ദേശീയ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ നടന്നിരുന്ന സമരത്തിന്റെ ഒരു മുഖം ഡല്‍ഹിയിലെ ഷഹീന്‍ബാഗ് ആയിരുന്നു. കഴിഞ്ഞ 73 ദിവസമായി സമരം നടത്തിയെങ്കിലും സമരത്തിനെതിരെ കാര്യമായ ഒരു നീക്കവും ദല്‍ഹി സംസ്ഥാന സര്‍ക്കാരിന്റെയോ പോലീസിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഡല്‍ഹി നഗരത്തിന്റെ ഹൃദയമായ കാളിന്ദികുഞ്ജില്‍ നിന്ന് ഡല്‍ഹിയുടെ ഉപനഗരമായ നോയ്ഡയിലേക്കുള്ള ഗതാഗതമാര്‍ഗ്ഗം അടച്ചുകെട്ടിയാണ് സമരം നടത്തിയിരുന്നത്. ഇസ്ലാംമതത്തില്‍പ്പെട്ട സ്ത്രീകള്‍ മാത്രം പര്‍ദ്ദയിട്ട് ബുര്‍ഖയണിഞ്ഞ് തക്ബീര്‍ വിളിച്ച് നടത്തിയിരുന്ന സമരം 73 ദിവസവും സമാധാനപരമായിട്ടാണ് പോയത്. അമേരിക്കയുടെ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് പൊടുന്നനെ കിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇന്ത്യയിലേക്ക് വരും മുന്‍പ് തന്നെ പൗരത്വ നിയമ പ്രശ്‌നത്തില്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ പറഞ്ഞിരുന്നതുകൊണ്ട് ഭാരതത്തിന്റെ പ്രതിച്ഛായ മോശമാക്കി കാട്ടാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ സംഘര്‍ഷം ആസൂത്രണം ചെയ്തത് എന്ന ആരോപണമുണ്ട്.
നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായതിനുശേഷം ഭാരതം അഭിമുഖീകരിച്ചിരുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് ഒരു പ്രതിസന്ധിയുമില്ലാതെ പരിഹാരം കണ്ടെത്തിയത് ഇസ്ലാമിക ഭീകരരെയും പ്രതിപക്ഷ കക്ഷികളെയും ഒരേപോലെ അലോസരപ്പെടുത്തിയിരുന്നു. കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതും മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള നിയമം നടപ്പിലാക്കിയതും സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അയോദ്ധ്യയിലെ രാമജന്മഭൂമി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടതും ഒക്കെ ഭാരത വിഭജനത്തിന് ലക്ഷ്യമിട്ടിരുന്നവരെ അലോസരപ്പെടുത്തുന്നതായിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരുടെ പൗരത്വ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാനുള്ള ശ്രമമെന്ന നിലയില്‍ നിയമഭേദഗതി കൊണ്ടുവന്നത്. ഈ തരത്തില്‍ കാര്യമായ പ്രശ്‌നങ്ങളോ പ്രതിസന്ധികളോ ഇല്ലാതെ വികസനരംഗത്തും അന്താരാഷ്ട്ര രംഗത്തും പുരോഗതിയില്‍ നിന്ന് പുരോഗതിയിലേക്ക് കുതിക്കുമ്പോഴാണ് പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന വ്യാജപ്രചരണവുമായി ഒരുവിഭാഗം രാഷ്ട്രീയ നേതാക്കളും മത തീവ്രവാദികളും രംഗത്തെത്തിയത്. അവര്‍ നടത്തിയ വ്യാജ പ്രചരണത്തെ തുടര്‍ന്നാണ് ഷഹീന്‍ബാഗിലടക്കം മുസ്ലീം സ്ത്രീകള്‍ സമരം തുടങ്ങിയത്. ഇന്ത്യയില്‍ പൗരത്വമുള്ള ഒരാളെയും എന്ത് കുറ്റത്തിന്റെ പേരിലായാലും പുറത്താക്കാന്‍ കഴിയില്ലെന്നിരിക്കെ, സത്യം മറച്ചുവെച്ചുകൊണ്ട് ഇന്ത്യയിലെ മുസ്ലീങ്ങളെ പുറത്താക്കാന്‍ പോകുന്നുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ കിഴക്കന്‍ ഡല്‍ഹിയിലെ മോജ്പൂര്‍ ബാബര്‍പൂര്‍ പ്രദേശങ്ങളിലാണ് ആദ്യം