കോട്ടയം: ഭാരതത്തേയും അതിന്റെ സംസ്‌കാരത്തേയും അഗാധമായി സ്‌നേഹിക്കുകയും ഭാരത ചരിത്രത്തിന്റെ അടിവേരുകള്‍ തേടി പോകുകയും ചെയ്ത മഹാപ്രതിഭയായിരുന്നു ഡോ.വിഷ്ണു ശ്രീധര്‍ വാക്കണ്‍കര്‍ എന്ന് തപസ്യ സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് പ്രൊഫ.പി.ജി ഹരിദാസ് പറഞ്ഞു. ലോക പ്രശസ്ത പുരാവസ്തു ഗവേഷകനും തത്ത്വശാസ്ത്ര നിപുണനും ചരിത്രകാരനും സംസ്‌കാര്‍ ഭാരതി സ്ഥാപക ജനറല്‍ സെക്രട്ടറിയുമായ വാക്കണ്‍കറുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ, വാട്ട്‌സാപ്പിലൂടെയുള്ള സമാപന പരിപാടിയില്‍ മുഖ്യവിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യമെമ്പാടും നടന്ന ഓണ്‍ലൈന്‍ പരിപാടികളുടെ ഭാഗമായാണ് തപസ്യ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം കേന്ദ്രീകരിച്ച് പരിപാടി സംഘടിപ്പിച്ചത്. വാക്കണ്‍കര്‍ ഇടപെട്ട ഒമ്പത് വിഷയങ്ങളില്‍ തപസ്യ സംസ്ഥാന ഭാരവാഹികള്‍ സംസാരിച്ചു.
തപസ്യ കോട്ടയം ജില്ല വര്‍ക്കിങ്ങ് പ്രസിഡന്റ് എന്‍.ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. സംസ്‌കാര്‍ ഭാരതി ക്ഷേത്രീയ പ്രമുഖ് കെ.ലക്ഷ്മി നാരായണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് ശതാബ്ദി സന്ദേശം നല്‍കി. തപസ്യ സംസ്ഥാന വൈ. പ്രസിഡന്റുമാരായ ഡോ.ജെ.പ്രമീളാദേവി, മുരളി പാറപ്പുറം, കല്ലറ അജയന്‍, യു.പി സന്തോഷ്, സംസ്ഥാന ജോ. ജനറല്‍ സെക്രട്ടറിമാരായ ശ്രീശൈലം ഉണ്ണികൃഷ്ണന്‍, സി.സി സുരേഷ്, സംസ്ഥാന ട്രഷറര്‍ സി.രജിത്ത് കുമാര്‍, സംസ്ഥാന സെക്രട്ടറി ആര്‍ട്ടിസ്റ്റ് പി.ജി ഗോപാലകൃഷ്ണന്‍, കുടമാളൂര്‍ രാധാകൃഷ്ണന്‍, രാജു.ടി.പത്മനാഭന്‍, രതീഷ് കടമാന്‍ചിറ എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു.
വാക്കണ്‍കര്‍ജിയെക്കുറിച്ച് യുനെസ്‌കോയുടെ ഹ്രസ്വചിത്രം, പുരാവസ്തു ഗവേഷകന്‍ കെ.കെ മുഹമ്മദ് തയ്യാറാക്കിയ വാക്കണ്‍കര്‍ജിയെക്കുറിച്ചുള്ള വീഡിയോ പ്രസന്റേഷന്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ അവതരണങ്ങള്‍, ചിത്രപ്രദര്‍ശനം എന്നിവയും നടന്നു.