കോഴിക്കോട്: കൊറോണ വൈറസ് പല പൊതുപരിപാടികളെയും ബാധിച്ചുവെങ്കിലും ഈ മഹാമാരിയെ അതിലംഘിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ മെയ് 2ന് മാറാട് അനുസ്മരണം നടന്നത്. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തങ്ങളുടെ ഉള്ളില്‍ എരിയുന്ന വേദന സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ടും അനുസ്മരണ പരിപാടികളില്‍ ലൈവായി പങ്കെടുത്തുകൊണ്ടുമായിരുന്നു ഇത്തവണ ബലിദാനദിനം ആചരിച്ചത്. പതിനേഴ് വര്‍ഷം മുമ്പാണ് മാറാട് കൂട്ടക്കൊല നടന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രം കറുപ്പാക്കിക്കൊണ്ട് വലിയൊരു വിഭാഗം തങ്ങളുടെ വേദനയറിയിച്ചു.
സോഷ്യല്‍ മീഡിയകളിലൂടെ പ്രചാരണം നടത്തിയും, ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ വീടുകളില്‍ മാറാട് ബലിദാനികളുടെ ചിത്രങ്ങള്‍ക്ക് മുമ്പിലും, പേപ്പറുകളില്‍ പേരുകള്‍ എഴുതിയതില്‍ പുഷ്പാര്‍ച്ചന നടത്തി ആരതിയുഴിഞ്ഞുകൊണ്ടുമാണ് ദിനാചരണം നടന്നത്. ഹിന്ദുഐക്യവേദിയുടെ ഫേസ്ബുക്ക് പേജിലും, സോഷ്യല്‍ മീഡിയകളിലും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഇതില്‍ പങ്കാളികളായി. മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ചെങ്ങന്നൂര്‍ സംഘ വിഹാറില്‍ നടന്ന പുഷ്പാര്‍ച്ചന ചടങ്ങിന് നേതൃത്വം നല്‍കി. മെയ് 2ന് രാവിലെ 7.30 ന് ഫേസ് ബുക്ക് പേജിലൂടെയും ജനം ടി.വി വാര്‍ത്താ ലൈവിലൂടെയും സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
അസഹിഷ്ണുതയുടെയും ഉന്മൂലനത്തിന്റെയും പ്രത്യയശാസ്ത്രം പ്രയോഗവല്‍ക്കരിച്ചതാണ് മാറാട്ട് കണ്ടതെന്ന് അവര്‍ പറഞ്ഞു. ഇത്തരം പ്രത്യയശാസ്ത്രങ്ങളുടെ പരീക്ഷണശാലയായി കേരളം മാറിയിട്ടുണ്ട്. ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഈ കേസ്സിലെ പ്രതികള്‍ക്കുവേണ്ടി കൈകോര്‍ക്കുന്ന കാഴ്ചയും കേരളത്തിന്റെ പ്രത്യേകതയാണ് – അവര്‍ കൂട്ടിച്ചേര്‍ത്തു.
ആരാധനാലയം പ്രതിസ്ഥാനത്തുവന്ന കേസ്സാണ് മാറാട് കൂട്ടക്കൊലക്കേസ് എന്നും പോലീസ് സീല്‍ ചെയ്ത പള്ളി തുറന്നു ചോരക്കറകള്‍ കഴുകിക്കളയാന്‍ മന്ത്രി നേതൃത്വം നല്‍കിയതുവഴി ഈ കൊലയാളികള്‍ക്ക് ആരുടെയൊക്കെ പിന്തുണയുണ്ടെന്ന് ഹിന്ദുക്കള്‍ തിരിച്ചറിയണമെന്നും അവര്‍ പറഞ്ഞു. ഇതേ ശക്തികളെല്ലാം സി.എ.എ. വിരുദ്ധ സമരത്തിലും കൈകോര്‍ത്തിട്ടുണ്ടെന്നും ശശികലടീച്ചര്‍ പറഞ്ഞു. ഇതെല്ലാം കണ്ടിട്ടും ഹിന്ദുക്കള്‍ക്ക് ഇനി ഉറക്കം നടിക്കാനാവില്ലെന്നും മാറാടിന്റെ മുറിപ്പാടിനെ ഒരിക്കലും മറക്കാനാവില്ല എന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
കൊല്ലപ്പെട്ട സന്തോഷ്, പുഷ്പരാജ് എന്നിവരുടെ അമ്മ തെക്കെത്തൊടി ശ്യാമള, മകള്‍ റീന, ചോയിച്ചന്റകത്ത് മാധവന്റെ ഭാര്യ ശ്രീമതി, മക്കളായ ബാബു, പ്രേമന്‍, ആവത്താന്‍പുരയില്‍ ദേവദാസന്റെ ഭാര്യ സൗമിനി, മക്കള്‍ സനാതനന്‍, പ്രഹഌദന്‍, ശൈലേന്ദ്രന്‍, പാണിച്ചന്റകത്ത് ഗോപാലന്റെ ഭാര്യ പ്രമീള, മക്കള്‍ പ്രമോദ്, ദീപ, അരയച്ചന്റകത്ത് കൃഷ്ണന്റെ ഭാര്യ പത്മജ, മകന്‍ ശ്യാംകുമാര്‍, സന്ധ്യാശ്യാംകുമാര്‍, തെക്കെത്തൊടി പ്രജീഷിന്റെ അമ്മ സത്യ, അച്ഛന്‍ ബാബു, അരയച്ചന്റെകത്ത് ചന്ദ്രന്റെ സഹോദരന്‍ രവി, ശങ്കുണ്ണി എന്നിവരും മറ്റുകുടുംബാംഗങ്ങളും ബലിദാനികളുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
മാറാട് അരയസമാജം ഓഫീസില്‍ നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍.എസ്.എസ്. സഹപ്രാന്തപ്രചാരക് എ. വിനോദ് അനുസ്മരണ പ്രഭാഷണം നടത്തി. കോഴിക്കോട് വിഭാഗ് പ്രചാരക് വി. ഗോപാലകൃഷ്ണന്‍, അരയസമാജം പ്രസിഡന്റ് എ. കരുണാകരന്‍, അരയസമാജം കാരണവര്‍ ടി. ബാബു, ടി.ശ്രീനിവാസന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
സമൂഹത്തിലെ നൂറിലധികം പ്രമുഖ വ്യക്തിത്വങ്ങളാണ് വിവിധ അഭിപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ രേഖപ്പെടുത്തിയത്. ആര്‍.എസ്.എസ്. അഖില ഭാരതീയ പ്രതിനിധി സഭാംഗം എസ്. സേതുമാധവന്‍, ദേശീയ സീമാ ജാഗരണ്‍ സംയോജക് എ.ഗോപാലകൃഷ്ണന്‍, ആര്‍.എസ്.എസ്. പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ മുന്‍ വൈസ് ചാന്‍സലര്‍ കെ.എസ്. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡണ്ട് ഏ. രാമന്‍ നായര്‍, മാടമ്പ് കുഞ്ഞിക്കുട്ടന്‍, സിനിമാ സംവിധായകന്‍ രാജസേനന്‍, സിനിമാ നിര്‍മ്മാതാവ് വിജി തമ്പി, അലി അക്ബര്‍, പൊന്നങ്കോട് ഗോപാലകൃഷ്ണന്‍, ഡോ.സി.ഐ.ഐസക്, പത്മശ്രീ ആചാര്യ കുഞ്ഞോല്‍ മാഷ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി.രാജന്‍, ടി.ജി മോഹന്‍ദാസ്, ബി.ജെ.പി പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.