന്നര ഏക്കര്‍ വരുന്ന മായാബസ്സ്റ്റാന്റ് പറമ്പിന് നഷ്ടപരിഹാരമടക്കം ഒരു കോടി പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ചിടത്ത് 80 സെന്റ് പാടത്തിന് നഷ്ടപരിഹാരമടക്കം പതിനൊന്നര കോടി രൂപ. ഗുരുവായൂര്‍ ദേവസ്വത്തിലെ അസി. മാനേജരുടെയും സഹോദരനായ ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹിയുടെയും കുടുംബസ്വത്താണ് ഇത്തരത്തില്‍ വഴിക്ക് വേണ്ടി അക്വയര്‍ ചെയ്ത ഭൂമി. മേല്‍വസ്തുതകളാവട്ടെ ദുരൂഹതയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ വികസനത്തിനായി ചേര്‍ന്നു കിടക്കുന്ന 46 സെന്റ് ഭൂമി 2/2001 അവാര്‍ഡ് പ്രകാരം 90,68,892 രൂപ ചെലവാക്കി 2001ല്‍ അക്വയര്‍ ചെയ്തു. എട്ടുവര്‍ഷത്തിന് ശേഷം ഇന്നവിടെയുള്ളത് കേരളവാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണിയാണ്. ബാക്കി ഭാഗത്ത് ഒരു ഭക്തന്‍ സംഭാവന ചെയ്ത മൂന്ന് കോടി രൂപ ഉപയോഗിച്ച് ശൗചാലയ സമുച്ചയം നിര്‍മ്മാണഘട്ടത്തിലുമാണ്. ആശുപത്രി വികസനം നടന്നില്ലെങ്കിലെന്താ ശുദ്ധജലസംഭരണിയും ശൗചാലയവും തൊട്ടുരുമ്മിയുള്ള നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതിലൂടെ ആസനത്തില്‍ ആലുമുളപ്പിച്ച് അഭിമാനിക്കാന്‍ വകയുണ്ടാക്കിയെന്നേ പറയാന്‍ നിവൃത്തിയുള്ളൂ.
കാജ കമ്പനിയുടെ ഭൂമി വില്‍ക്കാന്‍ പോവുകയാണ് എന്ന മേല്‍വിലാസമില്ലാത്ത ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ് തിരുത്തിക്കാട്ട് പറമ്പ് അക്വിസിഷന്‍ നടപടികള്‍ക്ക് തുടക്കം. തെക്കെ നട അക്വിസിഷന്‍ ബാധിക്കുന്നവര്‍ക്ക് പുനരധിവാസത്തിനാണ് അക്വയര്‍ ചെയ്യുന്ന തീരുമാനമെടുത്തിട്ടുള്ളത്. 17 കുടികിടപ്പുകാരും തലങ്ങുംവിലങ്ങും വഴികളും കിഴക്ക് റെയില്‍വേ സ്റ്റേഷനും വടക്ക് ഹൈടെന്‍ഷന്‍ വൈദ്യുതിലൈനും ഒക്കെയുള്ള ഭൂമിക്ക് 6 കോടി രൂപയോളം ഇതേവരെയുള്ള നഷ്ടപരിഹാരമടക്കം ദേവസ്വത്തിന് ചെലവഴിക്കേണ്ടിവന്നു.
അവാര്‍ഡ് നമ്പര്‍ 3/2002, 4/2002 എന്നിവ പ്രകാരം അക്വയര്‍ ചെയ്ത് 18 വര്‍ഷമായിട്ടും നാമമാത്രമായിട്ടല്ലാതെ ഭൂമി ഉപയോഗിക്കപ്പെട്ടിട്ടില്ല. റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് കിടക്കുന്ന ഏതാണ്ട് 20 മീറ്ററോളം സ്ഥലത്ത് റെയില്‍വേ നിയമപ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. 33 കെ.വി. ഹൈടെന്‍ഷന്‍ വൈദ്യുതി പ്രസരണ ലൈനിന്റെ താഴെയും വശങ്ങളിലും യാതൊരു പ്രവൃത്തി നിര്‍വ്വഹണവും ഇലക്ട്രിസിറ്റി ആക്ട് 2010 അനുവദിക്കുന്നില്ല. ദേവസ്വത്തിന് പൂര്‍ണ്ണമായും ഉപയോഗയോഗ്യമല്ലെന്ന് ബോധ്യപ്പെട്ടു തന്നെ തിരുത്തിക്കാട്ട് പറമ്പ് അക്വയര്‍ ചെയ്തവരുടെ ഉദ്ദേശ്യം സോദ്ദേശ്യമോ അതോ ദുരുദ്ദേശ്യപരമോ?
