കൊറോണ വൈറസ് വ്യാപനം തടുക്കാനും അതില്‍ നിന്ന് പൗരന്മാരെ മുഴുവന്‍ രക്ഷിക്കാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥനപ്രകാരം രാജ്യം മുഴുവന്‍ ലോക്ഡൗണില്‍ കഴിയുകയാണല്ലോ. മലയാളിയും കേരളസര്‍ക്കാരും പതിവിനു വിപരീതമായി പ്രധാനമന്ത്രിയുടെ വാക്കുകള്‍ അനുസരിച്ചു. നല്ലകാലത്തും പൊല്ലാ കാലത്തും പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും എതിരു പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന കേരളത്തിലെ ഇടതുപക്ഷവും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാനസര്‍ക്കാരും ആദ്യമായി ആ പതിവു തെറ്റിച്ചു. പ്രധാനമന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രിക്കൊപ്പം മറ്റു മന്ത്രിമാരും രംഗത്തിറങ്ങി. എല്ലാവരും കക്ഷിരാഷ്ട്രീയ ഭേദമെന്യേ കൊറോണയെ തുരത്താനുള്ള മഹായജ്ഞത്തില്‍ പങ്കാളികളായി.
കേന്ദ്രവുമായി ഇത്രയൊക്കെ സഹകരിച്ചെങ്കിലും മാര്‍ക്‌സിസ്റ്റു പാര്‍ട്ടി അതിന്റെ വര്‍ഗസ്വഭാവം കാണിച്ചുകൊണ്ടേയിരുന്നു. പിണറായി പറയാറുള്ളതുപോലെ നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല. അതെ അതാണ് സിപിഐ (എം). പ്രത്യേകിച്ചും കേരളത്തിലെ പാര്‍ട്ടിനേതൃത്വം. ലോക് ഡൗണും കൊറോണ ബാധിതരുടെ ചികിത്സയും ക്വാറന്റൈനും പുരോഗമിക്കുമ്പോള്‍ മറുവശത്ത് പിആര്‍ വര്‍ക്കില്‍ സര്‍വാത്മനാ പ്രാഗത്ഭ്യം തെളിയിച്ച മാര്‍ക്‌സിസ്റ്റു പാണന്മാര്‍ (സൈബര്‍ പോരാളികളെന്ന്് ആധുനികഭാഷ്യം) പിണറായി സ്തുതികള്‍ കൊണ്ട് സാമൂഹ്യമാധ്യമങ്ങളെ സമ്പുഷ്ടമാക്കി. കമ്മ്യൂണിറ്റി കിച്ചന്‍ (കമ്മ്യൂണിസ്റ്റു കിച്ചനെന്ന ആക്ഷേപമുണ്ട്) പോലുള്ള പദ്ധതികള്‍ പിണറായി വിജയന്റെ പ്രതിച്ഛായ വളര്‍ത്താന്‍ ഉപയോഗിച്ചു. ദിവസവും വൈകിട്ട് മെഗാസീരിയലുകളിലെ നടീനടന്മാരുടെ പ്രകടനങ്ങളെ കടത്തിവെട്ടുന്ന അഭിനയപാടവവുമായി സഖാവ് പിണറായി വിജയന്‍ ക്യൂബയില്‍ നിന്ന് കൊറോണയെ പിടിച്ചുകെട്ടാന്‍ ഇല്ലാത്ത മരുന്ന് ഇറക്കുമതി ചെയ്യുമെന്നുവരെ പ്രഖ്യാപിച്ചു. കാര്യങ്ങള്‍ ഒരുവിധം പിണറായിക്കും ഇടതുസര്‍ക്കാരിനും അനുകൂലമായി പോകുമ്പോഴാണ് എല്ലാം തകിടം മറിച്ചുകൊണ്ട് സ്പ്രിങ്ക്‌ലര്‍ എന്നൊരു മാരണം രംഗപ്രവേശം ചെയ്തതും സംഗതി പൊതുതാല്‍പര്യഹര്‍ജിയുടെ രൂപത്തില്‍ കോടതി കയറിയതും.
