ലോക ജനത ഭീതിയോടെ നോക്കിക്കാണുന്ന കോറോണയെ ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു കഴിഞ്ഞു. നമ്മുടെ രാജ്യവും ഈ മഹാദുരന്തത്തെ നേരിടുവാന്‍ എല്ലാവിധ തയ്യാറെടുപ്പോടും കൂടി മുന്നോട്ടു പോവുകയാണ്. ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ സാധ്യമായ എല്ലാ നടപടികളും ആവുന്നത്ര വേഗതയില്‍ അതിശക്തമായി എടുക്കുന്നു എന്നു മാത്രമല്ല, അവ അതിസൂക്ഷ്മമായി നിരീക്ഷിക്കുകയും അപര്യാപ്തതകളും തെറ്റുകളും തിരുത്തി മുന്നോട്ടുപോകുന്നതില്‍ അതിസമര്‍ത്ഥമായി വിജയിക്കുകയും ചെയ്യുന്നുണ്ട്. ചൈനയില്‍ കോവിഡ്-19 ആദ്യ പോസിറ്റീവ് സൂചന വന്നത് 2019 ഡിസംബര്‍ 31നാണ്. ഭാരത സര്‍ക്കാര്‍ ഉടന്‍ തന്നെ, ലോകരാജ്യങ്ങളില്‍ ആദ്യമായി, ജനുവരി 8ന് കോവിഡ് -19 പ്രതിരോധ നടപടികള്‍ ആരംഭിച്ചു. വികസിതരാജ്യങ്ങള്‍ പോലും അത്ഭുതത്തോടെയാണ് ഇത് ശ്രവിച്ചതും നോക്കിക്കണ്ടതും. ഈ വൈറസിന്റെ വ്യാപനം നമുക്ക് വളരെ കാര്യക്ഷമമായി നിയന്ത്രിക്കുവാന്‍ സാധിച്ചു. ലോക ആരോഗ്യ സംഘടന പോലും സാമൂഹ്യ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ജനുവരി 30-ാം തീയതി മാത്രമാണ്.
ഡിസംബര്‍ 31 മുതല്‍ തന്നെ ആരോഗ്യ ആഭ്യന്തര, വിദേശ, പ്രതിരോധ, ഉപഭോക്തൃ മന്ത്രാലയങ്ങള്‍ കൂടിയാലോചിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളും നടപടികളും രാജ്യമെമ്പാടും നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്തുവരുന്നു. ആരോഗ്യ മേഖലയില്‍ സംസ്ഥാന തലത്തിലുള്ള തയ്യാറെടുപ്പുകള്‍ക്ക് 2020 ജനുവരി 17 മുതല്‍ നിര്‍ദ്ദേശങ്ങളും, സൂചനകളും കേന്ദ്രസര്‍ക്കാര്‍ നല്‍കി തുടങ്ങി. ജനുവരി 17-ാം തീയതി മുതല്‍ സാമൂഹിക നിരീക്ഷണം, രോഗികളെ പ്രത്യേകം നിരീക്ഷിക്കല്‍, ഒറ്റക്കു താമസിപ്പിച്ചു ചികിത്സ, പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവര്‍ത്തകര്‍, പ്രതിരോധസേനയുടെ ആരോഗ്യദ്രുതകര്‍മ്മ സേന തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ട്, സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണപ്രദേശങ്ങളും കൂട്ടായി ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു.
ജനുവരി 17 മുതല്‍ തന്നെ ദല്‍ഹി, മുംബൈ, കല്‍ക്കത്ത തുടങ്ങിയ വിമാനത്താവളങ്ങളിലും അടുത്ത ദിവസം മുതല്‍ ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊച്ചി തുടങ്ങിയ വിമാനത്താവളങ്ങളിലും രോഗവാഹികളെ കണ്ടെത്തുവാനും തദ്വാര രോഗ വ്യാപനം തടയുവാനും നടപടിസ്വീകരിച്ചു, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് പടരുവാന്‍ സാധ്യതയുള്ള കേരളത്തില്‍ പ്രത്യേകിച്ചും. വിദേശ വിമാന സര്‍വ്വീസുള്ള രാജ്യത്തെ 30 വിമാനത്താവളകളില്‍ ഈ ശക്തമായ നിരീക്ഷണം ഉറപ്പുവരുത്തുന്നതിലും സര്‍ക്കാര്‍ വിജയിച്ചു. ഇത് കൂടാതെ 12 പ്രധാന തുറമുഖങ്ങളിലും 65 ചെറുകിട തുറമുഖങ്ങളിലും യാത്രക്കാരെ കര്‍ശന പരിശോധന നടത്തിമാത്രമെ രാജ്യത്തേയ്ക്ക് പ്രവേശിപ്പിക്കുന്നുള്ളൂ.
വിദേശത്തു ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിലും ഭാരത സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കോവിഡ് ബാധിത രാജ്യങ്ങളില്‍ അപകടകരമാംവിധം ഒറ്റപ്പെട്ടുപോയ 900 ഭാരതീയരെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് എത്തിച്ച് ആവശ്യമായ ചികിത്സ നല്‍കി വരുന്നുണ്ട്. ഇതിന് പുറമേ ഇറ്റലിയില്‍ അതീവ രോഗ വ്യാപന മേഖലയില്‍ ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാരെ ഇന്ത്യയില്‍ എത്തിച്ച് കര്‍ശന നിരീക്ഷണത്തില്‍ ആശുപത്രികളില്‍ ചികിത്സിക്കുന്നുണ്ട്.
രാജ്യത്തെ കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആവശ്യമായ തീരുമാനമെടുക്കുവാനും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആഭ്യന്തര-ആരോഗ്യ – വിദേശ – പ്രതിരോധ മന്ത്രിമാരുടെ ഉന്നതതല സംഘം രൂപീകരിച്ച് മേല്‍നേട്ടം നടത്തുന്നുണ്ട്. ഈ ഉന്നതതല സമിതിയും പ്രധാനപ്പെട്ട എല്ല സെക്രട്ടറിമാരും, ഉയര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരും ഇതുവരെ ആറു പ്രാവശ്യം യോഗം ചേരുകയും സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും സംസ്ഥാനത്തെ വിവിധ വിഷയങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു.
സംസ്ഥാനത്തിന് ആവശ്യമായ മരുന്നു നല്‍കാനുള്ള ദ്രുതകര്‍മ്മസേന, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ടെലഫോണ്‍ ഹെല്‍പ് ലൈന്‍, സായുധസേനയുടെ പ്രത്യേക പരിചരണ സംവിധാനം, ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ 14 ലാബുകള്‍ എന്നിവ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. ഇതെഴുതുമ്പോള്‍ 34 സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളില്‍ 15911 പേര്‍ നിരീക്ഷണത്തിലാണ്.