ദേവസ്വങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ഇടത്താവളങ്ങളും അധികാര ദുര്‍വിനിയോഗ കേന്ദ്രങ്ങളും ആക്കുന്നതിന് എതിരെയുള്ള ഹിന്ദുക്കളുടെ പോരാട്ടം ഒരു വഴിത്തിരിവില്‍ എത്തിയിരിക്കുന്നു. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ദേവസ്വം ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നല്‍കിയ തീരുമാനം ഹൈക്കോടതി ബെഞ്ചിനു മുമ്പിലെത്തിയത് ഇതിന്റെ ഭാഗമാണ്.
ക്ഷേത്രേതര കാര്യങ്ങള്‍ക്ക് ദേവസ്വം ഫണ്ട് വിനിയോഗിക്കാന്‍ പാടില്ലെന്നിരിക്കെ ലോക്ഡൗണിന്റെ പേര് പറഞ്ഞ് ദേവസ്വം നിയമത്തെ അട്ടിമറിക്കാനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിക്കുന്നത്. ദേവസ്വം നിയമമനുസരിച്ച് ദേവസ്വം വരുമാനം ക്ഷേത്ര കാര്യങ്ങള്‍ക്കും ഭക്തജന ക്ഷേമത്തിനും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. നിത്യനിദാന ചെലവിനും ഗോശാലയിലെ ഗോക്കള്‍ക്കും,, ദേവസ്വം ആനകള്‍ക്കും ആയി പ്രതിമാസം കോടികള്‍ ചെലവഴിക്കേണ്ടിവരുന്നുണ്ട്. ക്ഷേത്രത്തില്‍ ഭക്തരെ വിലക്കിയതുമൂലം വരുമാനം നിലച്ച സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ ഈ നടപടി. മറ്റിനങ്ങളിലും പെന്‍ഷന്‍ തുടങ്ങിയ കാര്യങ്ങള്‍ക്കും 10 കോടിയിലധികം രൂപയാണ് ചെലവഴിക്കപ്പെടുന്നത്. ദേവസ്വം ആക്ട് 7പ്രകാരം ദേവസ്വം ബോര്‍ഡ് മീറ്റിംഗ് നടത്തേണ്ടത് ഗുരുവായൂരിലാണ്. ആക്ട് 7, (3)പ്രകാരം മീറ്റിംഗ് കോറം 4ആണ്, ഫണ്ട് വകമാറ്റാന്‍ ചേര്‍ന്ന യോഗത്തില്‍ ദേവസ്വം പ്രസിഡന്റ് മോഹന്‍ദാസും പ്രശാന്ത് എന്ന മെമ്പറും മാത്രമാണ് പങ്കെടുത്തത്. അഡ്മിനിസ്‌ട്രേറ്റര്‍ പങ്കെടുത്തിരുന്നെങ്കിലും അദ്ദേഹം അംഗമല്ലാത്തതിനാല്‍ പരിഗണനാര്‍ഹനല്ല. ആയതിനാല്‍ തീരുമാനം തന്നെ അസാധുവാണ്.
ക്ഷേത്രസ്വത്ത് അന്യാധീനപ്പെടുത്തുന്നതിന് കാരണമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത് ഗുരുവായൂര്‍ മതേതരക്ഷേത്രം ആയതുകൊണ്ട് പൊതുകാര്യങ്ങള്‍ക്ക് ഫണ്ട് വിനിയോഗിക്കുന്നതില്‍ തെറ്റില്ല എന്നാണ്. ക്ഷേത്രം ഹിന്ദു ആരാധനാസമ്പ്രദായവും ആചാരപദ്ധതികളും പ്രവര്‍ത്തിക്കുന്ന ആദ്ധ്യാത്മിക കേന്ദ്രമാണ്. പരുമലപള്ളി, മലയാറ്റൂര്‍ പള്ളി, എരുമേലി വാവര്‍ പള്ളി, ചേരമാന്‍ ജുമാ മസ്ജിദ് തുടങ്ങിയ ഇതര മതാരാധനാലയങ്ങളും ഹിന്ദുക്കളുടെ സംഭാവനയും ഭണ്ഡാര വരവും കൊണ്ടാണ് നിലനില്‍ക്കുന്നത്. ഈ ആരാധനാലയങ്ങളെ മതേതര കേന്ദ്രമായി അംഗീകരിക്കുമോ എന്ന് ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കണം. ക്രൈസ്തവ ഇസ്ലാമിക ആരാധനാലയങ്ങളും വഖഫ് ബോര്‍ഡും മത സ്ഥാപനമായി നിലനില്‍ക്കുമ്പോള്‍ ക്ഷേത്രങ്ങള്‍ മാത്രം മതേതര കേന്ദ്രമാണ് എന്ന് വ്യാഖ്യാനിക്കുന്നത് അടിസ്ഥാന വിരുദ്ധമായ നടപടിയാണ്.
