ഈ മാസം 8/9 തീയതികളുടെ സംഗമസമയത്ത് സ്വധാമത്തിലേക്കു മടങ്ങിയ പരമേശ്വര്‍ജിയുടെ സാന്നിദ്ധ്യത്തിലായിരുന്നു 1956ല്‍ മദിരാശിയിലെ വിവേകാനന്ദകോളേജില്‍ നടന്ന സംഘശിക്ഷാവര്‍ഗ്ഗില്‍ വെച്ച് ഞാന്‍ സംഘപ്രതിജ്ഞ എടുത്തത്. സര്‍വ്വശക്തിമാനായ ശ്രീ പരമേശ്വരനെയും പൂര്‍വ്വികരെയും സ്മരിച്ചുകൊണ്ട് എന്നാരംഭിക്കുന്ന പ്രതിജ്ഞാവാചകം പറഞ്ഞുതന്നത് പരമേശ്വര്‍ജിയായിരുന്നു. പിന്നീട് പരമേശ്വര്‍ജിയെ കാണുമ്പോഴും സംസാരിക്കുമ്പോഴും അതിന്റെ താദാത്മ്യം മനസ്സില്‍ വരുമായിരുന്നു. 1957ല്‍ ഞാന്‍ സംഘപ്രചാരകനായി ചെന്നെത്തിയത് എറണാകുളത്തെ ജില്ലാ പ്രചാരകനായിരുന്ന അദ്ദേഹത്തിന്റെ അടുത്തേക്കാണ്. രണ്ടുവര്‍ഷം നേരിട്ടുള്ള സംഘപ്രവര്‍ത്തനത്തിലും പിന്നീട് 1967ല്‍ ഭാരതീയ ജനസംഘത്തിന്റെ സംഘടനാകാര്യദര്‍ശിയെന്ന നിലക്ക് അദ്ദേഹത്തിന്റെ സഹായിയായി പത്തുവര്‍ഷക്കാലവും അടുത്തു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്ന് നേടിയ അറിവും കഴിവുകളുമാണ് ഏറ്റവും വിലയേറിയ സമ്പത്തായി ഞാന്‍ കരുതുന്നത്. അദ്ദേഹത്തിന്റെ വലുപ്പത്തിന്റെ ബഹുമുഖങ്ങളെ സമഗ്രമായി അറിയാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. മറ്റാര്‍ക്കെങ്കിലും സാധിച്ചുവോ എന്നും സംശയമാണ്. സാക്ഷാല്‍ പരമേശ്വരന്റെ മകുടവും ചുവടും കണ്ടെത്താന്‍ തുനിഞ്ഞ ബ്രഹ്മാവിനും മഹാവിഷ്ണുവിനും തോറ്റുമടങ്ങേണ്ടിവന്ന കഥ പുരാണങ്ങളിലുണ്ട്. മകുടം കണ്ടുവെന്നു കളവുപറഞ്ഞ ബ്രഹ്മാവിന് പൂജ ലഭിക്കാനുള്ള അര്‍ഹതപോലും നഷ്ടമായി എന്ന് ആ പുരാണകഥ പറയുന്നു.
കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ തന്നെ ചരിത്രത്തില്‍ പരമേശ്വര്‍ജിയുടെ സ്ഥാനമെന്തായിരുന്നു? ഭാരതം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചുകൊണ്ട് അത് അര്‍ത്ഥശങ്കയ്ക്കിടമില്ലാതെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ അയ്യങ്കാളി മണ്ഡപത്തില്‍ (പഴയ വി. ജെ.ടി. ഹാള്‍) ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഋഷിതുല്യമായ ജീവിതം നയിച്ച മഹാന്‍ എന്ന് അഭിപ്രായപ്പെട്ടതില്‍ നിന്ന് കാര്യം വ്യക്തമായി. ഋഷി യാതൊന്നും പ്രതീക്ഷിക്കുന്നില്ല എന്ന കാര്യം ആ അഭിപ്രായത്തില്‍ അടങ്ങുന്നുണ്ടെന്നു നാം വിചാരിക്കണം.
ഒരു നൂറ്റാണ്ടിനടുത്ത ആ ജീവിതം എന്തുകൊണ്ടും അന്യാദൃശമായിരുന്നു. ചേര്‍ത്തല താലൂക്കിലെ മുഹമ്മ പകുതിയിലെ ചാരമംഗലത്ത് താമരശ്ശേരി ഇല്ലത്ത് പരമേശ്വരന്‍ ഇളയതിന്റെ ഇളയമകനായിരുന്ന അദ്ദേഹത്തെ ഇംഗ്ലീഷ് പഠിപ്പിക്കാനാണ് അച്ഛന്‍ നിശ്ചയിച്ചത്. മൂത്ത ആളെ ആയുര്‍വ്വേദം പഠിപ്പിച്ചു. വൈദ്യകലാനിധി ജയിച്ച അദ്ദേഹം നല്ല ചികിത്സകനായിരുന്നു. രണ്ടാമത്തെ ജ്യേഷ്ഠനെ സംസ്‌കൃതപണ്ഡിതനാക്കി. അദ്ദേഹം ഒരു അടയ്ക്കാമരം തലയില്‍ വീണതിന്റെ ആഘാതത്തില്‍ മസ്തിഷ്‌കത്തിനു ക്ഷതം പറ്റി അവശതയിലായി അകാലത്തില്‍ മരിച്ചു.
ഇളയ ആളായ പരമേശ്വരന്‍ ഇളയത് കുലാചാരപ്രകാരമുള്ള കാര്യങ്ങള്‍ക്കു പുറമെ സംസ്‌കൃതവും പഠിച്ചു. അച്ഛന്‍ അക്കാലത്തെ സാഹിത്യ-സാംസ്‌കാരിക പ്രതിഭകളുമൊക്കെയായി അടുത്ത പരിചയത്തിലായിരുന്നു. ആ പൈതൃകത്തിലൂടെ മകനും സാഹിത്യവാസന ലഭിച്ചു. നൈസര്‍ഗികമായി കവിതാവാസനയും. നാട്ടിലെ മലയാളം മിഡില്‍ സ്‌കൂള്‍ പരീക്ഷ (ഏഴാം ക്ലാസ്) പാസ്സായശേഷം ചേര്‍ത്തല ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ ചേര്‍ന്നു. നിത്യവും ഏഴുകിലോമീറ്റര്‍ നടന്ന് പോയി വേണ്ടിയിരുന്നു പഠിക്കാന്‍. പില്‍ക്കാലത്ത് പ്രശസ്തനായ വയലാര്‍ രാമവര്‍മ്മയെ സഹപാഠി ആയി കിട്ടി. സാഹിത്യ പരിഷത്ത് സ്‌കൂള്‍ ഫൈനല്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കവിതാ മത്സരത്തില്‍ ‘കോളുകൊണ്ട വേമ്പനാടന്‍’ എന്ന വിഷയത്തെപ്പറ്റി ഒരു മണിക്കൂര്‍ കൊണ്ടെഴുതിയ കവിതയ്ക്ക് ഒന്നാം സ്ഥാനം പരമേശ്വരന്‍ ഇളയതിനും രണ്ടാം സ്ഥാനം വയലാര്‍ രാമവര്‍മ്മയ്ക്കുമാണ് കിട്ടിയത്.
സ്‌കൂള്‍ ഫൈനല്‍ ജയിച്ച മകനെ ചങ്ങനാശ്ശേരി എസ്.ബി.കേളേജില്‍ ചേര്‍ക്കാന്‍ അച്ഛന്‍ കൊണ്ടുപോയി. ചരിത്രം ഉള്‍പ്പെടുന്ന മൂന്നാം ഗ്രൂപ്പാണ് അപേക്ഷയില്‍ മുന്‍ഗണനയായി നല്‍കിയത്. പ്രിന്‍സിപ്പലും അച്ഛന്റെ സുഹൃത്തായിരുന്ന മലയാളം പ്രൊഫസര്‍ ഉലഹന്നാന്‍ മാപ്പിളയും ഫസ്റ്റ് ഗ്രൂപ്പോ, സെക്കന്‍ഡ് ഗ്രൂപ്പോ എടുത്ത് ശോഭന ഭാവി ഉറപ്പുവരുത്താന്‍ നിര്‍ബന്ധിച്ചെങ്കിലും, തനിക്കു ഭാരതത്തിന്റെയും ലോകത്തിന്റെയും ചരിത്രമാണ് പഠിക്കേണ്ടതെന്ന് പരമേശ്വരന്‍ ഇളയത് നിര്‍ബ്ബന്ധിച്ചു. പെരുന്നയില്‍ നായര്‍ സര്‍വീസ് സൊസൈറ്റി നടത്തി വന്ന ഹിന്ദുഹോസ്റ്റലിലായിരുന്നു താമസം. അവിടെ നടത്തപ്പെട്ട ഒരു ഹിന്ദുവിദ്യാര്‍ത്ഥി സംഗമത്തില്‍ സംസാരിക്കവേ എം.പി. മന്മഥന്‍ സാറാണ് ഉത്തരേന്ത്യയില്‍ ശക്തിപ്രാപിച്ചുവരുന്ന ഹിന്ദുപ്രസ്ഥാനമായ ആര്‍.എസ്.എസ്സിനെപ്പറ്റി പറഞ്ഞത്. അന്ന് താനതിന്റെ ഭാഗമാകുമെന്ന് പരമേശ്വരനു തോന്നിയതേയില്ല.
