”ആരാ മുത്തശ്ശീ ചേകോന്മാര്. അവരെന്തിനാ മറ്റുള്ളോര്‍ക്കുവേണ്ടി അങ്കം വെട്ടുന്നേ?”
”അങ്ങനെയൊരു വര്‍ഗ്ഗണ്ടായിരുന്നു അപ്പൂ, ആ കാലത്ത്. അവരുടെ കുലത്തൊഴിലാണ് അങ്കം വെട്ടല്. ”
”കഷ്ടല്ലേ മുത്തശ്ശീ. അങ്കം വെട്ടി മരിച്ചാല് ആര്‍ക്കാ പോയത് ?”
”അവരടെ കുടുംബത്തിന്. അങ്കം വെട്ടി മരിച്ചാല് വീരസ്വര്‍ഗ്ഗം കിട്ടുംന്നാ ചേകോവരുടെ വിശ്വാസം.” ”അവര്‌ടെ അമ്മേം അച്ഛനും സമ്മതിക്ക്വോ?”
”എന്തു പറഞ്ഞിട്ടാ ചേകവനെ അമ്മേം അച്ഛനും അങ്കംവെട്ടാന്‍
പറഞ്ഞയക്കുക എന്നറിയ്വോ അപ്പൂന് ?”
”എന്തു പറഞ്ഞിട്ടാ?”
”നേരിട്ടു വെട്ടിമരിച്ചതെങ്കില്‍
നാട്ടേക്കു നല്ലൊരു മാനംതന്നെ
വീരാളിപ്പട്ടു വിതാനത്തോടെ
ആര്‍ത്തു വിളിച്ചു എടുപ്പിക്കേണ്ടൂ
എലപുല നന്നായി കഴിപ്പിച്ചേക്കാം
ഒളിവാളു കൊണ്ടു മരിച്ചതെങ്കില്‍
പച്ചോലയില്‍കെട്ടി വലിപ്പിക്കേണ്ടൂ.”
”എന്നാലും മുത്തശ്ശീ –”
”അന്നത്തെ കാലത്ത് അതായിരുന്നു ചേകോരുടെ കുലാചാരം. ചേകോര് എവിടുന്നു വന്നതാന്നറിയ്വോ അപ്പൂന് ? ”
”പറഞ്ഞുതരൂ മുത്തശ്ശീ”
”ഇഴുവത്തു നാട്ടീന്ന്. എന്നു പറഞ്ഞാല്‍ ശ്രീലങ്കേന്ന്. പണ്ട് കേരളദേശത്ത് കളരി അഭ്യാസികളില്ലാതായി. കളരി നടത്താന്‍ ആളില്ലാതായി. ഇഴുവത്തു ദേശത്ത് പടവെട്ടു കുലത്തൊഴിലാക്കിയ കൂട്ടരുണ്ട് എന്നു കേട്ടറിഞ്ഞ് കേരളചക്രവര്‍ത്തിയായ ചേരമാന്‍പെരുമാളു തമ്പുരാന്‍ ഇഴുവത്തുനാട്ടിലെ രാജാവിന്ന് ഓല കൊടുത്തയച്ചു എന്നാണ് കഥ. അങ്ങനെ ഇഴുവത്തു രാജാവ് ചേകോന്മാരുടെ കുറച്ചു കുടുംബങ്ങളെ കേരളദേശത്തേക്കയച്ചു. ആ ചേകോന്മാര്‍ക്ക് ചേരമാന്‍പെരുമാളു തമ്പുരാന്‍ കരമൊഴിവായി വസ്തുവഹകള്‍ ചാര്‍ത്തിക്കൊടുത്തു. ചേകവന്മാര്‍ ദേശംതോറും കളരി കെട്ടി. കളരിയാശാന്മാരായി. ദേശത്തെ ബാലകന്മാരേയും ബാലികമാരേയും കളരിവിദ്യ പഠിപ്പിച്ചു. ഇപ്പൊ അപ്പൂനു മനസ്സിലായില്ലെ ആരാ ചേകവന്മാരെന്ന് ?”
മനസ്സിലായി മുത്തശ്ശീ”
കുറുങ്ങാട്ടിടം വാഴുന്നോരുടെ മൂപ്പിളമത്തര്‍ക്കം അങ്കംവെട്ടിത്തീര്‍ക്കാമെന്ന് തൃപ്പംകോട്ടപ്പന്റെ നടയില്‍വെച്ചു തീരുമാനമായി. അങ്കം വെട്ടാന്‍ ചേകവന്മാരു വേണ്ടെ. ചേകവന്മാരെ തേടിക്കണ്ടുപിടിക്കണം. അവര്‍ പറയുന്ന പൊന്‍പണം കിഴിയായി കെട്ടിക്കൊടുക്കണം.
