കുംഭാരകന്‍മാര്‍ എന്നും വേലന്‍മാര്‍ എന്നുമൊക്കെ പല പേരുകളിലാണ് മണ്‍പാത്രമുണ്ടാക്കുന്നവര്‍ അറിയപ്പെടുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിലായി ചിതറിക്കിടക്കുന്ന ചെറിയ ഒരു വിഭാഗമാണിവര്‍. സമുദായത്തില്‍ നിലവില്‍ മണ്‍പണി നടത്തുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. മൂവാറ്റുപുഴയ്ക്കടുത്തുള്ള കടുംപിടി എന്ന ഗ്രാമത്തില്‍ മണ്‍പാത്രനിര്‍മാണം നടക്കുന്നുണ്ടെന്നറിഞ്ഞ് അവിടേക്ക് തിരിച്ചു. ശരിയാണ് വഴിവക്കില്‍ തന്നെ വിവിധ തരത്തിലുള്ള മണ്‍പാത്രങ്ങളും കൂജകളും ചെടിച്ചട്ടികളുമായി വലിയ ഒന്നു രണ്ട് കടകള്‍ കണ്ടെത്തി. അത് നടത്തുന്നവരുടെ വീട് അന്വേഷിച്ച ്കണ്ടെത്തിയപ്പോള്‍ നടത്തിപ്പുകാരന്‍ സ്ഥലത്തില്ല. പാത്രങ്ങളെടുക്കാന്‍ പാലക്കാടിന് പോയിരിക്കുകയാണ്. കുലത്തൊഴിലാണെങ്കിലും മണ്ണിന്റെ ലഭ്യതക്കുറവും അധ്വാനഭാരവുമുള്‍പ്പെടെ പല കാരണങ്ങളാല്‍ ചൂളയില്‍ പണി നിര്‍ത്തി. പകരം പാലക്കാട്ട് നിന്ന് ആവശ്യമായ പാത്രങ്ങളും ചട്ടികളും മറ്റും ഒന്നിച്ചെടുത്ത് വില്‍പ്പന നടത്തുകയാണ്. മണ്‍പാത്രത്തില്‍ ഭക്ഷണം ഉണ്ടാക്കുന്നവര്‍ കുറവാണെങ്കിലും മീന്‍ചട്ടികളും ചെറിയ കുടങ്ങളും കൂജകളും ചെടിച്ചട്ടികളും മറ്റുമാണ് വിറ്റുപോകുന്നത്. എങ്കിലും വലിയ കുഴപ്പമില്ലാത്ത കച്ചവടമാണെന്ന് ബിസിനസ്സുകാര്‍ പറയുന്നു.
കടുംപിടിയില്‍ പരമ്പരാഗതമായി മണ്‍കുടങ്ങളുണ്ടാക്കുന്ന കുടുംബത്തിലെ അംഗമാണ് പൊന്നമ്മ. അടുത്ത നാള്‍ വരെ പാത്രങ്ങളുണ്ടാക്കിയിരുന്നെന്നും ആരോഗ്യസ്ഥിതി മോശമായതിനാല്‍ ചൂള പൊളിച്ചുമാറ്റിയെന്നും അറുപതുകാരിയായ പൊന്നമ്മ പറഞ്ഞു. ഭര്‍ത്താവ് സഹായത്തിനുണ്ടായിരുന്നതിനാലാണ് ഇത്രയും നാള്‍ ഓടിച്ചത്. പഴയകാലത്ത് എന്നും മണ്ണുകുഴയ്ക്കലും പാകപ്പെടുത്തലും ചുടലുമായി സജീവമായിരുന്ന ചൂളകളിലെ അനുഭവം അവര്‍ പങ്ക് വച്ചു. അന്ന് അതൊക്കെ മതിയായിരുന്നു, കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞുകൂടാനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
”പണ്ട് കറിച്ചട്ടികളും മറ്റുമുണ്ടാക്കി തലച്ചുമടായി ചന്തയില്‍ എത്തിച്ചായിരുന്നു ഞങ്ങള്‍ വിറ്റഴിച്ചിരുന്നത്. ഇപ്പോള്‍ അതൊന്നും ആര്‍ക്കും വേണ്ട. പകരം ക്ഷേത്രങ്ങളില്‍ പൊങ്കാലയ്ക്കും മറ്റും ചിലപ്പോള്‍ ഓര്‍ഡര്‍ കിട്ടും. അതും നോക്കിയിരുന്നാല്‍ ജീവിക്കാനാകുമോ?” പൊന്നമ്മ ചോദിക്കുന്നു.
