പരമേശ്വര്‍ജിയെക്കുറിച്ചുള്ള കേസരിയിലെ ലേഖനങ്ങള്‍ (2020 ഫെബ്രു. 21) വായിച്ചു, ഒരുപാട് ഓര്‍മ്മകള്‍ തികട്ടിവന്നു. കൂടപ്പിറപ്പുകളും അടുത്തറിയുന്നവരും വേര്‍പെട്ടപ്പോള്‍ അനുഭവിച്ച വേദനയേക്കാള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു പരമേശ്വര്‍ജിയുടെ വേര്‍പാട് ഉണ്ടാക്കിയത്. ആ ഭൗതിക ശരീരം തീനാളങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ അവ പോലും വേദനയാല്‍ പുളഞ്ഞിട്ടുണ്ടാവും.
അടിയന്തിരാവസ്ഥയുടെ കറുത്ത ദിനങ്ങളില്‍ മാസങ്ങളോളം അദ്ദേഹത്തോടൊപ്പം എന്റെ വീട്ടിലെ ഒരു മുറിയില്‍ കഴിയാനുള്ള മഹാഭാഗ്യം എനിക്ക് വന്നിട്ടുണ്ട്. ഉറക്കമൊഴിഞ്ഞിരുന്ന് അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനം തോന്നുന്നു. സാധാരണക്കാരായ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ അദ്ദേഹം ഞങ്ങളോട് പെരുമാറി. സി.പി.എമ്മിന്റെ സംസ്ഥാന കമ്മറ്റിയംഗവും യുക്തിവാദി സംഘത്തിന്റെ സംസ്ഥാന പ്രസിഡണ്ടും കരുണാ ഹോസ്പിറ്റലിന്റെ (ചെറുവണ്ണൂര്‍) എം.ഡിയുമായിരുന്ന ഇ.വി. ഉസ്മാന്‍കോയ ഡോക്ടര്‍ രാത്രി 12 മണിക്ക് ശേഷം ഇടവഴിയിലൂടെ അച്ഛന്‍ (രസിക്കാത്ത സത്യങ്ങള്‍ എന്ന നോവലിന്റെ കര്‍ ത്താവ് – ടി. സുകുമാരന്‍) തെളിയിച്ച ടോര്‍ച്ച് വെളിച്ചത്തില്‍ വന്ന് പരമേശ്വര്‍ജിയെ ചികിത്സിക്കുമായിരുന്നു. കൃത്യസമയത്ത് മരുന്നു കൊടുക്കുവാന്‍ ഡോക്ടറും അച്ഛനും എന്നെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. മകനോടെന്നപോലുള്ള സ്‌നേഹമായിരുന്നു എന്നോടും. പിതാവിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പോലെ ആ നിയോഗം എന്നില്‍ വന്നുചേര്‍ന്നു. അത് ഭംഗിയായി നിര്‍വ്വഹിക്കാന്‍ എനിക്ക് സാധിക്കുകയും ചെയ്തു. ജനം ടി.വി.യുടെ ഇന്റര്‍വ്യുവില്‍ സിജു കറുത്തേടത്ത് ഇ.വി. ഉസ്മാന്‍ കോയയോട് ചോദിച്ചു: ‘വ്യത്യസ്ത ആശയം പുലര്‍ ത്തിയിരുന്ന പരമേശ്വര്‍ജിയെ അന്ന് ഒറ്റു കൊടുക്കാത്തത് എന്തുകൊണ്ടായിരുന്നു’ എന്ന്. ‘ഞാന്‍ അനുജനെപ്പോലെ സ്‌നേഹിക്കുന്ന വ്യക്തിയായിരുന്നു ടി.സുകുമാരന്‍. പരമേശ്വര്‍ജിയുമായി അടുത്ത് ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തെ എളുപ്പം മനസ്സിലാക്കാന്‍ സാധിച്ചു. വ്യത്യസ്ത ആശയങ്ങളില്‍ വിശ്വസിക്കുന്നവരായിരുന്നെങ്കിലും മഹത് വ്യക്തിയായിരുന്നു അദ്ദേഹമെന്ന് തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ ശരീരത്തിനേറ്റ രോഗം മാറ്റി രക്ഷിക്കുക എന്ന എന്റെ കര്‍ത്തവ്യം ഞാന്‍ നിറവേറ്റി. അതില്‍ ചാരിതാര്‍ത്ഥ്യം ഇന്നും എനിക്കുണ്ട്.’
‘അമരമാകണമെന്റെ രാഷ്ട്രം വിശ്വവിശ്രുതി നേടണം’ എന്ന ചിന്ത ഊണിലും ഉറക്കത്തിലും ഉരുവിടുകയും സ്വപ്നം കാണുകയും അതിനായി എഴുതുകയും ഗണഗീതങ്ങള്‍ രചിക്കുകയും അധികാരത്തിന്റെ ഭ്രമത്തില്‍ അകപ്പെടാതെ ജീവിക്കുകയും ചെയ്തു. ഇന്ന് ഓരോരുത്തരുടെയും മനസ്സില്‍ ദൈവതുല്യമായ സ്ഥാനം അലങ്കരിക്കുന്ന മഹാത്മാവാണ് പരമേശ്വര്‍ജി.
കന്യാകുമാരിയെ കന്യാമേരി എന്ന് വിളിച്ച് ശ്രീപാദ പാറയില്‍ കുരിശു നാട്ടിയപ്പോള്‍ തിരമാലകളെ കീറിമുറിച്ച് തുഴഞ്ഞെത്തിയവര്‍ ആ കുരിശ് തച്ചു തകര്‍ത്തതുകൊണ്ടാണ്, വിവേകാനന്ദപാറയില്‍ ഇന്നു കാണുന്ന തരത്തില്‍ സ്വാമിയുടെ പ്രതിമ സ്ഥാപിക്കാന്‍ സാധിച്ചത്. ‘ഇതുപോലൊരു പിന്തിരിപ്പന്‍ സംരംഭത്തിന് എന്റെ ഗവണ്‍മെന്റ് നയാപൈസ തരില്ലാ’ എന്ന് പ്രഖ്യാപിച്ച ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ആശയസംവാദത്തില്‍ പലപ്പോഴും പരാജയപ്പെടുത്തിയ പരമേശ്വര്‍ജി പറയുകയുണ്ടായി: ‘ആര്‍.എസ്.എസ്സിന് വാളിനേക്കാള്‍ മൂര്‍ച്ച അവരുടെ ആദര്‍ശത്തിനാണ്.’ ആ ആദര്‍ശത്തെ കീഴടക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ കമ്മ്യൂണിസ്റ്റുകള്‍ ആയുധമെടുത്ത് രക്തപ്പുഴ ഒഴുക്കിയപ്പോള്‍, ‘സംഘര്‍ഷമല്ല സംവാദമാണ് വേണ്ടത്’ എന്ന് പരമേശ്വര്‍ജി ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു. കമ്മ്യൂണിസ്റ്റ് വിഷസര്‍പ്പത്തിന്റെ പത്തിയില്‍ തന്നെയായിരുന്നു എഴുത്തിലൂടെയും വാഗ്‌ധോ രണിയിലൂടെയും പരമേശ്വര്‍ജി പ്രഹരിച്ചുകൊണ്ടിരുന്നത്. ആ മഹാത്മാവിന്റെ സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നു.