പ്രളയം ബാക്കിവെച്ച ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് ഒടുവില്‍ അവശേഷിക്കുന്ന കൃഷിയിടങ്ങളിലെ മണ്ണിന്റെ മാറ്റം വന്ന ഘടന കേരളകര്‍ഷകരെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്. ഒരു ഭാഗത്ത് ഉരുള്‍പൊട്ടലുള്‍പ്പെടെ പ്രകൃതിക്ഷോഭത്തില്‍ കുത്തിയൊഴുകിയ ജലം ഫലഭൂയിഷ്ടമായ മേല്‍മണ്ണ് കവര്‍ന്നെടുത്തു. ചിലയിടത്ത് നാലും അഞ്ചും അടി ഉയരത്തില്‍ കൃഷി യോഗ്യമല്ലാത്ത ചെളിമണ്ണ് അടിഞ്ഞുകൂടി. പ്രളയജലം കയറി ഇറങ്ങിയപ്പോള്‍ മണ്ണിലെ ആവാസവ്യവസ്ഥ തന്നെ തകിടംമറിഞ്ഞു. മണ്ണിരയുള്‍പ്പെടെയുള്ള സൂക്ഷ്മ ജീവികള്‍പോലും ചത്തൊടുങ്ങി. ഇതിന്റെയെല്ലാം ഒടുക്കത്തില്‍ കൃഷിയിറക്കാനാകാതെ കര്‍ഷകരെല്ലാം ധര്‍മ്മസങ്കടത്തിലാണ്.
മനുഷ്യന്റെ അമിതാസക്തിമൂലം സര്‍വ്വംസഹയായ ഭൂമീദേവിപോലും സഹനം വെടിഞ്ഞപ്പോള്‍ തകിടം മറിച്ച ആവാസവ്യവസ്ഥയില്‍ ഇനി മണ്ണറിഞ്ഞുള്ള കൃഷിയൊരുക്കം നമുക്ക് ആവശ്യവും അനിവാര്യവുമാണ്. ഭഗീരഥപ്രയത്‌നത്തിലൂടെ മാത്രമെ കൃഷിവാസമേഖലയില്‍ പുനരധിവാസം സാധ്യമാകൂ. അതിനുവേണ്ടത് പണത്തോടൊപ്പം ക്ഷമയും സമര്‍പ്പണ മനസ്സുമാണ്.
”മണ്ണിനെ വേണ്ടവിധം പരിപാലിക്കാന്‍ മറക്കുന്നത്, നമ്മെത്തന്നെ സ്വയം മറക്കുന്നതിന് തുല്യമാണെന്നുള്ള” മഹാത്മജിയുടെ വാക്കുകള്‍ക്ക് ഇന്ന് പ്രസക്തിയേറുന്നു. ഫലഭൂയിഷ്ടമായ മണ്ണില്ലെങ്കില്‍ ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പ് തന്നെ അസാദ്ധ്യമാണ്. പ്രകൃതിയുടെ വരദാനങ്ങളില്‍ പ്രഥമസ്ഥാനം മണ്ണിനാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. മനുഷ്യന്റെ അമിതഭോഗാസക്തിമൂലം ജീവസ്സുറ്റ മണ്ണിന്റെ മരണമണി മുഴങ്ങിക്കൊണ്ടിരുന്ന സമയത്താണ് പ്രകൃതിദുരന്തവും നമ്മെ വേട്ടയാടിയത്. ആരോഗ്യമുള്ള മണ്ണിലേ സുസ്ഥിരമായ കൃഷിവികസനം നടപ്പിലാക്കാന്‍ സാധിക്കൂ. കൃഷിയിടങ്ങളിലെ രാസ-ഭൗതിക-ജൈവഗുണങ്ങളുടെ സന്തുലനാവസ്ഥയാണ് മണ്ണിന്റെ ആരോഗ്യ സര്‍വ്വേയ്ക്ക് അടിസ്ഥാനം. ജീവന്റെ നിലനില്‍പ്പിന് ആധാരമായ ജൈവസംസ്‌കാരത്തെ തിരിച്ചറിഞ്ഞ് മണ്ണിനെ മനസ്സിലാക്കി പാരമ്പര്യകൃഷി സമ്പ്രദായങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക് നമുക്ക് അനിവാര്യമായിരിക്കുന്നു.
