കൊറോണ എന്ന മാരക പകര്‍ച്ചവ്യാധി ലോകം മുഴുവന്‍ സംഹാരതാണ്ഡവമാടുമ്പോള്‍ ഭാരതം അതിശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ചൈനയിലെ വുഹാനിലുള്ള വൈറോളജി ലാബില്‍ നിന്നും പുറത്തുകടന്നത് എന്നുകരുതുന്ന കൊറോണ വൈറസ് ലോകത്തെ 190-ല്‍ പരം രാജ്യങ്ങളില്‍ ഭീഷണിയായി പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധമരുന്നുകള്‍ ഒന്നും ഇതുവരെ കണ്ടെത്താത്ത ഈ മാരകവ്യാധിയുടെ മുന്നില്‍ സമ്പന്നരാഷ്ട്രങ്ങള്‍ വരെ പകച്ചുനില്‍ക്കുമ്പോള്‍ ആത്മവിശ്വാസത്തിന്റെ കരുത്തുമായി ഭാരതത്തിന്റെ ഭരണനേതൃത്വം അതിന്റെ 130 കോടി ജനങ്ങളെ സംരക്ഷിക്കാന്‍ പ്രതിരോധത്തിന്റെ കോട്ട കെട്ടിയിരിക്കുകയാണ്.
കൊറോണയെ നേരിടാന്‍ സാമൂഹിക അകലം പാലിക്കുക അല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ല. ഇത് തിരിച്ചറിഞ്ഞ അധികൃതര്‍ 24 മണിക്കൂര്‍ ജനതാകര്‍ഫ്യുവിലൂടെ ജനങ്ങളെ മാനസികമായി പകര്‍ച്ചവ്യാധിയെ നേരിടാന്‍ സജ്ജരാക്കി. കൊറോണാ വൈറസ് വ്യാപനത്തിന് 21 ദിവസം വേണമെന്ന ലോകാരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം മുന്‍നിര്‍ത്തി ഭാരതം കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ്. പ്രധാനമന്ത്രി, ദൃശ്യമാധ്യമങ്ങളിലൂടെ തൊഴുകൈകളോടെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത് 21 ദിവസത്തേക്ക് വീട്‌വിട്ട് പുറത്ത് ഇറങ്ങരുത് എന്നായിരുന്നു. ലോകചരിത്രത്തില്‍ ആദ്യമായാണ് ഒരു രാജ്യം ഇത്തരത്തില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്നത്. ലോകത്തിലെ വന്‍ശക്തി രാഷ്ട്രങ്ങള്‍ക്കു പോലും കഴിയാത്ത ധീരമായ നടപടിയാണ് ഭാരതം ഏറ്റെടുത്ത് നടപ്പിലാക്കാന്‍ പോകുന്നത്. വൈവിധ്യങ്ങള്‍ ഏറെയുള്ള ഭാരതത്തിലെ ജനകോടികളെ അച്ചടക്കപൂര്‍ണ്ണമായ ഒരു സമൂഹമാക്കി മാറ്റുന്നതില്‍ നാം എത്രത്തോളം മുന്നേറിക്കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍. 21 ദിവസം രാജ്യം അടച്ചിടുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികളെ പരിഹരിക്കാന്‍ ഭാവിയില്‍ നമുക്ക് ഏറെ കഷ്ടപ്പെടേണ്ടിവന്നേക്കാം. സാമ്പത്തിക പ്രതിസന്ധിയെക്കാള്‍ വലുതാണ് ജനങ്ങളുടെ ജീവന്‍ എന്നു കരുതുന്ന ഭരണകൂടം ഉറച്ച നടപടികളുമായി മുന്നോട്ടു പോയപ്പോള്‍ ഭാരതം ഒറ്റക്കെട്ടായി അതിന്റെ പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇതെഴുതുമ്പോള്‍, ഇതിനോടകം ചൈനയില്‍ 3277, ഇറ്റലിയില്‍ 6820, ഇറാനില്‍ 1934, സ്‌പെയിനില്‍ 2800, അമേരിക്കയില്‍ 658 എന്നിങ്ങനെയാണ് കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങിയവരുടെ കണക്ക്. ലോകത്താകമാനം ഇത് എഴുതുമ്പോള്‍ 25000ത്തിലധികം പേര്‍ കൊറോണ എന്ന പകര്‍ച്ചവ്യാധി ബാധിച്ച് പരലോകം പൂകിക്കഴിഞ്ഞിരിക്കുകയാണ്.
വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇറ്റലിയും ഇറാനും സ്‌പെയിനും ഒക്കെ അധികൃതരുടെ നിര്‍ദ്ദേശങ്ങളെ ലംഘിച്ചില്ലായിരുന്നെങ്കില്‍ ഇത്രയേറെ മരണം അവിടെ സംഭവിക്കുമായിരുന്നില്ല. അവിടെയാണ് ഭാരതവും അതിന്റെ പ്രധാനമന്ത്രിയും ലോകജനതയ്ക്ക് മുന്നില്‍ അത്ഭുതമായി മാറിയിരിക്കുന്നത്. 130 കോടി ജനങ്ങള്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ എന്നപോലെ 21 ദിവസത്തെ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ അത് ലോകത്തിന് തന്നെയുള്ള ഭാരതത്തിന്റെ സന്ദേശമായിരിക്കും. വസൂരിയും പോളിയോയും ഉന്മൂലനം ചെയ്യുന്നതില്‍ ഭാരതം കാണിച്ച മാതൃക, കോവിഡ് – 19നെ തുരത്താനും കാണിക്കുമെന്ന പ്രത്യാശയാണ് ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ ജെ യാന്‍ പ്രകടിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ഭാരതം ലോകത്തിന് വഴികാട്ടിയാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
കൊറോണയെ പ്രതിരോധിക്കുന്നതില്‍ കേരളം കുറച്ചുകൂടി ജാഗ്രത കാട്ടേണ്ടതുണ്ട്. രാജ്യത്തെ കൊറോണ ബാധിതര്‍ മഹാരാഷ്ട്രയില്‍ 128 പേരാണെങ്കില്‍ കേരളത്തില്‍ അത് 112 പേരാണ്. കേരളത്തെ അപേക്ഷിച്ച് പല മടങ്ങ് വലിപ്പമുള്ള മഹാരാഷ്ട്രയുമായി രോഗബാധിതരുടെ എണ്ണത്തില്‍ കേരളത്തിന് വലിയ അന്തരമില്ല എന്ന് കാണാന്‍ കഴിയും. പ്രതിരോധ നടപടികളോടുള്ള മലയാളികളുടെ നിസ്സംഗതയും ജാഗ്രതക്കുറവുംകൊണ്ട് ഒരു മഹാദുരന്തത്തെ നാം വരുത്തിവയ്ക്കരുത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങളോട് നിഷേധ രൂപത്തില്‍ പ്രതികരിച്ച കേരളത്തിലെ ധനമന്ത്രി തോമസ് ഐസക് മലയാളികള്‍ക്ക് മുന്നില്‍ ഒരു നല്ല മാതൃകയാണെന്ന് തോന്നുന്നില്ല. ഉപദേശവും നിര്‍ദ്ദേശവുമല്ലാതെ കേന്ദ്രം മറ്റ് സഹായം ഒന്നും ചെയ്യുന്നില്ല എന്ന തോമസ് ഐസക്കിന്റെ വിലാപത്തെ കാര്യബോധമുള്ള മലയാളി പുച്ഛിച്ചുതള്ളുക തന്നെ ചെയ്യും.
ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ 15000 കോടി രൂപ നീക്കിവച്ച കേന്ദ്രസര്‍ക്കാര്‍ പിന്നീട് ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. 80 കോടി പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി വിതരണം ചെയ്യാന്‍ കേന്ദ്രഗവണ്‍മെന്റ് തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യഗഡുവായ 2000 രൂപ ഏപ്രില്‍ 1ന് അവരുടെ അക്കൗണ്ടുകളിലേക്ക് നല്‍കുന്നതാണ്. അതുപോലെ 20 കോടി വനിത – ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് അടുത്ത മൂന്നു മാസം 500 രൂപ വീതം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുകയാണ്. ആശാവര്‍ക്കര്‍മാര്‍ക്കും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയും പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ഉജ്ജ്വല പദ്ധതിയില്‍പെട്ട 8.3 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇനി മുതല്‍ മൂന്ന് മാസത്തേക്ക് സൗജന്യമായി ഗ്യാസ് സിലിണ്ടറുകള്‍ ലഭ്യമാക്കും. രാജ്യത്തെ സംഭരണ ശാലകളില്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള എല്ലാ ഏര്‍പ്പാടുകളും പൂര്‍ത്തിയായി കഴിഞ്ഞിരിക്കുകയാണ്.
ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് ലോക്ക് ഡൗണില്‍പ്പെട്ട് ഉഴലുമ്പോള്‍ ഭാരതത്തിലെ 130 കോടി ജനങ്ങളെയും ദുരന്തത്തില്‍ നിന്നും കരകയറ്റുവാന്‍ ഉറച്ച തീരുമാനങ്ങളുമായി ഒരു സര്‍ക്കാര്‍ നമുക്കുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം. അച്ചടക്കത്തിന്റെയും കരുതലിന്റെയും 21 ദിവസങ്ങള്‍ ഭാരതം പിന്നിടുമ്പോള്‍ അത് ലോകചരിത്രത്തിന് ഭാരതത്തിന് നല്‍കാനുള്ള പുതിയ കാലത്തിന്റെ സന്ദേശമായിരിക്കും. ‘അടച്ചിരിക്കാം അതിജീവിക്കാം’ എന്ന ആപ്തവാക്യത്തെ നമുക്ക് അച്ചടക്കത്തോടുകൂടി ഏറ്റെടുക്കാം. അതൊരു രാജ്യത്തിന്റെ ഭാവിക്കും പുരോഗതിക്കും അനിവാര്യമായ സംഗതിയാണ്.