ജനകീയ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ലെനിന്‍ അവസാന തീരുമാനമെടുത്തത്, റഷ്യയില്‍ തിരിച്ചെത്തി, കാര്‍പോവ്കയിലെ 31 നമ്പര്‍ മുറിയില്‍ വച്ചായിരുന്നു. റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ബോള്‍ഷെവിക് വിഭാഗത്തിലെ 12 പേരുടെ രഹസ്യ യോഗം അദ്ദേഹം വിളിച്ചു: ലെനിന്‍, ട്രോട് സ്‌കി, സിനോവീവ്, കാമനെവ്, സ്വേദ്‌ലോവ്, സെര്‍ഷിന്‍സ്‌കി, സ്റ്റാലിന്‍, യുറിറ്റ്‌സ്‌കി, ബുബ്‌നോവ്, സോകോള്‍നിക്കോവ്, ലോമോവ്, അലക്‌സാന്‍ഡ്ര കൊളോന്‍ടെ.
വാര്‍വര യാക്കോവ് ലിയേവ മിനിറ്റ്‌സ് എഴുതി; സുഖാനേവിന്റെ ഭാര്യ ചായയും സാന്‍ഡ്‌വിച്ചും നല്‍കി. സിനോവീവ് ആയിരുന്നു, ലെനിന്റെ ഏറ്റവും അടുത്തയാള്‍.
തീരുമാനത്തെ എതിര്‍ത്ത സിനോവീവും കാമനെവും അടുത്ത രാവിലെ ബദല്‍ രേഖ തയ്യാറാക്കി, ഗോര്‍ക്കിയുടെ പത്രത്തില്‍ അച്ചടിക്കാന്‍ കൊടുത്തു. 31 ന് അത്, അച്ചടിച്ചു വന്നു. അകത്തെ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്തറിയിക്കുന്നത്, ഗുരുതരമായ പാര്‍ട്ടി വ്യതിയാനമാണ്. ലെനിന്‍ അവരോട് പൊറുത്തില്ല. അടുപ്പം കാരണം, കൊന്നില്ല.
അന്നത്തെ യോഗത്തില്‍, ഏഴംഗ പൊളിറ്റ് ബ്യുറോയെ തിരഞ്ഞെടുത്തു:ലെനിന്‍, സിനോവീവ്, കാമനെവ്, ട്രോട്സ്‌കി, സ്റ്റാലിന്‍, സൊകോള്‍നിക്കോവ്, ബുസ്‌നോവ്.
ഫിന്‍ലന്‍ഡില്‍ നിന്ന് ലെനിന്‍ എത്തിയത്, ഒക്ടോബര്‍ 20 നായിരുന്നു.’വൈകിക്കുന്നത് മരണമാണ് ‘( To delay is death ) എന്ന് പീറ്റര്‍ ദി ഗ്രേറ്റ് പറഞ്ഞത് ലെനിന് അറിയാമായിരുന്നു. ജൂലൈ കലാപത്തിന് ശേഷമാണ്, ലെനിന്‍ പെട്രോഗ്രാഡില്‍ നിന്ന് ഫിന്‍ലന്‍ഡിലേക്ക് രക്ഷപ്പെട്ടത്. ജര്‍മ്മനിക്കെതിരെ ജൂണ്‍ 16 ന് താല്‍ക്കാലിക പ്രധാനമന്ത്രി കെറന്‍സ്‌കി യുദ്ധം പ്രഖ്യാപിച്ചിരുന്നു. മുന്നണിയില്‍ നിന്ന് പെട്രോഗ്രാഡില്‍ എത്തിയ സൈനികര്‍ വീണ്ടും യുദ്ധത്തിന് പോകാന്‍ വിസമ്മതിച്ചു. അവര്‍ കൂറുമാറി ബോള്‍ഷെവിക് പക്ഷത്തായി. അവരും ക്രോണ്‍സ്റ്റാറ്റിലെ നാവിക വ്യൂഹത്തില്‍ കലാപം നടത്തി തിരിച്ചു വന്ന നാവികരും ബോള്‍ഷെവിക്കുകളും ചേര്‍ന്നാണ്, കലാപത്തിന് വട്ടം കൂട്ടിയത്.ട്രോട് സ്‌കി അറസ്റ്റിലായി.