ആക്രമണം നടന്നത്. നേരത്തെ തന്നെ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും പരസ്പരം പോരടിച്ച് പ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറ് തുടങ്ങുകയായിരുന്നു. കല്ലേറ് പിന്നെ ജഫാറാബാദ്, ദായല്‍പൂര്‍ തുടങ്ങിയ മേഖലകളിലേക്കും വ്യാപിച്ചു. വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും തീവെച്ച് നശിപ്പിച്ചു. ജഫാറാബാദില്‍ ഭീകര ബന്ധമുള്ള സംഘടനകളും പ്രവര്‍ത്തകരും സമരത്തിന്റെ ഭാഗമായി സായുധരായി അക്രമത്തിനിറങ്ങി. അമേരിക്കന്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശനമുള്ളതുകൊണ്ട് പോലീസ് സേന പരമാവധി സംയമനത്തിലായിരുന്നു. പ്രസിഡണ്ടിന്റെ സുരക്ഷാചുമതല കൂടി ഉള്ളതുകൊണ്ട് പോലീസിനെ വന്‍തോതില്‍ അതിനുവേണ്ടി വിന്യസിച്ചിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ന്യൂഡല്‍ഹിയിലെ റിപ്പോര്‍ട്ടര്‍ സൗമിത്ര ഘോഷ് കലാപം പൊട്ടിപ്പുറപ്പെട്ട ജഫാറാബാദിലെ സ്ഥിതിഗതികളെ കുറിച്ച് വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച ജഫാറാബാദിലേക്ക് എത്താന്‍ സീലാംപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പോകുമ്പോള്‍ തന്നെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. ജഫാറാബാദില്‍ സ്ത്രീകള്‍ സമരമിരിക്കുന്നിടത്ത് എത്തിയപ്പോള്‍ 800 ലേറെ വരുന്ന ജനക്കൂട്ടം അവിടെ സംഘടിച്ചെത്തിയതിന് അദ്ദേഹം ദൃക്‌സാക്ഷിയായിരുന്നു. ജഫാറാബാദില്‍ പുതിയതായി ആരംഭിച്ച വനിതാ സമരത്തെ തുടര്‍ന്നാണ് അവിടെ മെട്രോ സ്റ്റേഷന്‍ അടയ്‌ക്കേണ്ടിവന്നതും പൗരത്വ നിയമത്തെ അനുകൂലിക്കുന്നവര്‍ ഞായറാഴ്ച കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയതും.
ഈ 800 ഓളം വരുന്ന ജനക്കൂട്ടം തക്ബീര്‍ വിളികള്‍ ഉള്‍പ്പെടെ സ്വാതന്ത്ര്യം വേണമെന്ന മുദ്രാവാക്യമാണ് മുഴക്കിയിരുന്നത്. ഈ ജനക്കൂട്ടം തോക്കും ലാത്തിയും ഇരുമ്പു വടികളും വാളുകളും ഒക്കെ ധരിച്ചവരായിരുന്നു. എല്ലാ ഇടവഴികളിലും ആയുധധാരികളെ കൊണ്ട് നിറഞ്ഞിരുന്നു. സീലംപൂരിലേക്കുള്ള കുറുക്കുവഴി ചോദിച്ചപ്പോള്‍ മക്ബൂല്‍ എന്ന നാട്ടുകാരന്‍ വഴി ചൂണ്ടിക്കാട്ടിയശേഷം ഇവിടെ കറങ്ങി നടക്കുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞു, ”നിങ്ങളൊരു ഹിന്ദുവാണ്. ഇവിടെ കറങ്ങി നടക്കുന്നത് സുരക്ഷിതമല്ല. കലാപം പൊട്ടിപ്പുറപ്പെട്ടാല്‍ പത്രപ്രവര്‍ത്തകനാണ് എന്നൊന്നും ആരും നോക്കില്ല”. തുടര്‍ന്ന് മക്ബൂല്‍ സ്‌കൂട്ടറില്‍ മറ്റ് പത്രപ്രവര്‍ത്തകര്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് തന്നെ എത്തിക്കുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. തുടര്‍ന്ന് മോജ്പൂരിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശത്തേക്ക് പോയി. അവിടെ ജയ്ശ്രീറാം വിളികള്‍ മുഴങ്ങുന്നുണ്ടായിരുന്നു. ഇടവഴികളില്‍ വടികളുമൊക്കെയായി ആളുകള്‍ നടക്കുന്നുണ്ടായിരുന്നു. മോജ്പൂരിലും ഞങ്ങളുടെ മതം അന്വേഷിച്ചു. ഇതായിരുന്നു അദ്ദേഹത്തിന്റെ സംഘര്‍ഷ സ്ഥലത്തു നിന്നുള്ള വിവരണം.
