വാഴുന്നോര്‍ നെഞ്ചത്തു കൈവെച്ചു. കൂത്തുള്ളക്കാവിലമ്മയ്ക്കു കൂത്തും, നാട്ടുഭരദേവതയായ മുണ്ടിയാന് നാല്‍പ്പത്തിരണ്ടു തിരിയും, ചന്ദനപ്പൂങ്കാവിലയ്യപ്പന് ചന്ദനക്കളഭവും, അല്ലിമലര്‍ക്കാവിലയ്യപ്പന് തിയ്യാട്ടവും കളഭാട്ടവും, കാവില്‍ ഭഗവതി നല്ലമ്മയ്ക്ക് ഊട്ടും പായസവും നേര്‍ന്നു. പുലിദൈവത്തിന് പുലിക്കോലം കെട്ടിയാടിച്ചേക്കാം, ഓമല്ലൂര്‍കാവിലെ പൊന്നമ്മയ്ക്ക് ആനയെ നടയ്ക്കിരുത്താം എന്നും പ്രാര്‍ത്ഥിച്ചു.
നേര്‍ച്ച ഫലിച്ചു. വീണ്ടുവിചാരമുണ്ടായി, ആരോമര്‍ കളരിവാതില്‍ തുറന്ന് മണ്ഡകമുറ്റത്തെത്തി.
”അങ്കത്തിനു ഞാന്‍ തയ്യാര്‍. അങ്കക്കിഴിവെപ്പിന്‍ വാഴുന്നോരെ”
വാഴുന്നോര്‍ക്കു സമാധാനമായി. വീട്ടുകിഴി നാലും നാട്ടുകിഴി നാലും അങ്കക്കിഴി മൂന്നും വെച്ചു.
”എഴുതിവരും ചെലവിന്നു തികയില്ലല്ലോ വാഴുന്നോരേ”
വാഴുന്നോര്‍ പിന്നേയുമൊരേഴു കിഴികൂടി വെച്ചു.
”ഞാന്‍ കെട്ടും കച്ചമെഴുക്കിനില്ലല്ലോ”
പത്തുകിഴി വീണ്ടും വെച്ചൂ വാഴുന്നോര്‍.
”എന്റെ വാളിനും പരിചയ്ക്കും തികയില്ലല്ലോ”
വാഴുന്നോര്‍ അപ്പോള്‍ പതിനാറു കിഴികൂടി വെച്ചു.
”പതിനാറുകിഴിക്കെന്റെ ശിഷ്യന്‍ വരും”
അനന്തരം വാഴുന്നോര്‍ അറുപത്തിനാലു കിഴി വെച്ചു.
”ചന്തൂനെ അയക്കാ”മെന്നായി, ആരോമര്‍.
”ചേകവരേ, ഞങ്ങള്‍ക്ക് അങ്കച്ചേകവരെത്തേടി തഴക്കമില്ല. അങ്കംപിടിച്ചു പഴക്കമില്ല. അങ്കക്കിഴിവെച്ചും ശീലമില്ല. കിഴിപ്പണം എത്രവെയ്ക്കണമെന്ന് ചേകവരുതന്നെ പറഞ്ഞുതന്നാലും”
”ഞാന്‍ അങ്കത്തിനു വരണമെന്നാണെങ്കില്‍, കേട്ടാലും വാഴുന്നോരേ, നിറപറയും നിലവിളക്കും വെയ്ക്കണം. വെള്ളയും കരിമ്പടവും വിരിക്കണം. ഗണപതിക്കു പൂജ കഴിക്കണം. ശേഷം, ആയിരത്തൊന്നു പൊന്‍പണമിട്ടു കെട്ടിയ കിഴി നൂറ്റൊന്നും വെയ്ക്കണം”
അതുകേട്ട് വാഴുന്നോരും നായന്മാരും കൂടി നിറപറയും നിലവിളക്കും വെച്ചു. വെള്ളയും കരിമ്പടവും വിരിച്ചു. ഗണപതിക്കു പൂജ കഴിച്ചു. ചേകവരാവശ്യപ്പെട്ടപ്രകാരം നൂറ്റൊന്നു കിഴികള്‍ വെച്ചു.
”അങ്കപ്പണം എടുത്താലും ചേകവരേ” എന്ന് വാഴുന്നോര്‍ അപേക്ഷ പറഞ്ഞു.
ആരോമര്‍ അച്ഛനെ വിളിച്ചു. വിളികേട്ട് കണ്ണപ്പച്ചേകവര്‍ മണ്ഡകമുറ്റത്തു വന്നു.