ഏറ്റവും അവികസിതവും ദരിദ്രവുമായ രാഷ്ട്രമായാണ് റഷ്യയെ പടിഞ്ഞാറന്‍ യൂറോപ്പ് കണ്ടിരുന്നത്. കര്‍ഷകരായിരുന്നു, കൂടുതല്‍. വ്യവസായ തൊഴിലാളികള്‍ ന്യൂനപക്ഷം. റഷ്യയില്‍ മാത്രമായിരുന്നു, ഭൂവുടമകള്‍ക്ക് അന്ന് അടിമകള്‍ ഉണ്ടായിരുന്നത്. യൂറോപ്പിലെ മറ്റ് രാഷ്ട്രങ്ങള്‍ മധ്യ കാലഘട്ടത്തില്‍ തന്നെ അടിമത്തം അവസാനിപ്പിച്ചിരുന്നു. റഷ്യയില്‍ അടിമത്തം നിരോധിച്ചത് 1861 ല്‍ മാത്രമാണ്. 1890 -1910 ല്‍ പെട്രോഗ്രാഡ്, മോസ്‌കോ എന്നീ റഷ്യന്‍ നഗരങ്ങളില്‍ ജനസംഖ്യ ഇരട്ടിച്ചു. 1854-56 ലെ ക്രിമിയന്‍ യുദ്ധം മുതലുള്ള യുദ്ധങ്ങള്‍ റഷ്യയെ ദാരിദ്ര്യത്തില്‍ ആഴ്ത്തി. ഭക്ഷ്യ ക്ഷാമം കൊടുമ്പിരിക്കൊണ്ടു. 1905 ലെ വിപ്ലവത്തിന് ശേഷം സാര്‍ ചക്രവര്‍ത്തി പൊതുസഭയായ ദൂമ ഇടക്കിടെ പിരിച്ചു വിട്ടു. 1914 ഓഗസ്റ്റില്‍ സെര്‍ബുകള്‍ക്ക് വേണ്ടി റഷ്യ ഒന്നാം ലോകയുദ്ധത്തില്‍ പങ്കുചേര്‍ന്നത് കൂനിന്മേല്‍ കുരുവായി. 1915 ല്‍ ചക്രവര്‍ത്തി തന്നെ യുദ്ധ മുന്നണിയിലേക്ക് പോയി. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ അലക്‌സാന്‍ഡ്ര രാജ്ഞി, ഗ്രിഗറി റാസ്പുട്ടിനെ അന്തഃപുരത്തിലേക്ക് എടുത്തു. ഭരണം നിയന്ത്രിച്ച അയാളെ, 1916 ഡിസംബര്‍ 30 ന് പ്രഭുവര്‍ഗം കൊന്നു. മിതവാദികള്‍ വിപ്ലവകാരികള്‍ക്കൊപ്പമായി. ഈ പശ്ചാത്തലത്തില്‍ ആയിരുന്നു, 1917 ഫെബ്രുവരി വിപ്ലവം.