ഇന്റര്‍മീഡിയറ്റ് പാസ്സായി തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജില്‍ ചരിത്രം ബി.എ. ഓണേഴ്‌സിനു ചേര്‍ന്നു. നാലുകൊല്ലംകൊണ്ട് പഠിക്കേണ്ട എം.എയ്ക്കുള്ള വിഷയങ്ങള്‍ മൂന്നുകൊല്ലം കൊണ്ട് പഠിച്ചു തീര്‍ത്തു, ഓണേഴ്‌സില്‍. അവിടെ ജയിച്ചില്ലെങ്കില്‍ റെക്കമെന്റഡ് ബി.എ എന്ന വിലയില്ലാത്ത കടലാസു കഷണമാവും കൈയില്‍ കിട്ടുക. പരമേശ്വര്‍ജിയുടെ സഹപാഠിയായി ചങ്ങനാശ്ശേരിയിലുണ്ടായിരുന്ന കെ.രാമചന്ദ്രന്‍ കര്‍ത്താ ചരിത്രം ബി.എയ്ക്കു യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു.
ആലുവക്കാരന്‍ കെ. സദാനന്ദന്‍ പിള്ള (കൊച്ചണ്ണന്‍) അവിടെ സംഘ ശാഖയില്‍ സജീവമായിരുന്നു. അദ്ദേഹം ചേര്‍ത്തലയില്‍ സഹപാഠിയായി. തിരുവനന്തപുരത്ത് രസതന്ത്രത്തില്‍ ഉപരിപഠനത്തിനെത്തിയ കൊച്ചണ്ണന്‍ പരമേശ്വര്‍ജിക്ക് കൂട്ടായി. ആ കൂട്ടായ്മയിലൂടെ അദ്ദേഹം സംഘത്തില്‍ വന്നു. സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പത്തെ വിക്ഷുബ്ധമായ കാലത്ത് തിരുവനന്തപുരത്തും ശാഖകള്‍ വളരെ ഊര്‍ജ്ജസ്വലമായി നടന്നു വന്നു. അതിബുദ്ധിമാന്മാരും പ്രതിഭാശാലികളുമായ പലവിദ്യാര്‍ത്ഥികളും അന്ന് സ്വയംസേവകരായുണ്ടായിരുന്നു. അവരില്‍ ചിലര്‍ പിന്നീട് വ്യതിചലിച്ചെങ്കിലും ഔദ്യോഗിക രംഗത്തും ദേശീയതലത്തിലും ഉയര്‍ന്നുവന്നു. മറ്റുചിലര്‍ സംഘത്തെ മനസ്സില്‍ പ്രതിഷ്ഠിച്ചുകൊണ്ടുതന്നെ അത്യുന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചു.
അക്കാലത്ത് നാഗപ്പൂരുകാരനായ മനോഹര്‍ ദേവ് ആയിരുന്നു തിരുവനന്തപുരത്തെ പ്രചാരകന്‍. പരമേശ്വര്‍ജിയുടെ സംഘത്തിലെ യഥാര്‍ത്ഥ ഗുരുനാഥന്‍ അദ്ദേഹമായിരുന്നു എന്നു പറയാം. 1948 ജനുവരിയില്‍ പൂജനീയ ഗുരുജി തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ തൈക്കാട് പോലീസ് ആസ്ഥാനത്തിനു മുമ്പിലുള്ള മൈതാനത്തായിരുന്നു പൊതുപരിപാടി. പരമേശ്വര്‍ജിയായിരുന്നു മുഖ്യശിക്ഷക്. ഹൈക്കോടതി ജഡ്ജിമാര്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ തുടങ്ങിയ പ്രബുദ്ധമായ സദസ്സ് ഗുരുജിയുടെ പ്രഭാഷണം കേള്‍ക്കാന്‍ എത്തിയിരുന്നു. പരിപാടി ആരംഭിച്ചയുടന്‍ തന്നെ കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പരിപാടിയില്‍ ആക്രമണമുണ്ടായി. സംഘത്തെ ‘അടിച്ചമര്‍ത്താന്‍’ കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ കേരളത്തിലെ ആദ്യസംരംഭമായിരുന്നു അത്. അടിക്കാന്‍ വന്നവര്‍ അടികൊണ്ടോടിയ അനുഭവം അവര്‍ക്ക് സ്വയംസേവകര്‍ നല്‍കി.
1948ല്‍ കേന്ദ്രസര്‍ക്കാര്‍ സംഘത്തെ നിരോധിച്ചപ്പോള്‍ ശാഖാ പ്രവര്‍ത്തനങ്ങള്‍ അസാധ്യമായി. എന്നാലും മറ്റു തലങ്ങളില്‍ നിത്യസമാഗമത്തിനുള്ള മാര്‍ഗ്ഗങ്ങളുണ്ടാക്കപ്പെട്ടു. അന്നു സത്യഗ്രഹം കോഴിക്കോട്ടു മാത്രമായിരുന്നു. തിരുവനന്തപുരത്തു പരമേശ്വര്‍ജിയുടെ നേതൃത്വത്തില്‍ ഹജൂര്‍ കച്ചേരിക്കു മുമ്പില്‍ സമരം നടത്തി. അദ്ദേഹവും മറ്റും ശിക്ഷിക്കപ്പെട്ടു. ശിക്ഷാകാലാവധി തികയും മുമ്പേ നിരോധനം പിന്‍വലിക്കപ്പെട്ടിരുന്നു.
1949ലെ സംഘശിക്ഷാവര്‍ഗ് ഇന്നത്തെ ആന്ധ്രയിലെ നെല്ലൂരിലായിരുന്നു. ഓണേഴ്‌സ് പരീക്ഷയെഴുതി വാചാ പരീക്ഷക്കിരിക്കാതെ അദ്ദേഹം ഓ.ടി.സിയിലെത്തി. വിവരമറിഞ്ഞ പ്രാന്തപ്രചാരക് ദാദാജി പരമാര്‍ത്ഥിന്റെ ആജ്ഞയനുസരിച്ച്, തിരുവനന്തപുരത്തേക്കു മടങ്ങി. പരീക്ഷയ്ക്കുവേണ്ട തയ്യറെടുപ്പുകള്‍ ചെയ്തിരുന്നില്ല. വാചാ പരീക്ഷ കഴിഞ്ഞു ഫലം വന്നപ്പോള്‍ ഒന്നാംസ്ഥാനം മറ്റാര്‍ക്കുമായിരുന്നില്ല. ക്ലാസ് മുറിയില്‍ വളരെക്കുറച്ചും ഗ്രന്ഥാലയത്തില്‍ ഏറെ സമയവും കാണപ്പെട്ടിരുന്ന പരമേശ്വര്‍ജിക്കു പ്രൊഫസര്‍മാര്‍ സൗജന്യമെന്ന മട്ടിലാണ് ഹാജര്‍ കൊടുത്തത്. സര്‍ക്കാര്‍ കോളേജില്‍ ജോലി ഉറപ്പായിരുന്ന ആ വിജയത്തിനുശേഷം, താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റുപോലും വാങ്ങാന്‍ നില്‍ക്കാതെ പ്രചാരകനാകുകയാണെന്നറിയിച്ചു പരമേശ്വര്‍ജി പുറപ്പെട്ടു. തുടക്കത്തില്‍ കൊല്ലം, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നുവെങ്കിലും 1950ല്‍ കോഴിക്കോട്ട് നിയുക്തനായി. മലബാറിലാകെ സംഘത്തിനു കരുത്തുറ്റ അടിത്തറ സൃഷ്ടിച്ച ശങ്കര്‍ശാസ്ത്രിയുടെ മേല്‍നോട്ടത്തില്‍ അവിടെ അദ്ദേഹം പ്രവര്‍ത്തിച്ചു.
സംഘത്തിന്റെ ആശയപ്രചരണത്തിന് ഒരു പ്രസിദ്ധീകരണത്തിന്റെ ആവശ്യം ബോധ്യപ്പെട്ട് ശാസ്ത്രിജിയുടെയും പരമേശ്വര്‍ജിയുടെയും സംയുക്ത പ്രയത്‌നത്തിന്റെ ഫലമായി കേസരിവാരിക, ഒരു വലിയ നോട്ടീസിന്റെ രൂപത്തില്‍ 1951ല്‍ പുറത്തിറങ്ങി. പരമേശ്വര്‍ജിയുടെ ഭാവനാ വിലാസവും ലേഖനപ്രതിഭയും തെളിഞ്ഞുവന്നു പുറംലോകമറിഞ്ഞത് കേസരിയിലൂടെയായിരുന്നു.
കോഴിക്കോട് തളിയിലെ എറമ്പാടി കോവിലക വളപ്പിലെ ഒരു പഴയവീട് കാര്യാലയവും പരമേശ്വര്‍ജിയുടെ വസതിയും, സമീപത്തുതന്നെയുള്ള ഒരു പീടികയുടെ മുകളിലത്തെ മുറി കേസരി കാര്യാലയവുമായി. ഹിന്ദുസമാജം നേരിട്ട അക്കാലത്തെ പ്രശ്‌നങ്ങളുടെയൊക്കെ ഭാവപൂര്‍ണവും അതേസമയം കൃത്യവുമായ വിശകലനം പരമേശ്വര്‍ജിയുടെ മൂര്‍ച്ചയേറിയ വാക്കുകളായി കേസരിയിലൂടെ പുറത്തുവന്നു.
