ഈ വര്‍ഷം സപ്തതിയിലേക്ക് കടന്ന മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ യു.കെ.കുമാരന്റെ
ഒരു കഥയെക്കുറിച്ചുള്ള നിരൂപണം.യു.കെയുടെ ആദ്യകഥ കേസരിയിലാണ് പ്രസിദ്ധീകരിച്ചത്.
ജീവിതത്തിന്റെ തിക്തയാഥാര്‍ത്ഥ്യങ്ങളിലേക്ക് യു.കെ കുമാരന്‍ മിഴിതുറന്നപ്പോള്‍ കലാപരമായി പിറവിയെടുത്ത മികച്ച കഥയാണ് ‘മൂന്നാമത്തെ ഐസ്‌ക്രീം’. നിരാലംബത ചൂഴുന്ന ഒരു സ്‌ത്രൈണജന്മത്തിന്റെ സൂക്ഷ്മചിത്രണമെന്ന് ഈ കഥയെ വിശേഷിപ്പിക്കാനാവും. ഭാവനയേക്കാള്‍ വിചിത്രവും ദുരൂഹവുമായ പ്രതലങ്ങള്‍ ജീവിതപ്പെരുവഴിയില്‍ നിക്ഷിപ്തമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന കഥയാണ് ‘മൂന്നാമത്തെ ഐസ്‌ക്രീം’. കഥയുടെ സ്വാഭാവികഗതിയെ തടസ്സപ്പെടുത്തുന്ന അനാവശ്യമായ ആഖ്യാനപരീക്ഷണങ്ങളോ ദുര്‍ഗ്രഹമായ ഭാഷാപ്രയോഗങ്ങളോ ഈ കഥയുടെ ആന്തരഭൂമികയെ മലിനപ്പെടുത്തുന്നില്ല. ഈ വസ്തുത കഥയുടെ പ്രാഥമികധര്‍മ്മത്തോട് കഥാകാരന്‍ പുലര്‍ത്തുന്ന നിഷ്ഠാപൂര്‍ണ്ണമായ ആദരവിന്റെ ഭാഗമായിട്ടാണ് വിലയിരുത്തേണ്ടത്. ഉത്തരാധുനികമായ ജീവിതകാലാവസ്ഥയെ സൈദ്ധാന്തികതലത്തില്‍ ചിത്രീകരിക്കുന്ന കഥാകൃത്തുക്കളുടെ എതിര്‍ധ്രുവത്തില്‍ നിലയുറപ്പിച്ചുകൊണ്ടാണ് യു.കെ. കുമാരനിലെ പാകശാലിയായ കഥാകൃത്ത് ഈ കഥയെഴുതിയത്. മനുഷ്യന്റെ പ്രാഥമികചോദനകളില്‍ പ്രമുഖമായ രതിക്ക് ് കാലാന്തരത്തില്‍ വന്നുചേര്‍ന്ന വിപര്യയം എത്രത്തോളം മനുഷ്യവിരുദ്ധമാവുന്നു എന്ന അന്വേഷണത്തിന്റെ സത്ഫലമാണ് ഈ കഥ. ‘പോലീസുകാരന്റെ പെണ്മക്കള്‍’ എന്ന കഥാസമാഹാരത്തിലെ ആദ്യത്തെ കഥയാണ് ‘മൂന്നാമത്തെ ഐസ്‌ക്രീം’.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി വേശ്യാവൃത്തി സ്വീകരിക്കേണ്ടി വന്ന ഹതഭാഗ്യയായ ഒരു പെണ്ണിന്റെ നെടുവീര്‍പ്പുകള്‍ ഈ കഥയെ ശോകസങ്കുലമായ ഒരു ദുരന്താഖ്യാനത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. തന്റെ ഗ്രാമത്തില്‍ തിരിച്ചറിയപ്പെടുമെന്ന ആശങ്കയില്‍ നഗരത്തെ കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തുന്നവളാണ് ഈ കഥയിലെ നായിക. കഥയില്‍ ഒരു പേരുപോലും അവള്‍ക്ക് നല്‍കിയിട്ടില്ല കഥാകൃത്ത്. ഐസ്‌ക്രീംകപ്പുകളും കൊടുത്ത്, മകനെ കക്കൂസിനുള്ളിലാക്കി വാതിലടച്ച് മാംസദാഹികള്‍ക്ക് കൊത്തിക്കീറാനായി സ്വയം കിടന്നുകൊടുക്കേണ്ടി വരുന്നവളാണ് കഥാനായിക. ഐസ്‌ക്രീംകപ്പുകളും കൊടുത്ത് മകനെ കക്കൂസിനുള്ളിലാക്കി വാതിലടയ്ക്കുമ്പോള്‍ പ്രത്യേകിച്ച് ഒരു വികാരവും അവള്‍ക്ക് അനുഭവപ്പെടുമായിരുന്നില്ലെന്ന് കഥയുടെ തുടക്കത്തില്‍ തന്നെ കഥാകൃത്ത് സൂചിപ്പിക്കുന്നുണ്ട്. ശരീരവും മനസ്സും കെട്ടുപോയവളാണവള്‍. യാന്ത്രികമായ ഒരു ചടങ്ങ് നിര്‍വഹിക്കുന്ന മട്ടിനപ്പുറം ജീവിതത്തെ പൂരിപ്പിക്കാനാവാത്തവിധം ഉള്ളം ചുരുങ്ങിപ്പോയവളാണ് കഥാനായിക. അമ്മയുടെ ദുരിതഭരിതമായ ഈ ജീവിതത്തോട്, തന്റെ ജീവിതത്തെ കൂട്ടിക്കെട്ടേണ്ടി വന്നവനാണ് ഈ കഥയിലെ മകന്‍. തന്റെ മകന്‍ ഈ അവസ്ഥയുമായി ഏതാണ്ട് പൊരുത്തപ്പെട്ടു കഴിഞ്ഞുവെന്ന് അവള്‍ തിരിച്ചറിയുന്നുമുണ്ട്. ഹോട്ടല്‍ മുറിയിലെത്തുമ്പോള്‍ വിശേഷിച്ചൊരു നിര്‍ദ്ദേശവും നല്‍കാതെതന്നെ കക്കൂസിനടുത്തേക്ക് അവന്‍ നടന്നുനീങ്ങുന്നത് അവള്‍ക്കിന്നൊരു പതിവുദൃശ്യം മാത്രം. മലമൂത്രവിസര്‍ജനസങ്കേതമെന്ന മട്ടിലല്ല അവന്‍ കക്കൂസിനെ നോക്കിക്കാണാറുള്ളത്. ഐസ്‌ക്രീംകപ്പുകള്‍ നല്‍കി കക്കൂസിനുള്ളില്‍ കയറ്റി വാതിലടച്ച് അമ്മ പോകുമ്പോള്‍, അത് തന്റെ താവളമാണെന്ന് സ്വയം അംഗീകരിച്ചുകൊണ്ട് കക്കൂസിനെ സ്‌നേഹത്തോടെ നിരീക്ഷിക്കുന്ന മാനസികാവസ്ഥയിലേക്ക് അവന്‍ ക്രമത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. കെട്ടകാലം പുറംതള്ളുന്ന വിചിത്രമായ ഭാവതലമെന്നല്ലാതെ ഈ അവസ്ഥയെ മറ്റെങ്ങനെയാണ് വിശേഷിപ്പിക്കാനാവുക? പുതിയ ഒരു ഹോട്ടലിലെ പരിചിതമല്ലാത്ത ഒരു മുറിയിലാണ് എത്തുന്നതെങ്കില്‍ പോലും എവിടെയാണ് തന്റെ ഇരിപ്പിടമെന്ന് എങ്ങനെയോ മനസ്സിലാക്കുന്നുണ്ട് അവന്‍. അമ്മയുടെ നിര്‍ദ്ദേശമൊന്നും കൂടാതെ തന്നെ നേരെ കക്കൂസിനടുത്തേക്ക് നടന്നുനീങ്ങുന്ന ഈ കുഞ്ഞ്, സമൂഹമനസ്സാക്ഷിക്ക് നേരെ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് അതിര്‍ത്തി നിശ്ചയിക്കാന്‍ കെട്ട നാഗരികത അസമര്‍ത്ഥമാണെന്ന് മാത്രം സൂചിപ്പിച്ച് ഈ വശം ചുരുക്കട്ടെ.
