എന്താണ് മരിചഝാപ്പിയുടെ ചരിത്രം? മതത്തിന്റെ പേരില്‍ ഭാരതം വിഭജിക്കപ്പെട്ടതോടെ കിഴക്കന്‍ ബംഗാളില്‍ നിന്നും അവശിഷ്ട ഭാരതത്തിലേക്ക് അഭയം തേടിയെത്തിയ അടിയാള ഹിന്ദു അഭയാര്‍ത്ഥികളിലെ വലിയ ഒരു വിഭാഗത്തെ കൊന്നു കൊലവിളിച്ചുകൊണ്ട് മാര്‍ക്‌സിസ്റ്റ് മുഖ്യമന്ത്രി ജ്യോതിബസു, ഹിറ്റ്‌ലര്‍, സ്റ്റാലിന്‍, മാവോസേതൂങ്ങ് തുടങ്ങിയ ലോകം ഭയന്ന ഫാസിസ്റ്റ്/കമ്മ്യൂണിസ്റ്റ് ഭീകരന്മാരോടൊപ്പം തനിക്കുമൊരിടത്തിന് അര്‍ഹത തേടിയതിന് നേര്‍സാക്ഷിയാകേണ്ടി വന്നതാണ് മരിചഝാപ്പിയുടെ ചരിത്രം.
ഭാരത വിഭജനത്തെ തുടര്‍ന്ന് എല്ലാം നഷ്ടപ്പെടുകയും എല്ലാ അര്‍ത്ഥത്തിലും പീഡനത്തിന് ഇരയാക്കപ്പെട്ടവരുമായ ദശലക്ഷക്കണക്കിന് ജനങ്ങളാണ് പാകിസ്ഥാനില്‍ നിന്നും ഭാരതത്തിലേക്ക് അഭയം തേടി ഓടിയണഞ്ഞത്. അതില്‍ പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പ്രവാഹം 1949-50 കാലഘട്ടത്തോടെ ഒട്ടുമുക്കാലും അവസാനിച്ചു. പക്ഷേ കിഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് (ഇപ്പോള്‍ ബംഗ്ലാദേശ്) അഭയാര്‍ത്ഥികളുടെ പ്രവാഹം പിന്നെയും തുടര്‍ന്നു 1947-53 (25 ലക്ഷം), 1953-61 കാര്യമായ പ്രവാഹം ഉണ്ടായില്ലായെങ്കിലും 1958 ഏപ്രില്‍ വരെ വന്നവരുടെ സംഖ്യ 32ലക്ഷത്തോളമായി. 1962 (55000), 1964-71 (6 ലക്ഷം) 1971ലെ ബംഗ്ലാദേശ് യുദ്ധത്തിന് ശേഷം 75 ലക്ഷം. മന്ത്രി രാം നിവാസ് മിര്‍ദ്ധ1976ല്‍ ലോകസഭയെ അറിയിച്ചത് 1948നും 1971നുമിടയില്‍ 52.31 ലക്ഷം അഭയാര്‍ത്ഥികള്‍ കിഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് ഭാരതത്തിലെത്തിയെന്നാണ്.
ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഭരണകൂടവും കിഴക്കന്‍പാകിസ്ഥാനില്‍ നിന്നെത്തിയവരുടെ മാനുഷിക പ്രശ്‌നങ്ങളെ സമീപിച്ചത് പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിന്ന് വന്ന അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ചതിന്റെ രീതിയിലായിരുന്നില്ലായെന്നതും ഇവിടെ ശ്രദ്ധേയമാണ്. പടിഞ്ഞാറന്‍ പഞ്ചാബില്‍ നിന്നുള്‍പ്പെടെ ഓടിയെത്തിയവരെ താരതമ്യേന കൂടുതല്‍ കരുതലോടെ കൈകാര്യം ചെയ്യുവാന്‍ നെഹ്രു ഭരണകൂടം പൊതുസമൂഹത്താല്‍ സമ്മര്‍ദ്ദത്തിലാക്കപ്പെട്ടുവെന്ന് പറയുന്നതാകും ഒരു പക്ഷേ കൂടുതല്‍ ശരി. 1949-50 കാലത്തോടെ പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പ്രവാഹം പ്രായോഗികമായി നിലയ്ക്കുകയും ചെയ്തു. കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ പ്രവാഹം ഒഴിവാക്കുന്നതിനാണ് 1950ല്‍ നെഹ്രുവും ലിയാഖത്ത് അലിഖാനും ചേര്‍ന്നൊപ്പുവെച്ച ദല്‍ഹിക്കരാറിനെ ഫലപ്രദമായി ഉപയോഗിച്ചത്. ആ കരാറിന്റെ പരിരക്ഷ പാകിസ്ഥാനില്‍ നിന്ന് കിട്ടുമെന്ന പ്രതീക്ഷ നല്‍കി പാവപ്പെട്ട അവശിഷ്ട ഹിന്ദു സമൂഹത്തെ കിഴക്കന്‍ ബംഗാളിലെ ചെന്നായ്ക്കള്‍ക്ക് വിട്ടുകൊടുത്തവരുടെ കൊടുംചതി വൈകാതെ പുറത്തായി. അവിടെ കടന്നാക്രമണങ്ങളും ബലാത്‌സംഗങ്ങളും മതപരിവര്‍ത്തനശ്രമങ്ങളും കൊള്ളയും കൊള്ളിവെപ്പും കൊണ്ടു പൊറുതിമുട്ടിയ ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ഭാരതത്തിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബ്ബന്ധിതരാക്കപ്പെടുകയും ചെയ്തു.
ഓടിയെത്തിയ അഭയാര്‍ത്ഥികളില്‍ ‘ഭദ്രലോകും’ (ഉന്നതകുലജാതര്‍) ‘ഛോട്ടേലോഗും’ (അടിയാളവിഭാഗം) ഉണ്ടായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെയും ബംഗാള്‍ മുഖ്യമന്ത്രി ഡോ. ബിധാന്‍ ചന്ദ്ര റോയിയുടെയും കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ രണ്ടുകൂട്ടരെയും രണ്ടായിത്തന്നെ കൈകാര്യം ചെയ്തു. ജാതിയുടെ ശ്രേണിയില്‍ ഉന്നതര്‍ക്ക് പടിഞ്ഞാറേ ബംഗാളില്‍ തന്നെ പുതുജീവിതത്തിനു വഴി ഒരുക്കി. ശേഷിച്ച അടിയാളവിഭാഗത്തെ ബംഗാളിന് പുറത്ത് ദണ്ഡകാരണ്യത്തിലേക്കും മറ്റും ആട്ടിയോടിച്ചു. ആ അടിയാള വിഭാഗമാണ് ബംഗാളിലെ നാമശൂദ്രരെന്ന് ഇവിടെ പ്രത്യേകമോര്‍ക്കണം. ആ നാമശൂദ്ര ബംഗാളികളുടെ ശക്തമായ ഇടപെടലാണ് 1946ല്‍ മഹാരാഷ്ട്രയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ഭാരതത്തിന്റെ കോണ്‍സ്റ്റിറ്റ്വന്റ്യി അസംബ്ലിലെത്തുന്നതിനുള്ള അവസരം കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടില്ലാതാക്കിയപ്പോള്‍ ഡോ. ഭീംറാവ് അംബേദ്കറെ കല്‍ക്കട്ടയില്‍ നിന്ന് വിജയിപ്പിച്ചതെന്നത് ശ്രദ്ധാപൂര്‍വ്വം ഓര്‍ത്തെടുക്കേണ്ടതുണ്ട്. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടതാണ് അദ്ദേഹത്തിന് കോണ്‍സ്റ്റിറ്റ്വന്റ് അസംബ്ലിയിലെത്തുവാനും ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ അദ്ധ്യക്ഷനാകുന്നതിനും ഇടവരുത്തിയെന്നതും കണക്കിലെടുക്കുമ്പോളാണ് നാമശൂദ്ര വിഭാഗത്തിന്റെ ശക്തമായ സാന്നിദ്ധ്യം ബംഗാള്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കാവുന്ന ദളിത ശാക്തീകരണത്തിന്റെ ചലനാത്മകമായ സാദ്ധ്യതകള്‍ വ്യക്തമാകുക. അങ്ങനെയുള്ള സാദ്ധ്യതകളെ ഭയന്നാണ് ഭദ്രലോകിന്റെ കോണ്‍ഗ്രസ് മുഖമായിരുന്ന ഡോ.ബി.സി. റോയിയെയും കമ്മ്യൂണിസ്റ്റ് മുഖമായിരുന്ന ജ്യോതിബസുവിനെയും മുഖ്യമന്ത്രി കസേരയില്‍ ഇരുന്നപ്പോള്‍ അഭയാര്‍ത്ഥികളിലെ നാമശൂദ്ര ഭൂരിപക്ഷത്തെ പശ്ചിമബംഗാളിന്റെ പടിക്ക് പുറത്തു നിര്‍ത്തുവാന്‍ പണിയെടുക്കുന്നതിന് പ്രേരിപ്പിച്ചതെന്നതിന് ചരിത്രം സാക്ഷിയാണ്.
ഡോ. ബിസി റോയ് ബംഗാളിനപ്പുറത്തേക്ക് വഴി കാട്ടിക്കൊടുത്ത് ഒഴിവാക്കിയപ്പോള്‍ ജ്യോതിബസുവിന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടവുകളും തന്ത്രങ്ങളുമാണ് പുറത്തെടുത്തത്. അവര്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ നടത്തിയ പ്രഖ്യാപനങ്ങളും വാഗ്ദാനവും പ്രലോഭിപ്പിക്കുന്നവയായിരുന്നു: ‘നിങ്ങള്‍ ബംഗാളികളാണ്. ബംഗാളില്‍ തന്നെ പുനരധിവസിക്കപ്പെടണം. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നിങ്ങളെ ബംഗാളിലേക്ക് തിരിച്ചു കൊണ്ടുവരും’. 1977ല്‍ ജ്യോതിബസു മുഖ്യമന്ത്രിയായതിനു ശേഷവും തുടക്കത്തില്‍ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന പ്രതീതി സൃഷ്ടിച്ചു. സുന്ദര്‍ബന്‍സിലേക്ക് കുടിയേറുവാന്‍ മന്ത്രിസഭാ അംഗങ്ങള്‍ തന്നെ അവര്‍ക്ക് വഴികാട്ടിക്കൊടുക്കുകയും ചെയ്തു.
അധികാരക്കസേരയിലുറച്ചിരുന്നു കഴിഞ്ഞപ്പോള്‍ സ്റ്റാലിന്റെ സ്വാധീനം ജ്യോതിബസുവിനെ മാറി ചിന്തിപ്പിച്ചതാകാം. നൂറുശതമാനവും കൂടെയുണ്ടാകുമെന്നുറപ്പില്ലാത്തവരെ ഒഴിവാക്കുന്നതാണ് അധികാരം നിലനിര്‍ത്താന്‍ പ്രായോഗികമായി പ്രയോജനപ്പെടുന്നതെന്ന് കരുതിയതാകാം. ബംഗ്ലാ ഭദ്രലോകിന്റെ കമ്മ്യൂണിസ്റ്റ് മുഖമായിരുന്ന ജ്യോതിബസുവിന്റെ ഉള്ളിലെ ജാതിവിരോധമാകാം. മാരിചഝാപ്പിയിലേക്ക് കുടിയേറിയവരെ വേട്ടയാടുവാനാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആയുധങ്ങളെടുത്തത്. പിന്നീടു നടന്നത് ഇനിയെങ്കിലും ഭാരതമറിയണം, ലോകമറിയണം.
