രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖകളിലെ അഭ്യാസ പാടവം മാത്രമായ കൈമുതലുമായാണ് ഞാന്‍ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പടി കയറിയത്. മറ്റു മുതല്‍ മുടക്കിനുള്ള വകയൊന്നും മുന്നേ സമ്പാദിച്ചിട്ടില്ല താനും. ശാഖയെന്ന പരിശീലനക്കളരിയിലെ ഒരു ചുവടു പോലും ആവശ്യമില്ലാത്ത ഇടമാണ് വിചാര കേന്ദ്രം. അവിടെ അക്ഷരങ്ങള്‍ അരങ്ങുവാഴുകയും വാക്കുകള്‍ നിറഞ്ഞാടുകയും ഉറഞ്ഞു വെട്ടുകയും നൃത്തം വയ്ക്കുകയും ചെയ്യുന്നു. അറിവുകൊണ്ടും പാടവംകൊണ്ടും ദേശീയതയുടെ ബൗദ്ധിക യോദ്ധാവായി ഹിമവല്‍സമം ഉയര്‍ന്നു നില്‍ക്കുന്ന പരമേശ്വര്‍ജിയാണ് സര്‍വ്വസൈന്യാധിപന്‍. വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ മാത്രം കഷ്ടിച്ചറിയുന്നവന് വെള്ളം കോരിയും വിറകുവെട്ടിയും പരിയംപുറത്തു കൂടി നടക്കാന്‍ മാത്രമേ സാധിക്കൂ എന്നതായിരുന്നു ഉറച്ച ധാരണ. ഗുരുകുലത്തിലെ പാഠങ്ങളൊന്നും മനസ്സിലാക്കാന്‍ കഴിവില്ലാതെ, സഹപാഠികളുടെ പരിഹാസപാത്രമായി, തുണി അലക്കിയും പത്രം കഴുകിയും മന്ദനായ ഗിരി ശങ്കരാചാര്യരുടെ അടുത്ത് ജീവിച്ചതുപോലെ പറയുന്നതൊക്കെ ചെയ്തു പോന്നു. പക്ഷെ നാമറിയാതെ നമ്മിലേക്ക് ഗുരുവിന്റെ അനുഗ്രഹം ചൊരിയപ്പെടുകയാണല്ലോ സംഭവിക്കുന്നത്.
ശാസനയുടെ രൂപത്തില്‍, ദേഷ്യത്തിന്റെ ഭാവത്തില്‍, രൂക്ഷമായ വാക്കുകളുടെ പ്രയോഗത്തില്‍, ചിലപ്പോഴൊക്കെ പൂനിലാവു പോലെയുള്ള സൗമ്യമായ മന്ദഹാസത്തില്‍ ഒക്കെ അടക്കി വച്ചിരിക്കുന്നത് നമ്മെ പരുവപ്പെടുത്താനുള്ള ചുറ്റിക മേട്ടമാണെന്ന് കാലക്രമേണ ഞാനറിഞ്ഞു. പ്രത്യേകിച്ചും വായനയുടെ പെരുവഴിയില്‍ അളസിംഗ പെരുമാളിനെ പരിചയപ്പെട്ടപ്പോള്‍. സ്വാമി വിവേകാനന്ദന്റെ പ്രിയപ്പെട്ട ഗൃഹസ്ഥ ശിഷ്യനായിരുന്നല്ലോ തമിഴ് നാട്ടുകാരനായിരുന്ന അളസിംഗ. ചെന്നൈയിലെ രാമകൃഷ്ണ മിഷന്റെ കേന്ദ്രവും പ്രവര്‍ത്തനവും പടുത്തുകെട്ടിയവരില്‍ മുമ്പന്‍. ആ അളസിംഗക്ക് എഴുതിയ കത്തുകളില്‍ ചിലത് വായിച്ചാല്‍, എന്നിട്ടുമെന്തേ അദ്ദേഹം വിവേകാനന്ദനെ പിന്തുടരുന്നു എന്ന് നമുക്ക് തോന്നിപ്പോകും. അത്രക്ക് രൂക്ഷവും കഠിനമായ ശാസന നിറഞ്ഞതുമായിരുന്നു പല കത്തുകളും. പക്ഷെ അതിലൂടെയാണ് അളസിംഗ അളസിംഗപ്പെരുമാള്‍ ആയത്.
വിഗ്രഹമുണ്ടാക്കാന്‍ ശില്പി ശിലയില്‍ ഉളികൊണ്ടു കൊത്തുമ്പോള്‍ ഓരോ അടിയിലും അസ്വസ്ഥതപ്പെട്ട് ശില പുറത്തുചാടിയാല്‍ ഉപയോഗപ്രദമായ ശില്പമാവുകയില്ല. പാത്രം തേച്ചുമിനുക്കുമ്പോള്‍ പരുപരുത്ത പ്രതലത്തിന്റെ ഉരസലില്‍ നീറ്റല്‍ സഹിക്കാഞ്ഞാല്‍ എങ്ങനെയാണ് തെളിച്ചം നേടുക. ഓരോ ഉരസലിന്റെയും നീറ്റല്‍, ഓരോ അടിയുടെയും വേദന, ഓരോ ആട്ടിന്റെയും രൂക്ഷത സഹിച്ചു പതറാതെ നാം മുമ്പോട്ടു പോയാലല്ലാതെ എന്നെങ്കിലും ഒരു സംഘാടകനായിത്തീരുക സാധ്യമല്ല തന്നെ. പരമേശ്വര്‍ജിയുടെ കൂടെയുള്ള ഇരുപതാണ്ടത്തെ സഹവാസത്തില്‍ നിന്നു ഞാന്‍ പഠിച്ച ഒരു പാഠം അതാണ്. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ‘സഹനമാണ് സംഘാടകനു വേണ്ട ഏറ്റവും പ്രധാന ഗുണം’. ഇത്തരം പരിസര സൃഷ്ടിയിലൂടെയല്ലാതെ അതു സാധിച്ചെടുക്കുക പ്രായോഗികവുമല്ല.