കോലോസ്ത്രി നാട്ടില്‍ ഏഴങ്കംവെട്ടി ജയിച്ച ഒരു ചേകവരുണ്ടെന്നു കേട്ടു ഉണിച്ചെന്ത്രോര്‍. ഏഴു കളരിക്കാശാനായ അരിങ്ങോടര്‍.
ഉണിച്ചെന്ത്രോരും നായന്മാരും കോലോസ്ത്രി നാട്ടിലെത്തി. അരിങ്ങോടരുടെ വീടു തേടിച്ചെന്നു.
ഉണിച്ചെന്ത്രോര്‍ക്കുവേണ്ടി അങ്കം വെട്ടാന്‍ അരിങ്ങോടര്‍ക്കു സമ്മതം. പൊന്‍പണം ഇത്രയെന്നു പറഞ്ഞുറപ്പിച്ചു. അങ്കത്തില്‍ തോറ്റ ചരിത്രമില്ലാ അരിങ്ങോടര്‍ക്ക്. ‘ഈ അങ്കത്തിലും അരിങ്ങോടരു ജയിക്കും. ഞാനായിരിക്കും കുറുങ്ങാട്ടിടം വാഴുന്നോര്‍ എന്ന് ഉണിച്ചെന്ത്രോര്‍ സ്വപ്നം കണ്ടു.
എങ്ങനേയും അങ്കം ജയിക്കാന്‍ വിരുതുണ്ട് അരിങ്ങോടര്‍ക്ക്. ചതി പ്രയോഗിക്കണമെങ്കില്‍ അതിനും മടിക്കില്ലെന്ന് ഉണിച്ചെന്ത്രോര്‍ കേട്ടിരിക്കുന്നു. അതിനാലാണ് അരിങ്ങോടരെത്തന്നെ അന്വേഷിച്ചു വന്നത്.
”ആട്ടെ, എവിടേ ഉണിച്ചെന്ത്രോരെ അങ്കത്തട്ടു പണിയുന്നത് ?”
”പ്രജാപതി നാട്ടില്‍ നഗരത്തലയ്ക്കല്‍ തൃപ്പംകോട്ടപ്പന്റെ നടയിലാണ് അങ്കത്തട്ടു പണിയുന്നത് ”
”ഒരു കാര്യം ചെയ്യാം. എനിക്കു പരിചയമുള്ള ഒരു വിശ്വകര്‍മ്മനുണ്ട് ഈ കോലോസ്ത്രി നാട്ടില്‍. അവനെക്കൊണ്ട് നമുക്ക് അങ്കത്തട്ടു പണിയിക്കാം”
അങ്ങനെത്തന്നെ എന്ന് ഉണിച്ചെന്ത്രോരു സമ്മതിച്ചു.
ഉണിച്ചെന്ത്രോരും കൂടെ നായന്മാരും അരിങ്ങോടരും വിശ്വകര്‍മ്മനെത്തേടിപ്പോയി.
വിശ്വകര്‍മ്മന്റെ പടിക്കലെത്തി. അവനെ പുറത്തേക്കു വിളിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞേല്‍പ്പിച്ചു. നാളെപ്പുലര്‍ച്ചേ മേലൂരിടത്തിലെത്തിക്കോളാമെന്ന് വിശ്വകര്‍മ്മന്‍ വാക്കു പറഞ്ഞു.
പറഞ്ഞപടി വിശ്വകര്‍മ്മന്‍ മേലൂരിടത്തില്‍ ഹാജരായി. ഉണിച്ചെന്ത്രോരേയും അരിങ്ങോടരേയും കണ്ടുവണങ്ങി. അരിങ്ങോടര്‍ അറുപത്തിനാലു പണം വിശ്വകര്‍മ്മന് എണ്ണിക്കൊടുത്തു.
”ഈ പണം നിന്റെ സന്തോഷ
ത്തിന്. അങ്കത്തട്ടു പണിയുമ്പോള്‍ കൂട്ടത്തില്‍ മുറിപ്പലകവെച്ചുറപ്പിക്കണം. മുറിപ്പലക ചെമ്പാണിക്കു പകരം മുളയാണിയിട്ടു മുറുക്കണം. മനസ്സിലായല്ലോ”