ജ്യോതിബസുവിന്റെ കമ്മ്യൂണിസ്റ്റ് ഭരണകൂടം സുന്ദര്‍ബന്നിലെ മരിചഝാപ്പിയില്‍ മരണത്തിനെറിഞ്ഞു കൊടുത്ത കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നെത്തിയ ദളിത ഹിന്ദു അഭയാര്‍ത്ഥികള്‍ 4200 കുടുംബങ്ങളില്‍ പെട്ട പതിനായിരം ആളുകള്‍ വരെയാകാം എന്നാണ് റോസ് മല്ലിക് എന്ന അന്വേഷകന്റെ കണ്ടെത്തല്‍. കൃത്യമായ കണക്കുകളുടെയും രേഖകളുടെയും അഭാവത്തില്‍ ലഭ്യമായ സൂചനകളെ കണക്കിലെടുത്തുകൊണ്ടാണ് അത്രയും വരെയാകാമെന്നു പറയുന്നതെന്നതു പരിഗണിച്ചാലും ആ സംഖ്യയില്‍ കാര്യമായ വ്യത്യാസം വരുവാനിടയില്ല.
ആ കൂട്ടക്കൊലയുടെയും കൊടും ക്രൂരതകളുടെയും ചാരം മൂടി ഒളിപ്പിച്ച ചരിത്രവസ്തുതകള്‍ സത്യസന്ധമായി പൊതുസമൂഹത്തിലെത്തിച്ചാല്‍ സ്വതന്ത്രഭാരതം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക് വഴിയൊരുക്കിയത് 1977ല്‍ പശ്ചിമ ബംഗാളില്‍ അധികാരത്തിലേറിയ ജ്യോതിബസുവിന്റെ ഇടതു പക്ഷ സര്‍ക്കാരാണെന്നതു വ്യക്തമാകും. 1984ല്‍ ഇന്ദിരാഗാന്ധിയുടെ മരണശേഷം രാജീവ് ഗാന്ധിയുടെ ഭരണകൂടം മൂകസാക്ഷിയായി നിന്നുകൊണ്ട് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നേതൃത്വം വഴി നടപ്പിലാക്കിയ സിഖ് കൂട്ടക്കൊല ജ്യോതിബസുവിന്റെ ഭരണകൂടം പ്രയോഗത്തില്‍ വരുത്തിയ നരനായാട്ടിനു പിന്നിലേ വരൂ.
തങ്ങള്‍ക്ക് മുഖം തിരിഞ്ഞു നില്‍ക്കുന്ന, തങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടവരോട്, അടി കൊണ്ടവരും ആട്ടിയോടിക്കപ്പെട്ടവരും ഹൃദയം പൊട്ടി ചില ചോദ്യങ്ങള്‍ ചോദിക്കും. അങ്ങനെ ഒരു ചോദ്യമാണ് മരിചഝാപ്പി കൂട്ടക്കുരുതിയുടെ ചരിത്രം മൂടിവെച്ച മുഖ്യധാരാ മാധ്യമങ്ങളോടും ബുദ്ധിജീവികളോടും അടിയാളജനതയില്‍ ജീവനോടെ ബാക്കിയായവരുടെ പ്രതിനിധി മനോരഞ്ജന്‍ ബ്യാപാരി ചോദിച്ചത്: ”എവിടെയായിരുന്നു ഇവര്‍, പോലീസ് തോക്കിന്റെ പാത്തികൊണ്ട് എന്റെ അച്ഛന്റെ നെഞ്ചെല്ലുകള്‍ തകര്‍ത്തപ്പോള്‍? എന്റെ അച്ഛന്‍ ആരുടെയും നേതാവായിരുന്നില്ല. സത്യസന്ധമായി ജീവിതം തേടിയ സത്യസന്ധനായ ഒരു മനുഷ്യന്‍! മരിചഝാപ്പിയിലേറ്റ മുറിവുകളില്‍ നിന്ന് അദ്ദേഹം ഒരിക്കലും രക്ഷപ്പെട്ടില്ല. തകര്‍ന്നടിഞ്ഞ നെഞ്ച് ആ ജീവിതം എടുക്കുകയും ചെയ്തു.” (അവലംബം: ബ്ലഡ് അയലന്റ്, ദീപ് ഹല്‍ദാര്‍).