വായന എങ്ങനെ വേണം, മനനം എന്തിനാണ്, പറച്ചില്‍ എങ്ങനെ വേണം എന്നൊക്കെ എപ്പോഴും പരമേശ്വര്‍ജി പറഞ്ഞുകൊണ്ടിരിക്കുമായിരുന്നു. അത്തരമൊരു വേളയില്‍ ‘പ്രമാണമില്ലാത്ത പ്രതികരണം പ്രമാദം സൃഷ്ടിക്കും’ എന്നദ്ദേഹം പറഞ്ഞു. മറന്നു പോകാതിരിക്കാന്‍ ഞാനപ്പോള്‍ത്തന്നെ തുണ്ടുകടലാസില്‍ കുറിച്ചു. അങ്ങനെ സന്ദര്‍ഭവശാല്‍ പറയുക മാത്രമല്ല, കൂടെ സഞ്ചരിച്ചപ്പോഴൊക്കെ അത് ബോധ്യമാവുകയും ചെയ്തു. ഒരു പ്രസംഗത്തിനും മുന്‍കൂട്ടി തയ്യാറാകാതെ പോകുന്നതു കണ്ടിട്ടില്ല. ആദ്യം എന്തു പറയണമെന്നാലോചിക്കും. പിന്നീട് അത് കുറിപ്പടിയാക്കും. ശേഷം അത് മുഴുവന്‍ പ്രസംഗമായി തയ്യാറാക്കും. അതും കൈയ്യില്‍ വച്ചല്ലാതെ ഒരിക്കല്‍പ്പോലും പ്രസംഗിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. കാണാതെ പ്രസംഗിക്കുന്നതാണ് കേമമെന്ന് ചിലരൊക്കെ കുശുമ്പു പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും അനുകരണീയമായി തോന്നിയത് പരമേശ്വര്‍ജിയുടെ ശൈലി തന്നെയാണ്. പ്രസംഗത്തിനായാലും എഴുത്തിനായാലും പ്രമാണം ഒരു പ്രധാന ഘടകം തന്നെയാണ്.
ഒരു പുതിയ പുസ്തകം പരമേശ്വര്‍ജി വായിച്ചാല്‍ നമ്മെ പിടിച്ചിരുത്തി ആ വിഷയത്തെപ്പറ്റി വിശദീകരിക്കും. ചിലപ്പോഴൊക്കെ നമുക്കു മനസ്സിലായിക്കൊള്ളണമെന്നില്ല; താല്പര്യം ഉണ്ടാകണമെന്നുമില്ല. എന്നിട്ടും അങ്ങനെ പറയുന്നതിനൊരു ഉദ്ദേശ്യമുണ്ടെന്ന് പലനാള്‍ കഴിഞ്ഞാണ് മനസ്സിലായത്. ആ ഉദ്ദേശ്യം രണ്ടാണ്. ഒന്ന്, ആ വിഷയത്തെപ്പറ്റി നമ്മില്‍ ജിജ്ഞാസ ഉളവാക്കുക; മറ്റൊന്ന് നമുക്കാവശ്യമില്ലെങ്കിലും വായിച്ചയാളിന് പുന:സ്മരണയ്ക്കും ഓര്‍മ്മയ്ക്കും അത് ഗുണം ചെയ്യും.
വായിച്ചതും പറഞ്ഞതും കൂട്ടിച്ചേര്‍ത്ത് എഴുത്താക്കും. അത് പിന്നീട് സമാഹരിച്ച് പുസ്തകമാക്കുകയും ചെയ്യുന്ന ശൈലി പരമേശ്വര്‍ജിയാണ് പറഞ്ഞുതന്നത്. അങ്ങനെയാണ് എന്റെ ആദ്യ പുസ്തകമെന്ന് ഒരര്‍ത്ഥത്തില്‍ പറയാവുന്ന ‘വൈഭവത്തിലേക്കുള്ള വഴി’ വെളിച്ചം കാണുന്നത്. ലേഖനങ്ങള്‍ കൂട്ടി വച്ച് പിന്നീടത് പുസ്തമാക്കേണ്ടത് എങ്ങനെ എന്ന് ഒരു ദിവസം സംസ്‌കൃതി ഭവനില്‍ വച്ച് സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞു. എന്നിട്ട് എന്നോടു ചോദിച്ചു, ‘കാ.ഭാ. എഴുതിയ കുറെ ലേഖനങ്ങളില്ലെ, അതൊക്കെ ചേര്‍ത്ത് ഒരു പുസ്തകമാക്കിക്കൂടെ? വിചാരകേന്ദ്രം പ്രസിദ്ധീകരിക്കാം.’ അങ്ങനെ പഴയതെല്ലാം പൊടി തട്ടിയെടുത്തു. സാങ്കേതികമായി ഗ്രന്ഥരചനയുടെ രീതിശാസ്ത്രമോ ഗ്രന്ഥഭാഷയോ ഒന്നും അറിയില്ലെങ്കിലും ‘എന്നില്‍ വിശ്വാസമുണ്ടെങ്കില്‍ താഴേക്ക് ചാടുക’ എന്ന് ഗുരു പറഞ്ഞപ്പോള്‍ ചാടിയ ശിഷ്യനെപ്പോലെ ഞാനും ചാടി. ഡി.ടി.പി.