പരമേശ്വര്‍ജിയിലെ വാസനാ കവിയെപ്പറ്റി നേരത്ത പരാമര്‍ശിച്ചുവല്ലൊ. സംഘശാഖകളില്‍ ഭാവപൂര്‍ണ്ണവും ആവേശകരവുമായ ഹിന്ദിഗാനങ്ങള്‍ വ്യക്തിഗീതമായും സംഘഗീതമായും ആലപിക്കപ്പെട്ടിരുന്നു. അവയില്‍ ചിലത് പമേശ്വര്‍ജി മലയാളത്തില്‍ പുനരാവിഷ്‌കരിച്ചു. അവ വിവര്‍ത്തനമാണെന്നേ തോന്നുമായിരുന്നില്ല.
‘സ്വദേശം എന്നതേ ധ്യാനം ചെയ്യും സന്യാസിയായിടാം
ഭഗവവൈജയന്തിക്കായ് ഉയിരും ആഹുതിചെയ്യാം.’ എന്നത് അത്തരത്തിലുള്ള ഒന്നായിരുന്നു. മൂലകൃതിയേക്കാള്‍ ഭാവോജ്വലം എന്നു പലരും അതിനെ പ്രശംസിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം തികച്ചും ദേശദ്രോഹപരവും സോവ്യറ്റ് അടിമത്തം പ്രഖ്യാപിക്കുന്നതുമായിരുന്ന 50 കളില്‍ അദ്ദേഹം കേസരിയില്‍ പ്രസിദ്ധം ചെയ്ത അനുപദമനുപദമന്യദേശങ്ങള്‍ തന്‍ / അപദാനം പാടുന്ന പാട്ടുകാരാ/ ഇവിടത്തെ മണ്ണിന്റെ മഹിമകള്‍ പാടുവാന്‍
ഇനിയുമില്ലാത്മാഭിമാനമെന്നോ?
എന്ന മഞ്ജരിവൃത്ത കവിത ചുറ്റികകൊണ്ടുള്ള ആഞ്ഞിടിപോലെ കമ്മ്യൂണിസ്റ്റുകാരെ പുളയിച്ചു. അതിവേഗം സംസ്ഥാനമെങ്ങും സംഘശാഖകളിലെ സമൂഹഗാനമായിത്തീര്‍ന്നു. ഇന്നും അത് പ്രിയങ്കരം തന്നെ.
ശ്വാസകോശങ്ങളില്‍ ദ്രാവകം കെട്ടിനില്‍ക്കുന്ന പ്ലൂറസിരോഗത്തിന് അദ്ദേഹം ഇരയായി. അത്യന്തം ആപല്‍ക്കരമായതിനാല്‍ ശ്രീ ഗുരുജിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം പൂനെയില്‍ വിദഗ്ദ്ധചികിത്സക്കുപോയി. രോഗം ഭേദമായശേഷം പൂനെയിലും നാഗപ്പൂരിലും കാര്യാലയങ്ങളിലായി ഒരു വര്‍ഷത്തോളം വിശ്രമത്തിലായിരുന്നു. ശ്രീഗുരുജി, ബാബസാഹിബ് ആപ്‌ടേ, ബാലാസാഹിബ് ദേവറസ്, ഏകനാഥറാനഡേ, ഭയ്യാജിദാണി മുതലായ, സംഘസ്ഥാപകന്‍ പൂജനീയ ഡോ. ഹെഡ്‌ഗേവാറുടെ സമകാലീനരുമായി അടുത്തു പെരുമാറാനും കാര്യാലയത്തിലെ സമ്പന്നമായ ഗ്രന്ഥശാലയിലെ ഹിന്ദി, ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ വായിച്ചു തീര്‍ക്കാനും പരമേശ്വര്‍ജിക്കു സാധിച്ചു. അതിന്റെ ഫലമായി ഛത്രപതി ശിവാജിയെക്കുറിച്ച് ഒരു പുസ്തകം അദ്ദേഹം എഴുതി. എന്നാല്‍ അതു പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. പുസ്തകം തൃപ്തികരമല്ല എന്നാണ് അതിന്നദ്ദേഹം കാരണം പറഞ്ഞത്.
രോഗം ഭേദമായി കേരളത്തില്‍ തിരിച്ചെത്തിയെങ്കിലും കായികാധ്വാനം ആവശ്യമായ കൃത്യങ്ങള്‍ ചെയ്യുന്നതില്‍ അദ്ദേഹത്തിനു വിലക്കുണ്ടായി. ആഹാരസമയത്തിനും ഭക്ഷണ സാധനങ്ങള്‍ക്കും നിബന്ധന വന്നു. ഔഷധങ്ങള്‍ കൃത്യമായ സമയത്ത് സേവിക്കേണ്ടിയിരുന്നു. അതുമൂലം സംഘശിക്ഷാവര്‍ഗ് ഒന്നാം വര്‍ഷംകൊണ്ട്അദ്ദേഹത്തിന് മതിയാക്കേണ്ടിവന്നു. അതേസമയം സംഘശിക്ഷാവര്‍ഗുകളിലെ ബൗദ്ധിക് വിഭാഗ നിലവാരം അതുമൂലം ഉയര്‍ന്നുവന്നു. അവിടെ കൈകാര്യം ചെയ്യപ്പെടുന്ന വിഷയങ്ങളുടെ അവതരണത്തില്‍ അദ്ദേഹത്തിന്റേതായ മുദ്രണം തീര്‍ച്ചയായിരുന്നു; വിശേഷിച്ചും മലയാളത്തില്‍
1956ല്‍ അദ്ദേഹം എറണാകുളത്തെ പ്രചാരകനായി നിയുക്തനായി. ഹിന്ദു സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെയും വേദനകളെയും പറ്റി അങ്ങേയറ്റത്തെ ഉല്‍ക്കണ്ഠ അദ്ദേഹത്തിനുണ്ടായി. സ്വാതന്ത്ര്യലബ്ധിയോടെ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ വളരെ ആസൂത്രിതമായ വിദേശ സഹായത്തോടെ വളര്‍ന്നുവന്നു. അന്നത്തെ മധ്യസംസ്ഥാനങ്ങളിലെ (സെന്‍ട്രല്‍ പ്രോവിന്‍സ്) ഗോത്രവര്‍ഗ മേഖലകളായിരുന്നു ഏറ്റവും രൂക്ഷമായ പ്രവര്‍ത്തനങ്ങളുടെ രംഗങ്ങളില്‍ ഒന്ന്. അവിടത്തെ മുഖ്യമന്ത്രി രവിശങ്കര്‍ ശുക്ല ആ പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കെ.ബി. നിയോഗി അധ്യക്ഷനായ ഒരു സമിതിയെ നിയമിച്ചിരുന്നു. ആ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിദേശ മിഷണറിമാരുടെ ആപല്‍ക്കരമായ പ്രവര്‍ത്തനങ്ങളെ നിരോധിക്കാന്‍ തന്നെ ശുപാര്‍ശ ചെയ്തിരുന്നു. അവര്‍ക്ക് സഹായമായി പ്രവര്‍ത്തിക്കുന്നവരില്‍ ഏറെപ്പേരും കേരളത്തില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമായി; പ്രസ്തുത റിപ്പോര്‍ട്ടിന്റെ കോപ്പി കരസ്ഥമാക്കിയ പരമേശ്വര്‍ജി അതു പഠിച്ചശേഷം ഭാരതത്തിലെ വിദേശപാതിരി പ്രവര്‍ത്തനം എന്നൊരു പുസ്തകം തയ്യാറാക്കി. അതാണദ്ദേഹത്തിന്റെ ആദ്യത്തെ പ്രസിദ്ധീകൃത കൃതി എന്നു തോന്നുന്നു.
1959ലെ പൊതു തിരഞ്ഞെടുപ്പുകഴിഞ്ഞപ്പോള്‍ ഭാരതീയ ജനസംഘം ദേശീയപ്രതിപക്ഷത്തെ പ്രമുഖശക്തിയായി നിലയുറപ്പിച്ചുകഴിഞ്ഞു. ഭാരതീയ രാജനീതിയുടെയും അര്‍ത്ഥനീതിയുടെയും ആധുനിക കാലത്തിനനുസൃതമായ ആവിഷ്‌കരണം കൊണ്ടേ നമ്മുടെ സ്വതന്ത്രഭാരതത്തിന് ലോകരാഷ്ട്രസമുച്ചയത്തില്‍ അര്‍ഹമായ സ്ഥാനം നേടിയെടുക്കാനാവൂ എന്ന ദൃഢവിശ്വാസത്തില്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി രൂപം നല്‍കിയ ആ കക്ഷിക്ക് ദീനദയാല്‍ ഉപാധ്യായ, അടല്‍ബിഹാരി വാജ്‌പേയി, സുന്ദര്‍സിംഗ് ഭണ്ഡാരി, നാനാജി ദേശ്മുഖ്, ലാല്‍കൃഷ്ണ അദ്വാനി മുതലായ ഏതാനും പരിചയസമ്പന്നരും പ്രതിഭാവാന്മാരുമായ പ്രചാരകന്മാരുടെ സഹകരണം പൂജനീയ ഗുരുജി നല്‍കിയിരുന്നു. അവരുടെ അശ്രാന്ത പരിശ്രമ ഫലമായിട്ടാണ്, 1953ല്‍ മുഖര്‍ജി കാശ്മീരിന്റെ ഭാരതലയന പ്രശ്‌നത്തില്‍ സത്യഗ്രഹമനുഷ്ഠിച്ച് ബലിദാനി ആയെങ്കിലും ജനസംഘം ഉറച്ച കാല്‍വെയ്പുകളുമായി മുന്നേറുകയായിരുന്നു. കേരളത്തിലും ഒരു പ്രചാരകന്റെയെങ്കിലും സേവനം ലഭ്യമാക്കണമെന്ന ദീനദയാല്‍ജിയുടെ താല്‍പര്യപ്രകാരം 1958ല്‍ സര്‍കാര്യവാഹ് ഏകനാഥറാനഡേ കേരളത്തില്‍ വന്നപ്പോള്‍ കേരളവും തമിഴ്‌നാടും ഉള്‍പ്പെടുന്ന അന്നത്തെ പ്രാന്തത്തിലെ പ്രചാരകന്മാരുടെ ബൈഠക്കില്‍ വിഷയം ചര്‍ച്ച ചെയ്യുകയുണ്ടായി. അതിനുശേഷം രാജനീതിയില്‍ തീരെ താല്‍പര്യമില്ലാതിരുന്ന പരമേശ്വര്‍ജിയെയാണ് ജനസംഘത്തിനു വിട്ടുകൊടുക്കാന്‍ ഏകനാഥജി ശ്രീഗുരുജിയോട് ശുപാര്‍ശ ചെയ്തത്.