പതിവുപോലെ കക്കൂസിനടുത്തേക്ക് അവന്‍ നടന്നടുത്ത ഒരു സന്ദര്‍ഭത്തില്‍ തമാശയായി അവള്‍ പറഞ്ഞ വാക്യം കഥയിലിടം പിടിക്കുന്നുണ്ട്.
‘നീ കടലാമയുടെ കുട്ടിയെപ്പോലെയാണ്’
‘കടലാമയുടെ കുട്ടിയോ, എന്താണതിന്റെ പ്രത്യേകത?’
അമ്മയും മകനും തമ്മിലുള്ള ഈ സംഭാഷണം കഥയുടെ ആഖ്യാനമികവിന് ഉദാഹരണമായി എടുക്കാവുന്നതാണ്. കഥ കേള്‍ക്കാന്‍ കൗതുകമേറെയുള്ളവനാണ് ആ പിഞ്ചുകുട്ടി. എന്നാല്‍ ദീര്‍ഘമായ കഥ പറഞ്ഞുകൊടുക്കുവാനുള്ള സാവകാശമില്ലാത്തവളാണ് അവന്റെ അമ്മ. അവളെ കാത്തിരിക്കുന്ന കാമലമ്പടന്മാരായ പുരുഷന്‍മാരുടെ സമീപത്തേക്ക് കാലവിളംബം കൂടാതെ എത്തിച്ചേരാനുള്ള തിടുക്കത്തിലാണവള്‍. മറ്റൊരു സന്ദര്‍ഭത്തിലായിരുന്നുവെങ്കില്‍ ഒരു കഥ പറഞ്ഞ്, പിന്നെ അതില്‍ നിന്നും മറ്റു കഥകളിലേക്ക് പടര്‍ന്നുകയറി മകനിലെ ജിജ്ഞാസയെ തൊട്ടുണര്‍ത്തി പോഷിപ്പിക്കാനവള്‍ക്കാവുമായിരുന്നു. എത്ര വേണമെങ്കിലും കഥ കേട്ടുകൊണ്ടിരിക്കുന്ന, ഉറങ്ങിപ്പോയാല്‍പോലും അതിനിടയില്‍ ഉണര്‍വ്വുള്ള സമയങ്ങളില്‍, മൂളിക്കൊണ്ട് കഥ രസിച്ചാസ്വദിക്കുന്ന മകന്റെ പ്രകൃതം അവള്‍ ശരിയായി തിരിച്ചറിഞ്ഞിരുന്നു. കഥ പൂര്‍ണ്ണമായി കേള്‍ക്കാതിരുന്നാല്‍ സ്വാസ്ഥ്യം നഷ്ടപ്പെടുന്നവനാണ് തന്റെ മകനെന്നവള്‍ക്കറിയാം. മുറിയുടെ വാതില്‍ തുറന്ന് ഏതുനിമിഷവും അയാളോ, അവരോ എത്തിയേക്കാമെന്ന ചിന്ത കഥ നീട്ടിപറയുന്നതില്‍ നിന്നവളെ തടുത്തുനിര്‍ത്തുന്നുണ്ട്. അവരുടെ ആര്‍ത്തിപുരണ്ട പരാക്രമങ്ങള്‍ക്ക് താന്‍ വഴങ്ങിക്കൊടുക്കേണ്ടി വരുമെന്ന പരുക്കന്‍ യാഥാര്‍ത്ഥ്യം ഇരുണ്ടസത്യമായി അവളെ വലയം ചെയ്യുന്നുണ്ട്. വാതില്‍ തുറക്കും മുമ്പെ കടലാമക്കുട്ടിയെക്കുറിച്ച് മകനോട് എങ്ങനെ പറയുമെന്നവള്‍ ചിന്തിക്കുന്നുമുണ്ട്. അവസാനം കടലാമയുടെ കഥയിലേക്ക് മകനെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട് ആ നഗരവേശ്യ. അവളുടെ വാക്കുകള്‍ ശ്രദ്ധിക്കുക:
”കടലാമ കടപ്പുറത്തെ മണലില്‍ കുഴിയുണ്ടാക്കി മുട്ടയിടുന്നു. പിന്നെ കുഴിമൂടി അത് കടലിലേക്കുതന്നെ തിരിച്ചുപോവുന്നു. കുറച്ചുനാള്‍ കഴിഞ്ഞ് മുട്ടകള്‍ വിരിഞ്ഞ്, മണല്‍നീക്കി, കുഴിയില്‍ നിന്നും ആമക്കുഞ്ഞുങ്ങള്‍ പുറത്ത് വരുന്നു. എങ്ങോട്ടു പോകണമെന്ന് കുഞ്ഞുങ്ങള്‍ക്കറിയില്ല. എന്നാല്‍ ആദ്യമായി, ലോകം കാണുന്ന കുഞ്ഞുങ്ങള്‍ തെക്കോട്ടോ, വടക്കോട്ടോ, കിഴക്കോട്ടോ പോകാതെ നേരെ പടിഞ്ഞാറോട്ടുതന്നെ പോയി കടലില്‍ ഇറങ്ങുന്നു. എന്താ അതിന്റെ കാര്യം?” അമ്മ വിരിച്ചിട്ട കഥയുടെ കൗതുകപരവതാനിയിലേക്ക് മകന്‍ നടന്നടുക്കുന്നത് കഥയില്‍ മനോഹരമായി വരച്ചിട്ടിട്ടുണ്ട്. ‘മകന്റെ കണ്ണുകളില്‍ ദിക്കുകള്‍ വിസ്മയമായി, ആമക്കുഞ്ഞുങ്ങള്‍ ചിത്രങ്ങളായി, കടല്‍ ഒരു വല്യ കടങ്കഥയായി’. പ്രചരണപരമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെ കഥയെഴുതുന്ന എഴുത്തുകാര്‍ക്കെത്തിപ്പെടാന്‍ കഴിയാത്ത സര്‍ഗധന്യതയുടെ വിസ്മയപ്രപഞ്ചത്തിലേക്ക് കഥാകൃത്ത് പദംവെച്ച് നടക്കാനാരംഭിച്ചത് മേല്‍ സൂചിപ്പിച്ച വാക്യങ്ങളിലൂടെയാണ്. അവള്‍ അവന്റെ കിളുന്നുതാടിയില്‍ വിരലൂന്നി കൊഞ്ചിക്കൊണ്ട് ‘എന്റെ ആമക്കുഞ്ഞേ എന്റെ റോണിക്കുട്ടി’ എന്നു