ചെയ്യാന്‍ ഏല്‍പ്പിച്ചു. പിന്നീട് ഇടയ്ക്കിടക്ക്, പുസ്തകം എന്തായി എന്തായി എന്നായി അന്വേഷണം. അത് ഒരു പരുവത്തില്‍ തയ്യാറാക്കിയപ്പോള്‍ അവതാരിക ആരെക്കൊണ്ടു എഴുതിക്കണമെന്നായി ചോദ്യം. ഞാന്‍ ആകാംക്ഷയോടെ മൗനം പൂണ്ടു. അപ്പോള്‍ അതാ അനുഗ്രഹത്തിന്റെ വാഗ്രൂപം. ‘വിവേകാനന്ദ കേന്ദ്രത്തിന്റെ പുസ്തകങ്ങള്‍ക്കെല്ലാം അവതാരികയെഴുതുന്നത് അദ്ധ്യക്ഷനെന്ന നിലയില്‍ ഞാന്‍ തന്നെയാണ്. വിചാരകേന്ദ്രത്തിലും അങ്ങനെയാവുന്നതില്‍ തെറ്റൊന്നുമില്ല.’ ആനന്ദലബ്ധിക്കിനിയെന്തു വേണം! ഞാന്‍ രണ്ടു കൈകൊണ്ടും പുസ്തകം നീട്ടി. ഏതാനും ദിവസം കഴിഞ്ഞിട്ടും അവതാരിക കിട്ടുന്നില്ല. എനിക്ക് ഉല്‍ക്കണ്ഠയായി. എല്ലാം കുളമായോ, ഒരു ലേഖനം പോലും കൊള്ളാവുന്നതില്ലെ. ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും ഞാന്‍ ചോദിക്കാന്‍ തുടങ്ങി. മറുപടിയില്ല. എല്ലാ പ്രതീക്ഷയും തകര്‍ന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എന്നോടു പറഞ്ഞു ഞാന്‍ മുഴുവന്‍ വായിച്ചു. എന്നാല്‍ പിന്നെ അവതാരിക എവിടെ എന്നായി ഞാന്‍. അതു വേണമെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ടു തരാം. പിന്നെന്താ തടസ്സമെന്ന് ഞാന്‍. വിമര്‍ശനമുണ്ട്, ചില ലേഖനങ്ങളൊക്കെ ചെകിടത്തടിക്കുന്നതു പോലെയാണ്. ഗ്രന്ഥഭാഷയല്ല. ഞാന്‍ പറഞ്ഞു, അത് അവതാരികയില്‍ അഭിപ്രായമായി എഴുതിയാല്‍ മതി. ഒരു മണിക്കൂറിനുള്ളില്‍ അവതാരിക റെഡി. ഞാന്‍ വായിച്ചു നോക്കി. ആനന്ദം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞു. ഭാഷയോ പാണ്ഡിത്യമോ പാരമ്പര്യമോ ഇല്ലാത്ത ഈയുള്ളവന് ഇതില്‍ കൂടുതല്‍ ഒരംഗീകാരം വേറെ എവിടുന്നു കിട്ടാന്‍! ഗുരുവിന്റെ എക്കാലത്തേക്കുമുള്ള അനുഗ്രഹമായി ഞാനതിനെ കാണുന്നു. അക്ഷരപ്പൂക്കള്‍ കൊണ്ട് ഈ ചെറിയ തലയില്‍ വൃഷ്ടി നടത്തിയിരിക്കുന്നു പരമേശ്വര്‍ജി.
നമ്മള്‍ പ്രസംഗിച്ചതോ എഴുതിയതോ പത്രത്തില്‍ വന്നാല്‍ അത് അദ്ദേഹം വായിച്ചിരിക്കും. കണ്ടാല്‍ ആദ്യം അതിനെപ്പറ്റിയായിരിക്കും പറയുക. വിമര്‍ശനമുണ്ടെങ്കില്‍ സ്വകാര്യമായും അഭിനന്ദനമുണ്ടെങ്കില്‍ പരസ്യമായും ആയിരിക്കും പറയുന്നത്. സമാധിസ്ഥനാകുന്നതിന് ഏതാനും ദിവസം മുമ്പ് ഒറ്റപ്പാലത്ത് ഞാന്‍ കാണാന്‍ പോയിരുന്നു. അസ്വസ്ഥമായിരുന്ന ആ വേളയിലും കണ്ട ഉടനെ, ‘ഞാന്‍ നിങ്ങളുടെ പ്രസ്താവന പത്രത്തില്‍ കണ്ടിരുന്നു, ഞാന്‍ മുമ്പുതന്നെ പറഞ്ഞിട്ടുള്ളതാണ് ഇത് ‘ എന്നു പറഞ്ഞു. തലേ ദിവസം പങ്കെടുത്ത പരിപാടിയുടെ റിപ്പോര്‍ട്ട് വായിച്ചിട്ടായിരുന്നു മുറിഞ്ഞുമുറിഞ്ഞ ആ വാക്കുകള്‍ ഉരുവിട്ടത്. പക്ഷെ അത് ഒടുവിലത്തെ അനുഗ്രഹമെന്ന് അറിഞ്ഞില്ല.
പരമേശ്വര്‍ജി ആദ്യമെഴുതിയ ഒരു ലഘു പുസ്തകം ഇറക്കാന്‍ അന്നത്തെ മുതിര്‍ന്ന സംഘ നേതാക്കള്‍ അനുവദിച്ചില്ല എന്ന കാര്യം വര്‍ത്തമാനത്തിനിടയില്‍ ഒരിക്കല്‍ പറഞ്ഞു. പിന്നീടത് കൊച്ചിയിലെ ഒരു സ്വയംസേവകന്‍ സ്വന്തം ചെലവില്‍ അച്ചടിച്ചു. സംഘടന കെട്ടിപ്പടുക്കുകയാണാവശ്യം, സാഹിത്യത്തിന്റെ കുറവായിരുന്നില്ല നാടിന്റെ പരാജയത്തിനു കാരണമെന്നതായിരുന്നു വിലക്കിനുള്ള ന്യായം. അന്ന് അത് സത്യവുമായിരുന്നു.
