നാലാം നൂറ്റാണ്ടില്‍ പല്ലവന്മാരുടെ കാഞ്ചീപുര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു പുതുച്ചേരി. പത്തുമുതല്‍ പതിമൂന്നു നൂറ്റാണ്ടുവരെ തഞ്ചാവൂരിലെ ചോളന്മാര്‍ പുതുച്ചേരി അധീനതയിലാക്കി ഭരിച്ചു. പിന്നീടത് പാണ്ഡ്യന്മാരുടെ ഭരണത്തിന്‍ കീഴിലായി. തെക്കെ ഇന്ത്യ മുഴുവന്‍ വ്യാപിച്ചിരുന്ന വിജയനഗരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു പതിനാലാം നൂറ്റാണ്ടില്‍ പുതുച്ചേരി. 1638ല്‍ ബീജാപ്പൂര്‍ സുല്‍ത്താന്‍ പിടിച്ചെടുക്കുംവരെ വിജയനഗരഭരണം തുടര്‍ന്നു. 1674ല്‍ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാകമ്പനി അതിന്റെ തലസ്ഥാനമായി കണ്ടെത്തിയത് പുതുച്ചേരിയെ. 1742 മുതല്‍ 1763 വരെ നീണ്ടുനിന്ന ഇംഗ്ലണ്ട്-ഫ്രഞ്ച് യുദ്ധത്തിനിടെ 1761ല്‍ ബ്രിട്ടന്‍ പുതുച്ചേരി പിടിച്ചെടുത്തു. 1763ലെ പാരീസ് ഉടമ്പടി പ്രകാരം ഫ്രാന്‍സിനു തിരിച്ചുകൊടുക്കുകയും ചെയ്തു. എങ്കിലും 1793ല്‍ വീണ്ടും ബ്രിട്ടന്‍ പുതുച്ചേരി സ്വന്തമാക്കി. 1814ല്‍ വീണ്ടും തിരിച്ചുകൊടുത്തു. 1850ല്‍ ബ്രിട്ടന്‍ ഇന്ത്യയുടെ പൂര്‍ണനിയന്ത്രണം ഏറ്റെടുത്തപ്പോഴും ഫ്രഞ്ച് അധീനതയിലുണ്ടായിരുന്ന നാലു പ്രദേശങ്ങളെ അങ്ങനെ തന്നെ തുടരാന്‍ അനുവദിച്ചു. 1954-ല്‍ ഈ പ്രദേശങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു. നവംബര്‍ ഒന്നിന് പോണ്ടിച്ചേരിയടക്കം നാലു പ്രദേശങ്ങളും കേന്ദ്രഭരണത്തിന്‍ കീഴിലായി. എങ്കിലും ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഔദ്യോഗികമായി കരാറൊപ്പിട്ടത് 1962 ആഗസ്റ്റ് 16നാണ്.
സന്ദര്‍ശകരുടെ പറുദീസയാണ് പുതുച്ചേരി. ഫ്രഞ്ച് സംസ്‌കാരത്തിന്റെയും നിര്‍മ്മാണകലയുടെയും ഏറ്റവും മൂര്‍ത്തമായ അവശേഷിപ്പുകളുള്ള കേന്ദ്രഭരണപ്രദേശം. തമിഴ്‌നാടിന്റെ വടക്കുകിഴക്കേ മൂലയില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തലോടലേറ്റുകിടക്കുന്ന, 492 ചതുരശ്രകിലോമീറ്റര്‍ മാത്രം വ്യാപ്തിയുള്ള മനോഹരദേശം. അഞ്ചേ മുക്കാല്‍ ലക്ഷം ജനസംഖ്യയില്‍ 80.6 ശതമാനവും സാക്ഷരരാണ്. ഏതുകാലത്തും സന്ദര്‍ശക പ്രവാഹമുള്ളതിനാല്‍ ആതിഥേയമര്യാദകളറിയുന്ന നാട്ടുകാര്‍. 2006 വരെ ഈ നാടിന്റെ പേര് പോണ്ടിച്ചേരി എന്നായിരുന്നു. പഴയ ഫ്രഞ്ച് അധിനിവേശപ്രദേശങ്ങള്‍ നാലെണ്ണമാണുള്ളത്. പോണ്ടിച്ചേരി, കാരൈക്കല്‍, മാഹി, യാനം എന്നിവ. വലിപ്പം കൂടിയത് പോണ്ടിച്ചേരിയായതിനാല്‍ സംസ്ഥാനം ആ പേരില്‍ അറിയപ്പെട്ടു. പോണ്ടിച്ചേരിയും കാരൈക്കലും തമിഴ്‌നാട്ടിലും യാനം ആന്ധ്രാപ്രദേശിലുമാണെങ്കില്‍ മാഹി നമ്മുടെ കേരളത്തിലാണ്. ഇന്ത്യയില്‍ ജനസാന്ദ്രതയില്‍ മൂന്നാംസ്ഥാനം പുതുച്ചേരിക്കാണെന്നു അറിയുക.