വ്യാഴാഴ്ചയോടെ സംഘര്‍ഷം പൂര്‍ണ്ണമായി അവസാനിച്ചുകഴിഞ്ഞു. ഇതെഴുതുമ്പോള്‍ 42 പേര്‍ മരണമടഞ്ഞു. 300 ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളും ഒക്കെ കത്തി നശിച്ചു. ഇതിനിടെ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് കലാപത്തില്‍ പങ്കുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ്മയെ താഹിര്‍ ഹുസൈന്റെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് സി.സി.ക്യാമറയില്‍ കണ്ടിരുന്നു. അവിടെവെച്ച് അദ്ദേഹത്തെ മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നുവത്രെ. ഓടയില്‍ നിന്നാണ് അങ്കിത് ശര്‍മ്മയുടെ മൃതദേഹം പിന്നീട് കണ്ടെടുത്തത്. താഹിര്‍ ഹുസൈന് എതിരെ കേസെടുത്തതിനെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് അയാളെ സസ്‌പെന്‍ഡ് ചെയ്തു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ചാന്ദ്ബാഗ് പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ താഹിര്‍ ഹുസൈന്‍ മുന്നൊരുക്കം നടത്തിയതായി ആരോപണമുണ്ട്. താഹിര്‍ ഹുസൈന്റെ വീട്ടില്‍ നിന്ന് പെട്രോള്‍ ബോംബ്, കല്ല് നിറച്ച ചാക്കുകള്‍, ആസിഡ് നിറച്ച ചെറു കവറുകള്‍ തുടങ്ങിയവയൊക്കെ കണ്ടെടുത്തു. ഹുസൈന് എതിരെ കൊലക്കുറ്റത്തിനാണ് ദയാല്‍പൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ആയുധങ്ങള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് താഹിര്‍ ഹുസൈന്റെ ഫാക്ടറിയും വീടും അധികൃതര്‍ പൂട്ടി മുദ്രവെച്ചു.
ഡല്‍ഹിയിലെ ക്രമസമാധാന പാലനത്തിന്റെ ചുമതല ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഏല്‍പ്പിച്ചു. 113 കമ്പനി സായുധ പോലീസിനെ തലസ്ഥാന നഗരിയില്‍ ചൊവ്വാഴ്ചയോടെ വിന്യസിച്ചു. ഡല്‍ഹിയിലെ ഭജന്‍പുര, ചാന്ദ്ബാഗ്, മോജ്പൂര്‍, കര്‍ദംപുരി, ജഫ്‌റാബാദ്, അശോക് നഗര്‍, ശിവ വിഹാര്‍ എന്നിവിടങ്ങളിലാണ് ഗുരുതരമായ രീതിയില്‍ സംഘര്‍ഷം അരങ്ങേറിയത്. ഇതിനിടെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ജനക്കൂട്ടത്തിനുനേരെ വെടിവെച്ച ഷാരൂഖ് എന്ന ആളിനെ പോലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. ജഫ്‌റാബാദ്, ചാന്ദ്ബാഗ് എന്നിവിടങ്ങളില്‍ സി.എ.എ വിരുദ്ധ സമരവുമായി ഒത്തുകൂടിയവര്‍ ഗതാഗതം തടഞ്ഞതിനെ തുടര്‍ന്നാണ് എ.എ.പിയില്‍ നിന്ന് ബി.ജെ.പിയില്‍ എത്തിയ നേതാവ് കപില്‍ മിശ്ര സംഭവസ്ഥലത്ത് എത്തിയത്. ഗതാഗതം തടഞ്ഞ് സമരം നടത്താന്‍ ആവില്ലെന്നും സമരക്കാരെ മൂന്നുദിവസത്തിനകം ഒഴിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരു വിഭാഗങ്ങളും പ്രകടനം നടത്തി പിരിഞ്ഞു പോയതിനുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ സി.എ.എ വിരുദ്ധ സമരക്കാര്‍ ഇരു സ്ഥലത്തും ഇതര മതസ്ഥര്‍ക്കെതിരെ കല്ലേറ് തുടങ്ങിയതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