കാലം മാറുകയും സംഘടന വളരുകയും ചെയ്തു. എഴുത്തിന്റെയും പറച്ചിലിന്റെയും ആവശ്യം വര്‍ദ്ധിച്ചു വന്നു. അക്ഷരങ്ങള്‍ അഗ്‌നിയായും വാക്കുകള്‍ വാളുകളായും പരിണമിച്ചു. ആയുധ സംഘട്ടനത്തിന്റെ പിന്നാലെ ആശയത്തിന്റെ യുദ്ധമുഖം തുറന്നു. അവിടെ അക്ഷൗഹിണികള്‍ പ്രസംഗകരായി. എഴുത്തുകാര്‍ പടനായകന്മാരും. കുരുക്ഷേത്രത്തില്‍ എന്നും പടയാളികളും പടനായകന്മാരും കൂടുതലും കൗരവപക്ഷത്ത് – അസത്യ പക്ഷത്ത് – ആയിരുന്നുവല്ലോ. ഇപ്പുറത്ത് പാര്‍ത്ഥന്മാര്‍ പലരുണ്ടായിരുന്നെങ്കിലും യോഗേശ്വരന്‍ ഒന്നേയുണ്ടായിരുന്നുള്ളൂ, പരമേശ്വര്‍ജി. സന്നിഗ്ദ്ധ ഘട്ടങ്ങളില്‍, ധര്‍മ്മ സന്ദേഹങ്ങളില്‍ സംശയിച്ചു നിന്ന പാണ്ഡവരോട് ഉചിതമായ ഉപദേശം നല്‍കി; ചിലപ്പോള്‍ ഉദ്ധൃതമാകാനും മറ്റു ചിലപ്പോള്‍ ശാന്തമാകാനും. എങ്ങനെ നോക്കിയാലും സാരഥി തന്നെയായിരുന്നു സര്‍വ്വസൈന്യാധിപനും. പരാജയത്തിനും നൈരാശ്യത്തിനും ഒരിക്കലും ഇടം കൊടുത്തില്ല.
‘വിഷാദയോഗമല്ലെന്റെ
വിഷയം, കാണ്മു ഞാനതാ
വിജയക്കൊടി പാറുന്ന
വിഭാതോദയമുജ്വലം’
(ഗംഗയുടെ വിചാര വീചി)
പരമേശ്വര്‍ജി വിഭാവനം ചെയ്യുന്ന പരിപാടികള്‍ ഒരു മാസ്റ്റര്‍ പ്ലാനിന്റെ രൂപത്തിലല്ല, പ്രത്യുത അതൊരു വിടരലാണ്. പ്രഭാതത്തില്‍, സൂര്യോദയ വേളയില്‍ മുകുളങ്ങള്‍ ഓരോന്നായി ഇതള്‍ വിടര്‍ത്തി വരുമ്പോലെയാണ് ആശയങ്ങളും കാര്യപരിപാടികളും. എന്നാല്‍ മൂല സങ്കല്പം സുദൃഢമായിരിക്കും. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഭഗവദ് ഗീതാ പ്രസ്ഥാനം.
എന്നെ വിചാര കേന്ദ്രത്തിലേക്ക് ഉപനയിക്കുന്നതിനു തൊട്ടുമുമ്പാണ് അതാരംഭിച്ചത്, 1998 ന്റെ ആദ്യ പാദത്തില്‍. ഞാന്‍ രണ്ടാം പാദം കഴിഞ്ഞ് ജൂണില്‍ ചെല്ലുമ്പോഴേയ്ക്കും കേളികൊട്ടു കഴിഞ്ഞിരുന്നു, കാലടിയില്‍. അവിടെ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ മണ്ഡപത്തിലാണ് ആദ്യമായി ഗീതാ യുവജന ശിബിരം നടന്നത്. നെടുവടി കൊണ്ട് കളത്തില്‍ ചക്രവ്യൂഹം ചമയ്ക്കുന്നവന് വിചാര വിപ്ലവത്തില്‍ എന്തു പങ്കുവഹിക്കാന്‍ കഴിയും? കുറെ നാള്‍ ഒന്നിലും തൊടാതെ, കൂടാതെ വിചാര കേന്ദ്രത്തിന്റെ പരിസരങ്ങളില്‍ കമ്പൊടിച്ചും മാങ്ങാ പറിച്ചുതിന്നും നടന്നു. അപ്പോഴേയ്ക്കും ‘മുകളില്‍’നിന്ന് ശാസനയും സാരോപദേശവും വന്നു, ഒഴുക്കില്‍ ചാടാന്‍. ചാടി, കൈകാലിട്ടടിച്ചു, നീന്തല്‍ പഠിച്ചല്ലെ പറ്റൂ, ഇല്ലെങ്കില്‍ വെള്ളം കുടിച്ച് അകാലമൃത്യു. അത് പാടില്ലല്ലോ. അപ്പോഴേയ്ക്കും പരമേശ്വരഹൃദയത്തില്‍ ഗീതാ പുഷ്പത്തിന്റെ അടുത്ത ഇതള്‍ വിടര്‍ന്നു, എല്ലാ പഞ്ചായത്തുകളിലും ഗീതാസ്വാദ്ധ്യായസമിതികള്‍ ഉണ്ടാക്കുക! അടുത്ത ഇതള്‍ അടുത്ത നാളില്‍; പഞ്ചായത്തു ഗീതാ സംഗമം നടത്തുക. നാട്ടിന്‍പുറങ്ങളില്‍ ഭഗവദ് ഗീതാ വാക്യങ്ങള്‍ അലയടിച്ചു. അതിന്റെ അലയൊലികള്‍ ഗ്രാമ ഗ്രാമാന്തരങ്ങളിലും നഗരനഗരാന്തരങ്ങളിലും മുഴങ്ങി.
