രാജ്യം കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത മഹാപാതകത്തിനാണ് കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ ചെറു ഗ്രാമമായ ഗഡ്കകിഞ്ചിലെ സാക്ഷ്യം വഹിച്ചത്; ആ വഴി യാത്ര ചെയ്യുകയായിരുന്ന രണ്ട് ഹിന്ദു സന്യാസിമാരും അവരുടെ ഡ്രൈവറും തെരുവില്‍ ആക്രമിക്കപ്പെടുന്നു, അതും പോലീസിന്റെ സാന്നിധ്യത്തില്‍. ക്രൂരമായ കൂട്ടക്കൊല. അവരില്‍ ഒരു സന്യാസിക്ക് എഴുപതിലേറെ വയസ്സുണ്ട്. അദ്ദേഹത്തെയും സഹയാത്രികനായ സന്യാസിയെയും ഡ്രൈവറെയും തലങ്ങും വിലങ്ങും മാരകായുധങ്ങളുമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്ഷരാര്‍ഥത്തില്‍ ഭീകരമാണിത്. സാധാരണ മനുഷ്യര്‍ക്ക് കാണാന്‍ വയ്യാത്ത ദൃശ്യങ്ങള്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സ്വാധീനമുള്ള മഹാരാഷ്ട്രയിലെ ഏക ഗ്രാമത്തിലാണ് ഈ ദാരുണ സംഭവമുണ്ടായത് എന്നതാണ് മറ്റൊന്ന്. ആ രണ്ട് സന്യാസി വര്യന്മാര്‍ക്കും, കല്പവൃക്ഷ ഗിരി മഹാരാജ്, സുശീല്‍ ഗിരി മഹാരാജ്, ഡ്രൈവര്‍ നിലേഷ് തെല്‍ഗഡിക്കും പ്രണാമം അര്‍പ്പിക്കട്ടെ……..
ഹിന്ദുത്വ ശക്തികള്‍ രാജ്യം ഭരിക്കുന്ന വേളയില്‍, ഹിന്ദുത്വത്തിന്റെ പേരില്‍ ആണയിടാറുള്ള ബാല്‍ താക്കറെയുടെ പുത്രന്‍ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ആയിരിക്കെയാണ് ഇതുണ്ടായത് എന്നതാണ് ഏവരെയും ആശങ്കാകുലരാക്കുന്നത്.
ഇതുപോലുള്ള കൊലപാതകങ്ങള്‍ ഇവിടെ നടന്നിട്ടില്ല എന്നതല്ല. സിപിഎം തന്നെ അതിനൊക്കെ മുന്‍പ് തയ്യാറായത് നമ്മുടെ മുന്നിലുണ്ട്. ബംഗാളില്‍ ആനന്ദ മാര്‍ഗ്ഗികള്‍ക്ക് നേരെ അവര്‍ അഴിച്ചുവിട്ട അക്രമങ്ങള്‍ തന്നെ അതിനുദാഹരണം. ഒരു സന്യാസിനി ഉള്‍പ്പടെ പതിനേഴ് പേരെയാണ് ബിജോണ് സേതു കൂട്ടക്കൊല എന്നറിയപ്പെടുന്ന സംഭവത്തില്‍ കൊന്നൊടുക്കിയത്. 1982 ഏപ്രില്‍ പത്തിനായിരുന്നു ആ സംഭവം.
