ഇന്നത്തെ ചിട്ടയെല്ലാം തെറ്റിയിരിക്കുന്നു… തലേന്നത്തെ കൂടല്‍ അല്‍പ്പം ഓവറായി എന്നു തോന്നുന്നു. ചിലപ്പോള്‍ അങ്ങനെയാണ്…. മേനോനുമായി ഇരുന്നാല്‍, കഴിക്കുന്നത് എത്രയാണെന്ന് അറിയാറില്ല. കാലത്ത് എണീക്കാനും വൈകി. നല്ല തലവേദനയും എടുക്കുന്നുണ്ട്… ഇനി ഉച്ചയെങ്കിലും ആകും അത് മാറികിട്ടാന്‍…. പലപ്പോഴും തോന്നാറുണ്ട്, ഈ ആളുകളൊക്കെ എങ്ങിനെ ഇതൊക്കെ വലിച്ചു കേറ്റുന്നുവെന്ന്… പണ്ട് റെജിയാണ് പറയാറുള്ളത്, തലേദിവസത്തെ മദ്യത്തിന്റെ കെട്ടു മാറികിട്ടാന്‍ കോഴിമുട്ടയുടെ വെള്ള കഴിച്ചാല്‍ മതിയെന്ന്…
മേനോന്‍ പക്ഷെ, പതിവുപോലെതന്നെ ഉഷാറായാണ് കാണപ്പെട്ടത്.. മൂപ്പര് അങ്ങനെയാണ്, എത്ര അടിച്ചാലും ഒരു കൂസലും ഉണ്ടാകാറില്ല… ഇന്നും കാലത്ത് മൂപ്പര് നടക്കാന്‍ പോയിരുന്നു… അതിന് അങ്ങോര് മുടക്കം വരുത്തുന്നത് ഇതുവരെ കണ്ടിട്ടില്ല. മഴക്കാലത്ത് കുടയും ചൂടി നടക്കും.. പട്ടാളക്കാരനായിരുന്നത് കൊണ്ടാവാം ഇത്രയും കൃത്യനിഷ്ഠ. പക്ഷെ ഇന്ന് തന്നെ വിളിക്കണ്ടാന്ന് പ്രത്യേകം പറഞ്ഞ് ഏല്‍പ്പിച്ചിരുന്നു.
മേനോന്‍ ഇരുപതു വര്‍ഷത്തോളം പട്ടാളത്തിലുണ്ടായിരുന്നു… എല്ലാമാസവും ക്വാട്ട റെഡിയാണ്. മേനോന്റെ അച്ഛന്‍ പട്ടാളത്തില്‍ ഓഫീസറും ആയിരുന്നു… അതുകൊണ്ട് നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും മാറ്റിവച്ചാലും വില്‍ക്കാനുള്ള മദ്യം പിന്നെയും ബാക്കിയാണ്… ജീവിതശൈലിയില്‍ പട്ടാളക്കാരെ കണ്ടുപഠിക്കണം എന്നു തോന്നിയത് മേനോനെ പരിചയപ്പെട്ടതിനു ശേഷമാണ്. പട്ടാളക്കാര്‍ക്കു സാധാരണ കാണുന്ന ഒരു ദോഷം മാത്രമേ മേനോനുമുള്ളൂ…. വാചകമടി… പക്ഷെ… തനിക്കതൊരു ബുദ്ധിമുട്ടായി ഇതുവരെ തോന്നിയിട്ടില്ല…. സിയാച്ചിനിലെ കൊടും തണുപ്പില്‍ കിടക്കയില്‍ ചൂടുവെള്ളം നിറച്ച് പട്ടാളക്കാര്‍ക്ക് കൊടുക്കുന്ന കഥയൊക്കെ മേനോനാണ് പറഞ്ഞു തന്നത്… പിന്നെ കാനറാ ബാങ്കില്‍ ജോലി ചെയ്യുന്ന ഏക മകന്റെ വിശേഷങ്ങളും അവന്റെ പ്രമോഷനു വേണ്ടിയുളള പരീക്ഷയുടെ തയ്യാറെടുപ്പും പറയുമ്പോള്‍ അയാള്‍ ഒന്നുകൂടി വാചാലനാകാറുണ്ട്… കോഴിക്കോട് നഗരം അപരിചിതമായിരുന്ന തനിക്ക് തളിക്ഷേത്രവും മിഠായിത്തെരുവും മാനാഞ്ചിറയും ബീച്ചും കുതിരവട്ടം ആശുപത്രിയും പരിചയപ്പെടുത്തി തന്നത് മേനോനാണ്…. ഓരോ ദിവസവും പുതിയ പുതിയ വഴികള്‍ കണ്ടെത്തിയാകും മേനോന്റെ നടത്തം.. നടക്കുന്ന വഴികളിലെ കാക്കയും പൂച്ചയും വരെ മേനോന്റെ പരിചയക്കാരാണെന്ന് ചിലപ്പോള്‍ തോന്നാറുണ്ട്.