പറയുന്നതോടെ കഥ പുതിയ അര്‍ത്ഥതലങ്ങളിലേക്ക് വളര്‍ന്നു തുടങ്ങുന്നു. പ്രകൃതി പകര്‍ന്നേകിയ അറിവുമായി പടിഞ്ഞാറോട്ടുനീങ്ങി കടലിലേക്കിറങ്ങുന്ന ആമക്കുഞ്ഞില്‍ നിന്ന് വ്യത്യസ്തനല്ല റോണിക്കുട്ടി. ഐസ്‌ക്രീം കപ്പുകളുമായി കക്കൂസിനടുത്തേക്കു നീങ്ങുന്ന അവനും തെക്ക് വടക്ക് കിഴക്ക് ദിക്കുകളിലേക്ക് പോകാതെ പടിഞ്ഞാറോട്ടു തന്നെ പോയി കടലിലിറങ്ങുന്ന ആമക്കുഞ്ഞുങ്ങളും പ്രാകൃതികമായ അറിവിന്റെ പ്രഭാവത്തിന് വിധേയരത്രേ. പ്രാകൃതികമായ അറിവിനപ്പുറം നീങ്ങാനാവുമ്പോഴാണ് ഇതരജന്തുജാലങ്ങളില്‍ നിന്ന് മനുഷ്യന്‍ വ്യത്യസ്തനാവുന്നത്. എന്നാല്‍ അത്തരമൊരു വളര്‍ച്ച റോണിക്കുട്ടിക്ക് കൈവരുന്നില്ല. ഇരുണ്ട ജീവിതപരിസരങ്ങളില്‍ പുലരേണ്ടിവരുന്ന ശിശുക്കളുടെ മനസ്സ് എവ്വിധം സങ്കുചിതമാവുന്നുവെന്ന് ശൈശവ മനശ്ശാസ്ത്രകാരന്‍മാര്‍ ആഴത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കഥ കേള്‍ക്കാനുള്ള കൗതുകം അവനില്‍ വിടര്‍ന്നു നില്ക്കുന്നുവെന്ന വസ്തുത മറന്നു കൊണ്ടല്ല ഇത്തരമൊരു നിരീക്ഷണം അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും ഒരു കഥ കേള്‍ക്കാനവസരം കിട്ടാത്തവനാണല്ലോ ആ മകന്‍. സമ്പൂര്‍ണ്ണമായ വ്യക്തിത്വവികാസത്തിന് അനുഗുണമായ ജീവിത സാഹചര്യം അവന് കൈവരുന്നില്ലെന്ന് ധ്വന്യാത്മകമായി ഇതുവഴി സൂചിപ്പിക്കുകയാവണം കഥാകൃത്ത്.
ഹോട്ടല്‍മുറിയിലെത്തുമ്പോള്‍ സ്ഥിരമായി മകന് നല്‍കാനായി മൂന്ന് ഐസ്‌ക്രീം കപ്പുകളാണ് അവള്‍ കരുതി വരാറുള്ളത്. ‘മൂന്നാമത്തെ ഐസ്‌ക്രീം’ എന്ന കഥാശീര്‍ഷകത്തെ കരുത്തുറ്റതാക്കുന്നത് തന്നെ ഈ കരുതലിന്റെ കൃത്യതയാണ്. ഒറ്റക്ക് ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കുന്നതില്‍ ആഹ്ലാദമനുഭവിക്കുന്നവനാണ് കഥയിലെ ബാലന്‍. സമയമെടുത്താസ്വദിച്ച് മൂന്ന് കപ്പ് ഐസ്‌ക്രീം നുണയുന്ന രീതിയാണവനുള്ളത്. ഒന്നു കഴിച്ച് അതിന്റെ മധുരം പൂര്‍ണ്ണമായും വായില്‍നിന്നും ഇല്ലാതായ ശേഷം മറ്റൊന്ന് എന്നതാണവന്റെ ആസ്വാദനരീതി. ഐസ്‌ക്രീം കപ്പുകള്‍ അവന്റെ കയ്യില്‍ കൊടുക്കുമ്പോള്‍ അവള്‍ വാത്സല്യത്തോടെ പറയുന്ന വാക്യത്തിന്‌പോലും അര്‍ത്ഥധ്വനികളുണ്ട്. ‘അമ്മയ്ക്കും ഇത്തിരി വെച്ചേക്കണേ കുട്ടാ’- എന്നിട്ട് കപ്പുകള്‍ എണ്ണി ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ അവളവനെ ഏല്പ്പിക്കുന്നതാണ് പതിവുരീതി. വാതില്‍ തുറക്കുമ്പോള്‍ ഐസ്‌ക്രീമില്‍ ഒന്നുപോലും അവശേഷിക്കില്ലെന്നറിഞ്ഞുകൊണ്ട് തന്നെയാണ് അവള്‍ പതിവായി ‘അമ്മയ്ക്കും ഇത്തിരി വെച്ചേക്കണേ കുട്ടാ’ എന്ന് പറയാറുള്ളത്. ഒഴിഞ്ഞ കപ്പുകള്‍ കാട്ടി അമ്മയുടെ മുഖത്തേക്ക് നോക്കി അവന്‍ വിഡ്ഢിച്ചിരി ചിരിക്കുമ്പോള്‍ ‘സാരല്യ, അമ്മയ്‌ക്കൊന്നും വേണ്ടാട്ടോ, മോന്‍ കഴിച്ചാല്‍ അമ്മയ്ക്കും സന്തോഷമായി’ എന്നു പറഞ്ഞ് ഉള്‍ത്താപം ഒഴുക്കികളയുകയാണവളുടെ പതിവ്. മകനെ കക്കൂസിനുള്ളിലാക്കി വാതില്‍ പുറത്തു നിന്നും പൂട്ടുമ്പോള്‍ അവള്‍ സ്വയം ഉന്നയിക്കുന്ന ചോദ്യങ്ങള്‍, ക്ലേശഭൂയിഷ്ഠവും വേദനാപൂര്‍ണവുമായ ആ പെണ്‍മനസ്സിന്റെ യഥാര്‍ത്ഥചിത്രത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്.