കൊറോണ ബാധിതരുടെ ചികിത്സാവിവരങ്ങള്‍ ശേഖരിച്ച് ഒരു സോഫ്റ്റ്‌വെയറാക്കി സൗജന്യമായി നല്കാമെന്നായിരുന്നു വിവരാവകാശരംഗത്ത് പ്രവര്‍ത്തിക്കുന്ന ജന്മം കൊണ്ട് മലയാളിയായ റാഗി തോമസ് നേതൃത്വം നല്കുന്ന ഈ അമേരിക്കന്‍ കുത്തകഭീമന്‍ നല്കിയ വാഗ്ദാനം. ഇത് തുടര്‍ചികിത്സയ്ക്കു വലിയ പ്രയോജനം ചെയ്യുമെന്നായിരുന്നു അവര്‍ നല്കിയ ഉപദേശം. കേട്ടപാതി കേള്‍ക്കാത്ത പാതി മുമ്പ് കമ്പ്യൂട്ടര്‍ എന്നു കേട്ടാല്‍ ഹാലിളകിയിരുന്ന പിണറായി വിജയന്‍ ഐടി വകുപ്പു സെക്രട്ടറി ശിവശങ്കരന്‍ വഴി സ്പ്രിങ്ക്‌ലറുമായി കരാറിലേര്‍പ്പെടാന്‍ തീരുമാനത്തിലെത്തി. സര്‍ക്കാരിനുവേണ്ടി ഐടി സെക്രട്ടറി ശിവശങ്കരന്‍ തന്നെ കമ്പനിയുമായി കരാറിലൊപ്പിട്ടു. കരാര്‍ പുറത്തുവന്നതോടെ വിവാദങ്ങളും ആരംഭിച്ചു. കരാറിലെ അണിയറ രഹസ്യങ്ങള്‍ പുറംലോകത്തിന് ചോര്‍ത്തിയത് ഐഎഎസ് ലോബിയിലെ ചിലരാണെന്നൊരു ശ്രുതി സെക്രട്ടേറിയറ്റിനെ ചുറ്റിപ്പറ്റി ഉയരുന്നുണ്ട്.
കരാര്‍ സംബന്ധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ഉന്നയിച്ച ആരോപണങ്ങളെ 51 വെട്ടെന്ന പതിവുശൈലിയില്‍ നേരിട്ട പിണറായിക്കു പക്ഷേ കാലിടറി. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടിയ വിജയന്‍ അന്തിമയങ്ങുമ്പോഴുള്ള പതിവ് വാര്‍ത്താസമ്മേളനം നിര്‍ത്തിവച്ചു. ഇടവേളയ്ക്കുശേഷം ഇത് പുനരാരംഭിച്ചെങ്കിലും പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴുള്ള ശീലങ്ങള്‍ പൊടിതട്ടിയെടുത്ത് സിന്‍ഡിക്കേറ്റെന്നും മറ്റും പറഞ്ഞ് മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ചു. ചോദ്യങ്ങള്‍ക്കൊട്ട് മറുപടിയില്ല താനും. കാര്യങ്ങള്‍ വ്യക്തതയില്ലാതെ തുടരുന്നതിനിടെ ഓരോ ദിവസവും സ്പ്രിങ്ക്‌ലര്‍ കമ്പനിയെക്കുറിച്ചും കൊറോണബാധിതരുടെ വിവരശേഖരണത്തെക്കുറിച്ചും സങ്കീര്‍ണ്ണമായ വിവരങ്ങളാണ് പുറത്തു വരുന്നത്.