പുതുച്ചേരി കാണാന്‍ പുറപ്പെടുന്നവരില്‍ മിക്കവാറും എല്ലാവരും ആദ്യം കയറുന്നത് അരവിന്ദാശ്രമത്തിലാണ്. നഗരമധ്യത്തില്‍ തന്നെ സ്ഥിതിചെയ്യുന്ന ആശ്രമം 1926ല്‍ സ്ഥാപിക്കപ്പെട്ടു. മൂന്നുദിവസത്തെ ധ്യാനത്തിനുശേഷം ശ്രീ അരവിന്ദന്‍ തന്നെയാണ് ‘ശ്രീഅരവിന്ദാശ്രമം’ എന്ന പേരു തെരഞ്ഞെടുത്തത്. അദ്ദേഹം അന്നു പറഞ്ഞു: ”ആശ്രമമെന്നാല്‍ ആചാര്യന്റെ മന്ദിരമാണ്. അവിടെ വിദ്യാര്‍ത്ഥികളും ശിഷ്യരും ഒരുമിച്ചുകൂടിയിരുന്ന് അദ്ദേഹത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും ഈശ്വരനെ കണ്ടെത്തുന്നതെങ്ങനെയെന്നു പഠിക്കുകയും ചെയ്യുന്നു.”
ശ്രീഅരവിന്ദന്റെ സങ്കല്പമനുസരിച്ചുതന്നെ, അതേ പവിത്രതയോടെ, സൂക്ഷ്മതയോടെ ഇന്നും ആശ്രമം പരിപാലിക്കപ്പെടുന്നു. കാര്യക്ഷമതയുടെയും ശുചിത്വത്തിന്റെയും പര്യായമായ ‘സത്യസന്ധതയുടെ സ്റ്റോര്‍’, നഴ്‌സിങ് ഹോം, ഡിസ്‌പെന്‍സറി, പോസ്റ്റോഫീസ്, സാധകമന്ദിരങ്ങള്‍, ശ്രീഅരവിന്ദന്റേയും ആശ്രമത്തിലെ അമ്മയുടെയും ഭൗതികദേഹങ്ങള്‍ മറവുചെയ്ത സ്ഥലത്തെ സേവനവൃക്ഷവും ചുറ്റുപാടും – ഇങ്ങനെ കാണാനും അനുഭവിക്കാനും പലതുമുണ്ട് ആശ്രമത്തില്‍.
അരോവില്‍
ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഭാരതത്തിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണ് പുതുച്ചേരിയ്ക്കടുത്തുള്ള അരോവില്‍ (Auroville). അരവിന്ദാശ്രമത്തിലെ അമ്മയുടെ ജന്മസാക്ഷാത്കാരമാണിത്. അരവിന്ദദര്‍ശനത്തെ വ്യാഖ്യാനിച്ചുകൊണ്ട് അവര്‍ പറഞ്ഞിരുന്നു. ”രാഷ്ട്രം സമ്പൂര്‍ണാധികാരം അവകാശപ്പെടാത്ത ഒരു സ്ഥലം ഭൂമിയില്‍ എവിടെയെങ്കിലും ഉണ്ടായിരിക്കണം. ജനങ്ങള്‍ ലോകപൗരന്മാരെന്ന നിലയ്ക്ക് പൂര്‍ണസ്വാതന്ത്ര്യത്തോടെ ഒരൊറ്റ അധികാരിയെ – പരമമായ സത്യത്തെ – മാത്രം അനുസരിച്ചുകൊണ്ടു വാഴുന്ന ഒരു സ്ഥലം. മനുഷ്യന്റെ സംഘര്‍ഷവാസനകള്‍ യാതനകള്‍ക്കും വേദനകള്‍ക്കും മാത്രം എതിരുനില്‍ക്കുന്ന, അവന്റെ ദൗര്‍ബല്യത്തെയും അജ്ഞാനത്തെയും മാത്രം കീഴടക്കുന്ന, അവന്റെ പരിമിതികളുടെയും അശക്തികളുടെയും മേല്‍ വിജയം വരിക്കുന്നവിധത്തില്‍ പരസ്പരധാരണയും സ്വരപ്പൊരുത്തവും കളിയാടുന്ന ഒരു സ്ഥലം.ആത്മാവിന്റെ ആവശ്യങ്ങളും പുരോഗതിയിലുള്ള ശ്രദ്ധയും ഭൗതികാഹ്ലാദങ്ങള്‍ക്കുവേണ്ടിയുള്ള തിരച്ചിലിനുപരിയായി സംതൃപ്തി നേടിയെടുക്കുന്ന ഒരു സ്ഥലം.”
