കോഴിക്കോട്: പല്‍ഘാറിലെ അതിക്രൂരമായ ആള്‍ക്കൂട്ടക്കൊലയെ കുറിച്ചുള്ള വാര്‍ത്തകള്‍ കേരളത്തിലെ മാധ്യമങ്ങള്‍ തമസ്‌ക്കരിച്ചതില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പല്‍ഘാറില്‍ അക്രമികള്‍ അടിച്ചുകൊന്നവരില്‍ കാവിയുടുത്ത രണ്ട് സന്യാസിമാരുണ്ട് എന്നതാണോ ഈ വാര്‍ത്താ തമസ്‌ക്കരണത്തിന് പിന്നിലെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ പി. രാജന്‍ (മാതൃഭൂമി മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍), പി.നാരായണന്‍ (ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍), പി.ബാലകൃഷ്ണന്‍ (മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍, മാതൃഭൂമി), കെ.വി.എസ്. ഹരിദാസ് (മുന്‍ എഡിറ്റര്‍, ജന്മഭൂമി), എം. രാജശേഖര പണിക്കര്‍ (മുന്‍ സീനിയര്‍ സബ് എഡിറ്റര്‍, ഇന്ത്യന്‍ എക്‌സ്പ്രസ്സ്), ഹരി.എസ്.കര്‍ത്താ (റോയിട്ടേഴ്‌സ് മുന്‍ ദക്ഷിണേന്ത്യ ലേഖകന്‍, ജന്മഭൂമി മുന്‍ ചീഫ് എഡിറ്റര്‍), കെ.കുഞ്ഞിക്കണ്ണന്‍ (റസിഡന്റ് എഡിറ്റര്‍, ജന്മഭൂമി), എ. ദാമോദരന്‍ (മുന്‍ റസിഡന്റ് എഡിറ്റര്‍, ജന്മഭൂമി) എന്നിവര്‍ പ്രസ്താവനയില്‍ ചോദിച്ചു. പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം താഴെ:
വ്യാഴാഴ്ച ഉണ്ടായ നടുക്കുന്ന ഈ സംഭവം പുറം ലോകം അറിയുന്നത് മൂന്ന് ദിവസം പിന്നിട്ടതിന് ശേഷമാണ്. ലോകത്തെവിടെയും നടക്കുന്ന സംഭവങ്ങള്‍ തത്സമയം ഒപ്പിയെടുത്ത് ജനങ്ങളിലെത്തിക്കാന്‍ പ്രാപ്തി നേടിയ മാധ്യമങ്ങളും സാങ്കേതിക വിദ്യയും ലോകാഭിപ്രായത്തെ നിയന്ത്രിക്കുന്ന കാലത്താണിത് എന്നോര്‍ക്കണം.
രാജ്യത്ത് നടക്കുന്ന എല്ലാ മര്‍ദ്ദനങ്ങളും കൊലപാതകങ്ങളും പര്‍വ്വതീകരിച്ചും അല്ലാതെയും വാര്‍ത്തയായും ചര്‍ച്ചയായും ജനങ്ങളിലെത്തിക്കാന്‍ മത്സരിച്ച മാധ്യമങ്ങളാണ് പല്‍ഘാറില്‍ പൊടുന്നനെ മൗനികളായത്. അസഹിഷ്ണുതാ മുറവിളികളും അവാര്‍ഡ് വാപസികളും കണ്ടും കേട്ടും തഴമ്പിച്ച ജനങ്ങള്‍ പല്‍ഘാറില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ പുലര്‍ത്തിയ ലജ്ജാകരമായ മൗനം കണ്ട് അമ്പരപ്പിലാണ്. ഭീകരമാണ് ഈ വാര്‍ത്താ തമസ്‌ക്കരണമെന്ന് ഓര്‍മ്മിപ്പിക്കട്ടെ. ഭരണകൂടത്തെയും ജനങ്ങളെയും വസ്തുതകള്‍ ബോധ്യപ്പെടുത്തി ജാഗരൂകരാക്കേണ്ട മാധ്യമങ്ങള്‍ നികൃഷ്ടരായ കൊലയാളിക്കൂട്ടത്തിന് വേണ്ടി ചെയ്യേണ്ട തൊഴില്‍ നിര്‍ത്തിവെച്ചു. കാപട്യത്തിന്റെയും നിക്ഷിപ്ത താല്‍പര്യങ്ങളുടെയും പ്രചാരണവേല സമൂഹമദ്ധ്യത്തില്‍ മാധ്യമപ്രവര്‍ത്തനത്തിനുള്ള അന്തസ്സിനെ ഇല്ലാതാക്കുകയേ ഉള്ളൂ. ചെയ്യുന്ന തൊഴിലിനോട്, മാധ്യമ ധര്‍മ്മമെന്ന മഹത്തായ സങ്കല്പത്തോട് അല്പമെങ്കിലും പ്രതിജ്ഞാബദ്ധത പുലര്‍ത്താനായില്ലെങ്കില്‍ പിന്നീടത് ഭാരമായിരിക്കുമെന്ന് ഓര്‍മ്മിപ്പിക്കട്ടെ.