2015 ല്‍ അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി ആചരിക്കുകയുണ്ടായി. മണ്ണും പെണ്ണും കളങ്കപ്പെടാന്‍ പാടില്ലന്നാണ് ഭാരതീയസങ്കല്‍പ്പം. അനാദികാലം മുതല്‍ ഭൂമിയെ സമ്പന്നമാക്കുന്ന പ്രകൃതി വിഭവങ്ങളും എന്നാല്‍ സ്വയംഭൂ ആയതുമായ മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവയാല്‍ നമ്മള്‍ സമ്പന്നരാണ്. എന്നാല്‍ ജനസംഖ്യയുടെ അപകടകരമായ വര്‍ദ്ധനവ് മൂലം ഇന്ന് ഇവയുടെ ചൂഷണം കൂടുകയും തന്‍നിമിത്തം ഇവയ്ക്ക് അപചയം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പ്രകൃതി വിഭവങ്ങളുടെ പരസ്പര പൂരകപ്രവര്‍ത്തനങ്ങളാണ് ജീവന്റെ നിലനില്‍പ്പിന് ആധാരം. ഇവയുടെ ശാസ്ത്രീയവും സന്തുലിതവുമായ പരിപാലനം തീര്‍ച്ചയായും സുസ്ഥിരമായ കാര്‍ഷിക വികസനത്തിന് അത്യന്താപേക്ഷിതമാണ്.
മണ്ണിന്റെ പുറംപാളിയായ മേല്‍മണ്ണ് ആവാസവ്യവസ്ഥയിലൂടെ ഉരുത്തിരിഞ്ഞ് വരുന്ന നാനാതരം പോഷകങ്ങളുടെ കേദാരമാണ്. ഭൂമിയുടെ മുകള്‍പരപ്പില്‍ രണ്ടിഞ്ച് മുതല്‍ എട്ടിഞ്ച് താഴ്ചയിലാണ് ഇത് നിലകൊള്ളുന്നത്. ഒരിഞ്ച് മേല്‍മണ്ണ് രൂപപ്പെട്ട് വരാന്‍ നൂറ് വര്‍ഷം വരെ വേണ്ടിവരുമെന്നാണ് കാര്‍ഷികരംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. അതായത് ഒരു മനുഷ്യായുസ്സില്‍ വീണ്ടെടുക്കാന്‍ കഴിയാത്തതും വിലമതിക്കാന്‍ ആവാത്തതുമാണ് ഭൂമിയുടെ ഫലസംഭൂയിഷ്ഠമായ മേല്‍മണ്ണ്. പ്രകൃതിയുടെയും ജീവജാലങ്ങളുടെയും നിലനില്‍പ്പിനായി വളരെ സൂക്ഷ്മതയോടെയാണ് മേല്‍മണ്ണ് നിര്‍മ്മാണം പ്രകൃതിയില്‍ നടക്കുന്നത്. വര്‍ഷങ്ങള്‍കൊണ്ട് പൊടിഞ്ഞ് ചേരുന്ന പാറയും സസ്യങ്ങളുടെയും ജന്തുക്കളുടെയും അവശിഷ്ടങ്ങളും ഇഴുകിച്ചേര്‍ന്നാണ് മേല്‍മണ്ണ് രൂപംകൊള്ളുന്നത്. ഭൂമിയുടെ ജീവല്‍പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദു ഈ മേല്‍മണ്ണാണ്. ഇത് നഷ്ടമായാല്‍ സസ്യവളര്‍ച്ചയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. പ്രകൃതിദുരന്തങ്ങള്‍ക്കൊപ്പം വ്യവസായവല്‍ക്കരണവും നഗരവല്‍ക്കരണവും മേല്‍മണ്ണിന്റെ സ്ഥായീഭാവത്തിനും കെട്ടുറപ്പിനും രൂപമാറ്റം വരുത്തുന്നുണ്ട്. ലോകത്താകമാനം കാണുന്ന മണ്ണിനങ്ങളെ പന്ത്രണ്ട് തരമായി തിരിച്ചിരിക്കുന്നു. അതില്‍ എട്ടും നമ്മുടെ കൊച്ചുകേരളത്തില്‍ കാണപ്പെടുന്നുണ്ട്. തീരദേശമണ്ണ്, എക്കല്‍മണ്ണ്, കരിമണ്ണ്, വെട്ടുകല്ല് മണ്ണ്, ചെമ്മണ്ണ്, മലയോരമണ്ണ്, വനമണ്ണ്, കറുത്ത പരുത്തിമണ്ണ്.