സംസ്‌കൃതപണ്ഡിതരും ആധുനിക ഇംഗ്ലീഷ് പണ്ഡിതരും മാത്രം കൈ വച്ചിരുന്ന ഭഗവദ്ഗീതയെ ഗ്രാമീണ കര്‍ഷകനും പ്രൊഫസറും ഡോക്ടറും ഭരണാധികാരിയും രാഷ്ട്രീയ നേതാക്കളും കൂലിപ്പണിക്കാരനും തൊഴിലാളിയും കയ്യേറ്റു. ആദ്ധ്യാത്മികാചാര്യന്മാരും സന്ന്യാസിമാരും മാത്രം പാടി നടന്നിരുന്ന ഭഗവദ്ഗീതയെ യുവതീ യുവാക്കളും ടെക്‌നോക്രാറ്റുകളും കുട്ടികളും നെഞ്ചേറ്റി. വനവാസിക്കുടിലിലും അരയന്റെ ചാളയിലും നഗരങ്ങളില്‍ തെഴുത്തു നടന്നിരുന്ന യുവഹൃദയങ്ങളിലും ഗ്രാമവീഥികളിലും ഭഗവദ്ഗീതയുടെ മന്ത്രധ്വനികള്‍ അലയടിച്ചു. അവയെ ക്രോഡീകരിക്കാന്‍, ദിശ നല്‍കാന്‍ പുതിയ ഇതള്‍ വിടര്‍ത്തി. അതാണ് തൃശ്ശിവപേരൂരില്‍, വടക്കുന്നാഥന്റെ മണ്ണില്‍ നടന്ന ഗീതാ സംഗമം. ഓരോ പഞ്ചായത്തില്‍ നിന്നും രണ്ടോ മൂന്നോ പ്രതിനിധികള്‍ മാത്രം പങ്കെടുക്കണം. അതിന്റെ അതിഥിയായി കേന്ദ്ര സാംസ്‌ക്കാരിക വകുപ്പു മന്ത്രിയെ ക്ഷണിക്കാന്‍ ഇന്ദ്രപ്രസ്ഥത്തിലേക്കു പോയ പരമേശ്വര്‍ജി പുതിയ വെല്ലുവിളിയുമായാണ് മടങ്ങി വന്നത്. അന്താരാഷ്ട്ര ഗീതാ സെമിനാര്‍ നടത്തുക. അതിന്റെ സമാപന സമ്മേളനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ആത്മീയാചാര്യനായ ദലൈലാമയെ പങ്കെടുപ്പിക്കുക! പരിപാടി വിജയിപ്പിക്കാന്‍ എന്തു ചെയ്യും? കൈത്തോട്ടില്‍ നീന്തിക്കളിച്ചവന് വിചാരസമുദ്രത്തില്‍ എന്തു ചെയ്യാനാവും? ആര്‍ക്കും നിശ്ചയമില്ലാതിരുന്നതുകൊണ്ട് പഴയ പടക്കുതിരയെ – മുന്‍ സംഘടനാ സെക്രട്ടറി എം.ബാലകൃഷ്ണനെ – കളത്തിലിറക്കി. പ്രചാരക ഗന്ധം പോയിട്ടില്ലാത്തതു കൊണ്ട് അതെല്ലാവര്‍ക്കും സൗകര്യമായി. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഗീതാ പ്രസ്ഥാനവും സമൂഹം ഏറ്റെടുത്തു.
ഒരു വലിയ പരിപാടി എങ്ങനെയാണ് ആസൂത്രണം ചെയ്യേണ്ടത് എന്ന സംഘടനാ തന്ത്രം ഞാന്‍ പരമേശ്വര്‍ജിയില്‍ നിന്നാണ് പഠിച്ചത്. ഒരിക്കല്‍ ഒരു സമിതി യോഗത്തില്‍ വച്ച്, ബൗദ്ധിക മേഖലയെന്നാല്‍ അതില്‍ അക്കാദമിക തലത്തിലുള്ള പ്രവര്‍ത്തനവും പെടുമല്ലോ എന്ന് ഈയുള്ളവന്‍ പറഞ്ഞു. അതെ, അതിനിപ്പോള്‍ എന്താ പ്രശ്‌നം എന്ന് പരമേശ്വര്‍ജി. എങ്കില്‍ അക്കാദമിക രംഗത്തുള്ളവര്‍ക്കു മാത്രമായ എന്തെങ്കിലും പ്രവര്‍ത്തനം വേണമെന്നായി ഞാന്‍. ആ ആലോചനയില്‍ നിന്നും ചര്‍ച്ചയില്‍ നിന്നും രൂപംപൂണ്ടതാണ് ഞലലെമൃരവ എീൃ ഞലൗെൃഴലിരല എന്ന ബൃഹദ് പരിപാടി. അതിന്റെ സ്വാഗത സംഘത്തില്‍ എത്തരക്കാരൊക്കെ വേണമെന്ന് നിര്‍ദ്ദേശിച്ചു. അനേകം തവണ സ്വാഗത സംഘ യോഗം വിളിച്ചു ചേര്‍ത്തു. ഓരോ തവണയും ആലോചനകളും ആസൂത്രണങ്ങളും പൂര്‍ണം എന്നു വിചാരിച്ചിരിക്കുമ്പോള്‍ പരമേശ്വര്‍ജി ഒന്നോ രണ്ടോ പുതിയ ചോദ്യങ്ങളിലൂടെ സംഘാടനത്തിന്റെ സമഗ്രതയെന്തെന്ന് ബോധ്യപ്പെടുത്തി. ആലുവ ഥങഇഅ ഹാളില്‍ മൂന്നു മുഴുവന്‍ ദിവസം നീണ്ടു നിന്ന, കേന്ദ്ര മാനവ വിഭവശേഷി വകുപ്പു മന്ത്രി ഡോ: മുരളീ മനോഹര്‍ ജോഷി ഉദ്ഘാടനം ചെയ്ത വിചാര സത്രം അക്കാദമിക മേഖലയിലെ വലിയ കാല്‍വയ്പായി മാറി. ‘ഗോപുരത്തിന്റെ ശിഖരത്തിലെ കാക്കയാകാനല്ല, അടിശിലയാകാനാണ് നാം ശ്രദ്ധിക്കേണ്ടത് ‘എന്ന് ഒരു ക്ലാസ്സിനിടയില്‍ പരമേശ്വര്‍ജി പറഞ്ഞത് അക്ഷരത്തിലും അര്‍ത്ഥത്തിലും മനസ്സിലായത് അപ്പോഴാണ്. കല്ലു പൊട്ടിപ്പിളരാതിരിക്കുകയും വേണം, ഗോപുരത്തിന്റെ ഭാരം താങ്ങുകയും വേണം. അതിനെയാണല്ലോ ‘ഭാര’ ‘വാഹി’ എന്നു വിളിക്കുന്നത്, ഭാരം വഹിക്കുന്നവന്‍!