ഇതുവഴി വന്ന കെറന്‍സ്‌കിയുടെ താല്‍ക്കാലിക ഭരണകൂടം അഭിപ്രായ സ്വാതന്ത്ര്യം, നിയമത്തിനു മുന്നില്‍ സമത്വം, തൊഴിലാളികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം എന്നിവ ഉറപ്പുവരുത്തിയെങ്കിലും യുദ്ധക്കെടുതിയില്‍ ജനം വലഞ്ഞു. കര്‍ഷകര്‍ കൃഷിയിടങ്ങള്‍ കൊള്ളയടിച്ചു. ഭക്ഷ്യ കലാപങ്ങള്‍ വാര്‍ത്ത അല്ലാതായി. ഫെബ്രുവരി 27 ന് തൊഴിലാളികള്‍ ഡപ്യുട്ടികളെ തിരഞ്ഞെടുത്ത് പെട്രോഗ്രാഡ് സോവിയറ്റ് ഉണ്ടാക്കി. അതില്‍ ഭൂരിപക്ഷം, മെന്‍ഷെവിക്കുകള്‍ ആയിരുന്നു.അവര്‍ താല്‍ക്കാലിക ഭരണകൂട ആസ്ഥാനമായ ടോറിഡ് കൊട്ടാരത്തില്‍ തന്നെ യോഗം വിളിച്ചു. ജനാധിപത്യ പുനഃസ്ഥാപനം, മത വിവേചനം അവസാനിപ്പിക്കല്‍, നിയമനിര്‍മാണ സഭയിലേക്ക് തിരഞ്ഞെടുപ്പ് എന്നിവ ആയിരുന്നു ആവശ്യങ്ങള്‍. കാമനെവ് ഉള്‍പ്പെടെ പല ബോള്‍ഷെവിക്കുകളും താല്‍ക്കാലിക ഭരണകൂടത്തെ തുണച്ചു. സോവിയറ്റില്‍ മാത്രമല്ല, പെട്രോഗ്രാഡ്, മോസ്‌കോ എന്നിവിടങ്ങളിലും മെന്‍ഷെവിക്കുകള്‍ക്കായിരുന്നു, ഭൂരിപക്ഷം.
എന്നാല്‍, ജൂലൈ കലാപത്തിന് ശേഷം ബോള്‍ഷെവിക്കുകള്‍ക്ക് ശക്തി കൂടി. ഫെബ്രുവരിയില്‍ 24000 അംഗങ്ങള്‍ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത്, സെപ്റ്റംബറില്‍ അത് രണ്ടു ലക്ഷമായി. നഗരങ്ങളിലും ഭൂരിപക്ഷം കിട്ടി. ഓഗസ്റ്റില്‍ പട്ടാള മേധാവി കോര്‍ണിലോവ് അട്ടിമറിക്ക് ശ്രമിക്കുകയും കെറന്‍സ്‌കി ബോള്‍ഷെവിക്ക് പിന്തുണ തേടി അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുകയും ചെയ്തതോടെ, ഭരണകൂടം ഉന്തിയാല്‍ തകരുമെന്ന നില വന്നു.സെപ്റ്റംബര്‍ ആദ്യം, തടവിലായിരുന്ന ബോള്‍ഷെവിക്കുകളെ മോചിപ്പിച്ചു. മോചിതനായ ട്രോട് സ്‌കി, പെട്രോഗ്രാഡ് സോവിയറ്റ് ചെയര്‍മാനായി.
ഫിന്‍ലന്‍ഡില്‍ നിന്ന് ലെനിനെ തങ്ങളുടെ പ്രദേശം വഴി അടഞ്ഞ ട്രെയിനില്‍ റഷ്യയില്‍ എത്തിക്കാന്‍ ജര്‍മന്‍ രഹസ്യ പൊലീസ് തീരുമാനിച്ചത്, ലെനിന്‍ റഷ്യയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിക്കോളും എന്ന തോന്നലില്‍ ആയിരുന്നു. 1905 ലെ ഗാപോണ്‍ അച്ചനെപ്പോലെ, മാര്‍ക്‌സിസ്റ്റ് വിപ്ലവ ഗ്രന്ഥങ്ങളില്‍ കാണാത്ത ഒരു കഥാപാത്രമാണ്, ആ തന്ത്രം മെനഞ്ഞത് -മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും ജര്‍മന്‍ ചാരനുമായ അലക്‌സാണ്ടര്‍ പാര്‍വുസ്. ലെനിന് പണവും മറ്റു സൗകര്യങ്ങളും എത്തിച്ചിരുന്നത്, പാര്‍വുസ് ആയിരുന്നു എന്നാണ് സൂചന. ലെനിനെ പാര്‍വുസ് 1900 ല്‍ മ്യുണിക്കിലും 1915 ല്‍ ബേണിലും 1917 ഏപ്രില്‍ 13 ന് സ്റ്റോക്ക്‌ഹോമിലും കണ്ടിരുന്നു. ഇസ്‌ക്ര എന്ന പത്രമിറക്കാന്‍ ലെനിനെ പ്രേരിപ്പിച്ചത്, പാര്‍വുസ് ആയിരുന്നു. പത്രം ഇറങ്ങിയത് ജര്‍മനിയില്‍ നിന്നാണ്; പത്രം പിടിക്കാന്‍ ഗുരു പ്ലഖനോവിനെ ലെനിന്‍ നിരാകരിക്കുകയും ചെയ്തിരുന്നു. 