2002ല്‍ തന്നെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് പണിയാന്‍ 5/2002 അവാര്‍ഡ് പ്രകാരം ഒന്നര ഏക്കര്‍ വരുന്ന സമീക്ഷപറമ്പ് – (പട്ടിപ്പറമ്പ്) 89,24,100 രൂപ ചെലവഴിച്ച് അക്വയര്‍ ചെയ്തു. ബാങ്ക് വായ്പ നടപടികളും, ഫ്ലാറ്റ് ഉടമകളുടെ പ്രശ്‌നങ്ങളും ഒക്കെയായി നിരവധി കാരണങ്ങളാല്‍ മേല്‍പ്പറഞ്ഞവപോലെ തന്നെയുളള പ്രശ്‌നാധിഷ്ഠിത ഭൂമി ഏറ്റെടുത്തവക ഇതുവരെയായി 8 കോടി രൂപക്കടുത്ത് നഷ്ടപരിഹാരം നല്‍കേണ്ടി വന്നു. ഗുരുവായൂരും താമരയൂരിലും നെന്മിനിയിലും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ വേണ്ടത്ര ഉളള സാഹചര്യത്തില്‍ സമീക്ഷ പറമ്പ് ഭീമമായ പണം ചെലവഴിച്ച് അക്വയര്‍ ചെയ്തതിലൂടെ ആര്‍ക്കാണ് സഹായം കിട്ടിയത് എന്ന കാര്യം അജ്ഞാതമാണ്. 18 വര്‍ഷമായിട്ടും യാതൊരു പദ്ധതിയും പ്രസ്തുത സ്ഥലത്ത് ഉണ്ടായിട്ടില്ല എന്നതും പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടിയിരിക്കുന്നു.
ഭരണസമിതി തീരുമാനങ്ങളില്‍ ഇടതായാലും വലുതായാലും അക്വിസിഷന് കാരണമായി കാണിക്കുന്നത് ഭക്തജന സൗകര്യത്തിനും ക്ഷേത്ര വികസനത്തിനുമെന്നായിരിക്കും. ഇതിലൂടെ ആക്ടിന്റെയും ആക്ട് പൊക്കിപ്പിടിക്കുന്നവരുടേയും കോടതിയുടേയും ഒക്കെ വായടപ്പിക്കാം. മേല്‍പ്പറഞ്ഞവ ഗുരുവായൂര്‍ ദേവസ്വം അക്വയര്‍ ചെയ്ത അന്‍പത്തി ഒന്നോളം വസ്തുവഹകളില്‍ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്. അന്‍പത്തി ഒന്ന് ഭൂപ്രദേശങ്ങളില്‍ ഭൂരിഭാഗത്തിലും ദേവസ്വം താത്പര്യമോ, പദ്ധതികളോ നടപ്പിലാക്കപ്പെടാതെ വര്‍ഷങ്ങളായി അനാഥമായി കിടക്കുകയാണ്. അഗ്നിശമന സേനക്കും പോലീസ് സ്റ്റേഷനും ഒക്കെ ദേവസ്വം ഭൂമിയും കെട്ടിടവുമാണ്. ഇപ്പോള്‍ പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ 30 വര്‍ഷത്തേക്ക് ഭൂമി പാട്ടവ്യവസ്ഥയില്‍ കൈമാറി അതും അന്യാധീനപ്പെടുത്തിയിരിക്കുകയാണ്. ഭക്തജനഹിതം ആരായാതെയാണ് നടപടി. വേങ്ങാട് ഗോകുലം, ചാവക്കാട് ദ്വാരകബീച്ച് തുടങ്ങി നിരവധി സ്ഥലങ്ങള്‍ അതിര്‍ത്തി കയ്യേറ്റവും അതുവഴിയുള്ള അന്യാധീനപ്പെടലും നേരിടുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ സര്‍ക്കാരിനും ഭൂമിയുടമകള്‍ക്കും ഭൂമി കൈമാറ്റക്കച്ചവടക്കാര്‍ക്കും മാത്രമല്ല അനാശാസ്യപ്രവൃത്തികളിലേര്‍പ്പട്ടവര്‍ക്ക് സൈ്വര്യവിഹാരത്തിന് സുരക്ഷിത താവളത്തിന് വേണ്ടി വരെയാണ് ഗുരുവായൂരപ്പന്റെ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി അക്വയര്‍ ചെയ്തതെന്ന് തോന്നിപ്പോകും.