കൊറോണ ബാധിതരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വിവരശേഖരണം നടത്തി സ്പ്രിങ്ക്‌ലര്‍ കമ്പനിക്ക് നല്കുമ്പോഴുണ്ടാകുന്ന വിവര ചോര്‍ച്ചയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെയും പ്രതിപക്ഷപാര്‍ട്ടികളുടെയും ചോദ്യത്തിന് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കേണ്ടതില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യമറുപടി. സംശയനിവാരണത്തിന് ഐടി സെക്രട്ടറിയോട് ചോദിക്കൂ എന്ന ഉപദേശവും നല്കി മാധ്യമങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി അകലം പാലിച്ചു. രോഗബാധിതരുടെ അത്യന്തം രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ഒരു അമേരിക്കന്‍ കുത്തകഭീമന് മറിച്ചു നല്കുന്നതിലൂടെ സംസ്ഥാനത്തിന് എന്തു നേട്ടമാണെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. പകരം സൗജന്യസേവനമെന്നും കൊറോണ ചികിത്സയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും ആവര്‍ത്തിക്കുകയായിരുന്നു. ആഭ്യന്തരമായി സൂക്ഷിക്കേണ്ട രാജ്യത്തെ പൗരന്മാരുടെ വ്യക്തിഗത സ്വകാര്യവിവരങ്ങള്‍ എന്തടിസ്ഥാനത്തിലാണ് വിദേശകമ്പനിക്ക് നല്കുന്നതെന്ന ചോദ്യം മുഖ്യമന്ത്രി കേട്ടതായി പോലും ഭാവിച്ചില്ല. ഈ കമ്പനി മുന്നോട്ടു വച്ചിരിക്കുന്ന സേവനങ്ങള്‍ ഒന്നൊഴിയാതെ എല്ലാം തന്നെ നല്കാനുള്ള കഴിവും കരുത്തും നമ്മുടെ രാജ്യത്തെ സി-ഡാക്, കെല്‍ട്രോണ്‍ പോലുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ക്കുണ്ടെന്ന സത്യവും പിണറായി അംഗീകരിച്ചില്ല. ആധാര്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയത് ഇന്ത്യന്‍ കമ്പനികളായ ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയവയാണെന്ന സത്യവും അദ്ദേഹത്തിന് ബോധിച്ചിട്ടില്ല.
ഭാരതം ഉള്‍പ്പെടെ ഏതൊരു സ്വതന്ത്ര പരമാധികാര രാഷ്ട്രവും ആ രാജ്യത്തെ പൗരന്മാരുടെ ആരോഗ്യ, സാമ്പത്തിക, വൈയക്തിക വിവരങ്ങള്‍ പൂര്‍ണമായും ആ പൗരന്റെ സ്വകാര്യതയായാണ് വിവക്ഷിച്ചിരിക്കുന്നത്. ഈ പൗരാവകാശത്തിന് സര്‍ക്കാര്‍ സമ്പൂര്‍ണ സുരക്ഷ നല്കുമെന്ന് നമ്മുടെ ഭരണഘടന പൂര്‍ണ്ണമായും പൗരന് ഉറപ്പു നല്കുന്നതുമാണ്. ആ ഉറപ്പ് ലംഘിച്ച് പൗരന്റെ സ്വകാര്യവിവരങ്ങള്‍ ഏതാനും കോടികള്‍ക്ക് കേരളസര്‍ക്കാര്‍ മറിച്ചുവിറ്റിരിക്കുകയാണെന്ന് ആരാനും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. നമ്മുടെ രജ്യത്ത് ഇനിയും സുശക്തമായ വിവരസാങ്കേതിക നിയമം ഉണ്ടാകേണ്ടിയിരിക്കുന്നു. അത്തരമൊരു നിയമത്തിന്റെ പണിപ്പുരയിലാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍. സര്‍വ്വപഴുതുകളുമടച്ച് പൗരാവകാശം സംരക്ഷിക്കുമെന്ന് ഉറപ്പാക്കുന്ന നിയമം, അതാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതുവരെ ഭരണഘടനയിലെ പൗരാവകാശ സംരക്ഷണത്തിനുള്ള വകുപ്പുകള്‍ ഉപയോഗിച്ചു മാത്രമേ നമുക്ക് ഇത്തരം കാര്യങ്ങളെ നിയന്ത്രിക്കാനാകൂ. ഭരണഘടന ഉറപ്പുനല്കുന്ന ആ വിശ്വാസമാണ് ഇവിടെ തകര്‍ത്തു തരിപ്പണമാക്കിയത്.