ബ്യാപാരി വീണ്ടും ചോദിക്കുന്നു: ”നിങ്ങള്‍ക്കറിയുമോ സുന്ദര്‍ബന്‍ വനങ്ങളിലെ കടുവകള്‍ എങ്ങനെയാണ് മനുഷ്യരെ തിന്നുന്നവയായി മാറിയതെന്ന്? ചില മനുഷ്യ ശരീരങ്ങള്‍ ഭാരത്തോട് കൂട്ടിക്കെട്ടി നദിയില്‍ മുക്കി. ബാക്കി ഉള്‍ക്കാടുകളിലേക്ക് വലിച്ചെറിഞ്ഞു. അങ്ങനെ മരിചഝാപ്പിയില്‍ മരിച്ചു വീണവരുടെ ശവശരീരങ്ങള്‍ കടുവകളെ മനുഷ്യ ശരീരത്തിന്റെ രുചി പരിചയപ്പെടുത്തി. മരിചഝാപ്പി കൂട്ടക്കൊല ആ കടുവകളെ, മനുഷ്യരെ തിന്നുന്നവയാക്കി മാറ്റി.”
മനോരഞ്ജന്‍ ബ്യാപാരിയുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ തലകുനിക്കുവാന്‍ ഇടവരുത്തിയ മാധ്യമലോകത്തിനുള്ളിലും ചെറുത്തുനില്‍പ്പുണ്ടായിയെന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. ആസൂത്രിതമായി സത്യം കുഴിച്ചു മൂടപ്പെട്ടപ്പോഴാണ് ഭരണകൂട വിലക്കുകളെ അതിജീവിച്ച് 1979 മെയ് 21ന് ‘ആനന്ദ് ബസാര്‍ പത്രിക’ എന്ന പ്രമുഖ ബംഗ്ലാ ദിനപത്രം ഫൊണി ബാലാ മണ്ഡല്‍ എന്ന ഇരയാക്കപ്പെട്ട വനിതയെ കുറിച്ചുള്ള വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ചുകൊണ്ട് വേറിട്ടുനിന്ന് ഭാവിയില്‍ ചരിത്രം അന്വേഷിക്കുന്നവര്‍ക്ക് സൂചനകള്‍ രേഖപ്പെടുത്തിയത്. ആ വാര്‍ത്ത തയ്യാറാക്കിയ സുഖോരഞ്ജന്‍ സെന്‍ഗുപ്ത അതോടൊപ്പം നല്‍കിയ ചിത്രം എടുത്തതിന്റെ അനുഭവം വായിച്ചറിഞ്ഞാല്‍ ബംഗ്ലാദേശില്‍ നിന്ന് ഭാരതത്തിലേക്ക് അഭയം തേടിയ ഹിന്ദു അടിയാള വര്‍ഗ്ഗത്തിന്റെ ഹൃദയം നുറുങ്ങുന്ന ചരിത്രം വ്യക്തമാകും.