പുതിയ പുതിയ വഴിത്താരകള്‍ വെട്ടിത്തുറക്കുന്നതില്‍ വിചാരകേന്ദ്രം പല പരീക്ഷണങ്ങളും നടത്തി. അതിലൊന്നാണ് എഴുത്തുശില്പശാല. മൂന്നു ദിവസം സംസ്‌കൃതി ഭവനില്‍ താമസിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള ചെറുപ്പക്കാരായ ഒരു കൂട്ടം പ്രതിനിധികള്‍, യുവ പാതിരി മുതല്‍ ബിരുദ വിദ്യാര്‍ത്ഥിനികള്‍ വരെ പങ്കെടുത്തു. പി.ഗോവിന്ദപിള്ളയെന്ന കമ്മ്യൂണിസ്റ്റ് ചിന്തകന്‍ മുതല്‍ പ്രൊഫ: എസ്.ഗുപ്തന്‍ നായര്‍ വരെയുള്ള സാഹിത്യ കുലപതിമാര്‍ വരെ; സുഗതകുമാരിയും ഹൃദയകുമാരിയും പി.നാരായണക്കുറുപ്പും സി. ജി. രാജഗോപാലും വിഷ്ണുനാരായണന്‍ നമ്പൂതിരിയും സി.പി.നായരും ജി.എന്‍.പണിക്കരും തുടങ്ങി എത്രയോ പേര്‍ ഗുരുനാഥന്മാരായി. എല്ലാവര്‍ക്കും നിര്‍ദ്ദേശകനായി പി.പരമേശ്വര്‍ജിയും. ഇങ്ങനെയൊരു പരിപാടിയെപ്പറ്റി ചര്‍ച്ച ചെയ്തപ്പോള്‍ ജന്മനാ കവിയായ പരമേശ്വര്‍ജിക്ക് അതിനെ തള്ളാന്‍ പറ്റുമോ? ‘കവിത എഴുതാനുള്ള അന്ത: പ്രേരണ കാവ്യരചനയ്ക്ക് എന്നെ നിരന്തരം നിര്‍ബ്ബന്ധിച്ചിട്ടുണ്ട്….. ജന്മസിദ്ധമായിത്തന്നെ ബീജരൂപത്തില്‍ കവിതാ വാസന എന്നിലുണ്ടായിരുന്നു എന്നെനിക്കറിയാം…. പക്ഷെ, ജീവിതത്തില്‍ ഒന്നിലേറെ ഇഷ്ടദേവതകളെ ഉപാസിക്കുക സാധ്യമല്ല; ആവശ്യവുമില്ല. ‘ഒരു ജീവിതം; ഒരു ദൗത്യം’ എന്ന തത്വമാണ് എന്നെ നയിച്ചിട്ടുള്ളത്. അതില്‍ ഞാന്‍ സന്തുഷ്ടനാണ്.’ അങ്ങനെയുള്ള പരമേശ്വര്‍ജിയില്‍ സാഹിത്യ ശില്പശാല ഒരു പൂങ്കാവനത്തില്‍ കയറിയ പ്രതീതിയായിരിക്കുമല്ലോ സൃഷ്ടിച്ചിട്ടുണ്ടാവുക. അതിന്റെ ആനന്ദവും ആ സമയത്തെ പെരുമാറ്റത്തില്‍ പ്രകടമായിരുന്നു.
വിചാര കേന്ദ്രം പ്രവര്‍ത്തകരില്‍ പരമേശ്വര്‍ജി മുളപ്പിച്ചെടുത്തത് സങ്കുചിത ചിന്താഗതിയായിരുന്നില്ല. ‘ലോകത്തിലെ എല്ലാ നല്ല ആശയങ്ങളും നമ്മിലേക്കു വരട്ടെ’ എന്ന ഋഷിവചനം തന്നെയായിരുന്നു അദ്ദേഹം ആവര്‍ത്തിച്ചതും. ഒരുപക്ഷെ അത് തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കാം കമ്മ്യൂണിസ്റ്റായിട്ടും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ഋഷിതുല്യമായ ജീവിതം നയിച്ച പി.പരമേശ്വരന്‍’ എന്ന് അനുശോചന സന്ദേശത്തില്‍ രേഖപ്പെടുത്തിയത്. വിചാരകേന്ദ്രത്തിന്റെ ഒരു പഠനശിബിരം ഉദ്ഘാടനം ചെയ്തുകൊണ്ടു പരമേശ്വര്‍ജി പറഞ്ഞതിങ്ങനെ: ‘ലോകജനതയ്ക്കു മുഴുവന്‍ ഒരൊറ്റ ജീവിതവീക്ഷണമോ ചരിത്രമോ ഉണ്ടാവുക സാധ്യമല്ല. വൈവിധ്യം പ്രകൃതി സഹജമാണ്. അതുകൊണ്ട് ഏതെങ്കിലും വീക്ഷണം തെറ്റെന്നു പറയാന്‍ കഴിയില്ല’. എല്ലാ ആശയങ്ങളെയും മുന്‍വിധിയില്ലാതെ പഠിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. നമ്മുടെ സ്വന്തം കാലില്‍ ഉറച്ചു നിന്നുകൊണ്ട് എല്ലാത്തിലുമുള്ള നന്മ നാം സ്വീകരിക്കുക. പൊയ്ക്കാലുകളില്‍ നില്ക്കരുത്. അത് എപ്പോള്‍ വേണമെങ്കിലും തട്ടിത്തെറിപ്പിക്കപ്പെടാം. ഒരുപക്ഷെ സ്വാമി വിവേകാനന്ദനെ മനസ്സാ ഗുരുവായി സ്വീകരിച്ചതു കൊണ്ടായിരിക്കാം ഈ വീക്ഷണം പരമേശ്വര്‍ജിയില്‍ രൂപപ്പെട്ടത്. വിവേകാനന്ദന്റെ ‘കിഴക്കും പടിഞ്ഞാറും’ എന്ന ആശയമാണ് പരമേശ്വര്‍ജി നമ്മെയും പഠിപ്പിച്ചത്. വിചാരകേന്ദ്രം പഠനശിബിരങ്ങളില്‍ ഏകാത്മ മാനവ ദര്‍ശനവും മാര്‍ക്‌സിസവും അരവിന്ദ ദര്‍ശനവും പാശ്ചാത്യ മത തത്വ ദര്‍ശനവും ഒക്കെ പഠന വിഷയമാക്കിയത് ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനാവശ്യമായ ഗ്രന്ഥങ്ങളും സമയാസമയങ്ങളില്‍ അദ്ദേഹം സമാഹരിച്ചുവച്ചു. മാര്‍ക്‌സും വിവേകാനന്ദനും എന്ന പുസ്തകമെഴുതിയതും ഇത്തരുണത്തിലാണ്.