ഇനി ഈ അട്ടിമറിക്ക് സര്‍ക്കാര്‍ എന്തൊക്കെ ചെയ്തുകൊടുത്തു എന്നറിയുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം നമുക്ക് മനസ്സിലാകുന്നത്. ഇവിടുത്തെ വിവര സാങ്കേതിക നിയമത്തിലെ 43(എ) വകുപ്പ് പ്രകാരം കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാതെ വ്യക്തിവിവരങ്ങള്‍ കൈകാര്യം ചെയ്ത് എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ അപ്രകാരം ചെയ്യുന്ന കമ്പനി പ്രസ്തുത വ്യക്തികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതാണ്. രഹസ്യസ്വഭാവമുള്ള വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കുന്നതിനും അവ അനധികൃതമായി മറ്റുള്ളവരിലേക്ക് എത്താതിരിക്കുന്നതിനും അവ തിരുത്തപ്പെടാതിരിക്കുന്നതിനും സ്വീകരിക്കപ്പെടുന്ന മാനദണ്ഡങ്ങള്‍ ഇതിന്റെ ഭാഗമായി പ്രസിദ്ധപ്പെടുത്താന്‍ അധികാരപ്പെട്ടവര്‍ക്ക് ബാധ്യതയുണ്ട്. ഈ കാര്യങ്ങളെല്ലാം തന്നെ സംസ്ഥാനത്തിന്റെ പരിധിക്ക് പുറത്തുള്ളതാണ്. കേന്ദ്രനിയമങ്ങള്‍ പ്രകാരമാണ് അവ നിയന്ത്രിക്കപ്പെടേണ്ടത്. തീര്‍ന്നില്ല. ഇതേ നിയമത്തിലെ 72(എ) വകുപ്പ് പ്രകാരം സ്വകാര്യ വ്യക്തിവിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ അവ ഏതെങ്കിലും തരത്തില്‍ നിയമപ്രകാരമല്ലാതെ പരസ്യപ്പെടുത്തിയാല്‍ അതുമായി ബന്ധപ്പെട്ടവര്‍ക്ക് മൂന്നുവര്‍ഷംവരെ തടവും അഞ്ചുലക്ഷംരൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നിയമപ്രകാരം വ്യക്തികളുടെ അനുവാദത്തോടെ മാത്രമേ ഇത്തരം വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ സാധിക്കൂ എന്നതും നമ്മുടെ നിയമങ്ങള്‍ ഉറപ്പുനല്കുന്നതാണ്.
2017ലെ ജസ്റ്റിസ് പുട്ടസ്വാമിയും യൂണിയന്‍ ഓഫ് ഇന്ത്യയും തമ്മിലുണ്ടായ കേസിലെ സുപ്രീംകോടതിവിധി ഇത് വ്യക്തമാക്കുന്നു. പൗരന്റെ സ്വകാര്യതയ്ക്കുള്ള അവകാശം എന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരമുള്ള ‘ജീവനും സ്വാതന്ത്ര്യത്തിനുമുള്ള’ മൗലികാവകാശത്തില്‍ ഉള്‍പ്പെടുന്നു. അതായത്, സ്വകാര്യത എന്നത് ഏതൊരു വ്യക്തിയുടെയും മൗലികാവകാശം ആണെന്ന് സാരം. ഒരു വ്യക്തിയുടെ പൂര്‍ണ്ണസമ്മതത്തോടെ മാത്രമേ അയാളെക്കുറിച്ചുള്ള സ്വകാര്യവിവരങ്ങള്‍ ഇന്റര്‍നെറ്റ് വഴി കൈകാര്യം ചെയ്യാവൂ എന്ന് ആ വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കുന്നു.
ഇതു സംബന്ധിച്ച് ശ്രീജിത്ത് പണിക്കര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ഉന്നയിച്ച ചോദ്യങ്ങള്‍ പ്രസക്തമാണ്. സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന് അതിനു മറുപടി നല്കാനുള്ള ബാധ്യതയുണ്ട്.
1) സംസ്ഥാനത്തെ വിവര സാങ്കേതികവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മേല്പറഞ്ഞ വിവരങ്ങള്‍ അറിഞ്ഞിരിക്കേണ്ടതല്ലേ ?
2) സ്വകാര്യതയുമായി ബന്ധപ്പെട്ട മേല്പറഞ്ഞ നിയമത്തിലെ 43(എ) പ്രകാരമുള്ള കാര്യങ്ങളെല്ലാം സംസ്ഥാനത്തിന്റെ പരിധിക്കു പുറത്താണെന്നും അവയൊക്കെ കേന്ദ്ര ഭരണത്തിന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും മുഖ്യമന്ത്രിക്ക് അറിയില്ലേ ?
3) വ്യക്തിവിവരങ്ങള്‍ ഒരു സ്വകാര്യകമ്പനിക്ക് കൈമാറുമ്പോള്‍ പ്രസ്തുത വ്യക്തികളില്‍ നിന്ന് സമ്മതപത്രം വാങ്ങുന്നുണ്ടോ ?
4) വിവരങ്ങളുടെ രഹസ്യസ്വഭാവം സൂക്ഷിക്കാന്‍ ഈ കമ്പനി സ്വീകരിച്ചിരിക്കുന്ന നടപടികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ ?