”മനു ഭായി…. റെഡി ആയില്ലേ?”” വാതിലില്‍ മുട്ടും ഒപ്പം മേനോന്റെ ശബ്ദവും ഉയര്‍ന്നു കേട്ടു . മേനോന് തന്നെക്കാള്‍ പത്തു പതിനഞ്ചു വയസ്സു മൂപ്പു കാണും…. എന്നാലും പേരിന്റെ കൂടെ ഒരു വാല് ചേര്‍ത്തേ വിളിക്കൂ…. ഒരു പ്രൊഫഷണലിനോടുള്ള എല്ലാ ബഹുമാനവും എന്നും കാണിക്കാറുണ്ട്. ഇന്‍കം ടാക്‌സിലെയും ജി.എസ്.ടി യിലെയും ഓരോ സംശയങ്ങളും മേനോന് എന്നും കാണും.. ചിലപ്പോ ചോദിച്ചത് തന്നെ വീണ്ടും ചോദിക്കും…..
”ദാ…. റെഡി ആയി… ഇറങ്ങാന്‍ പോവ്വാണ്…”” ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
കോഴിക്കോട്ടേക്കു ജോലി മാറി വന്നപ്പോള്‍ ആകെ അസ്വസ്ഥമായിരുന്നു മനസ്സ്….എറണാകുളം പോലുള്ള ഒരു നഗരം വിട്ടുപോരുക….അതും, ഒരുപാട് നാളായി പരിചയപ്പെട്ട സ്ഥലങ്ങള്‍….ഒരുപാട് ബന്ധങ്ങള്‍….അതെല്ലാം വിട്ട്…. വന്ന സമയത്ത് ഒരു സുഹൃത്തിന്റെ വീട്ടില്‍ വാടകക്കായിരുന്നു താമസം…ഓഫീസില്‍ നിന്നും ദൂരക്കൂടുതല്‍ കാരണം അത് മാറണം എന്ന് നിശ്ചയിച്ചു ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഓഫീസില്‍ തന്നെയുള്ള പാലക്കാട്ടുകാരന്‍ എക്‌സ് മിലിട്ടറി മേനോനെയും തൃശ്ശൂര്, തന്റെ നാട്ടിനടുത്തുള്ള ഗിരീഷിനെയും പരിചയപ്പെട്ടത്. അങ്ങിനെ ആണ് വാടക വീട്ടിലെ ഒറ്റപ്പെട്ട, മടുപ്പിക്കുന്ന ജീവിതത്തില്‍ നിന്നും ഇവിടേയ്ക്ക് എത്തിപ്പെട്ടത്… ഇവിടെ ആവുമ്പൊ ഒരുപാട് ആളുകള്‍… എല്ലാം, നല്ല ഉയര്‍ന്ന നിലയില്‍ ജോലി ഉള്ളവര്‍, ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ ജോലിക്കാര്‍. എല്ലാവരും വീട് വിട്ടു വന്നു നില്‍ക്കുന്നവര്‍.
