വ്യത്യസ്തമായ വിനോദസഞ്ചാര വികസനത്തിലൂടെ സാമ്പത്തികനേട്ടം കൈവരിച്ച് ലോകഭൂപടത്തില്‍ ഇടം പിടിച്ച കൊച്ചു സംസ്ഥാനമായ ഗോവയെ ആശങ്കയിലാക്കിയാണ് കോവിഡ് 19 എന്ന മഹാമാരി കടന്നു വന്നത്. എന്നാല്‍ പിഴവില്ലാത്ത പ്രവര്‍ത്തനത്തിലൂടെയും സുതാര്യമായ ജനകീയ പോരാട്ടത്തിലൂടെയും ലോകത്തിന്റെ ടൂറിസ്റ്റ് കേന്ദ്രമായ ഗോവ കൊറോണക്കെതിരെ തീര്‍ത്ത പ്രതിരോധം പ്രശംസനീയമാണ്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു നടപടികളുമായി ആത്മാര്‍ത്ഥമായി സഹകരിച്ചും നേടിയ നേട്ടം ചരിത്രത്തില്‍ ഇടം പിടിക്കുന്നതാണ്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് ഏഴുപേര്‍ക്ക്. അവരെല്ലാവരും ആശുപത്രി വിട്ടു. ഏവരെയും ഒപ്പം നിര്‍ത്തി എല്ലാവരുടെയും ഒപ്പം നിന്ന് പ്രവര്‍ത്തിച്ചു മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് എന്ന ജനകീയ മുഖ്യമന്ത്രി. പത്രമാധ്യമങ്ങളുടെ പുക്‌ഴത്തലുകളോ പഴിപറച്ചിലോ ശ്രദ്ധിക്കാതെ പൌരന്മാരുടെ ആരോഗ്യം മാത്രം മുന്നില്‍ കണ്ട മുഖ്യമന്ത്രിയുമായി പ്രിയപ്പെട്ട ദേശവാസികള്‍ സര്‍വാത്മനാ സഹകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു. കേന്ദ്രസഹായങ്ങള്‍ ഇരും കൈയുംനീട്ടി സ്വീകരിച്ചു. പഴിപറച്ചിലോ, പട്ടിണിക്കഥകളോ, പീഢനകഥകളോ, അതിഥി തൊഴിലാളി പ്രശ്‌നങ്ങളോ ഇല്ലാതെ, അതിജീവനത്തിന്റെ അത്ഭുതകഥയാണ് ഗോവന്‍ ജനതയ്ക്ക് ലോകത്തോട് പറയാനുള്ളത്. നിലച്ചുപോയ വിനോദസഞ്ചാരത്തെ പുനരുജ്ജീവിപ്പിച്ച് സാമ്പത്തിക ഭദ്രതയുടെ പുതിയ ഒരദ്ധ്യായം രചിക്കാനാണ് ഗോവസര്‍ക്കാരിന്റെ ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ ജനതാ കര്‍ഫ്യൂവിലും, കൈകൊട്ടലിലും, മണികിലുക്കത്തിലും, വിളക്ക് തെളിയിക്കലിലും ഒപ്പം നിന്ന ഗോവന്‍ ജനതയുടെ കൂടെ സാമ്പത്തിക ഉത്തേജക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍ കൂടെയുണ്ടാകുമെന്ന് വേണം കരുതാന്‍.
ഗോവന്‍ അനുഭവം ഇതര സംസ്ഥനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും നല്‍കുന്നത് ഒരു നല്ല പാഠമാണ്. പ്രത്യേകിച്ചും, ലോകത്തെ കീഴടക്കിയ കൊറോണ കാരണം ആഗോള സാമ്പത്തിക രംഗം വന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തില്‍. ഇന്ത്യയെ സംബന്ധിച്ചേടത്തോളം ചില രംഗങ്ങളില്‍ അത് ആശങ്കയുണര്‍ത്തുന്നുണ്ടെങ്കിലും മറ്റുചില മേഖലകളില്‍ പ്രത്യാശയുടെ പുത്തന്‍ തളിരുകളാണ് പുറത്ത് കാണിക്കുന്നത്. മുമ്പുണ്ടായിട്ടുള്ളതിനെക്കാള്‍ മോശമായ മാന്ദ്യകാലമാണ് ലോകത്തെ കാത്തിരിക്കുന്നത് എന്നാണ് ലോകബാങ്കിന്റെ അവലോകനത്തില്‍ പറയുന്നത്. ഒമ്പത് ട്രില്യന്‍ യുഎസ് ഡോളറിന്റെ നഷ്ടമാണ് ലോകബാങ്ക് കണക്കാക്കിയിരിക്കുന്നത്. മുഴുവന്‍ രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതിയെ ഇത് പ്രതികൂലമായി ബാധിക്കുന്നതാണ്. എന്നാല്‍ ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങള്‍ പ്രതികൂലാവസ്ഥയിലും പോസിറ്റീവായ വളര്‍ച്ച കാഴ്ചവെയ്ക്കുമെന്നാണ് ഐഎംഎഫ് കരുതുന്നത്. ഇന്ത്യയുടെ വളര്‍ച്ച 1.9 ആയി കുറയുമെന്നാണ് പ്രവചനം. ജി20 രാജ്യങ്ങളിലെ ഏറ്റവും കൂടിയ നിരക്കായ 1.9 വളര്‍ച്ചാ നിരക്ക് 2021-22 ആകുമ്പോഴേക്കും 7.4 ആകുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടല്‍.
തകര്‍ച്ചയെ നേരിടുന്ന സാമ്പത്തികരംഗത്തിന് ഉത്തേജനം പകരാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പണം വിപണിയിലേയ്ക്ക് ഇറക്കേണ്ടതായി വരുന്നതാണ്. റിസര്‍വ് ബാങ്കിന്റെ പണനയത്തില്‍ കാലോചിതമായ മാറ്റം വരുത്തിയും, പുത്തന്‍ ധനസ്രോതസ്സുകള്‍ കണ്ടെത്തിയും, മന്ത്രാലയങ്ങള്‍ക്ക് ബജറ്റില്‍ അനുവദിച്ച തുകയില്‍ മാറ്റംവരുത്തിയും, ഇന്ധന വിലയില്‍ കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന നേട്ടം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചും ഈ സാമ്പത്തിക പ്രതിസന്ധിയെ നാം അതിജീവിക്കേണ്ടതാണ്. കൊറോണക്ക് ശേഷം ഭാരതം അഭിമുഖീകരിച്ചേക്കാവുന്ന വിഭവ ദൗര്‍ലഭ്യവും പട്ടിണിയും തൊഴിലില്ലയ്മയും അസംഘടിത മേഖലയിലെ തൊഴില്‍ നഷ്ടവും വരുമാനമില്ലായ്മയും അത് ഈ വലിയ വിഭാഗത്തിലുണ്ടാക്കുന്ന വാങ്ങല്‍ ശേഷിയിലെ കുറവും കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുക്കേണ്ടതുണ്ട്. കരുത്തുറ്റ ഒരു ഭരണ നേതൃത്വവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ വകുപ്പും കൊറോണയുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ നമ്മെ സഹായിക്കുന്നതാണ്.