കുടുംബത്തിലുണ്ടായിരുന്ന ചൂള പൊളിച്ച് മാറ്റിയെങ്കിലും ഇവരുടെ മൂത്ത മകന്‍ മണ്‍പാത്രക്കച്ചവടം തന്നെയാണ് ചെയ്യുന്നത്. പാത്രങ്ങള്‍ ഉണ്ടാക്കാന്‍ അത്ര വശമില്ലെങ്കിലും പാത്രങ്ങളുടെ മേന്‍മ നോക്കി തെരഞ്ഞെടുത്ത് കച്ചവടം നടത്തുകയാണ് ഇയാള്‍. രണ്ടു മക്കള്‍ കെട്ടിടം പണിക്കും വര്‍ക്ക്‌ഷോപ്പിലുമായി ജോലി ചെയ്യുന്നു. രാവും പകലുമില്ലാത്ത അധ്വാനമാണ് മണ്‍പാത്രനിര്‍മ്മാണത്തില്‍ നിന്ന് പുതിയ തലമുറയെ മാറ്റിനിര്‍ത്തുന്നതെന്നാണ് പൊന്നമ്മ പറയുന്നത്.
കടുംപിടി കഴിഞ്ഞാല്‍ കോലഞ്ചേരിക്ക് അടുത്ത് ഊരമനയിലാണ് പരമ്പരാഗതമായി മണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കുന്നത്. സന്ധ്യയാകാന്‍ തുടങ്ങിയിരുന്നു ഊരമനയിലെത്തിയപ്പോള്‍. ഇരുപതിലേറെ ചൂളകള്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഗ്രാമത്തില്‍ ഇപ്പോള്‍ മൂന്ന് വീടുകളില്‍ മാത്രമാണ് മണ്‍പാത്രങ്ങളുണ്ടാക്കുന്നത്. സന്ധ്യക്ക് വിളക്ക് തെളിക്കാനുള്ള തിരക്കിലായിരുന്നു ഞങ്ങള്‍ ചെന്നപ്പോള്‍ വല്‍സല. എന്തിനാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ നിറഞ്ഞ ചിരിയോടെ ചൂളയും അസംസ്‌കൃത സാധനങ്ങളും ഉണങ്ങാന്‍ വച്ചിരിക്കുന്ന മണ്‍പാത്രങ്ങളുമെല്ലാം അവര്‍ കാട്ടിത്തന്നു. പൂര്‍വ്വികരായി നടത്തിവന്ന കുലത്തൊഴിലാണിതെന്നും ഇപ്പോള്‍ സഹായിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയായെന്നും അമ്പത് പിന്നിട്ട അവര്‍ പറഞ്ഞു. പുറത്തുനിന്ന് ആളുകളെ നിര്‍ത്തിയാണ് വല്‍സല ചൂള മുന്നോട്ട് കൊണ്ടുപോകുന്നത്. പാലക്കാട്ടേക്കുള്ള മാട്ടം മാത്രമാണ് ഇവിടെ നിര്‍മ്മിക്കുന്നത്.
‘മാസം മുന്നൂറ് മാട്ടമുണ്ടാക്കിയാല്‍ മുപ്പത്തിയയ്യായിരം രൂപ വരെ കിട്ടും. അതില്‍ മൂന്നിലൊന്ന് വീതം പണിക്കാര്‍ക്ക് പോകും. ചക്രം കറക്കാനെത്തുന്നവര്‍ക്ക് പാത്രമൊന്നിന് പത്തുരൂപ വച്ചുനല്‍കണം. മണ്ണിന്റെ കാശ്, വിറക്, ചുള്ളി, വൈക്കോല്‍, ചെളി, മുപ്പത് ദിവസത്തെ ഞങ്ങളുടെ പണിക്കൂലി എല്ലാം കഴിയുമ്പോള്‍ ലാഭം എന്ന് പറയാനാകില്ല. പിന്നെ കാശ് ഒന്നിച്ചുകിട്ടുന്നതുകൊണ്ട് കാര്യങ്ങള്‍ അങ്ങനെ ഓടുമെന്ന് മാത്രം’- വല്‍സല പറഞ്ഞു.