കൊറോണ ഫണ്ടിലേക്ക് ദേവസ്വം ജീവനക്കാരും ഹിന്ദു ഭക്തജനങ്ങളും കോടികളാണ് പ്രതിദിനം നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതിനുപുറമേ ക്ഷേത്ര ഫണ്ടും കവര്‍ന്നെടുക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ല.
സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ്. ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡിന്റെ അധികാരസ്ഥാനത്തേക്ക് ഭരണകക്ഷി ചുമതലപ്പെടുത്തുന്ന ആള്‍ പ്രസിഡണ്ടായി വരുമെങ്കിലും, നിയമിച്ചു കഴിഞ്ഞാല്‍ പിരിച്ചുവിടാനോ, നിയന്ത്രിക്കാനോ സര്‍ക്കാരിന് അധികാരമില്ലെന്നിരിക്കെ ദേവസ്വം പ്രസിഡണ്ട് സര്‍ക്കാരിനു വിടുപണി ചെയ്യുന്നത് ഭക്തജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല.
മുന്‍ സര്‍ക്കാരുകള്‍ നടത്തിവന്നിരുന്ന ദേവസ്വം കൊള്ള തന്നെയാണ് പിണറായി സര്‍ക്കാരും നടപ്പിലാക്കുന്നത്. ദേവസ്വം ഫണ്ട് സര്‍ക്കാര്‍ ട്രഷറിയിലും, സഹകരണ ബാങ്കുകളിലും നിക്ഷേപിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഭക്തജന പ്രതിഷേധം മൂലം മുന്‍പ് പിന്‍വലിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വം അഴുക്കുചാല്‍ നിര്‍മ്മാണത്തിന് 63 ലക്ഷം രൂപ നല്‍കാനുള്ള തീരുമാനവും പിന്‍വലിക്കേണ്ടിവന്നു. മുന്‍പ് കരുണാകരന്‍ മന്ത്രിസഭ ദേവസ്വം ഫണ്ട് പൊതു ആവശ്യത്തിന് എടുക്കാന്‍ തീരുമാനിച്ചതും പിന്‍വലിച്ചിട്ടുണ്ട്.
ദേവസ്വം ഭരണവും ഫണ്ട് വിനിയോഗവും സംബന്ധിച്ച് മതേതര സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് നീതിക്ക് നിരക്കുന്നതല്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ ഗുരുവായൂരില്‍ ചിലവഴിക്കുന്ന പണത്തിന് നികുതി നല്കുന്നുണ്ട്. എണ്ണമറ്റ ലോഡ്ജിന്റെ നികുതി ഇനത്തില്‍ കോടിക്കണക്കിന് രൂപ വേറെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ലഭിക്കുന്നുണ്ട്. ഗുരുവായൂര്‍ ക്ഷേത്രം അവിടെ സ്ഥിതി ചെയ്യുന്നത് മൂലമാണ് ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, നികുതി വരുമാനം കൂടുതല്‍ കിട്ടുന്ന മുനിസിപ്പാലിറ്റികളില്‍ ഒന്നായതെന്ന് സര്‍ക്കാര്‍ വിസ്മരിക്കുകയാണ്.
1971ലെ ദേവസ്വം ആക്ടില്‍ ഭരണഘടനാവിരുദ്ധമായതും, ദേവസ്വത്തിന് മേല്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതും, ദേവസ്വം ഫണ്ട് ക്ഷേത്രകാര്യങ്ങള്‍ക്കു വിരുദ്ധമായ കാര്യങ്ങള്‍ക്ക് ചിലവഴിക്കുന്നതുമായ കാര്യങ്ങള്‍ വ്യവസ്ഥ ചെയ്തിരുന്നു. ഈ വകുപ്പുകള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26 ന് വിരുദ്ധമായതിനാല്‍ കേസ് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയില്‍ എത്തി. മലബാര്‍ പ്രദേശ് ക്ഷേത്രസംരക്ഷണ സമിതി അധ്യക്ഷന്‍ തറമ്മല്‍ കൃഷ്ണന്‍ വാദിയായി 1973ല്‍ ഒപി നമ്പര്‍ 314 ആയിട്ടാണ് കേസ് പരിഗണിച്ചത്. 1979 കെഎല്‍ടി 350 ആയി റിപ്പോര്‍ട്ട് ചെയ്ത അന്തിമ വിധി പ്രകാരം ഭരണഘടനാ വിരുദ്ധമായതിനാല്‍ ആക്ട് റദ്ദാക്കിക്കൊണ്ടാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്. ക്ഷേത്രകാര്യ തല്പരരായ ഭക്തജനങ്ങളെ റിലീജിയസ് ഡിനോമിനേഷന്‍ എന്നാണ് ആര്‍ട്ടിക്കിള്‍ 25, 26, പ്രകാരം വിവക്ഷിക്കുന്നത്. വിധിയിലെ പ്രസക്തമായ ഭാഗങ്ങള്‍ ഇതായിരുന്നു,