ഈ കഥയിലെ കക്കൂസ് കേവലമൊരിടം എന്ന തലം വിട്ട്, കഥയുടെ കേന്ദ്രരൂപകമായി വളരുന്നുണ്ട്. മലീമസമായ സമൂഹത്തിന്റെ നേര്‍രൂപകമായ കക്കൂസിനെ, റോണിക്കുട്ടന്റെ കണ്ണിലൂടെ കഥയില്‍ ചിത്രീകരിക്കുന്നുമുണ്ട്. വെളിച്ചം കുറഞ്ഞ ഇടം, പൂപ്പല്‍ പിടിച്ച തറ, വൃത്തികെട്ട ഗന്ധം നിറഞ്ഞ സ്ഥലം എന്നിങ്ങനെ ആ ചിത്രണം നീളുന്നു. എന്നാല്‍ റോണിക്കുട്ടന് എല്ലായിടത്തെയുംപ്പോലെ ഒരിടം മാത്രമാണ് ആ കക്കൂസും. നിത്യപരിചയത്തിലൂടെ കൈവന്ന ബോധചിന്തയാണിത്. കക്കൂസിലിരുന്ന് അഥവാ വിസര്‍ജ്ജനം നിര്‍വഹിക്കേണ്ട ഇടത്തിരുന്ന് ഐസ്‌ക്രീം മധുരം നുണയുന്നതിലെ ഇരുണ്ട യുക്തിയും കഥയെ പുതിയ തലത്തില്‍ വായിക്കുവാന്‍ പ്രേരണ നല്‍കുന്നുണ്ട്. ഐസ്‌ക്രീം കപ്പുകള്‍ മൂന്നും ശൂന്യമാകുമ്പോള്‍ വാതില്‍ തുറന്ന് അമ്മ വരുമെന്നവനറിയാം. തണുത്ത ഒരു കാറ്റ് പോലെയാണ് അമ്മയുടെ വരവിനെ അവന്‍ ഏറ്റുവാങ്ങുന്നത്. ദേഹമാകെ വിയര്‍പ്പില്‍ കുതിര്‍ന്നാണ് അമ്മയുടെ വരവ്. അനേകഗന്ധങ്ങള്‍ ഇടകലര്‍ന്നിട്ടുണ്ട് ആ വിയര്‍പ്പിലെന്നും അവനറിയാം. അമ്മക്ക് നേരത്തേ കണ്ട പ്രകൃതവുമല്ലത്രേ. കണ്ണുകള്‍ മങ്ങി നിറം കെട്ടിട്ടുണ്ടിപ്പോള്‍. ചിലപ്പോള്‍ അത്രയുംനേരം അമ്മ കരയുകയായിരിക്കാം. അമ്മ ഒരിക്കലും ഉച്ചത്തില്‍ കരയാറുമില്ല. തൊട്ടടുത്തുള്ളവര്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്തവിധം പൊട്ടിക്കരയുന്ന അമ്മയാണ് ഒരു നീറ്റലായി അവനില്‍ നിറഞ്ഞു കവിയുന്നത്. അമ്മയ്ക്ക് വരുന്ന ഈ മാറ്റത്തിന്റെ കാരണങ്ങളെന്താണെന്ന് അറിയാന്‍ മാത്രം അവന്‍ വളര്‍ന്നിട്ടില്ലെന്ന് വ്യക്തമാണ്. തന്നെ വളര്‍ത്തി വലുതാക്കാന്‍ അമ്മ ഏറ്റുവാങ്ങുന്ന ശാരീരികവും മാനസികവുമായ പീഡനത്തെക്കുറിച്ചും അവന്‍ അത്രകണ്ട് ബോധവാനല്ല. ഈ കുട്ടിയുടെ നിഷ്‌കളങ്കമായ അറിവില്ലായ്മയാണ് കഥയുടെ വികാരപരതയെ വര്‍ദ്ധിപ്പിക്കുന്ന മുഖ്യഘടകം. എട്ടുംപൊട്ടുമറിയാത്ത ഉണ്ണിയെ കുളക്കടവിലിരുത്തി നിലയില്ലാക്കയത്തിലേക്ക് ആണ്ടുപോയ ‘വിവാഹസമ്മാന’ത്തിലെ ഏട്ടത്തിയുടെ ഹൃദയം നുറുങ്ങുന്ന വേദന വേണ്ടവിധം തിരിച്ചറിഞ്ഞവരാണ് നമ്മള്‍ മലയാളികള്‍. കുളക്കടവിലിരുന്ന് എല്ലാം നോക്കിക്കാണുന്ന ഉണ്ണിയാണ് ‘വിവാഹസമ്മാന’ത്തെ തീവ്രതരമാക്കിയ പ്രധാന കഥാപാത്രമെന്നുപോലും പറയാനാവും. ഇവിടെയും അമ്മയേക്കാള്‍ വളരുന്നത് മകനാണ്. വിയര്‍പ്പിന്റെയും കണ്ണീരിന്റെയും ഗന്ധവും നനവും പുരണ്ട അമ്മയേക്കാള്‍ നമ്മെ നടുക്കുന്നത്, കക്കൂസിലിരുന്ന് ഐസ്‌ക്രീം നുണയുന്ന റോണിക്കുട്ടനാണ്. അവന്റെ ഗതികേടും നിഷ്‌കളങ്കതയും ദുരന്തത്തിന്റെതീവ്രത കൂട്ടുന്ന ഭാവഘടകങ്ങളായി കഥയിലിടം പിടിക്കുന്നുണ്ട്. സ്വന്തം വിധിയെ പഴിക്കുന്ന അമ്മയേക്കാള്‍, തന്റെ വിധിയെക്കുറിച്ച് തീര്‍ത്തും അറിവില്ലാത്ത മകനാണ് വേദനയുടെ തീക്കനലുകള്‍ നമ്മില്‍ കോരിയിടുന്നത്. അച്ഛന്‍ മരിച്ചു കിടന്നപ്പോഴും പൊട്ടിക്കരയാത്ത അമ്മയെ ഓര്‍ത്തെടുക്കുന്നുണ്ട് അവന്‍. ‘നമ്മുടെ ഗതി, നമ്മുടെ ഗതി’ എന്ന വാക്കുകള്‍ അന്നും അമ്മ ഉരുവിട്ടിരുന്നു.