ലോണെടുത്താണ് വീട് വച്ചിരിക്കുന്നത്. മക്കള്‍ ഉന്നത വിദ്യാഭ്യാസം നേടി നല്ല ജോലിക്കായി ശ്രമിക്കുന്നു. മക്കള്‍ ഈ പണി ഏറ്റെടുക്കില്ല. നാളെ മകന്‍ ചൂളയേറ്റെടുത്ത്് നന്നായി മുന്നോട്ട് കൊണ്ടുപോകണമെന്ന് തോന്നിയാല്‍ അതിനുള്ള പ്രാപ്തി അവനുണ്ട്. പക്ഷേ അങ്ങനെ ചെയ്യുമെന്ന് ഉറപ്പില്ലെന്ന് വല്‍സലയുടെ ഭര്‍ത്താവ് മോഹനന്‍ പറഞ്ഞു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചൂള തങ്ങളുടെ കാലശേഷം പൊളിക്കപ്പെടുമെന്ന് തന്നെയാണ് വല്‍സലയും ഭര്‍ത്താവും ഉറപ്പിച്ച് പറയുന്നത്.
ഭര്‍ത്താവ് സഹായിക്കാനുണ്ടെങ്കിലും ചൂളയിലെ മുഴുവന്‍ ഉത്തരവാദിത്തവും വല്‍സലയ്ക്ക് തന്നെയാണ്. വീട്ടുജോലിയും ചൂളയിലെ ചെയ്താല്‍ തീരാത്ത പണികളും അനായാസം മുന്നോട്ട് കൊണ്ടുപോകുന്ന വല്‍സലയോട് ആദരവ് തോന്നി. കൂടുതല്‍ ഓര്‍ഡര്‍ സ്വീകരിച്ച് മാട്ടങ്ങള്‍ ഉണ്ടാക്കി നല്‍കിയാല്‍ അതിന് അനുസരിച്ച് കാശ് കിട്ടും. പക്ഷേ അത്യധ്വാനവും ചെലവും താങ്ങാന്‍ പറ്റാത്തതിനാല്‍ ചെറിയ ഓര്‍ഡറുകള്‍ മാത്രമാണ് ഈ കുടുംബം ഏറ്റെടുക്കുന്നത്. കുലത്തൊഴിലുമായി മുന്നോട്ട് പോകുന്ന അയല്‍വീടുകളിലെ ജീവിതവും ഇങ്ങനെയൊക്കെ തന്നെയാണ്. ഒരായുസ്സ് മുഴുവന്‍ ഓടിനടന്ന് പണിയെടുത്തിട്ടും സമ്പാദ്യമൊന്നുമില്ല ഇവര്‍ക്ക്. പട്ടിണിയില്ലാതെ വീട് മുന്നോട്ട് കൊണ്ടുപോകുന്നു എന്ന് മാത്രം. കടംവാങ്ങിയും ലോണെടുത്തുമാണ് വീട് വച്ചിരിക്കുന്നത്.
ഇത്രയും കഷ്ടപ്പെടാന്‍ പുതിയ തലമുറയിലെ കുട്ടികള്‍ ഒരിക്കലും തയ്യാറാകില്ലെന്നും തലമൂത്തവര്‍ ഉറപ്പിച്ചു പറയുന്നു. സര്‍ക്കാര്‍ ഒരു ഐഡി കാര്‍ഡ് തന്നിട്ടുണ്ട്. മണ്ണ് കൊണ്ടുവരുമ്പോള്‍ കാണിക്കാം എന്നതല്ലാതെ ഒരു പ്രയോജനവും അതുകൊണ്ടില്ലെന്നും മണ്‍പാത്രനിര്‍മ്മാണക്കാര്‍ പറയുന്നു.
‘പണ്ട് പൈസ നല്‍കി പാടത്തില്‍ കുഴിയുണ്ടാക്കി അവിടുന്ന് മണ്ണ് എടുക്കും, രണ്ട് ലോഡ് മണ്ണ് വരെ അങ്ങനെ എടുക്കുമായിരുന്നു. പിന്നീട് പുറമെ നിന്നും മണ്ണ് കൊണ്ടുവന്ന് ആ കുഴി മൂടിക്കൊടുക്കുകയായിരുന്നു പതിവ്’ പറവൂരില്‍ തലമുറകളായി മണ്‍പാത്രം നിര്‍മ്മിക്കുന്ന സുധീഷ് പറഞ്ഞു. ബംഗാളികള്‍ ഉള്‍പ്പെടെയുള്ളവരെ നിര്‍ത്തി ചൂള വിപുലീകരിച്ചിട്ടുണ്ട് സുധീഷ്. യന്ത്രസഹായത്തോടെയാണ് മണ്ണ് അരച്ചെടുക്കുന്നതും മറ്റും. അമ്മയും അച്ഛനും സഹായിക്കാനുള്ളത് ് വലിയ സഹായമാണ്. ഇത്തരത്തിലൊരു തൊഴിലിന്റെ സാധ്യത നന്നായി അറിയാം. പക്ഷേ, സ്വന്തം നിലയില്‍ മുന്നോട്ട് പോകുന്നതിനും വിപുലീകരിക്കുന്നതിനും വലിയ പരിധിയുണ്ട്; സുധീഷ് പറഞ്ഞു. മണ്ണുള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കായുള്ള നെട്ടോട്ടവും കഠിനമായ അധ്വാനവുമാണ് മണ്‍പാത്രനിര്‍മ്മാണമേഖല നേരിടുന്ന പ്രതിസന്ധിയെന്ന് പൊന്നമ്മയും വല്‍സലയും സുധീഷുമുള്‍പ്പെടെയുള്ളവര്‍ എടുത്തുപറയുന്നു.