നമ്മുടെ മണ്ണിന് പൊതുവെ അമ്ലത്വഗുണം കൂടുതലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തീരപ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളിലെ മഞ്ഞകലര്‍ന്ന തവിട്ട് നിറമുള്ളതാണ് തീരദേശമണ്ണ്. ഇതില്‍ മണല്‍ച്ചേരുവ കൂടുതലായതിനാല്‍ ഫലഭൂയിഷ്ടി പൊതുവെ കുറവാണ്. നദീതടങ്ങളുടെയും പുഴകളുടെയും തീരത്ത് കാണുന്ന ജൈവാംശവും ഫലഭൂയിഷ്ടിയുള്ളതുമായ മണ്ണാണ് എക്കല്‍മണ്ണ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ സമുദ്രനിരപ്പില്‍ താഴെക്കാണുന്ന ചതുപ്പ് നിലങ്ങളിലെ മണ്ണാണ് കറുത്തമണ്ണ്. പ്രധാനമായും നെല്‍കൃഷിക്ക് ഇത് അനുയോജ്യമാണ്. ഇടനാടുകളില്‍ കാണുന്ന ചരല്‍ച്ചേരുവയുള്ള മണ്ണാണ് വെട്ടുകല്ല്മണ്ണ്. ചെമ്മണ്ണ് തെക്കന്‍ കേരളത്തിലെ തിരുവനന്തപുരത്തും നെയ്യാറ്റിന്‍കരയിലുമാണ് കാണുന്നത്. മലയോരപ്രദേശങ്ങളിലാണ് മലയോരമണ്ണ്. പാലക്കാട് ജില്ലയില്‍ ചിറ്റൂര്‍ താലൂക്കില്‍ വ്യാപകമായി കണ്ടുവരുന്നതാണ് കറുത്ത പരുത്തിമണ്ണ്. ക്ഷാരഗുണം കൂടുതലുള്ള ഈ മണ്ണ് കരിമ്പ്, നെല്ല്, പരുത്തി എന്നീ വിളകള്‍ക്ക് അനുയോജ്യമാണ്.
സസ്യജാലങ്ങളുടെ മാതാവാണ് മണ്ണ്. അമ്മയുടെ ആരോഗ്യപരിപാലനം നമ്മുടെ കടമയാണ്. പാത്രം അറിഞ്ഞ് ദാനം ചെയ്യണം എന്ന് പറയുന്നതുപോലെ മണ്ണ് അറിഞ്ഞ് നമ്മള്‍ വളം ചെയ്യുകയും കീടനാശിനി പ്രയോഗം ചെയ്യുകയും കൃഷി ഇറക്കുകയും ചെയ്താല്‍ മാത്രമേ മെച്ചമായ വിള ലഭിക്കൂ. വടക്കുകിഴക്കന്‍ മണ്‍സൂണില്‍ നിന്ന് കേരളത്തില്‍ ആകമാനം ധാരാളം മഴ ലഭിക്കുന്നുണ്ടെങ്കിലും വേനല്‍ക്കാലത്ത് വലിയതോതില്‍ ജലദൗര്‍ലഭ്യവും അനുഭവപ്പെടുന്നു. നമ്മുടെ മണ്ണിന്റെ ആരോഗ്യഘടന നിലനിര്‍ത്താന്‍ പതിനേഴോളം പോഷകമൂലകങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സിയം, മഗ്നീഷ്യം, സള്‍ഫര്‍, ഇരുമ്പ്, മാംഗനീസ്, ചെമ്പ്, സിങ്ക്, ബോറോണ്‍, ക്ലോറിന്‍, നിക്കല്‍, മോളീബഡ്‌നം. ഇതില്‍ 14 മൂലകങ്ങളും സസ്യങ്ങള്‍ക്ക് ലഭിക്കുന്നത് മണ്ണില്‍ നിന്ന് നേരിട്ടാണ്. ജലത്തില്‍ നിന്ന് ആവശ്യമായ ഹൈഡ്രജനും, അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍, ഓക്‌സിജന്‍ എന്നിവയും ലഭിക്കുന്നു. ഇവയില്‍ കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ വിളകള്‍ക്ക് കൂടുതല്‍ ആവശ്യം ഉള്ളതായതിനാല്‍ ഇവയെ പ്രാഥമിക മൂലകങ്ങളായിട്ടാണ് പരിഗണിക്കുന്നത്. മറ്റുള്ളവ ദ്വിതീയ മൂലകവും സൂക്ഷ്മ മൂലകങ്ങളുമാണ്.