5) ഏതെങ്കിലും രീതിയില്‍ വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കാന്‍ ഈ കമ്പനിക്ക് അധികാരം ഉണ്ടോ? ഉണ്ടെങ്കില്‍ അതിനുള്ള അനുമതി വ്യക്തികളില്‍ നിന്ന് സ്വീകരിച്ചിട്ടുണ്ടോ ?
6) എന്തെങ്കിലും രീതിയിലുള്ള വ്യക്തിവിവര ചോര്‍ച്ച ഉണ്ടായാല്‍ നിയമപ്രകാരം കേസ് കൊടുക്കാനും നഷ്ടപരിഹാരം വാങ്ങാനും വ്യക്തികള്‍ക്ക് ഉതകുന്ന എന്തെങ്കിലും വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ ?
7) എന്തെങ്കിലും വ്യക്തിവിവരങ്ങള്‍ ചോര്‍ന്നാല്‍ അതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വം എന്താണ് ? പ്രസ്തുത വ്യക്തികള്‍ക്കു വേണ്ടി സര്‍ക്കാര്‍ കേസ് നടത്തുമോ ?
8) ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതില്ല എന്ന് തീരുമാനിക്കാന്‍ താങ്കള്‍ ഭരണഘടനയുടെ ഏത് അനുച്ഛേദം ആണ് മാനദണ്ഡം ആക്കിയത് ? വ്യക്തികളുടെ സ്വകാര്യതയില്‍ അഭിപ്രായം സ്വീകരിക്കുന്നതിനുള്ള അധികാരം എന്നു മുതലാണ് മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമായിരിക്കുന്നത് ?
ഈ ചോദ്യങ്ങള്‍ക്കൊന്നും തന്നെ മുഖ്യമന്ത്രി ഇതുവരെ ഉത്തരം നല്കിയിട്ടില്ല. എന്തുകൊണ്ട് മുഖ്യമന്ത്രി ഉത്തരം തരുന്നില്ലെന്ന് ചിന്തിക്കുമ്പോഴാണ്, കൂടുതല്‍ അന്വേഷിക്കുമ്പോഴാണ് സംസ്ഥാനം കണ്ട ഒരുപക്ഷേ രാജ്യം തന്നെ കണ്ട ഏറ്റവും വലിയ ആരോഗ്യ-വിവരസാങ്കേതിക അഴിമതിയുടെ ചുരുള്‍ നിവരുന്നത്. സ്പ്രിങ്ക്‌ലര്‍ വിവാദം ആളിക്കത്തിയതോടെ ആഗോള മരുന്നുവിപണിയില്‍ അരങ്ങേറുന്ന കോടികളുടെ കച്ചവടവും അതിനുപുറകിലെ രഹസ്യങ്ങളുമാണ് പുറത്തുവരുന്നത്. ഈ രംഗത്ത് രോഗികളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച് സോഫ്റ്റ് വെയറുകളാക്കുന്നതിലൂടെ ഐടി കമ്പനികള്‍ കൊയ്യുന്നതാകട്ടെ വര്‍ഷംതോറും ആയിരം കോടിയിലധികം രൂപയാണ്. സ്പ്രിങ്ക്‌ലറിന്റെ പ്രവര്‍ത്തനവും വ്യത്യസ്തമല്ല. സൗജന്യ സേവനമെന്ന വാഗ്ദാനം മറയാക്കി രോഗികളുടെ ബയോമെട്രിക് വിവരങ്ങളും ചികിത്സാരീതികളും ശേഖരിച്ച് സോഫ്റ്റ്‌വെയറുകളാക്കി മരുന്നുനിര്‍മ്മാണ ഗവേഷണത്തിന് കൈമാറുന്നതിലൂടെ അവര്‍ കൊള്ളലാഭമാണ് കൊയ്യുന്നത്.