അനീഷിന്റെ മീന്‍ചട്ടിക്ക് ഡിമാന്‍ഡ് അമേരിക്കയില്‍
പറവൂരിനടുത്ത് തന്നെ മറ്റൊരു ഗ്രാമത്തില്‍ മണ്‍പണി നടത്തുന്ന അനീഷ് പക്ഷേ പരമ്പരാഗത മണ്‍പാത്രനിര്‍മ്മാണക്കാര്‍ക്കിടയില്‍ തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ്. അനീഷിന്റെ മണ്‍പാത്രനിര്‍മ്മാണ യൂണിറ്റില്‍ നിന്ന് മീന്‍ചട്ടികളും മറ്റും അമേരിക്കയിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഓര്‍ഡര്‍ കിട്ടിയാല്‍ ഒറ്റത്തവണ രണ്ടായിരത്തിയഞ്ഞൂറോളം ചട്ടികള്‍ വരെ കടല്‍ കടക്കും. അമേരിക്കയിലെ വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കാണ് ഈ പാത്രങ്ങളെത്തുന്നത്. ആദ്യം ഗള്‍ഫിലേക്കാണ് മണ്‍ചട്ടികള്‍ പറന്നിരുന്നത്. മീന്‍ച്ചട്ടി കൂടാതെ തൈര് വയ്ക്കുന്ന ചെറിയ പാത്രങ്ങളും വെളുത്തുള്ളി സൂക്ഷിക്കാനായി സുഷിരങ്ങളുള്ള മണ്‍പാത്രത്തിനുമൊക്കെ വിദേശത്ത് ഡിമാന്‍ഡുണ്ട്.
സര്‍ക്കാരിന്റെ ഉത്തരവ് വാങ്ങി വേണം പാത്രങ്ങള്‍ പാക്ക് ചെയ്യാന്‍. പാത്രങ്ങള്‍ക്ക് കേടില്ലെന്ന് ഏജന്‍സി നേരിട്ടെത്തി പരിശോധിക്കും. പേപ്പറും വൈക്കോലും ധാരാളം ഉപയോഗിച്ച് പാത്രങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കില്ലെന്ന് ഉറപ്പ് വരുത്തി വേണം പാക്കിംഗ് നടത്താന്‍. പക്ഷേ പലപ്പോഴും താങ്ങാനാകാത്ത വിധം ടാക്‌സ് ചുമത്തുന്നു എന്ന പരാതിയുണ്ട് അനീഷിന്. വിവിധ ആവശ്യങ്ങള്‍ക്കുള്ള പാത്രങ്ങള്‍ക്കൊപ്പം ടൊറോക്കോട്ട ഉത്പന്നങ്ങളും അനീഷ് നിര്‍മിക്കുന്നുണ്ട്. വീടിനോട് ചേര്‍ന്നുള്ള നിര്‍മ്മാണ കേന്ദ്രത്തില്‍ പത്തോളം പേര്‍ പണിയെടുക്കുന്നുണ്ട്.
വയസ്സ് എണ്‍പതായെങ്കിലും ചൂളയിലെ പണി ചെയ്യാനുള്ള ഇഷ്ടം ഇപ്പോഴുമുണ്ടെന്ന് അനീഷിന്റെ ഒപ്പം ചൂളയില്‍ ജോലി ചെയ്യുന്നവര്‍ പറഞ്ഞു. തങ്ങള്‍ ചെയ്യുന്നതുപോലെ ഇനിയാരും വരില്ലെന്നും ഇവര്‍ ഉറപ്പിച്ചു പറഞ്ഞു. അറുപതോ എഴുപതോ വയസ്സ് പിന്നിട്ടവരാണ് മിക്ക ചൂളകളിലും സജീവം. ഇവരുടെ കാലശേഷം ഇതെങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ചോദ്യത്തിന് അനീഷിന് കൃത്യമായ ഉത്തരമില്ല.