മുറിക്ക് പുറത്തേക്ക് നോക്കുമ്പോഴും പുതിയ കാഴ്ച്ചകളൊന്നും അവള്‍ കാണുന്നില്ല. പതിവുകാഴ്ച്ചകളില്‍ പെട്ടുപോയ മരവിച്ച മനസ്സിനെയാണ് ഈ സന്ദര്‍ഭത്തില്‍ അമ്മ പ്രതിനിധാനം ചെയ്യുന്നത്. നഗരദൃശ്യങ്ങളില്‍ അഭിരമിക്കാതെ ജീവിതം തള്ളിനീക്കുന്ന ഈ സ്ത്രീകഥാപാത്രം ഉപരിപ്ലവമായ വിലയിരുത്തലുകളെ സ്വയം ഭേദിച്ചുവളരാന്‍ കെല്പ്പുള്ള കഥാപാത്രമാണ്. മകന്‍ ഐസ്‌ക്രീം കപ്പുകള്‍ കാലിയാക്കും മുമ്പ് രതിവ്യാപാരത്തിന് വിരാമമിടാന്‍ അവളുടെ മനസ്സ് തിടുക്കപ്പെടുന്നുണ്ട്. ഹോട്ടലിന്റെ ഉടമയുടെ മകളെ വിവാഹം കഴിച്ചിരിക്കുന്നത്. പോലീസ് അസിസ്റ്റന്റ് കമ്മീഷണറാണെന്നും അതിനാല്‍ ഈ ഹോട്ടല്‍ സുരക്ഷിതമാണെന്നും കൂട്ടിക്കൊടുപ്പുകാരന്‍ അവളെ അറിയിക്കുന്ന സന്ദര്‍ഭം കഥയിലുണ്ട്. അധികാരകേന്ദ്രങ്ങളുടെ തണല്‍പ്പറ്റി തഴച്ചുവളരുന്ന സെക്‌സ് വ്യാപാരത്തിന്റെ ലോകമാണ് ഇവിടെ അനാച്ഛാദിതമാവുന്നത്. കമ്മീഷന്‍ തുക കണക്കു പറഞ്ഞു വാങ്ങുന്ന കൂട്ടിക്കൊടുപ്പുകാരന്‍ രതിവ്യാപാരത്തിന്റെ പുതിയ രൂപകമാണ്. ചൂഷണത്തിന്റെ വൃത്തികെട്ട വഴിയിലൂടെ മനസ്സാക്ഷിക്കുത്തില്ലാതെ സഞ്ചരിക്കുന്ന ഇത്തരം ഏജന്റുമാര്‍ അനുദിനം പെരുകുന്ന കാലഘട്ടത്തിലാണ് നാമിന്ന് പുലരുന്നത്. ഈ കഥ പകരുന്ന നടുക്കുന്ന സമകാലിക യാഥാര്‍ത്ഥ്യമാണിത്. മരിച്ചുപോയ ഭര്‍ത്താവിനെക്കുറിച്ച് അവള്‍ക്കുള്ള അഭിപ്രായമെന്താണെന്ന് വ്യക്തമാക്കുന്ന ചില ഭാഗങ്ങളും കഥയിലുണ്ട്. ഒരു മകനെയും കുറെ വേദനകളെയും മാത്രം തനിക്ക് നല്‍കി കടന്നുപോയ അയാളെ അവള്‍ ഒരിക്കലും കുറ്റപ്പെടുത്തുന്നില്ല. തകര്‍ന്ന ദാമ്പത്യത്തെയും വിധികല്പിതമായി മാത്രമാണ് അവള്‍ നോക്കിക്കാണുന്നത്. പൊടുന്നനെ, താന്‍ പോലുമറിയാതെ രണ്ടുപേര്‍ മുറിയിലേക്ക് കടന്നുവന്നത് അവളെ തെല്ലൊന്ന് അന്ധാളിപ്പിക്കുന്നുണ്ട്. ‘ഇവിടേക്കു വരാന്‍ ഒരു നിഗൂഢവഴിയുണ്ട്. ഒരാള്‍ക്കുപോലും സംശയം തോന്നാത്ത വഴി’ എന്നു പറഞ്ഞ് ചെറിയ ചിരിയോടെ ആദ്യമേ മുറിയിലേക്ക് കടന്നു വന്നയാള്‍ പറയുമ്പോഴും അന്ധാളിപ്പ് അവളെ വിട്ടൊഴിഞ്ഞിരുന്നില്ല. വിജയിയുടെ മുഖഭാവമായിരുന്നു ആദ്യം വന്നയാള്‍ക്ക്. ഇരുവരുടെയും മുഖഭാവം സമാനതയുള്ളതല്ല. ഒന്നാമത്തെ ആള്‍ക്ക് നല്ല ഉയരമാണെങ്കില്‍ രണ്ടാമന് ഉയരം കുറവാണ്. ഇതാണ് ഭൗതികമായി ഇവരെ വേര്‍തിരിച്ചു കാട്ടുന്ന ഘടകം. അത്ര സമയം തന്നെ ഏതോ ഒരു തലത്തില്‍ അവര്‍ പരസ്പരം ഐക്യപ്പെടുന്നുണ്ടെന്ന് അവള്‍ക്ക് തോന്നുന്നുമുണ്ട്.
മറ്റുള്ളവരില്‍ നിന്ന് വിഭിന്നമായ മന്ദഗതിയിലായിരുന്നു അവരിരുവരുടെയും ചലനങ്ങള്‍. ഇരുവര്‍ക്കും അവളെ നന്നായി ബോധിച്ചു. രണ്ടുപേരും അവളുടെ നേരെ നോക്കി ഹൃദ്യമായി ചിരിക്കുകയും അതുവഴി അപരിചിതത്വത്തിന്റെ മഞ്ഞുരുക്കുവാന്‍ ശ്രമിക്കുകയും ചെയ്തതായും കഥയില്‍ സൂചനയുണ്ട്. കസേരകള്‍ അടുപ്പിച്ചിട്ട ശേഷം രണ്ടാമത്തെയാള്‍ എളിയില്‍നിന്നും ഒരു കുപ്പിയെടുത്തു പുറത്തുവെക്കുന്നുണ്ട്. ഒന്നാമത്തെയാള്‍ മറ്റൊരു കുപ്പിയും മദ്യവും, സോഡയും എടുത്ത് മദ്യം സേവിക്കാന്‍ തയ്യാറാകുന്നുമുണ്ട്. രണ്ടാമത്തെയാള്‍, അവള്‍ക്ക് മദ്യം വേണോ എന്നു ചോദിച്ചെങ്കിലും അവള്‍ അത് നിഷേധിക്കുകയാണ്. തീപ്പെട്ടി അളവാക്കി കൃത്യമായി ഗ്ലാസ്സുകളില്‍ മദ്യം പകര്‍ന്നവര്‍ ലഹരിയുടെ ആലിംഗനത്തിലമരുമ്പോഴും അവരുടെ മദ്യപാനത്തില്‍ അവള്‍ക്ക് വിരോധമൊന്നും തന്നെ തോന്നിയില്ല. എന്നിരുന്നാലും അവളുടെ മനസ്സ് തിടുക്കപ്പെടുകയായിരുന്നു. ഈ തിടുക്കത്തിന്റെ കാരണം മറ്റൊന്നുമായിരുന്നില്ല. കക്കൂസിലുള്ള മകന്‍ ഒന്നാമത്തെ ഐസ്‌ക്രീം ഇപ്പോള്‍ തീര്‍ത്തു കാണുമെന്നും രണ്ടും മൂന്നും തീര്‍ന്നാലവന്‍ അസ്വസ്ഥനാകാന്‍ തുടങ്ങുമെന്നും അവള്‍ക്കറിയാം. അവന്‍ അസ്വസ്ഥനാകും മുമ്പേ ഇരുവരേയും പറഞ്ഞയക്കേണ്ടതുണ്ടെന്നും അവള്‍ക്ക് തിട്ടമുണ്ട്. ‘തന്റെ കുട്ടി എപ്പോഴും കൂടെയുണ്ടാവുമെന്നാണ് പയ്യന്‍ പറഞ്ഞത്’ എന്നു ഭയം കലര്‍ന്ന സ്വരത്തില്‍ ഒന്നാമന്‍ അവളോട് പറയുന്ന ഭാഗം കഥയിലുണ്ട്. അവള്‍ കക്കൂസിന് നേരെ വിരല്‍ ചൂണ്ടി, മകന്‍ അവിടുണ്ടെന്ന് സൂചിപ്പിച്ചപ്പോള്‍ രണ്ടാമന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം തമസ്സമ്പന്നമായൊരു കാലത്തിന് മാത്രം ഉത്പാദിപ്പിക്കാനാവുന്നതാണ്. ”നല്ല തമാശ അവനെ അവിടെ ഒളിപ്പിച്ചിരിക്കുകയാണോ? അവനെ കൂടി ഇതിലൊക്കെ പങ്കെടുപ്പിച്ചുകൂടെ? ഒരാളിങ്ങനെ നോക്കി നില്ക്കുക ചിലര്‍ക്ക് രസമുണ്ടാക്കുന്ന കാര്യമാണ്. അതു മോനായാലെന്താണ് കുഴപ്പം?.” ബാലരതിയുടെ ഇരുട്ട് പടരുന്നുണ്ട് അയാളുടെ വാക്യങ്ങളില്‍. അമ്മയും മകനും തമ്മിലുള്ള പവിത്രബന്ധം വിസ്മരിക്കുന്ന വികൃതമായ കാമഭാവനയുടെ അഴിഞ്ഞാട്ടവും ആ വാക്യങ്ങളില്‍ തെറിച്ചു കിടപ്പുണ്ട്. രണ്ടാമത്തവന്റെ സംസാരത്തെ ഒന്നാമന്‍ പെട്ടെന്ന് തടയുന്നുണ്ട്. ”ശ്ശെടാ, നീ അതിരുവിടുന്നു. ഏതു ജോലിക്കും അതിന്റേതായ ഒരു സദാചാരവും ധര്‍മവും മറയും ആവശ്യമാണ്. ഇവിടെയും അതു വേണം-മറക്കരുത്”. ഇയാളുടെ ജീവിതദര്‍ശനവും കാപട്യത്തിന്റെ കറ പുരണ്ടതാണ്.