കലാപത്തിലെ ഇസ്ലാമിസ്റ്റ് നേതൃത്വം
അങ്കിത്ശര്‍മ്മ എന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്റെ മൃതദേഹം ചാന്ദ്ബാഗിലെ അഴുക്കുചാലില്‍ നിന്നാണ് കിട്ടിയത്. ജോലി കഴിഞ്ഞു വരുന്ന തന്റെ മകനെ താഹിറിന്റെ വീട്ടില്‍ നിന്നും ഇറങ്ങിവന്ന ഇരുപതോളം പേര്‍ ബലം പ്രയോഗിച്ചു കൊണ്ടു പോവുകയായിരുന്നു എന്ന് അങ്കിതിന്റെ അച്ഛന്‍ പറഞ്ഞു. ഹിന്ദുസംഘടനകളാണ് കലാപമഴിച്ചുവിട്ടത് എന്ന് ഇടത് ഇസ്ലാമിസ്റ്റ് വിഭാഗങ്ങളും ചില മാധ്യമങ്ങളും പ്രചരിപ്പിക്കുമ്പോഴാണ് താഹിര്‍ ഹുസൈന്റെ വീട്ടില്‍ നിന്നും വന്‍ ആയുധശേഖരം പിടികൂടിയത്. ഇതു സംബന്ധിച്ച വാര്‍ത്ത മലയാള മാധ്യമങ്ങള്‍ മുക്കിക്കളയാന്‍ ശ്രമിച്ചു. പെട്ടികളിലാക്കി സൂക്ഷിച്ച പെട്രോള്‍ ബോംബുകള്‍, ആസിഡ് കുപ്പികള്‍, ഇഷ്ടികകള്‍, കല്ലുകള്‍, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങിയവ ഈ വീടിനു മുകളില്‍ നിന്നും കണ്ടെടുത്തു. കല്ലെറിയാനുള്ള കവണകള്‍, ബോംബു പ്രയോഗിക്കാനുള്ള തെറ്റാലികള്‍ എന്നിവയും കണ്ടെത്തി. അവിടെ ഒരു ഫാക്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്.
നസീര്‍ സലാം എന്ന പേരിലുള്ള യു.പിയില്‍ നിന്നുള്ള അക്രമിസംഘമാണ് കലാപം അഴിച്ചുവിട്ടത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലോറിയിലാണ് ഇവര്‍ വന്നിറങ്ങിയത്. അവര്‍ ആക്രമത്തില്‍ വ്യാപകമായി തോക്കുകള്‍ ഉപയോഗിച്ചിരുന്നു. വെടിവെക്കലും തീയിടലുമായിരുന്നു ഇവരുടെ രീതി. ഹിന്ദുവീടുകള്‍ തെരഞ്ഞുപിടിച്ച് തീയിടുന്നത് പ്രകടമായിരുന്നു.ദല്‍ഹിയില്‍ പള്ളി തീയിട്ടു എന്നത് വ്യാജവാര്‍ത്തയാണ്. ചില മദ്രസകള്‍ തീയിട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനെയാണ് പള്ളിതീയിട്ടു എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. ഇതേ പോലെ സ്‌കൂളുകള്‍ വ്യാപകമായി തീയിട്ടിട്ടുണ്ട്. ഇതുപോലെ വ്യാപകമായി തീയിട്ടത് ടയര്‍ കടകളാണ്. ഗുണ്ടുകള്‍ പൊട്ടിച്ച് ഭയപ്പെടുത്തി ആളുകള്‍ ഓടിപ്പോകുമ്പോള്‍ വീടുകള്‍ കൊള്ളയടിക്കുകയും തീയിടുകയും ചെയ്യുന്നതാണ് കലാപത്തിന്റെ മറ്റൊരു രീതി. തീവണ്ടി തീയിട്ട് ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയ ഗോധ്ര സംഭവത്തിന്റെ ആവര്‍ത്തനമാണ് മുസ്ലീം ആക്രമികള്‍ ആഗ്രഹിച്ചതെന്ന് സംശയിക്കുന്നു.