ആരെയെങ്കിലുമൊക്കെ പരിശീലിപ്പിച്ചെടുക്കാമെന്ന പ്രതീക്ഷ മാത്രമാണുള്ളത്. ഇപ്പോള്‍ കൂടെ നില്ക്കുന്നവരുടെ തഴക്കവും വഴക്കവും ഇനി ആരു വന്നാലുമുണ്ടാകില്ലെന്ന് അനീഷിന് ഉറപ്പുണ്ട്. തിരുവനന്തപുരത്തും കോഴിക്കോടുമൊക്കെ തുടങ്ങിയ മണ്‍പാത്രനിര്‍മ്മാണ പരിശീലന കേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. സ്വന്തം നിലയില്‍ സമുദായം നേരിട്ട് ഇതിനായി ശ്രമിക്കുന്നുണ്ടെങ്കിലും പുതിയ തലമുറയില്‍പ്പെട്ടവര്‍ താത്പര്യം കാണിക്കുന്നില്ലെന്ന് അനീഷും സംഘടനാചുമതലയുള്ള പ്രദീപും ചൂണ്ടിക്കാട്ടി.
കാസര്‍കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മണ്‍പാത്രനിര്‍മ്മാണത്തൊഴിലാളികളുള്ളത്. സ്റ്റീല്‍-അലുമിനിയം പാത്രങ്ങളുടെ സുലഭതയാണ് മണ്‍പാത്രനിര്‍മ്മാണത്തെ ബാധിച്ചത്. മണ്‍പാത്രങ്ങള്‍ അടുക്കളയില്‍ നിന്ന് കൂട്ടത്തോടെ അപ്രത്യക്ഷമായപ്പോള്‍ അത് പ്രത്യക്ഷത്തില്‍ ബാധിച്ചത് തങ്ങളുടെ കുലത്തൊഴിലിനെ മാത്രമല്ല ഓരോ കുടുംബത്തിന്റെയും ആരോഗ്യത്തെ കൂടിയാണെന്ന് പഴമക്കാര്‍ ഓര്‍മ്മിപ്പിക്കുന്നു. മണ്‍പാത്രത്തിന്റെ ഉപയോഗം ഇല്ലാതാക്കിയത് ഒരു സംസ്‌കാരത്തെ കൂടിയാണ്. ഓരോ പാത്രവും ഉപയോഗിക്കുമ്പോള്‍ അത് കൈകാര്യം ചെയ്യുന്നവരെ ആ പാത്രങ്ങള്‍ ക്ഷമയും ശ്രദ്ധയും പഠിപ്പിക്കുകയായിരുന്നെന്നും പഴമക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. മണ്‍പാത്രത്തിലുണ്ടാക്കുന്ന കഞ്ഞിയുടെയും അവിയലിന്റെയും സാമ്പാറിന്റെയുമൊക്കെ രുചി ഏത് കമ്പനിയുടെ പ്രഷര്‍ കുക്കര്‍ നല്‍കുമെന്നും ഇവര്‍ ചോദിക്കുന്നു. സ്റ്റീല്‍-അലുമിനിയ പാത്രനിര്‍മ്മാണത്തിലെ അസംസ്‌കൃത വസ്തുക്കള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് തിരിച്ചറിവുള്ളവര്‍ അത് തന്നെ ഉപയോഗിക്കുമെന്ന പ്രതീക്ഷയും പങ്ക് വയ്ക്കുന്നുണ്ട് ഇവര്‍.