കേരളത്തിലെ ജനസംഘപ്രവര്‍ത്തനം ഏതാണ്ട് ‘ഹരിശ്രീ’ തൊട്ടുതുടങ്ങേണ്ടിയിരുന്നു. അതിനായി ആദ്യം പരമേശ്വര്‍ജി തന്നെ കേന്ദ്രസമിതികളിലും മറ്റും പങ്കെടുത്തും, ദീനദയാല്‍ജിയുടെയും മറ്റും സംഘാധികാരികളുടെയും ഉപദേശം തേടിയും പ്രവര്‍ത്തിച്ചു. അക്കാലത്താണ് ജനസംഘത്തിന്റെ അടിസ്ഥാന തത്വചിന്തയായ ഏകാത്മമാനവദര്‍ശനത്തിനും അതിന്റെ അടിസ്ഥാനത്തിലുള്ള നയതത്വ പരിപാടികള്‍ക്കും വിശദമായ രൂപം നല്‍കിയതും. അക്കാര്യത്തില്‍ പരമേശ്വര്‍ജിയുടെ സംഭാവന ഗണ്യമായിരുന്നു. കേരളത്തെ സംബന്ധിച്ച വസ്തുതകളുടെ യഥാര്‍ത്ഥരൂപം കേന്ദ്രനേതൃത്വത്തിനു വ്യക്തമാക്കിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അക്കാലത്ത് അദ്ദേഹം തയ്യാറാക്കിയ വിവിധ മേഖലകളെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ടുകള്‍, ഉദാഹരണത്തിന് കയര്‍, മത്സ്യബന്ധന, കൈത്തറി മേഖലകളെപ്പറ്റി – അത്യധികം വിലയേറിയവയായിരുന്നു. തിരുവനന്തപുരത്തെ കെ.രാമന്‍പിള്ള കൂടി പ്രചാരകന്‍ എന്ന നിലയ്ക്കു പരമേശ്വര്‍ജിയുടെ സഹായിയായി എത്തി. മലബാര്‍ ഭാഗത്തെ ജനസംഘ പ്രവര്‍ത്തനത്തിന് ശക്തമായ അടിത്തറ പാകാന്‍ അതു സഹായകരമായി.
ഹിന്ദുസമാജം നേരിടുന്ന വിവിധ പ്രശ്‌നങ്ങളുടെ കാര്യത്തില്‍ പരമേശ്വര്‍ജി അങ്ങേയറ്റത്തെ സംവേദനക്ഷമത കാട്ടി. ഗുരുവായൂരിനടുത്ത മണത്തല വിശ്വാനഥ ക്ഷേത്ര ഉത്സവത്തിന് വിവിധദേശങ്ങളില്‍ നിന്നുള്ളവരവുകളെ പൊതുനിരത്തിലൂടെ പോകാന്‍ ചാവക്കാട്ടെ മുസ്ലീം മതഭ്രാന്തര്‍ 1958ല്‍ തടസ്സമുണ്ടാക്കിയപ്പോള്‍ കമ്മ്യൂണിസ്റ്റ് ഭരണം പതിവുപോലെ വരവുകളെ 144-ാം വകുപ്പു പ്രകാരം നിരോധിച്ചു. ഉത്സവം തന്നെ ക്ഷേത്രകമ്മറ്റി വേണ്ടെന്നുവെച്ചു. അടുത്തകൊല്ലം ആരാധനാസ്വാതന്ത്ര്യസമിതിയുണ്ടാക്കി, മുഴുവന്‍ ഹിന്ദുക്കളെയും സംഘടിപ്പിച്ചു പ്രക്ഷോഭം നടത്തുകയും കോടതിവിധിയിലൂടെ അവകാശം പുനഃസ്ഥാപിക്കുകയും ചെയ്തതിനു പിന്നില്‍ പരമേശ്വര്‍ജി ആയിരുന്നു. ജനസസംഘത്തിന് രാഷ്ട്രീയമായി മുന്നേറ്റമുണ്ടാക്കാന്‍ ഇതുപോലുള്ള ജനകീയ പ്രശ്‌നങ്ങളില്‍ ഇടപ്പെടുന്നതു സഹായകരമായി.
1967ല്‍ കേരളത്തില്‍ മുസ്ലീംലീഗും കേരളകോണ്‍ഗ്രസും ഇടതുപക്ഷവും കൂടിച്ചേര്‍ന്ന സപ്തകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പലപുതിയ പ്രവണതകളും തലപൊക്കി. ഭാരതത്തില്‍ ആദ്യമായി ഉത്തരഭാരതം മുഴുവന്‍ കോണ്‍ഗ്രസ് മുക്തമാകുകയും പല സംസ്ഥാനങ്ങളിലും ജനസംഘം ഭരണകക്ഷിയാവുകയും ചെയ്തു. എന്നാല്‍ ദക്ഷിണ ഭാരതം അപ്പോഴും പിന്നിലായിരുന്നു. കര്‍ണാടകയില്‍ രണ്ട് നിയമസഭാംഗങ്ങള്‍ ജയിച്ചത് മാത്രമായിരുന്നു ആശ്വാസം. കേരളത്തില്‍ അഖിലഭാരത സമ്മേളനം നടത്താനുള്ള ദീനതയാല്‍ജിയുടെ അഭിലാഷം അംഗീകരിക്കപ്പെട്ടതോടെ കേരളത്തില്‍ പുതിയ ഉണര്‍വുണ്ടായി. മാര്‍ക്‌സിസ്റ്റു കക്ഷിയും മുസ്ലീംലീഗുമായി കൂട്ടുചേര്‍ന്നതില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ അതൃപ്തരായി. അവരില്‍ നല്ലൊരുഭാഗം ജനസംഘത്തില്‍ താല്‍പര്യം കാട്ടി. കോഴിക്കോട്ടെ അഖിലേന്ത്യാ സമ്മേളനം പരമേശ്വര്‍ജിയുടെ നേതൃത്വത്തില്‍ അവിടത്തെ മുഴുവന്‍ ജനങ്ങളും ഏറ്റെടുത്തു. മുഴുവന്‍ സമൂഹത്തിന്റെയും സഹകരണങ്ങള്‍ അതിനു ലഭിച്ചു. കേന്ദ്രത്തില്‍ നിന്നും പ്രവര്‍ത്തനത്തിനു സഹായിക്കാന്‍ രാം ഭാവുഗോഡ്‌ബോലെപ്പോലുള്ള പ്രതിഭാവന്മാരുമെത്തി. അതുവരെ കോഴിക്കോടെന്നല്ല കേരളം തന്നെ കണ്ടിട്ടില്ലാത്തത്ര ഗംഭീരമായ പരിപാടിയായി അത്. പത്രങ്ങളും ജനങ്ങളും വ്യാപാരവാണിജ്യസമൂഹവും അതിന് സഹകരണങ്ങള്‍ നല്‍കി. പരമേശ്വര്‍ജിയുടെ സംഘടനാ ചാതുര്യവും പ്രത്യുത്പന്നമതിത്വവും സകലരെയും ആകൃഷ്ടരാക്കി. മുഖ്യമന്ത്രി ഇ.എം.എസ്സിനെ സമീപിച്ച് സമ്മേളനത്തിനെത്തുന്ന പ്രതിനിധികള്‍ക്ക് ഭക്ഷണം ഒരുക്കുന്നതിനാവശ്യമായ അരിയും മറ്റും കൊണ്ടുവരുന്നതിന്, അന്നുനിലനിന്ന ജില്ലാ അതിര്‍ത്തിയിലെ നിയന്ത്രണത്തിന് ഒഴിവനുവദിക്കണമെന്ന അഭ്യര്‍ത്ഥന നിരാകരിക്കപ്പെട്ടു. ഉടന്‍തന്നെ സമ്മേളനപ്രതിനിധികള്‍ ഭക്ഷണാവശ്യത്തിനായി രണ്ടു കിലോ അരിയോ, ഗോതമ്പോ കൂടി ശിബിരവിഹിതത്തിനുപുറമേ കൊണ്ടുവരണമെന്ന അടിയന്തിരസന്ദേശം നല്‍കപ്പെട്ടതോടെ, സര്‍ക്കാരിന് സകലകോണുകളില്‍ നിന്നും വിമര്‍ശനം കേള്‍ക്കേണ്ടിവന്നു. തുടര്‍ന്ന് പാലക്കാട്ടു നിന്നും അരികൊണ്ടുവരാന്‍ അനുമതി നല്‍കപ്പെട്ടു കോഴിക്കോട്ട് സമ്മേളനത്തിനുശേഷം പരമേശ്വര്‍ജിയെ അഖിലഭാരത കാര്യദര്‍ശിമാരില്‍ ഒരാളായി നിയമിച്ച വിവരം ദീനദയാല്‍ജി പ്രഖ്യാപിച്ചു.
