ചൈന എന്ന ആഗോള വിപത്തിനെ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ലോകം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ലക്കങ്ങളില്‍ കേസരി പ്രസിദ്ധീകരിച്ച ഡോ. കെ.ജയപ്രസാദിന്റെയും ഷാബു പ്രസാദിന്റെയും ലേഖനങ്ങള്‍ ഈ വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതായി.
ദേശീയവീക്ഷണമുള്ള ചിന്തകരും നേതാക്കളും സ്വാതന്ത്ര്യലബ്ധി മുതല്‍ തന്നെ ഈ ഭീഷണിയെക്കുറിച്ച് ബോധവാന്മാരായിരുന്നു. 1950 ഏപ്രിലില്‍ ‘ദ ഐഡിയല്‍ ഓഫ് ഹ്യൂമന്‍ യൂണിറ്റി’ എന്ന ഗ്രന്ഥത്തില്‍ മഹായോഗി അരവിന്ദന്‍ പ്രവചന സ്വഭാവത്തോടെ ഇങ്ങനെ എഴുതി; ഏഷ്യയില്‍ വിനാശകരമായ ഒരു അവസ്ഥാന്തരം ഉണ്ടായിരിക്കുന്നു. ഈ ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഐക്യത്തിനുള്ള ഏതു സാധ്യതയുടെയും വഴിയില്‍ വിലങ്ങടിച്ചു നില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് ചൈനയുടെ ഉദയമാണ്. ഭീമാകാരമായ ഒരു കക്ഷിയാണിത്. വളരെ വേഗത്തില്‍ ഉത്തര ഏഷ്യയെ മുഴുവന്‍ വിഴുങ്ങിത്തീര്‍ക്കാന്‍ രണ്ടു കമ്മൂണിസ്റ്റ് ശക്തികളുടെ വന്‍ ചേരിയ്ക്ക്, റഷ്യക്കും ചൈനക്കും കഴിയും. തെക്കു കിഴക്കന്‍ ഏഷ്യയും തിബത്തും ഇന്ത്യയുടെ മുഴുവന്‍ അതിര്‍ത്തിയും കീഴടങ്ങലിന്റെ ഭീഷണിയിലമരും. അവര്‍ മുന്നേറി ഇന്ത്യയുടേയും പടിഞ്ഞാറന്‍ ഏഷ്യയുടേയും സുരക്ഷയെ അപകടത്തിലാക്കും. അക്രമണാത്മകമായ യുദ്ധത്തിന്റെ സാധ്യത അതിലുണ്ട്. കീഴടക്കലും മേല്‍ക്കോയ്മ സ്ഥാപിക്കലും നുഴഞ്ഞു കയറ്റവും. സര്‍വ്വഗ്രാഹിയായ പട്ടാള മുന്നേറ്റത്തിലൂടെ പിടിച്ചെടുക്കാനും ആര്‍ക്കും വേണ്ടാത്ത തത്ത്വസംഹിതയും രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥയും അടിച്ചേല്‍പ്പിക്കാനും ഇടയുണ്ട്. (ശ്രീ അരവിന്ദന്‍ ഇതെഴുതി ആറുമാസത്തിന് ശേഷം 1950 ഒക്ടോബറില്‍ ചൈന തിബത്തിനെ ആക്രമിച്ചു. 1962 ല്‍ ഇന്ത്യയേയും.)
സര്‍ദാര്‍ പട്ടേല്‍ ചൈനയുടെ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി നെഹ്‌റുവിന് കത്തെഴുതി. പട്ടേലിന്റെ മരണത്തെ തുടര്‍ന്ന് അതെല്ലാം അവഗണിച്ച പ്രധാനമന്ത്രി നെഹ്‌റുവും പ്രതിരോധമന്ത്രി കൃഷ്ണമേനോനും ചൈനയുടെ കടന്നുകയറ്റം തടയാനാകാതെ നാണംകെട്ട പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
എന്നാല്‍ ഇന്ന് രാജ്യതാല്പര്യം സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഭരണ നേതൃത്യം ഉണ്ടെന്നതാണ് ആശ്വാസകരം. ചൈനയുടെ സാമ്പത്തിക കടന്നുകയറ്റത്തെ തടയാന്‍ പുതിയ നിയമം കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഇക്കാര്യത്തിലുള്ള ജാഗ്രത വ്യക്തമാക്കുന്നതാണ്.
അതേസമയം സൈനികം, സാമ്പത്തികം, രാഷ്ട്രീയം, സാങ്കേതികം, വാണിജ്യം തുടങ്ങി ബഹുമുഖമായ ചൈനയുടെ അധിനിവേശ ശ്രമങ്ങളെ തിരിച്ചറിയാന്‍ ഭരണ നേതൃത്വത്തിനൊപ്പം സംഘടനകള്‍ക്കും ജനങ്ങള്‍ക്കും കഴിയണം. സംഘടനാ പ്രവര്‍ത്തനത്തിനുപോലും ‘’സൂം’ പോലുള്ള സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നത് അപകടകരമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.