ബംഗാളികളും അസാമികളും മണ്‍പാത്രനിര്‍മ്മാണത്തിന് ഇപ്പോള്‍ തന്നെ സഹായിക്കാനുണ്ട്. എന്നാല്‍ ചക്രം തിരിക്കാനും കലം തല്ലി ഉറപ്പിക്കാനും ഇവരെ നിര്‍ത്തിതുടങ്ങിയിട്ടില്ല. അതുടന്‍ വേണ്ടിവരുമെന്ന് തന്നെയാണ് ഈ മേഖലയിലെ ആള്‍ക്ഷാമം വ്യക്തമാക്കുന്നത്. കറങ്ങുന്ന ചക്രത്തില്‍ കരവിരുതോടെ പാകപ്പെടുത്തിയെടുത്ത മണ്ണിന് രൂപം കിട്ടണമെങ്കില്‍ കുലത്തൊഴില്‍ അറിയുന്നവര്‍ തന്നെ വേണം. മുമ്പ് മണ്‍പാത്രം ചൂളയ്ക്കിടുമ്പോഴും തല്ലിയെടുക്കുമ്പോഴും എന്തിന് മണ്ണ് അരച്ചെടുക്കുമ്പോള്‍ പോലും അന്യരുടെ സാന്നിധ്യം ഒഴിവാക്കിയിരുന്നു കുംഭാരകന്‍മാര്‍. മറ്റുള്ളവരുടെ ചിന്തകള്‍ പാത്രത്തിന്റെ പൂര്‍ണ്ണതയെ ബാധിക്കുമെന്നായിരുന്നു വിശ്വാസം. ചൂളയിലിട്ട് ചുട്ടെടുത്ത പാത്രങ്ങള്‍ മാത്രമായിരുന്നു അന്നൊക്കെ പുറത്തുള്ളവരെ കാണിച്ചിരുന്നത്. ആ മേഖലയിലേക്കാണ് ഇന്ന് പുറത്തുനിന്ന് ആളുകളെ എത്തിക്കാന്‍ സമുദായം പാടുപെടുന്നത്്.
ജീവിതം മെനഞ്ഞെടുക്കുന്നവര്‍
ആഴ്ചയില്‍ ഒരിക്കല്‍ മാത്രം കൂടിയിരുന്ന പഴയകാല നാട്ടുചന്തകള്‍ ഇന്ന് ഓര്‍മ മാത്രമാണ്. പകരം ഒരുവീട്ടിലേക്ക് വേണ്ടുന്നതൊക്കെ ലഭ്യമാക്കി റോഡരുകിലും നഗരങ്ങളിലും എല്ലാദിവസവും തുറന്നു പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ മാര്‍ക്കറ്റുകളും വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളും യഥേഷ്ടമുണ്ട്. പക്ഷേ ചിലപ്പോഴെങ്കിലും വഴിയോരങ്ങളിലോ ചെറിയ ചന്തകളിലോ ഒരു കോണില്‍ കൊട്ട, വട്ടി, മുറം ഇവ ഒതുക്കിവച്ചിരിക്കുന്നത് കാണാം. എവിടെയോ ആരൊക്കെയോ ഇന്നും ഈ കൈത്തൊഴില്‍ ചെയ്തുജീവിക്കുന്നുണ്ടെന്നതിന്റെ അടയാളമാണത്. വനയോരമേഖലകളിലും ഗ്രാമപ്രദേശങ്ങളിലുമായി കേരളത്തിന്റെ വിവിധ കോണുകളില്‍ വിരലുകള്‍ക്ക് വഴങ്ങാത്ത ഈറ്റയും ചൂരലും വഴക്കിയെടുത്ത് ഇഴകള്‍ തിരിച്ച് മനോഹരമായ കൊട്ടയും വട്ടിയും കരകൗശലവസ്തുക്കളുമുണ്ടാക്കുന്നവരുണ്ട്. കായല്‍ക്കരയില്‍ നിന്ന് കൈതയോല അടര്‍ത്തിയെടുത്ത് തിളച്ച വെള്ളത്തിലിട്ട് വാട്ടി ഉണക്കി മനോഹരമായ തഴപ്പായകളുണ്ടാക്കുന്നവരുമുണ്ട്. മിക്കവരും എഴുപതും എണ്‍പതും വയസ്സ് കഴിഞ്ഞവരാണ്.
ഇവരെ അന്വേഷിച്ചുള്ള യാത്രയില്‍ പെരുമ്പാവൂരിനടുത്ത് ഒരു ചെറിയ ഗ്രാമത്തിലാണ് നല്ലപെണ്ണിനെ കണ്ടുമുട്ടിയത്. വയസ് 82 ആയി. ഇപ്പോഴും ആഴ്ചയില്‍ പത്ത് പതിനഞ്ച് ചെറിയ കൊട്ടകള്‍ നെയ്‌തെടുത്ത് വില്‍ക്കുന്നുണ്ട്്. നെയ്ത് വച്ചാല്‍ ഒന്നിച്ചുവാങ്ങാന്‍ ആളെത്തിക്കൊള്ളുമെന്ന് നല്ലപെണ്ണ് പറഞ്ഞു. മക്കള്‍ നാലഞ്ച് പേരുണ്ടെങ്കിലും അവരാരും ഈ പണി ചെയ്യുന്നില്ല. കുട്ടിക്കാലത്ത് അച്ഛനെയും അമ്മയേയും സഹായിച്ച ഓര്‍മ മാത്രമാണ് നല്ലപെണ്ണിന്റെ അറുപത് കഴിഞ്ഞ മകന്‍ വേണു തച്ചമനയ്ക്ക് പറയാനുള്ളത്.