താമസ സ്ഥലത്തുനിന്ന് ഇറങ്ങിയാല്‍ കാണുന്ന ടാറിട്ട റോഡ് ചെന്ന് നില്‍ക്കുന്നത് മാനാഞ്ചിറയിലേക്കുള്ള പ്രധാന പാതയില്‍ ആണ്. റോഡിലേക്കു കയറിയാല്‍ ആദ്യം കാണുക ബിവറേജ് കോര്‍പ്പറേഷന്റെ പ്രീമിയം മദ്യവില്പനശാല. അതിനടുത്ത് ബിവറേജ് കോര്‍പ്പറേഷന്റെ തന്നെ സാധാരണ ഒരു മദ്യവില്പനശാലയും. ഇനി കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള ഒരു മദ്യവില്പ്പന ശാല കൂടി ഈ വഴിയില്‍ തന്നെ ഉണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യവില്പന ശാലകള്‍ ഒരുമിച്ച് ഉള്ളത് ഇവിടെ ആണെന്ന് ചിലപ്പോള്‍ തോന്നാറുണ്ട്…
ബിവറേജിനോട് ചേര്‍ന്ന ഹോട്ടലിലേക്ക് കയറുമ്പോള്‍, മദ്യവില്പനശാലക്ക് മുന്നില്‍ സ്ഥിരക്കാര്‍ കുറ്റിയടിച്ചു നില്‍ക്കുന്നുണ്ടായിരുന്നു… ഇത്ര കാലത്തെ തന്നെ വന്നുനില്‍ക്കാന്‍ ഇവര്‍ക്കാര്‍ക്കും ജോലി ഒന്നും ഉണ്ടാവില്ലേ…? അല്ലെങ്കില്‍ രണ്ടെണ്ണം വിട്ടിട്ടു ജോലിക്കു പോകാന്‍ ആകുമോ….? അതോ വേറെ ആര്‍ക്കെങ്കിലും വേണ്ടി വാങ്ങാന്‍ വന്നതോ ….? എന്നും തോന്നാറുള്ള ഒരു പാടു ചോദ്യങ്ങള്‍ …. വൈകുന്നേരം വരുമ്പോള്‍ ബിവറേജ് പരിസരത്തുള്ള ആളൊഴിഞ്ഞ പറമ്പിലും റോഡ് സൈഡിലും നിന്ന് വീശുന്ന ആളുകളെ കണ്ടിട്ടുണ്ട്. കുടിയന്മാരുടെ ഒരു ബഹളമാവും വൈകീട്ട് ഈ വഴി. ചിലര്‍ റോഡില്‍ കിടന്നു ഇഴയുന്നതും കാണാം. ഈ പരിസരത്തു തല കറങ്ങി വീണാല്‍ പോലും ഒരാളും തിരിഞ്ഞു നോക്കാറില്ല. മദ്യപിച്ചു ബോധംപോയതാവും എന്ന് കരുതും. കുറച്ചു നാള്‍ മുന്‍പ് ഇവിടെ കിടന്നു ഒരാള്‍ ആരും ശ്രദ്ധിക്കാതെ മരിച്ചു പോയിട്ടുമുണ്ട്….