1905 ലെ വിപ്ലവ ശേഷം, ജനീവയില്‍ നിന്ന് ട്രോട് സ്‌കി, പെട്രോഗ്രാഡിലേക്ക് പോകുന്നതിനു പകരം, പാര്‍വുസിനെ കാണാന്‍ മ്യുണിക്കിലേക്കാണ് പോയത്.പാര്‍വുസിന്റേതായിരുന്നു, ട്രോട് സ്‌കി പിന്നീട് എഴുതിയ, സുസ്ഥിര വിപ്ലവം (Permanent Revolution) എന്ന സിദ്ധാന്തം.

വൈറ്റ് റഷ്യയിലെ ബരേസിനോയില്‍ ജൂത കുടുംബത്തില്‍ ജനിച്ച പാര്‍വുസിന്റെ ശരിപ്പേര്‍ ഇസ്രായേല്‍ ലാസറേവിച് ഹെല്‍പ്ഹാന്‍ഡ് എന്നായിരുന്നു. വിപ്ലവകാരിയും സമ്പന്നനുമാവുക എന്നതായിരുന്നു ലക്ഷ്യം. അയാള്‍ രണ്ടും സാധിച്ചു. യൗവനത്തില്‍ അലക്‌സാണ്ടര്‍ എന്ന് പേര് മാറ്റി. അലക്‌സാണ്ടര്‍ ഹെല്‍പ്ഹാന്‍ഡ് എന്ന പേരില്‍ കച്ചവടം നടത്തി. അലക്‌സാണ്ടര്‍ പാര്‍വുസ് എന്ന പേരില്‍ മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക പ്രബന്ധങ്ങള്‍ എഴുതി. സൈദ്ധാന്തിക ലോകത്ത്, റോസാ ലക്‌സംബര്‍ഗ് പോലും, അയാളെ ജീനിയസ് ആയാണ് കണ്ടത്.
പാവപ്പെട്ട കുടുംബത്തിലായിരുന്നു, ജനനം. അച്ഛന്‍ കൊല്ലനായിരുന്നു. കുട്ടിക്കാലത്ത് വീട് കത്തിച്ചാമ്പലായപ്പോള്‍, കുടുംബം ഒഡേസയിലേക്ക് മാറി. ഇന്ന് യുക്രൈനിലാണ്, ഒഡേസ.ബേസല്‍ സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്‌സില്‍ ഡോക്റ്ററേറ്റ് നേടിയ പാര്‍വുസ്, ജര്‍മ്മനിയിലേക്ക് കുടിയേറി, റോസാ ലക്‌സംബര്‍ഗിനെ കണ്ടു. ജര്‍മനി അയാള്‍ക്ക് പൗരത്വം നല്‍കിയില്ല. ‘കുറഞ്ഞ ചെലവില്‍ പിതൃഭൂമി കണ്ടെത്താനാണ് എന്റെ ശ്രമം’, അയാള്‍ റോസയോട് പറഞ്ഞു.1904 -1905 ലെ ജപ്പാനുമായുള്ള യുദ്ധത്തില്‍ റഷ്യ തോല്‍ക്കും എന്ന പാര്‍വുസിന്റെ പ്രവചനം ശരിയായപ്പോള്‍ ജര്‍മനിക്ക് അയാളോട് മതിപ്പ് തോന്നി. ഒരു രാജ്യത്തിന് പുറത്തു നടക്കുന്ന യുദ്ധം, ആ രാജ്യത്ത് കലാപത്തിന് ഉപയോഗിക്കാം എന്ന പാര്‍വുസിന്റെ സിദ്ധാന്തമാണ്, ട്രോട് സ്‌കി, സുസ്ഥിര വിപ്ലവത്തില്‍ പ്രയോഗിച്ചത്. 1917 ലെ ഏപ്രില്‍ സിദ്ധാന്തങ്ങളില്‍ (April Theses) ലെനിന്‍ ഇത് ഉപയോഗിച്ചു. (ഒന്നാം ലോകയുദ്ധ കാലത്ത് എം എന്‍ റോയ് തുടങ്ങിയവര്‍ക്ക് ജര്‍മനി പണം നല്‍കിയതും ഓര്‍ക്കാം).
തുര്‍ക്കിയില്‍ ആയുധ വ്യാപാരത്തില്‍ ഇടനിലക്കാരനായിരിക്കെ, പാര്‍വുസ് ജര്‍മന്‍ സ്ഥാനപതി ഹന്‍സ് ഫ്രയര്‍ വോണ്‍ വാന്‍ഗന്‍ഹെയ്മുമായി അടുത്തു. സഖ്യ കക്ഷികള്‍ക്കിടയില്‍ വിപ്ലവ അഞ്ചാംപത്തികളെ സൃഷ്ടിക്കുന്നതില്‍ തല്‍പരനായിരുന്നു, അയാള്‍.പൊതുപണിമുടക്ക് വഴി റഷ്യയെ തളര്‍ത്താനാകുമെന്ന് പാര്‍വുസ് സ്ഥാനപതിയെ ബോധിപ്പിച്ചു. സ്ഥാനപതി,പാര്‍വുസിനെ ബെര്‍ലിനിലേക്ക് അയച്ചു. 1915 മാര്‍ച്ച് 15 ന് പാര്‍വുസ്, ജര്‍മന്‍ നേതൃത്വത്തിന് മുന്നില്‍ 20 പേജ് പദ്ധതി അവതരിപ്പിച്ചു: റഷ്യയില്‍ വന്‍ രാഷ്ട്രീയ സമരങ്ങള്‍ക്കുള്ള പദ്ധതി (A Presentation of Massive Political Strikes in Russia).- ബോള്‍ഷെവിക്കുകളെ ഉപയോഗിച്ച് റഷ്യയെ രണ്ടാക്കുക എന്നതായിരുന്നു, പദ്ധതി. വംശീയ വിഘടനവാദികള്‍, സാര്‍ ഭരണത്തെ എതിര്‍ക്കുന്ന എഴുത്തുകാര്‍ എന്നിവരും പദ്ധതിയില്‍പ്പെട്ടു. പാര്‍വുസ് ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സൈദ്ധാന്തികനായി. ഡസ്വിസ് സോഷ്യലിസ്റ്റ് ഫ്രിസ് പ്ലാറ്റന്റെ മേല്‍നോട്ടത്തില്‍, 1917 ഏപ്രിലില്‍ ജര്‍മന്‍ ഇന്റലിജന്‍സിനൊപ്പം പാര്‍വുസ്, ലെനിനെയും 30 വിപ്ലവകാരികളെയും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് ജര്‍മനിയും സ്വീഡനും വഴി ട്രെയിനില്‍ അയച്ചു. കോപ്പന്‍ഹേഗന്‍ കേന്ദ്രമാക്കി, പോഷക കമ്പനികള്‍ വഴിയാണ്, പെട്രോഗ്രാഡില്‍ ബോള്‍ഷെവിക്കുകള്‍ക്ക് പണം എത്തിച്ചത്. 1905 ലും 1917 ലും പാര്‍വുസ് പെട്രോഗ്രാഡില്‍ എത്തി.