കലാപത്തിന്റെ നാള്‍വഴി
ഫെബ്രു.22: ജെഫ്‌റാബാദ് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിനു മുന്‍വശം രാവിലെ 11 മണി, 500 ഓളം മുസ്ലീം സ്ത്രീകള്‍ ഷെഹിന്‍ബാഗ് മാതൃകയില്‍ റോഡ് തടഞ്ഞ് സമരത്തിനിറങ്ങി. പോലീസ് അവരോട് ഒഴിഞ്ഞു പോകാന്‍ പറഞ്ഞപ്പോള്‍ കൂടുതല്‍ പേര്‍ സ്ഥലത്തെത്തി. രണ്ടാം ഷഹീന്‍ബാദ് എന്ന് അവര്‍ അവകാശവാദമുന്നയിച്ചു വഴി തടഞ്ഞു.
ഫെബ്രു. 23: ഭീം ആര്‍മിക്കാരുടെ ബന്ദ്. കലാപത്തിനുള്ള കളമൊരുക്കല്‍.
ഫെബ്രു. 24: ബോജ്പ്പൂരില്‍ സി.എ.എയ്ക്ക് അനുകൂലമായ ബി.ജെ.പി. പൊതുയോഗം. കപില്‍ മിശ്രയുടെ പ്രസംഗം. 11 മണിയ്ക്ക് ജെഫ്‌റാബദില്‍ പെട്രോള്‍ പമ്പിനുമുമ്പിലുള്ള ബൈക്കിനു തീയിട്ടു. ഇതോടെ സംഘര്‍ഷം തുടങ്ങി. അമേരിക്കന്‍ പ്രസിഡണ്ട് ട്രമ്പ് എത്തുന്ന ദിവസം തന്നെ അതിനായി തിരഞ്ഞെടുത്തു.
ഫെബ്രു. 25: കലാപം പടര്‍ത്താന്‍ ശ്രമം. ട്രമ്പ് തിരിച്ചുപോയതോടെ കലാപക്കാര്‍ അക്രമം നിര്‍ത്തി.
അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് മടങ്ങിയതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും പലതവണ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സമാധാനം പാലിക്കാന്‍ പ്രധാനമന്ത്രി നേരിട്ടുതന്നെ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ഡല്‍ഹി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിനെ സമാധാനപാലന ശ്രമത്തിനിടെ കലാപകാരികള്‍ കൊല്ലുകയായിരുന്നു. രത്തന്‍ലാല്‍ അക്രമികളുടെ വെടിയേറ്റാണ് മരിച്ചത്. സമാധാനം പാലിക്കാന്‍ അക്രമികള്‍ക്കിടയിലിറങ്ങിയ ഒരു ഡെപ്യൂട്ടി കമ്മീഷണറെ ജനക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശില്‍ നിന്ന് എത്തിയ തീവ്ര ഇസ്ലാമിക ഭീകരരും ഗുണ്ടകളുമാണ് അക്രമത്തിന് പിന്നിലെന്ന് ഡല്‍ഹി പോലീസ് കണ്ടെത്തിക്കഴിഞ്ഞു. മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശത്തോട് തൊട്ടുകിടന്ന സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ അക്രമം നടന്നത്. മുസ്തഫാബാദിലെ 30 വര്‍ഷം പഴക്കമുള്ള സ്‌കൂള്‍ നശിപ്പിച്ചവരില്‍ പലരെയും ആ പ്രദേശത്തുപോലും നേരത്തെ കണ്ടിട്ടില്ലെന്ന് സ്‌കൂള്‍ ഉടമസ്ഥനായ അഭിഷേക് ശര്‍മ്മ പറയുന്നു. 800 റോളം വിദ്യാര്‍ത്ഥികളാണ് ഈ സ്‌കൂളില്‍ പഠിച്ചിരുന്നത്. 1000 ത്തോളം സായുധ അക്രമികള്‍ സ്‌കൂളിലെത്തി അക്രമം നടത്തുകയായിരുന്നു. സ്‌കൂളിലെ ഗ്രന്ഥശാലയും അക്രമികള്‍ തകര്‍ത്ത് തീയിട്ടു.