പല്‍ഘാര്‍ മാധ്യമ ഇരട്ടത്താപ്പിന്റെ കൂടി അധ്യായമായാണ് ചരിത്രത്തില്‍ രേഖപ്പെടുത്തുക. പല്‍ഘാര്‍ സംഭവം നടന്ന് രണ്ടു മൂന്നു ദിവസം അത് പുറംലോകം അറിയാതിരിക്കാന്‍ മാധ്യമങ്ങള്‍ കരുതലെടുത്തുവോ എന്ന സംശയം ന്യായമാണ്. വാര്‍ത്ത പുറത്തുവന്നശേഷം മുഖ്യധാരാ മാധ്യമങ്ങള്‍ വരെ വാദിച്ച് ഉറപ്പിക്കാന്‍ തിടുക്കം കൂട്ടുന്നത് പ്രതികളില്‍ മുസ്ലിം നാമധാരികളില്ലെന്നാണ്. അതാരും പറഞ്ഞിട്ടില്ല എങ്കിലും. പ്രതികളുടെ രാഷ്ട്രീയ ബന്ധങ്ങളും മതപരിവര്‍ത്തന ലോബികള്‍ക്ക് സംഭവത്തിലുള്ള പങ്കും മറച്ചുവെയ്ക്കാനുള്ള ഹീനമായ ശ്രമമാണ് ഉത്തരവാദപ്പെട്ട മാധ്യമങ്ങള്‍ പോലും ഈ ശ്രദ്ധതിരിക്കല്‍ വ്യായാമത്തിലൂടെ ലക്ഷ്യമാക്കുന്നത്. കുറ്റത്തിന്റെ ഗൗരവം കുറയ്ക്കുക ക്രമേണ അത് തേഞ്ഞു മാഞ്ഞു പോവുക എന്നതിലേയ്ക്ക് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിക്കലാവാം അവരുടെ ലക്ഷ്യം. പരിചയസമ്പത്തും പാരമ്പര്യവുമൊക്കെ അവകാശപ്പെടുന്ന മാധ്യമങ്ങള്‍ ഇത്തരത്തില്‍ അധഃപതിക്കുന്നത് ഖേദകരമാണ്. നിങ്ങള്‍ ഇപ്പോള്‍ പുലര്‍ത്തിയ മൗനം മനുഷ്യത്വം മരവിച്ചുപോയ ഒരു കൊലയാളിക്കൂട്ടത്തിനും അവരുടെ സംരക്ഷകര്‍ക്കുമുള്ള സുരക്ഷാവേലിയാണ്. നാളെ നിങ്ങളടക്കം ആരും ഇരകളാകാമെന്ന സാമൂഹ്യ സാഹചര്യത്തില്‍ മൗനം കൊണ്ട് സുരക്ഷിത വേലി തീര്‍ത്ത് വേട്ടക്കാരെ ഒളിപ്പിച്ചു കളയാമെന്ന് മറ്റാര്‍ക്കും തോന്നാതിരിക്കട്ടെയെന്നും പ്രസ്താവനയില്‍ തുടര്‍ന്നു.
ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍
സന്യാസിമാരെ കൂട്ടക്കൊല നടത്തുന്നതിനു മൂന്നുനാള്‍ മുമ്പ് ദുരിതാശ്വാസസാധനങ്ങള്‍ വിതരണം ചെയ്ത പോലീസുകാരെയും ഒരു ഡോക്ടറെയും അക്രമിച്ച സംഭവം പല്‍ഘാറിലുണ്ടായിട്ടും അവിടെ എന്തുകൊണ്ടു വേണ്ടത്ര പോലീസിനെ നിയോഗിച്ചില്ല?ഏപ്രില്‍ 16ന് രാത്രി 9 മണിയ്ക്ക് സന്യാസിമാരെ ആദ്യം ആക്രമിച്ച സമയത്ത് അവരെ രക്ഷിച്ചത് ഗ്രാമസര്‍പഞ്ച് ചിത്രചൗധരിയാണ്. അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് സായുധപോലീസ് എത്തിയിരുന്നു. സന്യാസിമാരെ കൂട്ടക്കൊല ചെയ്യുമ്പോള്‍ സായുധ പോലീസ് വെറും കാഴ്ചക്കാരായി നിന്നത് എന്തുകൊണ്ട്?
ലോക്ഡൗണായിട്ടും രാത്രികാലത്ത് ജനക്കൂട്ടത്തെ സംഘടിപ്പിച്ചത് ആരാണ്? എഫ്.ഐ.ആറില്‍ ‘മുന്‍കൂട്ടിയുള്ള ആസൂത്രണം’ എന്നു പറയുമ്പോഴും മഹാരാഷ്ട്ര മുഖ്യമന്ത്രി പറയുന്നത് ‘തെറ്റിദ്ധാരണയുടെ പേരിലുള്ള കൊല’ എന്നാണ്. മുഖ്യമന്ത്രി ഈ കേസ് നിസ്സാരവല്‍ക്കരിക്കുന്നതിന് ആരില്‍ നിന്നാണ് സമ്മര്‍ദ്ദമുണ്ടായത്.
വളരെ ആസൂത്രിതമാണ് സന്യാസിമാരെ ആള്‍ക്കൂട്ടക്കൊല നടത്തിയ സംഭവമെന്നും താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും വി.എച്ച്.പി. സെക്രട്ടറി ജനറല്‍ മിലിന്ദ് പാണ്ഡേ ആവശ്യപ്പെട്ടു.