നമ്മുടെ മണ്ണില്‍ അമ്ലത്വഗുണം ഉള്ളതുകൊണ്ട് മണ്ണിന്റെ പി.എച്ച്. മൂല്യം നിര്‍ണ്ണയിച്ച് കുമ്മായം ചേര്‍ക്കുന്നത് നല്ലതാണ്. കുമ്മായം ഇട്ടുകഴിഞ്ഞാല്‍ കുറഞ്ഞത് രണ്ട് ആഴ്ചത്തേക്ക് രാസവളപ്രയോഗം നടത്താതിരിക്കണം. പിന്നീട് ചാണകവും കമ്പോസ്റ്റ് വളങ്ങളും നല്‍കാം. ഫോസ്ഫറസ് കൂടുതലുള്ള സ്ഥലങ്ങളില്‍ എല്ലുപൊടിയുടെയും ഫാക്റ്റംഫോസിന്റെയും അളവ് കുറയ്ക്കണം. നമ്മുടെ മണ്ണില്‍ പൊട്ടാസ്യത്തിന്റെ അളവ് പലതരത്തില്‍ പെട്ടന്ന് കുറയുന്നതിനാല്‍ ഇടയ്ക്കിടയ്ക്ക് ഇത് നല്‍കുന്നത് നല്ലതാണ്. കേരള കാലാവസ്ഥയില്‍ മഗ്നീഷ്യം മണ്ണില്‍ വളരെ കുറവാണ് കാണുന്നത് എന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏക്കറിന് 30 കിലോ വീതം മഗ്നീഷ്യം കൃഷിവകുപ്പ് ശുപാര്‍ശചെയ്യുന്നു. മണ്ണ് ഏതായാലും വിള ഏതായാലും മണ്ണ് പരിശോധനാ അടിസ്ഥാനത്തില്‍ വളപ്രയോഗം ചെയ്യുന്നതാണ് ഉത്തമവിള ലഭിക്കാനുള്ള മാര്‍ഗ്ഗം. മണ്ണ് പരിശോധനയിലൂടെ വിളകള്‍ക്ക് ആവശ്യമായ പോഷകമൂലകങ്ങളെ തിരിച്ചറിയാനാകും. അതിന്‍പ്രകാരം നമുക്ക് വളങ്ങളും മറ്റ് പരിപാലനമാര്‍ഗ്ഗങ്ങളും സ്വീകരിക്കാനും കഴിയും. പോഷകമൂലകങ്ങളുടെ കുറവ് മനസ്സിലാക്കി നമുക്ക് രാസവളപ്രയോഗം നല്‍കാനും കഴിയുന്നു. പരിശോധന ഇല്ലാതെ നടത്തുന്ന രാസവളപ്രയോഗങ്ങള്‍ ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യാന്‍ സാധ്യതയുണ്ട്. മണ്ണിന് ആവശ്യമായ മൂലകങ്ങളുടെ ഏറ്റക്കുറച്ചില്‍ ഉല്‍പ്പാദനത്തെ ബാധിക്കും. തന്നെയുമല്ല രോഗ-കീടശല്യം വര്‍ദ്ധിക്കുകയും ഒരു പരിധിവരെ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുകയും ചെയ്യും. മണ്ണിന്റെ അമ്ലക്ഷാരഗുണങ്ങളെ ക്രമീകരിക്കാനും മണ്ണ് പരിശോധനയിലൂടെ നമുക്ക് സാധിക്കും.