72 ദിവസം ഒരു സംഘര്‍ഷവും പ്രശ്‌നവുമില്ലാതെ പോയിരുന്ന പൗരത്വ നിയമ വിരുദ്ധ സമരം പൊടുന്നനെ അക്രമാസക്തമായത് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെ വരവോടെയാണ്. ഇവിടെ സംഘര്‍ഷമുണ്ടെന്ന് വരുത്താന്‍ തീവ്ര ഇസ്ലാമിക സംഘടനകള്‍ മനപ്പൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു എന്നാണ് സൂചന. 500 ലേറെ ആളുകളെ കലാപം സൃഷ്ടിച്ചതിന് കസ്റ്റഡില്‍ എടുത്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥനായ രത്തന്‍ലാല്‍ വെടിയേറ്റാണ് മരിച്ചതെങ്കില്‍ അങ്കിത് ശര്‍മ്മ നിരവധി കത്തിക്കുത്തുകളേറ്റാണ് മരിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും പത്രപ്രവര്‍ത്തകര്‍ക്കെതിരെയും നിരവധി അക്രമസംഭവങ്ങളാണ് ഉണ്ടായത്. ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്ണിന്റെ റിപ്പോര്‍ട്ടര്‍ റഷീദ് ഉദ്ദീനും അക്രമികളുടെ കൈയില്‍പ്പെട്ടു. മാധ്യമപ്രവര്‍ത്തകാണെന്നു പറഞ്ഞിട്ട് രക്ഷപ്പെടാന്‍ കഴിയാതെ വന്നപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണൂ, ഞാന്‍ മുസ്ലീമാണ്, കേരളാ ചാനലില്‍ നിന്നാണ് എന്നൊക്കെ പറഞ്ഞാണ് തടി കഴിച്ചിലാക്കിയത്. വെടിയുണ്ടയേറ്റവരും പല്ലടിച്ച് പൊളിക്കപ്പെട്ടവരും ഒക്കെ നിരവധിയാണ് ഇക്കൂട്ടത്തില്‍.
പക്ഷേ, ചില മാധ്യമങ്ങള്‍ തികച്ചും നിരുത്തരവാദപരമായി അബദ്ധജടിലമായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു. ജാമിയ മിലിയയില്‍ വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ വെടിവെയ്പ് ഉണ്ടായെന്നു പറഞ്ഞ് വാര്‍ത്ത കൊടുത്തതിനെ തുടര്‍ന്നാണ് കോഴിക്കോട്ടും തിരുവനന്തപുരത്തും അടക്കം പല ഭാഗങ്ങളിലും മയ്യത്തില്ലാതെ മയ്യത്ത് നിസ്‌കാരം നടത്തിയത്. തിങ്കളാഴ്ച രാത്രി കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷവും ഏതാണ്ട് ഇതേ രീതിയിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. മുസ്ലീംപള്ളി കത്തിച്ചെന്നും പള്ളി പൊളിച്ചെന്നും ഒക്കെയുള്ള ആരോപണങ്ങള്‍ പുറത്തുവിട്ടത് മതനിരപേക്ഷവാദികളായ മാധ്യമപ്രവര്‍ത്തകര്‍ തന്നെയായിരുന്നു. വര്‍ഗ്ഗീയ കലാപങ്ങളും സംഘര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദയും കോടതി ഉത്തരവും പാലിക്കാതെ ഹിന്ദു മുസ്ലീം വൈരത്തിനും സംഘര്‍ഷത്തിനും എരിതീയില്‍ എണ്ണ പകരുകയായിരുന്നു.