സാംബവ സമുദായത്തില്‍പ്പെട്ടവരാണ് തങ്ങളെന്നും പരമ്പരാഗതമായി തങ്ങളുടെ സമുദായമാണ് ഈ ജോലി ചെയ്തുവരുന്നതെന്നും നല്ലപെണ്ണ് ഓര്‍ത്തെടുത്ത് പറഞ്ഞു. ദളിത് കര്‍ഷകകുടുംബമായിരുന്നു ഇവരുടേത്. പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല, ഇന്നും പട്ടിണിയില്ലാതിരിക്കാന്‍ ഉപകരിക്കുന്നത് കുടുംബപരമായി ചെയ്തുവന്ന ഈ നെയ്ത്തുജോലി തന്നെയെന്ന് ഈ വൃദ്ധ അഭിമാനത്തോടെ പറയുന്നു. ഇപ്പോള്‍ ചെറിയ കുട്ട മാത്രമാണ് നെയ്‌തെടുക്കുന്നത്.‘അങ്കമാലിയില്‍ ബാംബു ഓഫീസില്‍ പോയി ഈറ്റയെടുത്ത് വീട്ടിലെത്തിക്കണം. പണ്ടൊക്കെ പോയി എടുക്കുമായിരുന്നു. ദാ ഇപ്പോള്‍ ആരെങ്കിലും സഹായിച്ചാലേ ഇതൊക്കെ നടക്കൂ. ഒരു കുട്ടക്ക് 150 രൂപ കിട്ടും’. നല്ല പെണ്ണ് പറഞ്ഞു. 150 രൂപയ്ക്ക് ഇവരുടെ പക്കല്‍ നിന്ന് വാങ്ങുന്നവര്‍ രണ്ടിരട്ടി വിലയിട്ടാണ് ഇത് വില്‍ക്കുന്നതെന്നും ഇവര്‍ക്കറിയാം. പക്ഷേ വേറെ വഴിയില്ല. വിറ്റഴിക്കാനൊന്നും ഈ വയസ്സുകാലത്ത് എന്നെ കൊണ്ടാകില്ല, പിന്നെ കിട്ടുന്നത് വാങ്ങുകയല്ലേ നിവൃത്തിയുള്ളു എന്നാണ് ഇവര്‍ ചോദിക്കുന്നത്. രോഗിയായ ഇളയമകനൊപ്പമാണ് നല്ലപെണ്ണിന്റെ താമസം. നെയ്ത്തില്‍ ചില ചെറിയ സഹായം ചെയ്യുമെങ്കിലും ഒരു കൊട്ടയോ വട്ടിയോ പൂര്‍ണമായി നെയ്‌തെടുക്കാന്‍ തനിക്കറിയില്ലെന്ന് മകന്‍ പറഞ്ഞു. കാലങ്ങളായുള്ള കുലത്തൊഴില്‍ തന്റെ കാലത്തോടെ അവസാനിക്കുമെന്ന് നല്ലപെണ്ണിന് നന്നായി അറിയാം.
നല്ലപെണ്ണിന്റെ വീടിനടുത്തായി കൂനിക്കൂടിയിരുന്ന് കൊട്ടയുണ്ടാക്കുന്ന മറ്റൊരു വൃദ്ധയേയും തിരിച്ചിറങ്ങിയപ്പോള്‍ കണ്ടു. ചോദ്യങ്ങളും ക്യാമറയും ഇഷ്ടമാകുന്നില്ലെന്ന് ശരീരഭാഷ കൊണ്ട് വ്യക്തമാക്കി അവര്‍ നിശബ്ദയായി ഒതുങ്ങിയിരുന്നു.
