1845ല്‍ ജനിച്ച കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ പാഠപുസ്തകസമിതിയില്‍ ഇരുപത്തൊന്നാം വയസ്സില്‍ അംഗമായി. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അധ്യക്ഷനുമായി. പാഠപുസ്തകങ്ങള്‍ അനിവാര്യമായിരുന്നു. ഒന്നുരണ്ടുവര്‍ഷത്തിനകം തന്നെ ഒന്നാംപാഠം, രണ്ടാംപാഠം, മൂന്നാംപാഠം, വിജ്ഞാനമഞ്ജരി, തിരുവിതാംകൂര്‍ ചരിത്രം, ഇന്ത്യാചരിത്രം, ഭൂവിതരണം എന്നിങ്ങനെ പലതരം പുസ്തകങ്ങള്‍ സമിതി പുറത്തിറക്കി. ഇതില്‍ ഏറിയ കൂറും എഴുതിയത് കേരളവര്‍മ്മ തന്നെയായിരുന്നു. സ്വന്തമായി കൃതികള്‍ രചിക്കുകയും മറ്റുള്ളവരുടെ കൃതികള്‍ ചെത്തിമിനുക്കി കുട്ടികള്‍ക്കു പറ്റുന്ന വിധത്തിലാക്കുകയും ചെയ്തു. കഥാകൗതുക മഞ്ജരി, സാരോപദേശകഥകള്‍ എന്നിവ നാലാം ക്ലാസിലെ പാഠപുസ്തകങ്ങളായിരുന്നു. ഗദ്യസാഹിത്യത്തിന് പ്രാധാന്യം നല്കിയതും എടുത്തു പറയണം. ബൈബിള്‍ കഥകള്‍ക്കൊപ്പം ഹിന്ദുമത സംബന്ധിയായ കഥകളും ചേര്‍ത്തു. ആരോഗ്യശാസ്ത്രം, ധനതത്വശാസ്ത്രം, സന്മാര്‍ഗ്ഗപഠനം എന്നിവ ഉള്‍പ്പെടുത്തി. പ്രസാദാത്മകമാണ് രചനാശൈലി. ധാര്‍മ്മികതയിലൂന്നിയ വിദ്യാഭ്യാസമാണ് ആഗ്രഹിച്ചത്. ഗദ്യകൃതികള്‍ ലഭ്യമല്ലാതിരുന്ന കാലത്ത് കുട്ടികള്‍ക്കായി അവ എഴുതിയുണ്ടാക്കാന്‍ ശ്രമിച്ചതിലൂടെ നമ്മുടെ ബാലസാഹിത്യചരിത്രത്തില് സ്വന്തമായൊരു സ്ഥാനം നേടാന്‍ കേരളവര്‍മ്മയ്ക്കു കഴിഞ്ഞു.