സോഷ്യലിസ്റ്റ് ലോകം പാര്‍വുസിനെ വെറുക്കുന്ന ഒരു സംഭവമുണ്ട്:ഗോര്‍ക്കിയുമായി അദ്ദേഹത്തിന്റ The- Lower Depths എന്ന നാടകം കളിക്കാന്‍ പാര്‍വുസ് ഒരു കരാറുണ്ടാക്കി. ലാഭത്തിന്റെ 25% ഗോര്‍ക്കിക്ക് നല്‍കും. 500 വേദികളില്‍ നാടകം കളിച്ചിട്ടും, ഗോര്‍ക്കിക്ക് ഒന്നും കൊടുത്തില്ല. 1,30,000 ഗോള്‍ഡ് മാര്‍ക്ക് പാര്‍വുസ് മോഷ്ടിച്ചതായി വാര്‍ത്ത പരന്നപ്പോള്‍, റോസാ ലക്‌സംബര്‍ഗ് ഇടപെട്ട്, ഗോര്‍ക്കിയെ ശാന്തനാക്കി. കുറെ നാള്‍ കഴിഞ്ഞ് പാര്‍വുസ് പണം കൊടുത്തു. ബെര്‍ലിനിലെ പീക്കോക് ദ്വീപിലെ 32 മുറിയുള്ള കൊട്ടാര സദൃശമായ വസതിയിലായിരുന്നു, പാര്‍വുസിന്റെ മരണം. രണ്ടു മക്കളും സോവിയറ്റ് നയതന്ത്ര രംഗത്തായിരുന്നു. ട്രോട്‌സ്‌കി എഴുതിയ സോവിയറ്റ് ചരിത്രത്തില്‍, ശങ്കകള്‍ക്ക് മറുപടി പറയാന്‍ ശ്രമം ഉണ്ടെങ്കിലും, 1917ലെ ‘വിപ്ലവ’ത്തില്‍ ജര്‍മന്‍ രഹസ്യ പൊലീസിന്റെ പങ്ക് നില നില്‍ക്കും.
ജര്‍മനി ലെനിനെ റഷ്യയില്‍ എത്തിക്കും മുന്‍പ്, റാസ് ലിവ്, ഹെല്‍സിങ് ഫോഴ്‌സ് എന്നിവിടങ്ങളില്‍, ഒരു വയ്‌ക്കോല്‍ പാടത്തും പൊലീസ് മേധാവിയുടെ വീട്ടിലും വച്ചാണ്, ലെനിന്‍ ഭരണ കൂടവും വിപ്ലവവും എഴുതിയത്. വയ്‌ക്കോല്‍ പാടത്തിന്റെ ശാന്തതയും പൊലീസ് ഭീകരതയും മൂടിനില്‍ക്കുന്ന ആ പുസ്തകത്തില്‍ ഇല്ലാത്തത്, യുക്തിയാണ്. സ്വപ്‌നത്തിന്റെയും ഭ്രാന്തിന്റെയും നൂല്‍പ്പാലത്തില്‍ കഴിയുന്ന ഒരു രോഗിയെ ആ പുസ്തകത്തില്‍ കാണാം. വിപ്ലവാനന്തര സമൂഹത്തില്‍ അതിക്രമങ്ങള്‍ ഉണ്ടാകുമെന്ന് ലെനിന്‍ പറയുന്നു അവയെ അമര്‍ച്ച ചെയ്യേണ്ടതില്ല. ജനം സ്വയം അത് ചെയ്യും. ചൂഷണമാണ്, അതിക്രമത്തിന് കാരണം. ചൂഷണം കൊഴിയുന്നതോടെ, അതിക്രമങ്ങളും കൊഴിയും.എത്ര വേഗം കൊഴിയുമെന്ന് പറയാന്‍ ആവില്ല. കൊഴിയുന്നതോടെ, ഭരണകൂടവും കൊഴിയും!