മണ്ണില്‍ നൈട്രജന്റെ അളവ് കുറഞ്ഞാല്‍ സസ്യങ്ങളുടെ വളര്‍ച്ച മുരടിച്ച് ഇലയുടെ നിറം മാറി കൊഴിഞ്ഞുപോകും. ഇരുമ്പിന്റെ അംശം കുറഞ്ഞാല്‍ ഇലയുടെ വലിപ്പം കുറയുകയും ചെടി മഞ്ഞളിച്ച് വളര്‍ച്ച മുരടിക്കും. മഗ്നീഷ്യം കുറഞ്ഞാല്‍ ഇലകളുടെ പച്ചനിറം മാറി മഞ്ഞളിക്കും. കാല്‍സ്യത്തിന്റെ അഭാവത്തില്‍ തൈകളുടെ വളര്‍ച്ച കുറയുകയും കായ്ഫലങ്ങളുടെ ഗുണം കുറയുകയും ചെയ്യും. ഇങ്ങനെ ഓരോ മൂലകങ്ങള്‍ക്കും അതിന്റെതായ പ്രാധാന്യവും പ്രാതിനിധ്യവും ഉണ്ട്. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് കൃഷി നന്നാവുക. താളലയമാര്‍ന്ന സംഗീത ആസ്വാദനത്തില്‍ ഒന്ന് ഒന്നിനോട് ഇഴുകിച്ചേര്‍ന്നെങ്കില്‍ മാത്രമേ ആസ്വാദന ലഹരി പൂര്‍ണ്ണമാകൂ എന്ന് പറയുന്നതുപോലെ പ്രകൃതിയുടെ ജൈവവ്യവസ്ഥയില്‍ ഇഴുകിച്ചേരുന്ന രീതിയിലുള്ള പ്രവര്‍ത്തനം ഉണ്ടെങ്കിലേ മികച്ച ഫലം ഉണ്ടാകൂ.
മണ്ണ് അറിഞ്ഞ് കൃഷി ചെയ്യാന്‍ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ഒരു പരിധിവരെ നമ്മെ സഹായിക്കുന്നുണ്ട്. മണ്ണ് പരിശോധനയ്ക്കും അനുബന്ധമായ പരിപാലനത്തിനും കര്‍ഷകര്‍ക്ക് സോയില്‍ഹെല്‍ത്ത്കാര്‍ഡ് പ്രയോജനപ്പെടുത്താവുന്നതാണ്. മണ്ണ് അറിഞ്ഞ് കൃഷി ചെയ്യാനും രാസവളങ്ങളുടെയും കീടനാശിനിയുടെയും അമിത ഉപയോഗം ഇല്ലാതാക്കി മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഉതകുന്നതുമാണ് സോയില്‍ഹെല്‍ത്ത്കാര്‍ഡ്. അതാത് ജില്ലയിലെ മണ്ണ് പരിവേഷണ ഓഫീസില്‍ നിന്ന് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് കര്‍ഷകര്‍ക്ക് എടുക്കാവുന്നതാണ്.
