കണ്ണൂര്‍: മുന്‍പ്രചാരകനും ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറിയുമായിരുന്ന പി.പി. മുകുന്ദന് സര്വ്വമംഗളചാരിറ്റബിള് ട്രസ്റ്റിന്റെ സര്‍വ്വ മംഗളപുരസ്കാരം സമ്മാനിച്ചു. ഫെബ്രു. 1ന് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടന്ന ചടങ്ങില്‍ ആര്.എസ്.എസ്. മുന്‍ അഖിലഭാരതീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് ആര്.ഹരിയാണ് പുരസ്കാരം സമ്മാനിച്ചത്. തപസ്യ കലാ സാഹിത്യവേദി ഉപാദ്ധ്യക്ഷനായിരുന്ന യശഃശരീരനായ പ്രൊഫ. ടി. ലക്ഷ്മണന്റെ സ്മരണാര്‍ത്ഥം വര്‍ഷാവര്‍ഷം നല്‍കിവരുന്ന പുരസ്കാരമാണ് പി.പി. മുകുന്ദന് സമ്മാനിച്ചത്.
ശതാബ്ദിയിലടുത്തുകൊണ്ടിരിക്കുന്ന സംഘത്തിന്റെ ചടങ്ങുകളില്‍ ഇപ്പോഴും ഡോക്ടര്‍ജിയേയും ഗുരുജിയേയും മാലയിട്ട് ആദരിക്കാറുണ്ട്. അത് അഭംഗുരം തുടരുകയും ചെയ്യും. എന്നാല്‍ ശതാബ്ദി പിന്നിട്ട കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അവരുടെ പരിപാടികളില്‍ അതിന്റെ സ്ഥാപകരെ ഫോട്ടോ വെച്ച് ആദരിക്കുന്നത് കാണാറില്ലെന്നും അവരെ ഓര്‍ക്കുകപോലും ചെയ്യാറില്ലെന്നും പുരസ്കാരം സമ്മാനിച്ചുകൊണ്ട് ആര്.ഹരി പറഞ്ഞു. റിട്ട. ഹൈക്കോടതി ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥ് അധ്യക്ഷത വഹിച്ച ചടങ്ങ് ചിന്മയമിഷന് കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദസരസ്വതി ഉദ്ഘാടനം ചെയ്തു.
ആര്.എസ്.എസ്. വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം പി. ജനാര്ദ്ദനന്, പുരസ്കാര നിര്‍ണ്ണയസമിതി അദ്ധ്യക്ഷന്‍ എ. ദാമോദരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി.പി. മുകുന്ദന് മറുപടി പ്രസംഗം നടത്തി.
ട്രസ്റ്റ് പ്രസിഡന്റ് രവീന്ദ്രനാഥ് ചേലേരി സ്വാഗതവും സ്വാഗതസംഘം ജന.കണ്‍വീനര്‍ എം.ടി. മധുസൂദനന് നന്ദിയും പറഞ്ഞു.