(1) മതപരമായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും, നിയമവിധേയമായി സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനും, ഓരോ റിലീജിയസ് ഡിനോമിനേഷനും ആര്‍ട്ടിക്കിള്‍ 25, 26പ്രകാരം മൗലികാവകാശമുണ്ട്. (2) സുപ്രീംകോടതിയുടെ 1954 വിധിപ്രകാരം സ്വത്തുവകകള്‍ വിരുദ്ധ ആവശ്യങ്ങള്‍ക്കുവേണ്ടി വഴിതിരിച്ചുവിടുന്നത് ഭരണഘടനാ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്, (3) ഭക്തര്‍ക്കുവേണ്ടി ദേവസ്വം കാര്യങ്ങള്‍ നടത്തുന്നതിനായാണ് അവരുടെ പ്രതിനിധികളെ ഭരണസമിതി അംഗങ്ങള്‍ ആയി നിയോഗിക്കുന്നത്. ഇവര്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ അല്ല. തെരഞ്ഞെടുക്കാന്‍ മാര്‍ഗ്ഗം ഇല്ലാത്തതിനാലാണ് ഗവണ്‍മെന്റിനോട് നോമിനേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ദേവസ്വത്തിന്റെ കണ്‍ട്രോള്‍, മാനേജ്‌മെന്റ്, അഡ്മിനിസ്‌ട്രേഷന്‍ എല്ലാം ഭരണസമിതിയില്‍ നിക്ഷിപ്തമാണ്. (4) ഭക്തര്‍ക്ക് വേണ്ടി അവരുടെ നിയമപരമായ താല്‍പര്യപ്രകാരം മാത്രമേ ഭരണം നടത്താനും ക്ഷേത്രകാര്യങ്ങള്‍ക്കായി നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത് പ്രകാരം ചെലവഴിക്കാനും അധികാരമുള്ളൂ. (5) ദേവസ്വം സ്വത്തുക്കളുടെ അവകാശം പ്രതിഷ്ഠയില്‍ നിക്ഷിപ്തമാണ്, സമിതിക്ക് സ്വത്തവകാശം ഇല്ല. നിയമവിധേയമായി കൈകാര്യം ചെയ്യാനുള്ള അധികാരം മാത്രമാണ് ഉള്ളത്.(6) ദേവസ്വത്തിന് ഭരണാധികാരം ഭക്തജനങ്ങള്‍ക്ക് അവകാശപ്പെട്ടത് ആകയാല്‍ ആ അവകാശത്തെ പ്രത്യക്ഷമായോ പരോക്ഷമായോ മറികടക്കാനോ ഇല്ലാതാക്കാനോ ആര്‍ക്കും അധികാരമില്ല.(7) പണം വക മാറ്റി ചിലവഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നതിന് ഗവണ്‍മെന്റിനോ, കോടതികള്‍ക്ക് പോലുമോ അധികാരമില്ലെന്ന് അകഞ1954 ര388ആം നമ്പര്‍ കേസില്‍ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്.
മുകളില്‍ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളുടെയും ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു ഹൈക്കോടതിയില്‍ അഡ്വ:വി. സജിത്ത് കുമാര്‍ മുഖാന്തിരം 2020 മെയ് 6ന് കേസ് ഫയല്‍ ചെയ്തത്. ഹൈക്കോടതി കേസ് മെയ് 8ന് പരിഗണിക്കുകയും ചെയ്തു. ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പണം ഹര്‍ജിയിന്‍ മേലുള്ള കോടതിവിധിക്ക് വിധേയമായിരിക്കും എന്ന പരാമര്‍ശത്തോടെ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് കേള്‍ക്കണമെന്നാണ് നിരീക്ഷണം നടത്തിയത്. നിയമവിരുദ്ധമെന്ന് ബോധ്യപ്പെട്ടാല്‍ പണം തിരികെ നല്‍കാന്‍ ഉത്തരവിടാന്‍ മടിക്കില്ലെന്നും കോടതി പറഞ്ഞു. അങ്ങിനെ ചെയ്ത ചരിത്രമുണ്ടെന്ന് ജസ്റ്റിസ് പരിപൂര്‍ണന്റെ വിധി ചൂണ്ടിക്കാട്ടി കോടതിപറഞ്ഞു. ഇനി മേല്‍ പണം നല്കില്ലെന്നു കോടതിമുമ്പാകെ ദേവസ്വം സത്യവാങ് മൂലവും നല്കിയതിന്റെ അടിസ്ഥാനത്തില്‍ ആണ് കേസ് ചീഫ് ജസ്റ്റിസിന്റെ ബഞ്ചിനു വിട്ടത്. ഹൈക്കോടതിയുടെ മെയ് 8ന്റെ വിധിയിലൂടെ ഹൈന്ദവസമാജത്തിന്റെ പോരാട്ട ചിത്രങ്ങളിലെ ഒരു സുവര്‍ണ അധ്യായം കൂടി എഴുതിച്ചേര്‍ക്കപ്പെടുകയാണ്
(ഹിന്ദുഐക്യവേദി ജന:സെക്രട്ടറിയാണ് ലേഖകന്‍)