കര്‍ഷകര്‍ ശ്രദ്ധിക്കാത്ത മറ്റൊരു പ്രധാനകാര്യമാണ് ഇന്‍ഷുറന്‍സ്. ലൈഫ് എല്ലാവരും ഇന്‍ഷുര്‍ ചെയ്യും. പക്ഷെ ജീവിതത്തിന് ആവശ്യമായ അനുബന്ധ ഘടകങ്ങളെകൂടി നമുക്ക് പരിഗണിക്കേണ്ടതല്ലേ. അതായത് വീട്, ഗൃഹോപകരണങ്ങള്‍, കൃഷി, ബിസിനസ്- ഇങ്ങനെ അനവധി ദൈനംദിന വിഷയങ്ങള്‍ ഇന്‍ഷുര്‍ ചെയ്യുന്നതില്‍ ഇന്നും നമ്മള്‍ അലസരാണ്. പ്രീമിയം തുക കുറവായതിനാലും ആനുപാതികമായി മാത്രമേ കമ്മീഷന്‍ ലഭിക്കൂ എന്നതുകൊണ്ടും ഇന്‍ഷൂറന്‍സ് ഏജന്റുമാര്‍ ഇതിനൊന്നും ജനങ്ങളെ പ്രോത്സാഹിപ്പിക്കാറുമില്ല. അതുകൊണ്ട് കര്‍ഷകര്‍ക്ക് നിവര്‍ന്നുനില്‍ക്കാന്‍ കരുത്തേകുന്ന നിരവധി പദ്ധതികള്‍ നാമമാത്രമായ പ്രീമിയം തുകയില്‍ കേന്ദ്രഗവണ്‍മെന്റ് നടപ്പിലാക്കിയിട്ടുണ്ട്. ആയത് അതാത് കൃഷിഭവനുമായി ബന്ധപ്പെട്ട് അതിന്റെ വിശദാംശങ്ങള്‍ പഠിച്ച് വിള ഇന്‍ഷുറന്‍സ് നിര്‍ബ്ബന്ധമായും എടുക്കുന്നത് നല്ലതാണ്.
മണ്ണും ജലവും ജീവനും പരസ്പരപൂരകങ്ങളാണ്. ജീവജാലകങ്ങളുടെ നിലനില്‍പ്പിന് ആധാരമായ സചേതനമായ ഒരു പ്രകൃതിവിഭവമാണ് മണ്ണ്. വളപ്പറ്റുള്ള മണ്ണില്‍ കാലുറപ്പിച്ചാണ് മനുഷ്യന്‍ ജീവിതം കെട്ടിഉയര്‍ത്തിയത്. മനുഷ്യസംസ്‌കാരം ഉടലെടുത്തതും രൂപം കൊണ്ടതും വളക്കൂറുള്ള മണ്ണിന്റെ ഉറവിടമായ നദീതടങ്ങളിലായിരുന്നല്ലോ. മിേസ്സാപൊട്ടോമിയയും യൂഫ്രട്ടീസും ടൈഗ്രീസും നൈല്‍, സിന്ധു നദീതട സംസ്‌കാരവുമൊക്കെ ആദ്യകാല മാനവസംസ്‌ക്കാരത്തിന്റെ ഉറവിടങ്ങളായിരുന്നു. മാനവസംസ്‌ക്കാരത്തിന്റെ അടിത്തറയും കാര്‍ഷികസംസ്‌കാരത്തിന്റെ ഈറ്റില്ലവുമായ മണ്ണിലാണ് ഭൂമിയിലെ സര്‍വ്വ സസ്യ-ജന്തുജാലങ്ങളുടെയും വേരോടിയിരിക്കുന്നതെന്ന് നാം തിരിച്ചറിയണം.
മനുഷ്യന്‍ എത്ര പുരോഗതി പ്രാപിച്ചാലും സ്വയംഭൂ ആകുന്ന പ്രകൃതിവിഭവങ്ങളെ കടംകൊള്ളാതെ അവന് നിലനില്‍പ്പില്ല. മണ്ണും ജലവും വായുവും നമുക്ക് സ്വയം സൃഷ്ടിക്കാനും ആവില്ല. മരം വെച്ച് പിടിപ്പിക്കാം, പക്ഷെ വനം വെച്ച് പിടിപ്പിക്കാനാവില്ല. കാവ് വെട്ടി നശിപ്പിക്കാം, എന്നാല്‍ കാവ് പുനര്‍ജ്ജീവിപ്പിക്കാന്‍ ഒരു മനുഷ്യായുസ്സ് മതിയാകില്ല. അതുകൊണ്ട് പ്രളയാനന്തര തിരിച്ചുവരവില്‍ നമുക്ക് കൃഷിയിടങ്ങളില്‍ സമചിത്തതയോടെ പ്രകൃതിയുമായി സംവദിച്ച് മണ്ണിന്റെ ഘടനയും ആവശ്യവും അറിഞ്ഞ് നൂതന കൃഷി സമ്പ്രദായങ്ങളിലൂടെ വരുംതലമുറയുടെ നല്ല നാളേക്ക് വേണ്ടി പ്രയത്‌നിക്കാം, പ്രവര്‍ത്തിക്കാം.