ഇരുവരുടെയും സംഭാഷണങ്ങള്‍ കേട്ടിരിക്കാന്‍ അവള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. നഗരത്തില്‍നിന്നും മകനുമായി എത്രയും വേഗം ഗ്രാമത്തിലേക്ക് തിരിച്ചെത്തണമെന്ന ചിന്ത ഇവിടെയും തടസ്സം സൃഷ്ടിക്കുന്നുണ്ട്. തന്റെ മകന് നഷ്ടപ്പെട്ടുപോയ ബാല്യകാലസൗഭാഗ്യങ്ങള്‍, ഈ ആഗ്രഹചിന്തക്കൊപ്പം വേദനയുടെ പെരുമഴയായി പെയ്യുന്നുണ്ട് അവളുടെ ഉള്ളില്‍. ബാല്യകാലവിനോദങ്ങളില്‍ നിന്നുപോലും അന്യവത്ക്കരിക്കപ്പെട്ടവനാണ് അവളുടെ മകന്‍. പുറംലോകം ഇല്ലാതായവന്‍. പ്ലേസ്‌ക്കൂളില്‍ നിന്നുണ്ടായ തിക്താനുഭവം അവള്‍ ഓര്‍ത്തെടുക്കുന്നുണ്ട്. മാരകരോഗം (എയ്ഡ്‌സ്?) പിടിപെട്ട് മരണത്തിന് കീഴടങ്ങേണ്ടി വന്നവന്റെ മകന് നമ്മുടെ ലോകം വെച്ചുനീട്ടുന്നത് ഒറ്റപ്പെടലിന്റെ നരകമാണെന്ന സത്യം കഥയിലൂടെ ശക്തമായി ആവിഷ്‌കരിക്കുന്നുണ്ട് കഥാകൃത്ത്. പൊതുഇടങ്ങളില്‍ നിന്ന് തന്റെ മകന്‍ അകറ്റിനിര്‍ത്തപ്പെടുന്നതിന്റെ വ്യഥ അവളുടെ ജീവിതത്തെ അടിമുടി തകര്‍ത്തെറിയുന്ന തീവ്രാനുഭവുമായി കഥയില്‍ തിടം വെക്കുന്നതും കാണാനാവും. മാരകരോഗം പിടിപ്പെട്ട് മരിച്ചവന്റെ ഭാര്യയെന്ന ഒറ്റക്കാരണത്താല്‍ മാത്രം ജോലിചെയ്ത സ്ഥാപനത്തില്‍ നിന്നും അവള്‍ പുറന്തള്ളപ്പെടുന്നുണ്ട്. സമകാലികലോകത്ത് നാം കേട്ട വാര്‍ത്തകള്‍, ഇത്തരം പുറന്തള്ളലുകളുടെ കാരുണ്യരഹിതമായ തലം അര്‍ഥശങ്കയ്ക്കിടനല്കാത്തവിധം വ്യക്തമാക്കിയിട്ടുമുണ്ട്. അയല്‍വീട്ടുകാര്‍ പോലും അവളെയും മകനെയും സാമൂഹികമായി വിലക്കുന്നുണ്ട്. ബന്ധങ്ങളെല്ലാം പൊടുന്നനെ അറുത്തുമുറിച്ചു കളയുകയാണ് ചുറ്റുമുള്ളവര്‍. ഈ കടുത്ത പ്രതിസന്ധിഘട്ടത്തിലാണ് ഗത്യന്തരമില്ലാതെ തന്നെത്തന്നെ വില്‍ക്കാന്‍ അവള്‍ നിര്‍ബന്ധിതയാവുന്നത്. ‘നിന്റെ ഭര്‍ത്താവെന്തു ചെയ്യുന്നു? എന്ന രണ്ടാമന്റെ ചോദ്യത്തിന് മരിച്ചുപോയെന്നവള്‍ ഉത്തരം പറയുന്നുണ്ട്. രണ്ടാമന്‍ ഈ ഘട്ടത്തിലും മനുഷ്യോചിതമായല്ല സംസാരിക്കുന്നത്. അയാളുടെ വാക്കുകള്‍ ഇതായിരുന്നു.” ഒരു കണക്കില്‍ അതു നല്ലതും മറ്റൊരു തരത്തില്‍ ദു:ഖകരവുമായ കാര്യമാണ്. നിങ്ങളെപ്പോലുള്ളവര്‍ക്ക് ഭര്‍ത്താവില്ലാത്തതാണ് നല്ലത്. അദ്ധ്വാനിക്കുന്നതു നിങ്ങളും, മെയ്യനങ്ങാതെ അതിന്റെ ഗുണം പറ്റുന്നതു ഭര്‍ത്താവുമായിരിക്കും. ഭര്‍ത്താവ് മരിച്ചതു കാരണം നിനക്കതേകുറിച്ചു വേവലാതിപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ചില സമയത്ത് ഒരു പുരുഷന്റെ നിഴലോ, മേല്‍വിലാസമോ ആവശ്യമായിവരും. കാരണം പുരുഷന്‍ പുരുഷനും, സ്ത്രീ സ്ത്രീയുമാണ്. അങ്ങനെ നോക്കുമ്പോള്‍ ഭര്‍ത്താവില്ലാത്തത് ഒരു ദുരിതം തന്നെയാണ്. ആട്ടെ, ഭര്‍ത്താവ് എങ്ങനെയാണ് മരിച്ചത്?” മറ്റാരുടെയോ കാര്യം പറയുമ്പോലെ നിസ്സംഗതയോടെ ആ ചോദ്യത്തിന് ഉത്തരം നല്‍കുന്നുണ്ട്. ”കുറേക്കാലം ക്ഷീണമായിരുന്നു. പിന്നെയൊരു പനി വന്നു. ഒരാഴ്ച്ചക്കുള്ളില്‍ മരിച്ചു”. ഒന്നാമന് അവളുടെ ഉത്തരം വേദനയാണ് നല്‍കിയത്. ‘കഷ്ടം ഇത്രേയുള്ളു മനുഷ്യന്റെ കാര്യം’ എന്നു പറഞ്ഞയാള്‍ വിരമിക്കുകയാണ്. ഈ കഥയിലെ രണ്ടാമന്‍ എന്ന കഥാപാത്രം ക്രൂരതയുടേയും രതിവന്യതയുടേയും നേര്‍രൂപമാണ്. കുപ്പിയില്‍ നിന്നും അല്പം മദ്യം ഗ്ലാസ്സിലേക്കൊഴിച്ചു മേലോട്ടുയര്‍ത്തി ‘ഇതു നിന്റെ പരേതനായ ഭര്‍ത്താവിന്റെ ആത്മശാന്തിക്കുവേണ്ടി’ എന്നു പറയാന്‍ മാത്രം നന്മകെട്ടുപോയ മനസ്സാണ് അയാളുടേത്.