വേറൊന്ന് കൂടി ഇന്ത്യ ചരിത്രത്തിലുണ്ട്. ഒഡിഷയിലെ കാന്ധമാലില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ വധമാണത്. വനവാസികള്‍ക്കിടയില്‍ സേവന -ആധ്യാത്മിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന സ്വാമിജിയെ ആക്രമിച്ചത് ക്രിസ്ത്യന്‍ ഗ്രുപ്പുകളും മാവോയിസ്റ്റുകളും ചേര്‍ന്നാണ്. 84 കാരനായ സ്വാമിജിയയെയും നാലു അനുയായികളെയുമാണ് അക്രമികള്‍ വധിച്ചത്. പ്രാര്‍ത്ഥന സഭയിലുള്ള വേളയില്‍ സ്വാമിജിയെ വെടിവെച്ചു; അദ്ദേഹത്തിന്റെ കയ്യും കാലും വെട്ടിമാറ്റി……… ജീവനെടുത്തിട്ടും പകതീരാതെ ആ കൊലപാതകികള്‍ പെരുമാറുന്നതാണ് അവിടെ കണ്ടത്. തങ്ങളുടെ ഇച്ഛക്കനുസരിച്ച് വനവാസികളെ ഉപയോഗിക്കാന്‍ ഈ ക്രൈസ്തവ മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ക്ക് തടസ്സമായി നിന്നിരുന്നത് സ്വാമിജി ആയിരുന്നു എന്നതാണ് മാവോയിസ്റ്റുകളെയും ക്രൈസ്തവ സംഘങ്ങളെയും വിഷമിപ്പിച്ചിരുന്നത്. അങ്ങിനെയാണവര്‍ അന്ന് സ്വാമിജിയെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്യാന്‍ തീരുമാനിച്ചത്. കൊല്‍ക്കത്തയിലെ സിപിഎമ്മുമാര്‍ക്ക് ആനന്ദമാര്‍ഗ്ഗികളോടുള്ള വിദ്വേഷത്തിനും കാരണം മറ്റുചിലതായിരുന്നു എന്നുമാത്രം.
മഹാരാഷ്ട്രയിലെ ഗഡ്കകിഞ്ചിലെ ഗ്രാമത്തില്‍ ഈ കൊലപാതകം അരങ്ങേറിയത് എന്തുകൊണ്ടാണ് എന്നത് വ്യക്തമല്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്നുപറഞ്ഞാണ് നാട്ടുകാര്‍ സന്ന്യാസിമാര്‍ക്ക് നേരെ തിരിഞ്ഞത് എന്നതാണ് ആദ്യ വ്യാഖ്യാനം; അതൊട്ട് വിശ്വാസയോഗ്യമല്ലതാനും. തങ്ങളുടെ ഗുരുനാഥന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി പോയതാണ് മുംബൈക്ക് സമീപമുള്ള ജുനൈ അഖാരയില്‍ പെട്ട രണ്ടു സന്യാസിമാര്‍. നേരായ പാത ലോക്ക് ഡൌണ്‍ കൊണ്ട് അടച്ചിട്ടതിനാല്‍ ആ വഴിപോയതാണ് എന്നതാണ് സൂചനകള്‍. ഗഡ്കകിഞ്ചിലെ ഗ്രാമത്തിലെത്തിയപ്പോള്‍ ഒരു സംഘം അക്രമികള്‍ വാഹനം തടഞ്ഞു. നൂറിലേറെപ്പേര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. എങ്ങിനെ അത്തരമൊരു വലിയ സംഘം ആ സമയത്ത് അവിടെ ഒത്തുകൂടി, എവിടെനിന്ന് എത്തിയവരാണ് എന്നതൊക്കെ ഇനിയും അറിയേണ്ടതായുണ്ട്. അക്രമത്തിന് സംഘം മുതിര്‍ന്നപ്പോള്‍ സന്യാസിമാര്‍ അടുത്തുള്ള ഫോറസ്റ്റ് ഓഫീസില്‍ കയറിച്ചെന്നു; അവിടെ സംരക്ഷണം തേടുകയായിരുന്നു എന്ന് വേണം പറയാന്‍. പിന്നീട് പോലീസ് വന്നശേഷമാണ് പുറത്തിറങ്ങിയത്. സ്വാമിമാരുടെ ഡ്രൈവറാണ് പൊലീസിനെ വിളിച്ചത്. പക്ഷെ പോലീസ് സംഘം ഈ സന്യാസിമാരെയും ഡ്രൈവറെയും ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നു. പോലീസ് സംഘത്തിന് മുന്നിലിട്ടാണ് കൊലപാതകം നടത്തിയത്, അക്രമങ്ങള്‍ അരങ്ങേറിയത്. നേരത്തെ സൂചിപ്പിച്ചുവല്ലോ, കാണാന്‍ വിഷമമുണ്ടാക്കുന്ന ദൃശ്യങ്ങള്‍. എഴുപത് വയസായ ഒരു സന്യാസി വര്യനെ ക്രൂരമായി നടുറോഡില്‍ ആക്രമിക്കുക, അതും നൂറോളം പേര് ചേര്‍ന്ന്. ചെറുപ്പക്കാര്‍ വടിയും മാരകായുധങ്ങളും ഉപയോഗിച്ച് ആ പാവങ്ങളെ തല്ലിച്ചതയ്ക്കുന്നു. ഇതിന് സാക്ഷിയായി കുറെ പോലീസുകാരും. പോലീസ് മാത്രമല്ല കുറെ പൊതുപ്രവര്‍ത്തകരും അക്കൂട്ടത്തിലുണ്ടായിരുന്നു. അറിയപ്പെടുന്ന സിപിഎമ്മുകാര്‍, എന്‍സിപിക്കാര്‍ അടക്കം. അതുകൊണ്ടുതന്നെയാണ് ഈ കൊലപാതകത്തില്‍ ആശങ്കകള്‍ ഏറുന്നത്. ഇക്കൂട്ടരുടെയൊക്കെ മുന്നിലാണ് രണ്ടു സന്യാസിമാര്‍, കാവി വസ്ത്ര ധാരികള്‍, മരിച്ചുവീഴുന്നത്; രക്തം വാര്‍ന്ന മൃതദേഹങ്ങള്‍ ഒരു ചെറു ലോറിയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുചെല്ലുന്നു……… എന്തൊരു ദാരുണമാണ്, എത്ര ഭീകരമാണ് ആ രംഗം. ഇന്ത്യ ഇനിയൊരിക്കലും കാണാന്‍ പാടില്ലാത്ത, രാജ്യത്ത് ഇനിയൊരിക്കലും ഉണ്ടായിക്കൂടാത്ത ഒരു രംഗം തന്നെ.
മഹാരാഷ്ട്രയില്‍ സിപിഎമ്മിന് കുറച്ചു സ്വാധീനമുള്ള ഏക മേഖലയാണ് ഗഡ്കകിഞ്ചിലെ ഉള്‍പ്പെടുന്ന ദാനു നിയമസഭ മണ്ഡലം. അതൊരു വനവാസി മേഖലയാണ്. കേരളത്തിലെ ചില കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെയാണ് അവര്‍ ആ പ്രദേശത്തെ വളര്‍ത്തിക്കൊണ്ടുവന്നത്. സിപിഎം കഴിഞ്ഞാല്‍ പിന്നെ അവിടെ പ്രവര്‍ത്തനം അനുവദിക്കപ്പെട്ടിരുന്നത് ക്രൈസ്തവ വിഭാഗത്തിനുമാത്രമാണ്. മറ്റൊരാള്‍ക്കും ഒന്നിനും സിപിഎമ്മിന്റെ അനുമതി ഇല്ലായിരുന്നു എന്നര്‍ത്ഥം. പക്ഷെ സംഘ – ബിജെപി പ്രസ്ഥാനങ്ങള്‍ അവിടെ പതുക്കെ വേരുറപ്പിക്കാന്‍ ശ്രമം തുടങ്ങി. ആ വനവാസി സമൂഹത്തിനിടയില്‍ സാമാന്യം നല്ല സ്വാധീനവും ഈ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് വളരെ വേഗം ഉണ്ടാക്കാനായി. മുന്‍ എംപി കൂടിയായ ചിന്താമണ്‍വാംഗിയാണ് അതിന് നേതൃത്വമേകിയത്. സിപിഎം തുടര്‍ച്ചയായി വിജയിച്ചിരുന്ന മണ്ഡലത്തില്‍ നിന്ന് ആദ്യമായി 2014- ല്‍ ബിജെപിക്ക് വിജയിക്കാനുമായി. അതോടെയാണ് സിപിഎമ്മുകാര്‍ ആക്രമണം വ്യാപകമായി തുടങ്ങുന്നത്. മുതിര്‍ന്ന ബിജെപി നേതാക്കളുടെ വീടുകള്‍ ആക്രമിച്ചും തീ വെച്ചുമൊക്കെയായിരുന്നു അവരുടെ പ്രതികരണം. എന്നാല്‍ ആ ഗ്രാമങ്ങളില്‍ വേരുറപ്പിക്കാന്‍ സംഘ പ്രസ്ഥാനങ്ങള്‍ക്കായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും അവിടെ ബിജെപി വിജയിക്കേണ്ടതായിരുന്നു; പക്ഷെ സിപിഎമ്മിന് കോണ്‍ഗ്രസ്സും ശിവസേനയും എന്‍സിപിയുമൊക്കെ പിന്തുണ നല്‍കി. തിരഞ്ഞെടുപ്പ് വേളയില്‍ ശിവസേന ബിജെപിക്കൊപ്പമായിരുന്നുവെങ്കിലും അവിടെ അവര്‍ സിപിഎമ്മിനൊപ്പം നിലകൊണ്ടു. ബിജെപിയെ പിന്നില്‍ നിന്ന് കുത്തുകയാണ് ബാല്‍ താക്കറെയുടെ പിന്‍ഗാമികള്‍ അന്ന് ചെയ്തതെന്നര്‍ത്ഥം. ചെറിയ വോട്ടിന്റെ വ്യത്യാസത്തിലാണ് ബിജെപിക്ക് ആ സീറ്റ് നഷ്ടമായത്.
ഈ കൂട്ടക്കൊല, അക്രമങ്ങള്‍ നടക്കുമ്പോള്‍ ആ സ്ഥലത്തുണ്ടായിരുന്നവരില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുമുണ്ട്; എന്‍സിപി നേതാക്കളെയും വിഡിയോയില്‍ കാണാനാവുന്നുണ്ട്. അവരൊക്കെ ഈ മൃഗീയ കൊലപാതകത്തിന് പ്രേരണ നല്‍കി എന്നുവേണം കരുതാന്‍……. അവര്‍ കൂടി ഉള്‍പ്പെട്ട കൊലപാതകമാണ് ഇതെന്നര്‍ത്ഥം. നൂറോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അവരില്‍ സിപിഎം, എന്‍സിപി നേതാക്കളുണ്ട്. ആ അറസ്റ്റ് ഉണ്ടായത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ശേഷമാണ്്.
ഈ മൃഗീയ കൊലപാതകം പുറം ലോകമറിയാതിരിക്കാനാണ് ആദ്യമെ മുതല്‍ സംസ്ഥാന ഭരണകൂടം ശ്രമിച്ചത്. ഒരു ചാനലും ആ വാര്‍ത്ത സംപ്രേഷണം ചെയ്തില്ല; ഏതാണ്ട് 48 മണിക്കൂര്‍ നേരം ഇത് ആരോരുമറിഞ്ഞില്ല എന്നു പറഞ്ഞാല്‍ എല്ലാമായല്ലോ. മുംബൈയില്‍ നിന്ന് അറുപതോ എഴുപതോ കിലോമീറ്ററിനുള്ളില്‍ നടന്ന കൂട്ടക്കൊലയാണ് ഇതെന്നോര്‍ക്കുക; അതും രണ്ടു സന്യാസിമാരുടേത് എന്നതാലോചിക്കുമ്പോഴാണ് മാധ്യമ ഗൂഢാലോചനയുടെ പ്രാധാന്യം ബോധ്യമാവുക. സാധാരണ ഒരു ചെറു അക്രമം ഒരു ചെറു