ഈ ഭ്രാന്തന്‍ സിദ്ധാന്തം ലെനിന്‍,എംഗല്‍സിന്റെ ആന്റി ഡ്യുറിങില്‍ നിന്ന് എടുത്തതാകാം. എംഗല്‍സ് പറയുന്നു: ‘ഭരണകൂടം കൊഴിയുമ്പോഴാണ് ചരിത്രം തുടങ്ങുന്നത്. അപ്പോഴേ മനുഷ്യന്‍ സ്വതന്ത്രന്‍ ആകൂ. ‘ ലെനിന്‍ പറയുന്നു: ‘ഭരണകൂടം ഉള്ളിടത്തോളം,സ്വാതന്ത്ര്യം ഇല്ല; സ്വാതന്ത്ര്യം ഉള്ളപ്പോള്‍ ഭരണകൂടവും ഇല്ല.’
സ്വാതന്ത്ര്യം എന്ന മഹത്തായ ആശയത്തെ ഇത്ര വികലമായി അവതരിപ്പിക്കുന്നയാള്‍ വികലമായ മാനസിക ഘടന ഉള്ളയാളായിരിക്കും.
ഈ കൊഴിഞ്ഞുപോക്കിനെ 1918 ല്‍ ബുഖാറിന്‍ ചോദ്യം ചെയ്തപ്പോള്‍, അത് വലിയ കാര്യമല്ല എന്നായിരുന്നു,ലെനിന്റെ മറുപടി. ഈ ഭ്രാന്തന്‍ രചനയ്ക്ക് ലെനിന്‍ നെചായേവ്, ബക്കുനിന്‍ എന്നിവരുടെ ജല്‍പനങ്ങളും സ്വീകരിച്ചിരിക്കാം. പുസ്തകത്തിനായി തയ്യാറാക്കിയ കുറിപ്പുകളുടെ മാര്‍ജിനില്‍ ബക്കുനിന്റെ പേരുണ്ട്. പാരീസ് കമ്മ്യൂണിന്റെ കാലത്ത്, മാര്‍ക്‌സ് എഴുതിയ കത്തുകളില്‍ ഒന്നിലെ ഈ വാചകം ലെനിനെ സ്വാധീനിച്ചിരിക്കാം:കമ്മ്യൂണിസ്റ്റ് ഘടന (Communard) ഉദ്യോഗസ്ഥ -സൈനിക ഘടനയെ തട്ടിത്തകര്‍ക്കും – ഈ ഭൂഖണ്ഡത്തില്‍ ജനകീയ വിപ്ലവത്തിനുള്ള പ്രാഥമിക ഉപാധി ഇതാണ് (1871 ഏപ്രില്‍).
1917 സെപ്റ്റംബര്‍ 25-27 ല്‍ ലെനിന്‍ എഴുതിയ രണ്ടു കത്തുകള്‍, റഷ്യയിലെ ജനാധിപത്യ ഭരണകൂടത്തെ മറിച്ചിടുമെന്ന് ഉറപ്പിച്ചു: ഇപ്പോള്‍ നാം അധികാരം പിടിച്ചില്ലെങ്കില്‍, ചരിത്രം നമുക്ക് മാപ്പ് നല്‍കില്ല; പെട്രോഗ്രാഡിലും മോസ്‌കോയിലും ഒരേസമയം അധികാരം പിടിക്കുക-ഒന്നിച്ചായില്ലെങ്കില്‍, മോസ്‌കോയില്‍ തുടങ്ങണം.
ലളിതമായാണ് വിപ്ലവ പദ്ധതി ലെനിന്‍ ഇവിടെ വരച്ചത്-ടെലഗ്രാഫ് ഓഫീസുകള്‍ പിടിക്കുക; ഉദ്യോഗസ്ഥരെ തടവിലാക്കുക, പീറ്റര്‍/പോള്‍ കോട്ടയില്‍ സേനയെ വിന്യസിക്കുക.