മുറിയില്‍ ഇതൊക്കെ അരങ്ങേറുമ്പോള്‍ മൂന്നാമത്തെ ഐസ്‌ക്രീം എടുക്കണോ വേണ്ടയോ എന്ന ചിന്തയിലായിരുന്നു റോണിക്കുട്ടന്‍. ഐസ്‌ക്രീം തിന്നാനുള്ള കൊതികെട്ടുപോയിരുന്നു അവന്. മങ്ങിയ വെളിച്ചവും പൂപ്പല്‍ പിടിച്ച തണുത്ത തറയും കെട്ടഗന്ധവും മടുത്തു തുടങ്ങിയിരുന്നു ആ പിഞ്ചുമനസ്സിന്. മനംപിരട്ടുന്ന അന്തരീക്ഷം അസഹ്യമായതോടെ നേരിയ ഇരുളില്‍ അവന്റെ കൈകള്‍ എന്തോ പരതാന്‍ തുടങ്ങുന്നത് കഥയില്‍ വിവരിക്കുന്നുണ്ട്. മുറിക്കുമുകളിലൂടെ ചെറിയ ജനല്‍വെളിച്ചത്തിന്റെ നേരിയതിളക്കങ്ങള്‍ അവന്റെ കണ്ണില്‍പെടുന്നുണ്ട്. അതവന് കൊതിപ്പിക്കുന്ന അനുഭവമായിരുന്നു. ജനലപ്പുറത്ത് എന്തിന്റെയോ കുറുകലുകളോ ചിറകടിയൊച്ചയോ അവന്‍ കേട്ടു. ഒരു പക്ഷിയായിരുന്നു അത്. അതിനു നേരെ അവന്‍ കണ്ണുകള്‍ കൂര്‍പ്പിച്ചു. അതിന്റെ കുറുകലും, ചിറകടിയൊച്ചയും തുടര്‍ന്നു കൊണ്ടേയിരുന്നു. ഇരുളിനും കെട്ട ഗന്ധത്തിനും മീതെ ഒരു താളമായി അത് പരിണമിച്ചു. എന്നാല്‍ ബോധത്തിന്റെ നിയന്ത്രണങ്ങളൊക്കെ അവനില്‍ അതോടെ അസ്തമിക്കുകയായിരുന്നു. റോണിയുടെ തല തണുത്ത പൂപ്പലിലേക്കമര്‍ന്നു. മൃതിരൂപകമാണ് ഇവിടെ പ്രത്യക്ഷപ്പെട്ട പക്ഷി. വിധി വീണ്ടും അവളെ ലോകത്ത് കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുത്തിയെന്ന് ചുരുക്കം.കക്കൂസ്സില്‍ ഇതൊക്കെ നടക്കുമ്പോള്‍ അവളെ ആര് ആദ്യം ഭോഗിക്കണമെന്ന വാശിപിടിച്ച തര്‍ക്കങ്ങള്‍ നടക്കുകയായിരുന്നു മുറിക്കുള്ളില്‍. രണ്ടാമതാവുമ്പോള്‍ അവളുടെ ആവേശം തീരുമെന്നും അവള്‍ക്കൊരു പങ്കും നിര്‍വഹിക്കാന്‍ കഴിയില്ലെന്നും എന്റെ വിരലടയാളം രേഖപ്പെടുത്താന്‍ പിന്നെ എനിക്കെങ്ങനെ കഴിയുമെന്നുള്ള ചോദ്യങ്ങളുന്നയിച്ച് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയാണ്. ആദ്യം ആരെ വേണമെന്ന് അവള്‍ തീരുമാനിക്കട്ടെ എന്ന ഒന്നാമന്റെ നിര്‍ദ്ദേശത്തെ രണ്ടാമന്‍ കൈകൊള്ളുന്നതേയില്ല. തന്നേക്കാള്‍ ഒന്നാമന്‍ സുന്ദരനായതിനാല്‍ അവള്‍ അയാളെയേ തിരഞ്ഞെടുക്കു എന്നാണ് രണ്ടാമന്റെ ഭയം. നാണയം എറിഞ്ഞുനോക്കി തീരുമാനിക്കാമെന്നവസാനം ഇരുവരും യോജിപ്പിലെത്തുകയാണ്. തല വീണാല്‍ രണ്ടാമന്, വാല് വീണാല്‍ ഒന്നാമന് ഇതാണ് തീരുമാനം . നാണയം ശ്രദ്ധയോടെ എറിയാനായി ഭാവിക്കവെ, പൊടുന്നനെ പോലീസ് എത്തുന്നു. ഹോട്ടലില്‍ റെയ്ഡ് നടക്കുകയാണ്. പോലീസ്ജീപ്പിലിരിക്കുമ്പോഴും, പിന്നെ ലോക്കപ്പിലായപ്പോഴും അവള്‍ ആകാംക്ഷയോടെ ആലോചിച്ചത് സ്വന്തം കുഞ്ഞിനെ കുറിച്ചായിരുന്നു. ‘അവന്‍ മൂന്നാമത്തെ ഐസ്‌ക്രീം കഴിച്ചുകാണുമോ’? ഈ ചോദ്യം ആ അമ്മമനസ്സില്‍ നിറയുന്നതോടെയാണ് കഥ പൂര്‍ണമാവുന്നത്. നിസ്സഹായയായ മാതൃഹൃദയത്തിന്റെ നീറ്റലാണ് ആ ചോദ്യത്തിലുള്ളത്. പിഞ്ചുബാലന് പകരം പിഞ്ചുബാലികയാണ് കഥയില്‍ എന്നു ചിന്തിച്ചാല്‍ അവസ്ഥ ഇതിലും ഭയാനകമായേനെ എന്നു മാത്രം സൂചിപ്പിക്കട്ടേ.