സംസ്‌കൃതി ഭവനിലെ ജ്ഞാനേശ്വരി എന്ന ഗ്രന്ഥാലയം (എറണാകുളത്തെ ജ്ഞാനേശ്വരന്‍ എന്ന സ്വയം സേവകനാണ് നല്ലൊരു ശതമാനം പുസ്തകങ്ങളും സംഭാവന ചെയ്തത്) പരമേശ്വര്‍ജി കാട്ടിത്തന്ന ജ്ഞാനയജ്ഞത്തിന്റെ ഉദാഹരണമാണ്. അതിലെ ഓരോ ഗ്രന്ഥത്തിലും പരമേശ്വര്‍ജിയുടെ കരസ്പര്‍ശമേറ്റിട്ടുണ്ട്. ഓരോ വിഷയത്തിലുമുള്ള ഏതു പുസ്തകം, ഏതലമാരയില്‍, ഏതു തട്ടില്‍ ഇരിക്കുന്നു എന്ന് കൃത്യമായി പറയുമായിരുന്നു.
സംസ്‌കൃതി ഭവന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോള്‍ അതിന്റെ സങ്കല്ലത്തെപ്പറ്റി പരമേശ്വര്‍ജി പറഞ്ഞു. ‘ഞങ്ങള്‍ വിശ്വസിക്കുന്നു, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭാരതം വീണ്ടും ഒന്നാകുമെന്ന്. ഒരു ‘യൂറോപ്യന്‍ യൂണിയന്‍’ ആകാമെങ്കില്‍ ഒരു അഖണ്ഡഭാരതവും ആകാം. ‘ഏഷ്യന്‍ യൂണിയന്‍’ സ്വപ്നം കാണുന്ന ഒരു രാഷ്ട്രപതി നമുക്കുണ്ടെന്നുള്ളത് ഒരു വലിയ വാഗ്ദാനമാണ്. പണ്ഡിറ്റ് നെഹ്‌റുവിനെപ്പോലുള്ളവര്‍ നമ്മെ ആശ്വസിപ്പിച്ചത് വിഭജനം താല്‍ക്കാലികമാണെന്നാണ്. അങ്ങനെയാകുമെന്നു തന്നെ വിശ്വസിക്കാം.’ അദ്ദേഹം വീണ്ടും ആഹ്വാനം ചെയ്തു: ‘നമുക്ക് നമ്മുടെ വേരുകളിലേക്കും സ്വധര്‍മ്മത്തിലേക്കും മടങ്ങാം. സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാം, സ്വതന്ത്ര ബുദ്ധി വികസിപ്പിച്ചെടുക്കാം. കാലാനുകൂലമായ മാറ്റങ്ങള്‍ സ്വബുദ്ധികൊണ്ടറിഞ്ഞ് ഉള്‍ക്കൊള്ളാം. ശ്രീശങ്കരന്റെയും തുഞ്ചത്താചാര്യന്റെയും ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും ചട്ടമ്പിസ്വാമികളുടെയും നാട്ടില്‍ നിന്ന് ഒരു പുതിയ തുടക്കം കുറിക്കാം.’ ഇങ്ങനെയാണ് പ്രവര്‍ത്തകരെ അദ്ദേഹം ഉദ്‌ബോധിപ്പിച്ചത്. ഒരിക്കലും നമ്മുടേത് മാത്രം ശരി എന്ന് പഠിപ്പിച്ചില്ല. എല്ലാ ശരികളെയും കൂട്ടിച്ചേര്‍ത്ത് ലോകത്തിനായുള്ള വലിയ ശരി നാം പഠിക്കുകയും ഉള്‍ക്കൊള്ളുകയും പ്രചരിപ്പിക്കുകയും വേണമെന്നതായിരുന്നു പരമേശ്വര്‍ജിയുടെ സമീപനം.
ശ്രേയാന്‍ ദ്രവ്യമയാദ്യജ്ഞാദ്
ജ്ഞാനയജ്ഞ: പരംതപ
സര്‍വം കര്‍മാഖിലം പാര്‍ഥ
ജ്ഞാനേ പരിസമാപ്യതേ
(ശ്രീമദ് ഭഗവദ്ഗീത 4:33)
‘ദ്രവ്യയജ്ഞത്തേക്കാള്‍ ജ്ഞാനയജ്ഞം ശ്രേഷ്ഠമാണ്. എല്ലാ കര്‍മ്മവും ഒട്ടും ശേഷിക്കാതെ ജ്ഞാനത്തില്‍ സമാപിക്കുന്നു’.
പരമേശ്വര്‍ജിയുടെ കര്‍മ്മബന്ധങ്ങള്‍ അറ്റിരിക്കുന്നു. ഇനി മടക്കം മാത്രം. ശരിയായി കളി തീര്‍ന്ന നട്ടുവന്‍ അരങ്ങൊഴിയണം. അതാണ് കളിയിലെ നിയമം. അത് മുന്നേ അറിയുമായിരുന്നു അദ്ദേഹത്തിന്.
‘വിടവാങ്ങട്ടെ വിടവാങ്ങട്ടെ
വിരുന്നു നാളുകള്‍ തീര്‍ന്നു
…….