കോഴിക്കോട് നഗരത്തിന്റെ ഹൃദയ‘ഭാഗം ആണ് ഇവിടം എന്നു പറയാം. കമ്മീഷണര്‍ ഓഫീസ്, പോലീസ് ക്ലബ്, മാനാഞ്ചിറ പാര്‍ക്ക്, ശ്രീകണ്‌ഠേശ്വരം ക്ഷേത്രം എല്ലാം ഈ പരിസരത്താണ്……
എന്നും കഴിക്കാറുള്ള പാറപോലത്തെ ഇഡ്ഡലിയും, ഒഴിച്ചാല്‍ ഓടിക്കളിക്കുന്ന ചട്ണിയും കൂട്ടി കഴിച്ചു റോഡിലേക്കു ഇറങ്ങി വണ്ടിക്കായി കാത്തുനിന്നു. താന്‍ പുതിയ ഓഫീസിലേക്ക് മാറിയ ശേഷവും, ഒരുമിച്ചു തന്നെ ആണ് ഇപ്പോഴും ഞങ്ങളുടെ യാത്ര….പോകുന്ന വഴിയിലുള്ള ഓഫീസിനു മുന്നില്‍ മേനോന്‍ ആദ്യം ഇറങ്ങും …പിന്നെ തനിച്ചുള്ള യാത്ര………കോഴിക്കോട് നഗരത്തിലെ പ്രമുഖ ലോജിസ്റ്റിക് കമ്പനിയിലെ മാനേജര്‍ ആണ് മേനോന്‍….കമ്പനിക്ക്, കേരളത്തിന് പുറത്തും ശാഖകള്‍ ഉള്ളത് കൊണ്ടാണ്, ഹിന്ദിയും ഇംഗ്ലീഷും നന്നായി കൈകാര്യം ചെയ്യുന്ന മേനോന്‍ ഇവിടെ എത്തിപ്പെട്ടത്….
സമീപത്തുകൂടെ കടന്നു പോയ ഒരു ഓട്ടോ മേനോന്‍ കൈകൊട്ടിവിളിച്ചു നിര്‍ത്തിച്ചു….കോഴിക്കോട്ടെ ഓട്ടോക്കാരുടെ മാന്യതയെ പറ്റി ഇവിടെ എത്തുന്നതിനു മുന്‍പേ കേട്ടിരുന്നു. മീറ്ററില്‍ കാണുന്ന കാശു മാത്രം വാങ്ങും. വാക്കു തര്‍ക്കങ്ങള്‍ ഇല്ല എന്നൊക്കെ. അത്, ഒരു പരിധിവരെ ശരിയാണെന്ന് ഇവിടെ വന്നപ്പോള്‍ മനസ്സിലായി…..
പഴയ ഒരു ബജാജ് ഓട്ടോ. ഓട്ടോയുടെ അവസ്ഥപോലെ തന്നെ ക്ഷീണിച്ച, കണ്ണുകള്‍ കുഴിയില്‍ ആണ്ട, പ്രായത്തേക്കാളേറെ, ദാരിദ്ര്യം വരുത്തിവച്ച ചുക്കി ചുളിഞ്ഞ മുഖത്തോടെയുള്ള, അമ്പതിനു മുകളില്‍ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ആണ് അത് ഓടിക്കുന്നത്. ഉയരം കുറഞ്ഞു, മെലിഞ്ഞുണങ്ങിയ ശരീരം. മുടി മിക്കവാറും വെളുത്തു പോയിരിക്കുന്നു. നെറ്റിയില്‍ ചന്ദനക്കുറി വരച്ചിട്ടുണ്ട്. അല്‍പ്പം മുഷിഞ്ഞ കാക്കി കുപ്പായം ആണ് ധരിച്ചിരിക്കുന്നത്. പോകേണ്ട സ്ഥലവും പറഞ്ഞു ഓട്ടോയില്‍ കയറുമ്പോള്‍ ചെറിയ ഒരു അമ്പരപ്പ് ഉണ്ടായിരുന്നു. വനിതകള്‍ ബസ് ഡ്രൈവറും, കണ്ടക്ടറും, വിമാനം പറത്തുന്ന വാര്‍ത്തകളും ഒരുപാട് വായിച്ചിട്ടുണ്ട്. പക്ഷെ നാട്ടിലായാലും എറണാകുളത്തായാലും അങ്ങനെ കണ്ടു പരിചയിച്ച കാഴ്ച ആയിരുന്നില്ല ഇത്…
മേനോന്റെ അവരോടുള്ള കുശലാന്വേഷണം കേട്ട് മുന്‍പരിചയം ഉള്ള പോലെ തോന്നി. ഇതിനു മുന്‍പ് ഈ ഓട്ടോയില്‍ കയറിക്കാണണം.