അതിനിടെ 1967 അവസാനം പാലക്കാട് ജില്ലയിലെ ഒരു പ്രാദേശിക മുസ്ലിംലീഗുകമ്മറ്റി കോഴിക്കോട് – പാലക്കാട് ജില്ലകളിലെ മുസ്ലീം ഭൂരിപക്ഷ താലൂക്കുകള്‍ ചേര്‍ത്തു ഒരു പുതിയ ജില്ല രൂപീകരിക്കണമെന്ന പ്രമേയം പാസ്സാക്കിയതായി പത്രങ്ങളില്‍ അപ്രധാനവാര്‍ത്ത വന്നു. വൈകാതെ കോഴിക്കോട് പാലക്കാട് ജില്ലാക്കമ്മറ്റികളും പ്രമേയം പാസ്സാക്കി, അതുകുറേക്കൂടി പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഈ നിര്‍ദ്ദേശത്തിന്റെ പിന്നില്‍ ഉണ്ടാകാവുന്ന അപകടസാധ്യത കോഴിക്കോട്ടെ ജനസംഘ പ്രവര്‍ത്തകര്‍ക്ക് പരമേശ്വര്‍ജി വിശദീകരിച്ചു. താമസമുണ്ടായില്ല നിയമസഭയില്‍ പ്രശ്‌നം ഉയരാന്‍. ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടു പിന്നാക്കം നില്‍ക്കുന്ന പ്രദേശത്തിന്റെ വികസനം അതു ഗുണകരമാവുമെന്നു ചൂണ്ടിക്കാട്ടി ഇ.എം.എസ് തന്നെ അതിനനുകൂലമായ നിലപാടെടുത്തു.
ഈ ആവശ്യത്തിന്റെ ചരിത്രപരമായ പശ്ചത്തലവും ജില്ലക്കു നിര്‍ദ്ദേശിക്കപ്പെട്ട പ്രദേശത്തിന്റെ 200 വര്‍ഷത്തെ അനുഭവങ്ങളും അവിടെ അധിവസിച്ചുവന്ന ഹിന്ദുക്കളുടെ നിസ്സഹായതയും അരനൂറ്റാണ്ടു മുമ്പ് നടമാടിയ മാപ്പിള ലഹളയുടെ പ്രത്യാഘാതങ്ങളും 1947ല്‍ മാപ്പിളസ്ഥാന്‍ രൂപീകരണമെന്നു മദിരാശി നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ലീഗ് പ്രമേയവും എടുത്തുകാട്ടിക്കൊണ്ട് പരമേശ്വര്‍ജി ബന്ധപ്പെട്ട മേഖലയിലും കേരളത്തിന്റെ മറ്റുഭാഗങ്ങളിലും ദേശീയതലത്തിലും ഉണ്ടാക്കിയ ജാഗരണം വളരെ മഹത്തായിരുന്നു. കേരളത്തിന്റെ മുതിര്‍ന്ന നേതാവായിരുന്ന കേരളഗാന്ധി കെ. കേളപ്പനെ തന്നെ അധ്യക്ഷനാക്കിയുള്ള മുസ്ലീം ഭൂരിപക്ഷ ജില്ലാവിരുദ്ധസമിതി നടത്തിയ പ്രക്ഷോഭത്തില്‍ നാലായിരത്തിലേറെപ്പേര്‍ അറസ്റ്റുവരിച്ചു. എല്ലാ സംസ്ഥാനത്തില്‍ നിന്നും സമുന്നതനേതാക്കള്‍ സമരത്തിനെത്തി. അടല്‍ജി തന്നെ തിരുവനന്തപുരത്തു ചേര്‍ന്ന സമ്മേളനത്തില്‍ സംബന്ധിച്ചു. കമ്മ്യൂണിസ്റ്റ് ലീഗ് കൂട്ടുകെട്ടിന്റെ വര്‍ഗീയ അജണ്ട മുന്നോട്ടുപോയെങ്കിലും ഹിന്ദുക്കളെ ജാഗരൂകരാക്കാന്‍ അതുപകരിച്ചു.
മുന്‍പ് പ്രചാരകനും പില്‍ക്കാലത്തു ഹിന്ദുസ്ഥാന്‍ വാര്‍ത്ത ഏജന്‍സിയിലെ ജേര്‍ണലിസ്റ്റും, സംസ്‌കൃതപണ്ഡിതനുമായിരുന്ന ശ്രീകൃഷ്ണശര്‍മ്മയുമായി സഹകരിച്ച് സംസ്‌കൃത പ്രേമിസംഘം ഉണ്ടാക്കി. ധാരാളം പേരെ അതിനുവേണ്ടി രംഗത്തിറങ്ങാന്‍ അദ്ദേഹം പ്രേരിപ്പിച്ചു. ഇതിനിടെയാണ് ഹൈന്ദവതാല്‍പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ദിനപത്രമാരംഭിക്കാന്‍ കോഴിക്കോട്ടെ മുതിര്‍ന്ന സംഘപ്രവര്‍ത്തകര്‍ ഉദ്യമിച്ചത്. അതിനായി കമ്പനി രജിസ്‌ട്രേഷന്‍ കഴിഞ്ഞ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതെഴുതുന്ന ആളെ ഭാരമേല്‍പിക്കാന്‍ പ്രാന്തപ്രചാരക് ഭാസ്‌കര്‍റാവു, ജനസംഘം ജനറല്‍ സെക്രട്ടറി സുന്ദര്‍സിംഗ് ഭണ്ഡാരി മുതലായവരുടെ സാന്നിധ്യത്തില്‍ തീരുമാനമെടുത്തു. അതിന്റെ ഫലമാണ് ഒട്ടേറെ കടമ്പകള്‍ കടന്ന് ഇന്ന് ഒന്‍പത് കേന്ദ്രങ്ങളില്‍ നിന്നു പ്രസിദ്ധീകരിക്കപ്പെടുന്ന ജന്മഭൂമി പത്രം.
അടിയന്തരാവസ്ഥക്കാലത്തു പരമേശ്വര്‍ജിക്കു വിയ്യൂര്‍ ജയിലില്‍ മിസാതടവുകാരനായി കഴിയേണ്ടിവന്നു. ശാരീരികാസുഖങ്ങള്‍ മൂലം മദിരാശിയില്‍ സുരക്ഷിതനായി പാര്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും അതിന്റെ മാനസിക പ്രയാസം മൂലം നിര്‍ബന്ധപൂര്‍വ്വം സമരം ചെയ്തു ജയില്‍വാസം വരിക്കുകയായിരുന്നു.
ജയിലില്‍ നിന്നു പുറത്തുവന്നശേഷം ജനതാവാഴ്ചക്കാലത്തെ രാഷ്ട്രീയാന്തരീക്ഷം തന്റെ മാനസിക നിലയ്ക്കു യോജിക്കാത്തതായി തോന്നിയതിനാല്‍ അദ്ദേഹം ജനതാപാര്‍ട്ടിയില്‍ സ്ഥാനമൊന്നും സ്വീകരിച്ചില്ല. പകരം ദല്‍ഹിയിലെ ദീനദയാല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയക്ടര്‍ സ്ഥാനത്തേക്ക് അതിന്റെ സ്ഥാപകന്‍ നാനാജിദേശ്മുഖ് ക്ഷണിച്ചത് സ്വീകരിച്ചു. നാലുവര്‍ഷക്കാലം അവിടെ വിവിധ തരത്തിലുള്ള ബൗദ്ധിക ധൈഷണിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. തലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശ്രേണിയിലുള്ളവരെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സംവാദങ്ങളില്‍ പങ്കെടുപ്പിച്ചു. ബൗദ്ധിക മഥനത്തിന്റെ സന്ദേശവാഹകമായി മന്ഥന്‍ എന്നൊരു പ്രസിദ്ധീകരണവും ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു. പാശ്ചാത്യരില്‍ നിന്നു കടം കൊള്ളാത്ത മൗലിക ചിന്തയുടെ വക്താക്കളും പ്രയോക്താക്കളുമായിരുന്ന ഗാന്ധിജി, ദീനദയാല്‍ജി, ഡോ.റാം മനോഹര്‍ ലോഹ്യ എന്നീ മഹദ് വ്യക്തികളുടെ ചിന്തകളെയും പ്രായോഗിക നിര്‍ദ്ദേശങ്ങളെയും താരതമ്യം ചെയ്യുന്ന ചര്‍ച്ചാസദസ്സുകള്‍ നടക്കുകയും അവിടത്തെ പ്രബന്ധങ്ങള്‍ ഉള്‍പ്പെടുത്തി ഗാന്ധി ദീന്‍ദയാല്‍ ആന്‍ഡ് ലോഹ്യ എന്ന ഈടുറ്റ ഗ്രന്ഥം പുറത്തിറക്കുകയും ചെയ്തു. ഈ പ്രവര്‍ത്തനങ്ങളില്‍ ജ.വി.ആര്‍. കൃഷ്ണയ്യരും സഹകരിച്ചിരുന്നു. സര്‍സംഘചാലക് ബാളാസാഹിബ് ദേവറസ്, ദത്തോപന്ത് ഠേംഗ്ഡി, സഹസര്‍കാര്യവാഹ് ബാപുറാവുമോഘേ തുടങ്ങിയ മുതിര്‍ന്ന സംഘചിന്തകരും പരമേശ്വര്‍ജിയെ ഇക്കാര്യത്തില്‍ ഏറെ സഹായിച്ചു.