”എന്തിനാണ് മകനേ നീ വിളിച്ചത്? ”
”പുത്തരിയങ്കം പുറപ്പാടായച്ഛാ. ഞാന്‍ ഇവരെക്കൊണ്ട് അങ്കപ്പണം വെപ്പിച്ചു”
അതുകേട്ട് കണ്ണപ്പച്ചേകവര്‍ നെഞ്ചത്തു കൈവെച്ചു.
”ചതിച്ചല്ലോടാ പൊന്നുമകനേ. നീ ഓടിക്കളിക്കുന്ന കാലത്ത് നീ ഊട്ടീട്ടൂണ്ണാന്‍ വിധിയില്ലെന്നു
നിനച്ചില്ലല്ലോ മകനേ. ഏറെക്കാലം കൊതിച്ചുണ്ടായ പുത്രനല്ലേ നീ. കുളം കണ്ടേടം കുളിച്ചു. കല്ലുകണ്ടേടം തൊഴുതു. ഓലമേഞ്ഞ ക്ഷേത്രങ്ങള്‍ക്ക് ഓടിടീച്ചു. വഴിയോരങ്ങളില്‍ കുളവും കുത്തിച്ചു. ഒരുനേരം പൂജയുള്ള ക്ഷേത്രങ്ങളില്‍ രണ്ടുനേരം പൂജ കഴിപ്പിച്ചു. എന്നിട്ടുണ്ടായ പൊന്‍മകനേ, നിന്നെ വിറ്റ പണം അച്ഛനു വേണ്ട. ചങ്ങാതിമാരുമായി നീ കളരിയില്‍ പയറ്റുന്ന കാലത്ത്, നീ തരുന്ന കഞ്ഞികുടിപ്പാനാകുമെന്ന് അച്ഛന്‍ നിനച്ചല്ലോ മകനേ. നാഗപുരത്തങ്ങാടിയില്‍ ഇരുമ്പുതൂമ്പ കിടയ്ക്കുമെങ്കില്‍, കൈക്കോട്ടു കിളച്ചു പുലര്‍ത്തിക്കൊള്ളാം എന്റെ മകനെ”
”*നാണിഭക്കേടു പറയല്ലേ അച്ഛാ. അച്ഛന്‍ എന്തിനാണെന്നെ
കളരിവിദ്യ പഠിപ്പിച്ചത്?”
പകരമേതും പറയാതെ അച്ചന്‍ നെഞ്ചത്തു കൈവെച്ചുകൊണ്ട് അകത്തേക്കു കേറിപ്പോയി.
ആരോമര്‍ അമ്മയെ ചൊല്ലിവിളിച്ചു. അമ്മ നാലുകെട്ടിന്റെ പടിയിറങ്ങി വന്നു.
മകന്‍ പുത്തരിയങ്കം കുറിച്ചെന്നു കേട്ടപ്പോള്‍ അമ്മയും നെഞ്ചത്തു കൈവെച്ചു.
”പൊന്നുമകനേ. പുത്രരില്ലാതെ കൊതിച്ചുണ്ടായവനല്ലേ നീ. പട്ടും ചരടും പൊടിപ്പും അരമണിയും കെട്ടിയ നിന്റെ ചന്തം കണ്ട് അമ്മ ആനന്ദിച്ചല്ലോ മകനേ. നീയൂട്ടി ഉണ്ണാന്‍ വിധിയില്ലെന്ന് അമ്മ അന്ന് നിനച്ചില്ലല്ലോ മകനേ. മിറ്റത്തു കുഞ്ഞടി കാണാനും ഉറിയില്‍ ഉറിക്കലം കാണാനും അമ്മ എറെക്കൊതിച്ചുള്ളതല്ലെ. കുളം കണ്ടേടം
കുളിച്ചു. കല്ലു കണ്ടേടം തൊഴുതു. അങ്ങനെ ഉണ്ടായ മകനല്ലേ. നിന്നെ വിറ്റ പണം പുത്തൂരം വീട്ടിലേക്കു വേണ്ട. നാഗപുരത്തങ്ങാടിയില്‍
പരുത്തിപ്പഞ്ഞി വിലയ്ക്കു കിട്ടാനുണ്ടെങ്കില്‍, അമ്മ നൂലുനൂറ്റിട്ടു
കഴിഞ്ഞുകൂടിക്കൊള്ളാം”
അമ്മ നാലുകെട്ടിനകത്തുപോയി അറയില്‍ മെത്തയില്‍ വീണു.
(തുടരും)
*നാണക്കേട്