മേനോനെ ഇറക്കി വിട്ടു യാത്ര തുടര്‍ന്നപ്പോള്‍ ചോദിച്ചു. ”ചേച്ചി എത്ര കാലായി ഓട്ടോ ഓടിക്കാന്‍ തുടങ്ങീട്ട്…..?” സാധാരണ അധികം സംസാരിക്കാത്തതാണ്. ആവശ്യത്തിന് മാത്രം സംസാരിക്കുക. പ്രത്യേകിച്ചു യാത്രകളില്‍. പുറത്തെ കാഴ്ച്ചകള്‍ കണ്ടു ആസ്വദിക്കുക. അതാണ് ശീലം. പക്ഷെ, ഇതിപ്പോ അറിയാന്‍ എന്തോ ആകാംക്ഷ തോന്നിയിരുന്നു.
”ഞാന്‍ പത്തിരുപതു വര്‍ഷത്തിന് മോളിലായി സാറേ. പണ്ട് വേറെ ഓട്ടോ ആയിരുന്നു. അത് ഓടിക്കാന്‍ പറ്റാണ്ടായി വിറ്റു. പിന്നെ ഈ ഓട്ടോ വാങ്ങി. ഇത് പതിനഞ്ചു കൊല്ലം ആവണൂ. മാറ്റാറായിരിക്കണൂ. പിന്നെ പോണേടത്തോളം പോട്ടേന്നു വച്ചു.” ആവശ്യത്തില്‍ കൂടുതല്‍ മറുപടി ആ ചോദ്യത്തിന് അവര്‍ നല്‍കിയതായി തോന്നി.
”വേറെയും സ്ത്രീ ഡ്രൈവര്‍മാര്‍ കോഴിക്കോടുണ്ടോ…..?”” കൂടുതല്‍ അറിയണം എന്ന് തോന്നി ചോദിച്ചു.
”പിന്നേ. എത്രയോ ണ്ട്… ഒരു പത്തു മുപ്പതുപേരു കാണണം.”” തികച്ചും ലാഘവത്തോടെ അവരുടെ മറുപടി.
ഇറങ്ങാനുള്ള സ്ഥലം ആയതു കൊണ്ട് കൂടുതല്‍ വിശേഷങ്ങള്‍ ചോദിയ്ക്കാന്‍ നിന്നില്ല. എന്തുകൊണ്ടോ മീറ്ററിലെ തുകയുടെ ബാക്കി വാങ്ങാന്‍ തോന്നിയിരുന്നുമില്ല.
”ബാക്കി വച്ചോളു.” നാട്ടില്‍ ആണെങ്കില്‍ ഓട്ടോക്കാര്‍ റൗണ്ട് ചെയ്തു മാത്രമേ തുക പറയാറുള്ളു. അതുകൊണ്ടു ഈ തുക അധികം ആയി തോന്നിയുമില്ല.
”താങ്ക് യു സര്‍.” അല്‍പ്പം പൊങ്ങിയ തന്റെ പല്ലുകള്‍ പുറത്തു കാട്ടി ചിരിച്ചുകൊണ്ട് അവര്‍ മറുപടി നല്‍കി.
കൂടുതല്‍ എന്തൊക്കെയോ ചോദിച്ചറിയണം എന്നുണ്ടായിരുന്നെങ്കിലും സമയവും സന്ദര്‍ഭവും അനുകൂലമല്ലാത്തതുകൊണ്ട് പുഞ്ചിരി തൂകി ഓഫീസിലേക്ക് കയറിപ്പോന്നു….