കളിമണ്‍ ഖനനത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന കടുത്ത നിയന്ത്രണമാണ് ഈ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. വൈക്കം, ബാംഗ്ലൂര്‍, വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുമാണ് തെക്കന്‍ ജില്ലകളിലേക്ക് മണ്ണെത്തിക്കുന്നത്. ഇതിന്റെ ലോഡിംഗിനും മറ്റുമായി വലിയ ചെലവു വരുന്നുണ്ട്, കൂടാതെ ചൂളയിേലക്കുള്ള വിറകിനായി വീണ്ടും പണം കണ്ടെത്തണം. എല്ലാത്തിനുമപ്പുറം താങ്ങാനാകുന്നതിലും അപ്പുറം ശാരീരിക അധ്വാനം വേണ്ടുന്ന ജോലിയാണ് മണ്‍പാത്രനിര്‍മ്മാണം. കുലത്തൊഴിലിന് സ്റ്റാറ്റസ് പോരാത്തതും ശാരീരികമായ അധ്വാനവും കാരണം ഈ മേഖലയിലേക്ക് തിരിഞ്ഞുനോക്കാന്‍ പുതിയ തലമുറ കൂട്ടാക്കാറില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സഹായമൊന്നുമില്ല. പക്ഷേ വേണ്ട സഹായം നല്‍കി അന്യാധീനപ്പെട്ടുപോകുന്ന ഒരു കുലത്തൊഴില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായാല്‍, മണ്‍പാത്രങ്ങളുടെ വിപണനത്തിന് കൂടുതല്‍ സഹായം ചെയ്ത് മാന്യമായ പ്രതിഫലം ഉറപ്പാക്കിയാല്‍ ഇത് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന്് വ്യക്തമാക്കുന്ന ഒരു ചെറിയ വിഭാഗവും ഇവര്‍ക്കിടയിലുണ്ട്. പക്ഷേ അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് നന്നായി അറിയുന്നതുകൊണ്ട് മിക്കവരും ജീവിക്കാന്‍ മറ്റ് ജോലികള്‍ കണ്ടെത്തിക്കഴിഞ്ഞു.
അധ്വാനഭാരം ലഘൂകരിക്കാന്‍ യന്ത്രം വാങ്ങാനുള്ള സൗകര്യവും കളിമണ്‍ ലഭ്യതയും ഉറപ്പാക്കുക എന്നതാണ് ആദ്യകടമ്പ,. അങ്ങനെയെങ്കില്‍ പെയിന്റടിക്കാനും വയറിംഗിനും മറ്റ് കൂലിപ്പണിക്കും പോകുന്ന പരമ്പരാഗത തൊഴിലാളികള്‍ തിരിച്ചെത്തും. നിര്‍മ്മിക്കുന്ന മണ്‍പാത്രങ്ങള്‍ക്കും അലങ്കാരപാത്രങ്ങള്‍ക്കും വിപണി ഉറപ്പാക്കുക എന്നതാണ് രണ്ടാമത്തെ കടമ്പ. നിര്‍മ്മിക്കുന്ന പാത്രങ്ങള്‍ വിറ്റുപോകുന്ന സാഹചര്യം വന്നാല്‍ അത് വഴി സാമ്പത്തികമായി നേട്ടമുണ്ടായാല്‍ ഈ മേഖല പുഷ്ടിപ്പെടുമെന്നുറപ്പ്, വാര്‍ഷിക ബജറ്റുകളില്‍ പരമ്പരാഗത തൊഴിലാളികള്‍ക്കായി കോടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ട്. പക്ഷേ അതൊക്കെ ഏത് വഴിക്ക് പോകുമെന്ന് തൊഴിലാളികള്‍ക്ക് അറിയില്ല. മണ്‍പാത്രത്തിന്റെ ഉപയോഗം കുറഞ്ഞപ്പോള്‍ പട്ടിണിയിലായ മലപ്പുറത്തെ അരുവാക്കോടെന്ന ചെറു ഗ്രാമം ടെറാക്കോട്ട മിശ്രിതത്തില്‍ കലാസൃഷ്ടികള്‍ നടത്തി അതിജീവിച്ച കഥയും കേരളത്തിന് പറയാനുണ്ട്.
വീടുകളിലും ഓഫീസുകളിലും ഒരുപോലെ ഉപയോഗിക്കാവുന്ന കലാസൃഷ്ടികളിലൂടെയാണ് ഈ ഗ്രാമം പിടിച്ചുനില്‍ക്കുന്നത്. മണ്‍പാത്രനിര്‍മ്മാണതൊഴിലാളികളുടെ സാധ്യതകള്‍ അവസാനിക്കുന്നതല്ല എന്നതാണ് ഇതുകൊണ്ട് വ്യക്തമാകുന്നത്. ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായവും ലഭ്യമാക്കിയാല്‍ ലോകവിപണിയില്‍ എത്തിക്കാം ഇവരുടെ സൃഷ്ടികള്‍. പക്ഷേ അതിനുള്ള കൃത്യമായ നടപടികളും സാമ്പത്തികസഹായവുമൊക്കെ നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് മാത്രം.