വരുന്നു ഞാനിനി വൈകില്ലിവിടെപ്പാട്ടും കളികളുമായി
വരുന്നു ഞാനിനിയന്തര്‍ദാഹം
തെളിച്ച വഴിയില്‍ കൂടി
പിടിച്ചു നിര്‍ത്തരുതെന്നെ
യൊരാളും
സുവര്‍ണ ശൃംഖല ചാര്‍ത്തി
പിറകില്‍ നിന്നു തിരിച്ചു
വിളിയ്ക്കാന്‍
ഇറങ്ങിയെത്തരുതാരും
കണ്ണീര്‍കൊണ്ടോ
പുഞ്ചിരി കൊണ്ടോ
മനസ്സിളക്കരുതാരും’
(പിറന്ന വീട് വിളിക്കുന്നു)
ഹാരങ്ങളും പുരസ്‌കാരങ്ങളും എല്ലാം ഉപേക്ഷിച്ച് പരമേശ്വര്‍ജി നടന്നുനീങ്ങി.
യജ്ഞം പൂര്‍ത്തിയാകുന്നതോടെ യജ്ഞശാലയും ഉപകരണങ്ങളും അടക്കം എല്ലാം യജ്ഞകുണ്ഡത്തിലേക്ക് അര്‍പ്പിക്കണം. ഇവിടെ യജ്ഞ കര്‍ത്താവും കൂടി സ്വയം ആഹുതി ചെയ്തിരിക്കുന്നു, ഭൗതികമായി ഇനി നമ്മോടൊപ്പം പരമേശ്വര്‍ജി ഇല്ല. ഉപദേശിക്കാന്‍, ശാസിക്കാന്‍, ശിക്ഷിക്കാന്‍, സൗമ്യമായി തലോടാന്‍.
സംസ്‌കൃതി ഭവന്റെ വരാന്തയില്‍ നിന്നുള്ള നീണ്ട നോട്ടം ഇനിയില്ല. വലിയ പരിപാടികള്‍ വരുമ്പോള്‍ സമഗ്ര വിജയത്തിനു വേണ്ടി ഉല്‍ക്കണ്ഠപ്പെടുന്ന, പൂര്‍ണതയിലേക്കെത്തുന്നതിനു മുമ്പ് വേവലാതിയോടെ കൈകള്‍ കൂട്ടിത്തിരുമ്മി ദേഷ്യപ്പെടുന്ന, വിജയം നേടിക്കഴിഞ്ഞാല്‍ ഒരു കള്ളച്ചിരി ചിരിച്ച് എല്ലാവരെയും അനുമോദിക്കുന്ന പരമേശ്വര്‍ജി ഇനിയില്ല. ഇടയ്ക്കിടയ്ക്ക് സുരേന്ദ്രാ എന്ന നീട്ടി വിളി ഇനി സംസ്‌കൃതിഭവനില്‍ മുഴങ്ങില്ല. ആദ്യമൊക്കെ ആ വിളി കേള്‍ക്കുമ്പോള്‍ ഞാന്‍ ഓടിയെത്തുമായിരുന്നു. അപ്പോള്‍, ‘ നിങ്ങളെ ആര് വിളിച്ചു; ഞാന്‍ ഒറിജിനല്‍ സുരേന്ദ്രനെയാണ് വിളിച്ചത്. നിങ്ങള്‍ വരണമെങ്കില്‍ കാഭാ എന്നു വിളിക്കും’ എന്ന് ഒരു കുസൃതിച്ചിരിയോടെ പലവട്ടം പറഞ്ഞിട്ടുണ്ട്. മുപ്പത്തിമൂന്നു വര്‍ഷം പരമേശ്വര്‍ജിയുടെ നിഴലായ് കഴിയാന്‍ ജീവിതം ഉഴിഞ്ഞുവച്ച ജ്യേഷ്ഠ പ്രചാരകനാണ് വി.സുരേന്ദ്രന്‍. ഇപ്പോള്‍ നിഴല്‍ മാത്രം അവശേഷിപ്പിച്ച് സൂര്യന്‍ അപ്രത്യക്ഷനായി. കൊച്ചു കൊച്ചു കാര്യങ്ങള്‍ പറഞ്ഞ് അടുക്കളയിലും കിടപ്പുമുറിയിലും അന്യോന്യം കലമ്പല്‍കൂട്ടുന്ന ചാറ്റല്‍മഴ ഇനിയില്ല.
ധ്യാന മുറിയില്‍ സമാധിസ്ഥനെപ്പോലെയിരിക്കുന്ന, ഗ്രന്ഥപ്പുരയില്‍ തപസ്വിയെപ്പോലെയിരിക്കുന്ന, ഗൗരവമാര്‍ന്ന സന്ദര്‍ഭങ്ങളില്‍ തീപിടിച്ച മനസ്സുമായി പാഞ്ഞുനടക്കുന്ന പി.പരമേശ്വരന്‍ എന്ന മഹാഗുരു അപ്രത്യക്ഷമായിരിക്കുന്നു. എങ്കിലും പലപ്പോഴായി ചൂണ്ടിക്കാണിച്ചു തന്ന വെളിച്ചത്തിലേക്കു നടക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. വിദൂരമായ ഏതോ കോണില്‍ നിന്ന് അങ്ങു നീട്ടുന്ന നെയ്ത്തിരി ഞങ്ങള്‍ കാണുന്നുണ്ട്. അതു തന്നെ മാര്‍ഗദീപം. എങ്ങനെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കണമെന്ന് അറിയില്ല. എങ്കിലും അത് ചെയ്തല്ലേ തീരൂ. ആ പാദാരവിന്ദങ്ങളില്‍ സാഷ്ടാംഗനമസ്‌കാരം. അങ്ങയുടെ തന്നെ വാക്കുകള്‍ കടമെടുത്ത് ഒരു കൂട്ടം കണ്ണീര്‍പൂക്കള്‍ മാത്രം അര്‍ച്ചിക്കുന്നു.