പിറ്റേന്ന് കാലത്തു പ്രഭാത നടത്തത്തിനിടയില്‍ സ്റ്റേഡിയം ജംഗ്ഷനില്‍ നിന്നും പാളയം മാര്‍ക്കറ്റിലേക്കുള്ള വഴിയിലെ രണ്ടു നിലയുള്ള പഴയ ഓടിട്ട കെട്ടിടം ചൂണ്ടിക്കാണിച്ചു മേനോന്‍ പറഞ്ഞു, ”മനു ഭായ്. നമ്മടെ ആ ചേച്ചി ഇല്ലേ. ആ ഓട്ടോയില്‍ പോയത്… ഇന്നലെ… അവര്‍ താമസിക്കുന്നത് ഇവിടെ ആണ്.”
ചുമരുകളില്‍ നിന്ന് സിമന്റു പാളികള്‍ അവിടവിടെ അടര്‍ന്നു വീണ്, പൊട്ടിപ്പൊളിയാറായ ഒരു കെട്ടിടം.. അതില്‍ പരസ്പരം കൂടിച്ചേര്‍ന്ന, ഒരു ചുമരിനാല്‍ വേര്‍തിരിച്ച, ഒരുപോലുള്ള ചെറിയ വീടുകള്‍… മുന്‍ഭാഗത്തു മരംകൊണ്ടുള്ള അഴികള്‍ ഇട്ടിരിക്കുന്നു. ചില വീടുകളുടെ മുന്നില്‍ കോലം വരച്ചിട്ടുണ്ട്. കാട് പിടിച്ചു കിടക്കുന്ന പരിസരം. റോഡില്‍ നിന്നും നോക്കിയാല്‍ കാണാതിരിക്കാനായി പുറകുവശം ടാര്‍പ്പായ കൊണ്ട് മറച്ചിട്ടുണ്ടെങ്കിലും, അത് കീറി പോയിരിക്കുന്നു… പൂര്‍ണമായി അടച്ചുറപ്പില്ലാത്ത കുളിമുറികള്‍ അതിലൂടെ ദൃശ്യമായിരുന്നു. തലേ ദിവസം പെയ്ത മഴയുടെ വെള്ളം ഒഴിഞ്ഞു പോകാതെ അങ്ങിങ്ങായി കെട്ടിക്കിടക്കുന്നു. ഏതോ സംഘടനയുടേതെന്ന് തോന്നിപ്പിക്കുന്ന ഒരു ബോര്‍ഡും ചുമരില്‍ റോഡിനു അഭിമുഖമായി തൂക്കിയിട്ടിരിക്കുന്നു.
മേനോന്‍ നടക്കാന്‍ പോകുമ്പോള്‍ ആ വീടിന്റെ മുറ്റത്തു അവരെ കാണാറുണ്ടത്രെ…അങ്ങനെ ആണ് അവര്‍ താമസിക്കുന്നത് അവിടെ ആണെന്ന് മനസ്സിലാക്കിയത്. അല്ലാതെ, കൂടുതല്‍ ഒന്നും അവരെക്കുറിച്ചു മേനോന് അറിയില്ല.
എന്നും ഓട്ടോയില്‍ ആണ് ഓഫീസിലേക്കുള്ള യാത്ര എങ്കിലും, പിന്നീട് കുറച്ചു കാലത്തേക്ക് അവരെ കണ്ടിരുന്നില്ല. അങ്ങനെ ഇരിക്കെ മേനോന്‍ നാട്ടില്‍ പോയ ഒരുനാള്‍, നേരം വൈകി, തിരക്ക് പിടിച്ചു ഓഫീസിലേക്ക് ഇറങ്ങിയ ദിവസം കൃത്യമായി അവര്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
”സാറിനെ ഞാന്‍ നോക്കാറുണ്ട്.” പല്ലു പുറത്തു കാണിച്ചു ചിരിച്ചു കൊണ്ട് അവര്‍ പറഞ്ഞു.
”ഞാനും നോക്കാറുണ്ട്. കാണാറില്ലല്ലോ?” കളവു പറഞ്ഞതായിരുന്നില്ല. അവര്‍ അവിടെ എവിടേലും ഉണ്ടോന്നു നോക്കിയ ശേഷമേ മറ്റു ഓട്ടോകളില്‍ എന്നും കയറാറുണ്ടായിരുന്നുള്ളു.