ഈ അതിവിശിഷ്ടഭാവനയുടെ സന്താനമത്രെ പ്രഭാത നഗരം അഥവാ അരോവില്‍. അതൊരു മാതൃകാനഗരമായി വിഭാവന ചെയ്യപ്പെട്ടിരിക്കുന്നു. മാനവ ഐക്യത്തെക്കുറിച്ചും ആഗോളധാരണയെക്കുറിച്ചും ശ്രീ അരവിന്ദനുള്ള ആദര്‍ശങ്ങളെ പ്രതിഷ്ഠിക്കാനുള്ള മാതൃകാനഗരം. 1965ല്‍ അരോവിലിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ അമ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. അവര്‍ സ്വയം സ്‌കെച്ചുവരച്ചു. വൃത്താകൃതിയില്‍ നടുക്കൊരു ശാലയോടുകൂടിയതായിരുന്നു അത്. നഗരത്തിനു വടക്കുപടിഞ്ഞാറായി 15 കിലോമീറ്റര്‍ മാറി വിശാലമായ വനപ്രദേശമാണ് ഇതിനായി തെരഞ്ഞെടുത്തത്. അവിടെ ഒരു പ്രത്യേക സ്ഥാനം അമ്മ ചൂണ്ടിക്കാണിച്ചു. റോജര്‍ ആംഗ്വറെന്ന പ്രശസ്തനായ ആര്‍ക്കിടെക്റ്റ് ആ സ്ഥലത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. വേരുകളില്‍ നിന്നു പുതിയ മരങ്ങളെന്ന മട്ടില്‍ ഒരു പ്രദേശമാകെ പടര്‍ന്നു പന്തലിച്ചു കാണപ്പെട്ട വിശേഷപ്പെട്ട ആല്‍മരമായിരുന്നു അത്. അതായിരിക്കണം അരോവില്ലയുടെ കേന്ദ്രസ്ഥാനം എന്നു തീരുമാനിക്കപ്പെട്ടു. പുതിയ നഗരത്തിന്റെ ബ്ലൂപ്രിന്റ് തയ്യാറാക്കി. വാസസ്ഥാനം, വ്യവസായശാല, സാംസ്‌കാരിക കേന്ദ്രം, അന്താരാഷ്ട്ര കേന്ദ്രം എന്നിങ്ങനെ അതിനു നാലു വിഭാഗങ്ങളുണ്ട്. നടുവില്‍ ‘മാതൃമന്ദിരം’ അഥവാ സത്യദേവതയുടെ ശ്രീകോവില്‍. യുനെസ്‌കോയുടെ പിന്തുണയോടെ അരോവിലിന്റെ പ്രവര്‍ത്തനം ഇപ്പോഴും മുന്നേറുന്നു. 1968 ഫെബ്രുവരി 28ന്, അമ്മയുടെ തൊണ്ണൂറാം വയസ്സില്‍ അരോവില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. പന്ത്രണ്ടു പൂന്തോട്ടങ്ങളാല്‍ വലയം ചെയ്യപ്പെട്ടതാണ് പ്രഭാതനഗരം. ഓരോന്നിന്റെയും പേര് ഇങ്ങനെ: അസ്തിത്വം (Existence), പ്രജ്ഞ (Consciousness), ബ്രഹ്മാനന്ദം (Bliss), പ്രഭ (Light), ചൈതന്യം (Life), വീര്യം (Power), സമൃദ്ധി (Wealth), പ്രയോജനം (Utility), അഭിവൃദ്ധി(progress), താരുണ്യം(Youth), പൊരുത്തം (Harmony), ശ്രേഷ്ഠത (Perfection). പേരുകളിലെ ക്രമം ശ്രദ്ധേയമാണ്. ആദ്യത്തെ മൂന്നു പേരുകള്‍ സംസ്‌കൃതത്തിലെ സത്-ചിത്-ആനന്ദമാണ്. ദൈവികതയുടെ സത്തയാണത്. പരിണാമത്തിന്റെ ആത്യന്തികലക്ഷ്യമായ ശ്രേഷ്ഠത അവസാനം വന്നിരിക്കുന്നു. 