സ്പ്രിങ്ക്‌ലര്‍ കേരളത്തിലെ കൊറോണരോഗികളില്‍ നിന്നും നിരീക്ഷണത്തിലുള്ളവരില്‍ നിന്നും ശേഖരിച്ച ബയോമെട്രിക് വിവരങ്ങള്‍ മരുന്നുഗവേഷണ രംഗത്തെ അത്യാധുനികമായ സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുകയാണെന്ന വിവരം പുറത്തുവന്നു കഴിഞ്ഞു. ഈ വിവരങ്ങള്‍ വിശകലനം ചെയ്ത് സ്ത്രീ, പുരുഷന്‍, വയസ്സ്, ശരീരഭാരം, രോഗിക്ക് ഉണ്ടായിരുന്ന മറ്റുരോഗങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് ബയോ ഇന്‍ഫര്‍മാറ്റിക് സാങ്കേതികവിദ്യയിലൂടെ ആണ് ഈ സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിക്കുന്നത്. മരുന്നു ഗവേഷണം, മരുന്നുനിര്‍മ്മാണം, രോഗനിര്‍ണയം, ചികിത്സാരീതികള്‍, ഓരോ മരുന്നിനോടുമുള്ള രോഗിയുടെ പ്രതികരണം, ഓരോ ദിവസത്തെയും രോഗിയുടെ ആരോഗ്യനില എന്നിവ ഈ അത്യന്താധുനിക സോഫ്റ്റ് വെയറുകളില്‍ ലളിതമായി നിര്‍വ്വചിക്കപ്പെടും. ഈ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് വന്‍കിട മരുന്നുകമ്പനികളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള മരുന്നു നിര്‍മ്മാണം സുഗമമാക്കാനും പുതിയ മരുന്നുകള്‍ കണ്ടെത്താനും വളരെയധികം പ്രയോജനപ്പെടും. അതിനാല്‍ ഇത്തരം സോഫ്റ്റ്‌വെയറുകളുടെ മൂല്യം സാധാരണ നിശ്ചയിക്കപ്പെടുന്നതിലും വളരെ വലുതാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും 200 ലധികം രാജ്യങ്ങളിലായി 20 ലക്ഷം കോടി രൂപയുടെ മരുന്നുകളാണ് വിറ്റഴിക്കപ്പെടുന്നത്. ഇതിന്റെ 20 ശതമാനമായ നാലുലക്ഷം കോടി രൂപയ്ക്കുള്ള മരുന്നുഗവേഷണമാണ് എല്ലാ വന്‍കിട മരുന്നുകമ്പനികളും കൂടിച്ചേര്‍ന്ന് പുതിയ മരുന്നുകള്‍ കണ്ടെത്തുന്നതിനായി ലോകവ്യാപകമായി ചെലവഴിക്കുന്നത്. ഇപ്പോള്‍ മാരകമായ കൊറോണരോഗത്തിന് മരുന്നു കണ്ടെത്തുന്നതിനുള്ള തീവ്രശ്രമത്തിലാണ് എല്ലാ കമ്പനികളും. എയ്ഡ്‌സ്, ക്യാന്‍സര്‍, നിപ്പ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുഗവേഷണവും അതിവേഗം പുരോഗമിക്കുകയാണ്.
കൊറോണരോഗത്തെ വിജയകരമായി പ്രതിരോധിക്കുകയും ചികിത്സിച്ച് സുഖപ്പെടുത്തുകയും ചെയ്ത കേരള മോഡല്‍ ആരോഗ്യരക്ഷാ സംവിധാനം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. ഈ അവസരത്തില്‍ കേരളത്തിന്റെ വിജയകരമായ മാതൃക സോഫ്റ്റ് വെയറുകളായി ലഭിച്ചാല്‍ വന്‍കിട മരുന്നുകമ്പനികളുടെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം പകരും. പുതിയ മരുന്നു കണ്ടെത്തുന്നതിനും മരുന്ന് നിര്‍മ്മാണത്തിനും രോഗികളില്‍ പരീക്ഷിക്കപ്പെടുന്നതിനും മരുന്നിനോടുളള രോഗിയുടെ പ്രതികരണശേഷിയും രോഗവിമുക്തിയുടെ തോതും നിര്‍വ്വചിക്കപ്പെട്ട സോഫ്റ്റ്‌വെയറുകള്‍ ലഭിച്ചാല്‍ എന്തുവില കൊടുത്തും വാങ്ങാന്‍ വന്‍കിട മരുന്നു വ്യവസായ കമ്പനികള്‍ തയ്യാറാകുമെന്ന് തീര്‍ച്ചയാണ്. ബെയര്‍, ഫൈസര്‍, ഗ്ലാഡ്‌സ്മിത്ത്, സ്‌കിഡ്‌ലൈന്‍ തുടങ്ങിയ വമ്പന്‍ രാജ്യാന്തര കമ്പനികളാണ് ഈ രംഗത്ത് മുന്നിലുള്ളത്.