ദല്‍ഹിയില്‍ കഴിയവേയാണ് കേരളത്തില്‍ നടമാടി വന്ന ഇടതുപക്ഷ, ക്രിസ്ത്യന്‍, മുസ്ലീം ബൗദ്ധിക വേലിയേറ്റത്തില്‍പ്പെട്ടു നട്ടംതിരിയുന്ന ഹിന്ദു ചിന്തനരംഗത്തെക്കുറിച്ചുള്ള ചിന്ത അദ്ദേഹത്തെ വ്യാകുലപ്പെടുത്തിയത്. ആധ്യാത്മിക മേഖലയില്‍ അതുല്യരും പ്രഗത്ഭരുമായ ധാരാളം സന്യാസിമാരും സാമൂഹ്യപ്രവര്‍ത്തകരും സമുദായ സംഘടനാനേതാക്കളും ഉണ്ടായിട്ടും എവിടെയോ ഒരു ശൂന്യമായ ഇടം കിടക്കുന്നുവെന്നദ്ദേഹത്തിനുതോന്നി.
ദല്‍ഹിയിലായിരുന്നപ്പോള്‍ വിവിധ ആദര്‍ശക്കാരും രാഷ്ട്രീയക്കാരുമായ പ്രമുഖവ്യക്തികളുമായി അദ്ദേഹം സൗഹൃദം സ്ഥാപിച്ചിരുന്നു. സംഘപ്രവര്‍ത്തകരും മാര്‍ക്‌സിസ്റ്റുകളുമായി 1980കളില്‍ രൂക്ഷമായ സംഘര്‍ഷങ്ങളുണ്ടായപ്പോള്‍, അതിനറുതിവരുത്താനുള്ള ശ്രമങ്ങളുമായി ഈ നേതാക്കന്മാരുമായി സമ്പര്‍ക്കം നടത്തിയിരുന്നു. അതിന്റെ ഫലമായി ഏതാനും നേതൃസംഘങ്ങള്‍ സംഘര്‍ഷമേഖലകള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. സ്ഥലത്തെ മാര്‍ക്‌സിസ്റ്റ് മധ്യനിരനേതാക്കളില്‍ ചിലര്‍ സൃഷ്ടിച്ച ഉടക്കുകള്‍ മൂലം ആ പരിശ്രമം വിജയിച്ചില്ലെന്നുമാത്രം.
പരമേശ്വര്‍ജി 81-82 കാലത്തു കേരളത്തില്‍ എത്തി. 82ല്‍ എറണാകുളത്തു ചേര്‍ന്ന വിശാലഹിന്ദു സമ്മേളനം കേരളത്തിലെ ഹൈന്ദവ ജനതയെ സംബന്ധിച്ചിടത്തോളം ഒരു മഹാസംഭവമായിരുന്നു. പരമേശ്വര്‍ജിയും മാധവ്ജിയുമായിരുന്നു അതിന്റെ ആസൂത്രണത്തിന്റെയും ഉള്ളടക്കത്തിന്റെയും ഭാവി പരിപാടികളുടെയും കാര്യം നിശ്ചയിച്ചവര്‍. ഹിന്ദു സമുദായത്തിലെ എല്ലാവിഭാഗത്തിലെ സംഘടനകളുടെയും നേതാക്കള്‍ പ്രകടനത്തിനു അണിനിരന്നു. ബ്രാഹ്മണേതര സമുദായത്തില്‍പ്പെട്ട പറവൂര്‍ ശ്രീധരന്‍ തന്ത്രി മുഖ്യകര്‍മ്മിയും പുതുമന തന്ത്രി സഹകര്‍മ്മിയുമായി നടത്തപ്പെട്ട മഹാസുദര്‍ശനഹോമം സമൂഹ ചരിത്രത്തിന്റെ നൂതനാനുഭവമായി. കാശ്മീര്‍ രാജാവ് കരണ്‍സിംഗും ചിന്മയാനന്ദസ്വാമികളും സര്‍കാര്യവാഹ് രാജേന്ദ്രസിംഗ്ജിയും മറ്റുമായിരുന്നു പ്രാസംഗികര്‍. കര്‍ക്കിടക മാസം രാമായണ പാരായണമാസമായി ആചരിക്കണമെന്ന പരമേശ്വര്‍ജിയുടെ ആഹ്വാനം മഹാസദസ്സ് സര്‍വാത്മനാ സ്വീകരിച്ചു. അതിനുശേഷം മലയാളത്തില്‍ ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ അച്ചടിക്കപ്പെടുന്ന പുസ്തകം രാമായണമായി. ക്രിസ്ത്യന്‍ പ്രസിദ്ധീകരണക്കാരും അതിറക്കുന്നുണ്ട്.
പരമേശ്വര്‍ജിയുടെ സാഹിത്യകൃതികള്‍ എല്ലാം സവിശേഷത നിറഞ്ഞവയാണ്. നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന ശ്രീനാരായണ ജീവചരിത്രത്തിലൂടെ ഗുരുദേവന്റെ ജീവിതത്തെയും സന്ദേശത്തെയും വളച്ചൊടിച്ച് താന്തങ്ങളുടെ അഭിപ്രായത്തിന്നനുയോജ്യമായി അവതരിപ്പിച്ചു വന്ന പ്രവണതയ്ക്ക് വിരുദ്ധമായി ഗുരുവിനെ ഭാവാത്മക പരിപ്രേക്ഷ്യത്തില്‍ കേരളീയര്‍ക്കു പരിചയപ്പെടുത്തുക എന്ന ഉല്‍കൃഷ്ടകൃത്യം പരമേശ്വര്‍ജി നിര്‍വഹിച്ചു. പ്രൊഫ. സുകുമാര്‍ അഴീക്കോട് പുസ്തകത്തിനെഴുതിയ അവതാരികയില്‍ അക്കാര്യം പരാമര്‍ശിച്ചു., മഹര്‍ഷി അരവിന്ദന്‍ ഭാവിയുടെ ദാര്‍ശനികന്‍ എന്ന പഠനഗ്രന്ഥവും പരമേശ്വര്‍ജി സമൂഹത്തിന് നല്‍കി.
സ്വാമിവിവേകാനന്ദനെ പിന്തിരിപ്പനും മൂരാച്ചിയുമൊക്കെയായി ചിത്രീകരിച്ച് മാര്‍ക്‌സിസ്റ്റ് ഇടതുപക്ഷക്കാര്‍ പ്രചാരണം നടത്തിയിരുന്നു. അവരിരുവരുടെയും ദര്‍ശനങ്ങളെയും ജീവിതത്തെയും താരതമ്യം ചെയ്യുന്ന മാര്‍ക്‌സും വിവേകാനന്ദനും എന്ന പുസ്തകത്തില്‍ മാര്‍ക്‌സിനെ ഒട്ടും നിഷേധാത്മകമായിട്ടല്ല അദ്ദേഹം വിലയിരുത്തിയത്.
നേരത്തെ എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് ദിശാബോധത്തിന്റെ ദര്‍ശനം എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. അതില്‍ തന്റെ ലക്ഷ്യം അദ്ദേഹം വ്യക്തമാക്കി. ”സമകാലീന ബൗദ്ധിക ജീവിതത്തില്‍ പ്രചരിച്ചിരുന്ന പല ചിന്താധാരകളെയും എതിര്‍ക്കേണ്ടത് എന്റെ കടമയാണെന്ന സത്യസന്ധമായ ബോധം എന്നും എനിക്കുണ്ടായിരുന്നു. എതിര്‍ക്കുമ്പോള്‍ ആവിഷയത്തോട് പരമാവധി നീതിപുലര്‍ത്തണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ എതിര്‍ക്കപ്പെടുന്നവരെയും അവരുടെ കാഴ്ചപ്പാടുകളെയും ആവുന്നത്ര ആധികാരികമായി മനസ്സിലാക്കാന്‍ ഞാന്‍ ഗൗരവപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്. വിമര്‍ശനത്തില്‍ വ്യക്തി വിദ്വേഷം കലരാതിരിക്കാനും അംഗീകൃത നിലവാരം പുലര്‍ത്താനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്.” പുസ്തകത്തിന് അവതാരിക എഴുതിയ ഡോ. എം.ജി.എസ്. നാരായണന്‍ അതിലെ പല അഭിപ്രായങ്ങളോടു വിയോജിപ്പു പ്രകടിപ്പിച്ചു.