ഭൂതകാല ചരിത്രത്തില്‍ നിന്നും ഈ വിഷയവുമായി ബന്ധപ്പെട്ട അല്‍പം വര്‍ത്തമാനകാലസംഭവങ്ങള്‍ കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും. കെ.ബി. മോഹന്‍ദാസ് ചെയര്‍മാനായ ഭരണസമിതി നിലവില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വേങ്ങാട് ഗോകുലം തൃശ്ശൂരിലേക്ക് മാറ്റുന്നതിന് ചുരുങ്ങിയത് നാല്‍പത് ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. നൂറ് ഏക്കറിന് മുകളിലുണ്ടായിരുന്ന വേങ്ങാട് ഗോകുലം 95 ഏക്കറായി കുറഞ്ഞിട്ടുണ്ടെങ്കിലും 1200ല്‍ പരം കന്നുകാലികള്‍ കുഞ്ഞുകുട്ടികള്‍ മുതല്‍ പ്രായമായവരെവരെ അവിടെ പരിപാലിക്കപ്പെടുന്നുണ്ട്. വൈദ്യുതി, കുടിവെള്ളം, പരിപാലനം, ചികിത്സ, ഷെഡുകള്‍, പാഡക്കുകള്‍, കാലിത്തീറ്റ/വൈക്കോല്‍ സംഭരണ കെട്ടിടങ്ങള്‍, ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിനും വികസനപ്രവര്‍ത്തനങ്ങള്‍ക്കും കൂടി കോടിക്കണക്കിന് രൂപ അവിടെ ചെലവഴിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത സ്ഥലത്ത് നിന്ന് മതിയായ യാതൊരു കാരണവുമില്ലാതെ പകുതി വിസ്തൃതി പോലുമില്ലാതെ പാരിസ്ഥിതിക പ്രശ്‌നങ്ങളടക്കം നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടതായ തൃശ്ശൂരിലേക്ക് ഗോകുലം മാറ്റുന്നതിന് സ്ഥലമെടുക്കാന്‍ 250 കോടിയായിരുന്നു നീക്കിവെച്ചത്. പണം ചെലവഴിച്ച് പത്രപരസ്യം നല്‍കി ഭൂവുടമകളില്‍ നിന്നും താത്പര്യപത്രം സ്വീകരിക്കുകയുണ്ടായെങ്കിലും ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് അസോസിയേഷന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നടപടികളൊന്നുമായില്ല. കലക്ടറെ കൊണ്ട് വില നിശ്ചയിച്ച് ഭൂവുടമകള്‍ക്ക് കൂടി സമ്മതമായ ഒത്തുതീര്‍പ്പില്‍ ഭൂമി ഏറ്റെടുത്താല്‍ കൈ നനയാതെ പിടിക്കാവുന്ന മീനെത്രയാവും എന്ന കാര്യം ഊഹിക്കാവുന്നതിലുമപ്പുറമാണ്.
(തുടരും)