പരമവിശുദ്ധമായ രതിവികാരത്തെ പുതിയകാലം എത്രമാത്രം കളങ്കപ്പെടുത്തുന്നു എന്ന ചോദ്യത്തിന് യു.കെ.കുമാരന്‍ നല്‍കുന്ന ഉത്തരമാണ് ‘മൂന്നാമത്തെ ഐസ്‌ക്രീം’ . ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരുടെ കണ്ണീരിന്റെ കഥയായും ‘മൂന്നാമത്തെ ഐസ്‌ക്രീം’ എന്ന രചനയെ വിലയിരുത്താനാവും. ലിബറല്‍ ഫെമിനിസം , റാഡിക്കല്‍ ഫെമിനിസം, ബ്ലാക് ഫെമിനിസം, ഇക്കോ ഫെമിനിസം തുടങ്ങിയ സങ്കല്പനങ്ങളെ കൂട്ടുപിടിച്ചെഴുതുന്ന സ്ത്രീജീവിതാഖ്യാനങ്ങളില്‍ നിന്ന് കൃത്യമായ അകലം പാലിക്കുന്ന കഥയാണിത്. വൈക്കംമുഹമ്മദ് ബഷീറിന്റെ ‘ശബ്ദങ്ങള്‍’ എന്ന നോവലില്‍ കുഞ്ഞിനെ ഉറുമ്പരിക്കുന്നതു കാണുമ്പോഴും അന്യപുരുഷന്‍മാര്‍ക്കൊപ്പം ശയിക്കേണ്ടി വരുന്ന ഒരു വേശ്യയെ അവതരിപ്പിച്ചിട്ടുണ്ട്. കാലമെത്ര മാറിയിട്ടും സ്ഥിതി വ്യത്യസ്തമല്ലെന്ന് ഈ കഥ കാട്ടിത്തരുന്നുണ്ട്. സെക്‌സ് ഒരു വൃത്തികെട്ട മനോരോഗമായി പരിണമിക്കുന്നത് രണ്ടാമന്റെ വാക്കുകളിലൂടെയാണ്. വേദനിക്കുന്നവര്‍ക്കൊപ്പം നില്‌ക്കേണ്ടതിന് പകരം അവനെ/അവളെ ഒറ്റപ്പെടുത്തി സ്വയം സുരക്ഷിതത്വമൊരുക്കുന്ന സ്വാര്‍ത്ഥജീവിതദര്‍ശനത്തെ കര്‍ക്കശമായി വിചാരണ ചെയ്യുന്ന, മനുഷ്യപക്ഷരാഷ്ട്രീയത്തിന്റെ അര്‍ത്ഥധ്വനികളാണ് ഈ കഥയുടെ കരുത്തും കാതലും മുഖ്യമായും നിര്‍ണ്ണയിക്കുന്നത്. മൂന്നാമത്തെ ഐസ്‌ക്രീം റോണിക്കുട്ടനെ സംബന്ധിച്ചിടത്തോളം വിമോചനത്തിന്റെ ബിംബമാണ്. അവന്റെ അമ്മയ്ക്കും അങ്ങനെ തന്നെ. അവളെ തേടിയെത്തിയ കസ്റ്റമേഴ്‌സിന് തിരക്കുകളില്ലെങ്കിലും അവള്‍ക്ക് തിടുക്കമുണ്ടെന്ന് അനേകസന്ദര്‍ഭങ്ങളിലൂടെ കഥാകൃത്ത് സൂചിപ്പിക്കുന്നുണ്ട്. മകനെ വിമോചിപ്പിക്കുവാനുള്ള അമ്മയുടെ തിടുക്കം ഒരര്‍ത്ഥത്തില്‍ അവളനുഭവിക്കുന്ന കടുത്ത ഒറ്റപ്പെടലില്‍ നിന്നുള്ള വിമോചനത്വരയായും മനസ്സിലാക്കാനാവും. ഒരാള്‍ക്ക് പകരം രണ്ടുപേരുടെ വരവ്, കാഴ്ച്ചയിലുള്ള വൈരുദ്ധ്യങ്ങള്‍ക്കപ്പുറത്തായി ഏതോ ഒരു തലത്തില്‍ അവരുടെ ഇടയിലുള്ള ഐക്യപ്പെടല്‍, മറ്റു സന്ദര്‍ശകരില്‍ നിന്നും വിഭിന്നമായ മന്ദഗതിയിലുള്ള അവരുടെ ചലനങ്ങള്‍, പുല്‍ത്തകിടിയിലിരിക്കുന്ന ഇടനിലക്കാരനായ ചെറുപ്പക്കാരന്‍ കാട്ടുന്ന കൈമുദ്രകള്‍ ഇവയെല്ലാം ചേര്‍ത്തുവായിച്ചാല്‍ അവിടെ നടന്നത് ആസൂത്രിതമായ ഒരു റെയ്ഡായിരുന്നുവെന്ന് ന്യായമായും സംശയിക്കാനാവും. നഗരത്തിലെ കാമലമ്പടന്മാര്‍ക്ക് എയ്ഡ്‌സിന്റെ വിഷദംശനം സമ്മാനിക്കുന്ന ഒരു വേശ്യയെ ഭരണകൂടം തന്ത്രപരമായി കീഴ്‌പ്പെടുത്തുകയാണ്. മകനൊപ്പം ആത്മഹത്യ ചെയ്ത് ജീവിതത്തോട് വിടപറയാനല്ല കഥാനായിക ശ്രമിച്ചത്.
വിധിയുടെ പ്രഹരം സ്വജീവിതത്തെ തകര്‍ത്തുകളഞ്ഞപ്പോഴും അതിജീവനത്തിന് കിണഞ്ഞു പരിശ്രമിക്കുകയാണ് കഥാനായിക. ക്രൂരമായി തന്നോട് പെരുമാറിയ സമൂഹത്തോടുള്ള പ്രതികാരമായി അവളുടെ വേശ്യാവൃത്തിയെ ന്യൂനീകരിച്ചു കാണുന്നത് കഥയുടെ ദര്‍ശനതലത്തോട് കാട്ടുന്ന അനീതിയാണ്. അനശ്വരമായ പ്രപഞ്ചത്തില്‍ നമ്മുടെ ഏവരുടേയും ജീവിതം ക്ഷണികമാണ്. ഈ യാഥാര്‍ത്ഥ്യം അവളും തിരിച്ചറിഞ്ഞിരിക്കണം. തന്റെ മകനിലൂടെ ജീവിതത്തിന്റെ ക്ഷണികതയെ മറികടക്കാനാകുമെന്ന ഉത്കടമായ അഭിവാഞ്ഛ അവളില്‍ പൊട്ടിമുളച്ചിരിക്കണം. തന്റെ ഗര്‍ഭപാത്രത്തില്‍ അങ്കുരിച്ച മകനിലൂടെ താനും അനശ്വരതയിലേക്ക് ഉയര്‍ത്തപ്പെടുമെന്നവള്‍ പ്രതീക്ഷിച്ചിരിക്കണം. മരണഭയം ബാധിച്ച മനുഷ്യരാണ് നമ്മളെല്ലാവരും. തനിക്ക് ജനിച്ച മകനിലൂടെയും മകളിലൂടെയും മരണത്തെ വെല്ലുവിളിക്കുകയാണ് ഓരോ മാതാപിതാക്കന്മാരും. എന്നാല്‍ ദൈവംപോലും അവളെ കൈവെടിയുകയാണ്. അനശ്വരത അശരണര്‍ക്ക് വിധിച്ചിട്ടുള്ള പ്രാപ്യസ്ഥാനമല്ലെന്ന ധ്വനി ഈ കഥയില്‍ അന്തഃസന്നിവേശിതമായിട്ടുണ്ട്. കഥയുടെ ദുരന്താത്മകതയെ തീവ്രതരമാക്കുന്ന മുഖ്യമായ ധ്വനിതലവും ഇതുതന്നെയാണ്.
(കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍കോളേജിലെ മലയാളഗവേഷണവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)