പല മാധ്യമപ്രവര്‍ത്തകരുടെയും പൂര്‍വ്വകാല ജീവിതത്തിലെയും വിദ്യാഭ്യാസകാലത്തെയും രാഷ്ട്രീയബന്ധം മറനീക്കി പുറത്തുവരാന്‍ ഇടയാക്കിയതും കലാപത്തില്‍ എണ്ണ പകരുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ തന്നെയായിരുന്നു. വ്യാഴാഴ്ച രാത്രി വൈകി ഡല്‍ഹി പോലീസ് പുറത്തുവിട്ട മരിച്ച 38 പേരുടെ വിശദാംശങ്ങള്‍ ശ്രദ്ധേയമാണ്. ഒരു പോലീസ് ഉദ്യോഗസ്ഥനും ഒരു ഇന്റലിജന്‍സ് ഉദ്യോഗസ്ഥനും ഒഴികെ മരിച്ചവരില്‍ ബാക്കി 36 പേരും സാധാരണക്കാരായിരുന്നു. അവരില്‍ 21 പേര്‍ വെടിയുണ്ടയേറ്റാണ് മരിച്ചത്. നാലുപേര്‍ കത്തിക്കുത്ത് ഏറ്റും നാലുപേര്‍ അടിയേറ്റും മരിച്ചപ്പോള്‍ മൂന്നുപേര്‍ അടിയും പൊള്ളലുമേറ്റാണ് മരിച്ചത്. മരിച്ചവരില്‍ 30 പേരും പുരുഷന്മാരാണ്. ഒരാള്‍ സ്ത്രീയും. ബാക്കിയുള്ളവര്‍ പുരുഷനോ സ്ത്രീയോ എന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധത്തിലായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ല് ചര്‍ച്ചയ്ക്കുശേഷം അംഗീകരിച്ച് രാഷ്ട്രപതി തുല്യം ചാര്‍ത്തി മുദ്രവെച്ചതിനുശേഷവും നിയമം മുസ്ലീങ്ങള്‍ക്ക് എതിരാണെന്നും ഇന്ത്യയിലെ മുസ്ലീങ്ങള്‍ രാജ്യത്തിന് പുറത്തു പോകേണ്ടി വരുമെന്നും പ്രചരിപ്പിച്ച കോണ്‍ഗ്രസ്സും ഇസ്ലാമിക ഭീകര സംഘടനകളും സി.പി. എമ്മുമാണ് യഥാര്‍ത്ഥത്തില്‍ ഡല്‍ഹി കലാപത്തിന്റെ ഉത്തരവാദികള്‍. ഷഹീന്‍ബാഗ് അടക്കം ഡല്‍ഹിയിലെ സമരവേദികളില്‍ കുത്തിയിരിപ്പ് സത്യാഗഹം നടത്തുന്നത് മുസ്ലീം സമുദായത്തില്‍പ്പെട്ട പര്‍ദ്ദയിട്ട സ്ത്രീകളാണ്. ഇവരില്‍ പലരും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ചില കോളനികള്‍ നിന്നു വന്നവരും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുമായിരുന്നു. കാശ്മീരില്‍ 500 രൂപ ദിവസക്കൂലിക്ക് സൈനികരെ കല്ലെറിയാന്‍ വന്നവരെ പോലെ ബിരിയാണിക്കും ദിവസക്കൂലിക്കും വന്നവരാണ് സമരക്കാരില്‍ ഏറെയും എന്ന ആരോപണവും ഉണ്ടായിരുന്നു. സമരക്കാരെ സംഘടിപ്പിച്ചത് ആരാണ്, അവരെ കൊണ്ടുവന്നത് ആരാണ്, അവര്‍ക്ക് യാത്രാസൗകര്യവും പണവും നല്‍കുന്നത് ആരാണ് തുടങ്ങിയവയുടെ ഉത്തരം തന്നെയാണ് പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരത്തിനും ഡല്‍ഹിയിലെ കലാപങ്ങള്‍ക്കുമുള്ള ഉത്തരം.
കോടിക്കണക്കിന് രൂപയുടെ വിദേശപണം ഒഴുക്കുന്ന തീവ്ര ഇസ്ലാമിക ഭീകര സംഘടനകളാണ് സാധാരണക്കാരായ മുസ്ലീങ്ങളെ കൂടി തെറ്റിദ്ധരിപ്പിച്ച് സമരരംഗത്തേക്ക് തള്ളിവിടുന്നത്. തെറ്റിദ്ധാരണ പടര്‍ത്തി മുസ്ലീങ്ങളെയും ഹിന്ദുക്കളെയും പരസ്പരം പോരടിപ്പിച്ച് സ്വതന്ത്ര ഭാരതത്തില്‍ ഒന്നിച്ചുപോകാന്‍ ആകില്ലെന്ന സന്ദേശം പടര്‍ത്തുന്ന ഇസ്ലാമിക ഭീകര സംഘടനകളാണ് അപകടകാരികളെന്ന് ഇന്ത്യയെ സ്‌നേഹിക്കുന്ന മുസ്ലീമും ഹിന്ദുവും തിരിച്ചറിയണം. ദേശീയ പൗരത്വ നിയമം നിലവിലുള്ള ഒരു ഇന്ത്യന്‍ പൗരനെയും അവരുടെ പരമ്പരകളെയും ബാധിക്കുന്നതല്ല. ഒരു പൗരനെയും ഭാരതത്തില്‍ നിന്ന് ഇറക്കിവിടാന്‍ ഒരു സര്‍ക്കാരിനും സാധിക്കുകയുമില്ല. സ്വാതന്ത്ര്യത്തിനു മുന്‍പ് ജിന്നയുടെ ലീഗ് ഉപയോഗിച്ച ദ്വിരാഷ്ട്രവാദ സിദ്ധാന്തം പുതിയ കുപ്പിയില്‍ വീണ്ടും ഭാരതത്തെ വിഭജിക്കാന്‍ ഉപയോഗിക്കാനാണ് അവരുടെ ശ്രമം.