1971 അവസാനത്തോടെ ഒരോ പൂന്തോട്ടത്തെയും പ്രതിനിധാനം ചെയ്യുന്ന പൂക്കളെ അമ്മ തെരഞ്ഞെടുത്തു. വെണ്ട, പരുത്തി, ചെമ്പരത്തി മുതലായ ചെടികള്‍ ഉള്‍പ്പെടുന്ന സസ്യഗണത്തില്‍ (Libiscus) നിന്നുള്ള പൂക്കളാണ് തെരഞ്ഞെടുക്കപ്പെട്ടത്, സമൃദ്ധിയ്‌ക്കൊഴികെ. അതേവര്‍ഷം ഫെബ്രുവരി 21ന് മാതൃമന്ദിരത്തിന്റെ ശിലാസ്ഥാപനം നടന്നിരുന്നു. പ്രധാനപ്പെട്ട നാലു തൂണുകളുടെ കോണ്‍ക്രീറ്റിങ്ങ് നടന്നയുടനെ 1973 നവംബര്‍ 17ന് അമ്മ സമാധിയായി. ഇന്ന് അരോവിലിലെ പ്രധാന ആകര്‍ഷണം മാതൃമന്ദിരമാണ്. ഗ്ലോബിന്റെ ആകൃതിയിലുള്ള, സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള, വമ്പന്‍ ധ്യാനകേന്ദ്രമാണിത്. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള മണ്ണ് ശേഖരിക്കപ്പെട്ട അപൂര്‍വ സ്ഥലം. 1400 സ്വര്‍ണ്ണ ഡിസ്‌കുകള്‍ ഇതിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചു. 1979ല്‍ പണി പൂര്‍ത്തിയായ മാതൃമന്ദിരം വര്‍ഷത്തില്‍ മൂന്നു തവണ ലോകത്തെമ്പാടുമുള്ള ശ്രീ അരവിന്ദദര്‍ശനങ്ങളില്‍ വിശ്വസിക്കുന്നവരുടെ കൂട്ടായ ധ്യാനത്തിനുള്ള കേന്ദ്രമാകുന്നു. പുതുവത്സരദിനം, അരോവിലിന്റെ സ്ഥാപകദിനം, ശ്രീ അരവിന്ദജയന്തിദിനം എന്നിവയാണവ.
‘അരോവില്‍ ചാര്‍ട്ടര്‍’ എന്നറിയപ്പെടുന്ന നാലു കാര്യങ്ങള്‍ ഇവയാണ്. ഒന്ന്; അരോവില്‍ മനുഷ്യവര്‍ഗത്തിന്റെ പൊതുസ്വത്താണ്. എങ്കിലും ഇവിടെ താമസിക്കുന്നവര്‍ ദിവ്യാവബോധത്തിന്റെ ഇച്ഛാപൂര്‍വ്വമുള്ള അനുയായികളായിരിക്കണം. രണ്ട്; അരോവില്‍ അവസാനിക്കാത്ത വിദ്യാഭ്യാസത്തിന്റെ, അനുസ്യൂതമായ പുരോഗതിയുടെ, വാര്‍ദ്ധക്യഗ്രസ്തമാകാത്ത യൗവനത്തിന്റെ കേന്ദ്രമായിരിക്കും. മൂന്ന്; അരോവില്‍ ഭൂതഭാവികളെ തമ്മിലിണക്കുന്ന ഒരു പാലമായിരിക്കും. ഭൗതികവും ആത്മീയവുമായ എല്ലാ ആവിഷ്‌കാരങ്ങളെയും പ്രയോജനപ്പെടുത്തി ഭാവിയിലെ സാക്ഷാല്‍ക്കാരങ്ങള്‍ക്കായി പ്രയത്‌നിക്കും. നാല്; അരോവില്‍ യഥാര്‍ത്ഥ മാനവൈക്യത്തിന്റെ ചൈതന്യമുള്ള മൂര്‍ത്തിമദ്ഭാവമായിത്തീരാന്‍ വേണ്ടി ഭൗതികവും ആത്മീയവുമായ ഗവേഷണങ്ങള്‍ക്കുള്ള കേന്ദ്രമായിരിക്കും.
(തുടരും)