”കുട്ടികളെ സ്‌കൂളില്‍ വിടാനുള്ള വാടക ണ്ടേ. അത് കഴിയുമ്പോ നേരം വൈകും. എന്നാലും ഞാന്‍ വേഗം വന്നു നോക്കും. സാറിനെ കൊണ്ടുവിട്ടാല്‍ എനിക്ക് സുഖാ …… ഏതേലും വാടക തിരിച്ച് ഇങ്ങോട്ടും കിട്ടും. പിന്നെ വീട്ടില്‍ പോകാം. ഉച്ച കഴിഞ്ഞേ പിന്നെ വണ്ടി എടുക്കണ്ടൂ. ഇല്ലെങ്കില്‍ ആളെ കിട്ടാന്‍ കാത്തു കെട്ടി കെടക്കണം…”
”വീട്ടില്‍…, വേറെ ആരൊക്കെ ഉണ്ട്.?” അവരെപ്പറ്റി കൂടുതലായി അറിയാനുള്ള ആകാംക്ഷ മറച്ചു വച്ചില്ല.
”ഭര്‍ത്താവു മരിച്ചു. ഇവിടെ അടുത്തുള്ള ഒരു അമ്പലത്തില്‍ പൂജാരിയാര്‍ന്നു. മൂത്തത് മകന്‍. അവന്‍ വീട്ടില്‍ വരാറില്ല. പെണ്ണ് കെട്ടിക്കണൂ… കോയമ്പത്തൂര്‍ ഭാഗത്തു ഏതോ ഒരു അമ്പലത്തില്‍ പൂജാരിയാണ്. ഒന്നും തരാറില്ല്യ. താഴെ ഒരു മോള്ണ്ട്. ബി.കോം കഴിഞ്ഞു. ഇപ്പൊ സി.എ പഠിക്കാന്‍ പോണ്ണ്ട്.”
”ഇപ്പൊ താമസിക്കുന്ന ആ സ്ഥലം….. അത് അഗ്രഹാരം… അങ്ങനെ എന്തേലും ആണോ…?””
“അത് ഞങ്ങടെ ആണെന്നും പറയാം. അല്ലെന്നും പറയാം. അത് പണ്ട് ന്യൂനപക്ഷ ബോര്‍ഡിനോ മറ്റോ സാമൂതിരി നല്‍കിയതാ എന്നാണ് പറയുന്നത്. എത്ര കാലം ബ്രാഹ്മണര്‍ താമസിക്കുന്നോ അത്ര കാലോം അവിടെ നിന്നും ഇറക്കിവിടാമ്പാടില്ല എന്ന് അന്നത്തെ കരാറില്‍ ഉണ്ടത്ര….. പിന്നെ പഴയ രേഖകള്‍ ആയോണ്ട് ആരുടെ കയ്യിലും കൃത്യായി ഒന്നും ഇല്ലല്ലോ. പക്ഷെ, ഇപ്പൊ അവര്‍ ഞങ്ങള്‍ക്കെതിരെ കേസ് കൊടുത്തിരിക്ക്യാ. ഇറക്കിവിടാന്‍. ഞങ്ങള്‍ പത്തു പതിനാറു ബ്രാഹ്മണ കുടുംബങ്ങള്‍ ഇപ്പൊ അവിടെ ഉണ്ടേ. ഞാന്‍ എന്റെ മോളേം കൊണ്ട് എവിടെ പോവ്വാന്‍. പിന്നെ അവള്‍ ഒരു കരക്കായാല്‍ എന്തേലും ആയി. അത് വരെ എങ്ങനേലും പിടിച്ചു നില്‍ക്കണം. എത്ര കാലം അവിടെ പിടിച്ചു നില്ക്കാന്‍ കഴിയുന്ന് അറിയുംല്ല്യ. പിന്നെ, ഉയര്‍ന്ന ജാതിയില്‍ ജനിച്ചോണ്ടു ആനുകൂല്യങ്ങള്‍ ഒന്നും കിട്ടാറുംല്ല്യ. അത് പഠിക്കാന്‍ ആയാലും…. മറ്റു സഹായം ആയാലും. ഇതിലും ഭേദം വല്ല താഴ്ന്ന ജാതീലും ജനിക്കാര്‍ന്നു. സര്‍ട്ടിഫിക്കറ്റില്‍ മാത്രം വെക്കാനായി ഒരു ജാതി.” ആരോടൊക്കെയോ ഉള്ള അമര്‍ഷം അവരുടെ വാക്കുകളില്‍ സ്പഷ്ടമായിരുന്നു.
