ചൈനയില്‍ ഉത്ഭവിച്ച് 110 രാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിച്ചുകഴിഞ്ഞ കോവിഡ് -19 എന്ന കൊറോണ വൈറസ് കൊച്ചു കേരളത്തിലും ഭീതിയുടെ നഖമുനകളാഴ്ത്തിക്കഴിഞ്ഞിരിക്കുകയാണ്. ചൈനയേയും ഇറ്റലിയേയും ഇറാനേയും അമേരിക്കയേയും ബാധിച്ചത്ര ഭീഷണമായി കൊറോണ വൈറസ് ഭാരതത്തിലെത്തിക്കഴിഞ്ഞിട്ടില്ല. ഭാരതത്തില്‍ ഇതുവരെ 74 രോഗ ബാധിതരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതില്‍ 17 വിദേശീയരും 57 ഭാരതീയരും ഉള്‍പ്പെടുന്നു. ചൈനയ്ക്ക് പുറത്ത് ഇതിനോടകം 1130 മരണമാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ചൈനയിലെ മരണസംഖ്യയെക്കുറിച്ച് വ്യക്തമായ കണക്കുകള്‍ ആര്‍ക്കും പറയുവാന്‍ സാധിക്കുന്നില്ല. ചൈനയുടെ ജൈവായുധപ്പുരയില്‍ നിന്നും ചോര്‍ന്നുപോയ മാരകമായ വിപത്താണ് കൊറോണ വൈറസ് എന്ന ആശങ്ക നിലനില്‍ക്കേ വസ്തുത ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ട്.
ലോകത്തിലെല്ലാ രാജ്യങ്ങളിലും തൊഴിലെടുത്ത് ജീവിക്കുന്ന മലയാളികള്‍ ഉണ്ട് എന്നുള്ളതുകൊണ്ട് ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിതര്‍ കേരളത്തിലാണുള്ളത്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച ഇറ്റലിയില്‍ നിന്നാണ് കേരളത്തിലേക്ക് കൊറോണാ വൈറസ് എത്തിച്ചേര്‍ന്നത്. ഫലപ്രദമായ പ്രതിരോധ കുത്തിവെയ്പ്പുകളോ ചികിത്സാ വിധികളോ കണ്ടെത്തിയിട്ടില്ലാത്ത ഈ പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ മുന്‍കരുതലെടുക്കുക എന്ന ഒറ്റ വഴിയേ മുന്നിലുള്ളൂ. കേരളം പോലെ ജനസാന്ദ്രത ഏറിയ ഒരു പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുവാനുള്ള സാധ്യത ഏറെയാണ്. ജനങ്ങളില്‍ സംഭീതി വളര്‍ത്താതെ ഐക്യബോധത്തോടെ നേരിടേണ്ട ഒരു പ്രതിസന്ധിയേയാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി 19 രോഗബാധിതരെ ഇതിനോടകം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. രോഗബാധിതരേയും രോഗമുണ്ട് എന്ന് സംശയിക്കുന്നവരേയും സമ്പര്‍ക്ക സാധ്യത ഇല്ലാത്ത സംവിധാനത്തില്‍ പാര്‍പ്പിക്കുക എന്നതാണ് രോഗവ്യാപനത്തിന്റെ സാധ്യതകളെ തടയാനുള്ള പ്രഥമ മാര്‍ഗ്ഗം. രോഗികളുടെ സമ്പര്‍ക്ക സാധ്യത തടയുന്നതിനുവേണ്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി കൊടുത്തിരിക്കുന്നതും ആരാധനാലയങ്ങളില്‍ വരെ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതും. കായികമത്സരങ്ങളും കലാമത്സരങ്ങളും പൊതുയോഗങ്ങളും എല്ലാം ഒഴിവാക്കി അധികൃതരും പൊതുജനങ്ങളും മുന്‍കരുതല്‍ നടപടികളോട് സഹകരിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ മദ്യശാലകള്‍ അടയ്ക്കുവാനോ പൊതുജനങ്ങള്‍ ഏറെ തിങ്ങിക്കൂടുന്ന ബിവറേജസ് ഔട്ട്‌ലറ്റുകള്‍ പൂട്ടുവാനോ ഒന്നും ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കൊറോണ വൈറസ് വ്യാപനത്തിനെതിരെ സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആത്മാര്‍ത്ഥതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ നടപടി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നപേരില്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്ന മാധ്യമ ബഹളങ്ങള്‍ പലപ്പോഴും പരിഹാസ്യമായിപ്പോകുന്നുണ്ട് എന്ന് പറയാതെവയ്യ. കല്യാണ പന്തലിലെ ‘അമ്മാവന്‍ കളി’പോലെയല്ല പ്രകൃതി ദുരന്തങ്ങളേയും പകര്‍ച്ചവ്യാധികളേയും നേരിടേണ്ടത്. പ്രത്യേകിച്ച് കഴിഞ്ഞ നാല് വര്‍ഷമായി ഓഖിയും പ്രളയവും നിപ്പ വൈറസും എല്ലാമെല്ലാമായി ദുരന്തങ്ങളുടെ വേലിയേറ്റം നടന്നുകൊണ്ടിരിക്കുന്ന കേരളത്തില്‍ ഇനിയുമൊരു ക്രൈസിസ് മാനേജ്‌മെന്റ് സംവിധാനം ഉരുത്തിരിച്ചെടുക്കുന്നതില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വിജയിച്ചിട്ടില്ല എന്നു പറയേണ്ടിയിരിക്കുന്നു. രാഷ്ട്രീയ-മതവ്യത്യാസങ്ങള്‍ ഇല്ലാതെ ജനങ്ങളെ ഒരുമിച്ച് നിര്‍ത്തി പ്രതിസന്ധികളെ നേരിടുവാന്‍ ഇനിയും നാം പഠിക്കേണ്ടതുണ്ട്. പ്രതിസന്ധികള്‍ വരുമ്പോള്‍ രാഷ്ട്രീയം പറയരുതെന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാണ് കൊറോണ വൈറസ് ബാധയേയും രാഷ്ട്രീയവത്കരിക്കുന്നത്. പ്രളയദുരിതാശ്വാസങ്ങളിലെ രാഷ്ട്രീയ പൊറാട്ടുകളും ദുരിതാശ്വാസനിധിയുടെ അപഹരണവുമൊക്കെ നടത്തി മുഖം നഷ്ടപ്പെട്ടുപോയ കമ്മ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിതന്നെയാണ് കൊറോണ വൈറസിന്റെ പേരിലും കേന്ദ്രത്തെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്ത് വരുന്നത്. വേനലും മഴയും ദുരന്തമായി മാറിയ കേരളത്തില്‍ കാര്യക്ഷമതയുള്ള ഒരു വൈറോളജി ലാബ് പോലും സ്ഥാപിക്കുന്നതില്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. നിപ്പ പടര്‍ന്നുപിടിച്ചപ്പോള്‍ വൈറോളജി ലാബിന്റെ അഭാവം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതാണ്. പ്രകൃതി ദുരന്തങ്ങളെയും പകര്‍ച്ചവ്യാധികളേയും നേരിടാന്‍ സമര്‍പ്പണ ബോധമുള്ള സന്നദ്ധ പ്രവര്‍ത്തകരെ പരിശീലനം കൊടുത്ത് തയ്യാറാക്കേണ്ടതുണ്ട്. സങ്കുചിത രാഷ്ട്രീയ ബോധത്തിന് അതീതമായി ചിന്തിക്കാന്‍ കഴിയുന്ന ഒരു ഭരണകൂടത്തിനു മാത്രമേ ഇത്തരം കാര്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ കഴിയൂ.