പ്രക്ഷോഭത്തിന്റെ പിന്നില്‍ ആശയവും പണവുമായെത്തിയ ഇസ്ലാമിക ഭീകര സംഘടനകളുടെ സാന്നിധ്യം പ്രകടമാണ്. മതത്തിന്റെ പേരില്‍ ഒരിക്കല്‍ ഭാരതത്തെ വിഭജിച്ച് പാക്കിസ്ഥാന്‍ നേടിയ അവര്‍ക്ക് ഇനിയും വേണ്ടത് ഭാരതത്തിന്റെ വിഭജനമാണ്. പക്ഷേ, ഭാരതത്തെ സ്‌നേഹിക്കുന്ന മുസ്ലീങ്ങള്‍ക്ക് അതിന് കഴിയുമെന്ന് തോന്നുന്നില്ല. നിറം പിടിപ്പിച്ച നുണകള്‍ കൊണ്ട് തെറ്റിദ്ധരിപ്പിച്ചവരെ തിരിച്ചുകൊണ്ടു വരാന്‍ നടത്തുന്ന ശ്രമത്തിന്റെ പിന്നില്‍ ദേശീയതയുടെ ആശയമുണ്ടെന്നതും ശ്രദ്ധേയമാണ്. കലാപത്തിന്റെ പേരില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. അന്വേഷണം തുടരുകയാണ്. മതത്തിന്റെ പേരില്‍ വിദ്വേഷവും കലാപവും ഇല്ലാത്ത ഒരു പുതിയ ഭാരതത്തിലേക്ക് നമുക്ക് മടങ്ങേണ്ടതുണ്ട്. സംഘര്‍ഷം തുടങ്ങിവെച്ച ദേശവിരുദ്ധ ഭീകരശക്തികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതുമുണ്ട്. കലാപങ്ങള്‍ മാത്രമല്ല, ഭാരതത്തിന് എതിരെ നടക്കുന്ന എല്ലാ ശ്രമങ്ങളുടെയും ലക്ഷ്യം കേന്ദ്രത്തിലെ ശക്തമായ സര്‍ക്കാര്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം കൂടിയാണ്. ഒരുവിഭാഗം മാധ്യമങ്ങള്‍, ഇടത് ബുദ്ധിജീവികള്‍ എല്ലാത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിടുന്നതിന്റെ കാരണവും ഇതുതന്നെയാണ്. ദേശീയ പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ ഏതെങ്കിലും ഒരു മുസ്ലീമിനെ ബാധിക്കുമെങ്കില്‍ അത് തെളിയിക്കാനുള്ള വെല്ലുവിളി ഇനിയും ഒരാളും ഏറ്റെടുത്തിട്ടില്ല. അതുതന്നെയാണ് ഈ സമരത്തിന്റെയും പിന്നാലെയുണ്ടായ കലാപത്തിന്റെയും പിന്നിലെ കള്ളത്തരം. ഒരുപറ്റം മതഭീകരരും ഇടത് പത്രപ്രവര്‍ത്തകരും ബുദ്ധിജീവികളും ചേര്‍ന്ന് ഭാരതത്തെ അസ്ഥിരപ്പെടുത്താനും ദുര്‍ബലപ്പെടുത്താനും നടത്തുന്ന ശ്രമങ്ങളാണ് ഇതിന്റെ പിന്നില്‍.