അല്‍പ്പ സമയത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല. നിത്യ നിവൃത്തിക്കു വേണ്ടി ഓട്ടോ ഓടിച്ചു ജീവിക്കുന്ന ബൂര്‍ഷ്വാസികള്‍. സാംസ്‌ക്കാരിക നായകരുടെ ഭാഷയില്‍ പറഞ്ഞാല്‍ “ബ്രാഹ്മണിക്കല്‍ ഹെഗിമണി..” ഉയര്‍ന്ന ജാതിയില്‍പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് വാര്‍ത്താ പ്രാധാന്യം കുറവായതുകൊണ്ട് മാധ്യമങ്ങളും തങ്ങളുടെ വോട്ടുബാങ്ക് നഷ്ടപ്പെടുമെന്ന് കരുതി രാഷ്ട്രീയക്കാരും ഇവരുടെ കാര്യത്തില്‍ ഇടപെടാന്‍ സാധ്യത വളരെ കുറവാണെന്ന് തോന്നി. കാലഘട്ടത്തിനനുസരിച്ചു, സാമൂഹിക വ്യവസ്ഥിതിയുടെ മാറ്റത്തിനനുസരിച്ചു, നിയമങ്ങളില്‍ മാറ്റം വരുത്താത്തതിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്നവര്‍….
ഓട്ടോ ഓഫീസിനോട് അടുത്തിരിക്കുന്നു. വണ്ടിയില്‍ നിന്ന് ഇറങ്ങുന്നതിനു മുന്‍പ് ഒരു ചോദ്യം കൂടി ചോദിക്കണം എന്ന് തോന്നി. ”അപ്പൊ, കോടതി വിധി വിപരീതമായാല്‍ നിങ്ങളെന്താ ചെയ്യാ.?”
”എന്ത് ചെയ്യാന്‍. ഇറങ്ങി കൊടുക്കും. പക്ഷെ അത് വരേയ്ക്കും പോരാടും. കേസ് ജയിക്കും എന്നന്ന്യാ വക്കീല്‍ പറഞ്ഞെ. ഞങ്ങള്‍ക്ക് അവകാശം ഉള്ള ഭൂമിയല്ലേ. അത് ഞങ്ങള്‍ വിട്ടു കൊടുക്കില്ല….”
ആത്മവിശ്വാസത്തോടെയുള്ള അവരുടെ വാക്കുകള്‍.
മീറ്ററിലെ തുകയുടെ ബാക്കി വച്ചു നീട്ടിയപ്പോള്‍ കൈകൊണ്ടു തടുത്തു. ”ചേച്ചി വച്ചോളൂ.”
ഉയര്‍ന്നു നിന്നിരുന്ന പല്ലുകള്‍ കാണിച്ചു ചിരിച്ചു കൊണ്ട് അവര്‍ ഇപ്രാവശ്യവും പറഞ്ഞു. ”താങ്ക് യു സര്‍.”
ചിരിക്കുന്ന മുഖത്തിലും, ഭാവിയെ പറ്റിയുള്ള ആശങ്കയും ഒപ്പം മകളെപ്പറ്റിയുള്ള പ്രതീക്ഷയും അവരുടെ കണ്ണുകളില്‍ മറഞ്ഞിരിക്കുന്ന പോലെ എനിക്ക് തോന്നി…..