ഒട്ടുമിക്ക വിദേശ രാജ്യങ്ങളും അണുബാധയെ പ്രതിരോധിക്കാന്‍ വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. രോഗബാധയെ കേരളം നിയന്ത്രണത്തിലാക്കിയാലും അതുണ്ടാക്കിയ സാമൂഹ്യ സാമ്പത്തിക ആഘാതത്തില്‍ നിന്നും കേരളം കരകയറുവാന്‍ നാളുകള്‍ പിടിക്കും. ലോകത്തിലും ഭാരതത്തിലും കൊറോണ വൈറസ് ബാധ സാമ്പത്തിക മേഖലയേയും താറുമാറാക്കി കഴിഞ്ഞു. ഓഹരിവിപണിയുടെ തകര്‍ച്ച ഭാരതത്തില്‍ മാത്രം 11 ലക്ഷത്തില്‍ പരം കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന്റെയെല്ലാം അലയൊലികള്‍ കേരളത്തിന്റെ സാമ്പത്തിക മണ്ഡലത്തിലും പ്രതിഫലിക്കാന്‍ പോവുകയാണ്. കേരളത്തിന്റെ ആഭ്യന്തര സാമ്പത്തിക മേഖലയെ പുഷ്ടിപ്പെടുത്തുന്നതില്‍ വിനോദസഞ്ചാര മേഖലയ്ക്കുള്ള പങ്ക് ചെറുതല്ല. കൊറോണബാധയോടെ നമ്മുടെ ടൂറിസം മേഖല ഏതാണ്ട് പൂര്‍ണ്ണമായി സ്തംഭിച്ചിരിക്കുന്നു. കേരളത്തിലെ വിനോദ സഞ്ചാരമാസങ്ങള്‍ ആരംഭിച്ചു തുടങ്ങുന്ന വേളയില്‍ തന്നെയാണ് ഈ പ്രതിസന്ധി വന്നുഭവിച്ചിരിക്കുന്നത്. രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ ഏതാണ്ട് എല്ലാം തന്നെ റദ്ദു ചെയ്ത് കഴിഞ്ഞിരിക്കുന്നു. രോഗബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ടൂറിസ്റ്റ് വിസകള്‍ റദ്ദാക്കുകയും കൂടി ചെയ്തതോടെ വിനോദസഞ്ചാരമേഖലയില്‍ നിന്നുള്ള വരുമാനം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ശൂന്യമായ ഖജനാവുമായി കിഫ്ബിയില്‍ വിശ്വാസമര്‍പ്പിച്ച് കഴിയുന്ന കേരളാ ഗവണ്‍മെന്റിന് ഈ ദുരന്തമുഖത്തുനിന്നും കേരളീയരെ രക്ഷിക്കാന്‍ മാധ്യമസിന്‍ഡിക്കേറ്റുകളുടെ സഹായം പോരാതെവരും.
വിദേശത്തുനിന്നും വന്നവരുടെ ആരോഗ്യ പരിശോധനയില്‍ അധികൃതര്‍ക്കു പറ്റിയ വീഴ്ച രോഗവ്യാപനത്തിന്റെ വ്യാപ്തിയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. കൂനിന്‍മേല്‍ കുരുപോലെയാണ് ഇതിനിടയില്‍ കോഴിക്കോട്ടും മലപ്പുറത്തും പക്ഷിപ്പനി പടര്‍ന്നുപിടിച്ചത്. കോഴിവളര്‍ത്തിയും അലങ്കാര പക്ഷികളെ വിറ്റും ഉപജീവനം തേടിയ നൂറുകണക്കിന് സംരംഭകരുടെ ജീവിതമാണ് ഇതോടെ വഴിയാധാരമായത്. കൊറോണയെ ലോകാരോഗ്യ സംഘടന നിയന്ത്രണത്തിലാക്കാവുന്ന മഹാമാരിയായി പ്രഖ്യാപിച്ച് മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങളെ സംഭീതരാക്കുന്ന വ്യാജവാര്‍ത്തകള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കേണ്ടതാണ്. ഭീതിയുടെ വൈറസ് പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുന്നതിനൊപ്പം രാഷ്ട്രീയ ലാഭം നോക്കിയുള്ള പ്രസ്താവനായുദ്ധങ്ങളും അവസാനിപ്പിക്കേണ്ടതാണ്.
ജനകീയ ജാഗ്രതയാണ് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുവാനുള്ള പ്രഥമ ഔഷധം. ആശങ്കകള്‍ പരത്താതെ ആത്മവിശ്വാസം കൊടുത്തുകൊണ്ട് നമുക്ക് ഒറ്റക്കെട്ടായി കൊറോണ ബാധയെ ചെറുത്തുതോല്‍പ്പിക്കാം. ശാസ്ത്ര സാങ്കേതികരംഗത്ത് ഏറെ പുരോഗമിച്ച അമേരിക്കയില്‍ ഇതിനോടകം 1336 പേര്‍ കൊറോണ വൈറസ് ബാധിതരാവുകയും 38 പേര്‍ മരിക്കുകയും ചെയ്തു. എന്നാല്‍ ഭാരതത്തില്‍ 74 പേര്‍ക്കു മാത്രമാണ് രോഗം ബാധിച്ചത്. ഇതുവരെ രണ്ടുപേര്‍ മാത്രമേ മരണത്തിനു കീഴടങ്ങിയിട്ടുള്ളു. ഇതു സൂചിപ്പിക്കുന്നത് ഭാരതത്തിന്റെ മുന്‍കരുതല്‍ നടപടികള്‍ ഫലപ്രദമായിരുന്നു എന്നാണ്. പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍കൊണ്ട് നമുക്ക് കൊറോണ വൈറസിനെ കീഴടക്കുക തന്നെ ചെയ്യാം.