ഗ്രാമത്തിലുണ്ടായാല്‍ പ്രതിഷേധവുമായി രംഗത്തുവരാറുള്ള സാമൂഹ്യ- സാംസ്‌കാരിക നായകന്മാരെയും ആരും കണ്ടില്ല. അവരാരും സന്യാസിമാര്‍ മരിച്ചതില്‍ കണ്ണീര്‍ വാര്‍ത്തില്ല; അവരാരും മെഴുകുതിരി കത്തിച്ചുകൊണ്ട് പ്രതിഷേധിക്കാനെത്തിയില്ല. ഇത്തരമൊരു സുപ്രധാന വാര്‍ത്ത തമസ്‌കരിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ മാധ്യമ പുംഗവന്മാരും തയ്യാറായില്ല. എന്തൊക്കെ പറഞ്ഞാലും, ഈ സംഭവത്തില്‍ ഒരു പ്രതിഷേധം പോലും പ്രകടിപ്പിക്കാത്ത എഡിറ്റേഴ്‌സ് ഗില്‍ഡ് വീണ്ടും സ്വന്തം കാപട്യം വിളിച്ചോതി; അതില്‍നിന്ന് റിപ്പബ്ലിക്ക് ചാനല്‍ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി രാജി പ്രഖ്യാപിച്ചതാണ് ഏറെ പ്രധാനപ്പെട്ട മറ്റൊരു സംഭവം. മാധ്യമ സമൂഹത്തില്‍ അടുത്തുണ്ടായ ശക്തമായ പ്രതികരണങ്ങളില്‍ ഒന്നാണ് അര്‍ണാബിന്റേത് എന്നത് പറയാതെവയ്യ.
വാര്‍ത്ത പുറംലോകമറിഞ്ഞതോടെ പ്രതിഷേധം അണപൊട്ടി. രാജ്യമെമ്പാടും ഹിന്ദു പ്രസ്ഥാനങ്ങള്‍ സന്യാസിമാരുടെ വധത്തിന്റെ പ്രശ്‌നം ഏറ്റെടുത്തു. എന്നാല്‍ ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്നതിനാല്‍ ആ പ്രതിഷേധങ്ങള്‍ക്ക് പരിമിതികളുണ്ടായിരുന്നു……. പക്ഷെ കോടാനുകോടി ഹിന്ദുക്കള്‍ അത് മനസിലേറ്റി എന്നതാണ് വസ്തുത. കേരളത്തില്‍ സന്യാസി സമൂഹം പ്രതിഷേധവുമായി രംഗത്തുവന്നത് കണ്ടു; ഹിന്ദു ഐക്യവേദിയും പ്രതിഷേധ ദിനാചരണത്തിന് തയ്യാറായി. ലോക്ക് ഡൌണ്‍ കഴിഞ്ഞാല്‍ മഹാരാഷ്ട്രയില്‍ വലിയ പ്രതിഷേധ മാര്‍ച്ചിന് സന്യാസി സമൂഹം തയ്യാറാവുന്നു എന്നതാണ് മറ്റൊരു വാര്‍ത്ത. പതിനായിരങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ചിനാണ് അവര്‍ ഒരുക്കം നടത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്യാസിമാരാവും അതിന് നേതൃത്വമേകുക എന്നത് തീരുമാനമായിട്ടുണ്ട്. ഇനി ഒരു ഹിന്ദു സന്യാസിക്ക് പോലും ഇത്തരമൊരു ദാരുണ അനുഭവമുണ്ടായിക്കൂടാ എന്നതാണ് രാജ്യം ഉന്നയിക്കുന്നത്. തീര്‍ച്ചയായും ഈ കേസിലെ പ്രതികളെ മാതൃകാപരമായി നിയമത്തിന് മുന്നിലെത്തിക്കുന്നതും അതിന്റെ ഭാഗം തന്നെയാണ്. കേന്ദ്ര ഏജന്‍സി സംഭവം അന്വേഷിക്കണം എന്നുള്ള ആവശ്യം ഹിന്ദു സമൂഹം ഉന്നയിച്ചതും ഓര്‍ക്കേണ്ടതാണ്.