വിമര്‍ശനം മുഴുവനും ഉള്‍പ്പെടെ അവതാരിക പ്രസിദ്ധീകരിച്ച പരമേശ്വര്‍ജിയെയും, അവതാരികാകാരന്‍ എം.ജി.എസ്സിനെയും ഒരു ഗ്രന്ഥനിരൂപകന്‍ പ്രശംസിച്ചതുമോര്‍ക്കുന്നു.
പരമേശ്വര്‍ജി ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ വിമര്‍ശിച്ചതിനു കണക്കില്ല. ഒരിടത്തും അനാദരവിന്റെ ലാഞ്ഛനപോലുമില്ലാതെയായിരുന്നു വിമര്‍ശനം. ഇ.എം.എസ്സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പരമേശ്വര്‍ജിയോടൊപ്പം ഞാനും പോയിരുന്നു. സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ഹാളില്‍ സന്നിഹിതരായിരുന്ന പോളിറ്റ് ബ്യൂറോ അംഗങ്ങളെ അദ്ദേഹം ആദരപൂര്‍വ്വം പരിചയപ്പെട്ടു.
താന്‍ പ്രഖ്യാപിക്കുന്ന തത്വനിഷ്ഠയെ വ്യക്തിജീവിതത്തില്‍ പുലര്‍ത്താത്തതിന് ഇ.എം.എസ്സിനെ പരമേശ്വര്‍ജി നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. തന്റെ കുടുംബ സ്വത്ത് പാര്‍ട്ടിക്ക് ദാനം ചെയ്തുവെന്ന പ്രചാരണത്തെ പാര്‍ട്ടിയുടെ ആധികാരിക ചരിത്രരേഖകള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം തുറന്നുകാട്ടി. മറ്റുള്ളവര്‍ ക്ഷേത്രത്തില്‍ പോകുന്നതിനെ പരിഹസിച്ച അദ്ദേഹം കുടുംബസഹിതം പഴനി ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ എടുത്ത ചിത്രം പത്രത്തില്‍ വന്നതിനെയും, ജാതിവ്യത്യാസത്തെ അടിയോടെ നിഷേധിച്ചുകൊണ്ടുതന്നെ സ്വന്തം മക്കളുടെ വേളി സ്വസമുദായത്തില്‍ നിന്നു നടത്തിയതിനെയും പരമേശ്വര്‍ജി പ്രസംഗങ്ങളില്‍ വിമര്‍ശിച്ചു.
കന്യാകുമാരിയിലെ വിവേകാനന്ദ ശിലാസ്മാരകത്തിന് വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ സംഭാവനകള്‍ വാങ്ങാന്‍ അതിന്റെ ചുമതലക്കാരനായിരുന്ന ഏകനാഥറാനഡെ ചെന്നതുപോലെ മുഖ്യമന്ത്രിയായിരുന്ന നമ്പൂതിരിപ്പാടിനെ കാണാന്‍ ചെന്നു. ഏകനാഥജി സംസാരിച്ചതു മുഴുവന്‍ നിര്‍വികാരനായി കേട്ടിരുന്നതല്ലാതെ ഒന്നും മിണ്ടാതെയും സംഭാവന വാഗ്ദാനം ചെയ്യാതെയും പറഞ്ഞുവിട്ടു. താന്‍ ഒരു സ്ഫിങ്‌സിനോടാണ് സംസാരിച്ചതെന്ന് തോന്നിയതായി ഏകനാഥ്ജി പിന്നീട് പറഞ്ഞു. എന്നാല്‍ വിവേകാനന്ദ സ്മാരകത്തിന്റെ ഇതിഹാസമെന്ന പുസ്തകത്തില്‍ ഏകനാഥ്ജി അതിനെ പരാമര്‍ശിച്ചതേ ഇല്ല. പ്രസ്തുത പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ അവതാരികയില്‍ പരമേശ്വര്‍ജി ഇങ്ങനെ വിമര്‍ശിച്ചു. ”പാര്‍ട്ടി വ്യത്യാസം കൂടാതെ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും സ്മാരകത്തിന് നല്ല നിലയ്ക്ക് സംഭാവന നല്‍കി. എന്നാല്‍ അദ്ദേഹം (ഏകനാഥ്ജി) ഒരാളെ മാത്രം പരാമര്‍ശിക്കാതെ വിടുന്നു – ഒന്നും സംഭാവന ചെയ്യാതെ ഏകനാഥജിയെ വെറുതെ പറഞ്ഞു വിട്ട ഒരു മുഖ്യമന്ത്രിയെപ്പറ്റിയാണത്. അന്നു കേരള മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പറ്റി. അദ്ദേഹത്തെ കണ്ടു പുറത്തുവന്ന ഏകനാഥ്ജി അഭിപ്രായപ്പെട്ടു. ഞാന്‍ ഒരു സ്ഫിങ്‌സിനോടാണ് സംസാരിക്കുന്നതെന്നു തോന്നി. അതൊരു ‘മോണോലോഗ്’ ആയിരുന്നു.
പൂന്താനം ദിനാചരണ സമിതിക്കാര്‍ പരമേശ്വര്‍ജിയെയും ഇ.എം.എസ്സിനെയും ക്ഷണിച്ചിരുന്നു. മാര്‍ക്‌സിസ്റ്റു വീക്ഷണത്തില്‍ പൊതുവെ ഭക്തിസാഹിത്യത്തെയും പൂന്താനം കൃതികളെയും പറ്റി ഇ.എം.എസ് പ്രകടിപ്പിച്ചുവന്ന വിരുദ്ധാഭിപ്രായങ്ങളെ ഉദ്ധരിച്ച്, അവയെ വിമര്‍ശിച്ചുള്ള തന്റെ പ്രബന്ധം വായിച്ചശേഷം അതിന്റെ കോപ്പി പരമേശ്വര്‍ജി നമ്പൂതിരിപ്പാടിനു നല്‍കി. ഗോവിന്ദപ്പിള്ള അതെപ്പറ്റി സംസാരിക്കും. ഞാന്‍ ദേശാഭിമാനിയില്‍ അതെപ്പറ്റി എഴുതുന്നുണ്ട് എന്നു പറഞ്ഞു അദ്ദേഹം സ്ഥലംവിട്ടു. ദേശാഭിമാനിയില്‍ എഴുതിയ നാലു ലേഖനങ്ങളുടെ പരമ്പരയില്‍ വൈരുദ്ധ്യാത്മക ഭൗതികവാദ വാചകകസര്‍ത്തല്ലാതെ പരമേശ്വര്‍ജി ഉന്നയിച്ച കാര്യങ്ങളെ സ്പര്‍ശിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല.
കോഴിക്കോട് സര്‍വ്വകലാശാല ആസ്ഥാനത്തു നടന്ന ഒരു ചരിത്രസംവാദസദസ്സില്‍ സ്വാഗതം പറഞ്ഞ പ്രൊഫസര്‍ ഗണേശ്, ഇ.എം.എസ്സിന്റെ മുഖ്യപ്രഭാഷണത്തിനുശേഷം നാടകീയമായി നായകന്റെ അരങ്ങേറ്റം കഴിഞ്ഞു ഇനി പ്രതിനായകന്റെ വശം കേള്‍ക്കാം എന്നു പറഞ്ഞുകൊണ്ട് പരമേശ്വര്‍ജിയെ ക്ഷണിച്ചു. ”സൂത്രധാരന്‍ നായകനെയും പ്രതിനായകനെയും അവതരിപ്പിച്ചുകഴിഞ്ഞു. സംസ്‌കൃതനാടകങ്ങളില്‍ സൂത്രധാരന്‍ തന്നെയാണ് വിദൂഷകനുമായി വരാറ്” എന്ന് പരമേശ്വര്‍ജി പറഞ്ഞതോടെ സഭാതലം കയ്യടികളില്‍ മുങ്ങിപ്പോയി.
ഹിന്ദു അന്തസ്സിന് അവഹേളനം വരുത്തുന്ന നീക്കങ്ങള്‍ എത്ര ഉന്നതസ്ഥാനത്തു നിന്നുവന്നാലും അതിനെ പരമേശ്വര്‍ജി വെറുതെ വിട്ടില്ല. രാഷ്ട്രപതിയായിരുന്ന കെ.ആര്‍.നാരായണന്‍ 1995 ല്‍ തിരുവനന്തപുരത്തെ സി.എച്ച്.മുഹമ്മദ് കോയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനില്‍ ചെയ്ത പ്രഭാഷണത്തില്‍ ഇസ്ലാമിന്റെ ഏകദൈവ പ്രബോധനങ്ങളും ലാളിത്യവും ശങ്കരാചാര്യരെ സ്വാധീനിച്ചുവെന്നും, ഇസ്ലാമിന്റെ ഏകദൈവസിദ്ധാന്തമാണ് അദ്വൈതചിന്തയുടെ പ്രേരകമെന്നും മറ്റും അഭിപ്രായപ്പെട്ടതിനെ വിവേകാനന്ദകേന്ദ്രത്തിന്റെ യുവഭാരതി എന്ന പത്രികയിലെ മുഖപ്രസംഗത്തില്‍, ഭരണഘടനാപദവി വഹിക്കുന്ന ഒരാളുടെ അഭിപ്രായങ്ങള്‍ ആധികാരികമാണെന്ന് തെറ്റിദ്ധരിക്കപ്പെടുമെന്ന കുറിപ്പോടെ യുക്തിയുക്തം ഖണ്ഡിച്ചു കൊണ്ട് എഴുതി.