”മുതിര്‍ന്ന അഭയാര്‍ത്ഥികള്‍ അഗ്‌നിക്കിരയാക്കപ്പെട്ടവരെ നേരിട്ടു കാണുവാന്‍ ഞങ്ങളെ കൊണ്ടുപോയി. തപന്‍ അവരുടെ ചിത്രങ്ങളെടുത്തു. അപ്പോളൊരു കുട്ടി, മുലകള്‍ തീയില്‍ വെന്ത ഒരു പ്രായമായ അമ്മ അവിടെയുണ്ടെന്ന് പറഞ്ഞു. ആ അമ്മയുടെ ചിത്രം ഞങ്ങള്‍ എങ്ങനെ എടുക്കുമെന്ന് ചോദിച്ചു. ഞങ്ങള്‍ ആ അമ്മ കിടന്നിരുന്ന ടിന്‍ ഷെഡ്ഡിലേക്കു കയറി. അവര്‍ ഒരു കട്ടിലില്‍ കിടന്ന് വേദന കൊണ്ട് പുളയുകയായിരുന്നു. അവരുടെ തീപ്പൊള്ളലേറ്റ മുലകളുടെ മുകളില്‍ ഈച്ചകള്‍ വട്ടമിട്ടു പുറക്കുകയായിരുന്നു. അവര്‍ കിടന്ന കട്ടില്‍ ഞങ്ങള്‍ എടുത്തു പുറത്തു കൊണ്ടുവന്നു. പക്ഷേ ഞങ്ങളുടെ മുന്നില്‍ അവരുടെ നഗ്‌നനെഞ്ചിടം തുറന്നു കാട്ടുവാന്‍ ആ അറുപത്തിയഞ്ചുകാരി അമ്മയ്ക്കു മടിയായിരുന്നു. ഞാന്‍ അവരുടെ പാദങ്ങളോടു ചേര്‍ന്നിരുന്നു കൊണ്ടു പറഞ്ഞു: ‘അമ്മ അമ്മയുടെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുത്തത് ഉടുപ്പ് മാറ്റിയല്ലേ? ഞാനും അമ്മയുടെ മകനേ പോലെയാണ്. എന്റെ മുമ്പില്‍ അമ്മ എന്തിനു നാണിക്കണം?’ അവര്‍ കണ്ണുകള്‍ തുറന്ന് എന്നെ നോക്കി, വിറയ്ക്കുന്ന വിരലുകള്‍ കൊണ്ട് എന്റെ മുഖത്തു തൊട്ടു. ഞാന്‍ മെല്ലെ ആ അമ്മയുടെ മുലകളില്‍ നിന്നും സാരി മാറ്റി. രണ്ടു മുലകള്‍ക്കും ശരിക്കും തീപ്പൊള്ളലേറ്റിരുന്നു. തപന്‍ അവന്റെ കണ്ണുനീര്‍ തുടച്ചുകൊണ്ട് പ്രഭാത സൂര്യന്റെ വെളിച്ചത്തില്‍ ആ ചിത്രങ്ങളെടുത്തു.’ (അവലംബം: ബ്ലഡ് അയലന്റ്, ദീപ് ഹല്‍ദാര്‍). അദ്ധ്വാനിക്കുന്ന അടിയാള ജനവിഭാഗങ്ങള്‍ക്കും വിശേഷിച്ചും സ്ത്രീകള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളുടെ രാഷ്ട്രീയമെന്ന് വിളിച്ചു കൂകുന്നവരുടെ കാപട്യം അവിടെ വെളിപ്പെടുകയാണ് ചെയ്യുന്നത്!
ബംഗാളിലെ കമ്മ്യൂണിസ്റ്റ് ചരിത്രം ഉന്മൂലനം പാര്‍ട്ടിപരിപാടിയും സംഘടനാരീതിയുമാക്കിയ ജ്യോതിബസു കൂട്ടക്കൊലയുടെ രാഷ്ട്രീയം കൊണ്ട് ലോകത്തെ വിറപ്പിച്ച ലെനിന്റെയും സ്റ്റാലിന്റെയും മാവോസേതൂങ്ങിന്റയും നിരയിലേക്ക് ഓടിക്കയറിയതിന്റെയാണ്. മരിചഝാപ്പിയില്‍ നിന്ന് അടിയാളവര്‍ഗത്തെ അടിച്ചൊതുക്കി പുറത്തേക്കെറിഞ്ഞതിന്റെയും കൂട്ട ബലാത്സംഗങ്ങള്‍ക്കിരയാക്കിയതിന്റെയും കുടിയൊഴിപ്പിക്കലിന്റെയും ചരിത്രസത്യങ്ങള്‍ പുറത്തു വരികയും പരക്കെ അറിയുകയും ചെയ്താല്‍ ഭാരതം ചോരക്കൊതിയുടെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ പടിയടച്ചു പിണ്ഡം വെക്കും. അവയൊക്കെ തമസ്‌കരിച്ച കപട ചരിത്രകാരെക്കൊണ്ടും കാലം കണക്ക് പറയിക്കും.