ഇവിടെ വിവാദമായ സ്പ്രിങ്ക്‌ലര്‍ കമ്പനിക്ക് ഫൈസര്‍ തുടങ്ങിയ രാജ്യാന്തര കമ്പനികളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് ശേഖരിച്ച ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സോഫ്റ്റ്‌വെയര്‍ ശൃംഖലയ്ക്ക് കുറഞ്ഞത് ഒരു ലക്ഷംകോടിരൂപ മരുന്നു വ്യവസായത്തില്‍ വിപണിമൂല്യം പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യമേഖലയ്ക്ക് പുറത്ത് വിദ്യാഭ്യാസം, ധനകാര്യം, ആസൂത്രണം എന്നീ മേഖലകളിലാകട്ടെ ഈ സോഫ്റ്റ്‌വെയറുകളുടെ മൂല്യം 700 കോടിക്കു മുകളിലാണ്.
വിവാദം കൊഴുക്കുന്നതിനിടെ സംഭവം കോടതി കയറിക്കഴിഞ്ഞു. കൊറോണ ബാധിച്ച മലയാളികളുടെ വിശദാംശങ്ങള്‍ സ്പ്രിങ്ക്‌ലറിന് കൈമാറിയതില്‍ ദുരൂഹതയുണ്ടെന്നും വ്യക്തികളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ കൈമാറരുതെന്നും സര്‍ക്കാര്‍ നടപടി തടയണമെന്നും ആവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജിയുമായി കേരളഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത് തിരുവനന്തപുരം സ്വദേശിയും ബിജെപി കഴക്കൂട്ടം മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ബാലു ഗോപാലകൃഷ്ണനാണ്. കേന്ദ്ര ഏജന്‍സിയെക്കൊണ്ട് കരാര്‍ ഓഡിറ്റ് ചെയ്യിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ചിന്റെ അദ്ധ്യക്ഷനായ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്.
രണ്ടുലക്ഷം പേരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് സംസ്ഥാന സര്‍ക്കാരിനില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം സര്‍ക്കാര്‍ നല്കിയില്ല. കരാര്‍ എന്തുകൊണ്ട് നിയമവകുപ്പിനെ കാണിച്ചില്ലെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം ലഭിച്ചില്ല. വിഷയത്തില്‍ കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കണമെന്നും അതിപ്രധാനമായ വ്യക്തിയുടെ ആരോഗ്യവിവരങ്ങള്‍ ചോരാന്‍ അനുവദിക്കരുതെന്നും നിര്‍ദ്ദേശിച്ച കോടതി സംസ്ഥാന സര്‍ക്കാര്‍ വിശദമായ സത്യവാങ് മൂലം നല്കണമെന്നും ഉത്തരവിട്ടു. കേസ് 24ന് പരിഗണിക്കാനായി മാറ്റിവച്ചിരിക്കുകയാണ്.
അഡ്വ. ബാലു ഗോപാലകൃഷ്ണന്‍ തന്റെ ഹര്‍ജിയില്‍ പൗരാവകാശ ധ്വംസനവും തത്സംബന്ധമായ നിയമപ്രശ്‌നങ്ങളുമാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എന്നാല്‍ ഇതിനു പുറകില്‍ നടക്കാന്‍ സാധ്യതയുള്ള സഹസ്രകോടികളുടെ അഴിമതിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു. വരും ദിവസങ്ങളില്‍ കോടതി അതിലേക്ക് കടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും സ്പിങ്ക്‌ലര്‍ പിണറായി സര്‍ക്കാരിന്റെ കഴുത്തില്‍ ചുറ്റിയ പാമ്പായി മാറിയെന്നു തീര്‍ച്ച.
ഇത്രയും കാര്യങ്ങള്‍ പുറത്തുവന്ന സ്ഥിതിക്ക് സ്പ്രിങ്ക്‌ലര്‍ ഇടപാടില്‍ അഴിമതിയില്ലെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ല. ഒപ്പം പൗരാവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്ന സത്യവും തെളിയുന്നു. മലയാളികളുടെ ആരോഗ്യരഹസ്യം വിജയനും കൂട്ടരും എത്ര വെള്ളിക്കാശിനാണ് തൂക്കി വിറ്റതെന്നു മാത്രമേ ഇനി അറിയാനുള്ളൂ. അതിന് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അനിവാര്യമാണെന്നു മാത്രം.