ബംഗാളിലെ മാര്‍ക്‌സിസ്റ്റ് ഭരണകാലത്തു സ്വകാര്യ വിദ്യാലയങ്ങളെ പിടിയിലൊതുക്കാനുള്ള നിയമനടപടികളെടുത്തപ്പോള്‍, ക്രിസ്ത്യന്‍ മുസ്ലീം മാനേജുമെന്റുകള്‍ ന്യൂനപക്ഷ പരിരക്ഷയുടെ മറവില്‍ ഒഴിവാക്കപ്പെടുകയും ഹിന്ദു മാനേജ്‌മെന്റ് സ്‌കൂളുകള്‍ മാത്രം മാര്‍ക്‌സിസ്റ്റ് നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ വഴിതെളിയുകയുമുണ്ടായി. അതില്‍ ഏറ്റവും കെടുതികള്‍ അനുഭവിക്കേണ്ടിവന്നതു ശ്രീരാമകൃഷ്ണമിഷന്‍ വിദ്യാലയങ്ങള്‍ക്കായിരുന്നു. അതില്‍ നിന്നു രക്ഷനേടാന്‍ ശ്രീരാമകൃഷ്ണമിഷന്‍ അംഗങ്ങള്‍ ഹിന്ദുക്കളല്ലെന്നും, തങ്ങള്‍ക്കു ന്യൂനപക്ഷ പദവി സ്ഥാപിച്ചു കിട്ടണമെന്നുമുള്ള അപേക്ഷയുമായി മിഷന്‍ കല്‍ക്കത്ത ഹൈക്കോടതിയെ സമീപ്പിച്ചു. ഹിന്ദുധര്‍മ്മത്തിന്റെ മഹിമാധാവള്യത്തെ വിശ്വം മുഴുവനും എത്തിച്ച വിവേകാനന്ദന്റെ പിന്‍ഗാമികളുടെ ഈ നിലപാടിനെ, ബാല്യത്തില്‍ തന്നെ മിഷനിലെ ദീക്ഷ സ്വീകരിച്ച പരമേശ്വര്‍ജിക്കു സഹിക്കാനായില്ല. ഹൃദയവേദനയോടും അമര്‍ത്തിവെച്ച അരിശത്തോടും മിഷന്‍ കോടതിയെയല്ല ഹിന്ദുജനതയെയായിരുന്നു സമീപിക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം യുവഭാരതിയില്‍ മുഖപ്രസംഗമെഴുതി. ഹൈക്കോടതി മിഷന്‍ പ്രസിഡണ്ടിന്റെ അപേക്ഷ കാര്യകാരണസഹിതം തള്ളിയെന്നത് മറ്റൊരു കാര്യം.
ഹൈന്ദവേതര മതവിഭാഗനേതൃത്വങ്ങളുമായി സംവാദം നടക്കണമെന്ന അഭിപ്രായക്കാരനായിരുന്നു പരമേശ്വര്‍ജി. അദ്ദേഹവുമായി സൗഹൃദബന്ധം പുലര്‍ത്തിവന്ന ഡോ. ബാബുപോള്‍, ജോസഫ് പുലിക്കുന്നേല്‍, പ്രൊഫ. ഒ.എം മാത്യു, അടുത്തകാലത്ത് ജ.കെ.ടി. തോമസ് മുതലായവരിലൂടെ അതിനായി നിരവധി നീക്കങ്ങള്‍ നടന്നു. 1982 ലാണെന്നു തോന്നുന്നു തിരുവല്ലയിലെ മാര്‍ത്തോമ സഭാനേതാക്കന്മാരും, പൂജനീയ സര്‍സംഘചാലക് ബാളാസാഹിബ് ദേവറസുമായി ഒരു മുഖാമുഖ സമാഗമമുണ്ടായി. അതുവളരെ ഭാവത്മക പരിണാമങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിവിധ ക്രിസ്ത്യന്‍ സഭനേതൃത്വങ്ങളുമായി സംഘനേതൃത്വം ആശയവിനിമയം നടത്താന്‍ പരമേശ്വര്‍ജിയുടെ മുന്‍കയ്യില്‍ 2008ല്‍ ആലുവ വൈ.എം.സി.എ ക്യാമ്പ് സൈറ്റിലും, തുടര്‍ന്നു എളമക്കരയിലും ഓശാന മൗണ്ടിലും നടന്ന സമന്വയ സദസ്സുകള്‍ ശ്രദ്ധേയങ്ങളായി. ഓശാനമൗണ്ടിലെ ക്രൈസ്തവ പഠനകേന്ദ്രത്തില്‍ പൂ. സര്‍സംഘചാലക് സുദര്‍ശന്‍ജിയും പങ്കെടുത്തിരുന്നു. ഭാരതീയ വിചാരകേന്ദ്രവും അതിന്റെ ബഹുമുഖപ്രവര്‍ത്തനങ്ങളില്‍ ജാതിമതഭേദമെന്യേ എല്ലാ പ്രതിഭകളെയും പങ്കെടുപ്പിക്കുകയും ആദരിക്കുകയും ചെയ്തുവരുന്നു.
വിചാരകേന്ദ്രത്തിന് അതിരുകളില്ലാത്ത മേഖലകള്‍ തുറന്നിടപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം കോട്ടയ്ക്കത്തെ ശതാബ്ദങ്ങള്‍ പഴക്കമുള്ള, അക്ഷരാര്‍ത്ഥത്തില്‍ പൈതൃക സമ്പത്തായി കണക്കാക്കാവുന്ന സ്ഥലത്തായിരുന്നു. വിചാരകേന്ദ്രം പ്രവര്‍ത്തിച്ചുവന്നത്. ഏത് അക്കാദമിക കേന്ദ്രത്തിനും അസൂയ ജനിപ്പിക്കുന്ന ഗ്രന്ഥാലയം അവിടെ സജ്ജീകരിക്കാന്‍ പരമേശ്വര്‍ജിക്കു സാധിച്ചു. ചിന്തയുടെയും അന്വേഷണത്തിന്റെയും വൈചാരിക വൃത്തിയുടെയും പഠനത്തിന്റെയും യഥാര്‍ത്ഥ കേന്ദ്രമായിരുന്നു അത്. ബൗദ്ധിക പ്രതിഭകള്‍ തീര്‍ത്ഥാടനകേന്ദ്രത്തിലെന്നപോലെ അവിടെയെത്തിയിരുന്നു. ആചാര്യദര്‍ശനത്തിനും സദ്‌സംഗത്തിനും കേന്ദ്രത്തിനുപുതിയൊരു ആസ്ഥാനമന്ദിരം വേണമെന്ന ചിന്ത പരമേശ്വര്‍ജിയില്‍ ഉദിച്ചപ്പോള്‍ അതിന്റെ സ്ഥാനത്തിനായി നടത്തിയ അന്വേഷണം ചെന്നെത്തിയത് താന്‍ രാഷ്ട്രീയ സ്വയം സേവകസംഘത്തിലേക്ക് ആദ്യം കാല്‍വെച്ച സംഘസ്ഥാനത്തായിരുന്നു. നഗരത്തിന്റെ കണ്ണായ സ്ഥലത്ത് ഭരണകേന്ദ്രത്തിന്റെ വിളിപ്പാടകലെത്തന്നെ മനോഹരവും ഗംഭീരവുമായ സംസ്‌കൃതി ഭവന്‍ തലയുയര്‍ത്തി. ജ്ഞാനമുമുക്ഷുക്കളുടെ തീര്‍ത്ഥാടന കേന്ദ്രമായി അത്.
പരമേശ്വര്‍ജിയുടെ തീവ്രമായ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു തിരുവനന്തപുരത്ത് ഒരു വിവേകാനന്ദ മണ്ഡപവും പ്രതിമയും സ്ഥാപിക്കണമെന്നത്. കവടിയാര്‍ ചത്വരത്തില്‍ ലഭിച്ച സ്ഥലത്ത് അതിഭവ്യമായ വിധത്തില്‍ അതുയര്‍ത്താന്‍ അദ്ദേഹത്തിന്റെ പരിശ്രമം കൊണ്ട് സാധിച്ചു.
ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് 70-ാം പിറന്നാള്‍ ദിനത്തില്‍ ‘ഞാന്‍’ എന്ന ആത്മദര്‍ശനം കവിതാരൂപത്തില്‍ എഴുതിയിരുന്നത് ഇങ്ങനെയാണ്.
ഞാന്‍
ഭൂവിന്‍പിറന്നനാളല്ല,താനാരെന്ന
നേരറിയുന്നനാളത്രേ പിറന്നനാള്‍
രാജഹര്‍മ്യത്തില്‍ വെച്ചല്ല,
വനത്തിലെ ബോധിച്ചുവട്ടില്‍
തഥാഗതന്‍ ജാതനായ്
അക്ഷയചൈതന്യപൂര്‍ണമാമേതൊരു
ദിവ്യമഹസ്സീപ്രപഞ്ചൈകകാരണം
ആ ദിവ്യതേജസ്ഫുരണമേ ഞാനെന്ന
നേരറിയുന്നനാളെന്‍ പിറന്നനാള്‍
പരമേശ്വര്‍ജിയുടെ ജീവിതം ഭാരതത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സാംസ്‌കാരിക നവോത്ഥാനത്തിനുള്ള പാതയൊരുക്കലാണ്. ആ പ്രകാശനാളം വഴികാട്ടുന്ന പാതയിലൂടെ നമുക്ക് മുന്നേറാം.