സെപ്റ്റംബര്‍ ഒടുവില്‍ ലാറ്റുക് എന്ന പത്രപ്രവര്‍ത്തകന്റെ വീട്ടില്‍ ക്രേന്ദ്ര കമ്മിറ്റി അംഗം അലക്‌സാണ്ടര്‍ ഷോട്ട് മാന്‍ ലെനിനെ കണ്ടു. വിപ്ലവം വഴി കെറന്‍സ്‌കി സര്‍ക്കാരിന്റെ കറന്‍സി നോട്ടുകള്‍ക്ക് വിലയില്ലാതായാല്‍, എന്ത് ചെയ്യുമെന്ന് ഷോട്ട് മാന്‍ ചോദിച്ചു.’നാം പത്രം ഓഫീസുകളിലെ പ്രസുകളില്‍ അടിക്കും’ ലെനിന്‍ പറഞ്ഞു.പൊക്കം കുറഞ്ഞ ആ മനുഷ്യന്‍,എത്ര പാപ്പരായിരുന്നു!

പാര്‍ട്ടി കൂടെ നിന്നില്ലെങ്കില്‍, സ്വന്തം നിലയ്ക്ക് അധികാരം പിടിക്കും എന്ന് വ്യക്തമാക്കിക്കൊണ്ട്, ഒക്ടോബര്‍ 12 ന് ലെനിന്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് രാജിവച്ചു. ഒക്ടോബര്‍ 21 ന് അയാള്‍ എഴുതി: റഷ്യന്‍ വിപ്ലവത്തിന്റെയും ലോക വിപ്ലവത്തിന്റെയും വിജയം, രണ്ടോ മൂന്നോ ദിവസത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു. അത്ര തന്നെ വേണ്ടി വന്നില്ല. വെറും 20 മണിക്കൂറില്‍ ഭരണകൂടം വീണു.
ബ്രിട്ടനും ജര്‍മനിയും സമാധാനസന്ധിയില്‍ എത്തുമെന്ന് കിംവദന്തി ഉണ്ടായിരുന്നു. അങ്ങനെ വന്നാല്‍, അവര്‍ വെവ്വേറെ റഷ്യയെ ആക്രമിക്കുമെന്നും ബോള്‍ഷെവിക്കുകള്‍ ക്ഷൗരം ചെയ്യേണ്ടി വരുമെന്നും ഏകാധിപതിക്ക് തോന്നി. അധികാരദാഹി അടങ്ങിയില്ല.
ഒക്ടോബര്‍ 24 നും 25 നും (നമ്മുടെ നവംബര്‍ 6-7) ഇടയില്‍ ഏകാധിപതിക്ക് ദരിദ്രജനം സിംഹാസനം ഒരുക്കി.
ലെനിന്‍ അധികാരമേറിയ ശേഷം,നിയമനിര്‍മാണ സഭാ തിരഞ്ഞെടുപ്പുകളില്‍ അയാളുടെ ബോള്‍ഷെവിക്കുകള്‍ക്ക് കിട്ടിയത്, 24% മാത്രം വോട്ടായിരുന്നു. പെട്രോഗ്രാഡിനും മോസ്‌കോയ്ക്കും പുറത്ത്, ബോള്‍ഷെവിക്കുകള്‍ക്ക് വോട്ടില്ല എന്ന് തെളിഞ്ഞു. അപ്പോള്‍ ലെനിന്‍ രാജിവയ്‌ക്കേണ്ടതായിരുന്നു. പകരം അയാള്‍, ബോള്‍ഷെവിക്കുകള്‍ അല്ലാത്തവരെ സോവിയറ്റ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി. 1918 ജനുവരിയില്‍ നിയമ നിര്‍മാണസഭ പിരിച്ചുവിട്ടു.1918 ജൂലൈ 16 ന് സാര്‍ ചക്രവര്‍ത്തി കുടുംബത്തെ ഉന്മൂലനം ചെയ്തു.
നിയമനിര്‍മാണസഭ പിരിച്ചുവിട്ടത്, ജനാധിപത്യധ്വംസനം ആയിരുന്നു എന്ന് മാര്‍ക്‌സിസ്റ്റ് ചിത്രകാരി റോസാ ലക്‌സംബര്‍ഗ് എഴുതി. ഭരണകൂടമുള്ളപ്പോള്‍ മനുഷ്യന് സ്വാതന്ത്ര്യമില്ല എന്നെഴുതിയ ഏകാധിപതി മനുഷ്യനെ അറിഞ്ഞില്ല.